ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഞങ്ങളുടെ വയനക്കാരിൽനിന്ന്
സങ്കൽപ്പ-കഥാപാത്ര കളികൾ ഈയിടെ എനിക്ക് ഒരു പുതിയ കമ്പ്യൂട്ടർ കിട്ടിയപ്പോൾ അതിലെ ചില ഗെയിമുകൾ ഒന്നു കളിച്ചുനോക്കാമെന്നു കരുതി. എന്നാൽ ഒറ്റയിരുപ്പിൽ 16 മണിക്കൂറാണു ഞാൻ കളിച്ചത്! എന്താണു സംഭവിച്ചതെന്നു മനസ്സിലായ ഉടനെ ഞാൻ എന്റെ കമ്പ്യൂട്ടറിലുള്ള കളികൾ എല്ലാം മായ്ച്ചുകളഞ്ഞു. എന്നാൽ എന്റെ പ്രവൃത്തി അൽപ്പം അതിരുകടന്നുപോയോ എന്ന് പിന്നീടൊരു സംശയം. അങ്ങനെയിരിക്കെയാണ് ആ ആഴ്‌ച “യുവജനങ്ങൾ ചോദിക്കുന്നു . . . സങ്കൽപ്പ-കഥാപാത്ര കളികൾ—എന്തെങ്കിലും അപകടം പതിയിരിക്കുന്നുണ്ടോ?” എന്ന ലേഖനം ലഭിച്ചത്. (ആഗസ്റ്റ് 22, 1999) ആ കളികൾ എന്നിൽ ഏതു തരത്തിലുള്ള സ്വാധീനം ആണു ചെലുത്തിയത് എന്ന് എനിക്ക് അപ്പോഴാണു മനസ്സിലായത്. ഈ അപകടത്തെ കുറിച്ച് എനിക്കു മുന്നറിയിപ്പു നൽകിയതിന് ഞാൻ യഹോവയ്ക്കു നന്ദി പറയുന്നു.
എൽ. എച്ച്., ബ്രസീൽ
ജപ്പാനിൽ, ചീട്ടുകൾ ഉപയോഗിച്ചുകൊണ്ടുള്ള ഒരു പ്രത്യേകതരം കളി ആളുകൾക്കു ഹരം ആയിത്തീർന്നിരിക്കുകയാണ്. അതിലെ പല ചീട്ടുകൾക്കും സാത്താന്യ പേരുകളാണ് ഉള്ളത്. ഉദാഹരണത്തിന്, ഒരു ചീട്ടിന്റെ പേര് “കറുത്ത പിശാചിന്റെ മൂടുപടം” എന്നാണ്. ഞാൻ ആ കളിയിൽ വളരെയധികം മുഴുകിപ്പോയിരുന്നു. അതെന്റെ ആത്മീയതയെ താറുമാറാക്കി. ഒടുവിൽ അമ്മ ഈ ചീട്ടുകൾ കണ്ടുപിടിച്ച് ദൂരെക്കളഞ്ഞെങ്കിലും അവയോടുള്ള എന്റെ താത്പര്യത്തിന് മങ്ങലേറ്റില്ല. എന്നാൽ അത് ഇല്ലാതാക്കാൻ നിങ്ങളുടെ ലേഖനത്തിനു കഴിഞ്ഞു. ലേഖനം വളരെ പ്രയോജനപ്രദമായിരുന്നു.
കെ. എൻ., ജപ്പാൻ
രക്തരഹിത ചികിത്സ പതിനൊന്ന് വയസ്സുള്ള എന്നെ സംബന്ധിച്ചിടത്തോളം വളരെ വിലപ്പെട്ട ഒരു ലേഖനം ആയിരുന്നു “രക്തപ്പകർച്ച വാസ്തവത്തിൽ അനിവാര്യമാണോ?” എന്നത്. (ആഗസ്റ്റ് 22, 1999) എന്റെ ഇളയ സഹോദരിക്ക് രണ്ടു ഹൃദയ ശസ്ത്രക്രിയകൾ നടത്തേണ്ടി വന്നു. അവ രക്തം കൂടാതെ ചെയ്യണമെന്ന് എന്റെ മാതാപിതാക്കൾ ആവശ്യപ്പെട്ടു. അവൾ മരിച്ചുപോകുമെന്നു തന്നെയാണു ഞാൻ കരുതിയത്. എന്നാൽ ഇപ്പോൾ അതു കഴിഞ്ഞിട്ടു മൂന്നു വർഷമായി. അവൾ സുഖമായിരിക്കുന്നു!
സി. എസ്., ഐക്യനാടുകൾ
തെറ്റായ വിവരം! “ഒക്ടോബർ ചന്ത—‘യൂറോപ്പിലെ ഏറ്റവും പുരാതനമായ രാജ്യാന്തര കുതിരച്ചന്ത’” എന്ന ലേഖനം ഞാൻ വളരെയധികം ആസ്വദിച്ചു. (മാർച്ച് 22, 1999) എന്നാൽ തവിട്ടു നിറത്തിലുള്ള പുള്ളിയോടുകൂടിയ ഒരു കുതിരയുടെ ചിത്രത്തിനു നേരെ “കറുപ്പും വെളുപ്പും ഇടകലർന്ന ഒരു കോബ് കുതിര” എന്നെഴുതിയിരിക്കുന്നതു കണ്ട് ഞാൻ അതിശയിച്ചു പോയി.
