ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
ഭൂമി—ഒരു അതുല്യ ഗ്രഹം
പുതിയ പുതിയ ഗ്രഹങ്ങളെ തങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ് എന്ന് ജ്യോതിശ്ശാസ്ത്രജ്ഞർ പറയുന്നു. നക്ഷത്രങ്ങൾക്കുണ്ടാകുന്ന നേരിയ ചലനം അളന്നാണ് അത്തരം ഗ്രഹങ്ങൾ സ്ഥിതി ചെയ്യുന്നതായി ശാസ്ത്രജ്ഞർ മനസ്സിലാക്കുന്നത്. നക്ഷത്രങ്ങളെ ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളുടെ ഗുരുത്വാകർഷണ ശക്തി നിമിത്തമാണ് ഈ ദോലനം ഉണ്ടാകുന്നത്. 1999-ലെ കണക്കനുസരിച്ച്, നമ്മുടെ സൗരയൂഥത്തിനു വെളിയിൽ അത്തരത്തിലുള്ള 28 ഗ്രഹങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്. പുതുതായി കണ്ടെത്തിയ ഗ്രഹങ്ങൾക്ക് ഭൂമിയുടേതിനെക്കാൾ ഏതാണ്ട് 318 മടങ്ങ് ദ്രവ്യമാനമുള്ള വ്യാഴത്തിന്റെ അത്രയുമോ അതിൽ കൂടുതലോ വലുപ്പമുണ്ടത്രേ. വ്യാഴത്തെ പോലെതന്നെ ഈ ഗ്രഹങ്ങൾ ഹീലിയവും ഹൈഡ്രജനും കൊണ്ടുള്ളവയാണെന്നു കരുതപ്പെടുന്നു. ഈ ഗ്രഹങ്ങളുടെ ഭ്രമണപഥത്തിന്റെ അകലം പരിഗണിക്കുമ്പോൾ ഭൂമിയോളം മാത്രം വലുപ്പമുള്ള അയൽ ഗ്രഹങ്ങൾ അവയ്ക്ക് ഉണ്ടായിരിക്കാനുള്ള സാധ്യത തീരെ കുറവാണ്. കൂടാതെ, ഭൂമിയുടെ 150 ദശലക്ഷം കിലോമീറ്റർ വരുന്ന വൃത്താകാര ഭ്രമണപഥത്തിൽ നിന്നു വ്യത്യസ്തമായി ഇവയുടെ ഭ്രമണപഥം അണ്ഡാകാരത്തിലുള്ളതാണ്. ഇത്തരത്തിലുള്ള ഒരു ഭ്രമണപഥത്തിലായിരിക്കെ ഗ്രഹം അതിന്റെ നക്ഷത്രത്തിൽനിന്ന് 58 ദശലക്ഷം കിലോമീറ്റർ മുതൽ 344 ദശലക്ഷം കിലോമീറ്റർ വരെ അകലത്തിലായിരിക്കും. “നമ്മുടെ സൗരയൂഥത്തിൽ കാണപ്പെടുന്നതുപോലെ കൃത്യമായി ക്രമീകരിക്കപ്പെട്ടിരിക്കുന്ന വൃത്താകാര ഭ്രമണപഥങ്ങൾ താരതമ്യേന വിരളമാണെന്നു തോന്നുന്നു” എന്ന് ഒരു ജ്യോതിശ്ശാസ്ത്രജ്ഞൻ പറയുന്നു.
