സുരക്ഷിതമായ ഷേവിങ്
സുരക്ഷിതമായ ഷേവിങ്
ഓസ്ട്രേലിയയിലെ ഉണരുക! ലേഖകൻ
ദിവസവും ഷേവിങ്ങിനായി അഞ്ചു മിനിട്ട് ചെലവഴിക്കുന്ന ഒരു പുരുഷൻ 50 വർഷം കഴിയുമ്പോൾ ഏതാണ്ട് 63 ദിവസങ്ങൾ ഷേവിങ്ങിനു മാത്രമായി ചെലവഴിച്ചിരിക്കും! ദിവസവും ചെയ്യേണ്ടി വരുന്ന ഈ ചടങ്ങിനെ പുരുഷന്മാർ എങ്ങനെയാണു വീക്ഷിക്കുന്നത്?
അടുത്ത കാലത്ത് നടത്തിയ ഒരു അനൗദ്യോഗിക സർവേയിൽ ഷേവിങ്ങിനെ കുറിച്ച് പിൻവരുന്ന പ്രകാരം ചിലർ അഭിപ്രായപ്പെടുകയുണ്ടായി: “എനിക്കത് ഇഷ്ടമില്ല.” “ഇത്രയും ദേഷ്യമുള്ളൊരു കാര്യം.” “ജീവിതത്തിലെ സാഹസികതകളിലൊന്ന്.” “ഒഴിവാക്കാൻ പറ്റുമ്പോഴെല്ലാം ഒഴിവാക്കേണ്ട ഒന്ന്.” മുഖം വടിക്കുന്നതു സംബന്ധിച്ച് ചില പുരുഷന്മാർക്ക് ഇത്തരം വീക്ഷണങ്ങളാണ് ഉള്ളതെങ്കിൽ പിന്നെ എന്തുകൊണ്ടാണ് അവർ അതു ചെയ്യുന്നത്? ഉത്തരത്തിനായി ഷേവിങ്ങിന്റെ ചരിത്രം സംബന്ധിച്ച് നമുക്ക് അൽപ്പം വിശദമായൊന്നു പഠിക്കാം.
കക്കാത്തോട് മുതൽ ഉപയോഗശേഷം കളയുന്ന റെയ്സർ വരെ
കക്കായുടെ പുറന്തോട് ഉപയോഗിച്ച് ഷേവു ചെയ്യുന്ന കാര്യം നിങ്ങൾക്കു സങ്കൽപ്പിക്കാൻ കഴിയുമോ? അല്ലെങ്കിൽ ഒരു സ്രാവിന്റെ പല്ല് ഉപയോഗിച്ച്? അതുമല്ലെങ്കിൽ ഒരു കൽക്കത്തി ഉപയോഗിച്ച്? ഷേവു ചെയ്യുന്നതിനുള്ള ഉപകരണങ്ങൾ തിരഞ്ഞെടുക്കുന്നതിൽ മനുഷ്യർ അസാമാന്യ പാടവം കാണിച്ചിരിക്കുന്നു! പുരാതന ഈജിപ്തിലെ ആളുകൾ ഷേവിങ്ങിനു ചെമ്പുകൊണ്ടുള്ള കത്തി ഉപയോഗിച്ചിരുന്നു. കാഴ്ചയ്ക്ക് ഒരു കൈക്കോടാലിയുടെ വായ്ത്തല പോലെ ആയിരുന്നു അത്. 18-ഉം 19-ഉം നൂറ്റാണ്ടുകളിൽ, ‘കഴുത്തറപ്പൻ കത്തി’ എന്ന് അറിയപ്പെടാൻ ഇടയായ കത്തി നിർമിക്കപ്പെട്ടു. അതിന്റെ ജന്മനാട് ഇംഗ്ലണ്ടിലെ ഷെഫീൽഡായിരുന്നു. മിക്കപ്പോഴും ചിത്രപ്പണികളോടെ നിർമിച്ചിരുന്ന ഇതിന്റെ, സ്റ്റീൽ നിർമിതമായ മൂർച്ചയുള്ള ഭാഗം പിടിക്കകത്തേക്കു സുരക്ഷിതമായി മടക്കിവെക്കാവുന്നതായിരുന്നു. ഇവ വളരെ ശ്രദ്ധയോടെ വേണമായിരുന്നു ഉപയോഗിക്കാൻ. അവ ഉപയോഗിക്കാൻ പഠിക്കുമ്പോൾ മുഖം മുറിയുകയോ തൊലി ചീന്തിപ്പോകുകയോ ഒക്കെ ചെയ്യുമായിരുന്നു. മരുങ്ങില്ലാത്തവരെ സംബന്ധിച്ചിടത്തോളം തുടക്കം അൽപ്പം അസുഖകരംതന്നെ ആയിരുന്നിരിക്കണം. എങ്കിലും 20-ാം നൂറ്റാണ്ട് ഇതിൽനിന്നെല്ലാം ആശ്വാസം പ്രദാനം ചെയ്തിരിക്കുന്നു.
