സൗന്ദര്യത്തിന്റെ മൃദുലഭാവങ്ങളുമായി വിടർന്നുനിൽക്കുന്ന—ഗ്ലാഡിയോലസ്
സൗന്ദര്യത്തിന്റെ മൃദുലഭാവങ്ങളുമായി വിടർന്നുനിൽക്കുന്ന—ഗ്ലാഡിയോലസ്
പൂത്തുലഞ്ഞു നിൽക്കുന്ന ചെടികളുടെ മനോഹാരിതയിൽ മതിമറക്കാത്തതായി ആരാണുള്ളത്? ഗ്ലാഡിയോലസിന്റെ കാര്യത്തിൽ ഇതു വിശേഷാൽ സത്യമാണ്. ആളുകൾ അതു വളരെയേറെ ഇഷ്ടപ്പെടുന്നതുകൊണ്ട്, ഇസ്രായേലും നെതർലൻഡ്സും ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ ഗ്ലാഡിയോലസ് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നുണ്ട്. ഐക്യനാടുകളിലാണെങ്കിൽ, ഗ്ലാഡിയോലസ് ഫാമുകൾ തന്നെയുണ്ട്. പുഷ്പക്കൃഷിയിൽ കമ്പമുള്ള, ലോകത്തിനു ചുറ്റുമുള്ള ആളുകൾക്ക് അവിടെനിന്ന് അതിന്റെ ഉത്പന്നങ്ങൾ കയറ്റി അയയ്ക്കുന്നു.
ഗ്ലാഡിയോലസ് കുടുംബത്തിൽ ഇപ്പോൾ 2,000-ത്തിലധികം ഇനങ്ങളുണ്ട്, ഒരുവനു സങ്കൽപ്പിക്കാൻ കഴിയുന്ന എല്ലാ നിറങ്ങളിലും നിറഭേദങ്ങളിലും രൂപഭംഗിയിലും ഉള്ളവ. ഒരു പുഷ്പത്തിന്റെ തന്നെ ഇത്രയധികം ഇനങ്ങൾ വികസിപ്പിച്ചെടുക്കാൻ പൂക്കൃഷി നടത്തുന്നവർക്ക് എങ്ങനെയാണു സാധിച്ചത്?
പുതിയ ഇനങ്ങൾ ഉണ്ടാക്കിയെടുക്കുന്നു
ഒട്ടകരോമംകൊണ്ട് ഉണ്ടാക്കിയ ബ്രഷ് പോലുള്ള എന്തെങ്കിലും ഉപയോഗിച്ച് ഒരു പൂവിന്റെ പുരുഷ ലൈംഗികാവയവമായ കേസരത്തിൽ നിന്നു പരാഗം വേർതിരിച്ചെടുത്തിട്ട് മറ്റൊരു പൂവിന്റെ പരാഗണ സ്ഥലത്തു പതിപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. സാധാരണഗതിയിൽ ഏറ്റവും അടിഭാഗത്തുള്ള പൂക്കളിൽ ആണ് പരാഗം വെക്കുക. അതു കഴിഞ്ഞാൽ, പൂവ് നന്നായി മൂടിക്കെട്ടിവെക്കും. ഇല്ലെങ്കിൽ വണ്ടുകളോ പ്രാണികളോ അതിൽ പരാഗണം നടത്തിയേക്കും. ഒരു പ്രത്യേക നിറമോ രൂപഭംഗിയോ ഉള്ള ഗ്ലാഡിയോലസ് കിട്ടണമെന്നുണ്ടെങ്കിൽ എന്തു ചെയ്യണം? ഒരു ഗ്ലാഡിയോലസ് അഭിലഷണീയ ഗുണങ്ങൾ ഉള്ള മറ്റൊരു ഗ്ലാഡിയോലസുമായി സങ്കരണം നടത്തുക.
ഈ പുതിയ സങ്കര ഇനം തികച്ചും വ്യത്യസ്തമായ ഒരു തരം പുഷ്പമാണെന്ന് ഇത് അർഥമാക്കുന്നില്ല. എന്നാൽ, ഇത്തരം വൈവിധ്യതയ്ക്കു വേണ്ടുന്നതെല്ലാം ഗ്ലാഡിയോലസിന്റെ സങ്കീർണമായ ജനിതക കോഡിൽ അടങ്ങിയിട്ടുണ്ട്. നിർധാരണ പ്രജനനത്തിലൂടെ, നല്ല തൂവെള്ള മുതൽ കടും ചെമപ്പിലോ കടുത്ത നീലാരുണവർണത്തിലോ വരെയുള്ള ഗ്ലാഡിയോലസ് ഉത്പാദിപ്പിക്കാൻ കഴിയും. ഇതളുകളിൽ പുള്ളികളും പൊട്ടുകളും ഉള്ളവ, ഞൊറികൾ ഉള്ളവ, ഇതളുകൾ തന്നെ രണ്ട് അടുക്ക് ഉള്ളവ എന്നു വേണ്ട പല തരത്തിലുള്ള ഗ്ലാഡിയോലസുകൾ ഉണ്ട്. ചിലവയ്ക്കാണെങ്കിൽ നേരിയ സുഗന്ധം പോലും ഉണ്ട്.
