ആത്മഹത്യ—ആരാരുമറിയാത്ത യാഥാർഥ്യങ്ങൾ
ആത്മഹത്യ—ആരാരുമറിയാത്ത യാഥാർഥ്യങ്ങൾ
ജോണും മേരിയും a വാർധക്യത്തിന്റെ പടവുകൾ കയറി തുടങ്ങിയിരിക്കുന്നു. 60-ന് അടുത്തു പ്രായമുള്ള ആ ദമ്പതികൾ, ഐക്യനാടുകളിലെ നാട്ടിൻപുറങ്ങളിലൊന്നിൽ പണികഴിപ്പിച്ചിരിക്കുന്ന ഒരു കൊച്ചു വീട്ടിലാണു താമസം. ഹൃദ്രോഗവും ശ്വാസകോശ തകരാറും ജോണിനെ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുകയാണ്. ജോണില്ലാത്ത ഒരു ജീവിതത്തെ പറ്റി മേരിക്ക് ഓർക്കാനേ വയ്യ, അദ്ദേഹം മരണത്തിലേക്കു വഴുതി വീണുകൊണ്ടിരിക്കുന്നതു കണ്ടുനിൽക്കാനുള്ള ശക്തിയും അവർക്കില്ല. മേരിക്കും ആരോഗ്യ പ്രശ്നങ്ങളുണ്ട്. മാത്രമല്ല അവർ വർഷങ്ങളായി വിഷാദരോഗത്തിന് അടിമയുമാണ്. അടുത്തയിടെയായി മേരി ആത്മഹത്യയെ കുറിച്ചു സംസാരിക്കാനും കൂടെ തുടങ്ങിയതോടെ ജോൺ ആകെ പരിഭ്രാന്തനായിരിക്കുന്നു. വിഷാദവും മരുന്നുകളും മേരിയുടെ മനസ്സിന്റെ താളം തെറ്റിച്ചിരിക്കുന്നു. ജീവിത പാതയിൽ തനിച്ചാകുന്നതിനെ കുറിച്ചു തനിക്കു ചിന്തിക്കാനേ കഴിയുന്നില്ലെന്നാണ് അവർ പറയുന്നത്.
ജോണിന്റെയും മേരിയുടെയും വീടു നിറയെ മരുന്നുകളാണ്—ഹൃദ്രോഗത്തിനുള്ള ഗുളികകൾ, വിഷാദരോഗഹാരികൾ, മനഃക്ഷോഭ ശമനൗഷധങ്ങൾ എന്നു വേണ്ട ഒരുപാടിനം മരുന്നുകൾ. ഒരു ദിവസം അതിരാവിലെ മേരി അടുക്കളയിൽ ചെന്ന് ഗുളികകൾ ഓരോന്നായി എടുത്തു വിഴുങ്ങാൻ തുടങ്ങി. എന്നാൽ ജോൺ അതു കണ്ടുപിടിക്കുകയും അവരുടെ കൈയിൽനിന്ന് അതു പിടിച്ചുവാങ്ങുകയും ചെയ്തു. അദ്ദേഹം രക്ഷാപ്രവർത്തക സംഘത്തെ വിവരം അറിയിച്ചപ്പോഴേക്കും മേരിക്കു ബോധം മറഞ്ഞുതുടങ്ങിയിരുന്നു. തന്റെ പ്രിയ സഖിക്ക് ഒന്നും സംഭവിക്കരുതേ എന്ന് ജോൺ ഉള്ളുരുകി പ്രാർഥിച്ചു.
