വലിയ വെള്ള സ്രാവ് അപകടത്തിൽ
വലിയ വെള്ള സ്രാവ് അപകടത്തിൽ
മാംസഭുക്കുകളായ മത്സ്യങ്ങളിലെ ഭീമൻ. ഒരുപക്ഷേ മറ്റേതൊരു ജീവിയെക്കാളുമേറെ മനുഷ്യൻ ഭയപ്പെടുന്നത് ഈ സ്ഥാനപ്പേരിന്റെ അവകാശിയെ ആയിരിക്കാം—വലിയ വെള്ള സ്രാവിനെ. എന്നിട്ടും, മെഡിറ്ററേനിയൻ കടലിലെയും ഓസ്ട്രേലിയ, ബ്രസീൽ, നമീബിയ, ദക്ഷിണാഫ്രിക്ക, ഐക്യനാടുകൾ എന്നിവിടങ്ങളിലെ ജലാശയങ്ങളിലെയും സംരക്ഷിത സ്പീഷീസുകളുടെ പട്ടികയിലാണ് ഇന്ന് അവന്റെ സ്ഥാനം. മറ്റു രാജ്യങ്ങളും അവനു സംരക്ഷണം കൊടുക്കുന്ന കാര്യം പരിഗണിച്ചുവരികയാണ്. എന്നാൽ, അറിയപ്പെടുന്ന ഒരു കൊലയാളിക്ക് സംരക്ഷണം നൽകുന്നത് എന്തിനാണ്? നാം കാണാൻ പോകുന്നതു പോലെ, പ്രശ്നം അത്ര നിസ്സാരമല്ല. മാത്രമല്ല, വെള്ള സ്രാവിനെ കുറിച്ചു പൊതുവെ ആളുകൾക്കുള്ള ധാരണകളെല്ലാം ശരിയല്ലതാനും.
സമുദ്രഭക്ഷ്യശൃംഖലയിൽ, കൊല്ലിത്തിമിംഗിലത്തിന്റെയും എണ്ണത്തിമിംഗിലത്തിന്റെയും ഒപ്പം ഏറ്റവും മുകളിലാണ് വെള്ള സ്രാവിന്റെ സ്ഥാനം. a സ്രാവ് കുടുംബത്തിലെ രാജാവാണ് അവൻ. മറ്റുവാക്കുകളിൽ പറഞ്ഞാൽ, സൂപ്പർ ഷാർക്ക്. മീൻ, ഡോൾഫിൻ എന്നുവേണ്ട കണ്ണിൽക്കാണുന്നതെന്തും വെട്ടിവിഴുങ്ങുന്ന സ്വഭാവമാണ് അവന്റേത്. എന്തിനേറെ പറയുന്നു, തരം കിട്ടിയാൽ മറ്റു സ്രാവുകളെ പോലും അവൻ പിടിച്ചു തിന്നുകളയും. പക്ഷേ, പ്രായവും തടിയുമൊക്കെ കൂടി പഴയതുപോലെ പാഞ്ഞുനടക്കാൻ കഴിയാതാകുമ്പോൾ നീർനായ്ക്കളെയോ പെൻഗ്വിനുകളെയോ ചീഞ്ഞഴുകിയ മാംസമോ—പ്രത്യേകിച്ച് ചത്ത തിമിംഗിലങ്ങളുടെ—അകത്താക്കാനാകും അവൻ കൂടുതൽ താത്പര്യപ്പെടുക.
ആഹാരം തേടുന്നതിന് മിക്ക സ്രാവുകളും അവയുടെ അസാമാന്യ കാഴ്ചശക്തി ഉൾപ്പെടെയുള്ള ഇന്ദ്രിയപ്രാപ്തികളെല്ലാം ശരിക്കും പ്രയോജനപ്പെടുത്തുന്നു. നീന്തുന്ന മൂക്കുകൾ എന്ന് അവയെ വിളിക്കാൻ കഴിയും എന്നു പറയുമ്പോൾ അവയുടെ തീക്ഷ്ണമായ ഘ്രാണശക്തിയെക്കുറിച്ച് നമുക്ക് ഒരു ഏകദേശ രൂപം കിട്ടും! അവയുടെ കേൾവിശക്തിയും അപാരംതന്നെ. തീരെ നേർത്ത ശബ്ദം പോലും പിടിച്ചെടുക്കാൻ കഴിയുന്നതു കൊണ്ട് നീന്തുന്ന ചെവികൾ എന്ന പേരും അവയ്ക്ക് ഇണങ്ങും.
