വാസ—പരാജയത്തിന്റെ ആഴങ്ങളിൽനിന്ന് പ്രശസ്തിയുടെ ഉയരങ്ങളിലേക്ക്
വാസ—പരാജയത്തിന്റെ ആഴങ്ങളിൽനിന്ന് പ്രശസ്തിയുടെ ഉയരങ്ങളിലേക്ക്
സ്വീഡനിലെ ഉണരുക!ലേഖകൻ
ആഗസ്റ്റ് 10, 1628. സ്വീഡന്റെ തലസ്ഥാനനഗരിയായ സ്റ്റോക്ക്ഹോം വേനൽക്കാല സൗന്ദര്യത്തിൽ കുളിച്ചുനിൽക്കുന്നു. അവിടത്തെ തുറമുഖത്ത് ജനങ്ങൾ തടിച്ചുകൂടിയിട്ടുണ്ട്. എന്തിനെന്നോ? വാസ എന്ന പ്രൗഢഗംഭീരമായ യുദ്ധക്കപ്പലിന്റെ കന്നിയാത്രയ്ക്കു സാക്ഷ്യംവഹിക്കാൻ. മൂന്നു വർഷത്തെ നിർമാണത്തിനൊടുവിൽ ഈ യാത്രയോടെ അത് സ്വീഡീഷ് നാവികസേനയുടെ ഭാഗമാകുകയാണ്.
വാസ ഒരു സാധാരണ യുദ്ധക്കപ്പൽ അല്ലായിരുന്നു. അത് ലോകത്തിലേക്കും മികച്ചത് ആയിരിക്കണമെന്ന് ഗുസ്റ്റാവസ് രണ്ടാമൻ അഡോൾഫസ് വാസ രാജാവ് ആഗ്രഹിച്ചു. ഡാനിഷുകാർ രണ്ടു വെടിക്കോപ്പ് അറകളുള്ള ഒരു കപ്പൽ പണിയുന്നെന്നു കേട്ടതിനെ തുടർന്ന് വാസയ്ക്ക് രണ്ടാമതൊരു വെടിക്കോപ്പ് അറകൂടി പണിയാൻ അദ്ദേഹം ഉത്തരവിട്ടത്രേ. തന്റെ കുടുംബപ്പേരു വഹിക്കുന്ന കപ്പൽ മറ്റൊന്നിന്റെ മുമ്പിൽ തലകുനിക്കുന്ന കാര്യം അദ്ദേഹത്തിനു ചിന്തിക്കാൻകൂടി കഴിയുമായിരുന്നില്ല.
അതിന്റെ കന്നിയാത്ര അദ്ദേഹത്തിന്റെ രാജകീയ അധികാരവും പ്രതാപവും വിളിച്ചോതുമെന്നായിരുന്നു പ്രതീക്ഷിച്ചത്. സജ്ജമാക്കി വെച്ചിരുന്ന 64 തോക്കുകൾ കപ്പലിൽ ഉണ്ടായിരുന്നു. 700-ലധികം കൊത്തുപണികളും അലങ്കാരങ്ങളുംകൊണ്ട് അത് മോടിപിടിപ്പിച്ചിരുന്നു. സ്വീഡന്റെ മൊത്ത ദേശീയ ഉത്പാദനത്തിന്റെ 5 ശതമാനത്തിലും അധികം വിലവരുന്ന, ശക്തമായ ആ യുദ്ധക്കപ്പൽ കലാഭംഗി ഒത്തിണങ്ങിയ ഒഴുകുന്ന ഒരു പ്രദർശനവസ്തു തന്നെയായിരുന്നു. സാധ്യതയനുസരിച്ച് അക്കാലത്ത് നിർമിക്കപ്പെട്ടതിലേക്കും ഗംഭീരമായ കപ്പലായിരുന്നു അത്. സ്റ്റോക്ക്ഹോം തുറമുഖത്തുനിന്ന് ജലപാളികളെ കീറിമുറിച്ചുകൊണ്ട് മുന്നോട്ടു കുതിക്കവെ ആളുകൾ അഭിമാനപൂർവം ആർപ്പുവിളിച്ചതിൽ അതിശയിക്കാനില്ല!