സ്ഥിതിവിവരക്കണക്കുകളിലൂടെ കണ്ണോടിക്കുമ്പോൾ
മരണത്തിൽ അഭയം തേടുന്ന യുവതീയുവാക്കന്മാരുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധനവ് ഇക്കഴിഞ്ഞ വർഷങ്ങളിൽ വളരെയധികം വാർത്താപ്രാധാന്യം നേടുകയുണ്ടായി. സ്വപ്നങ്ങളെല്ലാം ബാക്കിയാക്കി ഒരാൾ ജീവിതത്തിന്റെ വസന്തത്തിൽ തന്നെ മരണത്തെ പുൽകുന്നതിനോളം വലിയ ഒരു ദുരന്തമില്ലെന്നുള്ളതു ശരിയാണ്. എന്നാൽ പത്രങ്ങളും മറ്റും വെളിപ്പെടുത്താത്ത മറ്റൊരു വസ്തുതയുണ്ട്. മിക്ക രാജ്യങ്ങളിലും ചെറുപ്പക്കാരെ അപേക്ഷിച്ച് പ്രായമായവർക്കിടയിലാണ് ആത്മഹത്യാ നിരക്ക് വളരെ കൂടുതൽ. മൂന്നാം പേജിൽ കൊടുത്തിരിക്കുന്ന ചതുരത്തിലെ കണക്കുകൾ സൂചിപ്പിക്കുന്നതുപോലെ, ഒരു രാജ്യത്തെ മൊത്തം
ആത്മഹത്യാ നിരക്ക് ഉയർന്നതാണെങ്കിലും താഴ്ന്നതാണെങ്കിലും ഇതു സത്യമാണ്. ആ സ്ഥിതിവിവര കണക്കുകൾ ഈ നിഗൂഢ മഹാവ്യാധി ഗോളവ്യാപകമായി തേർവാഴ്ച നടത്തുന്നു എന്ന വസ്തുതയും നമുക്കു വെളിപ്പെടുത്തിത്തരുന്നു.65-ഉം അതിനു മേലെയും പ്രായമുള്ള അമേരിക്കക്കാരുടെ ഇടയിലെ ആത്മഹത്യാനിരക്ക് 1980-നു ശേഷം 36 ശതമാനം വർധിച്ചതായി യു.എസ്. രോഗനിയന്ത്രണ കേന്ദ്രങ്ങൾ 1996-ൽ റിപ്പോർട്ടു ചെയ്യുകയുണ്ടായി. അമേരിക്കയിൽ പ്രായംചെന്നവരുടെ എണ്ണത്തിലുണ്ടായ വർധനവിനെ, അതിനുള്ള ഒരു കാരണമായി ചൂണ്ടിക്കാണിക്കാൻ കഴിഞ്ഞേക്കുമെന്നതു ശരിതന്നെ. എന്നാൽ അത് ഒരു കാരണം മാത്രമേ ആകുന്നുള്ളൂ. പ്രായമായവർക്കിടയിൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട് എന്നതു തന്നെയാണു വസ്തുത. 1996 എന്ന ഒറ്റവർഷത്തെ സ്ഥിതിവിവരക്കണക്കു നോക്കിയാൽ മതി അതു മനസ്സിലാകാൻ. 65-നു മേൽ പ്രായമുള്ള അമേരിക്കക്കാരുടെ ആത്മഹത്യാ നിരക്കിൽ 9 ശതമാനം വർധനവാണ് ആ വർഷം ഉണ്ടായത്. ഒറ്റ ആണ്ടുകൊണ്ട് ഇത്രയും വർധനവുണ്ടാകുന്നത് 40 വർഷത്തിൽ ആദ്യമായാണ്. അസ്വാഭാവിക മരണങ്ങളിൽ, വീഴ്ചയും മോട്ടോർ വാഹന കൂട്ടിയിടികളും നിമിത്തമുള്ള മരണങ്ങൾ മാത്രമേ ആത്മഹത്യയെ കവച്ചുവെച്ചുള്ളൂ. വാസ്തവത്തിൽ, ഞെട്ടിപ്പിക്കുന്ന ഈ കണക്കുകൾ പോലും പ്രശ്നത്തിന്റെ വ്യാപ്തി പൂർണമായി വെളിപ്പെടുത്തുന്നില്ല. “മരണ കാരണം രേഖപ്പെടുത്തുന്ന സർട്ടിഫിക്കറ്റുകളിൽ ആത്മഹത്യകൾ പലപ്പോഴും മറച്ചുപിടിക്കപ്പെടുന്നതുകൊണ്ട് അവയെ ആസ്പദമാക്കി തയ്യാറാക്കുന്ന സ്ഥിതിവിവര കണക്കുകൾ ആത്മഹത്യ ചെയ്തവരുടെ യഥാർഥ സംഖ്യ വെളിപ്പെടുത്തുന്നില്ല” എന്ന് എ ഹാൻഡ്ബുക്ക് ഫോർ ദ സ്റ്റഡി ഓഫ് സൂയിസൈഡ് പറയുന്നു. വാസ്തവത്തിൽ സ്ഥിതിവിവര കണക്കുകളിൽ കാണുന്നതിന്റെ ഇരട്ടിയാളുകൾ ആത്മഹത്യ ചെയ്യുന്നുണ്ടെന്നാണ് ചിലർ കരുതുന്നതെന്ന് ആ പുസ്തകം കൂട്ടിച്ചേർക്കുന്നു.