ആശയവിനിമയം ചൂളമടിയിലൂടെ
കാനറി ദ്വീപുകളിലൊന്നായ ഗോമേറേയിലുള്ള സ്പാനീഷുകാരായ സ്കൂൾ കുട്ടികളോട്, അവിടത്തെ ആട്ടിടയന്മാർ നൂറ്റാണ്ടുകളോളം ഉപയോഗിച്ചിരുന്ന ചൂളമടി ഭാഷ പഠിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നതായി ലണ്ടനിലെ ദ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. ഗോമേറേയിലെ പർവതപ്രദേശത്ത് ആട്ടിടയന്മാർ പരസ്പരം ആശയവിനിമയം നടത്തിയിരുന്നത് സിൽബോ അഥവാ ചൂളമടി വഴിയാണ്. ഒരു പദത്തിലെ അക്ഷരങ്ങളെ അനുകരിക്കുന്ന ശബ്ദങ്ങൾ അവർ ചൂളമടിയിൽ ഉപയോഗിച്ചിരുന്നു. വിരലുകൾ വായിലിട്ട് കൈപ്പത്തി കുമ്പിൾ പോലെയാക്കി വ്യത്യസ്ത ഈണങ്ങളിലാണ് അവർ ചൂളമടിച്ചിരുന്നത്. ഈ രീതിയിൽ ചൂളമടിക്കുമ്പോൾ മൂന്നു കിലോമീറ്റർ അകലെ വരെ ശബ്ദം എത്തുമായിരുന്നു. 1960-കളിൽ ഏതാണ്ട് അപ്രത്യക്ഷമായ സിൽബോ വീണ്ടും പ്രചാരത്തിൽ വന്നിരിക്കുന്നു. ഗോമേറേയിൽ ഇപ്പോൾ ഒരു വാർഷിക ചൂളമടി ദിനം പോലും ആചരിക്കുന്നുണ്ട്. എന്നിരുന്നാലും ഈ ഭാഷയ്ക്ക് ചില പരിമിതികളുണ്ട്. “ഈ ഭാഷ ഉപയോഗിച്ച് നിങ്ങൾക്കു സംഭാഷണം നടത്താൻ കഴിയുമെന്നതു ശരിതന്നെ, പക്ഷേ വളരെ കുറച്ചു കാര്യങ്ങളെ സംസാരിക്കാൻ സാധിക്കൂ” എന്ന് അവിടത്തെ ഒരു വിദ്യാഭ്യാസ ഡയറക്ടറായ ച്വാൻ ഇവാറിസ്റ്റോ പറയുന്നു.
കുട്ടികളും ഉറക്കവും
“കുട്ടികൾ എത്ര നേരം ഉറങ്ങണമെന്നതു സംബന്ധിച്ചു മാത്രമല്ല ഉറങ്ങാൻ പോകുന്നതിനു മുമ്പ് അവർക്ക് എന്തൊക്കെ ചെയ്യാം എന്നതു സംബന്ധിച്ചും മാതാപിതാക്കൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതാണ്,” പേരന്റ്സ് എന്ന മാസിക പറയുന്നു. “ടിവി കാണുന്നതും കമ്പ്യൂട്ടർ-വീഡിയോ ഗെയിമുകൾ കളിക്കുന്നതും ഇന്റർനെറ്റിലൂടെ സർഫ് ചെയ്യുന്നതുമൊക്കെ കുട്ടികളുടെ മനസ്സിനെ ദീർഘനേരം പ്രവർത്തനനിരതമാക്കുന്ന സംഗതികളാണ്. മാത്രമല്ല സ്കൂൾ സമയം കഴിഞ്ഞ് അനേകം പാഠ്യേതര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതു നിമിത്തം ഗൃഹപാഠങ്ങൾ ചെയ്തുതീർക്കാൻ കഴിയാതെ വരുന്നു.” ഉറക്കക്കുറവ് മിക്കപ്പോഴും കുട്ടികളെ ബാധിക്കുന്നത് മുതിർന്നവരെ ബാധിക്കുന്നതിൽനിന്നു വ്യത്യസ്തമായ ഒരു രീതിയിലാണ് എന്ന് ഗവേഷണഫലങ്ങൾ പ്രകടമാക്കുന്നു. മുതിർന്നവർ ഉറക്കംതൂങ്ങികളും