അപാരമായ ഈ കേൾവിശക്തിക്ക് ഉപോദ്ബലകമായി വർത്തിക്കുന്ന, മർദത്തോടു സംവേദകത്വം പുലർത്തുന്ന ചില കോശങ്ങൾ സ്രാവുകളുടെ ശരീരത്തിന്റെ ഇരുവശങ്ങളിലുമായുണ്ട്. അതിസൂക്ഷ്മ ശബ്ദതരംഗങ്ങൾ പോലും പിടിച്ചെടുക്കാനുള്ള പ്രാപ്തി ഈ സംവിധാനത്തിനുണ്ട്. കുന്തത്തിന്റെ അറ്റത്തു മീൻ പിടയ്ക്കുമ്പോൾ ഉണ്ടാകുന്നതു പോലുള്ള കമ്പനങ്ങൾ പെട്ടെന്നു തിരിച്ചറിയാനുള്ള ഒരു പ്രത്യേക കഴിവുതന്നെയുണ്ട് ഈ കോശങ്ങൾക്ക്. അതുകൊണ്ട്, വെള്ളത്തിനടിയിൽ പോയി കുന്തം ഉപയോഗിച്ചു മീൻപിടിക്കുന്നവർ, രക്തമൊലിക്കുന്ന, പിടയ്ക്കുന്ന മത്സ്യങ്ങളെ എത്രയും പെട്ടെന്നു വെള്ളത്തിൽ നിന്നു പുറത്തെടുക്കുന്നതായിരിക്കും ബുദ്ധി.
സ്രാവുകൾക്ക് ആംപ്യൂലൈ ഓഫ് ലൊറാന്റ്സിനി—മൂക്കിനു ചുറ്റും അവിടവിടെയായി കാണപ്പെടുന്ന ചെറു നാളികൾ—എന്ന ഒരു ആറാം ഇന്ദ്രിയവുമുണ്ട്. ഇതിന്റെ സഹായത്താൽ അവയ്ക്ക്, ഇരയുടെ ഹൃദയമിടിപ്പിൽ നിന്നും ശകുലങ്ങളുടെ പ്രവർത്തനത്തിൽ നിന്നും നീന്തുമ്പോഴുണ്ടാകുന്ന പേശികളുടെ ചലനത്തിൽ നിന്നുമൊക്കെ പ്രസരിക്കുന്ന ദുർബലമായ വൈദ്യുത മണ്ഡലം കണ്ടുപിടിക്കാൻ കഴിയുന്നു. വാസ്തവത്തിൽ, സ്രാവുകളുടെ ഈ ആറാം ഇന്ദ്രിയം അങ്ങേയറ്റം കൂർമമായതിനാൽ ഭൗമകാന്തിക മണ്ഡലവും സമുദ്രവും തമ്മിലുള്ള പ്രതിപ്രവർത്തനം പോലും അവയ്ക്കു തിരിച്ചറിയാൻ കഴിയും. അതിന്റെ ഫലമായി, തെക്കും വടക്കും ഏതെന്നു മനസ്സിലാക്കാനും അവയ്ക്കു കഴിയുന്നുണ്ടായിരിക്കാം.
വലിയ വെള്ള സ്രാവിനെ തിരിച്ചറിയുന്ന വിധം
പേര് വലിയ വെള്ള സ്രാവ് എന്നാണെങ്കിലും ശരീരത്തിന്റെ അടിഭാഗത്തു മാത്രമാണ് അവയ്ക്കു മങ്ങിയ വെള്ള നിറമുള്ളത്. മുകൾഭാഗത്തിനു കടുത്ത ചാരനിറമാണ്. ഇരുനിറങ്ങളും ശരീരത്തിന്റെ വശങ്ങളിൽ വെച്ച് വളഞ്ഞുപുളഞ്ഞ ഒരു രേഖയിൽ സമന്വയിക്കുന്നു. സ്വാഭാവിക ചുറ്റുപാടുകളിൽ തിരിച്ചറിയപ്പെടാതെ സഞ്ചരിക്കാൻ അവയെ സഹായിക്കുന്ന ഈ ശാരീരിക സവിശേഷത പക്ഷേ ഓരോ സ്രാവിലും വ്യത്യാസപ്പെട്ടിരിക്കും. എന്നാൽ രസകരമായി, ഇതേ സവിശേഷത തന്നെയാണ് സ്രാവുകളെ തമ്മിൽ തിരിച്ചറിയാൻ ശാസ്ത്രജ്ഞന്മാരെ സഹായിക്കുന്നതും.
