നിങ്ങൾക്ക് അറിയാമോ?
നിങ്ങൾക്ക് അറിയാമോ?
(ഈ ക്വിസിന്റെ ഉത്തരങ്ങൾ, നൽകിയിരിക്കുന്ന ബൈബിൾ പരാമർശങ്ങളിൽ കണ്ടെത്താൻ കഴിയും. ഉത്തരങ്ങളുടെ മുഴു ലിസ്റ്റും 27-ാം പേജിൽ കൊടുത്തിരിക്കുന്നു. കൂടുതലായ വിവരങ്ങൾക്ക് വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച “തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച” [ഇംഗ്ലീഷ്] എന്ന പ്രസിദ്ധീകരണം കാണുക.)
1.ദൈവത്തെ എങ്ങനെ ആരാധിക്കണമെന്നാണ് യേശു ശമര്യക്കാരി സ്ത്രീയോടു പറഞ്ഞത്? (യോഹന്നാൻ 4:24)
2.സമ്മർദങ്ങൾക്കും പീഡനങ്ങൾക്കും മധ്യേ സഹിച്ചു നിൽക്കാൻ യഹോവ തന്റെ വിശ്വസ്ത ദാസന്മാർക്ക് എന്തു നൽകുന്നു? (2 കൊരിന്ത്യർ 4:7-10)
3.അബീമേലെക് തന്റെ പിതാവായ ഗിദെയോന്റെ 70 പുത്രന്മാരെ വധിക്കാൻ നടത്തിയ ശ്രമത്തിൽനിന്നു രക്ഷപ്പെട്ടത് ഗിദെയോന്റെ ഏറ്റവും ഇളയ മകൻ മാത്രമായിരുന്നു. അവന്റെ പേരെന്ത്? (ന്യായാധിപന്മാർ 9:5)
4.ഇസ്രായേൽ വാഗ്ദത്ത നാട്ടിൽ പ്രവേശിച്ചതിനു ശേഷമുള്ള 50-ാം വർഷം ദേശത്തെല്ലായിടത്തും സ്വാതന്ത്ര്യം പ്രസിദ്ധമാക്കേണ്ടിയിരുന്നു. ആ സംവത്സരത്തിന്റെ പേരെന്ത്? (ലേവ്യപുസ്തകം 25:10)
5.ദാവീദിന് എതിരെ യുദ്ധം ചെയ്യുന്നതിന് അമ്മോന്യർ 12,000 പുരുഷന്മാരെ ഒരു ചെറിയ രാജ്യത്തുനിന്ന് കൂലിക്കെടുക്കുകയുണ്ടായി. ഏതാണ് ആ രാജ്യം? (2 ശമൂവേൽ 10:6)
6.വാഴ്ചയുടെ രണ്ടാം ആണ്ടിൽ തന്റെ സ്വസ്ഥത കെടുത്തിയ എന്തു സ്വപ്നമാണ് ബാബിലോണിയൻ രാജാവായ നെബൂഖദ്നേസർ കണ്ടത്? (ദാനീയേൽ 2:1, 31)
7.ശിംശോൻ ദൈവദത്തമായ ശക്തി ഉപയോഗിച്ചതിനെ കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്ന ആദ്യ സന്ദർഭത്തിൽ അവൻ കൈകൊണ്ട് രണ്ടായി കീറിക്കളഞ്ഞത് എന്തിനെയായിരുന്നു? (ന്യായാധിപന്മാർ 14:5, 6)
8.കുറ്റിക്കാട്ടിൽ കൊമ്പ് ഉടക്കി കിടക്കുന്നതായി കാണപ്പെട്ട ഏതു മൃഗത്തെയാണ് അബ്രാഹാം ഇസ്ഹാക്കിനു പകരമായി യാഗം കഴിച്ചത്? (ഉല്പത്തി 22:13)
9.അമാലേക്യർക്ക് എതിരെയുള്ള യുദ്ധത്തിൽ ശൗൽ രാജാവ് യഹോവയുടെ കൽപ്പന ലംഘിച്ചത് ഏതു വിധത്തിൽ? (1 ശമൂവേൽ 15:3-9)
10.ബാബിലോണിലെ പ്രവാസത്തിനു ശേഷം, യഹൂദന്മാരുടെ മതേതര കലണ്ടറിലെ ഒന്നാം മാസമായ ഏഥാനീമിന് നൽകിയ പേർ?