ഫലമോ? ‘മുതിർന്ന പൗരന്മാരുടെ ആത്മഹത്യ’ എന്ന നിഗൂഢ മഹാവ്യാധി മറ്റനേകം രാജ്യങ്ങളെ പോലെ തന്നെ ഐക്യനാടുകളെയും ഒരു തീരാശാപം പോലെ പിടികൂടിയിരിക്കുന്നു. പ്രസ്തുത വിഷയത്തെ കുറിച്ചുള്ള പഠനമേഖലയിൽ പ്രാവീണ്യം നേടിയ ഡോ. ഹെർബർട്ട് ഹെൻഡിൻ ഇപ്രകാരം അഭിപ്രായപ്പെടുന്നു: “ഐക്യനാടുകളിൽ, ആത്മഹത്യ ചെയ്യുന്നതു കൂടുതലും പ്രായമായവരാണെങ്കിലും അവർക്കിടയിലെ ആത്മഹത്യകൾ ഒട്ടുംതന്നെ ജനശ്രദ്ധ പിടിച്ചെടുത്തിട്ടില്ല.” അതിന്റെ കാരണം എന്താണ്? വൃദ്ധരുടെ ആത്മഹത്യാ നിരക്ക് എല്ലായ്പോഴും ഉയർന്നതുതന്നെ ആയിരുന്നിട്ടുള്ളതിനാൽ “യുവജന ആത്മഹത്യാ നിരക്കിന്റെ കുത്തനെയുള്ള വർധനവിനെ കുറിച്ചു കേൾക്കുമ്പോഴുണ്ടാകുന്നത്ര ഞെട്ടൽ അത് ഉളവാക്കിയിട്ടില്ല.”
മനസ്സിലുറപ്പിച്ചാൽ അതു ചെയ്തിരിക്കും
ഈ സ്ഥിതിവിവര കണക്കുകൾ മനസ്സിൽ ആശങ്കയുടെ കനലുകൾ കോരിയിടുന്നവയാണെന്നതു ശരിതന്നെ. എന്നാൽ, ജീവിത പാതയിൽ തനിച്ചാക്കി കടന്നുപോയ പ്രാണസഖിയുടെ മരണം സമ്മാനിക്കുന്ന ഏകാന്തത, വിടാതെ പിടികൂടിയിരിക്കുന്ന രോഗത്തിന്റെ അസ്വസ്ഥതകൾ, എന്തിനും ഏതിനും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുമ്പോഴുണ്ടാകുന്ന നൈരാശ്യം, വിഷാദരോഗം സമ്മാനിക്കുന്ന പീഡകൾ, ഒരു മാരകമായ അസുഖത്തിന് അടിമയായതിലുള്ള നൊമ്പരം എന്നിങ്ങനെ ഒരു വ്യക്തിയെ മരണവുമായി പ്രണയത്തിലാകാൻ പ്രേരിപ്പിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് ആ കണക്കുകൾ തികഞ്ഞ മൗനം പാലിക്കുന്നു. ജീവിതത്തിലേക്ക് ഇന്നു കടന്നു വന്ന് നാളെ മറയുന്ന താത്കാലിക പ്രശ്നങ്ങൾക്കാണു യുവജനങ്ങൾ ആത്മഹത്യയുടെ പാത തേടുന്നതെങ്കിൽ പ്രായമായവർ മിക്കപ്പോഴും അതിനു മുതിരുന്നത് ജീവിതത്തിൽ നിന്ന് മാറിത്തരാത്ത, ഒരിക്കലും പരിഹരിക്കാനാകാത്തതായി കാണപ്പെടുന്ന പ്രശ്നങ്ങൾ നിമിത്തമാണ്. അതുകൊണ്ട് അവർ പലപ്പോഴും ചെറുപ്പക്കാരെക്കാളും നിശ്ചയദാർഢ്യത്തോടെ അതിന് ഇറങ്ങിത്തിരിക്കുകയും മനസ്സിലുറപ്പിച്ചതു ചെയ്യുകയും ചെയ്യുന്നു.