ഉന്മേഷമില്ലാത്തവരും ആയിത്തീരുമ്പോൾ കുട്ടികൾ അമിത ചുറുചുറുക്കുള്ളവരും നിയന്ത്രണാതീതരും ആയി മാറുന്നു. തത്ഫലമായി, വേണ്ടത്ര ഉറക്കം കിട്ടാത്ത കുട്ടികൾക്ക് ക്ലാസ്സിൽ ശ്രദ്ധിക്കാനും പഠിച്ച കാര്യങ്ങൾ ഓർമിക്കാനും കണക്കു ചെയ്യാനുമൊക്കെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. കുട്ടികൾക്ക് ഉറങ്ങാൻ മാതാപിതാക്കൾ ഒരു കൃത്യ സമയം വെക്കണമെന്നും മറ്റൊന്നും ചെയ്യാനില്ലാത്തപ്പോഴോ ക്ഷീണിച്ചു തളരുമ്പോഴോ ചെയ്യേണ്ട ഒരു സംഗതിയായി ഉറക്കത്തെ കാണാതെ അതിന് മുൻഗണന നൽകണമെന്നും വിദഗ്ധർ പറയുന്നു.
എയ്ഡ്സ് ഒരു ആഗോള പ്രശ്നം
ഐക്യരാഷ്ട്ര സംഘടനയുടെ ഒരു പുതിയ റിപ്പോർട്ടനുസരിച്ച്, ലോകവ്യാപകമായി “5 കോടിയിലധികം ആളുകളെ—ഇതു യുണൈറ്റഡ് കിങ്ഡത്തിന്റെ ജനസംഖ്യക്കു തുല്യമാണ്—എച്ച്ഐവി-എയ്ഡ്സ് ബാധിച്ചിരിക്കുന്നു. മാത്രമല്ല എയ്ഡ്സ് ബാധിച്ച് ഇപ്പോൾത്തന്നെ 1 കോടി 60 ലക്ഷം പേർ മരിക്കുകയും ചെയ്തിരിക്കുന്നു” എന്നു കാനഡയുടെ ദ ഗ്ലോബ് ആൻഡ് മെയിൽ പറയുന്നു. “ഒമ്പത് ആഫ്രിക്കൻ രാജ്യങ്ങളിൽ നടത്തിയ പഠനങ്ങൾ കാണിക്കുന്നതനുസരിച്ച്, രോഗബാധിതരായ സ്ത്രീകളുടെ എണ്ണം രോഗബാധിതരായ പുരുഷന്മാരുടെ എണ്ണത്തെക്കാൾ 20 ശതമാനം കൂടുതലാണ്.” അതുപോലെ “കൗമാരപ്രായക്കാരായ ആൺകുട്ടികളെക്കാൾ ആ പ്രായത്തിലുള്ള പെൺകുട്ടികൾക്ക് എച്ച്ഐവി-എയ്ഡ്സ് പിടിപെടാനുള്ള സാധ്യത ഏതാണ്ട് അഞ്ചിരട്ടിയാണ്” എന്നും തെളിഞ്ഞു. എച്ച്ഐവി/എയ്ഡ്സ് സംയുക്ത ഐക്യരാഷ്ട്ര പദ്ധതിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായ പീറ്റർ പ്യോ പൂർവ യൂറോപ്പിലെ സ്ഥിതിവിശേഷത്തെ “സ്ഫോടനാത്മകം” എന്നാണു വിശേഷിപ്പിക്കുന്നത്. “മുൻ സോവിയറ്റ് യൂണിയനിലെ എച്ചഐവി ബാധിതരുടെ എണ്ണം കഴിഞ്ഞ രണ്ടു വർഷംകൊണ്ട് ഇരട്ടിയിലധികമായെന്നും ഇതുപോലൊരു വർധനവ് ലോകത്തെങ്ങും ഇതുവരെയും ഉണ്ടായിട്ടില്ലെന്നും” റിപ്പോർട്ടു ചൂണ്ടിക്കാണിക്കുന്നു. മയക്കുമരുന്നു കുത്തിവെക്കുന്നതിൽ ഉണ്ടായ വർധനവാണ് ഇതിനു കാരണമെന്നു വിദഗ്ധർ പറയുന്നു. ലോകവ്യാപകമായി, എച്ച്ഐവി-എയ്ഡ്സ് ബാധിക്കുന്നവരിൽ പകുതിയിലധികവും “25-ാം വയസ്സോടെ രോഗത്തിന് അടിമയാകുകയും സാധാരണഗതിയിൽ 35-ാം പിറന്നാളിനു മുമ്പെ മരിക്കുകയും ചെയ്യുന്നു.”
