കൺമുമ്പിലെ പൊട്ടുകൾ—നിങ്ങളും അവ കാണാറുണ്ടോ?
കൺമുമ്പിലെ പൊട്ടുകൾ—നിങ്ങളും അവ കാണാറുണ്ടോ?
നിങ്ങൾ അവ കണ്ടിരിക്കാൻ സാധ്യതയുണ്ട്—കൺമുമ്പിലൂടെ ഒഴുകി നടക്കുന്നതായി തോന്നുന്ന, ചാരനിറത്തിലുള്ള ചെറിയ പൊട്ടുകൾ. വായിച്ചുകൊണ്ടിരിക്കുന്നതിനിടയിലോ ഇളം നിറത്തിലുള്ള പെയിന്റടിച്ചിരിക്കുന്ന ചുവരിൽ നോക്കുമ്പോഴോ തെളിഞ്ഞ ആകാശത്തേക്കു നോക്കുമ്പോഴോ ഒക്കെ ആയിരിക്കാം നിങ്ങൾ അവ കാണാറുള്ളത്.
ഈ പൊട്ടുകളിൽ ഏതിലെങ്കിലും ഒന്നിൽ ദൃഷ്ടി കേന്ദ്രീകരിക്കാൻ നിങ്ങൾ എന്നെങ്കിലും ശ്രമിച്ചുനോക്കിയിട്ടുണ്ടെങ്കിൽ അതു സാധ്യമല്ലെന്ന് നിങ്ങൾ കണ്ടെത്തിയിട്ടുണ്ടാകും. നിങ്ങളുടെ കണ്ണുകൾ പതിയെ ഒന്ന് അനങ്ങിയാൽ മതി, അവ അപ്രത്യക്ഷമാകും. ഇനി, അവയിൽ ഏതെങ്കിലും ഒന്ന് നിങ്ങളുടെ കണ്ണിനു നേരെ വന്നിട്ടുണ്ടെങ്കിൽതന്നെ, അത് എന്താണ് എന്നോർത്ത് നിങ്ങൾ അപ്പോൾ അതിശയിച്ചുപോയിട്ടുണ്ടാകാം.
ഈ പൊട്ടുകൾ എന്താണ്? അവ നേത്രഗോളത്തിന്റെ അകത്താണോ അതോ ഉപരിതലത്തിലാണോ സ്ഥിതിചെയ്യുന്നത്? കണ്ണുകൾ അൽപ്പം പോലും അനക്കാതെ ഒന്നു ചിമ്മി നോക്കുക. പൊട്ടുകൾ മാറിപ്പോകുകയോ അവ അപ്രത്യക്ഷമാകുകയോ ചെയ്യുന്നുണ്ടെങ്കിൽ, അവ നേത്രഗോളത്തിന്റെ ഉപരിതലത്തിൽ ഉള്ളവയാണ്. ഈ ലേഖനം അവയെക്കുറിച്ചുള്ളതല്ല.
എന്നാൽ, കണ്ണു ചിമ്മിയിട്ടും അവയുടെ സ്ഥാനത്തിന് പറയത്തക്ക വ്യത്യാസമൊന്നും വരുന്നില്ലെങ്കിൽ അതിന്റെയർഥം അവ നേത്രഗോളത്തിന്റെ അകത്താണ് എന്നാണ്. നേത്രഗോളത്തിന്റെ ഉള്ളറയിൽ നിറഞ്ഞിരിക്കുന്ന വിട്രിയസ് ഹ്യൂമർ എന്ന ദ്രാവകത്തിലാണ് അവ ഉള്ളത്. ലെൻസിന്റെ പിൻഭാഗത്ത് സ്ഥിതിചെയ്യുന്നതിനാലാണ് അവയെ നമുക്കു വ്യക്തമായി കാണാൻ സാധിക്കാത്തത്. വിട്രിയസ് ഹ്യൂമർ വെള്ളത്തെക്കാൾ അധികമൊന്നും കട്ടിയില്ലാത്ത, ജെല്ലി പരുവത്തിലുള്ള ഒന്നായതിനാൽ അവയ്ക്ക് അതിലൂടെ അങ്ങോട്ടുമിങ്ങോട്ടും ചലിക്കാൻ കഴിയും. കൺമുമ്പിൽ പ്രത്യക്ഷപ്പെടുന്ന പൊട്ടുകൾ ഒഴുകിനടക്കുന്നതായി തോന്നുന്നത് അതുകൊണ്ടാണ്. ഈ പ്രത്യേകത മൂലമാണ് അവയ്ക്ക് “പറക്കും ഈച്ചകൾ” എന്ന അർഥം വരുന്ന മസ്കി വോലിടാൻടിസ് എന്ന വൈദ്യശാസ്ത്ര നാമം ലഭിച്ചത്.