“ആത്മഹത്യാ നിരക്കിന്റെ കാര്യത്തിൽ മാത്രമല്ല, ആത്മഹത്യാശ്രമങ്ങളും ആത്മഹത്യകളും തമ്മിലുള്ള അനുപാതത്തിന്റെ കാര്യത്തിലും, പ്രായമായവരുടെയും ചെറുപ്പക്കാരുടെയും ഇടയിൽ വലിയ അന്തരം കാണാം” എന്ന് ആത്മഹത്യ—അമേരിക്കയിൽ (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ ഡോ. ഹെൻഡിൻ പറയുന്നു. “അമേരിക്കയിലെ ജനങ്ങളെ മൊത്തം എടുക്കുകയാണെങ്കിൽ, ആത്മഹത്യാ ശ്രമങ്ങളുടെയും ആത്മഹത്യകളുടെയും അനുപാതം 10:1 ആണ്; യുവജനങ്ങളുടെ (15 മുതൽ 24 വയസ്സുവരെ പ്രായമുള്ളവരുടെ) ഇടയിൽ ഈ അനുപാതം 100:1 ആണ്; എന്നാൽ 55 വയസ്സിനു മേൽ പ്രായമുള്ളവരിൽ ആകട്ടെ ഈ അനുപാതം 1:1 ആണ്.”
ആരെയും ഇരുത്തി ചിന്തിപ്പിക്കാൻ പോന്ന സ്ഥിതിവിവര കണക്കുകളാണ് അവ! ജീവിതസായാഹ്നത്തിൽ എത്തിനിൽക്കുന്നത് എത്രയോ വ്യസനകരമാണ്. ഉന്മേഷവും ചുറുചുറുക്കും കൈവിട്ടുപോകുന്ന നാളുകൾ, എന്നും നിഴൽപോലെ പിന്തുടരുന്ന ശാരീരിക വേദനകളും അസ്വാസ്ഥ്യങ്ങളും, അങ്ങനെ വാർധക്യത്തിന്റെ ശിക്ഷകൾ പല വിധമാണ്! ഇത്രയധികം പേർ മരണത്തെ സ്നേഹിച്ചു തുടങ്ങുന്നതു വെറുതെയല്ല. എന്നാൽ, പൊള്ളുന്ന അനുഭവങ്ങളിലൂടെ സഞ്ചരിക്കുമ്പോഴും ജീവനെ ഒരു അമൂല്യ നിധിപോലെ കരുതാൻ നല്ല കാരണമുണ്ട്. ഈ ലേഖനത്തിന്റെ തുടക്കത്തിൽ പരാമർശിച്ച മേരിക്ക് എന്തു സംഭവിച്ചെന്നു നോക്കുക.
[അടിക്കുറിപ്പ്]
a പേരുകൾ യഥാർഥമല്ല.
[3-ാം പേജിലെ ചാർട്ട്]
ഓരോ ഒരു ലക്ഷം പേരുടെയും ഇടയിലെ ആത്മഹത്യാ നിരക്ക്, പ്രായ-ലിംഗ ഭേദമനുസരിച്ച്
15 മുതൽ 24 വയസ്സു വരെ പ്രായമുള്ളവർ 75-ഉം അതിനു മേലെയും പ്രായമുള്ളവർ
പുരുഷൻ/സ്ത്രീ രാജ്യം പുരുഷൻ/സ്ത്രീ
8.0/2.5 അർജന്റീന 55.4/8.3
4.0/0.8 ഗ്രീസ് 17.4/1.6
19.2/3.8 ഹംഗറി 168.9/60.0
10.1/4.4 ജപ്പാൻ 51.8/37.0
7.6/2.0 മെക്സിക്കോ 18.8/1.0
53.7/9.8 റഷ്യ 93.9/34.8
23.4/3.7 ഐക്യനാടുകൾ 50.7/5.6