വെള്ള സ്രാവുകൾക്ക് എന്തുമാത്രം വലിപ്പം വെക്കും? “ഏറ്റവും വലിപ്പമുള്ളവയ്ക്ക് 5.8 മുതൽ 6.4 വരെ മീറ്റർ നീളമുണ്ടാകും” എന്നു വലിയ വെള്ള സ്രാവ് (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. ഈ വലിപ്പമുള്ള ഒരു മത്സ്യത്തിന് 2,000 കിലോയിലധികം ഭാരം കണ്ടേക്കാം. എങ്കിലെന്താ, ഈ ഭീമകായന്മാർക്ക് വെള്ളത്തിലൂടെ ശരവേഗത്തിൽ പായാൻ കഴിയും. ടോർപീഡോയുടെ ആകൃതിയുള്ള ഉടലിനോടു സംയോജിക്കപ്പെട്ടിരിക്കുന്ന, വില്ലുപോലെ ഒരൽപ്പം ഉള്ളിലേക്കു വളഞ്ഞ ത്രികോണാകൃതിയിലുള്ള ചിറകുകളാണ് ഇക്കാര്യത്തിൽ അവയ്ക്കു തുണയാകുന്നത്. മറ്റൊരു പ്രത്യേകത അതിന്റെ കരുത്തുറ്റ വാലാണ്. അതു സമമിതമാണ് (symmetrical), അതായത്, അതിന്റെ രണ്ടു പിരിവുകളുടെയും ആകൃതിയും വലിപ്പവും ഏതാണ്ട് ഒരുപോലെയാണ്. എന്നാൽ അതേസമയം, സ്രാവ് കുടുംബത്തിലുള്ള മിക്കവർക്കും ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാക്കാൻ കഴിയുന്നത്ര അസമമിതമായ വാലുകളാണ് ഉള്ളത്.
എന്നാൽ, വെള്ള സ്രാവിനെ വ്യതിരിക്തമായി തിരിച്ചറിയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകതകൾ, ആരുടെയും ഉള്ളിൽ ഭയം നിറയ്ക്കാൻ പോന്ന അതിന്റെ കോണാകൃതിയിലുള്ള ഭീമാകാരമായ തലയും ക്രൂരത നിഴലിക്കുന്ന കറുത്ത കണ്ണുകളും ഉളി പോലെ മൂർച്ചയേറിയ, ത്രികോണാകൃതിയിൽ അറക്കവാൾപ്പല്ലുകൾ പോലിരിക്കുന്ന പല്ലുകളും ആണ്. മുൻനിരയിലെ പല്ലുകളുടെയെല്ലാം പുറകിലായി അവയ്ക്കു മറ്റൊരു നിര പല്ലുകൾ കൂടിയുണ്ട്. അതുകൊണ്ടുതന്നെ, ഇരുവായ്ത്തലയുള്ള ഈ “കത്തികൾ” ഒടിഞ്ഞുപോകുകയോ കൊഴിഞ്ഞുപോകുകയോ ചെയ്യുമ്പോൾ, പുറകിലുള്ള പല്ലുകൾ ആ സ്ഥാനത്തേക്കു നീങ്ങിവരും.
ഉഷ്ണരക്തം ശക്തിനൽകുന്നു
ലാമ്നിഡേ സ്രാവുകുടുംബത്തിൽ പെട്ട മാകോ, പോർബ് ഈഗിൾ, വെള്ള സ്രാവ് എന്നിവയുടെ രക്തപര്യയന വ്യവസ്ഥ മറ്റു മിക്ക സ്രാവുകളുടേതിൽ നിന്നും പാടേ വ്യത്യസ്തമാണ്. ജലത്തിന്റെ താപനിലയെക്കാൾ ഏകദേശം മൂന്നു മുതൽ അഞ്ചുവരെ സെൽഷ്യസ് കൂടുതലായിരിക്കും അവയുടെ രക്തത്തിന്റെ ഊഷ്മാവ്. ഉഷ്ണരക്തം ആയതിനാൽ ദഹനപ്രക്രിയ കൂടുതൽ വേഗത്തിൽ നടക്കുന്നു. ഇത് അവയ്ക്കു കൂടുതൽ ശക്തിയും ബലവും നൽകുകയും ചെയ്യുന്നു. വേഗമേറിയ ആഴക്കടൽ മത്സ്യമായ ചൂരയെ ആഹാരമാക്കുന്ന മാകോയ്ക്ക്, ഹ്രസ്വദൂര സഞ്ചാരങ്ങളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ വെള്ളത്തിലൂടെ പായാൻ കഴിയും!