1901-ൽ ഐക്യനാടുകളിലുള്ള കിങ് ക്യാംപ് ഗില്ലറ്റ് എന്നൊരു വ്യക്തി, ഉപയോഗശേഷം കളയാവുന്ന ബ്ലെയ്ഡോടു കൂടിയ ഒരു റെയ്സറിന്റെ നിർമാണാവകാശം നേടി. അദ്ദേഹത്തിന്റെ മനസ്സിലുദിച്ച ഈ ആശയം ലോകത്തിൽ വലിയ ഒരു പരിവർത്തനത്തിനു നാന്ദി കുറിച്ചു. അതു പിന്നീട് വെള്ളികൊണ്ടുള്ളതോ സ്വർണം പൂശിയതോ ആയ പിടികൾ ഉള്ളതും വ്യത്യസ്ത ഡിസൈനുകളിൽ ഉള്ളതുമായ റെയ്സറുകളുടെ നിർമാണത്തിനു വഴിതെളിച്ചു. ഉപയോഗ ശേഷം മൊത്തം റെയ്സർതന്നെ കളയാവുന്ന തരത്തിലുള്ളതും റ്റ്വിൻ അല്ലെങ്കിൽ ട്രിപ്പിൾ ബ്ലെയ്ഡുകളോടു കൂടിയ (രണ്ടോ, മൂന്നോ ബെയ്ഡുകൾ ഘടിപ്പിച്ച) റെയ്സറുകളും തലയറ്റം വളയുന്നതും തിരിയുന്നതും ആയ റെയ്സറുകളും അടുത്ത കാലത്തെ പുരോഗതികളിൽ ഉൾപ്പെടുന്നു.
വൈദ്യുത റെയ്സറുകളുടെ കാര്യവും മറക്കാതിരിക്കാം. അത് ആദ്യമായി വിപണിയിലിറങ്ങിയത് 1931-ലാണ്. അതിന്റെ ഗുണമേന്മയും ജനപ്രീതിയും ക്രമേണ വർധിച്ചു. എന്നാലും തൊലിയോടു വളരെ ചേർത്തു ഷേവു ചെയ്യാൻ ആഗ്രഹിക്കുന്ന അനേകർ നല്ല മൂർച്ചയുള്ള ഒരു ബ്ലെയ്ഡാണു കൂടുതൽ ഇഷ്ടപ്പെടുന്നത്.
