ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
കൂടുതൽ മമ്മികളെ കണ്ടെത്തുന്നു
“ഈജിപ്തിലെ പുരാവസ്തുശാസ്ത്രജ്ഞർ, 200-ഓളം മമ്മികളെ കണ്ടെത്തിയതായി അറിയിച്ചിരിക്കുന്നു. അവയിൽ ചിലതിനു സ്വർണ മുഖംമൂടികൾ ഉണ്ട്. പശ്ചിമ മരുഭൂമിയിലെ ഒരു വലിയ ശ്മശാനത്തിലാണ് ആ മമ്മികളെ കണ്ടെത്തിയത്” എന്ന് ബിബിസി-യുടെ ഒരു റിപ്പോർട്ട് പ്രസ്താവിക്കുന്നു. ഒരു മരുപ്പച്ചയുടെ അടുത്തുള്ള ഈ ശവപ്പറമ്പ്, കെയ്റോയ്ക്കു തെക്കുപടിഞ്ഞാറായി ഏകദേശം 300 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ബാവിറ്റി എന്ന നഗരത്തിലാണ്. ഈജിപ്തിലെ മിഡിൽ ഈസ്റ്റ് വാർത്താ ഏജൻസി പറയുന്നതനുസരിച്ച്, ഈ ശ്മശാനത്തിൽ 10,000-ത്തിലധികം മമ്മികൾ കണ്ടേക്കാം. മമ്മികളുടെ താഴ്വര എന്ന് ആ സ്ഥലത്തെ പുനർനാമകരണം ചെയ്തിരിക്കുന്നു. പത്തു കിലോമീറ്റർ നീളമുള്ള ഈ ശ്മശാനത്തിന് 2,000 വർഷം പഴക്കമുണ്ട്. ഗ്രീക്ക്, റോമൻ കാലഘട്ടത്തിൽ ആയിരിക്കാം അത് ഉണ്ടാക്കപ്പെട്ടത്. കുഴിച്ചെടുത്ത മമ്മികളിൽ ചിലവ തുണികൊണ്ടു പൊതിഞ്ഞ അല്ലെങ്കിൽ കുമ്മായം തേച്ചുപിടിപ്പിച്ച നിലയിലായിരുന്നു. നിരവധി മമ്മികൾക്കു സ്വർണ മുഖംമൂടികൾ ഉണ്ടായിരുന്നു. “അവയുടെ മാറിടങ്ങളിൽ പ്രാചീന ഈജിപ്ഷ്യൻ ദൈവങ്ങളുടെ മനോഹര ചിത്രങ്ങളും ഉണ്ടായിരുന്നു” എന്ന് പുരാവസ്തു വകുപ്പിന്റെ ഡയറക്ടറായ സെഹി ഹാവെസ് പറയുന്നു.
ആഫ്രിക്കയിൽ പകർച്ചവ്യാധികൾ
ഈ വർഷാവസാനത്തോടെ ആഫ്രിക്കയിൽനിന്നു പോളിയോ പാടേ നിർമാർജനം ചെയ്യാനുള്ള ലോകാരോഗ്യ സംഘടനയുടെ ശ്രമങ്ങൾ വിഫലമായിരിക്കുകയാണ് എന്ന് കേപ് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. അംഗോളയിലെ യുദ്ധത്തിന്റെ ഫലമായി പോളിയോ രോഗം ആ രാജ്യത്തു വൻതോതിൽ പടർന്നുപിടിച്ചിരിക്കുന്നു. ദക്ഷിണാഫ്രിക്കയിലെ ആരോഗ്യവകുപ്പിന്റെ സാംക്രമികരോഗ നിയന്ത്രണ വിഭാഗം ഡയറക്ടറായ നിൽ കാമറൊൺ പറയുന്ന പ്രകാരം, അംഗോളയിൽനിന്നു പോളിയോ നിർമാർജനം ചെയ്യാൻ ഇനിയും ഒരു പത്തു വർഷം വേണ്ടിവന്നേക്കും. അംഗോളയുടെ അയൽ രാജ്യങ്ങളായ നമീബിയയിലും കോംഗോ ജനാധിപത്യ റിപ്പബ്ലിക്കിലും മറ്റും ഇബോളാ സമാനമായ രക്തസ്രാവപ്പനിയും ബ്യുബോണിക് പ്ലേഗും ഉണ്ട്. എത്യോപ്യ, കോംഗോ, നൈജർ, നൈജീരിയ, മൊസാമ്പിക്ക് എന്നീ രാജ്യങ്ങളിൽ കുഷ്ഠരോഗം ഇപ്പോഴും വലിയ ഒരു പ്രശ്നം തന്നെയാണ്. ഇതും ഈ ഭൂഖണ്ഡത്തിൽ പരക്കെയുള്ള മലമ്പനിയും വളരെ ആശങ്ക ഉളവാക്കുന്ന സംഗതികളാണ്. കാമറൊൺ അഭിപ്രായപ്പെട്ടതു പോലെ, “ദേശീയ അതിർത്തികൾ രോഗങ്ങൾക്ക് ഒരു വിലങ്ങുതടിയല്ല.”
