കുഴിബോംബുകൾ—നഷ്ടങ്ങളുടെ ഒരു കണക്ക്
കുഴിബോംബുകൾ—നഷ്ടങ്ങളുടെ ഒരു കണക്ക്
ഡിസംബർ 26, 1993. അംഗോളയുടെ തലസ്ഥാനമായ ലുവാണ്ടയ്ക്ക് സമീപമുള്ള ഒരു മൈതാനത്തിലൂടെ ആറു വയസ്സുകാരൻ ഔഗൂസ്റ്റൂ വെറുതെ ചുറ്റിക്കറങ്ങുകയായിരുന്നു. പെട്ടെന്നാണ് നിലത്തുകിടക്കുന്ന, തിളങ്ങുന്ന ഒരു വസ്തു അവന്റെ കണ്ണിൽപ്പെട്ടത്. ജിജ്ഞാസാഭരിതനായ അവൻ അത് എടുക്കാൻ തീരുമാനിച്ചു. അതിനവൻ ശ്രമിച്ചതും ബോംബു പൊട്ടിയതും ഒരുമിച്ചായിരുന്നു.
സ്ഫോടനത്തിന്റെ ഫലമായി ഔഗൂസ്റ്റൂവിന്റെ വലത്തെ കാൽ മുറിച്ചു കളയേണ്ടി വന്നു. ഇപ്പോൾ 12 വയസ്സുള്ള അവൻ അധികസമയവും ചക്രക്കസേരയിൽ തന്നെ കഴിച്ചുകൂട്ടുന്നു. അവന്റെ കാഴ്ചശക്തിയും നഷ്ടമായി.
ഔഗൂസ്റ്റൂവിന ഇതു സംഭവിച്ചത് ഒരു ആന്റിപേഴ്സണെൽ കുഴിബോംബ് പൊട്ടിത്തെറിച്ചാണ്. ടാങ്കുകളെയോ മറ്റു സൈനിക വാഹനങ്ങളെയോ അല്ല, മറിച്ച് മനുഷ്യരെ ലക്ഷ്യമിടുന്ന കുഴിബോംബുകളെയാണ് ആന്റിപേഴ്സണെൽ കുഴിബോംബുകൾ എന്നു വിളിക്കുന്നത്. 350-ലേറെ വ്യത്യസ്തതരം ആന്റിപേഴ്സണെൽ കുഴിബോംബുകൾ കുറഞ്ഞത് 50 രാജ്യങ്ങളില്ലെങ്കിലും ഇതുവരെ നിർമിക്കപ്പെട്ടിട്ടുണ്ട് എന്നു കണക്കുകൾ കാണിക്കുന്നു. ഇവയിൽ പലതും ആളുകളെ കൊല്ലുന്നതിനല്ല, മറിച്ച് പരിക്കേൽപ്പിക്കുന്നതിനു മാത്രമായി രൂപകൽപ്പന ചെയ്തിരിക്കുന്നവയാണ്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ പരിക്കേറ്റ പട്ടാളക്കാർക്കു പരിചരണം നൽകേണ്ടതുണ്ട്. അപ്പോൾ സൈനിക പ്രവർത്തനങ്ങൾ മന്ദഗതിയിലാകുന്നു—അതു തന്നെയാണല്ലോ ശത്രു സൈന്യം ആഗ്രഹിക്കുന്നതും. കൂടാതെ പരിക്കേറ്റ ഒരു സൈനികന്റെ ദീനരോദനം സഹസൈനികരുടെ ഉള്ളിൽ കൊടുംഭീതിയും ഉളവാക്കിയേക്കാം. അതുകൊണ്ട് കുഴിബോംബുകൾ ഏറ്റവും ഫലപ്രദമായിരിക്കുന്നതായി കണക്കാക്കപ്പെടുന്നത് ഇരകൾ മരിക്കാതെ രക്ഷപ്പെടുമ്പോഴാണ്—അത് ഒരു ജീവച്ഛവമെന്ന നിലയിൽ ആണെങ്കിൽപ്പോലും.
