ജീവലോകത്തിലെ അത്ഭുത രൂപരചനകൾ പകർത്തൽ
ജീവലോകത്തിലെ അത്ഭുത രൂപരചനകൾ പകർത്തൽ
പിച്ചവെക്കുന്ന കൊച്ചുകുഞ്ഞുങ്ങൾ എത്രയോ തവണ തലയടിച്ചു വീഴുന്നു. കുറെക്കൂടെ വലിയ കുട്ടികൾ മരത്തിൽനിന്നും സൈക്കിളിൽനിന്നും ഒക്കെ താഴെ വീഴുന്നതും സാധാരണം. കളിസ്ഥലത്തെ കൂട്ടിയിടികളും ഒരു നിത്യ സംഭവംതന്നെ. മോട്ടോർ വാഹന ഡ്രൈവർമാർക്ക് റോഡിൽ വെച്ചു സംഭവിക്കുന്ന അപകടങ്ങൾക്കു കയ്യും കണക്കുമുണ്ടോ? ഇത്തരത്തിലുള്ള കൂട്ടിയിടിയും വീഴ്ചയുമൊക്കെ സാധാരണമാണെങ്കിലും കാര്യമായ പരിക്കൊന്നും കൂടാതെ നാം പലപ്പോഴും രക്ഷപ്പെടുന്നു. നമ്മുടെ ശരീരത്തിന്റെ ദൃഢതയെയും വഴക്കത്തെയും കുറിച്ചു ചിന്തിക്കാൻ സാധാരണഗതിയിൽ നാമാരും മിനക്കെടാറില്ല. എന്നാൽ, ശാസ്ത്രജ്ഞർ മനസ്സിലാക്കാൻ തുടങ്ങിയിരിക്കുന്നതുപോലെ, നമ്മുടെ ശരീരത്തിന്റെ ഓരോ അണുവിലും അത്യത്ഭുതകരമായ രൂപരചനയ്ക്കുള്ള തെളിവുകൾ ഉണ്ടെന്നുള്ളതാണു വാസ്തവം.
ശക്തിയും ഉറപ്പും ഉണ്ട്, അതേസമയം ഭാരം താരതമ്യേന കുറവും. ജീവലോകത്തിലെങ്ങും ദർശിക്കാവുന്ന ഒരു സവിശേഷതയാണിത്. പാറയിലെയും കോൺക്രീറ്റിലെയും വിള്ളലുകളിൽ വേരുപിടിച്ചിരിക്കുന്ന ഇളം തൈകളെ കണ്ടിട്ടില്ലേ? പിന്നീട് പാറകളെ പിളർത്തി മാറ്റിക്കൊണ്ട് ഈ കൊച്ചു തൈകൾ ഒത്ത മരങ്ങളായി വളർന്നു പൊങ്ങും. കാറ്റത്ത് ഇലക്ട്രിക് പോസ്റ്റുകൾ മറിഞ്ഞു വീഴുമ്പോഴും വീടുകൾ തകർന്നു തരിപ്പണമാകുമ്പോഴും ഈ മരങ്ങളിൽ പലതിനും ഒരിളക്കവും തട്ടുന്നില്ല. കൊക്കുകൊണ്ട് മരത്തിൽ ആഞ്ഞുകൊത്തി പൊത്തുണ്ടാക്കുന്ന മരംകൊത്തിയെ അറിയില്ലേ? മരത്തിൽ ആഞ്ഞാഞ്ഞു കൊത്തുമ്പോൾ അതിന്റെ തലയ്ക്ക് ഏൽക്കുന്ന ആഘാതം സാധാരണഗതിയിൽ ഒരു മസ്തിഷ്കത്തെ കുഴമ്പു പരുവത്തിലാക്കേണ്ടതാണ്. എന്നാൽ മരംകൊത്തിയുടെ കാര്യത്തിൽ അതു സംഭവിക്കുന്നില്ല. ഇനി, മുതലയുടെയും ചീങ്കണ്ണിയുടെയും കാര്യമെടുക്കുക. അസ്ത്രവും കുന്തവും എന്തിന് വെടിയുണ്ട പോലും ഏൽക്കാത്ത ഒന്നാന്തരമൊരു പടച്ചട്ട ആണ് അവയ്ക്കുള്ളത്. (ഇയ്യോബ് 41:1, 26 താരതമ്യം ചെയ്യുക.) ആയിരക്കണക്കിനു വർഷങ്ങളായി മനുഷ്യനിൽ ഭയാദരവ് ഉണർത്തിയിട്ടുള്ള, അവനെ അന്ധാളിപ്പിച്ചിട്ടുള്ള കാര്യങ്ങളാണ് ഇവയെല്ലാം.