ദീക്ഷ ഫാഷനായിരുന്നതും അല്ലായിരുന്നതുമായ കാലഘട്ടങ്ങൾ
മനുഷ്യവർഗത്തിന്റെ ആദിമ കാലം മുതൽ തന്നെ ആളുകൾ ദീക്ഷ വെച്ചിരുന്നതും ദീക്ഷയെടുത്തിരുന്നതുമായ കാലഘട്ടങ്ങൾ കാണാൻ കഴിയും. പുരാതന ഈജിപ്തുകാർ “ശരീരരോമം വൃത്തിയായി ക്ഷൗരം ചെയ്തിരുന്നു, അവർ അതിൽ അഭിമാനം കൊള്ളുകയും ചെയ്തിരുന്നു. തോലുറയിൽ സൂക്ഷിച്ചിരുന്ന നല്ല മൂർച്ചയുള്ള കത്തിയാണ് അവർ അതിന് ഉപയോഗിച്ചിരുന്നത്” എന്ന് പുരാതന ഈജിപ്തിലെ ദൈനംദിന ജീവിതം (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. എബ്രായ തടവുകാരനായിരുന്ന യോസേഫ് ഫറവോന്റെ മുമ്പാകെ ഹാജരാകുന്നതിനു മുമ്പ് ക്ഷൗരം ചെയ്തത് ഈ പതിവു നിമിത്തമാകാം.—ഉല്പത്തി 41:14.
അസ്സീറിയക്കാരുടെ ഇടയിൽ ധാരാളം ദീക്ഷക്കാരുണ്ടായിരുന്നു. തങ്ങളുടെ ദീക്ഷ പിന്നിയിടുന്നതിലും ചുരുട്ടുന്നതിലും കോതിയൊതുക്കുന്നതിലുമൊക്കെ അവർ വളരെയധികം ശ്രദ്ധയും സൂക്ഷ്മതയും പുലർത്തിയിരുന്നു എന്നു മാത്രമല്ല, അതിൽ അഭിമാനം കൊള്ളുകയും ചെയ്തിരുന്നു.
പുരാതന ഇസ്രായേല്യ പുരുഷന്മാർ ദീക്ഷ അധികം നീട്ടി വളർത്തിയിരുന്നില്ല. അവർ കത്തി ഉപയോഗിച്ച് അതു ഭംഗിയായി വെട്ടിനിറുത്തിയിരുന്നു. അങ്ങനെയാണെങ്കിൽ, ദൈവനിയമം ഇസ്രായേല്യ പുരുഷന്മാരോട് “ചെന്നിഭാഗത്തെ മുടി വെട്ടരുത്, ദീക്ഷയുടെ അഗ്രം a—ലേവ്യപുസ്തകം 19:27, NW; യിരെമ്യാവു 9:25, 26; 25:23; 49:32.
വികൃതമാക്കുകയുമരുത്” എന്നു കൽപ്പിച്ചതിന്റെ അർഥം എന്തായിരുന്നു? ഒരുവന്റെ ദീക്ഷയോ തലമുടിയോ വെട്ടുന്നതിന് എതിരെയുള്ള ഒരു കൽപ്പനയായിരുന്നില്ല അത്. മറിച്ച്, ദീക്ഷ വളർത്തുന്നതു സംബന്ധിച്ച് അയൽക്കാരായ പുറജാതികളുടെ അധമമായ മതാചാരങ്ങൾ ഇസ്രായേല്യ പുരുഷന്മാർ അനുകരിക്കുന്നതിനെ ആയിരുന്നു അതു നിരുത്സാഹപ്പെടുത്തിയത്.പുരാതന ഗ്രീക്കു സമൂഹത്തിൽ, കുലീന വർഗം ഒഴികെ എല്ലാവരുംതന്നെ ദീക്ഷ വെച്ചിരുന്നു. കുലീന വർഗത്തിൽ പെട്ടവർ മിക്കപ്പോഴും ക്ലീൻ-ഷേവ് ചെയ്തു നടന്നിരുന്നു. റോമിൽ, ഷേവു ചെയ്യുന്ന രീതി പൊ.യു.മു. രണ്ടാം നൂറ്റാണ്ടിൽ തുടങ്ങിയതായി കരുതപ്പെടുന്നു. പിന്നീട് നൂറ്റാണ്ടുകളോളം അവിടെ ദിവസവും ഷേവു ചെയ്യുന്ന ആ രീതി നിലനിന്നിരുന്നു.