എന്നാൽ കഴിഞ്ഞ ലേഖനത്തിൽ പരാമർശിച്ചിരുന്നതു പോലെ കുഴിബോംബുകൾക്ക് ഇരകളാകുന്നത് മിക്കപ്പോഴും സൈനികരല്ല പിന്നെയോ സാധാരണക്കാരാണ്. ഇതെപ്പോഴും യാദൃച്ഛികമായി സംഭവിക്കുന്നതാണെന്നു കരുതരുത്. കുഴിബോംബുകൾ—ഒരു മാരക പൈതൃകം [ഇംഗ്ലീഷ്] എന്ന പുസ്തകം പറയുന്നതനുസരിച്ച് ചില കുഴിബോംബുകൾ “സാധാരണ ജനങ്ങളെ ലക്ഷ്യമാക്കിത്തന്നെയാണു വെക്കുന്നത്. ഒരു പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനോ ഭക്ഷ്യ ഉറവിടങ്ങൾ നശിപ്പിക്കുന്നതിനോ അഭയാർഥി പ്രവാഹം സൃഷ്ടിക്കുന്നതിനോ ഒക്കെയാണ് ഇതു ചെയ്യുന്നത്. അല്ലെങ്കിൽ ചിലപ്പോൾ ആളുകളിൽ സംഭ്രാന്തി ജനിപ്പിക്കുക എന്നതു മാത്രമായിരിക്കാം ലക്ഷ്യം.”
ഉദാഹരണത്തിന്, കംബോഡിയയിൽ നടന്ന ഒരു പോരാട്ടത്തിനിടയിൽ ശത്രു ഗ്രാമങ്ങളുടെ അതിർത്തി പ്രദേശങ്ങളിൽ മുഴുവൻ എതിർപക്ഷം കുഴിബോംബുകൾ വിതറി. അതിനുശേഷം അവർ ഈ ഗ്രാമങ്ങളിൽ ഷെൽ വർഷം നടത്തി. രക്ഷപ്പെടാനുള്ള ശ്രമത്തിൽ ഗ്രാമീണർ നേരെ ഓടിയത് അതിർത്തി പ്രദേശങ്ങളിലേക്കായിരുന്നു. അവിടെ നിറയെ കുഴിബോംബുകൾ വിതറിയിരുന്ന കാര്യം പാവം ഗ്രാമീണർ അറിഞ്ഞിരുന്നില്ല. അതിനിടയിൽ, തങ്ങളുമായി കൂടിയാലോചന നടത്താൻ കംബോഡിയൻ ഗവൺമെന്റിനെ നിർബന്ധിതമാക്കുക എന്ന ലക്ഷ്യത്തിൽ ഒരു വിപ്ലവ പ്രസ്ഥാനമായ കമെർ റൂഷിലെ അംഗങ്ങൾ അവിടത്തെ നെൽപ്പാടങ്ങളിൽ കുഴിബോംബുകൾ പാകി. ഭയവിഹ്വലരായ കർഷകർ പാടത്ത് ഇറങ്ങാതായതോടെ കൃഷി ഏതാണ്ടു പൂർണമായി തന്നെ സ്തംഭിച്ചു.
ഒരുപക്ഷേ ഇതിനെക്കാൾ ഹീനമായ ഒന്നാണ് 1988-ൽ സൊമാലിയയിൽ സംഭവിച്ചത്. ഹാർഗേസയിൽ ബോംബാക്രമണം
ഉണ്ടായപ്പോൾ അവിടംവിട്ട് ഓടിപ്പോകാൻ നിവാസികൾ നിർബന്ധിതരായി. എന്നാൽ ആ തക്കം നോക്കി ആളൊഴിഞ്ഞ വീടുകളിലെല്ലാം സൈനികർ കുഴിബോംബുകൾ വെച്ചു. പോരാട്ടം തീർന്നതോടെ സ്വന്തം വീടുകളിൽ മടങ്ങിയെത്തിയ അഭയാർഥികളെ വരവേറ്റത് ഈ ബോംബുകളായിരുന്നു. സ്ഫോടനങ്ങളിൽ പലരും കൊല്ലപ്പെട്ടു. മറ്റു ചിലർ അംഗഹീനരായി.എന്നാൽ കുഴിബോംബുകൾ അംഗഭംഗത്തിനും മരണത്തിനും മാത്രമല്ല ഇടയാക്കുന്നത്. അങ്ങേയറ്റം ദ്രോഹകരമായ ഈ ആയുധങ്ങൾ വരുത്തിവെക്കുന്ന മറ്റു ചില നഷ്ടങ്ങൾ എന്തൊക്കെയാണെന്നു പരിചിന്തിക്കാം.