‘ജീവന് അത്യന്താപേക്ഷിതം’
“ശരീരത്തിൽ ഏറ്റവും കൂടുതലുള്ള ഘടകമായ ജലം ജീവന് അത്യന്താപേക്ഷിതമാണ്,” ടൊറന്റോ സ്റ്റാർ എന്ന പത്രം പറയുന്നു. “ശരീരത്തിലെ ജലാംശത്തിൽ വരുന്ന 20 ശതമാനം കുറവു പോലും മരണത്തിന് ഇടയാക്കിയേക്കാം.” ജലം ശരീരതാപനിലയെ നിയന്ത്രിക്കുന്നതിനു പുറമേ “രക്തത്തിലൂടെയും ശരീരത്തിലെ മറ്റു സംവഹന വ്യൂഹങ്ങളിലൂടെയും പോഷകങ്ങൾ അവയവങ്ങളിൽ എത്തിക്കുകയും അവയിൽനിന്നു മാലിന്യങ്ങൾ വഹിച്ചുകൊണ്ടു പോകുകയും ചെയ്യുന്നു. കൂടാതെ, ജലം സന്ധിബന്ധങ്ങളെ അയവുള്ളതാക്കുന്നു, കുടലിന്റെ പ്രവർത്തനം ആയാസരഹിതമാക്കുന്ന അതു മലബന്ധം ഒഴിവാക്കുകയും ചെയ്യുന്നു.” മുതിർന്ന ഒരാൾക്കു ദിവസവും രണ്ടോ മൂന്നോ ലിറ്റർ വെള്ളം ആവശ്യമാണ്. കാപ്പിയും നുരയുന്നതോ ലഹരിയുള്ളതോ ആയ പാനീയങ്ങളും വാസ്തവത്തിൽ ജലത്തിന്റെ ആവശ്യം വർധിപ്പിക്കുക മാത്രമാണു ചെയ്യുന്നത്. അതിന്റെ കാരണം അത്തരം പാനീയങ്ങൾ നിർജലീകരണത്തിന് ഇടയാക്കുന്നു എന്നതാണ്. ഒരു പോഷകാഹാര വിദഗ്ധ പറയുന്നതനുസരിച്ച്, വെള്ളം കുടിക്കുന്നതിനു ദാഹം തോന്നുന്നതുവരെ കാത്തിരിക്കേണ്ടതില്ല, എന്തെന്നാൽ ദാഹം തോന്നുമ്പോഴേക്കും നിങ്ങളുടെ ശരീരത്തിൽനിന്നു വളരെയധികം ജലാംശം നഷ്ടപ്പെട്ടിരിക്കാൻ ഇടയുണ്ട്. “മിക്കവർക്കും ശരീരത്തിൽ വേണ്ടത്ര വെള്ളം ഉണ്ടായിരിക്കുന്നതിനു പകൽസമയത്ത് ഓരോ മണിക്കൂറിലും ഓരോ ഗ്ലാസ്സ് വെള്ളം കുടിച്ചാൽ മതിയാകും” എന്ന് ആ പത്രം പ്രസ്താവിക്കുന്നു.