മൃദുലതയിലെ സൗന്ദര്യം
ഈ ചിത്രങ്ങളിലെ പുഷ്പങ്ങൾ ഒന്നു ശ്രദ്ധിച്ചു നോക്കൂ. ഗ്ലാഡിയോലസുകളുടെ വൈവിധ്യവും ശ്രദ്ധിക്കുക. പുൾച്രിറ്റൂട് എന്ന ഇനം എത്ര മനോഹരമാണ്! ഞൊറിവെച്ച, അതീവമൃദുലമായ അവയുടെ ഇതളുകളുടെ അരികുകൾക്ക് നീലലോഹിതവർണവും ഇതളുകളുടെ അറ്റത്തിന് കടുത്ത നീലലോഹിതവർണവുമാണ്. ഗളഭാഗത്തിന് അടുത്തുള്ള ഇതളുകളുടെ ഭാഗം കണ്ടാൽ കടും പിങ്കുനിറവും ഊതനിറവും കോരിയൊഴിച്ചിരിക്കുകയാണെന്നു തോന്നും.
മറ്റൊരു ഇനമായ ഓർക്കിഡ് ലേസ് നോക്കൂ. പതിയെ ഒന്നു തൊട്ടാൽ പോലും അതിന്റെ ഇതളുകൾ കീറിപ്പോകുമെന്നു തോന്നും, അത്രയ്ക്കു ലോലമാണ് അവ. ഈ ഇതളുകൾ തണ്ടിലേക്കു ചാഞ്ഞാണു കിടക്കുന്നത്. പൂക്കളുടെ വർണാഭമായ ഗളങ്ങളുടെ മധ്യഭാഗത്തു നിന്ന് നല്ല നീളമുള്ള കേസരങ്ങളും ഉയർന്നു നിൽക്കുന്നു. മറ്റിനങ്ങൾക്ക് മിന്നുന്ന നക്ഷത്രം, സ്വപ്ന സാക്ഷാത്കാരം, അപായ സൂചന, അനർഘ, വെള്ളിത്തിങ്കൾ എന്നിങ്ങനെ ഭാവനയെ തൊട്ടുണർത്തുന്ന കൗതുകങ്ങളായ പേരുകളാണ് ഉള്ളത്.
ഗ്ലാഡിയോലസ് വളർത്തൽ
പൂക്കളുടെ അരിക്കു പുറമേ, ഗ്ലാഡിയോലസ് കൃഷിചെയ്യുന്നവർ ചെടിയുടെ കന്ദങ്ങളും—ഉള്ളിക്കുടങ്ങളുടെ ആകൃതിയിൽ മണ്ണിനടിയിൽ കാണപ്പെടുന്ന ഭാഗങ്ങൾ—എടുക്കാറുണ്ട്. മാത്രമല്ല, ഈ കന്ദങ്ങളിൽ വളരുന്ന ചെറിയ ഉപകന്ദങ്ങളും (കോർമൽ) അവർ ശേഖരിക്കാറുണ്ട്.
കൃഷി ചെയ്തു വളർത്തുന്ന തരം ഗ്ലാഡിയോലസുകളിൽ മിക്കവയും തന്നെ ആഫ്രിക്കൻ ഇനങ്ങളിൽ സങ്കരണം നടത്തി ഉത്പാദിപ്പിച്ചിട്ടുള്ളവയാണ്. അവയുടെ വേരുകൾ ഉഷ്ണമേഖലാ പ്രദേശത്താണ് എന്നു ചുരുക്കം. ചില പ്രത്യേക കാലാവസ്ഥകളിൽ മാത്രമേ ഗ്ലാഡിയോലസുകൾ നന്നായി വളരുകയുള്ളൂ. ചില പ്രദേശങ്ങളിലെ മരംകോച്ചുന്ന തണുപ്പോടു കൂടിയ ശിശിരകാലങ്ങളെ അവ
അതിജീവിക്കുകയില്ലായിരിക്കാം. എന്നാൽ അതേസമയം ഇളംചൂടുള്ള വേനൽക്കാല മാസങ്ങളിൽ അവ തഴച്ചുവളരുകയും ചെയ്യും.തണുപ്പു കാലാവസ്ഥയുള്ള പ്രദേശങ്ങളിൽ, വളർച്ചാകാലഘട്ടത്തിന്റെ അവസാനത്തിൽ കന്ദങ്ങൾ കുഴിച്ചെടുക്കണം. എന്നിട്ട്, അവ ശ്രദ്ധാപൂർവം വൃത്തിയാക്കുക. ആ സമയമാകുമ്പോഴേക്കും പുതിയൊരു കന്ദം മുളച്ചു കഴിഞ്ഞിരിക്കും. ചെടിത്തണ്ടിന്റെ അറ്റത്തുള്ള പഴയ കന്ദം അടർത്തിക്കളഞ്ഞാൽ പുതിയതിന്റെ വേരുകൾക്കു താഴേക്കു വളർന്നിറങ്ങാൻ എളുപ്പമായിരിക്കും. ഓരോ കന്ദത്തിലും കപ്പലണ്ടിയുടെ വലിപ്പത്തിലുള്ള ധാരാളം ഉപകന്ദങ്ങൾ ഉണ്ടായിരിക്കും. അവയും വേർപെടുത്തിയെടുക്കണം. തണുപ്പു കാലങ്ങളിൽ, ഈ ഉപകന്ദങ്ങളും കന്ദങ്ങളുമെല്ലാം തണുപ്പുള്ള, ഈർപ്പമില്ലാത്ത അതേസമയം താപനില ഖരാങ്കത്തിനു മുകളിലായിരിക്കുന്ന സ്ഥലത്തു സൂക്ഷിച്ചുവെക്കണം.