സാമ്പത്തിക, സാമൂഹിക തലങ്ങളിലെ നഷ്ടം
ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറലായ കോഫി ആന്നൻ പറയുന്നു: “ഒരൊറ്റ കുഴിബോംബു മതി—അത് ഉണ്ടെന്നുള്ള ഭയം പോലും മതി—ഒരു പ്രദേശത്തെ മൊത്തം കൃഷി സ്തംഭിപ്പിക്കാൻ. അതിന്റെ ഫലമായി മുഴു ഗ്രാമവാസികൾക്കും അഹോവൃത്തിക്കു വകയില്ലാതാകുന്നു. ഇത് ഒരു രാജ്യത്തിന്റെ പുനരുദ്ധാരണത്തിന്റെയും വികസനത്തിന്റെയും പാതയിലെ മറ്റൊരു പ്രതിബന്ധമാണ്.” കർഷകർക്കു ഭയം കൂടാതെ കൃഷിയിടങ്ങളിലൂടെ നടക്കാൻ കഴിഞ്ഞിരുന്നെങ്കിൽ കംബോഡിയയിലും അഫ്ഗാനിസ്ഥാനിലും 35 ശതമാനത്തോളം പ്രദേശങ്ങൾ കൂടെ കൃഷി ചെയ്യപ്പെടുമായിരുന്നു. ചിലർ രണ്ടുംകൽപ്പിച്ചിറങ്ങുന്നു. കംബോഡിയയിലെ ഒരു കർഷകൻ ഇങ്ങനെ പറയുന്നു: “കുഴിബോംബുകളുടെ കാര്യം ഓർക്കുമ്പോൾ എന്റെ ഉള്ളിൽ തീയാണ്. പക്ഷേ എന്തു ചെയ്യാം, പുല്ലു ചെത്താനും മുള വെട്ടാനുമൊക്കെ പോയില്ലെങ്കിൽ ഞങ്ങൾ പട്ടിണിയാകും.”
കുഴിബോംബു സ്ഫോടനങ്ങളെ അതിജീവിക്കുന്നവർക്കു പലപ്പോഴും വലിയ സാമ്പത്തിക ഭാരം നേരിടേണ്ടി വരുന്നു. ഉദാഹരണത്തിന്, വികസ്വര രാഷ്ട്രത്തിലുള്ള ഒരു കുട്ടിക്ക് തന്റെ പത്താം വയസ്സിൽ ഒരു കാൽ നഷ്ടപ്പെടുന്നെങ്കിൽ തന്റെ ആയുഷ്കാലത്ത് 15-ഓളം വെപ്പുകാലുകൾ വാങ്ങേണ്ടിവരും. അതിലൊന്നിന്റെ ശരാശരി വില 5,375 രൂപ ആണ്. അത് അത്ര വലിയൊരു തുകയൊന്നുമല്ലെന്ന് ചിലർക്കു തോന്നിയേക്കാം. എന്നാൽ അംഗോളയിലെ ജനങ്ങളിൽ ഭൂരിപക്ഷത്തിനും മൂന്നു മാസം പണിയെടുത്താൽ പോലും ഇത്രയും പണം കിട്ടില്ല!
