ആധുനിക ഗുഹാവാസികൾ
ആധുനിക ഗുഹാവാസികൾ
ലെസോത്തോയിലെ ഉണരുക! ലേഖകൻ
ഗുഹാവാസികൾ ഇന്നുമുണ്ടെന്നോ? ഉവ്വ്! ദക്ഷിണാഫ്രിക്കയിലെ ഒരു രാജ്യമായ ലെസോത്തോയിൽ—ഇത് ഒരു പർവതപ്രദേശമാണ്—അവരിൽ ചിലരെ ഞങ്ങൾ കണ്ടെത്തി. ലെസോത്തോയുടെ തലസ്ഥാന നഗരിയായ മസീറുയിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ ദൂരെയാണ് അവരുടെ ഗ്രാമം. പ്രൗഢഗംഭീരമായ മാലുട്ടി മലനിരയുടെ ചുവട്ടിലുള്ള കൊച്ചു കുന്നുകളിലാണ് ഹാ കോമെ എന്ന ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. വേനൽക്കാല മാസങ്ങളിൽ, കടുംചെമപ്പു നിറത്തിലുള്ള പൂക്കൾ ഈ മലഞ്ചെരിവുകളെ മൂടും. റെഡ്-ഹോട്ട് പോക്കേഴ്സ് എന്നു സാധാരണ അറിയപ്പെടുന്ന ഈ മനോഹര പുഷ്പങ്ങളും പ്രദേശത്തിന് പച്ചപ്പിന്റെ പ്രശാന്തത പകരുന്ന വൃക്ഷലതാദികളും ഒന്നിക്കുമ്പോഴത്തെ കാഴ്ച വർണനാതീതമാണ്.
ഇവിടത്തെ ആളുകളുടെ ജീവിതരീതി കണ്ടാൽത്തന്നെ അറിയാം അവർ ആധുനിക ലോകത്തിന്റെ പരിഷ്കൃത ജീവിതത്തെക്കുറിച്ചൊന്നും അറിഞ്ഞിട്ടേയില്ല എന്ന്. മലഞ്ചെരിവിലെ ഗുഹകളിലാണ് അവർ വീടു “പണിയുന്നത്.” ഗുഹയുടെ മുൻവശത്ത് നല്ല കട്ടിയിൽ അവർ ഒരു ചുവര് പണിയും. മരക്കമ്പുകളും ഈറ്റ തുടങ്ങിയ വസ്തുക്കളും ഉപയോഗിച്ച് ഒരു ചട്ടക്കൂട് ഉണ്ടാക്കിയ ശേഷം ചാണകവും ചേറും കൂടി കുഴച്ചത് അതിൽ തേച്ചുപിടിപ്പിച്ചാണ് അവർ ഈ ചുവര് കെട്ടുന്നത്. ശൈത്യകാലത്ത് ലെസോത്തോയിലെ താപനില ഖരാങ്കത്തിലും താഴെയായിരിക്കും. അപ്പോഴത്തെ കൊടുംതണുപ്പിൽ നിന്ന് തെല്ലൊരാശ്വാസം കിട്ടാനാണ് അവർ ഇത്തരം ചുവരുകൾ പണിയുന്നത്. വീടിനകത്ത്, തറയിലായി താഴ്ന്ന ഒരു ഇടമുണ്ടാകും. ഈഫോ—തീ കായാനുള്ള ഇടം എന്നർഥം—എന്നാണ് ഇതിനെ പറയുക. തണുപ്പുകാലത്തു കുറച്ചൊക്കെ ചൂടു കിട്ടുന്നതിന് ഇതും സഹായകമാകുന്നു.