അവയുടെ ഉത്ഭവം എവിടെനിന്നാണ്?
ഈ പൊട്ടുകൾ എങ്ങനെയാണ് ഉണ്ടാകുന്നത്? അവയിൽ ചിലവ, നിങ്ങളുടെ ജനനത്തിനും മുമ്പേനടന്ന ചില പ്രക്രിയകളുടെ ബാക്കിപത്രങ്ങളാണ്. ഗർഭപാത്രത്തിനുള്ളിലെ കുഞ്ഞിന്റെ വളർച്ചയുടെ ആദ്യദശയിൽ, അതിന്റെ കണ്ണുകളുടെ ഉൾഭാഗം തന്തുക്കൾ (fibres) നിറഞ്ഞതായിരിക്കും. കുഞ്ഞ് ജനിക്കാറാകുമ്പോഴേക്കും ഈ തന്തുക്കളും മറ്റു കോശങ്ങളും വിട്രിയസ് ഹ്യൂമറായി മാറിയിരിക്കും. എന്നാൽ, ചില കോശങ്ങളും തന്തുക്കളുടെ ശകലങ്ങളുമൊക്കെ അതുപടി അവശേഷിച്ചേക്കാം—ഇവയ്ക്ക് ഒഴുകി നടക്കാൻ കഴിയും. ഇതുകൂടാതെ, അജാത ശിശുവിന്റെ നേത്രനാഡിയിൽ നിന്നു ലെൻസിലേക്കു പോകുന്ന നാളിയിൽ ലെൻസിനു പോഷണം നൽകുന്നതിനുവേണ്ട ഒരു രക്തധമനി ഉണ്ട്. സാധാരണഗതിയിൽ കുഞ്ഞു ജനിക്കുന്നതിന് മുമ്പ് ഈ രക്തധമനിക്ക് അപചയം സംഭവിക്കുകയും അത് ആഗിരണം ചെയ്യപ്പെടുകയും ചെയ്യും. എന്നാൽ, അതിന്റെ ചില അവശിഷ്ടങ്ങൾ അവിടെ കിടന്നേക്കാം.
പൊട്ടുകൾ പ്രത്യക്ഷപ്പെടാൻ ഇടയാക്കുന്ന മറ്റു കാരണങ്ങളും ഉണ്ട്. വിട്രിയസ് ഹ്യൂമറിന്റെ മുഴുവൻ ഭാഗവും ജെല്ലി പരുവത്തിലല്ല. അതു നേർത്ത ഹയലോയ്ഡ് സ്തരത്തിൽ പൊതിഞ്ഞാണ് ഇരിക്കുന്നത്. ഇത്, വസ്തുക്കളുടെ പ്രതിബിംബങ്ങൾ പതിയുന്ന റെറ്റിനയെ (നേത്രപടലം)—നേത്രാന്തർഭാഗത്തിന്റെ ഭൂരിഭാഗവും ആവരണം ചെയ്യുന്ന പ്രകാശ സംവേദക കോശങ്ങൾ അടങ്ങിയ സ്ക്രീനാണിത്—അതിന്റെ സ്ഥാനത്ത് അമർത്തിനിറുത്തുന്നു. നേത്രഗോളത്തിന്റെ ഉള്ളറയെ അഭിമുഖീകരിക്കുന്ന റെറ്റിനയുടെ ഭാഗം ഹയലോയ്ഡ് സ്തരവുമായി കൂടിച്ചേരുന്നുണ്ട്. ആ ഭാഗത്തുനിന്ന് ചെറിയ തന്തുക്കൾ വിട്രിയസ് ഹ്യൂമറിലേക്കു തള്ളിനിൽക്കുന്നു.