ജോലിസമയത്തെ ഉറക്കം
“ജോലിസമയത്തെ ഉറക്കത്തിന്റെ പ്രയോജനങ്ങൾ കാനഡയിലെ ചില ബിസിനസ്സ് സ്ഥാപനങ്ങൾ മനസ്സിലാക്കിവരുകയാണ്,” ടൊറന്റോ സ്റ്റാർ പറയുന്നു. പ്രസ്തുത ഉദ്ദേശ്യത്തിൽ, രാത്രിയിൽ ഷിഫ്റ്റ് ജോലിയുള്ളവർക്കായി “ഉണർവേകും മുറികൾ” ക്രമീകരിച്ചിട്ടുണ്ട്. “അരണ്ട വെളിച്ചവും ചെറു തണുപ്പുമുള്ള ഈ മുറികൾ ശാന്തമാണ്, അവയിൽ അലാം ക്ലോക്കുകളും ചാരുകസേരകളും ഉണ്ട്,” സ്റ്റാർ പറയുന്നു. എന്നാൽ “പഴയ ധാരണകൾ പിഴുതെറിയുക ദുഷ്കരമാണ്. അതുകൊണ്ടുതന്നെ ഉറക്കത്തിനുള്ള സൗകര്യങ്ങൾ പ്രദാനം ചെയ്യുന്ന കമ്പനികൾ അതു കൊട്ടിഘോഷിക്കാറില്ല.” റോയൽ ഓട്ടോവാ ആശുപത്രിയുടെ ഉറക്കരോഗ വിഭാഗത്തിലെ ചികിത്സകയായ മേരി പെരുജിനി ഇങ്ങനെ പറയുന്നു: “ഏറെ നേരം ജോലി ചെയ്യേണ്ടി വരുമ്പോൾ സമ്മർദത്തിന്റെ അളവും കൂടും. ദിവസവും ജോലിക്കിടെ 20 മിനിറ്റ് ഉറങ്ങുന്നതുകൊണ്ടു പ്രയോജനങ്ങളുണ്ട്. അതു തീർച്ചയായും പ്രവർത്തനക്ഷമത വർധിപ്പിക്കുകയും സമ്മർദം കുറയ്ക്കുകയും ചെയ്യുന്നു.”
ഉരുകുന്ന ഹിമാനികൾ ഭീഷണിയാകുന്നു
ഭൂമിയിലെ മൂന്നാമത്തെ വലിയ ഹിമശേഖരം ഇപ്പോഴത്തെ നിരക്കിൽ അലിയുകയാണെങ്കിൽ, 40 വർഷത്തിനുള്ളിൽ അത് ഇല്ലാതാകും എന്ന് ലണ്ടനിലെ ദ സൺഡേ ടെലിഗ്രാഫ് റിപ്പോർട്ടു ചെയ്യുന്നു. വർധിച്ചുവരുന്ന ആഗോള താപനിലയും ഹിമാലയ പ്രദേശത്തിന്റെ താഴ്ന്ന അക്ഷാംശ സ്ഥാനവും അവിടത്തെ 15,000 ഹിമാനികൾക്കു ഭീഷണിയാകുന്നു. ഗംഗാജലത്തിന്റെ മുഖ്യ ഉറവിടമാണ് ഗംഗോത്രി എന്ന ഹിമാനി. കഴിഞ്ഞ 50 വർഷംകൊണ്ട് അതിന്റെ നീളത്തിന്റെ മൂന്നിലൊന്നു കുറഞ്ഞുപോയിരിക്കുന്നു. ഹിമാനികളെ കുറിച്ചു പഠിക്കുന്ന ശാസ്ത്രജ്ഞനായ സയിദ് ഹാസ്നൈൻ പറയുന്നതനുസരിച്ച്, ഇപ്പോഴത്തെ നിരക്കിൽ ഉരുകൽ തുടർന്നാൽ, “സിന്ധു, ഗംഗ, ബ്രഹ്മപുത്ര തുടങ്ങിയ നദികൾ വരണ്ടുപോകും. കാരണം, ഈ നദികൾക്ക് അവയിലെ ജലത്തിന്റെ 70-80 ശതമാനവും ലഭിക്കുന്നത് കുഴമഞ്ഞിൽനിന്നും ഉരുകുന്ന ഹിമാനികളിൽ നിന്നുമാണ്.” അതിന്റെ ഫലം “ഒരു പാരിസ്ഥിതിക ദുരന്തം” ആയിരിക്കുമെന്ന് അദ്ദേഹം പറയുന്നു. മാത്രമല്ല, ഗുരുതരമായ വെള്ളപ്പൊക്കം ഉണ്ടാകാനുള്ള സാധ്യതയും വർധിക്കുന്നു.
