ഉറപ്പുള്ള ഒരു പ്രത്യാശ
ഉറപ്പുള്ള ഒരു പ്രത്യാശ
ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ എന്നു പലപ്പോഴും വിളിക്കപ്പെടുന്ന യേശു രണ്ടായിരത്തോളം വർഷങ്ങൾക്കു മുമ്പ് അന്യായമായി മരണത്തിനു വിധിക്കപ്പെട്ടു. ദണ്ഡനസ്തംഭത്തിൽ തൂക്കപ്പെട്ട അവന്റെ സമീപം മറ്റൊരു സ്തംഭത്തിൽ മരണം കാത്തു കിടന്നിരുന്ന ഒരു ദുഷ്പ്രവൃത്തിക്കാരൻ പരിഹാസപൂർവം അവനോട് ഇങ്ങനെ പറഞ്ഞു: “നീ ക്രിസ്തു അല്ലയോ? നിന്നെത്തന്നേയും ഞങ്ങളെയും രക്ഷിക്ക.”
അപ്പോൾ, വധശിക്ഷയ്ക്കു വിധിക്കപ്പെട്ടിരുന്ന മറ്റൊരു ദുഷ്പ്രവൃത്തിക്കാരൻ ആ മനുഷ്യനെ ശാസിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “സമശിക്ഷാവിധിയിൽ തന്നേ ആയിട്ടും നീ ദൈവത്തെ ഭയപ്പെടുന്നില്ലയോ? നാമോ ന്യായമായിട്ടു ശിക്ഷ അനുഭവിക്കുന്നു; നാം പ്രവർത്തിച്ചതിന്നു യോഗ്യമായതല്ലോ കിട്ടുന്നതു; ഇവനോ അരുതാത്തതു ഒന്നും ചെയ്തിട്ടില്ല എന്നു പറഞ്ഞു.” പിന്നെ അവൻ യേശുവിനോടായി ഇങ്ങനെ യാചിച്ചു: “നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ.”
യേശു അവനോട് ഇങ്ങനെ മറുപടി പറഞ്ഞു: “നീ എന്നോടുകൂടെ പരദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു.”—ലൂക്കൊസ് 23:39-43.
യേശുവിനു മുന്നിൽ അത്ഭുതകരമായ ഒരു പ്രത്യാശ ഉണ്ടായിരുന്നു. ഈ പ്രത്യാശ അവനിൽ ഉളവാക്കിയ ഫലത്തെ കുറിച്ച് അപ്പൊസ്തലനായ പൗലൊസ് ഇപ്രകാരം പറയുന്നു: “തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തു അവൻ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിച്ചു.”—എബ്രായർ 12:2.
തന്റെ പിതാവിനോടൊപ്പം വീണ്ടും സ്വർഗത്തിൽ വസിക്കുന്നതും ഒടുവിൽ ദൈവരാജ്യത്തിന്റെ ഭരണാധികാരിയായി സേവിക്കുന്നതും യേശുവിന്റെ മുമ്പിൽ വെക്കപ്പെട്ടിരുന്ന “സന്തോഷ”ത്തിൽ പെടുന്ന സംഗതികളായിരുന്നു. കൂടാതെ, ഭൂമിയുടെ മേൽ തന്നോടൊപ്പം രാജാക്കന്മാരായി വാഴാൻ പോകുന്ന തന്റെ വിശ്വസ്ത അനുഗാമികളെ സ്വർഗത്തിലേക്കു സ്വാഗതം ചെയ്യുന്നതിന്റെ സന്തോഷവും അവനെ കാത്തിരുന്നിരുന്നു. (യോഹന്നാൻ 14:2, 3; ഫിലിപ്പിയർ 2:7-11; വെളിപ്പാടു 20:5, 6) അങ്ങനെയെങ്കിൽ, അനുതപിച്ച ദുഷ്പ്രവൃത്തിക്കാരന്, അവൻ പറുദീസയിൽ ഉണ്ടായിരിക്കും എന്ന വാഗ്ദാനം നൽകിയപ്പോൾ യേശു എന്താണ് അർഥമാക്കിയത്?
ആ ദുഷ്പ്രവൃത്തിക്കാരന് എന്തു പ്രത്യാശ?