എസ്. പി., ദക്ഷിണാഫ്രിക്ക
തെറ്റ് ചൂണ്ടിക്കാണിച്ചതിനു നന്ദി. ഞങ്ങൾ വരുത്തിയ ആ പിശകിന് ക്ഷമ ചോദിക്കുന്നു.—പ്രസാധകർ
ജീനുകൾ പതിനാറു വയസ്സുകാരനായ ഞാൻ തന്മാത്രാ ജീവശാസ്ത്രത്തിൽ വളരെ തത്പരനാണ്. “ജീനുകളുടെ നിഗൂഢത ചുരുളഴിയുന്നു” (സെപ്റ്റംബർ 8, 1999) എന്ന ലേഖനപരമ്പര അവതരിപ്പിച്ചിരുന്ന രീതി എനിക്കു വളരെ ഇഷ്ടപ്പെട്ടു—തീരെ ലളിതവുമല്ല, അത്രയ്‌ക്കു സങ്കീർണവുമല്ല. ഡിഎൻഎ-യുടെ രഹസ്യങ്ങളെ കുറിച്ച് ഗഹനമായി ചർച്ച ചെയ്യുന്ന ഒരു പുസ്‌തകം ഞാൻ വായിച്ചിരുന്നു. അതിലെ എല്ലാ വിവരങ്ങളും നിങ്ങളുടെ ലേഖനത്തിൽ കൂടുതൽ വ്യക്തവും എളുപ്പം മനസ്സിലാക്കാവുന്നതുമായ രീതിയിൽ എഴുതിയിരിക്കുന്നതു കണ്ടപ്പോൾ എനിക്ക് അത്ഭുതം തോന്നി.
എസ്. ആർ., ഫ്രാൻസ്
ജീവശാസ്ത്ര പരീക്ഷയിൽ എനിക്കു നല്ല മാർക്കു കിട്ടാൻ കാരണം നിങ്ങളുടെ ലേഖനങ്ങളാണ്. ന്യൂക്ലിക് അമ്ലങ്ങളെയും അവ പാരമ്പര്യ സവിശേഷതകളുമായിട്ട് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെയും കുറിച്ച് നിങ്ങൾ നൽകിയ വിശദീകരണം എത്ര സമഗ്രവും ലളിതവും ആയിരുന്നെന്നോ!
ഡി. എ. എൻ., ബ്രസീൽ
ഞാനൊരു പ്രൈമറി സ്‌കൂൾ അധ്യാപകനാണ്. മനുഷ്യ ശരീരത്തിന്റെ ഘടന മനസ്സിലാക്കാൻ എന്റെ വിദ്യാർഥികളെ എങ്ങനെ സഹായിക്കാനാകും എന്നതിനെ കുറിച്ച് ഞാൻ എപ്പോഴും ചിന്തിക്കുമായിരുന്നു. ബുദ്ധിമുട്ടുള്ള കുറെ ശാസ്‌ത്രീയ പദങ്ങൾ ഉണ്ടായിരുന്നെങ്കിലും നിങ്ങളുടെ ലേഖനങ്ങളിലെ വിവരങ്ങൾ എന്റെ വിദ്യാർഥികൾക്കു മനസ്സിലാക്കാൻ കഴിയുന്നത്ര ലളിതമായിരുന്നു. മനസ്സിലാകുന്ന ഭാഷയിൽ, വളരെ വ്യക്തമായി ഉണരുക! വിവരങ്ങൾ അവതരിപ്പിച്ചു.
കെ. എം., ലെസോത്തോ
വിമാനയാത്രയോടുള്ള ഭയം നന്ദി! ഈ തിങ്കളാഴ്‌ച ജീവിതത്തിലാദ്യമായി ഞാൻ വിമാനത്തിൽ യാത്ര ചെയ്യാൻ പോകുകയാണ്. എനിക്ക് അതിനെ കുറിച്ച് ഓർക്കുമ്പോൾത്തന്നെ പേടിയാകുന്നു. ഇത്ര ഭാരമുള്ള ഒരു യന്ത്രത്തിന് ഗുരുത്വാകർഷണ ശക്തിയെ മറികടക്കാൻ കഴിയുമെന്ന സംഗതി എത്ര ശ്രമിച്ചിട്ടും എനിക്കങ്ങോട്ട് ഉൾക്കൊള്ളാൻ കഴിയുന്നില്ല. അതാണെന്നു തോന്നുന്നു എന്റെ പേടിയുടെ മുഖ്യ കാരണം. അതുകൊണ്ട് “അവയുടെ സുഗമമായ പറക്കലിന് ആവശ്യമായിരിക്കുന്നത് എന്ത്?” (സെപ്റ്റംബർ 8, 1999) എന്ന ലേഖനം കണ്ടപ്പോൾ എനിക്കു വളരെ സന്തോഷമായി. തങ്ങളുടെ വിമാനങ്ങൾക്ക് യാതൊരു തകരാറുമില്ലെന്ന് ഉറപ്പു വരുത്തുന്നതിന് വിമാനക്കമ്പനികൾ—എക്‌സ്‌റേ പരിശോധന പോലും നടത്തിക്കൊണ്ട്—എത്രമാത്രം ശ്രമമാണു നടത്തുന്നതെന്നു മനസ്സിലാക്കിയപ്പോൾ കുറെ ആശ്വാസം തോന്നി. അതുകൊണ്ട് പേടിയൊന്നും വകവെക്കാതെ ഈ മാസികയും കൈയിൽ പിടിച്ചുകൊണ്ട് ഞാൻ വിമാനത്തിൽ കയറുകതന്നെ ചെയ്യും!
ടി. ടി., ഐക്യനാടുകൾ