കഴിഞ്ഞ 40 വർഷമായി സാങ്കേതിക വിദ്യയിൽ ഉണ്ടായിട്ടുള്ള വലിയ മുന്നേറ്റങ്ങൾ, ശക്തിയേറിയ നൂതന ഉപകരണങ്ങൾ ശാസ്ത്രജ്ഞർക്കു സമ്മാനിച്ചിരിക്കുന്നു. ഇവയുടെ സഹായത്തോടെ അത്ഭുതകരമായ ഈ രൂപരചനകൾക്കു പിന്നിലെ രഹസ്യങ്ങളെ കുറിച്ചു പഠിക്കാൻ അവർക്കു കഴിയുന്നു. ഈ രഹസ്യങ്ങളിൽ മിക്കതും ഒളിഞ്ഞിരിക്കുന്നതു ജീവകോശത്തിനുള്ളിൽ അങ്ങ് ആഴത്തിലാണ്. ഈ അതിസൂക്ഷ്മ തലത്തിലെ രൂപകൽപ്പനയുടെ സങ്കീർണത ആരെയും അത്ഭുതസ്തബ്ധനാക്കാൻ പോന്നതാണ്. എന്നിരുന്നാലും, പ്രകൃതിയിൽ ദർശിക്കാൻ കഴിയുന്ന അത്ഭുതങ്ങൾക്കു പിന്നിലെ രഹസ്യങ്ങളുടെ പൂട്ടു തുറക്കുക മാത്രമല്ല, പിന്നെയോ എല്ലാ വിശദാംശങ്ങളിലും അല്ലെങ്കിലും കുറഞ്ഞപക്ഷം സാമാന്യതത്ത്വത്തിലെങ്കിലും അവയെ പകർത്തുക കൂടിയാണു ശാസ്ത്രജ്ഞരുടെ ലക്ഷ്യം. ഈ പഠന മേഖല വളരെയധികം പ്രതീക്ഷകൾക്കു വക നൽകുന്ന ഒന്നായതുകൊണ്ട്, ബയോമിമെറ്റിക്സ് എന്ന പേരിൽ ഒരു പുതിയ ശാസ്ത്രശാഖതന്നെ വികാസംപ്രാപിച്ചിരിക്കുന്നു. ബയോസ് എന്ന ഗ്രീക്ക് പദത്തിന്റെ അർഥം “ജീവജാലങ്ങൾ” എന്നും മിമെസിസ് എന്നതിന്റെ അർഥം “പകർത്തൽ” എന്നുമാണ്.
ബയോമിമെറ്റിക്സ് ഒരു മെച്ചപ്പെട്ട ലോകം വാഗ്ദാനം ചെയ്യുന്നു
“ജൈവ ഘടനകളെയും അവയുടെ ധർമങ്ങളെയും കുറിച്ചുള്ള പഠനമാണ് ബയോമിമെറ്റിക്സ്” എന്ന് ബയോമിമെറ്റിക്സ്: വസ്തുക്കളുടെ രൂപരചനയും നിർമാണവും (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. ‘ജീവലോകത്തിൽ ദർശിക്കാൻ കഴിയുന്ന രൂപസംവിധാനങ്ങളുടെ പകർപ്പുണ്ടാക്കാൻ വേണ്ട ആശയങ്ങൾ സമാഹരിക്കുക’ എന്നതാണ് ഈ പഠനശാഖയുടെ ഉദ്ദേശ്യം എന്ന് അതു കൂട്ടിച്ചേർക്കുന്നു.
“ബയോമിമെറ്റിക്സ്, തന്മാത്രാ ജീവശാസ്ത്രത്തിന്റെ സ്ഥാനം കയ്യടക്കി 21-ാം നൂറ്റാണ്ടിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ, അതിപ്രധാനമായ ഒരു ജീവശാസ്ത്രമേഖലയായി വികാസം പ്രാപിക്കുമെന്ന്” സ്റ്റീവൻ വെയ്ൻറൈറ്റ് എന്ന ശാസ്ത്രജ്ഞൻ പറയുന്നു. പ്രൊഫസർ മെമെറ്റ് സരിക്കായ ഇങ്ങനെ പറയുന്നു: “ഇരിമ്പുയുഗത്തിലും വ്യവസായ വിപ്ലവ കാലഘട്ടത്തിലും നടന്നതുപോലുള്ള, ഒരു ഉത്പന്ന വിപ്ലവത്തിന്റെ വക്കിൽ നാം എത്തിനിൽക്കുകയാണ്. ഉത്പന്നങ്ങളുടെ ഒരു കുത്തൊഴുക്കു തന്നെ ഉണ്ടാകാൻ പോകുന്ന ഒരു പുതിയ യുഗത്തിലേക്കു നാം കുതിക്കുകയാണ്. അടുത്ത നൂറ്റാണ്ടിനുള്ളിൽ ബയോമിമെറ്റിക്സ് നമ്മുടെ ജീവിതരീതിയെ അപ്പാടെ മാറ്റിമറിക്കുമെന്നു ഞാൻ കരുതുന്നു.”
നാം കാണാൻ പോകുന്നതുപോലെ, അത് ഇപ്പോൾത്തന്നെ നമ്മുടെ ലോകത്തെ മാറ്റിമറിക്കാൻ തുടങ്ങിയിരിക്കുന്നു. എന്നാൽ ആദ്യമായി നമുക്ക്, ശാസ്ത്രജ്ഞർ പഠന വിധേയമാക്കിക്കൊണ്ടിരിക്കുന്ന, എന്നാൽ ഇതുവരെ മറനീക്കി പുറത്തുവന്നിട്ടില്ലാത്ത, പ്രകൃതിയിലെ ചില അത്ഭുതങ്ങളെ കുറിച്ച് ഹ്രസ്വമായി പരിചിന്തിക്കാം. ഒപ്പം “രൂപരചന” എന്ന വാക്ക് എന്താണു ധ്വനിപ്പിക്കുന്നതെന്നും നമുക്കു ചുറ്റുമുള്ള അത്ഭുത ലോകത്തെ സംബന്ധിച്ച് എന്തു നിഗമനത്തിലെത്താനാണ് അതു നമ്മെ സഹായിക്കുന്നതെന്നും നമുക്കു വിശകലനം ചെയ്യാം.