ഇനി, സാമൂഹിക തലത്തിൽ ഒരുവന് അനുഭവിക്കേണ്ടി വരുന്ന വേദനാജനകമായ നഷ്ടങ്ങൾ കണക്കിലെടുക്കുക. ഉദാഹരണത്തിന്, ഒരു ഏഷ്യൻ രാജ്യത്ത് ആളുകൾ അംഗവിച്ഛേദിതരുമായി ഇടപഴകാറില്ല. അവരുടെ “ദൗർഭാഗ്യം” തങ്ങൾക്കും വന്നു പെടുമോ എന്ന ഭയമാണ് അതിനു കാരണം. അംഗവിഹീനനായ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം വിവാഹം എന്നത് ഒരു പാഴ്ക്കിനാവ് മാത്രമായിരിക്കാം. ഒരു കുഴിബോംബു സ്ഫോടനത്തിൽ പരിക്കേറ്റതിനെ തുടർന്നു കാൽ മുറിച്ചു കളയേണ്ടി വന്ന ഒരു അംഗോളിയക്കാരൻ പറയുന്നത് ഇങ്ങനെയാണ്: “ഞാൻ കല്യാണത്തെ കുറിച്ചു ചിന്തിക്കുന്നേയില്ല. പണിയെടുക്കാൻ കഴിയുന്ന ഒരു പുരുഷനെയല്ലേ ഏതു സ്ത്രീയും ആഗ്രഹിക്കൂ.”
ഇരകളിൽ പലരുടെയും ആത്മാഭിമാനം തകർന്നടിയുന്നതു സ്വാഭാവികമാണ്. കംബോഡിയയിൽ നിന്നുള്ള ഒരു വ്യക്തി ഇങ്ങനെ പറയുന്നു: “എനിക്ക് എന്റെ കുടുംബത്തെ പോറ്റാൻ കഴിയാതായിരിക്കുന്നു. അതോർക്കുമ്പോൾ എനിക്കു ലജ്ജ തോന്നുന്നു.” ചിലപ്പോൾ ഇത്തരം വികാരങ്ങൾക്കു കൈയോ കാലോ നഷ്ടപ്പെടുന്നതു മൂലമുണ്ടാകുന്ന പ്രശ്നങ്ങളെക്കാൾ ഹാനികരമായിരിക്കാൻ കഴിയും. “എനിക്കു സംഭവിച്ച ഏറ്റവും വലിയ ക്ഷതം വൈകാരികമായുള്ളതാണെന്ന് എനിക്കു തോന്നുന്നു” എന്നു മൊസാമ്പിക്കിൽ നിന്നുള്ള അർട്ടൂർ പറയുന്നു. “ആരെങ്കിലും എന്റെ നേരെയൊന്നു നോക്കിയാൽ മതിയായിരുന്നു പലപ്പോഴും എനിക്കു ദേഷ്യം വരാൻ. ആരുടെയും മുമ്പിൽ എനിക്കിനി ഒരു വിലയുമില്ലെന്നും ഇനിയൊരിക്കലും ഒരു സാധാരണ ജീവിതം നയിക്കാൻ കഴിയില്ലെന്നുമൊക്കെ ആയിരുന്നു എന്റെ വിചാരം.” a
കുഴിബോംബുകൾ നീക്കം ചെയ്യുന്നതു സംബന്ധിച്ചെന്ത്?