ഉപകന്ദങ്ങൾ നട്ടുകഴിഞ്ഞാൽ, ഓരോന്നിലും നേർത്ത ഇലകൾ ഉണ്ടായി വരും. വളർച്ചാകാലഘട്ടത്തിന്റെ അവസാനത്തിൽ ഓരോ ഉപകന്ദവും മൂപ്പെത്തിയ ഒരു കന്ദമായിത്തീർന്നിട്ടുണ്ടാകും. അടുത്ത സീസണിൽ അവ നട്ടാൽ നിറയെ ഇലകളും പൂക്കളുമുള്ള ചെടികളായി വളർന്നുവരും.
മിതോഷ്ണ പ്രദേശങ്ങളിൽ, വസന്തകാലത്തിന്റെ ആരംഭത്തിലാണു നടീൽ തുടങ്ങേണ്ടത്. എന്നാൽ കുറച്ചുകൂടെ ചൂടുള്ള കാലാവസ്ഥയിലാണെങ്കിൽ, കൃത്യമായി ഇന്ന സമയത്തു നടണം എന്നു നിർബന്ധമില്ല. കന്ദങ്ങളും ഉപകന്ദങ്ങളും നടുന്നതിന് ഏറ്റവും ഉത്തമം ഈർപ്പമുള്ള, ലേശം അമ്ലസ്വഭാവമുള്ള മണ്ണാണ്. നല്ലവണ്ണം സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്താണ് അവ നടേണ്ടത്. കാരണം തണലത്ത് അവ അത്ര നന്നായി വളരുകയില്ല.
കൃഷിക്ക് ഉപകന്ദങ്ങളാണ് ഉപയോഗിക്കുന്നതെങ്കിൽ, ഏകദേശം എട്ടു സെന്റിമീറ്റർ താഴ്ചയുള്ള ചാലു കീറിയിട്ട് അതിൽ അവ വിതറാവുന്നതാണ്. അതിനു ശേഷം, അവ മണ്ണിട്ടു മൂടുക. എന്നാൽ കന്ദങ്ങളാണു നടുന്നതെങ്കിൽ, 13 സെന്റിമീറ്റർ താഴ്ച വേണം. വീട്ടിലെ പൂന്തോട്ടത്തിലാണെങ്കിൽ, ഇടത്തരം വലിപ്പമുള്ള കന്ദങ്ങൾ ഏതാണ്ട് എട്ടു സെന്റിമീറ്റർ അകലത്തിലും അതിനെക്കാൾ വലിപ്പമുള്ളവ പത്തു മുതൽ പതിമൂന്നു വരെ സെന്റിമീറ്റർ അകലത്തിലും നടാൻ ശ്രദ്ധിക്കണം. കന്ദങ്ങളിലെ മണ്ണെല്ലാം കളഞ്ഞ് നല്ലവണ്ണം വൃത്തിയാക്കിയിട്ട് ശ്രദ്ധാപൂർവം നടുകയാണെങ്കിൽ, ഏതാനും മാസങ്ങൾക്കു ശേഷം നിങ്ങളുടെ പൂന്തോട്ടം അവർണനീയമായ ഒരു കാഴ്ചയ്ക്കു വേദിയായിത്തീരും. അതേ, നിറങ്ങളുടെ ഒരു മായാപ്രപഞ്ചം സൃഷ്ടിച്ചുകൊണ്ട് സൗന്ദര്യത്തിന്റെ മൃദുലഭാവങ്ങളുമായി ഗ്ലാഡിയോലസ് അവിടെ വിടർന്നു നിൽക്കുന്നുണ്ടാകും!
[16-ാം പേജിലെ ചിത്രം]
ഓർക്കിഡ് ലേസ്
[16, 17 പേജുകളിലെ ചിത്രം]
കോറൽ ഡ്രീം
മോണറ്റ്
ഡ്രീംസ് എൻഡ്
സൺസ്പോർട്ട്
[17-ാം പേജിലെ ചിത്രം]
പുൾച്രിറ്റൂട്