സൺസ്ക്രീൻ ലോഷനുകളും അർബുദവും
“സൂര്യപ്രകാശത്തിൽനിന്ന് വർധിച്ച സംരക്ഷണം വാഗ്ദാനം ചെയ്യുന്ന (ഉയർന്ന സൺ പ്രൊട്ടക്ഷൻ ഫാക്ടർ ഉള്ള) സൺസ്ക്രീൻ ലോഷനുകൾ ഉപയോഗിക്കുന്നവരെ
ഒരു വ്യാജ സുരക്ഷിതത്വബോധം പിടികൂടുന്നു. ഇത്തരം ലോഷനുകൾ ഉപയോഗിക്കുന്നവർ വെയിലത്തു കൂടുതൽ സമയം ചെലവഴിക്കാൻ പ്രവണത കാട്ടുന്നു. ഇങ്ങനെ കൂടുതൽ നേരം സൂര്യകിരണങ്ങൾ ഏൽക്കുന്നതിന്റെ ഫലമായി അവർക്കു ചർമാർബുദം പിടിപെടാനുള്ള സാധ്യത വർധിക്കുന്നു” എന്ന് ലണ്ടനിലെ ദ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. ഫാക്ടർ 30 സൺസ്ക്രീൻ ലോഷനുകൾ ഉപയോഗിക്കുന്നവർ ഫാക്ടർ 10 ലോഷനുകൾ ഉപയോഗിക്കുന്നവരെക്കാൾ 25 ശതമാനം കൂടുതൽ സമയം വെയിലത്തു ചെലവഴിക്കുന്നതായി ഇറ്റലിയിലെ മിലാനിലുള്ള അർബുദശാസ്ത്രപഠന യൂറോപ്യൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ കണ്ടെത്തി. ഈ ഗവേഷണത്തിനു തുടക്കമിട്ട ഫിലീപ് ഒട്ട്യേ ഇങ്ങനെ പറയുന്നു: “ചർമാർബുദം, പ്രത്യേകിച്ച് മെലാനോമ, തടയുന്നതിൽ സൺസ്ക്രീൻ ലോഷനുകൾ എത്ര ഫലപ്രദമാണെന്നുള്ളതു തെളിയിക്കപ്പെട്ടിട്ടില്ല. എന്നാൽ വിനോദങ്ങളിലും മറ്റും ഏർപ്പെട്ടുകൊണ്ട് അധികസമയം വെയിലേൽക്കുന്നതും ചർമാർബുദവും തമ്മിൽ വളരെ അടുത്ത ബന്ധമുണ്ടെന്നുള്ളതിനു ശക്തമായ തെളിവുകൾ ഉണ്ട്.” സൺസ്ക്രീൻ ലോഷനുകൾ എത്രമാത്രം സംരക്ഷണം പ്രദാനം ചെയ്താലും കൂടുതൽ സമയം വെയിലേൽക്കുന്നതിനെതിരെ ജാഗ്രത പുലർത്താൻ ആരോഗ്യ വിദഗ്ധർ ഇപ്പോൾ ഉപദേശിക്കുന്നു. ബ്രിട്ടീഷ് ആരോഗ്യ വിദ്യാഭ്യാസ വിഭാഗത്തിലെ കാൻസർ വിരുദ്ധ പ്രചാരണപരിപാടിയുടെ മാനേജറായ ക്രിസ്റ്റോഫർ ന്യൂ പറയുന്നു: “സൺസ്ക്രീൻ ലോഷനുകൾ ഉപയോഗിക്കുന്നതു നിറുത്തേണ്ട, എന്നാൽ അവ ഉപയോഗിക്കുന്നുവെന്നു കരുതി കൂടുതൽ സമയം വെയിലത്തു ചെലവഴിക്കരുത്.”അത്യുത്തമ ഗതാഗത മാർഗമോ?