കുഴിബോംബു നിരോധനത്തിനു രാഷ്ട്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഊർജിത ശ്രമങ്ങൾ അടുത്തകാലത്തായി നടന്നുവരികയാണ്. കൂടാതെ ചില ഗവൺമെന്റുകൾ കുഴിബോംബു നീക്കം ചെയ്യൽ എന്ന അപകടം പിടിച്ച സംരംഭത്തിന് ഇറങ്ങിത്തിരിക്കുകയും ചെയ്തിരിക്കുന്നു. എന്നാൽ അതിനു തടസ്സമായി നിൽക്കുന്ന പല കാര്യങ്ങളുമുണ്ട്. അതിൽ ഒന്ന് സമയവുമായി ബന്ധപ്പെട്ടതാണ്. കുഴിബോംബുകൾ നീക്കം ചെയ്യുന്നതിനു വളരെയേറെ സമയം ആവശ്യമാണ്. എന്തിന്, ഒരു കുഴിബോംബു പാകുന്നതിന് എടുക്കുന്നതിന്റെ ശരാശരി നൂറിരട്ടി സമയമാണ് അതു നീക്കം ചെയ്യാൻ വേണ്ടിവരുന്നത് എന്നാണു കുഴിബോംബു നീക്കം ചെയ്യുന്നവരുടെ അഭിപ്രായം. ഉൾപ്പെട്ടിരിക്കുന്ന ചെലവാണ് മറ്റൊരു പ്രതിബന്ധം. ഒരു കുഴിബോംബിന് 129-നും 645-നും ഇടയ്ക്കു രൂപ വിലവരും. എന്നാൽ ഒരെണ്ണം നീക്കം ചെയ്യുന്നതിന്റെ ചെലവോ? ഏകദേശം 43,000 രൂപയും.
അതുകൊണ്ട് കുഴിബോംബുകൾ പൂർണമായി നീക്കം ചെയ്യുക എന്നത് ഏതാണ്ട് അസാധ്യമായി കാണപ്പെടുന്നു. ഉദാഹരണത്തിന്, കംബോഡിയയിലുള്ള സകല കുഴിബോംബുകളും നീക്കം ചെയ്യണമെങ്കിൽ ആ രാജ്യത്തിലെ മുഴുവൻ ജനങ്ങളും അടുത്ത ഏതാനും വർഷങ്ങളിലെ അവരുടെ മൊത്തം വരുമാനം അതിനായി നീക്കിവെക്കേണ്ടി വരും. ഇനി ആവശ്യമായ പണം കിട്ടിയാൽത്തന്നെ അവിടത്തെ കുഴിബോംബുകൾ മുഴുവൻ നീക്കം ചെയ്യണമെങ്കിൽ ഒരു നൂറ്റാണ്ടു പിടിക്കും എന്നാണു കണക്കാക്കപ്പെടുന്നത്. ലോകവ്യാപകമായുള്ള അവസ്ഥ കൂടുതൽ ശോചനീയമാണ്. ഭൂമിയിലൊട്ടാകെ വിതറിയിട്ടുള്ള കുഴിബോംബുകൾ ഇപ്പോഴുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ചു നീക്കം ചെയ്യുന്നതിന് 1,41,900 കോടി രൂപ ചെലവു വരുമെന്നു കണക്കാക്കപ്പെടുന്നു! സമയമോ? ആയിരത്തിലേറെ വർഷവും!
കുഴിബോംബുകൾ നീക്കം ചെയ്യുന്നതിനുള്ള നൂതനമായ രീതികൾ—സ്ഫോടക വസ്തുക്കൾ കണ്ടുപിടിക്കുന്നതിനു വേണ്ടി ജനിതകപരമായി രൂപപ്പെടുത്തിയെടുത്ത പഴ ഈച്ചകളുടെ ഉപയോഗം മുതൽ മണിക്കൂറിൽ അഞ്ച് ഏക്കറിലെ കുഴിബോംബുകൾ നീക്കം ചെയ്യാൻ കഴിവുള്ള റേഡിയോ-നിയന്ത്രിത കൂറ്റൻ വാഹനങ്ങളുടെ ഉപയോഗം വരെയുള്ളവ—ആവിഷ്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നതു ശരിതന്നെ. എന്നാൽ അത്തരം രീതികൾ വ്യാപകമായ അളവിൽ ഉപയോഗിച്ചു തുടങ്ങുന്നതിനു സമയം എടുത്തേക്കാം. മാത്രമല്ല അവ ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങൾക്കു മാത്രമേ ലഭ്യമാകാനിടയുള്ളൂ.