അവരുടെ ഗുഹാവീടിനുവേണ്ടി മേൽക്കൂരയും ചുവരുകളുമൊന്നും ഉണ്ടാക്കേണ്ടി വരുന്നില്ല. കാരണം, ഗുഹയുടെ മുകൾഭാഗം വീടിന്റെ മേൽക്കൂരയായും വശങ്ങൾ ചുവരുകളായും തീരുന്നു. ചാണകവും ചേറും കുഴച്ച് അവർ മേൽക്കൂരയിലും ചുവരുകളിലുമെല്ലാം തേച്ചുപിടിപ്പിക്കുന്നു. എല്ലാ വർഷവും അവർ ഇങ്ങനെ ചെയ്യും. ഇത് ഗുഹയുടെ ഉൾഭാഗത്തിന് നിറം കൊടുക്കുന്നതോടൊപ്പം കട്ടിയേറിയ പ്രതലത്തെ കുറച്ചെങ്കിലും മാർദവമുള്ളതാക്കുകയും ചെയ്യുന്നു. വീടിനകം അവർ പശുവിൻതോൽകൊണ്ട് അലങ്കരിക്കുന്നു. ഉറങ്ങാനുള്ള മെത്തയായും അവർ ഈ തോലാണ് ഉപയോഗിക്കുന്നത്.
ഒരു പാശ്ചാത്യ സന്ദർശകന് തന്റേതിൽനിന്നും പാടെ വ്യത്യസ്തമായ ഈ ജീവിതരീതി തികച്ചും നവോന്മേഷപ്രദമായി അനുഭവപ്പെടും. പുല്ലുകൊണ്ടുണ്ടാക്കിയ കോണാകൃതിയിൽ ഉള്ള തൊപ്പികളും നിറപ്പകിട്ടുള്ള കമ്പിളിവസ്ത്രങ്ങളുമാണ് ഈ ഗുഹാവാസികളുടെ സാധാരണ വേഷം. നഗ്നപാദരായ ഇടയച്ചെറുക്കന്മാർ കാലികളെയും മേയിച്ചുനടക്കുന്നത് ഗ്രാമത്തിലെ ഒരു പതിവു കാഴ്ചയാണ്. പുരുഷന്മാരെ ചോളവയലുകളിൽ പണിയെടുക്കുന്നതായോ മറ്റു പുരുഷന്മാരുമായി ചർച്ചകളിൽ മുഴുകിയിരിക്കുന്നതായോ നിങ്ങൾ കണ്ടെത്തിയേക്കാം.
ആധുനിക സാങ്കേതികവിദ്യ വല്ലപ്പോഴുമൊക്കെ ഈ ഗ്രാമത്തിൽ തലകാണിക്കാറുണ്ട്. ഹാ കോമെയുടെ ആകാശനീലിമയിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ചെറിയ വിമാനങ്ങളും പിന്നെ ഗുഹാവീടുകൾ കാണാനെത്തുന്ന സന്ദർശകരെയുംകൊണ്ടു വരുന്ന നാലുചക്രമുള്ള വാഹനങ്ങളും ചെറുപ്പക്കാർക്കും പ്രായമായവർക്കും ഒരുപോലെ കൗതുകം പകരുന്ന കാഴ്ചകളാണ്. പാചകമൊക്കെ മിക്കവാറും വീടിനുവെളിയിലാണ് ചെയ്യുന്നത്. മൂന്നു കാലുള്ള കറുത്ത ഇരുമ്പിൻ കുടങ്ങളുടെ അടിയിൽ തീകൂട്ടിയാണ് പാചകം. വിറക് അധികം കിട്ടാനില്ലാത്തതുകൊണ്ട് ഉണക്കച്ചാണകമോ ഈറ്റയോ മരക്കൊമ്പുകളോ ആണ് തീ കത്തിക്കുന്നതിന് ഉപയോഗിക്കുന്നത്. സാധാരണ ഗൃഹോപകരണങ്ങളുടെ കൂട്ടത്തിൽ, ചോളം പൊടിക്കുന്നതിനുള്ള തിരികല്ലും ചോളക്കുറുക്ക് ഉണ്ടാക്കുമ്പോൾ ഇളക്കുന്നതിനുവേണ്ട മരക്കമ്പും പെടുന്നു.