യേശുവിനോടു കൂടെ സ്വർഗത്തിൽ വാഴാൻ ആവശ്യമായ യോഗ്യത ആ മനുഷ്യന് ഉണ്ടായിരുന്നില്ല. “നിങ്ങൾ ആകുന്നു എന്റെ പരീക്ഷകളിൽ എന്നോടുകൂടെ നിലനിന്നവർ. എന്റെ പിതാവു എനിക്കു രാജ്യം നിയമിച്ചുതന്നതുപോലെ ഞാൻ നിങ്ങൾക്കും നിയമിച്ചുതരുന്നു” എന്ന് യേശു ആരോടു പറഞ്ഞുവോ അക്കൂട്ടത്തിൽ അയാൾ പെടുന്നില്ല. (ലൂക്കൊസ് 22:28, 29) എങ്കിലും ആ ദുഷ്പ്രവൃത്തിക്കാരൻ തന്നോടുകൂടെ പറുദീസയിൽ ഉണ്ടായിരിക്കും എന്ന് യേശു വാഗ്ദാനം ചെയ്തു. ആ വാഗ്ദാനം നിറവേറ്റപ്പെടുന്നത് എങ്ങനെയായിരിക്കും?
ആദ്യ മനുഷ്യ ജോഡിയായ ആദാമിനെയും ഹവ്വായെയും യഹോവയാം ദൈവം ആക്കി വെച്ചതു പറുദീസയിലായിരുന്നു, ഏദെൻ എന്നു വിളിക്കപ്പെടുന്ന ഉല്ലാസത്തിന്റെ ഒരു തോട്ടത്തിൽ. (ഉല്പത്തി 2:8, 15) ഏദെൻ തോട്ടം സ്ഥിതിചെയ്തിരുന്നതു ഭൂമിയിലാണ്. മുഴു ഭൂമിയും ഒരു പറുദീസയായിത്തീരണം എന്നായിരുന്നു ദൈവത്തിന്റെ ഉദ്ദേശ്യം. എങ്കിലും, ആദാമും ഹവ്വായും തന്നോട് അനുസരണക്കേടു കാട്ടിയതിന്റെ ഫലമായി ദൈവം ആ അതിമനോഹരമായ ഭവനത്തിൽ നിന്ന് അവരെ പുറത്താക്കി. (ഉല്പത്തി 3:23, 24) എന്നാൽ, പറുദീസ പുനഃസ്ഥാപിക്കപ്പെടുമെന്നും മുഴു ഭൂമിയും ഒരു ഉദ്യാനമായി മാറുമെന്നും യേശു വെളിപ്പെടുത്തി.
യേശുവിനെ അനുഗമിക്കുന്നതുകൊണ്ട് തനിക്കും സഹ അപ്പൊസ്തലന്മാർക്കും എന്തു പ്രതിഫലമാണു കിട്ടാൻ പോകുന്നത് എന്ന് അപ്പൊസ്തലനായ പത്രൊസ് ചോദിച്ചപ്പോൾ യേശു ഇങ്ങനെ വാഗ്ദാനം ചെയ്തു: “എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങൾ പുനർജ്ജനനത്തിൽ [“പുനർസൃഷ്ടിയിൽ,” NW] മനുഷ്യപുത്രൻ തന്റെ മഹത്വത്തിന്റെ സിംഹാസനത്തിൽ ഇരിക്കുമ്പോൾ നിങ്ങളും പന്ത്രണ്ടു സിംഹാസനത്തിൽ ഇരുന്നു യിസ്രായേൽഗോത്രം പന്ത്രണ്ടിന്നും ന്യായം വിധിക്കും” (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.) (മത്തായി 19:27, 28) ഇതേ സംഭാഷണം ലൂക്കൊസ് റിപ്പോർട്ടു ചെയ്തപ്പോൾ, “പുനർസൃഷ്ടിയിൽ” എന്നതിനു പകരം “വരുവാനുള്ള ലോകത്തിൽ” എന്ന് യേശു പറയുന്നതായി ഉദ്ധരിച്ചിരിക്കുന്നതു ശ്രദ്ധേയമാണ്.—ലൂക്കൊസ് 18:28-30.
അതുകൊണ്ട്, തന്റെ സഹ ഭരണാധികാരികളോടൊപ്പം സ്വർഗത്തിൽ മഹത്ത്വത്തിന്റെ സിംഹാസനത്തിൽ ഉപവിഷ്ടനാകുമ്പോൾ യേശുക്രിസ്തു നീതിനിഷ്ഠമായ ഒരു പുതിയ ലോകം സ്ഥാപിക്കും. (2 തിമൊഥെയൊസ് 2:11, 12; വെളിപ്പാടു 5:10; 14:1, 3) ക്രിസ്തുവിന്റെ സ്വർഗീയ ഭരണം മുഖാന്തരം, മുഴു ഭൂമിയും ഒരു പറുദീസയായിത്തീരുക എന്ന ദൈവത്തിന്റെ ആദിമോദ്ദേശ്യം നിറവേറ്റപ്പെടും!
യേശു തന്റെ രാജവാഴ്ച കാലത്ത്, തനിക്കരികിൽ ദണ്ഡന സ്തംഭത്തിൽ കിടന്ന ആ കുറ്റവാളിയോടുള്ള വാഗ്ദാനം നിറവേറ്റും. യേശു അവനെ ഉയിർപ്പിക്കും.