അതുകൊണ്ട് മിക്കയിടങ്ങളിലും കുഴിബോംബുകൾ നീക്കം ചെയ്യുന്നത് ഇപ്പോഴും പഴഞ്ചൻ രീതിയിൽ തന്നെയാണ്. കമിഴ്ന്നു കിടന്ന് മുന്നോട്ടു നിരങ്ങി നീങ്ങിക്കൊണ്ട് ഒരു വ്യക്തി മുന്നിലുള്ള ഓരോ സെന്റിമീറ്റർ മണ്ണും ഒരു വടി ഉപയോഗിച്ചു പരിശോധിക്കുന്നു. ഒരു ദിവസം 20 മുതൽ 50 വരെ ചതുരശ്ര മീറ്റർ മണ്ണ് ഇങ്ങനെ പരിശോധിച്ചു കുഴിബോംബുകൾ നീക്കം ചെയ്യും. അപകടം പിടിച്ച ഒരു ദൗത്യമോ? തീർച്ചയായും! 5,000 കുഴിബോംബുകൾ നീക്കം ചെയ്യുന്ന ഓരോ പ്രാവശ്യവും ഒരാൾ മരിക്കുകയും രണ്ടുപേർക്കു പരിക്കേൽക്കുകയും ചെയ്യുന്നു.
കുഴിബോംബിനെതിരെ ഒറ്റക്കെട്ടായി പ്രവർത്തിക്കാനുള്ള ശ്രമങ്ങൾ
1997 ഡിസംബറിൽ ഒട്ടേറെ രാജ്യങ്ങളിലെ പ്രതിനിധികൾ ‘ആന്റിപേഴ്സണെൽ കുഴിബോംബുകളുടെ ഉപയോഗം, ശേഖരണം, നിർമാണം, കൈമാറ്റം എന്നിവ നിരോധിച്ചുകൊണ്ടും അവയുടെ നശീകരണം ആഹ്വാനം ചെയ്തുകൊണ്ടും ഉള്ള ഉടമ്പടി’യിൽ—ഒട്ടാവ ഉടമ്പടി എന്നും അത് അറിയപ്പെടുന്നു—ഒപ്പുവെച്ചു. അതിനെക്കുറിച്ച് കാനഡയുടെ പ്രധാനമന്ത്രിയായ ഷാൻ ക്രേട്യെൻ പറഞ്ഞത് ഇങ്ങനെയാണ്: “അന്താരാഷ്ട്ര നിരായുധീകരണത്തിന്റെ കാര്യത്തിലായാലും മാനവക്ഷേമത്തിനായുള്ള അന്താരാഷ്ട്ര നിയമ രൂപീകരണത്തിന്റെ കാര്യത്തിലായാലും ഇതുപോലൊരു നേട്ടം മുമ്പ് ഉണ്ടായിട്ടില്ല.” b എന്നാൽ ഇപ്പോഴും ഏകദേശം 60 രാഷ്ട്രങ്ങൾ—ലോകത്തിലെ ഏറ്റവും വലിയ കുഴിബോംബു നിർമാതാക്കളിൽ ചിലരും ഇതിൽ പെടും—ഈ ഉടമ്പടിയിൽ ഒപ്പുവെച്ചിട്ടില്ല.
