ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഞങ്ങളുടെ വായനക്കാരിൽനിന്ന്
ബ്രഹ്മചര്യം “ലോകത്തെ വീക്ഷിക്കൽ” എന്ന പംക്തിയിൽ പ്രത്യക്ഷപ്പെട്ട “ബ്രഹ്മചര്യം—എന്തിനു വേണ്ടി?” എന്ന തലക്കെട്ടിൻകീഴിലെ വിവരങ്ങളോട് എനിക്കു യോജിക്കാൻ കഴിയില്ല. (സെപ്റ്റംബർ 22, 1999) സഭയുടെ വാദങ്ങൾക്ക് “തിരുവെഴുത്തുകളിൽ യാതൊരു അടിസ്ഥാനവുമില്ല” എന്നു നിങ്ങൾ പറയുന്നു. എന്നാൽ, മത്തായി 19:10-12, 1 കൊരിന്ത്യർ 7:8, 26, 27 എന്നീ വാക്യങ്ങളുടെ വെളിച്ചത്തിൽ, ബ്രഹ്മചര്യത്തെ തിരുവെഴുത്തുകൾ പിന്താങ്ങുന്നുണ്ട് എന്നുതന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.
എം. റ്റി., ഐക്യനാടുകൾ
സാധ്യമാകുന്നവർക്ക് അഭികാമ്യമായ ഒന്നായി ബൈബിൾ ഏകാകിത്വത്തെ ശുപാർശ ചെയ്യുന്നുണ്ട് എന്നതു സത്യമാണ്. എന്നിരുന്നാലും, ക്രിസ്തീയ ശുശ്രൂഷകർ ബ്രഹ്മചാരികൾ ആയിരിക്കണമെന്ന് അത് ആവശ്യപ്പെടുന്നില്ല. അപ്പൊസ്തലനായ പത്രൊസും ആദിമ ക്രിസ്തീയ സഭയിൽ ഉത്തരവാദിത്വസ്ഥാനങ്ങൾ വഹിച്ചിരുന്ന മറ്റു പുരുഷന്മാരും വിവാഹിതരായിരുന്നു. (1 കൊരിന്ത്യർ 9:5; 1 തിമൊഥെയൊസ് 3:2) അതുകൊണ്ട്, നിർബന്ധിത ഏകാകിത്വത്തിന് തിരുവെഴുത്തുകളിൽ യാതൊരു അടിസ്ഥാനവുമില്ല.—പത്രാധിപർ
അന്ധവിശ്വാസം ഒരു ഭാഷാപണ്ഡിതനെന്ന നിലയിൽ 1999 ഒക്ടോബർ 22 ലക്കം ഉണരുക!യിൽ വന്ന ഒരു തെറ്റു ചൂണ്ടിക്കാണിക്കാൻ ഞാൻ താത്പര്യപ്പെടുന്നു. “അന്ധവിശ്വാസങ്ങൾ—ഇത്ര അപകടകരമായിരിക്കുന്നത് എന്തുകൊണ്ട്?” എന്ന ലേഖനപരമ്പരയിൽനിന്നാണ് അത്. ഒരാൾ തുമ്മുമ്പോൾ, ഇംഗ്ലീഷിൽ “ഗോഡ് ബ്ലസ് യൂ” എന്നു പറയുന്നതിനു തുല്യമാണ് ജർമനിൽ ഗെസുൺട്ഹൈറ്റ് എന്നു പറയുന്നത് എന്നു നിങ്ങൾ അതിൽ സൂചിപ്പിച്ചിരുന്നു. പക്ഷേ ഇംഗ്ലീഷിൽ, ആ വാക്കിന്റെ അർഥം “ആരോഗ്യം” എന്നാണ്.
സി. സി., ഐക്യനാടുകൾ
“ഗോഡ് ബ്ലസ് യൂ” എന്നത് “ഗെസുൺട്ഹൈറ്റ്” എന്ന വാക്കിന്റെ കൃത്യമായ പരിഭാഷയാണ് എന്നൊരു സൂചന നൽകാൻ ഞങ്ങൾ ഉദ്ദേശിച്ചില്ല. ഇംഗ്ലീഷിൽ “ഗോഡ് ബ്ലസ് യൂ” എന്ന പ്രയോഗത്തോട് “സമാനമായ” അർഥം വരുന്ന മറ്റു രണ്ടു ഭാഷകളിലെ പ്രയോഗങ്ങളുടെ കൂട്ടത്തിൽ ഇതും ചേർത്തു എന്നു മാത്രമേയുള്ളൂ.—പത്രാധിപർ
സിസ്റ്റിക് ഫൈബ്രോസിസ് “സിസ്റ്റിക് ഫൈബ്രോസിസ് രോഗവുമായി ജീവിക്കുന്നു” എന്ന ലേഖനം ഞാനിപ്പോൾ വായിച്ചുകഴിഞ്ഞതേ ഉള്ളൂ. (ഒക്ടോബർ 22, 1999) ഈ ഭയങ്കര രോഗവുമായി ജിമ്മി ഗാരാഡ്സ്യൊറ്റിസ് പൊരുത്തപ്പെടുന്ന വിധം എന്റെ ഹൃദയത്തെ സ്പർശിച്ചു. തന്റെ പ്രിയപ്പെട്ട ഭാര്യയെ അദ്ദേഹം എത്ര വിലമതിക്കുന്നു എന്നു കാണുന്നത് തികച്ചും പ്രോത്സാഹജനകമായിരുന്നു. നമുക്കുള്ള പല കാര്യങ്ങളുടെയും വില നാം അറിയുന്നില്ല എന്നെനിക്കു തോന്നുന്നു, സ്വാഭാവികമായ രീതിയിൽ ശ്വാസോച്ഛ്വാസം ചെയ്യാനുള്ള നമ്മുടെ പ്രാപ്തി പോലും!