ഹാ കോമെയിലെ ഗുഹകളിൽ ആദ്യം താമസിച്ചിരുന്നത് ദക്ഷിണാഫ്രിക്കയിലെ ഒരു പ്രാകൃത നായാടി വർഗക്കാരായിരുന്നു. ബുഷ്മെൻ എന്നാണിവരെ പറയുന്നത്. ലെസോത്തോ എന്ന രാജ്യം അവർ വരച്ച ചിത്രങ്ങൾക്കു പ്രസിദ്ധമാണ്. ആ രാജ്യത്ത് ഉടനീളമുള്ള നിരവധി ഗുഹകളിലും പാറകളിലും അവരുടെ ചിത്രങ്ങൾ കാണാനാകും. വള്ളവും വലയും ഉപയോഗിച്ചുള്ള മത്സ്യബന്ധനം, മൃഗ-മുഖംമൂടികൾ അണിഞ്ഞുള്ള സങ്കീർണമായ ചുവടുവെയ്പുകളോടു കൂടിയ നൃത്തങ്ങൾ എന്നിവയൊക്കെ പ്രമേയങ്ങളാകുന്ന വൈവിധ്യമാർന്ന ചിത്രങ്ങൾ ആണിവ. ബബൂൺ കുരങ്ങന്മാർ, സിംഹങ്ങൾ, നീർക്കുതിരകൾ, ഈലൻഡുകൾ (ആന്റിലോപ്പുകളിൽ ഏറ്റവും വലിയവ) എന്നിങ്ങനെയുള്ള മൃഗങ്ങളെയും ഈ ചിത്രങ്ങളിൽ കാണാം. എന്നാൽ, ഹാ കോമെയിലെ മിക്ക ഗുഹാചിത്രങ്ങളും ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു. ആ നായാടി വർഗക്കാരുടെ കലാവൈഭവം വിളിച്ചോതുന്ന ഏതാനും ചിത്രങ്ങൾ മാത്രമേ ഇന്നുള്ളൂ.
ഹാ കോമെയിൽ നിന്ന് അധികം അകലെയല്ലാത്ത ഒരിടത്ത് യഹോവയുടെ സാക്ഷികൾ പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടാറുണ്ട്. ഇടയ്ക്കിടയ്ക്ക് അവർ ഈ ഗുഹാവാസികളെയും സന്ദർശിക്കുന്നു. ആതിഥ്യമര്യാദയ്ക്കു പേരുകേട്ട ഇവർ ഒരു കോപ്പ മൊട്ടോഹോ—അവർ ഉണ്ടാക്കാറുള്ള കുറുക്കിന്റെ പേരാണത്—നൽകിയാണു സാക്ഷികളെ സ്വീകരിക്കാറ്. ഹാ കോമെയിൽ ഉള്ള പലരും എത്ര താത്പര്യത്തോടെയാണെന്നോ ബൈബിൾ സാഹിത്യങ്ങൾ സ്വീകരിക്കുന്നത്! പച്ചക്കറികളും മുട്ടയും മറ്റും യഹോവയുടെ സാക്ഷികളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കു സംഭാവനയായി നൽകി ഈ സാഹിത്യങ്ങളോടുള്ള വിലമതിപ്പ് അവർ പ്രകടമാക്കാറുമുണ്ട്.
ആധുനിക നാളിലെ ഈ ഗുഹാവാസികൾ ബൈബിളിനോട് ആഴമായ ആദരവുള്ളവരാണ്. ജീവനെയും മരണത്തെയും അതുപോലെതന്നെ തങ്ങളുടെ പാരമ്പര്യ വിശ്വാസങ്ങളെയും കുറിച്ചൊക്കെ അവർ പല ചോദ്യങ്ങളും ചോദിക്കാറുണ്ട്. ആ പ്രദേശത്തെ തീക്ഷ്ണമായ പ്രവർത്തനംകൊണ്ട് യഹോവയുടെ സാക്ഷികൾക്ക് അവിടെ അനേകം ബൈബിൾ അധ്യയനങ്ങൾ ലഭിച്ചിട്ടുണ്ട്. ഇങ്ങനെ, സത്യത്തിന്റെ വിത്തുകൾ ഫലഭൂയിഷ്ഠമായ മണ്ണിൽ, താഴ്മയുള്ള ഈ മനുഷ്യരുടെ ഹൃദയത്തിൽ, പാകാൻ അവർക്കു കഴിഞ്ഞിരിക്കുന്നു.—മത്തായി 13:8.
[26-ാം പേജിലെ ചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
ഹാ കോമെ