നാണക്കേടിനിടയാക്കിയ ദുരന്തം
വാസ ഒരു കിലോമീറ്ററിലും അൽപ്പം കൂടെ ദൂരം പോയിക്കാണും, പെട്ടെന്ന് എവിടെനിന്നോ ആഞ്ഞുവീശിയ ഒരു കാറ്റിൽപ്പെട്ട് അത് ചെരിഞ്ഞു. വെടിവെക്കുന്നതിനായി ഉണ്ടാക്കിയിരുന്ന തുളകളിലൂടെ വെള്ളം അതിലേക്ക് ഇരച്ചുകയറി. വാസ ആഴിയുടെ അഗാധങ്ങളിലേക്കു താണു. ഒരുപക്ഷേ നാവിക ചരിത്രത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ കന്നിയാത്രയായിരുന്നിരിക്കാം അത്!
കാണികൾ ഞെട്ടിത്തരിച്ചുപോയി. സ്വീഡീഷ് നാവികസേനയുടെ പ്രതാപചിഹ്നം അടിയറവു പറഞ്ഞത് യുദ്ധത്തിലല്ല, പുറങ്കടലിൽ ആഞ്ഞടിച്ച ഒരു കൊടുങ്കാറ്റിനു മുന്നിലുമല്ല. സ്വന്തം തുറമുഖ പ്രദേശത്തു വീശിയ ഒരു കാറ്റിനു മുന്നിലാണ്. കപ്പലിൽ ഉണ്ടായിരുന്ന 50-ഓളം പേരുടെ മരണം ദുരന്തത്തിന്റെ മുഖം കൂടുതൽ ഭീകരമാക്കി. ദേശത്തിന്റെ അഭിമാനം ആയിത്തീരേണ്ടിയിരുന്ന വാസ ആശാഭംഗത്തിന്റെയും അപമാനത്തിന്റെയും പര്യായമായിമാറി.
നാണക്കേടിനിടയാക്കിയ ഈ ദുരന്തത്തിന് ഉത്തരവാദി ആരാണെന്നു കണ്ടുപിടിക്കാനായി കോടതി വിളിച്ചുകൂട്ടി. എന്നാൽ ആരുടെമേലും കുറ്റം ചുമത്തപ്പെട്ടില്ല. തെളിവുകൾ തീർത്ത പ്രതിക്കൂട്ടിൽ നിൽക്കേണ്ടി വന്നത് രാജാവും സ്വീഡീഷ് നാവികസേനയിലെ രണ്ടാമത്തെ ഉയർന്ന സേനാപതി, വൈസ് അഡ്മിറൽ ക്ലാസ് ഫ്ളെമിങ്ങും ആയിരുന്നു എന്നതായിരുന്നിരിക്കാം അതിനു കാരണം.
രാജാവിന്റെ കൽപ്പനകൾ അനുസരിക്കാനായി, ജോലിക്കാർ തങ്ങൾക്കു പരിചിതമല്ലാത്ത ഡിസൈനുകൾ പരീക്ഷിച്ചു നോക്കി. തന്നിമിത്തം വാസയുടെ അളവുകളൊന്നും ആനുപാതികമായിരുന്നില്ല. ഈ ദുരന്തം സംഭവിക്കുന്നതിന് കുറച്ചുനാൾ മുമ്പ് കപ്പൽ മുങ്ങില്ലെന്ന് ഉറപ്പു വരുത്താനായി അഡ്മിറൽ ഫ്ളെമിങ്ങ് ഒരു പരീക്ഷണം നടത്തുകയുണ്ടായി. മുപ്പതു പേരെ ഒരു വരിയിലായി നിറുത്തിയിട്ട്, കപ്പലിന്റെ ഒരു അറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക്, കപ്പലിനു കുറുകെ ഓടാൻ ആവശ്യപ്പെട്ടു. അങ്ങനെ മൂന്നു പ്രാവശ്യം ഓടിക്കഴിഞ്ഞപ്പോൾ ഇനിയും അതു തുടർന്നാൽ കപ്പൽ അപ്പോൾത്തന്നെ മറിയുമെന്ന് അഡ്മിറലിനു മനസ്സിലായി. അതുകൊണ്ട് ഓട്ടം മതിയാക്കാൻ അദ്ദേഹം ആജ്ഞാപിച്ചു. എന്നാൽ കപ്പലിന്റെ കന്നിയാത്ര തടയുന്നതിനുള്ള നടപടികളൊന്നും അദ്ദേഹം സ്വീകരിച്ചില്ല. അങ്ങനെ, തെളിവുകളെല്ലാം രാജാവ്, അഡ്മിറൽ തുടങ്ങിയ പ്രധാനപ്പെട്ട വ്യക്തികൾക്കു നേരെ വിരൽചൂണ്ടുന്നതു കണ്ടപ്പോൾ ആരെയും കുറ്റക്കാരെന്നു പ്രഖ്യാപിക്കാതെ അന്വേഷണം അവസാനിപ്പിച്ചു.