കുഴിബോംബു ഭീഷണി ഇല്ലാതാക്കാൻ ഒട്ടാവ ഉടമ്പടിക്കു കഴിയുമോ? ഒരളവുവരെ കഴിഞ്ഞേക്കാം. എന്നാൽ പലരും അക്കാര്യത്തിൽ സംശയമുള്ളവരാണ്. “ലോകത്തിലെ എല്ലാ രാജ്യങ്ങളും ഒട്ടാവ ഉടമ്പടിപ്രകാരം പ്രവർത്തിക്കുകയാണെങ്കിൽത്തന്നെ അത് ഈ ഗ്രഹത്തെ കുഴിബോംബു ഭീഷണയിൽനിന്നു പൂർണമായി മുക്തമാക്കുന്നതിലേക്കുള്ള ഒരു
ചുവടുവെപ്പ് മാത്രമേ ആകുകയുള്ളൂ” എന്ന് ഫ്രാൻസിലെ അന്താരാഷ്ട്ര വികലാംഗ സംഘടനയുടെ സഹ ഡയറക്ടറായ ക്ലോഡ് സിമോനോ ചൂണ്ടിക്കാണിക്കുന്നു. എന്തുകൊണ്ട്? അദ്ദേഹം പറയുന്നു: “കോടിക്കണക്കിനു കുഴിബോംബുകൾ മണ്ണിനടിയിൽ ക്ഷമയോടെ തങ്ങളുടെ ഇരകളെയും കാത്തു കിടപ്പുണ്ട്.”സൈനിക ചരിത്രകാരനായ ജോൺ കീഗൻ മറ്റൊരു സംഗതിയിലേക്കു ശ്രദ്ധ ആകർഷിക്കുന്നു. യുദ്ധം “തുടങ്ങുന്നത്, അഭിമാനം രാജാവായി ഭരിക്കുന്ന, വികാരങ്ങൾ അധീശത്വം പുലർത്തുന്ന, നൈസർഗിക പ്രവണതകൾ വാഴ്ച നടത്തുന്ന, മനുഷ്യ ഹൃദയത്തിന്റെ ഉള്ളറകളിൽനിന്നാണ്” എന്ന് അദ്ദേഹം പറയുകയുണ്ടായി. വിദ്വേഷവും അത്യാഗ്രഹവും പോലെ മനുഷ്യനിൽ രൂഢമൂലമായ പ്രവണതകൾ ഇല്ലാതാക്കാൻ ഉടമ്പടികൾക്കാവില്ല. എന്നാൽ ഇതിന്റെ അർഥം മനുഷ്യർ എന്നെന്നും കുഴിബോംബുകളുടെ നിസ്സഹായരായ ഇരകൾ ആയിരിക്കുമെന്നാണോ?
[അടിക്കുറിപ്പുകൾ]
a കൈകാലുകളുടെ നഷ്ടവുമായി എങ്ങനെ പൊരുത്തപ്പെട്ടു പോകാനാവും എന്നതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി 1999 ജൂൺ 8 ലക്കം ഉണരുക!യുടെ 3-10 പേജുകളിലെ, “അംഗഹീനർക്കു പ്രത്യാശ” എന്ന ശീർഷകത്തിലുള്ള ആമുഖ ലേഖനപരമ്പര കാണുക.
b 1999 മാർച്ച് 1-ന് ഈ ഉടമ്പടി പ്രാബല്യത്തിൽ വന്നു. അന്നു മുതൽ 2000 ജനുവരി 6 വരെയുള്ള കാലയളവിൽ 137 രാജ്യങ്ങൾ അതിൽ ഒപ്പുവെക്കുകയും 90 എണ്ണം അതു സ്ഥിരീകരിക്കുകയും ചെയ്തു.
[6-ാം പേജിലെ ചതുരം]
പണസമ്പാദനം—രണ്ടു പ്രാവശ്യം?
