പുകവലിക്ക് അടിമപ്പെട്ട ഒരു ലോകം
പുകവലിക്ക് അടിമപ്പെട്ട ഒരു ലോകം
ബിൽ വളരെ ദയാലുവും ബുദ്ധിശാലിയും ആയിരുന്നു, അതുപോലെതന്നെ കരുത്തനും. കുടുംബം എന്നു വെച്ചാൽ അദ്ദേഹത്തിനു ജീവനായിരുന്നു. പക്ഷേ, നന്നേ ചെറുപ്പം മുതൽ അദ്ദേഹം സിഗരറ്റു വലിക്കാൻ തുടങ്ങി. പിന്നീട്, ആ ശീലത്തോട് അദ്ദേഹത്തിനു വെറുപ്പായിത്തുടങ്ങി. അതുകൊണ്ട്, അദ്ദേഹം സിഗരറ്റു വലിക്കുമായിരുന്നെങ്കിലും തന്റെ മക്കളോട് അതു ചെയ്യരുതെന്നും പുകവലി വളരെ മോശമായ ശീലമാണെന്നും കർക്കശമായി പറയുമായിരുന്നു. മേലാൽ സിഗരറ്റു വലിക്കില്ലെന്നു പറഞ്ഞുകൊണ്ട് അദ്ദേഹം പലപ്പോഴും സിഗരറ്റ് പാക്കറ്റുകൾ ഞെരിച്ച് വലിച്ചെറിഞ്ഞിട്ടുണ്ട്. എന്നാൽ അധികം താമസിയാതെ, സിഗരറ്റ് വീണ്ടും അദ്ദേഹത്തിന്റെ ചുണ്ടിൽ സ്ഥാനം പിടിക്കും—ആദ്യമൊക്കെ രഹസ്യമായിട്ടായിരിക്കുമെന്നു മാത്രം.
15 വർഷം മുമ്പ് കാൻസർ പിടിപെട്ട് ബിൽ മൃതിയടഞ്ഞു. മാസങ്ങളോളം വേദന തിന്നാണ് അദ്ദേഹം മരിച്ചത്. പുകവലിക്കാതിരുന്നിരുന്നെങ്കിൽ അദ്ദേഹം ഒരുപക്ഷേ ഇന്നും ജീവിച്ചിരിക്കുമായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ വിധവ ആകുമായിരുന്നില്ല; മക്കൾക്കു ഡാഡിയെ നഷ്ടപ്പെടുമായിരുന്നില്ല.
ബില്ലിന്റെ മരണം അദ്ദേഹത്തിന്റെ കുടുംബത്തിന് കനത്ത ആഘാതംതന്നെ ഏൽപ്പിച്ചു. എന്നാൽ, അത് ഒറ്റപ്പെട്ട സംഭവമല്ല. ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച്, പുകയില സംബന്ധമായ രോഗങ്ങൾ ഓരോ എട്ട് സെക്കൻഡിലും ഒരാളെ എന്ന നിരക്കിൽ പ്രതിവർഷം 40 ലക്ഷത്തോളം പേരെ കൊന്നൊടുക്കുന്നു. ലോകവ്യാപകമായി, പ്രതിരോധിക്കാവുന്ന രോഗ കാരണങ്ങളിൽ പ്രഥമസ്ഥാനത്തു നിൽക്കുന്നതു പുകയിലയുടെ ഉപയോഗമാണ്. ഈ സ്ഥിതി തുടർന്നാൽ 20 വർഷം കൊണ്ട് ലോകവ്യാപകമായ മരണത്തിന്റെയും വൈകല്യങ്ങളുടെയും മുഖ്യ കാരണം പുകവലി ആയിരിക്കും. എയ്ഡ്സ്, ക്ഷയരോഗം, പ്രസവ സംബന്ധമായ പ്രശ്നങ്ങൾ, വാഹന അപകടങ്ങൾ എന്നിവ മൂലം മരിക്കുന്നവരുടെയും ആത്മഹത്യ ചെയ്യുന്നവരുടെയും നരഹത്യയ്ക്ക് ഇരയാകുന്നവരുടെയും സംഖ്യയെക്കാൾ കൂടുതലായിരിക്കും പുകവലി മൂലം മരിക്കുന്നവരുടെ എണ്ണം.
സിഗരറ്റ് ആളുകളെ കൊന്നൊടുക്കുന്നു. എന്നിട്ടും എല്ലായിടത്തുമുള്ള ആളുകൾ പുകവലിക്കുന്നു. ലോകമെമ്പാടുമായി ചുരുങ്ങിയത് 110 കോടി പുകവലിക്കാരെങ്കിലും ഉണ്ടെന്നു ലോകാരോഗ്യ സംഘടന പ്രസ്താവിക്കുന്നു. ലോകത്തിലെ മുതിർന്നവരുടെ മൂന്നിലൊന്നുവരും ആ സംഖ്യ.
തങ്ങൾക്കെതിരെയുള്ള കേസുകൾ തീർക്കുന്നതിനായി പുകയില കമ്പനികൾ കോടിക്കണക്കിനു ഡോളർ ചെലവഴിക്കുന്നുണ്ടെങ്കിലും ലാഭമായി കിട്ടുന്ന ശതകോടിക്കണക്കിനു ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ അത് വളരെ നിസ്സാരമാണ്. ഐക്യനാടുകളിലെ സിഗരറ്റ് ഫാക്ടറികളിൽ മാത്രം 150 കോടി സിഗരറ്റുകൾ ഓരോ ദിവസവും ഉത്പാദിപ്പിക്കുന്നതായി കണക്കാക്കപ്പെടുന്നു. ലോകവ്യാപകമായി പുകയില കമ്പനികളും പുകയില ഉത്പന്നങ്ങളുടെമേൽ കുത്തകയുള്ള ഗവൺമെന്റുകളും ഓരോ വർഷവും 5 ലക്ഷം കോടി സിഗരറ്റുകൾ വിറ്റഴിക്കുന്നു!
ഇത്രയേറെ ആളുകൾ മാരകമായ ഈ ശീലത്തിന് അടിമപ്പെട്ടിരിക്കുന്നത് എന്തുകൊണ്ടാണ്? നിങ്ങൾ പുകവലിക്കുന്ന ഒരാളാണെങ്കിൽ, നിങ്ങൾക്ക് ആ ശീലം എങ്ങനെ ഉപേക്ഷിക്കാനാകും? തുടർന്നുവരുന്ന ലേഖനങ്ങളിൽ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ലഭിക്കും.