പതിറ്റാണ്ടുകളായി ഇന്ത്യയിൽ സൈക്കിൾ റിക്ഷ ഉപയോഗത്തിലിരിക്കുന്നു. എന്നുവരികിലും അതിന്റെ രൂപഘടനയ്ക്കു കാര്യമായ മാറ്റമൊന്നും വന്നിട്ടില്ലെന്ന് ഔട്ട്ലുക്ക് മാസിക പറയുന്നു. അതിന് ഇപ്പോഴും “ഗിയർ സംവിധാനം ഇല്ല. കൂടാതെ ഫ്രെയിം പച്ചിരുമ്പുകൊണ്ടും യാത്രക്കാർ ഇരിക്കുന്ന ഭാഗം ഭാരമുള്ള തടികൊണ്ടുമാണു നിർമിക്കുന്നത്. മുമ്പോട്ട് അൽപ്പം ചെരിഞ്ഞിരിക്കുന്ന അതിന്റെ സീറ്റുകളും ഇപ്പോഴും അങ്ങനെതന്നെയാണ്.” ഇത്തരം റിക്ഷകൾ ഓടിക്കുന്നത് വളരെ ആയാസകരമായ ഒരു സംഗതിയാണ്, ഒട്ടും ആരോഗ്യമില്ലാത്ത വൃദ്ധരാണ് മിക്കപ്പോഴും അവ ഓടിക്കുന്നതും. അതുകൊണ്ട് അവയുടെ ഉപയോഗത്തിനെതിരായി സമീപ വർഷങ്ങളിൽ വലിയ ഒച്ചപ്പാടുണ്ടായിട്ടുണ്ട്. എന്നാൽ ഇന്ത്യയിലെ വായുമലിനീകരണം ഇപ്പോൾ വളരെ അപകടകരമായ നിലയിൽ എത്തിയിരിക്കുന്നതിനാൽ സൈക്കിൾ റിക്ഷയ്ക്ക് ആയുസ്സ് നീട്ടിക്കിട്ടിയിരിക്കുകയാണ്. ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു കമ്പനി ഇപ്പോൾ ഭാരംകുറഞ്ഞ, കൂടുതൽ ഒതുക്കമുള്ള ഒരു മോഡലുമായി രംഗത്തെത്തിയിരിക്കുന്നു. ഈ രൂപഘടന കാറ്റിന്റെ പ്രതിരോധം കുറയ്ക്കുന്നു. കൂടാതെ സൈക്കിൾ ചവിട്ടുന്നതു വളരെ എളുപ്പമാക്കിത്തീർക്കുന്ന ഒരു ഗിയർ സംവിധാനവും, ഓടിക്കുന്നയാൾക്ക് സുഖകരമായി ഇരിക്കുന്നതിനുള്ള സൗകര്യവും, കൈക്കുഴയുടെ ആയാസം കുറയ്ക്കുന്ന തരത്തിലുള്ള പിടിയും, യാത്രക്കാർക്കു സൗകര്യപ്രദമായ ഇരിപ്പിടങ്ങളും, കൂടുതൽ സ്ഥലവും ഇതിനുണ്ട്. ഈ സംരംഭത്തിനു നേതൃത്വം നൽകിയ ടി. വിനീത് പറയുന്നതനുസരിച്ച് “മനുഷ്യാവകാശങ്ങൾക്കും മലിനീകരണ വിമുക്ത പരിസ്ഥിതിക്കും വളരെ പ്രാധാന്യം നൽകുന്ന ഇന്നത്തെ രാഷ്ട്രീയ-സാമൂഹിക പരിതസ്ഥിതിക്കു വളരെ യോജിച്ചതാണ് ഇത്.” ഔട്ട്ലുക്ക് പറയുന്നു: “നിസ്സാരനെന്നു തോന്നിക്കുന്ന നമ്മുടെ ഈ റിക്ഷ 21-ാം നൂറ്റാണ്ടിലെ അത്യുത്തമ ഗതാഗത മാർഗം ആയിത്തീർന്നേക്കാം.”