ഹിമാനികൾ ഉരുകി തടാകങ്ങൾ ഉണ്ടാകുന്നു. ഈ തടാകങ്ങളുടെ ചുറ്റും ഭിത്തികളായി വർത്തിക്കുന്നത് ഹിമവും പാറക്കല്ലുകളും മണലുമൊക്കെ ആയിരിക്കും. ഹിമാനികൾ ഉരുകിത്തീരുമ്പോൾ, ആ ഭിത്തികൾ പൊട്ടിത്തകർന്ന് താഴ്വര പ്രദേശങ്ങളിൽ വലിയ പ്രളയം ഉണ്ടാകും.പുകയില കുട്ടികൾക്കു വരുത്തുന്ന അപകടങ്ങൾ
പുകയിലപ്പുക ശ്വസിക്കേണ്ടി വരുന്നതിനാൽ, ലോകത്തിലെ 50 ശതമാനം കുട്ടികളുടെയും ആരോഗ്യം അപകടത്തിലാണെന്നു ലോകാരോഗ്യ സംഘടന കണക്കാക്കുന്നതായി ലണ്ടനിലെ ഗാർഡിയൻ ദിനപത്രം റിപ്പോർട്ടു ചെയ്യുന്നു. മറ്റുള്ളവർ വലിച്ചുതള്ളുന്ന പുക ശ്വസിക്കേണ്ടിവരുന്നതു നിമിത്തം ആസ്തമയും മറ്റു ശ്വാസകോശ രോഗങ്ങളും മധ്യകർണത്തെ ബാധിക്കുന്ന അസുഖവും കാൻസറും ഉണ്ടാകുന്നു. പെട്ടെന്നുള്ള ശിശുമരണങ്ങൾക്കും ഇത് ഇടയാക്കുന്നു. പുകവലിക്കാരുടെ കുട്ടികൾ പഠനത്തിൽ മോശമായിരിക്കുമെന്നും അവർക്കു പെരുമാറ്റ വൈകല്യങ്ങൾ ഉണ്ടായിരിക്കുമെന്നും ഗവേഷണം തെളിയിക്കുന്നു. മാതാപിതാക്കൾ ഇരുവരും പുകവലിക്കാരാണെങ്കിൽ അവരുടെ കുട്ടികൾക്കു രോഗസാധ്യത 70 ശതമാനം കൂടുതലായിരിക്കും. പുകവലിക്കുന്ന ഒരാളേ വീട്ടിൽ ഉള്ളൂ എങ്കിൽപ്പോലും ഈ അപകടസാധ്യത 30 ശതമാനമാണ്. തങ്ങളുടെ പുകവലിശീലം കുടുംബത്തിലെ മറ്റുള്ളവർക്കു വരുത്തിവെക്കുന്ന അപകടം എത്രയധികമാണെന്നു തിരിച്ചറിയാൻ മാതാപിതാക്കളെ സഹായിക്കുന്ന ആരോഗ്യ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാനും സ്കൂളുകളിലും കുട്ടികൾ കൂടെക്കൂടെ പോകാറുള്ള മറ്റു സ്ഥലങ്ങളിലും പുകവലി നിരോധനം ഏർപ്പെടുത്താനും ലോകാരോഗ്യ സംഘടന പ്രോത്സാഹിപ്പിക്കുന്നു.