നമുക്കു പ്രായമേറിവരുമ്പോൾ ഈ തന്തുക്കൾ ചുരുങ്ങാൻ തുടങ്ങുന്നു. അവയിൽ ചിലവ പൊട്ടിപ്പോകാൻ ഇത് ഇടയാക്കുന്നു. ഇങ്ങനെ പൊട്ടിപ്പോകുന്ന കഷണങ്ങൾ വിട്രിയസ് ഹ്യൂമറിലേക്കു വീഴുന്നു. ഈ സമയമാകുമ്പോഴേക്കും വിട്രിയസ് ഹ്യൂമറിന്റെ കട്ടിയും കുറയുന്നതുകൊണ്ട് തന്തുക്കളുടെ പൊട്ടിവീണ കഷണങ്ങൾ അതിലൂടെ ഒഴുകിനടക്കുന്നത് കൂടുതൽ എളുപ്പമായിത്തീരുന്നു. കൂടാതെ, വിട്രിയസ് ഹ്യൂമർതന്നെ അൽപ്പമൊന്നു ചുരുങ്ങുകയും റെറ്റിനയിൽ നിന്നു വിട്ടുപോരാൻ തുടങ്ങുകയും ചെയ്യുന്നു. ഇങ്ങനെ സംഭവിക്കുമ്പോൾ കോശങ്ങളുടെ അവശിഷ്ടങ്ങൾ ഉണ്ടായേക്കാം. അങ്ങനെ, പ്രായംചെല്ലുന്നതിനനുസരിച്ച് കൂടുതൽക്കൂടുതൽ “പറക്കും ഈച്ചകൾ” നിങ്ങളുടെ ദൃഷ്ടിമണ്ഡലത്തിൽ കൂടെ തെന്നിമാറിയും കറങ്ങിത്തിരിഞ്ഞുമൊക്കെ നടക്കുന്നതായി നിങ്ങൾ കണ്ടെത്തും.
പൊട്ടുകൾ പ്രത്യക്ഷപ്പെടുന്നതിന് റെറ്റിനയിലെ രക്തക്കുഴലുകളും കാരണമായേക്കാം. തലയ്ക്കേൽക്കുന്ന പ്രഹരമോ നേത്രഗോളത്തിൽ ചെലുത്തപ്പെടുന്ന അമിതസമ്മർദമോ ചെറിയൊരു രക്തക്കുഴലിൽ നിന്ന് അരുണരക്താണുക്കൾ പുറത്തുവരാൻ ഇടയാക്കുന്നു. അരുണരക്താണുക്കൾ ഒട്ടിപ്പിടിക്കുന്നവയാണ്. അതുകൊണ്ട്, അവ കുല പോലെയോ മാല പോലെയോ ആയിത്തീരും. അരുണരക്താണുക്കൾ ഓരോന്നായോ കുലയായോ വിട്രിയസ് ഹ്യൂമറിലേക്കു കടന്നേക്കാം. റെറ്റിനയ്ക്ക് അടുത്തുവന്നു നിൽക്കുകയാണെങ്കിൽ, അവ ദൃശ്യമായിരുന്നേക്കാം. ശരീരത്തിന് അരുണരക്താണുക്കളെ വീണ്ടും ആഗിരണം ചെയ്യാനുള്ള കഴിവുള്ളതുകൊണ്ട്, ക്രമേണ ഈ കോശങ്ങൾ അപ്രത്യക്ഷമാകുന്നു. എന്നിരുന്നാലും ഇവ ചെറിയ മുറിവിന്റെ ഫലമായി ഉണ്ടാകുന്നവ ആയതുകൊണ്ട് സാങ്കേതികമായി പറഞ്ഞാൽ ഇവയെ മസ്കി വോലിടാൻടിസിന്റെ കൂട്ടത്തിൽ പെടുത്താൻ കഴിയില്ല.
കണ്ണിന് എന്തോ കുഴപ്പമുണ്ട് എന്നതിന്റെ സൂചനയാണോ ഈ “പറക്കും ഈച്ചകൾ”? സാധാരണഗതിയിൽ അല്ല. കണ്ണിന് പ്രത്യേകിച്ചൊരു പ്രശ്നവുമില്ലാത്തവർ, എന്തിന്, ചെറുപ്പക്കാർ പോലും, അവ കാണാറുണ്ട്. പതിയെപ്പതിയെ അവർ അവയെ അവഗണിക്കാൻ പഠിക്കുന്നു. ഇതൊക്കെയാണെങ്കിലും, ചില ലക്ഷണങ്ങൾ എന്തെങ്കിലും പ്രശ്നമുള്ളതിന്റെ സൂചനയായിരുന്നേക്കാം.