1664-65 കാലഘട്ടത്തിൽ സ്വീഡീഷ് കരസേനയിലെ ഒരു മുൻ ഉദ്യോഗസ്ഥൻ മണിയാകൃതിയിലുള്ള വെറുമൊരു മുങ്ങൽയന്ത്രത്തിന്റെ സഹായത്താൽ വാസയിലുണ്ടായിരുന്ന തോക്കുകളിൽ ഒട്ടുമിക്കവയും വീണ്ടെടുത്തു. എന്നാൽ പിന്നീട് സമുദ്രത്തിന്റെ അടിത്തട്ടിലുള്ള നനഞ്ഞുകുഴഞ്ഞ മണലിലേക്ക് കൂടുതൽ കൂടുതൽ ആഴ്ന്നുപോകവെ വാസ മെല്ലെ വിസ്മൃതിയിൽ മറഞ്ഞു. ഒടുവിൽ അത് സമുദ്രോപരിതലത്തിൽ നിന്ന് 100 അടി ആഴത്തിലെത്തി.
ചെളിക്കുണ്ടിൽനിന്ന് പുറത്തേക്ക്
1956 ആഗസ്റ്റിൽ, കോർ സാംപ്ലർ എന്ന ഉപകരണം ഉപയോഗിച്ച് സമുദ്രത്തിന്റെ അടിത്തട്ടിൽ പരതവെ അമച്വർ പുരാവസ്തു ഗവേഷകനായ ആൻഡേഴ്സ് ഫ്രാൻസേൻ, കപ്പൽ നിർമാണത്തിൽ ഉപയോഗിച്ച ഓക്കുമരത്തിന്റെ ഒരു കഷണം കണ്ടെത്തി. പഴയ രേഖകൾ പരിശോധിച്ചുകൊണ്ടും സമുദ്രത്തിന്റെ അടിത്തട്ടിൽ പരതിക്കൊണ്ടും, വർഷങ്ങളോളം അദ്ദേഹം വാസയ്ക്കായി നടത്തിയ അന്വേഷണം അങ്ങനെ വിജയംകണ്ടു. പിന്നീട് വളരെ ശ്രദ്ധാപൂർവം വാസയെ ചെളിക്കുണ്ടിൽനിന്നു പുറത്തെടുക്കുകയും വെള്ളത്തിനടിയിലൂടെ മുഴുവനായിത്തന്നെ തുറമുഖത്തെത്തിക്കുകയും ചെയ്തു.
1961 ഏപ്രിൽ 24-ന് സ്റ്റോക്ക്ഹോമിലെ തുറമുഖത്ത് ഒരിക്കൽക്കൂടി ആർപ്പുവിളിക്കുന്ന കാണികൾ തിങ്ങിനിറഞ്ഞു. 333 വർഷം സമുദ്രത്തിന്റെ അടിത്തട്ടിൽ ആയിരുന്നതിനു ശേഷം വാസ അതിന്റെ തിരിച്ചുവരവു നടത്തുകയായിരുന്നു. ആഴിയുടെ അഗാധങ്ങളിൽനിന്ന് ഉയിർത്തെഴുന്നേറ്റു വന്ന വാസ, സാമുദ്രിക പുരാവസ്തു ഗവേഷകരെ സംബന്ധിച്ചിടത്തോളം ഒരു അമൂല്യ നിധിയായിരുന്നു. കൂടാതെ അത് വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിലും വിജയിച്ചു. അതിലെ 25,000-ത്തിലധികം വരുന്ന കരകൗശല വസ്തുക്കളും മറ്റു സാമഗ്രികളും 17-ാം നൂറ്റാണ്ടിലെ ഈ യുദ്ധക്കപ്പലിനെ കുറിച്ചുള്ള രസകരമായ പല വിശദാംശങ്ങളും അക്കാലത്തെ കപ്പൽ നിർമാണത്തെയും ശിൽപ്പവിദ്യയെയും കുറിച്ചു സൂക്ഷ്മമായ ഉൾക്കാഴ്ചയും പ്രദാനം ചെയ്തു.