നീന്തുമ്പോൾ വെള്ളത്തിൽ ഉയർന്നുവരാൻ സ്രാവുകളെ സഹായിക്കുന്നത് അവയുടെ രണ്ടു ഭുജച്ചിറകുകളാണ്. നീന്തൽ വളരെ പതുക്കെയായാൽ അവ പെട്ടെന്നു താഴ്ന്നു പോകും, വേഗം കുറയുമ്പോൾ ഒരു വിമാനത്തിനു സംഭവിക്കുന്നതു പോലെ. ശരീരത്തിന്റെ മൊത്തം ഭാരത്തിന്റെ നാലിലൊന്നു വരുന്ന കരളിൽ, ജലത്തിൽ പൊങ്ങിക്കിടക്കാൻ ആവശ്യമായത്ര എണ്ണ ശേഖരം ഉണ്ടായിട്ടും ഇതാണ് അവസ്ഥ! മാത്രമല്ല, നീന്തിക്കൊണ്ടിരുന്നാലെ സ്രാവുകളുടെ മിക്ക സ്പീഷീസുകൾക്കും ശ്വസിക്കാൻ സാധിക്കുകയുള്ളൂ. നിറയെ ഓക്സിജൻ ഉള്ള വെള്ളം അവയുടെ വായിലും ശകുലങ്ങളിലും കയറണമെങ്കിൽ ഇതല്ലാതെ വേറെ മാർഗമില്ല. ക്രൂരത നിഴലിക്കുന്ന ഭാവത്തോടെ അവ സദാ പല്ലുമിളിച്ചുകൊണ്ട് പാഞ്ഞുനടക്കുന്നതിന്റെ രഹസ്യം ഇപ്പോൾ പിടികിട്ടിയില്ലേ!
ഒരു നര-ഭോജിയോ?
സ്രാവുകളുടെ അറിയപ്പെടുന്ന 368 സ്പീഷീസുകളിൽ, അപകടകാരികൾ ഏതാണ്ട് 20 എണ്ണം മാത്രമാണ്. ഇതിൽത്തന്നെ വെറും നാലെണ്ണമാണ് ലോകവ്യാപകമായി ഓരോ വർഷവും മനുഷ്യരെ ആക്രമിക്കുന്നതായി റിപ്പോർട്ടുചെയ്യപ്പെടുന്ന 100-ഓളം കേസുകളിലെ വില്ലന്മാർ. ഈ ആക്രമണങ്ങളിൽ ഏകദേശം 30 എണ്ണമാണ് മരണത്തിൽ കലാശിക്കാറ്. ഇവർ ആരൊക്കെയാണെന്നോ? ബുൾ സ്രാവ്—ഇവനാണ് ഏറ്റവും കൂടുതൽ മനുഷ്യജീവൻ കവർന്നിരിക്കാൻ സാധ്യത—കടുവാ സ്രാവ്, ഓഷ്യാനിക് വൈറ്റ്ടിപ്പ് സ്രാവ്, പിന്നെ വെള്ള സ്രാവും.