ആപത് സൂചന
നിങ്ങളുടെ കൺമുമ്പിൽ പ്രത്യക്ഷപ്പെടുന്ന പൊട്ടുകളുടെ എണ്ണത്തിൽ പെട്ടെന്നൊരു ദിവസം ക്രമാതീതമായ വർധനവ് അനുഭവപ്പെടുന്നുണ്ടെങ്കിൽ, എന്തോ കുഴപ്പമുണ്ട് എന്നുള്ളതിന്റെ സൂചനയായിരുന്നേക്കാം അത്. കണ്ണിന്റെ ഉള്ളിൽ നിന്ന് ചെറിയ മിന്നൽപ്പിണരുകൾ കൂടി വരുന്നുണ്ടെങ്കിൽ അത് അങ്ങനെതന്നെയാണെന്ന് ഉറപ്പിക്കാവുന്നതാണ്. പ്രകാശം നാഡീ ആവേഗങ്ങൾ ആയി മാറുന്നിടമായ റെറ്റിനയാണ് ഈ പ്രതിഭാസത്തിന്റെ ഉത്ഭവസ്ഥാനം. റെറ്റിന കുറച്ചു വേർപെടുമ്പോഴാണ് സാധാരണഗതിയിൽ മിന്നൽപ്പിണരുകൾ കാണുന്നതും പൊട്ടുകൾ ക്രമാതീതമായി വർധിക്കുന്നതും. എന്നാൽ, ഇത് എങ്ങനെയാണു സംഭവിക്കുന്നത്?
റെറ്റിനയ്ക്ക് നനഞ്ഞ ഒരു ടിഷ്യൂപേപ്പറിന്റെ അതേ പരുവവും കട്ടിയും ലോലതയുമാണ് ഉള്ളത്. അതിന്റെ പ്രകാശസംവേദകത്വമുള്ള ഭാഗത്തിന്, റെറ്റിനയുടെ തൊട്ടുപിന്നിലെ പാളിയുമായും മുന്നിലുള്ള വിട്രിയസ് ഹ്യൂമറുമായും ഒരുപോലെ ബന്ധമുള്ളത് റെറ്റിനയുടെ മുന്നറ്റത്തും നേത്രനാഡിയുടെ ഭാഗത്തും ഫോക്കസ് കേന്ദ്രത്തിന്റെ ഭാഗത്തും—ഇവിടെ ദുർബലമായ ബന്ധമാണുള്ളത്—മാത്രമാണ്. റെറ്റിനയുടെ ബാക്കിയുള്ള ഭാഗത്തെ അതിന്റെ സ്ഥാനത്ത് ഉറപ്പിച്ചു നിറുത്തുന്നത് വിട്രിയസ് ഹ്യൂമറാണ്. അങ്ങനെയിങ്ങനെയൊന്നും തകരാറു പറ്റാത്ത വിധത്തിൽ കണ്ണു രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നതുകൊണ്ട്, പ്രഹരമേറ്റാലും സാധാരണഗതിയിൽ റെറ്റിന കീറി
വേർപെടുകയോ അത് അതിന്റെ തൊട്ടുപിന്നിലുള്ള പാളിയിൽ നിന്നു വിട്ടുപോരുകയോ ചെയ്യുകയില്ല.എന്നിരുന്നാലും, പ്രഹരമേൽക്കുമ്പോൾ റെറ്റിനയുടെ ചില ഭാഗങ്ങൾ ദുർബലമാകുകയോ അതിൽ ചെറിയ കീറലും ദ്വാരവുമൊക്കെ ഉണ്ടാകുകയോ ചെയ്തേക്കാം. വിട്രിയസ് ഹ്യൂമറും റെറ്റിനയും ഒട്ടിച്ചേർന്നിരിക്കുന്നതും റെറ്റിനയിൽ ദ്വാരം ഉണ്ടാകുന്നതിനു കാരണമാകാറുണ്ട്. പരിക്കേൽക്കുന്നതിന്റെ ഫലമായോ പെട്ടെന്നുള്ള ചലനം മൂലമോ വിട്രിയസ് ഹ്യൂമർ റെറ്റിനയിൽ നിന്നു വലിഞ്ഞുപോരുകയും അങ്ങനെ ചെറിയ കീറൽ ഉണ്ടാകുകയും ചെയ്തേക്കാം. വിട്രിയസ് അറയിൽ നിന്നുള്ള ദ്രാവകം ഈ കീറലിൽ കൂടി റെറ്റിനയുടെ പിന്നിലേക്കു കടക്കുകയും അങ്ങനെ അത് അതിന്റെ തൊട്ടുപിന്നിലുള്ള പാളിയിൽ നിന്നു മെല്ലെ വിട്ടുപോരാൻ ഇടയാക്കുകയും ചെയ്തേക്കാം. ഈ അസ്വാസ്ഥ്യം, റെറ്റിനയിലെ പ്രകാശസംവേദകത്വമുള്ള നാഡി കോശങ്ങൾ തലച്ചോറിലേക്ക് ആവേഗങ്ങൾ പുറപ്പെടുവിക്കാൻ ഇടയാക്കും. അപ്പോഴാണ്, കണ്ണിന്റെ ഉള്ളിൽനിന്ന് മിന്നൽപ്പിണരുകൾ വരുന്നതായി നമുക്കു തോന്നുന്നത്.
