ഡിഎസ്ടി— സമയത്തിനുമുമ്പ് ഉടലെടുത്ത ആശയമോ?
ഡിഎസ്ടി— സമയത്തിനുമുമ്പ് ഉടലെടുത്ത ആശയമോ?
അനേകർക്കും വർഷത്തിൽ രണ്ടു തവണ തങ്ങളുടെ ക്ലോക്കിലെ സമയം ക്രമപ്പെടുത്തേണ്ടി വരുന്നത് എന്തുകൊണ്ടാണ്? അതു മുന്നോട്ടും പുറകോട്ടും തിരിച്ചുവെക്കേണ്ടി വരുന്നത് ചിലരെ സംബന്ധിച്ചിടത്തോളം ഒരു തലവേദനയാണ്. ഡിഎസ്ടി അഥവാ ഡേലൈറ്റ് സേവിങ് ടൈം (പകലിനു ദൈർഘ്യം കൂടുതലുള്ള മാസങ്ങളിൽ, എല്ലാ ക്ലോക്കുകളിലെയും സമയം ഒരുപോലെ മുന്നോട്ടാക്കിവെച്ചുകൊണ്ട് പകൽവെളിച്ചം കൂടുതലായി ഉപയോഗപ്പെടുത്തുന്നതിനുള്ള സംവിധാനം) എന്ന ആശയം ഉടലെടുത്തത് എങ്ങനെ? ആരാണ് അതിന്റെ ഉപജ്ഞാതാവ്?
എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നതനുസരിച്ച് 1784-ൽ ബെഞ്ചമിൻ ഫ്രാങ്ക്ളിൻ എന്ന വ്യക്തിയാണ് ‘പകൽവെളിച്ചം നഷ്ടപ്പെടുത്താതിരിക്കൽ’ എന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചത്. ഒരു നൂറ്റാണ്ടിലേറെ കാലത്തിനു ശേഷം വില്യം വില്ലെറ്റ് എന്ന ഇംഗ്ലീഷുകാരൻ അതിന്റെ പ്രചാരണാർഥം തീവ്രമായി പ്രവർത്തിച്ചു. എന്നിരുന്നാലും പാർലമെന്റ് അതിന് അനുകൂലമായി ഒരു നിയമം പാസാക്കുന്നതിനു മുമ്പ് വില്ലെറ്റ് മരിച്ചു.
ബ്രിട്ടീഷ് എഴുത്തുകാരനായ ടോണി ഫ്രാൻസിസ് പറയുന്നതനുസരിച്ച്, കെന്റിലെ ചിസൽഹഴ്സ്റ്റ് ജില്ലയിൽനിന്നുള്ള ഒരു കെട്ടിടനിർമാണ വിദഗ്ധൻ ആയിരുന്ന വില്ലെറ്റ് ഒരു വേനൽക്കാലത്ത് പെറ്റ്സ് വുഡ് പട്ടണത്തിലൂടെ അതിരാവിലെ കുതിരസവാരി നടത്തുമ്പോഴാണ് സമയത്തിൽ ക്രമപ്പെടുത്തൽ നടത്തുന്നതിന്റെ ഗുണത്തെ കുറിച്ച് ആദ്യമായി ചിന്തിക്കുന്നത്. ആ സവാരിക്കിടയിൽ, പല വീടുകളുടെയും ജനലുകൾ അടഞ്ഞു കിടക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ‘പകൽവെളിച്ചം വെറുതെ പാഴായിപ്പോകുകയാണല്ലോ!’ എന്ന് അദ്ദേഹം ഓർത്തിട്ടുണ്ടാകണം. പിന്നെ ക്ലോക്കുകൾ ക്രമപ്പെടുത്തുന്നതിനായി ബ്രിട്ടീഷ് പാർലമെന്റിൽ ഒരു ബില്ല് പാസാക്കാനുള്ള ശ്രമംതുടങ്ങി അദ്ദേഹം. വസന്ത, വേനൽ മാസങ്ങളിൽ നാലു തവണയായി—ഓരോ പ്രാവശ്യവും 20 മിനിട്ടു വീതം—ക്ലോക്കിലെ സമയം 80 മിനിട്ടു മുന്നോട്ടു തിരിച്ചുവെക്കുകയും ശരത്കാലത്ത് അതു പഴയപടി ആക്കുകയും ചെയ്തുകൊണ്ട് വൈകുന്നേരങ്ങളിൽ കൂടുതൽ സമയം പകൽവെളിച്ചം ആസ്വദിക്കാൻ കഴിയുമായിരുന്നു.