അത്ഭുതകരമെന്നു തോന്നിയേക്കാം, വെള്ള സ്രാവിന്റെ ആക്രമണത്തിന് ഇരയായിട്ടുള്ളവരിൽ 55 ശതമാനമെങ്കിലും—ചിലയിടങ്ങളിൽ ഇത് ഏകദേശം 80 ശതമാനമാണ്—അതിനെ അതിജീവിച്ചിട്ടുണ്ട്. ആളുകളുടെ ഉള്ളിൽ ഭീതി ജനിപ്പിക്കുന്ന ഈ ഇരപിടിയന്റെ ആക്രമണത്തെ
എങ്ങനെയാണ് ഇത്രയധികം പേർക്ക് അതിജീവിക്കാൻ കഴിഞ്ഞത്?കടിച്ചിട്ടു തുപ്പുന്നു
ആദ്യം ആഞ്ഞൊന്നു കടിച്ചിട്ട് മുറിവേറ്റ ഇരകളെ തുപ്പിക്കളയുകയാണ് വെള്ള സ്രാവ് സാധാരണ ചെയ്യുക. എന്നിട്ട് അത് ഇര ചാകാനായി കാത്തുനിൽക്കും. മനുഷ്യരെ സംബന്ധിച്ചിടത്തോളം ഇത് രക്ഷപ്പെടാനുള്ള ഒരു അവസരമായി ഉതകുന്നു. ധീരരായ സഹചാരികളുടെ സഹായത്താൽ ചിലർക്ക് അതിന് കഴിഞ്ഞിട്ടുമുണ്ട്. ഒറ്റയ്ക്കു നീന്താൻ തുനിയരുത് എന്ന ഉപദേശം അനുസരിക്കുന്നത് ബുദ്ധിപൂർവകമാണെന്ന് ഇപ്പോൾ മനസ്സിലായില്ലേ?
വെള്ള സ്രാവുകൾക്കു മറ്റൊരു പെരുമാറ്റ സവിശേഷത കൂടിയില്ലായിരുന്നെങ്കിൽ കഥ പക്ഷേ നേരെ മറിച്ചാകുമായിരുന്നു. മറ്റു ചില സ്രാവുകളുടെ കാര്യത്തിലെന്ന പോലെ, രക്തത്തിന്റെ മണം വെള്ള സ്രാവുകളെ വിറളിപിടിപ്പിക്കുകയില്ല. എന്നാൽ, അവ എന്തിനാണ് ഇരകളെ കടിച്ചിട്ടു തുപ്പിക്കളയുന്നത്?
ഉത്തരം അവയുടെ കണ്ണുകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണു ചില ശാസ്ത്രജ്ഞരുടെ നിഗമനം. മറ്റു സ്രാവുകളിൽ നിന്നു വ്യത്യസ്തമായി, വെള്ള സ്രാവുകൾക്ക് കണ്ണുകളെ സംരക്ഷിക്കുന്ന കൺപോളകൾ ഇല്ല. ഇക്കാരണത്താൽ, ഇരയുമായി ഒരു സംഘട്ടനം ഉറപ്പാകുന്ന ഘട്ടത്തിൽ അവ കണ്ണുകൾ കൺകുഴിയിലിട്ടു ചുറ്റിക്കുകയാണു ചെയ്യുന്നത്. ഇരകൾ—ഉദാഹരണത്തിന് നീർനായ്ക്കൾ—കണ്ണു മാന്തിപ്പറിക്കാതിരിക്കുന്നതിനു വേണ്ടി അവയെ ഒന്നു കടിച്ചിട്ടു പെട്ടെന്നു വിട്ടുകളയുന്നതും അതുകൊണ്ടുതന്നെയാണ്.
വെള്ള സ്രാവുകൾക്കു ശരിക്കും മനുഷ്യക്കുഞ്ഞുങ്ങളുടേതു പോലുള്ള ഒരു സ്വഭാവമാണ്. കണ്ണിൽക്കാണുന്നതെല്ലാം നേരെ വായിലേക്കാണ് പോവുക! “സങ്കടകരമെന്നു പറയട്ടെ, ഒരു വലിയ വെള്ള സ്രാവ് [പരീക്ഷണാടിസ്ഥാനത്തിൽ] എന്തെങ്കിലും ഇങ്ങനെ കടിച്ചുനോക്കുമ്പോൾ അത് അപകടം വരുത്തിവെക്കുന്നു” എന്ന് സിഡ്നിയിലെ സമുദ്രജീവി ശാസ്ത്രജ്ഞനായ ജോൺ വെസ്റ്റ് വിശദീകരിക്കുന്നു.
വെള്ള സ്രാവ് അപകടകാരിയാണെങ്കിലും, അതു മനുഷ്യമാംസത്തിനു വേണ്ടി ആർത്തിപൂണ്ടുനടക്കുന്ന ഒരു ഭീകരനൊന്നുമല്ല. മുത്തുച്ചിപ്പികൾക്കു വേണ്ടി തിരച്ചിൽ നടത്തുന്നതിന് 6,000 മണിക്കൂർ വെള്ളത്തിൽ ചെലവഴിച്ച ഒരു മുങ്ങൽകാരൻ കണ്ടുമുട്ടിയത് ആകെ രണ്ടേ രണ്ടു വെള്ള സ്രാവുകളെയാണ്. അവ അദ്ദേഹത്തെ ആക്രമിച്ചതുമില്ല. സത്യം പറഞ്ഞാൽ, വെള്ള സ്രാവുകൾ മിക്കപ്പോഴും മനുഷ്യരെ കണ്ടാൽ പേടിച്ച് സ്ഥലം വിടുകയാണ് ചെയ്യാറ്.