ആ മനുഷ്യൻ അവന്റെ ഒരു ഭൗമിക പ്രജ ആയിത്തീരും. അപ്പോൾ, ദൈവിക നിബന്ധനകൾ അനുസരിക്കാനും രാജ്യ ഭരണത്തിൻ കീഴിൽ എന്നേക്കും ജീവിക്കാനും ഉള്ള ഒരു അവസരം ആ ദുഷ്പ്രവൃത്തിക്കാരനു നൽകപ്പെടും. ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കുക എന്ന ബൈബിളധിഷ്ഠിത ഭാവി പ്രതീക്ഷയിൽ നമുക്കു തീർച്ചയായും സന്തോഷിക്കാൻ കഴിയും!ജീവിതം അർഥസമ്പൂർണം ആകുമ്പോൾ
മഹത്തായ അത്തരമൊരു പ്രത്യാശയ്ക്ക് നമ്മുടെ ജീവിതത്തെ എത്രമാത്രം അർഥവത്താക്കിത്തീർക്കാൻ സാധിക്കുമെന്ന് ഒന്നു വിഭാവന ചെയ്യുക. വിപത്കരമായ നിഷേധാത്മക ചിന്താഗതികൾ മനസ്സിൽ കൂടുകൂട്ടാതിരിക്കാൻ അതു സഹായിക്കും. അത്തരം പ്രത്യാശ ആത്മീയ സർവായുധവർഗത്തിലെ ഒരു മർമപ്രധാന ഘടകമാണെന്ന് അപ്പൊസ്തലനായ പൗലൊസ് പറയുകയുണ്ടായി. നാം “രക്ഷയുടെ പ്രത്യാശ”യെ “പടത്തൊപ്പി”യായി ധരിക്കേണ്ടതുണ്ടെന്ന് അവൻ പറഞ്ഞു.—1 തെസ്സലൊനീക്യർ 5:8, പി.ഒ.സി. ബൈബിൾ; സങ്കീർത്തനം 37:29; വെളിപ്പാട് 21:3-5.
ആ പ്രത്യാശ ജീവിക്കാനുള്ള ആശ പകരുന്നു. വരാൻ പോകുന്ന പറുദീസയിൽ ആരും ഏകാന്തതയുടെ തടവുകാരായിരിക്കില്ല. കാരണം “മരിച്ചവരെ ഉയിർപ്പിക്കുന്ന ദൈവം” പ്രിയപ്പെട്ടവരെ ജീവനിലേക്കു തിരികെ കൊണ്ടുവരും. (2 കൊരിന്ത്യർ 1:9) ശാരീരിക അവശതകളും വേദനകളും ഒരു പഴങ്കഥയായി മാറും. നടക്കാൻ വയ്യാതെ ഒരിടത്തു തന്നെ ചടഞ്ഞുകൂടേണ്ടി വരുന്ന അവസ്ഥയും ആർക്കും ഉണ്ടാകില്ല. കാരണം “അന്നു മുടന്തൻ മാനിനെപ്പോലെ ചാടും” എന്നാണ് ബൈബിൾ പറയുന്നത്. അന്ന് ആളുകളുടെ “ദേഹം യൌവനചൈതന്യത്താൽ പുഷ്ടിവെക്കും,” അവർ “ബാല്യപ്രായത്തിലേക്കു തിരിഞ്ഞുവരും.”—യെശയ്യാവു 35:6; ഇയ്യോബ് 33:25.
“എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയി”ല്ലാത്ത ആ കാലത്ത്, വിട്ടുമാറാത്ത രോഗങ്ങൾ സമ്മാനിക്കുന്ന നൈരാശ്യത്തെ കുറിച്ചുള്ള ഓർമകൾ പോലും മാഞ്ഞുപോയിരിക്കും. (യെശയ്യാവു 33:24) സ്ഥായിയായ വിഷാദത്തിന്റെ ശൂന്യത “നിത്യാനന്ദ”ത്തിനു വഴിമാറിക്കൊടുക്കും. (യെശയ്യാവു 35:10) മാരക രോഗങ്ങൾ മരണ വാറണ്ട് പുറപ്പെടുവിക്കുമെന്ന പേടിയും വേണ്ട. കാരണം, മനുഷ്യന്റെ ജന്മ ശത്രുവായ മരണം എന്നെന്നേക്കുമായി നീങ്ങിപ്പോയിരിക്കും.—1 കൊരിന്ത്യർ 15:26.
[8, 9 പേജുകളിലെ ചിത്രങ്ങൾ]
ദൈവത്തിന്റെ പുതിയ ലോകത്തെ കുറിച്ചുള്ള അത്ഭുതകരമായ പ്രത്യാശ മനസ്സിൽ അടുപ്പിച്ചു നിറുത്തുക