ടെലിവിഷൻ വാർത്തകൾ—അതിൽ യഥാർഥത്തിൽ വാർത്ത എന്നു പറയാൻ എത്ര ശതമാനമുണ്ട്?
ടെലിവിഷൻ വാർത്തകൾ—അതിൽ യഥാർഥത്തിൽ വാർത്ത എന്നു പറയാൻ എത്ര ശതമാനമുണ്ട്?
വാർത്തകളുടെ ഉള്ളടക്കവും അവതരണവും എങ്ങനെ ഉള്ളതാണെന്നു മനസ്സിലാക്കുന്നതിന് ഒരു മാധ്യമ നിരീക്ഷണ സംഘം ഐക്യനാടുകളിലെ 52 വൻനഗര പ്രദേശങ്ങളിൽ നിന്നുള്ള 102 പ്രാദേശിക ടിവി വാർത്താപ്രക്ഷേപണങ്ങൾ വിശകലനം ചെയ്യുകയുണ്ടായി. വാർത്താപ്രക്ഷേപണത്തിന്റെ 41.3 ശതമാനം മാത്രമാണ് യഥാർഥ ‘വാർത്ത’ എന്നായിരുന്നു അവരുടെ കണ്ടെത്തൽ. ബാക്കിയുള്ളതെല്ലാം പിന്നെ എന്താണ്?
പ്രാദേശിക വാർത്തയ്ക്കു വേണ്ടിയുള്ള സമയത്തിന്റെ ശരാശരി 30.4 ശതമാനവും കവർന്നെടുക്കുന്നതു പരസ്യങ്ങളാണ്. വാസ്തവത്തിൽ, ചില ടിവി സ്റ്റേഷനുകൾ വാർത്തയെക്കാൾ കൂടുതൽ സമയം പരസ്യങ്ങൾക്കുവേണ്ടി നീക്കിവെച്ചിരിക്കുന്നതായി സർവേ കണ്ടെത്തി. ഇതിനുപുറമേ, മിക്കപ്പോഴും വാർത്താപ്രക്ഷേപണങ്ങളിൽ നിറയെ കഴമ്പില്ലാത്ത കാര്യങ്ങളും ഉണ്ടെന്ന് സർവേയുടെ കണ്ടെത്തലുകളെ കുറിച്ചുള്ള റിപ്പോർട്ട് പറയുന്നു. a “കഴമ്പില്ലാത്ത കാര്യങ്ങൾ” എന്ന തലക്കെട്ടിനു താഴെ റിപ്പോർട്ട് പട്ടികപ്പെടുത്തുന്നത് “വാർത്താവായനക്കാർ തമ്മിലുള്ള നുറുങ്ങു സംഭാഷണങ്ങൾ, വരാനിരിക്കുന്ന പരിപാടികളുടെ ഏതാനും ഭാഗങ്ങൾ കാണിക്കൽ, പിന്നെ പ്രശസ്തരെക്കുറിച്ചുള്ള കാമ്പില്ലാത്തതും ‘എരിവും പുളിയും’ കലർന്നതുമായ വാർത്തകൾ, റിപ്പോർട്ടുകൾ” എന്നിവയാണ്. കഴമ്പില്ലാത്ത കാര്യങ്ങൾക്കുള്ള ഏതാനും ഉദാഹരണങ്ങൾ ഇതാ: “പുരുഷന്മാരുടെ ഉച്ചസ്ഥായിയിലുള്ള അറുമുഷിപ്പൻ ഗാനമത്സരം,” “റിപ്പോർട്ടർ അവിശ്വസനീയവും അമ്പരപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമായ റോളർകോസ്റ്റർ സവാരി നടത്തുന്നു,” “സാൻഡ്വിച്ച് സ്പ്രെഡുകൾക്ക് സൂപ്പർമാർക്കറ്റിൽ ഡിമാൻഡ് കൂടുന്നു.”
ഇനി, യഥാർഥ വാർത്തയിൽ തന്നെ എന്താണുള്ളത്? ടെലിവിഷൻ വാർത്തയിൽ നിറഞ്ഞുനിൽക്കുന്നതു കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ്. വാർത്താ സമയത്തിന്റെ 26.9 ശതമാനവും ഉപയോഗിക്കുന്നത് അതിനുവേണ്ടിയാണ്. “‘രക്തപങ്കിലമെങ്കിൽ മുൻനിരയിൽ’ എന്നതു പ്രാദേശിക ടെലിവിഷൻ വാർത്തയുടെ കാര്യത്തിൽ തികച്ചും സത്യമാണ് . . . കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ഐക്യനാടുകളിൽ പൊതുവെ കുറ്റകൃത്യത്തിന്റെ നിരക്കു കുറഞ്ഞിട്ടുണ്ടായിരിക്കാം. പ്രാദേശിക ടെലിവിഷൻ വാർത്തയിൽ പക്ഷേ അതിന് ഒട്ടും കുറവുവന്നിട്ടില്ല.” എന്തുകൊണ്ട്? പഠനം നടത്തിയവർ തുടരുന്നു: “കുറ്റകൃത്യങ്ങൾക്ക് ഒരു നാടകീയതയുണ്ട്. അതുകൊണ്ടുതന്നെ അവ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു.”