വിനോദസഞ്ചാരത്തിന്റെ വിജയം
‘ലോക വിനോദസഞ്ചാര സംഘടന’യുടെ പ്രവചനം അനുസരിച്ച്, “2020 എന്ന വർഷം ആകുമ്പോഴേക്കും രാജ്യാന്തര വിനോദ സഞ്ചാരികളുടെ പ്രതിവർഷ എണ്ണം ഇപ്പോഴുള്ള 62.5 കോടിയിൽനിന്ന് 160 കോടിയായി വർധിക്കും” എന്ന് ദ യുനെസ്കോ കുരിയർ റിപ്പോർട്ടു ചെയ്യുന്നു. ഈ വിനോദസഞ്ചാരികൾ രണ്ടു ലക്ഷം കോടി യു.എസ്. ഡോളറിലധികം ചെലവഴിക്കുമെന്നു കരുതപ്പെടുന്നു. “അങ്ങനെ, വിനോദസഞ്ചാരം ലോകത്തിലെ ഒരു മുഖ്യ വ്യവസായം ആയിത്തീരും.” ഇതുവരെയുള്ള കണക്കനുസരിച്ച്, വിനോദസഞ്ചാരികൾ സന്ദർശിക്കാൻ ഏറ്റവും പ്രിയപ്പെടുന്ന സ്ഥലം യൂറോപ്പാണ്, ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന രാജ്യം ഫ്രാൻസും. 1998-ൽ, 7 കോടി ആളുകളാണ് ഫ്രാൻസിൽ സന്ദർശനം നടത്തിയത്. എന്നാൽ, ഇക്കാര്യത്തിൽ 2020 എന്ന വർഷത്തോടെ ചൈന ഒന്നാം സ്ഥാനത്ത് എത്തുമെന്നു കരുതപ്പെടുന്നു. എന്നിരുന്നാലും, രാജ്യാന്തര യാത്രകൾ സമ്പന്നർക്കു മാത്രം ചെയ്യാൻ കഴിയുന്ന ഒന്നായി അവശേഷിക്കുന്നു. 1996-ൽ ലോക ജനസംഖ്യയുടെ 3.5 ശതമാനം മാത്രമാണു വിദേശയാത്ര നടത്തിയതെങ്കിൽ, 2020 ആകുമ്പോഴേക്കും അത് 7 ശതമാനം ആകുമെന്നാണു ലോക വിനോദസഞ്ചാര സംഘടനയുടെ പ്രവചനം.
വാരാന്ത അവധിക്കാലത്തിന്റെ അപകടങ്ങൾ
ജീവിത സമ്മർദങ്ങളിൽനിന്നു രക്ഷ നേടാനുള്ള ഒരു എളുപ്പ മാർഗമെന്ന നിലയിൽ യൂറോപ്പിലെ വിനോദസഞ്ചാര ഏജൻസികൾ വാരാന്ത അവധിക്കാലത്തെ പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ, വാസ്തവത്തിൽ ഇത് “ഗുണത്തെക്കാളേറെ ദോഷം” വരുത്തിവെച്ചേക്കാമെന്നു ലണ്ടനിലെ ഗാർഡിയൻ പത്രം റിപ്പോർട്ടു ചെയ്യുന്നു. സാധനങ്ങൾ പായ്ക്കു ചെയ്യൽ, വിമാനത്താവളത്തിലേക്കു തിരക്കിട്ടു പോകൽ, വിമാനയാത്ര എന്നിവയ്ക്കു പുറമേ താപവ്യതിയാനത്തിന്റെയും വ്യത്യസ്തമായ ആഹാരക്രമത്തിന്റെയും സമയമേഖലകളുടെയും പ്രശ്നങ്ങളുമുണ്ട്. ഇവ യാത്രികനെ ക്ഷീണിപ്പിക്കുമെന്നു മാത്രമല്ല, അയാളുടെ ആരോഗ്യത്തെ അപകടത്തിലാക്കുക കൂടി ചെയ്തേക്കാമെന്ന് ഹൃദ്രോഗവിദഗ്ധനായ ഡോ. വോൾട്ടർ പസിനി പറയുന്നു. ശരിയായ വിശ്രമം ലഭിക്കുന്നതിനും മാറിയ കാലാവസ്ഥയോടും ജീവിതരീതിയോടും പൊരുത്തപ്പെടുന്നതിനും ദിവസങ്ങൾതന്നെ വേണ്ടിവരും. അതു സാധിക്കാതെ വരുമ്പോൾ, രക്തചംക്രമണവും ഉറക്കവും പ്രതികൂലമായി ബാധിക്കപ്പെടുന്നു. “ഒരാഴ്ചയോ അതിൽ കൂടുതലോ അവധി എടുക്കുന്നവരെ അപേക്ഷിച്ച്, ഏതാനും ദിവസത്തേക്ക് അവധി എടുക്കുന്നവർക്കു ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത 17 ശതമാനവും കാറപകടം ഉണ്ടാകാനുള്ള സാധ്യത 12 ശതമാനവും കൂടുതലാണ്” എന്ന് ഡോ. പസിനി ഗവേഷണത്തിലൂടെ കണ്ടെത്തിയതായി ആ പത്രം പ്രസ്താവിച്ചു. “അതിന്റെ അർഥം ഹ്രസ്വമായ അവധിക്കാലം എപ്പോഴും അപകടം വരുത്തിവെക്കുന്നത് ആണെന്നല്ല, പിന്നെയോ ആളുകൾ ജാഗ്രത പുലർത്തണമെന്നും ഉചിതമായ കരുതലുകൾ സ്വീകരിക്കണമെന്നുമാണ്” എന്ന് പസിനി പറഞ്ഞതായി ലണ്ടനിലെ ഡെയ്ലി ടെലിഗ്രാഫ് എഴുതി. “മിക്കവരും ഇപ്പോൾ ഹ്രസ്വമായ അവധിക്കാലമാണ് ഇഷ്ടപ്പെടുന്നത്, ഏതാനും ദിവസങ്ങൾകൊണ്ട് എല്ലാം ചെയ്തുതീർക്കാനുള്ള തത്രപ്പാടിലാണ് അവർ. എന്നാൽ, വിശ്രമം കണ്ടെത്താനുള്ള ഒരു നല്ല മാർഗമല്ല ഇത്. വാസ്തവത്തിൽ, അതു വളരെ സമ്മർദം സൃഷ്ടിക്കുന്ന ഒന്നാണ്.”