റെറ്റിന വിട്ടുപോരുമ്പോൾ ചിലപ്പോഴെല്ലാം കണ്ണിനുള്ളിൽ രക്തസ്രാവവും ഉണ്ടാകും. റെറ്റിനയുടെ ഉൾപ്രതലത്തിൽ രക്തക്കുഴലുകളുടെ ഒരു ശൃംഖലയുള്ളതാണു കാരണം. രക്തകോശങ്ങൾ വിട്രിയസ് ഹ്യൂമറിലേക്കു കടക്കുന്നതിന്റെ ഫലമായി ധാരാളം പൊട്ടുകൾ പെട്ടെന്നു കൺമുമ്പിൽ ദൃശ്യമാകുന്നു. ഇതിനെത്തുടർന്ന് അധികം വൈകാതെ, റെറ്റിന വേർപെടുന്നതിനനുസരിച്ച് അന്ധതയുടെ ഒരു മൂടുപടം ദൃഷ്ടിമണ്ഡലത്തിലേക്ക് കടക്കുകയായി.
അതുകൊണ്ട്, പൊട്ടുകളുടെ എണ്ണത്തിൽ പെട്ടെന്നുള്ള ഒരു വർധനവും പ്രത്യേകിച്ചും അതിന്റെകൂടെ മിന്നൽപ്പിണരുകളും കാണുന്നുണ്ടെങ്കിൽ, ഉടനടി ഒരു നേത്രരോഗ വിദഗ്ധനെ കാണുകയോ ആശുപത്രിയിൽ പോകുകയോ വേണം! റെറ്റിന വേർപെടുന്നതുകൊണ്ടാകാം ഇങ്ങനെ സംഭവിക്കുന്നത്. റെറ്റിനയുടെ നല്ലൊരു ഭാഗം വേർപെട്ടാൽ പിന്നെ അതു പൂർവസ്ഥിതിയിലാക്കാൻ ഒരിക്കലും സാധിച്ചെന്നു വരില്ല.
നിങ്ങൾക്ക് മിന്നൽപ്പിണരുകൾപോലെ ഒന്നും അനുഭവപ്പെട്ടിട്ടില്ലായിരിക്കാം. എന്നാൽ, വർഷങ്ങളായി നിങ്ങൾ പൊട്ടുകൾ കാണുന്നുണ്ടെങ്കിലോ? ഭയപ്പെടേണ്ട കാര്യമൊന്നും ഇല്ലായിരിക്കാം. എല്ലാവരു[തന്നെ അവ കാണാറുണ്ട്. അവയെ അവഗണിക്കാൻ ശ്രമിച്ചാൽ അവ അപ്രത്യക്ഷമാകുകയൊന്നുമില്ല. നിങ്ങൾ ദൈനംദിന കാര്യാദികളിൽ മുഴുകുമ്പോൾ, മസ്തിഷ്കം അവയുടെ സാന്നിധ്യത്തെക്കുറിച്ച് നിങ്ങളെ ബോധവാനാക്കില്ല എന്നു മാത്രം. കാഴ്ചയ്ക്ക് പ്രത്യേകിച്ചു യാതൊരു പ്രശ്നവും ഉണ്ടാക്കാതെ അവയ്ക്കു നിലനിൽക്കാൻ കഴിയും എന്ന വസ്തുത, പെട്ടെന്നൊന്നും തകരാറുപറ്റാത്ത വിധത്തിലുള്ള കണ്ണിന്റെ രൂപകൽപ്പനയ്ക്കും മസ്തിഷ്കത്തിന്റെ അനുകൂലനക്ഷമതയ്ക്കും ഒരു സാക്ഷ്യമാണ്.