ഡി. എ., ഇംഗ്ലണ്ട്
എനിക്ക് സിസ്റ്റിക് ഫൈബ്രോസിസ് ഇല്ല. പക്ഷേ ഇന്റർവെൻട്രിക്കുലാർ തകരാറും ശ്വാസകോശ സംബന്ധിയായ പൾമൊണറി അട്രീഷ്യയും നിമിത്തം കഷ്ടപ്പെടുന്ന ഒരു വ്യക്തിയാണു ഞാൻ. ജിമ്മിയുടെ അനുഭവം എന്നെ ഏറെ സാന്ത്വനപ്പെടുത്തി. വിശാലമായ വയലിലൂടെ ഓടാൻ കഴിയുക എന്ന ജിമ്മിയുടെ ആഗ്രഹം എന്റെയും കൂടെ ആഗ്രഹമാണ്. ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന, ആസന്നമായ ദൈവരാജ്യത്തിൽ ഈ മോഹം സഫലമാകുന്നതിനായി അദ്ദേഹത്തെപ്പോലെ ഞാനും കാത്തിരിക്കുന്നു.
എഫ്. എ., ഇറ്റലി
ഡാന്യൂബ് “ഡാന്യൂബ്—അതിനു സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ!” എന്ന മനോഹരമായ ലേഖനത്തിനു നന്ദിപറയാൻ ഞാൻ ആഗ്രഹിക്കുന്നു. (ഒക്ടോബർ 22, 1999) കുട്ടിയായിരിക്കുമ്പോൾ ഞാൻ ഡാന്യൂബിന്റെ പ്രഭവസ്ഥാനത്തിന് അടുത്തായിരുന്നു താമസിച്ചിരുന്നത്. ഞാൻ അതിനെ വളരെയേറെ സ്നേഹിച്ചിരുന്നു. ഒരു ജലശാസ്ത്ര വിദഗ്ധ എന്ന നിലയിൽ, നദികളെ കുറിച്ച് ഗവേഷണം നടത്താനുള്ള അവസരം എനിക്കുണ്ട്. നദികൾ പ്രത്യേകിച്ചും ദൈവത്തിന്റെ വിസ്മയകരമായ സൃഷ്ടികളാണ് എന്നു ഞാൻ കരുതുന്നു.
ഡി. ഒ., ക്രൊയേഷ്യ
1365-ൽ സ്ഥാപിതമായ വിയന്ന സർവകലാശാലയാണ് ജർമൻ ഭാഷാലോകത്തിലെ ഏറ്റവും പഴക്കംചെന്ന സർവകലാശാല എന്നു നിങ്ങൾ പറഞ്ഞല്ലോ. ഇപ്പോൾ ജർമൻ ഭാഷ സംസാരിക്കപ്പെടുന്ന സ്ഥലങ്ങളെ—ജർമനി, ഓസ്ട്രിയ, സ്വിറ്റ്സർലൻഡിന്റെ ചിലയിടങ്ങൾ—ഉദ്ദേശിച്ചാണ് അങ്ങനെ പറഞ്ഞതെങ്കിൽ, ആ പ്രസ്താവന ശരിയാണ്. എന്നിരുന്നാലും, ഏറ്റവും പഴയ ജർമൻ-ഭാഷാ സർവകലാശാല സ്ഥാപിക്കപ്പെട്ടത് 1348-ലാണ്, ഇന്നത്തെ ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിൽ. അന്ന് അത് ഓസ്ട്രിയയുടേതായിരുന്നു.
എം. ഇ. ജർമനി
വാസ്തവത്തിൽ, പ്രാഗ് ബൊഹീമിയയുടെ തലസ്ഥാനമായിരുന്നു. ജർമനും ചെക്കും അവിടത്തെ സംസാര ഭാഷയായിരുന്നെങ്കിലും ആ സർവകലാശാലയുടെ ഔദ്യോഗിക ഭാഷ ലത്തീൻ ആയിരുന്നു.—പത്രാധിപർ
ലജ്ജ “യുവജനങ്ങൾ ചോദിക്കുന്നു . . . എനിക്ക് മറ്റുള്ളവരുമായി കൂടുതൽ ഇടപഴകാൻ കഴിയാത്തത് എന്തുകൊണ്ട്?” എന്ന ലേഖനത്തിന് വളരെ നന്ദി. (ഒക്ടോബർ 22, 1999) ആ ലേഖനം തക്കസമയത്തുള്ള ആഹാരമായിരുന്നു. എനിക്കിപ്പോൾ 17 വയസ്സുണ്ട്. എന്റെ ലജ്ജാപ്രകൃതം എന്നും എനിക്കൊരു പ്രശ്നമായിരുന്നിട്ടുണ്ട്. പുതിയ ആളുകളെ പരിചയപ്പെടാനും ക്രിസ്തീയ കൂടിവരവുകളുടെ സമയങ്ങളിൽ പുതിയവരുമായി സഹവസിക്കാനുമൊക്കെ എനിക്ക് വലിയ ബുദ്ധിമുട്ടാണ്. ഇതുകാരണം, കൂടുതൽ ആളുകളുമായി സൗഹൃദത്തിലാകാനും സഹോദരങ്ങളുമായുള്ള സഹവാസം ആസ്വദിക്കാനുമൊക്കെയുള്ള അവസരങ്ങളാണ് എനിക്കു നഷ്ടമായത്. ലജ്ജാശീലം സാധാരണമാണെന്നും എനിക്കതു തരണം ചെയ്യാൻ കഴിയുമെന്നും മനസ്സിലാക്കാൻ ഈ ലേഖനം സഹായിച്ചു.
ബി. എച്ച്., ഐക്യനാടുകൾ