ചേരയുടെ പ്രതികാരം
“ചേര ചത്താലും കടിച്ചേക്കാം. വിചിത്രമായ ഈ മരണാനന്തര പ്രതികാരം സാധാരണമാണെന്നത് അതിശയകരമാണ്” എന്ന് ന്യൂ സയന്റിസ്റ്റ് റിപ്പോർട്ടു ചെയ്യുന്നു. യു.എസ്.എ.-യിലെ അരിസോണയിൽ, 11-മാസ കാലയളവിൽ, ചേരകടിയേറ്റ് ചികിത്സയ്ക്ക് എത്തിയ 34 പേരിൽ 5 പേർ, ചേര തങ്ങളെ കടിച്ചത് അതു ചത്തശേഷമാണെന്ന് പറഞ്ഞതായി പ്രസ്തുത സംഗതിയെ കുറിച്ചു പഠിച്ചുകൊണ്ടിരിക്കുന്ന രണ്ടു ഡോക്ടർമാർ പ്രസ്താവിക്കുന്നു. ചികിത്സയ്ക്കു വന്നവരിൽ ഒരാൾ ചേരയെ വെടിവെച്ചുകൊന്നശേഷം അതിന്റെ തല അറുത്തുമാറ്റി. ചലനമറ്റെന്ന് ഉറപ്പായപ്പോൾ അദ്ദേഹം ആ തല കൈയിലെടുത്തു. അപ്പോൾ അത് അദ്ദേഹത്തിന്റെ ഇരു കൈകളിലും കടിച്ചുവത്രേ. “ചത്തശേഷവും” ചേരപ്പാമ്പിന്റെ അറ്റുപോയ തല “ഒരു മണിക്കൂർ വരെ അതിന്റെ മുമ്പിൽ ചലിക്കുന്ന വസ്തുക്കളെ ആക്രമിക്കാൻ ശ്രമിക്കു”മെന്നു മുൻ പഠനങ്ങൾ പ്രകടമാക്കിയിട്ടുള്ളതായി പ്രസ്തുത മാസിക പറയുന്നു. “ശരീരതാപം അളക്കുന്നതിനായി പാമ്പിന്റെ നാസാരന്ധ്രത്തിനും കണ്ണിനും ഇടയിലായുള്ള ‘പിറ്റ് ഓർഗൻ’ എന്നു വിളിക്കപ്പെടുന്ന ഒരു അവയവത്തിലെ ഇൻഫ്രാറെഡ് സംവേദിനികൾ ഉളവാക്കുന്ന ഒരു ക്ഷിപ്രപ്രതികരണം ആണ് ഇത്” എന്ന് ഇഴജന്തുശാസ്ത്രജ്ഞർ കരുതുന്നു. മുറിഞ്ഞുപോയ ചേരത്തലയെ ഒരു “ജീവനുള്ള ചെറിയ പാമ്പായിത്തന്നെ” വീക്ഷിക്കേണ്ടതാണെന്ന് ഡോ. ജെഫ്രി സൂഷാർഡ് മുന്നറിയിപ്പു നൽകുന്നു. “അതിനെ തൊടണമെന്നുണ്ടെങ്കിൽ, ഒരു നീണ്ട വടി ഉപയോഗിച്ചു തൊടാനാണു ഞാൻ നിർദേശിക്കുന്നത്,” അദ്ദേഹം പറഞ്ഞു.