എന്നാൽ കൺമുമ്പിൽ പൊട്ടുകൾ കാണുന്നുണ്ടെങ്കിൽ, വേവലാതിപ്പെടേണ്ട ആവശ്യമൊന്നുമില്ല എന്നു തീർത്തുപറയുന്നതിനു മുമ്പ് ഒന്നുകിൽ കണ്ണ് പരിശോധിച്ച് അനുയോജ്യമായ കണ്ണട നിർദേശിക്കുന്ന ഒരു വിദഗ്ധനെ അല്ലെങ്കിൽ ഒരു നേത്രരോഗ വിദഗ്ധനെ കാണിക്കേണ്ടത് അനിവാര്യമാണ്.
[25-ാം പേജിലെ ചതുരം/ചിത്രം]
കാഴ്ച തകരാറുകൾ പരിഹരിക്കാനുള്ള ആധുനിക ശ്രമങ്ങളുടെ ആരംഭം
നിങ്ങൾ കണ്ണടയോ കോൺടാക്റ്റ് ലെൻസുകളോ വെക്കുന്നുണ്ടെങ്കിൽ ഒരർഥത്തിൽ “പറക്കും ഈച്ച”കളോടാണു നിങ്ങൾ കടപ്പെട്ടിരിക്കുന്നത്. ഇവയെക്കുറിച്ച് അറിയാനുള്ള ആകാംക്ഷയാണ്, 19-ാം നൂറ്റാണ്ടിലെ പ്രശസ്ത ഡച്ച് വൈദ്യനായിരുന്ന ഫ്രാൻസ് കോർണേലിസ് ഡോൺഡേഴ്സിനെ കണ്ണിന്റെ പ്രവർത്തനങ്ങളെയും അവയെ ബാധിക്കുന്ന രോഗങ്ങളെയും കുറിച്ചുള്ള ശാസ്ത്രീയ അന്വേഷണം നടത്താൻ പ്രേരിപ്പിച്ചത്. മസ്കി വോലിടാൻടിസ് ഉണ്ടാകുന്നതിന്റെ ചില കാരണങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞതോടൊപ്പം മറ്റു ചില കണ്ടുപിടിത്തങ്ങൾ കൂടെ നടത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. ദീർഘദൃഷ്ടി (ഹൈപ്പെറോപ്പിയ) ഉണ്ടാകുന്നത് നേത്രഗോളം ചുരുങ്ങുന്നതുകൊണ്ടാണെന്നും ആസ്റ്റിഗ്മാറ്റിസം (അബിന്ദുകത), കോർണിയയുടെയും ലെൻസിന്റെയും നെടുകെയും കുറുകെയും ഉള്ള വളവിലെ വ്യത്യാസം കൊണ്ടാണെന്നും അദ്ദേഹം കണ്ടുപിടിച്ചു. കാഴ്ച തകരാറുകൾ പരിഹരിക്കുന്നതിനുവേണ്ടി ഇപ്പോൾ ഡോക്ടർമാർ കുറിച്ചുകൊടുക്കുന്നതരം കണ്ണടകൾ വികസിപ്പിച്ചെടുക്കാൻ സാധിച്ചത് അദ്ദേഹം നടത്തിയ പഠനം കൊണ്ടാണ്.
[ചിത്രം]
ഡോൺഡേഴ്സ്
[കടപ്പാട്]
Courtesy National Library of Medicine
[24-ാം പേജിലെ രേഖാചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
വേർപെട്ട റെറ്റിന
അരുണരക്താണുക്കൾ
റെറ്റിനയിലെ കീറൽ
ഹയലോയ്ഡ് സ്തരം
ലെൻസ്
കൃഷ്ണമണി
ഐറിസ്
സീലിയറി ബോഡി
വിട്രിയസ് ഹ്യൂമർ
രക്തക്കുഴലുകൾ
മസ്തിഷ്കത്തിലേക്കു നയിക്കുന്ന നേത്രനാഡി