കത്തിനോടു കിടപിടിക്കാൻ ഒന്നുമില്ല
“ഒരു കത്തിനോടു കിടപിടിക്കാൻ [ഇന്നേവരെ] ഒരു സാങ്കേതികവിദ്യക്കും കഴിഞ്ഞിട്ടില്ല” എന്ന് ല ഫിഗാറോ എന്ന വർത്തമാനപ്പത്രം പ്രസ്താവിക്കുന്നു. 1999-ൽ ഫ്രാൻസിലെ തപാൽ വിഭാഗം 2,500 കോടി കത്തുകളാണു വിതരണം ചെയ്തത്, അത് ഒരു റെക്കോർഡാണ്. ഇവയിൽ 90 ശതമാനവും ബിസിനസ് കത്തുകളായിരുന്നു, വ്യക്തിപരമായ കത്തുകൾ 10 ശതമാനം മാത്രം. തപാൽ ഉരുപ്പടിയിൽ ഏതാണ്ടു പകുതിയോളവും ഏതെങ്കിലും തരത്തിലുള്ള പരസ്യങ്ങൾ അടങ്ങുന്നവയായിരുന്നു. അങ്ങനെയുള്ള കത്തുകൾ കിട്ടിയവർക്കിടയിൽ നടത്തിയ സർവേയിൽ 98 ശതമാനവും അവ വളരെ ശ്രദ്ധാപൂർവം വായിച്ചതായി പറയുകയുണ്ടായി. ഫ്രാൻസിലെ തപാൽ ഉരുപ്പടികൾ വിതരണം ചെയ്യുന്ന 90,000 പേർ—അവരിൽ 40 ശതമാനം സ്ത്രീകളാണ്—ദിവസവും ലഭിക്കുന്ന 6 കോടി കത്തുകൾ വിതരണം ചെയ്യുന്നതിനായി 72,000 റൗണ്ടുകൾ വെക്കുന്നു.