വാസയും അതിലെ വസ്തുക്കളും ഇത്ര നന്നായി പരിരക്ഷിക്കപ്പെടാൻ ഇടയാക്കിയത് എന്താണ്? ചില കാരണങ്ങൾ ഇവയായിരുന്നു: പണിതിറക്കിയ ഉടനെയാണ് അതു മുങ്ങിയത്. ലവണാംശം കുറഞ്ഞ വെള്ളത്തിൽ, തടികൊണ്ടുള്ള സാധനങ്ങൾ തുരന്നു നശിപ്പിക്കുന്ന കപ്പൽപ്പുഴുക്കൾ ഉണ്ടായിരിക്കുകയില്ല. കപ്പൽ ചെളിയിൽ പുതഞ്ഞു കിടന്നതും പരിരക്ഷണത്തിനു സഹായകമായി.
വാസയിൽ ഏതാണ്ട് 120 ടൺ അടിഭാരം—കപ്പൽ പെട്ടെന്നു മറിഞ്ഞു പോകാതിരിക്കാനായി അതിന്റെ അടിത്തട്ടിലിടുന്ന ഭാരം—ഇട്ടിരുന്നു. എന്നാൽ വാസയ്ക്ക്, അതിന്റെ ഇരട്ടിയിലധികം അടിഭാരം വേണ്ടിയിരുന്നു എന്നാണു വിദഗ്ധരുടെ കണക്കുകൂട്ടൽ. പക്ഷേ, ആ കപ്പലിന് അതിനു മതിയായ സ്ഥലം ഉണ്ടായിരുന്നില്ല. മാത്രമല്ല, അത്രയും ഭാരം കയറ്റിയാൽ വെടിവെക്കുന്നതിനായി ഉണ്ടാക്കിയിരുന്ന തുളകൾ വെള്ളത്തോടു കുറേക്കൂടെ അടുക്കുമായിരുന്നു. ആ യുദ്ധക്കപ്പൽ കാഴ്ചയ്ക്ക് അതിഗംഭീരം ആയിരുന്നെങ്കിലും അതിന്റെ സന്തുലനത്തിലെ പാളിച്ച ദുരന്തം ഉറപ്പാക്കി.
പൂർണമായി തിരിച്ചറിഞ്ഞിട്ടുള്ളതും മുഴുഭാഗങ്ങളോടെ സംരക്ഷിക്കപ്പെട്ടിട്ടുള്ളതുമായ കപ്പലുകളിൽ വെച്ച് ഏറ്റവും പഴയ കപ്പലായ വാസ ഇപ്പോൾ അതിനായി മാത്രമുള്ള മ്യൂസിയത്തിൽ സുരക്ഷിതമായിരിക്കുന്നു. ഓരോ വർഷവും 8,50,000 പേർ അവിടം സന്ദർശിക്കുന്നുണ്ട്. 17-ാം നൂറ്റാണ്ടിലെ രാജകീയ പ്രതാപചിഹ്നമായിരുന്ന ആ കപ്പൽ 1628-ലെ അതിന്റെ കന്നിയാത്രയിൽത്തന്നെ മുങ്ങിപ്പോയതുകൊണ്ട് കാലത്തിന്റെ കാൽപ്പാടുകൾ അതിൽ പതിഞ്ഞിട്ടില്ലെന്നുതന്നെ പറയാം. ദുരഭിമാനവും അശ്രദ്ധയും നിമിത്തം, സുരക്ഷിതമായ കപ്പൽനിർമാണ രീതികൾ അവഗണിച്ചുകളഞ്ഞ അധികാരികളുടെ ബുദ്ധിശൂന്യതയുടെ ഒരു സ്മാരകമായി അത് അവിടെ നിലകൊള്ളുകയാണ്.
[24-ാം പേജിലെ ചിത്രം]
ഗുസ്റ്റാവസ് രണ്ടാമൻ അഡോൾഫസ് വാസ രാജാവ്
[കടപ്പാട്]
Foto: Nationalmuseum, Stockholm
[24, 25 പേജുകളിലെ ചിത്രങ്ങൾ]
300-ൽപ്പരം വർഷം സമുദ്രത്തിന്റെ അടിത്തട്ടിൽ ആയിരുന്നതിനു ശേഷം “വാസ” ഇപ്പോൾ ലോകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നു
[കടപ്പാട്]
◀▲Genom tillmötesgående från Vasamuseet, Stockholm
[25-ാം പേജിലെ ചിത്രം]
Målning av det kapsejsande Vasa, av konstnär Nils Stödberg