റോമാ സാമ്രാജ്യത്തിന്റെ പതനത്തോടെ, ദീക്ഷ വെക്കുന്ന രീതി വീണ്ടും കടന്നുവന്നു. അതാകട്ടെ, ഷേവു ചെയ്യുന്ന രീതി വീണ്ടും ഫാഷനായിത്തീർന്ന 17-ാം നൂറ്റാണ്ടിന്റെ രണ്ടാം പാദം വരെ, ഏകദേശം 1000 വർഷത്തോളം, തുടരുകയും ചെയ്തു. 18-ാം നൂറ്റാണ്ടിലുടനീളം ക്ലീൻ-ഷേവു ചെയ്യുന്ന രീതിയായിരുന്നു നിലനിന്നത്. എന്നാൽ പിന്നീട് 19-ാം നൂറ്റാണ്ടിന്റെ പകുതി മുതൽ അവസാനം വരെയുള്ള കാലഘട്ടത്തിൽ കാര്യങ്ങൾ വീണ്ടും പഴയപടിയാകാൻ തുടങ്ങി. അതുകൊണ്ടാണ് വാച്ച്ടവർ സൊസൈറ്റിയുടെ ആദ്യത്തെ പ്രസിഡന്റായ സി. റ്റി. റസ്സലിന്റെയും സഹ പ്രവർത്തകനായ ഡബ്ലിയു. ഇ. വാൻ ആംബർഗിന്റെയും ഫോട്ടോകളിൽ അവർ നന്നായി വെട്ടിയൊതുക്കിയ ദീക്ഷ വെച്ചവരായി കാണപ്പെടുന്നത്. ആ കാലത്ത് അതു വളരെ മാന്യവും ആദരണീയവുമായിരുന്നു. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ഷേവു ചെയ്യുന്ന രീതി വീണ്ടും ജനപ്രീതി ആർജിക്കുകയും മിക്ക രാജ്യങ്ങളിലും അത് ഇന്നുവരെ ഫാഷനായി തുടരുകയും ചെയ്തിരിക്കുന്നു.
കണ്ണാടിക്കു മുമ്പിൽനിന്നുകൊണ്ട് ഷേവിങ് എന്ന പതിവ് ചടങ്ങു നടത്തുന്ന ദശലക്ഷങ്ങളിൽ ഒരാളാണോ നിങ്ങൾ? ആണെങ്കിൽ, ഒട്ടും വേദന കൂടാതെ, മുഖം മുറിയാതെ, ഏറ്റവും നന്നായി ഷേവു ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നു എന്നതിൽ സംശയമില്ല. അതിനായി “ബ്ലെയ്ഡ് ഉപയോഗിച്ചുള്ള ഷേവിങ്—ഏതാനും നിർദേശങ്ങൾ” എന്ന ഭാഗത്തു കൊടുത്തിരിക്കുന്ന സഹായകമായ വിവരങ്ങൾ പരിശോധിച്ചു നോക്കാൻ നിങ്ങൾ ഇഷ്ടപ്പെട്ടേക്കാം. അവയിൽ ചില വിവരങ്ങൾ നിങ്ങൾ ഇപ്പോൾതന്നെ പിൻപറ്റുന്നുണ്ടാകാം. സംഗതി എന്തുതന്നെ ആയാലും നിങ്ങളുടെ ഷേവിങ്, അതു സുരക്ഷിതവും ആസ്വാദ്യവുമായിരിക്കട്ടെ!
[അടിക്കുറിപ്പ്]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച (ഇംഗ്ലീഷ്) പുസ്തകത്തിന്റെ 1-ാം വാല്യത്തിലെ 266, 1021 പേജുകൾ കാണുക.