11.മൂന്നു ദിവസത്തെ തെരച്ചിലിനു ശേഷം യേശുവിന്റെ മാതാപിതാക്കൾ 12 വയസ്സുള്ള തങ്ങളുടെ മകനെ കണ്ടെത്തിയത് എവിടെയാണ്? (ലൂക്കൊസ് 2:46)
12.യേശു ജയശാലിയായി കഴുതക്കുട്ടിയുടെ പുറത്തു വരുമ്പോൾ ആനന്ദിക്കാൻ പ്രാവചനികമായി ആരോടു പറയപ്പെട്ടു? (സെഖര്യാവു 9:9)
13.എന്തുകൊണ്ടാണ് “സ്വർഗ്ഗത്തിൽ നിക്ഷേപം” സ്വരൂപിക്കാൻ യേശു ഉപദേശിച്ചത്? (മത്തായി 6:20)
14.വാർധക്യകാലത്തു വ്യാജാരാധനയിലേക്കു തിരിഞ്ഞ ശലോമോനു നേരെ യഹോവ തന്റെ കോപം പ്രകടിപ്പിച്ചത് എങ്ങനെ? (1 രാജാക്കന്മാർ 11:14, 23-26)
15.സകല ജാഗ്രതയോടുംകൂടെ എന്തിനെ കാത്തുകൊള്ളാനാണ് തിരുവെഴുത്തുകൾ നമ്മെ ബുദ്ധിയുപദേശിക്കുന്നത്? (സദൃശവാക്യങ്ങൾ 4:23)
16.ഇസ്രായേലിന് എതിരെയുള്ള യഹോവയുടെ വാക്കുകൾ അടങ്ങിയ ചുരുൾ വായിച്ചു കേട്ടപ്പോൾ യെഹോയാക്കീം രാജാവ് എന്താണു ചെയ്തത്? (യിരെമ്യാവു 36:23)
17.തന്റെ പുത്രനായ യോസേഫ് എങ്ങനെ കൊല്ലപ്പെട്ടു എന്ന നിഗമനത്തിലാണ് യാക്കോബ് എത്തിച്ചേർന്നത്? (ഉല്പത്തി 37:33)
18.പുരാതനകാലം മുതൽക്കേ “ഈന്തനഗരം” എന്ന് അറിയപ്പെട്ടിരുന്ന സ്ഥലം ഏത്? (ആവർത്തനപുസ്തകം 34:3)
ക്വിസിനുള്ള ഉത്തരങ്ങൾ
1.“ആത്മാവിലും സത്യത്തിലും”
2.“അത്യന്തശക്തി”
3.യോഥാം
4.യോബേൽ
5.തോബ്
6.വ്യത്യസ്ത ലോഹങ്ങളാൽ നിർമിതമായ ശരീരഭാഗങ്ങളോടു കൂടിയ വലിയൊരു മനുഷ്യ ബിംബത്തെ കുറിച്ചുള്ള സ്വപ്നം
7.ഒരു ബാലസിംഹത്തെ
8.ഒരു ആട്ടുകൊറ്റനെ
9.അവരുടെ രാജാവായ ആഗാഗിനെയും മേൽത്തരമായ ആടുമാടുകളെയും ജീവനോടെ സൂക്ഷിച്ചുകൊണ്ട്
10.തിസ്രി
11.ദൈവാലയത്തിൽ
12.“സീയോൻപുത്രി”യോട്
13.ഭൗതിക സമ്പത്ത് നശ്വരവും ദൈവമുമ്പാകെ മൂല്യമില്ലാത്തതുമാണ്
14.യഹോവ തന്റെ അനുഗ്രഹം പിൻവലിക്കുകയും ശലോമോനു നേരെ പ്രതിയോഗികളെ എഴുന്നേൽപ്പിക്കുകയും ചെയ്തു
15.ആലങ്കാരിക ഹൃദയത്തെ
16.അവൻ അതു മുറിച്ച് തീയിൽ ഇട്ടുകളഞ്ഞു
17.“ഒരു ദുഷ്ടമൃഗ”ത്താൽ
18.യെരീഹോ