കേപ്പ് വെർഡേ ദ്വീപുകളെ ലക്ഷ്യമാക്കി നീന്തുന്നതിനിടയിൽ സമുദ്ര പര്യവേക്ഷകനായ ഷാക്-ഈവ് കോസ്റ്റോയും ഒരു സഹചാരിയും ഒരു ഭീമൻ വെള്ള സ്രാവിനെ യാദൃച്ഛികമായി കണ്ടുമുട്ടി. അദ്ദേഹം എഴുതുന്നു, “ഞങ്ങൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത രീതിയിലായിരുന്നു [അതിന്റെ] പ്രതികരണം. ആ ഭീകരജീവി പേടിച്ചരണ്ട് കാഷ്ഠമിട്ടുപോയി. പിന്നെ അതു ജീവനും കൊണ്ട് ഒറ്റപ്പാച്ചിലായിരുന്നു.” അദ്ദേഹം ഇങ്ങനെ നിഗമനം ചെയ്യുന്നു: “വെള്ള സ്രാവുകളോടുള്ള ബന്ധത്തിൽ ഞങ്ങൾക്ക് ഉണ്ടായ അനുഭവങ്ങൾ ഓരോന്നും പരിചിന്തിക്കുമ്പോൾ, ആ ജീവിയെക്കുറിച്ചു പൊതുവെ ആളുകളുടെ മനസ്സിൽ ഉള്ള ചിത്രവും ഞങ്ങൾ കണ്ണാൽക്കണ്ട യാഥാർഥ്യവും തമ്മിലുള്ള അന്തരം ഓർത്തു ഞാൻ അതിശയിച്ചുപോകാറുണ്ട്.”
വെള്ള സ്രാവ് ഇരയുടെ രൂപത്തിൽ
വളരെയധികം ജനപ്രീതി പിടിച്ചുപറ്റിയ ജോസ് (jaws) എന്ന ഇംഗ്ലീഷ് സിനിമ—1970-കളിൽ പുറത്തിറങ്ങിയ അതേ പേരിലുള്ള നോവലിനെ അടിസ്ഥാനപ്പെടുത്തിയുള്ളത്—വെള്ള സ്രാവുകളെ കുറിച്ചുള്ള പൊതുധാരണയെ വളരെയധികം സ്വാധീനിക്കുകയുണ്ടായി. വെള്ള സ്രാവുകൾ പൈശാചികതയുടെ മൂർത്തരൂപമായി വീക്ഷിക്കപ്പെടാൻ അധികം നാളുകൾ വേണ്ടിവന്നില്ല. “ഈ നരഭോജിയുടെ തലയും താടിയെല്ലുകളും സ്വീകരണമുറിയിൽ പ്രദർശിപ്പിക്കുന്നതിനു വേണ്ടിയുള്ള മത്സരമായി പിന്നെ” എന്ന് വലിയ വെള്ള സ്രാവ് (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. കാലക്രമത്തിൽ (ഓസ്ട്രേലിയയിൽ) ഒരു വെള്ള സ്രാവിന്റെ പല്ലിന് 1,000 ഡോളർ വരെയും താടിയെല്ലുകളുടെ ഒരു മുഴുവൻ സെറ്റിന് 20,000-ത്തിലധികം ഡോളറും കിട്ടുമെന്ന സ്ഥിതിയായിത്തീർന്നു.