ഇൻഷ്വറൻസ് കമ്പനികൾ ഉത്കണ്ഠയിൽ
1999 “ഇൻഷ്വറൻസ് കമ്പനികളെ സംബന്ധിച്ചിടത്തോളം ശപിക്കപ്പെട്ട ഒരു വർഷമായിരുന്നു” എന്ന് ഫ്രഞ്ച് വർത്തമാനപ്പത്രമായ ലെ മോൺട് റിപ്പോർട്ടു ചെയ്യുന്നു. 1998-ൽ പ്രകൃതിവിപത്തുകൾ മൂലം 9,000 കോടി ഡോളറിന്റെ നഷ്ടംവന്നു. അതിൽ 1,500 കോടി ഡോളർ ഇൻഷ്വറൻസ് കമ്പനികൾ തിരിച്ചു നൽകി. ടർക്കിയിലും തായ്വാനിലും ഭൂകമ്പങ്ങൾ, ജപ്പാനിൽ ചുഴലിക്കാറ്റ്, ഇന്ത്യയിലും വിയറ്റ്നാമിലും വെള്ളപ്പൊക്കം എന്നിങ്ങനെ വളരെയേറെ ദുരന്തങ്ങൾ ഉണ്ടായ 1999-ൽ ഇൻഷ്വറൻസുകാർക്ക് മുൻവർഷത്തെക്കാൾ വലിയ നഷ്ടം സംഭവിച്ചിട്ടുണ്ടാകണം. ജനങ്ങൾ തിങ്ങിപ്പാർക്കുന്നിടങ്ങളിൽ വലിയ വിപത്തുകളുണ്ടാകാനുള്ള സാധ്യത വർധിക്കുന്നത് ഇൻഷ്വറൻസുകാരെ ഉത്കണ്ഠാകുലരാക്കുന്നു. ആഗോളതപനത്തിന്റെ “വിനാശകരമായ ഫലങ്ങളെ” കുറിച്ചും “മനുഷ്യപ്രവർത്തനങ്ങൾക്ക് കാലാവസ്ഥയിന്മേലുള്ള പ്രത്യാഘാതങ്ങളെ” കുറിച്ചും ലോകത്തിലെ ഏറ്റവും പേരുകേട്ട ഇൻഷ്വറൻസ് സ്ഥാപനം മുന്നറിയിപ്പു നൽകുന്നു.
എവറസ്റ്റ് കൊടുമുടിയുടെ ഉയരം കൂടുന്നു
“ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവതമായ എവറസ്റ്റിന് ശാസ്ത്രജ്ഞർ മുമ്പ് വിചാരിച്ചിരുന്നതിനെക്കാൾ ഉയരമുണ്ട്, അതിന്റെ ഉയരം കൂടിക്കൊണ്ടിരിക്കുകയാണ്” എന്നു റോയിറ്റേഴ്സ് വാർത്താ ഏജൻസിയുടെ ഒരു പുതിയ റിപ്പോർട്ട് പറയുന്നു. “1954-ലെ ഔദ്യോഗിക കണക്കിൻപ്രകാരം എവറസ്റ്റിന്റെ ഉയരം 8,848 മീറ്ററാണെന്നു നിശ്ചയിച്ചിരുന്നു. എന്നാൽ അതിസങ്കീർണ ഉപഗ്രഹസംവിധാനങ്ങളുടെ സഹായത്താൽ, ഇപ്പോൾ ഈ കൊടുമുടിയുടെ ഉയരം 8,850 മീറ്റർ അതായത് ഏകദേശം 8.9 കിലോമീറ്റർ ആണെന്നു പർവതാരോഹകർ കണക്കാക്കുന്നു. . . . ഇത് മുമ്പത്തെക്കാൾ 2 മീറ്റർ കൂടുതലാണ്.” മഞ്ഞുമൂടിക്കിടക്കുന്ന കൊടുമുടിയുടെ ഉയരമാണ് ഇത്. മഞ്ഞു മാറ്റിയാൽ പർവതത്തിന് എന്തുമാത്രം ഉയരം ഉണ്ടായിരിക്കും എന്നുള്ളത് ഇപ്പോഴും അജ്ഞാതമാണ്. നാഷണൽ ജിയോഗ്രഫിക് സൊസൈറ്റി അതിന്റെ ഭൂപടങ്ങളിൽ ഈ പുതിയ കണക്കു സ്വീകരിച്ചിരിക്കുന്നു. ഉയരം കൂടുന്നതിനു പുറമേ കൊടുമുടി—ശരിക്കും പറഞ്ഞാൽ മുഴു ഹിമാലയഗിരിനിരയും—എല്ലാ വർഷവും വടക്കുകിഴക്കൻ ദിശയിൽ, ചൈനയുടെ ഭാഗത്തേക്ക് 1.5 മുതൽ 6 വരെ മില്ലിമീറ്റർ നീങ്ങിക്കൊണ്ടിരിക്കുകയുമാണ്.