വില്ലെറ്റ് തന്റെ ഒരു ലഘുലേഖയിൽ ഇങ്ങനെ എഴുതിയതായി ഫ്രാൻസിസ് റിപ്പോർട്ടു ചെയ്യുന്നു: “സ്രഷ്ടാവു മനുഷ്യനു നൽകിയിരിക്കുന്ന ഏറ്റവും മഹത്തായ ദാനങ്ങളിൽ ഒന്നാണു വെളിച്ചം. പകൽവെളിച്ചം ഉള്ളപ്പോൾ എങ്ങും സന്തോഷം കളിയാടും, ഉത്കണ്ഠകൾ നമ്മെ അത്രകണ്ട് ഭാരപ്പെടുത്തുകയില്ല, ജീവിതപോരാട്ടത്തിൽ തളർന്നു പിന്മാറാതിരിക്കാനുള്ള ധൈര്യം ലഭിക്കും.”
എഡ്വേർഡ് ഏഴാമൻ രാജാവ്, പാർലമെന്റ് ബില്ല് പാസാക്കുന്നതിനൊന്നും കാത്തുനിന്നില്ല. സാൻഡ്രിങ്ങാം രാജകൊട്ടാരത്തിലും അതിനു ചുറ്റുമുള്ള 19,500 ഏക്കർ പ്രദേശത്തും ഡിഎസ്ടി നടപ്പിലാക്കാൻ അദ്ദേഹം ഉത്തരവിട്ടു. പിന്നീട് വിൻസോറിലെയും ബാൽമോറാലിലെയും കൊട്ടാരംവക എസ്റ്റേറ്റുകളിലും അദ്ദേഹം ഇതു നടപ്പിലാക്കി.
ഡിഎസ്ടി അംഗീകരിക്കാൻ അവസാനം പാർലമെന്റംഗങ്ങളെ പ്രേരിപ്പിച്ചത് എന്തായിരുന്നു? ഒന്നാം ലോകമഹായുദ്ധകാലത്ത് കൃത്രിമ വെളിച്ചത്തിനുള്ള ആവശ്യം കുറച്ചുകൊണ്ട് ഇന്ധനം ലാഭിക്കാൻ അവർ ആഗ്രഹിച്ചു! സമാനമായ കാരണങ്ങളാൽ പെട്ടെന്നുതന്നെ മറ്റു രാജ്യങ്ങളും ഈ ആശയം സ്വീകരിച്ചുതുടങ്ങി. ഇംഗ്ലണ്ടിലാകട്ടെ, രണ്ടാം ലോകമഹായുദ്ധകാലത്ത് ഡിഎസ്ടി പ്രകാരം മുന്നോട്ടാക്കുന്ന സമയത്തിന്റെ അളവു വർധിപ്പിക്കുകപോലുമുണ്ടായി. ഇതനുസരിച്ച് വേനൽക്കാലത്ത് രണ്ടു മണിക്കൂറിന്റെയും ശൈത്യകാലത്ത് ഒരു മണിക്കൂറിന്റെയും വ്യത്യാസം ഉണ്ടാകുമായിരുന്നു.
പെറ്റ്സ് വുഡിൽ വില്യം വില്ലെറ്റിനായി പണിത ഒരു സ്മാരകമാണു വലതുവശത്തു കാണുന്നത്. അത് ‘ഡിഎസ്ടി-യുടെ അക്ഷീണ വക്താവിന്’ സമർപ്പിച്ചിരിക്കുന്നു. സൂര്യഘടികാരത്തിനടിയിലായി “ഹൊറാസ് നോൺ നൂമെറോ നീസി ഐസ്റ്റീവാസ്” എന്നു കൊത്തിവെച്ചിട്ടുണ്ട്. ‘ഡിഎസ്ടി പ്രകാരമേ ഞാൻ സമയം കണക്കാക്കൂ’ എന്നാണ് അതിന്റെ അർഥം.
[31-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
With thanks to the National Trust