തങ്ങളുടെ ഉത്പന്നങ്ങൾ നിമിത്തം ഉണ്ടാകുന്ന ഏതൊരു ഹാനിക്കും നിർമാതാക്കൾ ഉത്തരവാദികളാണ് എന്നത് ബിസിനസ്സിലെ ഒരു അടിസ്ഥാന തത്ത്വമാണ്. അതുകൊണ്ട്, കുഴിബോംബു നിർമാണത്തിലൂടെ ലാഭമുണ്ടാക്കിയിട്ടുള്ള കമ്പനികൾ നഷ്ടപരിഹാരം നൽകാൻ തീർച്ചയായും ബാധ്യസ്ഥരാണെന്ന് ‘മൈൻസ് അഡ്വൈസറി ഗ്രൂപ്പ്’ എന്ന സംഘടനയിലെ ലൂ മഗ്റാത്ത് വാദിക്കുന്നു. എന്നാൽ അതിനുപകരം കുഴിബോംബുകൾ നീക്കം ചെയ്യുന്നതിൽ ഏർപ്പെട്ടുകൊണ്ട് അതിന്റെ നിർമാതാക്കൾതന്നെ വീണ്ടും ലാഭം കൊയ്യുകയാണു ചെയ്തിരിക്കുന്നത്. ഉദാഹരണത്തിന്, മുമ്പു കുഴിബോംബുകൾ നിർമിച്ചിരുന്ന ജർമനിയിലെ ഒരു കമ്പനിക്ക് കുവൈറ്റിൽ കുഴിബോംബുകൾ നീക്കം ചെയ്യുന്നതിനുള്ള 430 കോടി രൂപയുടെ ഒരു കോൺട്രാക്റ്റ് ലഭിച്ചതായി റിപ്പോർട്ടുകൾ കാണിക്കുന്നു. മൊസാമ്പിക്കിൽ പ്രധാനപ്പെട്ട വീഥികളിൽനിന്നു കുഴിബോംബുകൾ നീക്കം ചെയ്യുന്നതിനുള്ള 32.25 കോടി രൂപയുടെ കോൺട്രാക്റ്റ് മൂന്നു കമ്പനികൾ ഏറ്റെടുത്തു. അതിൽ രണ്ടെണ്ണം ആകട്ടെ, മുമ്പ് കുഴിബോംബു നിർമാണത്തിൽ ഏർപ്പെട്ടിരുന്നവ ആയിരുന്നു.
കുഴിബോംബുകൾ നിർമിക്കുന്ന കമ്പനികൾതന്നെ അവ നീക്കം ചെയ്യുന്നതിൽ ഏർപ്പെട്ടുകൊണ്ടു പണം സമ്പാദിക്കുന്നത് തികച്ചും അന്യായമാണെന്നു ചിലർ വിചാരിക്കുന്നു. ഒരർഥത്തിൽ നോക്കിയാൽ കുഴിബോംബു നിർമാതാക്കൾ രണ്ടു പ്രാവശ്യം പണം സമ്പാദിക്കുകയാണെന്നാണ് അവരുടെ അഭിപ്രായം. സംഗതി എന്തുതന്നെ ആയിരുന്നാലും കുഴിബോംബു നിർമാണവും നീക്കം ചെയ്യലും ഇപ്പോൾ തഴച്ചു വളർന്നുകൊണ്ടിരിക്കുന്ന ബിസിനസ്സുകളാണ്.
[5-ാം പേജിലെ രേഖാചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
ഏറ്റവും കൂടുതൽ കുഴിബോംബുകൾ പാകിയിട്ടുള്ള ഒമ്പത് രാജ്യങ്ങളിൽ ഓരോ 2.5 ചതുരശ്ര കിലോമീറ്ററിലും കാണുന്ന കുഴിബോംബുകളുടെ ശരാശരി എണ്ണം
ബോസ്നിയ, ഹെർസെഗോവിന 152
കംബോഡിയ 143
ക്രൊയേഷ്യ 137
ഈജിപ്ത് 60
ഇറാഖ് 59
അഫ്ഗാനിസ്ഥാൻ 40
അംഗോള 31
ഇറാൻ 25
റുവാണ്ട 25
[കടപ്പാട്]
ഉറവിടം: United Nations Department of Humanitarian Affairs, 1996
[7-ാം പേജിലെ ചിത്രങ്ങൾ]
കംബോഡിയയിൽ, കുഴിബോംബുകളെ കുറിച്ചു മുന്നറിയിപ്പു നൽകുന്ന ചിത്രങ്ങളടങ്ങിയ പോസ്റ്ററുകളും അടയാളങ്ങളും
5,000 കുഴിബോംബുകൾ നീക്കം ചെയ്യുന്ന ഓരോ പ്രാവശ്യവും ഒരാൾ മരിക്കുകയും രണ്ടുപേർക്കു പരിക്കേൽക്കുകയും ചെയ്യുന്നു
[കടപ്പാട്]
പശ്ചാത്തലം: © ICRC/Paul Grabhorn
© ICRC/Till Mayer
© ICRC/Philippe Dutoit