കുറ്റകൃത്യങ്ങൾ കഴിഞ്ഞാൽ അടുത്തസ്ഥാനം ദുരന്തങ്ങൾക്കാണ്. തീപിടിത്തം, കാറപകടം, വെള്ളപ്പൊക്കം, സ്ഫോടനങ്ങൾ എന്നിവയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വാർത്തയുടെ 12.2 ശതമാനം കൈയടക്കുന്നു. സ്പോർട്സ് വാർത്തകളാണ് അടുത്തത്, 11.4 ശതമാനം. ആരോഗ്യം (10.1 ശതമാനം), ഗവൺമെന്റ് (8.7 ശതമാനം), സമ്പദ്വ്യവസ്ഥ (8.5 ശതമാനം) എന്നിവയെക്കുറിച്ചുള്ള വാർത്തകളാണ് പിന്നീടുവരുന്നത്. വിദ്യാഭ്യാസം, പരിസ്ഥിതി, കല, ശാസ്ത്രം എന്നിവയ്ക്കുള്ള സ്ഥാനമാണെങ്കിൽ തീരെക്കുറച്ചേയുള്ളൂ (1.3 മുതൽ 3.6 വരെ ശതമാനം മാത്രം). എന്നാൽ, കാലാവസ്ഥാ റിപ്പോർട്ടുകൾ എല്ലാ വാർത്തയുടെയും ശരാശരി 10 ശതമാനം വരും. “കാലാവസ്ഥയെക്കുറിച്ചു സംസാരിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. ടെലിവിഷൻ വാർത്തയുടെ കാര്യത്തിലും ഇതു സത്യമാണ്,” എന്ന് ഈ ഗവേഷകർ അഭിപ്രായപ്പെടുന്നു. അവർ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “കാലാവസ്ഥയെക്കുറിച്ച്—അത് നല്ലതോ മോശമോ ചൂടുള്ളതോ തണുപ്പുള്ളതോ ഈർപ്പമുള്ളതോ വരണ്ടതോ ആയിക്കൊള്ളട്ടെ—ടെലിവിഷൻ വാർത്തയിൽ വളരെ വിസ്തരിച്ചാണു പ്രതിപാദിക്കുക.”
ഇതിന് ഒരു മാറ്റം വരണമെന്ന് ആഗ്രഹിക്കുന്ന ജേർണലിസ്റ്റുകളുടെയും പ്രേക്ഷകരുടെയും എണ്ണം വർധിക്കുന്നത് ഒരു നല്ല സംഗതിയാണെന്നു റിപ്പോർട്ട് പ്രസ്താവിക്കുന്നു. എന്നാൽ, അത്ര പെട്ടെന്ന് അങ്ങനെയൊരു മാറ്റം വരുക സാധ്യമല്ലെന്നും അതു കൂട്ടിച്ചേർക്കുന്നു. കാരണം, “കച്ചവട ലോകവും അത്യാഗ്രഹവും, മാധ്യമങ്ങൾ വിളമ്പുന്ന വിവരങ്ങളുടെ ഗുണനിലവാരത്തിനു ഭീഷണിയായി തുടരുക തന്നെ ചെയ്യും.”
[അടിക്കുറിപ്പ്]
a അമേരിക്കയിലെ പ്രാദേശിക ടെലിവിഷൻ വാർത്ത—പൊതുജന താത്പര്യത്തെ മുൻനിറുത്തിയുള്ളതല്ല (ഇംഗ്ലീഷ്) എന്ന ഈ റിപ്പോർട്ട് വാർത്തയുടെ ഉള്ളടക്കം പരിശോധിക്കുന്നതിനു വേണ്ടി നടത്തിയ നാലാമത്തെ വാർഷിക ദേശീയ സർവേയെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയതാണ്. റോക്കി മൗണ്ടൻ മീഡിയാ വാച്ചിന്റെ ഡോ. പോൾ ക്ലൈറ്റും ഡോ. റോബർട്ട് എ. ബാർഡ്വെലും ജെയ്സൺ സാൽസ്മനും ചേർന്നാണ് അതു സമാഹരിച്ചത്.