[23-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
ബ്ലെയ്ഡ് ഉപയോഗിച്ചുള്ള ഷേവിങ്—ഏതാനും നിർദേശങ്ങൾ
പുരുഷന്മാരുടെ രോമം (ഇംഗ്ലീഷ്) എന്ന പുസ്തകം ബ്ലെയ്ഡ് ഉപയോഗിച്ച് ഏറ്റവും ഫലപ്രദമായി ഷേവ് ചെയ്യാനുള്ള താഴെ കാണുന്ന നിർദേശങ്ങൾ തരുന്നു. b
1. ഷേവു ചെയ്യേണ്ട ഭാഗം മൃദുവാക്കൽ: മുഖത്തെ രോമം ഏറ്റവും നന്നായി മൃദുവാകുന്നതിനുള്ള ഏക മാർഗം ധാരാളം ചൂടുവെള്ളം ഉപയോഗിക്കുക എന്നതാണ്. സാധ്യമെങ്കിൽ, കുളിച്ചതിനു ശേഷം ഷേവു ചെയ്യുക. ഇങ്ങനെ ചെയ്താൽ രോമം നന്നായി മൃദുവാകാൻ കൂടുതൽ സമയം ലഭിക്കും.
2. ഷേവു ചെയ്യുന്ന ഭാഗത്ത് സോപ്പ്, ക്രീം എന്നിവ ഉപയോഗിക്കൽ: വ്യത്യസ്ത തരത്തിലുള്ള സോപ്പുകളും ക്രീമുകളും ജെല്ലുകളുമെല്ലാം മുഖ്യമായും മൂന്നു സംഗതികൾ നിറവേറ്റുന്നു. (1) ഷേവു ചെയ്യേണ്ട ഭാഗം ഈർപ്പമുള്ളതാക്കി നിറുത്തുന്നു, (2) രോമം എഴുന്നു നിൽക്കാൻ സഹായിക്കുന്നു, (3) തൊലി വഴുവഴുപ്പുള്ളതാക്കി തീർത്തുകൊണ്ട് റെയ്സർ അനായാസം തെന്നി നീങ്ങാൻ സഹായിക്കുന്നു. നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഉത്പന്നം വാങ്ങുക. നിങ്ങൾ ഹെയർ കണ്ടീഷനർ പരീക്ഷിച്ചു നോക്കിയിട്ടുണ്ടോ? അതും രോമം മൃദുവായിത്തീരാൻ സഹായിക്കുന്നതാണ്.
3. മൂർച്ചയുള്ള റെയ്സർ ശരിയായ രീതിയിൽ ഉപയോഗിക്കൽ: മൂർച്ച കുറഞ്ഞ റെയ്സറിന് നിങ്ങളുടെ തൊലിക്കു ഹാനി വരുത്താൻ കഴിയും. രോമം വളരുന്ന ദിശയിൽ വടിക്കുക. എതിർ ദിശയിൽ വടിച്ചാൽ വളരെ ചേർത്തു ഷേവു ചെയ്യാൻ കഴിയുമെങ്കിലും, രോമം മുറിയുന്നത് തൊലിയുടെ അടിഭാഗത്തു വെച്ചായിരിക്കും. തത്ഫലമായി, രോമം സുഷിരത്തിലൂടെ വളരുന്നതിനു പകരം അടുത്തുള്ള കലകളിലേക്ക് തുളഞ്ഞു കയറിയേക്കാം. ചില ഉറവിടങ്ങൾ പറയുന്നത് അനുസരിച്ച്, അശ്രദ്ധമായ പതിവു ഷേവിങ്—പുരുഷന്മാരുടെയും സ്ത്രീകളുടെയും കാര്യത്തിൽ ഒരുപോലെ—വൈറസ് രോഗങ്ങളിലേക്കു നയിക്കുകയും അതിന്റെ ഫലമായി വടുക്കൾ ഉണ്ടാകുകയും ചെയ്തേക്കാം.