എന്നിരുന്നാലും, വാണിജ്യപരമായ ലക്ഷ്യത്തിൽ വേട്ടയാടുന്നവരുടെ കൈകളാലാണ് വെള്ള സ്രാവുകളിൽ അധികവും കൊല്ലപ്പെട്ടിരിക്കുന്നത്. സ്രാവ് ഉത്പന്നങ്ങൾക്കു വേണ്ടിയുള്ള—പ്രത്യേകിച്ച് അവയുടെ ചിറകുകൾ—വർധിച്ചുവരുന്ന ആവശ്യത്തെ തൃപ്തിപ്പെടുത്തുന്നതിന് ഓരോ വർഷവും ദശലക്ഷക്കണക്കിനു മറ്റു സ്രാവുകളെയും പിടികൂടുന്നുണ്ട്. സ്രാവുകളുടെ എണ്ണം കുറഞ്ഞുവരുന്നതിനാൽ, ഈ സമീപവർഷങ്ങളിലായി ലോകമെമ്പാടും പ്രത്യേകിച്ച് വെള്ള സ്രാവുകൾക്കു സംരക്ഷണം നൽകുന്നതിനു വേണ്ടിയുള്ള മുറവിളികൾ ഉയർന്നുവരുന്നുണ്ട്.
സ്രാവുകളെക്കുറിച്ചുള്ള പഠനം പുരോഗമിക്കുന്നു
രോഗം ബാധിച്ചതോ മൃതപ്രായമായതോ വയസ്സായതോ ചത്തതോ ഒക്കെ ആയ മത്സ്യങ്ങളെയും മറ്റും തേടിപ്പിടിച്ചു സ്രാവുകൾ ആഹാരമാക്കും. അതുകൊണ്ട്, ആരോഗ്യമുള്ള സ്രാവുകളുടെ കൂട്ടം എന്നാൽ ആരോഗ്യമുള്ള, വൃത്തിയുള്ള കടൽ എന്നാണ് അർഥം.
സ്രാവുകളുടെ നിലനിൽപ്പുതന്നെ അപകടത്തിലാണെന്നു മനസ്സിലാക്കിക്കൊണ്ട് പ്രകൃതി സംരക്ഷണത്തിനു വേണ്ടിയുള്ള അന്താരാഷ്ട്ര യൂണിയന്റെ ജീവിവർഗ അതിജീവന സമിതി, ഒരു ഷാർക്ക് സ്പെഷ്യലിസ്റ്റ് ഗ്രൂപ്പിനെ ഈ പ്രശ്നത്തെക്കുറിച്ചു പഠിക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വെള്ള സ്രാവിനെ കുറിച്ചു പഠനം നടത്തുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അവ അത്രവേഗമൊന്നും പെറ്റുപെരുകുന്ന കൂട്ടത്തിലല്ല, മാത്രമല്ല, പിടിച്ചുകഴിഞ്ഞാൽ പിന്നെ അധികം കാലം അവ ജീവിച്ചിരിക്കുകയുമില്ല. അതുകൊണ്ട് അവയുടെ സ്വാഭാവിക ആവാസകേന്ദ്രത്തിൽ വെച്ചു തന്നെ വേണം അവയെ പഠനവിധേയമാക്കാൻ.
സ്രാവുകളെ കുറിച്ചു മനുഷ്യൻ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കിയതോടെ, കൗതുകമുണർത്തുന്ന ഈ ജീവികളോടുള്ള അവന്റെ മനോഭാവത്തിനും മാറ്റം വന്നിരിക്കുന്നു. അതു പക്ഷേ വെള്ള സ്രാവിനു മാറ്റമൊന്നും വരുത്തുന്നില്ല. ഒരു ഭീകരജന്തുവൊന്നുമല്ലെങ്കിലും, അതു തീർച്ചയായും അപകടകാരി തന്നെയാണ്. അതുകൊണ്ട്, വളരെയധികം കരുതലോടും ജാഗ്രതയോടും കൂടെ വേണം അതിനോട് ഇടപെടാൻ. ഒരുപാടൊരുപാട് ജാഗ്രതയോടെ!
[അടിക്കുറിപ്പ്]
a വെള്ള സ്രാവിന് പല പേരുകളുണ്ട്. ഉദാഹരണത്തിന്, ഓസ്ട്രേലിയയിൽ വൈറ്റ് പോയന്റർ എന്നും ദക്ഷിണാഫ്രിക്കയിൽ ബ്ലൂ പോയന്റർ എന്നും ഉള്ള പേരുകളിലാണ് അത് അറിയപ്പെടുന്നത്.
[11-ാം പേജിലെ ചിത്രം]
ആരെയും ഭയപ്പെടുത്തുന്നതും അപാരവലിപ്പമുള്ളതുമായ വായ് ആണ് ഈ സ്രാവുകൾക്കുള്ളത്
[10-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
Photos by Rodney Fox Reflections
South African White Shark Research Institute