4. ഷേവിങ്ങിനു ശേഷം ഉപയോഗിക്കുന്ന ചർമസംരക്ഷണ ലേപനം: ഓരോ തവണ ഷേവു ചെയ്യുമ്പോഴും നിങ്ങളുടെ മുഖത്തുനിന്ന് ഒരു നേരിയ ചർമപാളി നീക്കപ്പെടുന്നതിനാൽ നിങ്ങളുടെ മുഖചർമം വളരെ ദുർബലമായി തീരുന്നു. അതുകൊണ്ട് ശുദ്ധജലം ഉപയോഗിച്ചു മുഖം കഴുകി വെടിപ്പാക്കുന്നത് പ്രധാനമാണ്. ആദ്യം ചെറു ചൂടുവെള്ളത്തിലും തുടർന്ന് സുഷിരങ്ങൾ അടയുന്നതിനും ഈർപ്പം നിലനിറുത്തുന്നതിനും തണുത്ത വെള്ളത്തിലും മുഖം കഴുകുക. ചർമസംരക്ഷണത്തിനും അൽപ്പം കുളിർമ നിലനിറുത്തുന്നതിനുമായി ഷേവ് ചെയ്തതിനു ശേഷം ഉപയോഗിക്കുന്ന ലേപനങ്ങൾ ഏതെങ്കിലും നിങ്ങൾക്കു പുരട്ടാവുന്നതാണ്.
[അടിക്കുറിപ്പ്]
b ഈ ലേഖനം പുരുഷന്മാരുടെ ഷേവിങ്ങിനെ കുറിച്ചുള്ളതാണ്. പല രാജ്യങ്ങളിലും സ്ത്രീകളും തങ്ങളുടെ ശരീരത്തിന്റെ ചില ഭാഗങ്ങൾ ഷേവു ചെയ്യാറുണ്ട്. ഇവിടെ കൊടുത്തിരിക്കുന്ന ചില നിർദേശങ്ങൾ സഹായകമാണെന്ന് അവരും കണ്ടെത്തിയേക്കാം.
[24-ാം പേജിലെ ചതുരം/ചിത്രം]
മുഖരോമം എന്തുകൊണ്ടു നിർമിതം?
മുഖരോമം നിർമിക്കപ്പെട്ടിരിക്കുന്നത് കെരാറ്റിൻകൊണ്ടും അതിനോടു സമാനമായ മാംസ്യങ്ങൾകൊണ്ടുമാണ്. മനുഷ്യരുടെയും മൃഗങ്ങളുടെയും ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന നാരുകളുള്ള, സൾഫർ അടങ്ങിയ മാംസ്യത്തെയാണ് കെരാറ്റിൻ എന്നു വിളിക്കുന്നത്. രോമം, നഖം, തൂവൽ, കുളമ്പ്, കൊമ്പ് എന്നിവയിലെ മുഖ്യ ഘടകമാണ് കെരാറ്റിൻ. മനുഷ്യ ശരീരത്തിലുള്ള രോമങ്ങളിൽ ഏറ്റവും കടുപ്പമുള്ളതും എളുപ്പം പൊട്ടിപ്പോകാത്തതും മുഖരോമങ്ങളാണ്. ഒരു മുഖരോമം മുറിക്കുന്നതിന് അതേ കട്ടിയുള്ള ഒരു ചെമ്പുകമ്പി മുറിക്കുന്നത്രയും ബുദ്ധിമുട്ടുണ്ട്. ഒരു സാധാരണ മനുഷ്യന്റെ മുഖത്ത് ശരാശരി 25,000-ത്തോളം രോമങ്ങൾ ഉണ്ടായിരിക്കും. അത് ഓരോ 24 മണിക്കൂറിലും ഏതാണ്ട് അര മില്ലിമീറ്റർ എന്ന കണക്കിൽ വളർന്നു കൊണ്ടിരിക്കുന്നു.
[കടപ്പാട്]
പുരുഷന്മാർ: A Pictorial Archive from Nineteenth-Century Sources/Dover Publications, Inc.
[24-ാം പേജിലെ ചിത്രങ്ങൾ]
ദീക്ഷ ഒരു ഫാഷനായിരുന്നതും അല്ലായിരുന്നതുമായ കാലഘട്ടങ്ങൾ
ഈജിപ്തുകാരൻ
അസ്സീറിയക്കാരൻ
റോമാക്കാരൻ
[കടപ്പാട്]
Museo Egizio di Torino
Photographs taken by courtesy of the British Museum