രണ്ട് നദികളുടെ കഥ
രണ്ട് നദികളുടെ കഥ
ഇന്ത്യയിലെ ഉണരുക! ലേഖകൻ
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ രണ്ടു പ്രധാന നദികൾ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവസന്ധാരണ മാർഗമാണ്. ലോകത്തിലെ ഏറ്റവും വലിയ പർവത നിരകളിലെ ഹിമാവൃത പ്രദേശങ്ങളിൽനിന്ന് ഉത്ഭവിക്കുന്ന അവ പ്രധാനമായും രണ്ടു രാജ്യങ്ങളിലൂടെ 2,400-ലേറെ കിലോമീറ്റർ ദൂരം പ്രൗഢഗംഭീരമായി ഒഴുകി രണ്ടു സമുദ്രങ്ങളിൽ പതിക്കുന്നു. ആ നദികൾ ഓരോന്നും ഒരു പുരാതന സംസ്കാരത്തിന്റെ ഈറ്റില്ലമാണ്. അവ ഓരോന്നും ഒരു പ്രമുഖ മതത്തിന്റെ ജന്മത്തിനു സാക്ഷ്യം വഹിച്ചു. അവയുടെ സവിശേഷതകൾ നിമിത്തം ആളുകൾ അവ രണ്ടിനെയും വിലമതിക്കുന്നു. അവയിൽ ഒന്നിനെ ആളുകൾ ഇന്നും ആരാധിക്കുന്നു. ഏതാണ് ഈ നദികൾ? സിന്ധുവും ഗംഗയും.
മനുഷ്യവർഗത്തിന്റെ നിലനിൽപ്പിനും അഭിവൃദ്ധിക്കും വെള്ളം അനിവാര്യമായതിനാൽ ആദ്യകാല സംസ്കാരങ്ങൾ വികാസം പ്രാപിച്ചത് നദീതടങ്ങളിൽ ആയിരുന്നു. നദികൾ ചിലപ്പോഴൊക്കെ ദേവീദേവന്മാരായി കരുതപ്പെട്ടിരുന്നതുകൊണ്ട്, അവയെ കുറിച്ചുള്ള ആദ്യകാല വിവരണങ്ങൾ ഐതിഹ്യങ്ങളുടെ മൂടുപടം അണിഞ്ഞവയാണ്. സിന്ധുനദിയുടെയും ഗംഗാമാതാ എന്നും വിളിക്കപ്പെടുന്ന ഗംഗാനദിയുടെയും ചരിത്രത്തിന്റെ കാര്യത്തിൽ ഇതു തീർച്ചയായും സത്യമാണ്.
ഹിന്ദുക്കൾക്കും ബുദ്ധമതക്കാർക്കും, 22,027 അടി ഉയരമുള്ള കൈലാസ ഗിരിയും സമീപത്തുള്ള മാനസരോവർ തടാകവും ദേവന്മാരുടെ വാസസ്ഥലമാണ്. മൃഗങ്ങളുടെ വായിൽനിന്ന് നാലു മഹാനദികൾ ഉത്ഭവിച്ചിരുന്നതായി ദീർഘകാലം കരുതിപ്പോന്നിരുന്നു. സിംഹനദി സിന്ധുവും മയൂരനദി ഗംഗയും ആയിരുന്നു.
ടിബറ്റുകാർ വിദേശ പര്യവേക്ഷകരെ സ്വാഗതം ചെയ്തിരുന്നില്ല. എന്നിരുന്നാലും 1811-ൽ, ഈസ്റ്റ് ഇൻഡ്യ കമ്പനിയുടെ കീഴിൽ ജോലിചെയ്തിരുന്ന ഇംഗ്ലണ്ടുകാരനായ ഒരു മൃഗഡോക്ടർ ആൾമാറാട്ടം നടത്തി അവിടത്തെ അനേകം സ്ഥലങ്ങൾ സന്ദർശിച്ചു. ചില പർവത അരുവികൾ മാനസരോവറിലേക്ക് ഒഴുകുന്നുണ്ടെങ്കിലും, അവിടെനിന്ന് നദികളൊന്നും ഉത്ഭവിക്കുന്നില്ലെന്ന് അദ്ദേഹം റിപ്പോർട്ടു ചെയ്തു. സിന്ധുനദിയുടെയും ഗംഗാനദിയുടെയും ഉത്ഭവസ്ഥാനങ്ങൾ കണ്ടെത്തിയത് 20-ാം നൂറ്റാണ്ടിൽ മാത്രമാണ്. ഹിമാലയത്തിനു വടക്കുള്ള ടിബറ്റിൽ നിന്നാണ് സിന്ധു പുറപ്പെടുന്നത്. ഗംഗയാണെങ്കിൽ ഉത്തരേന്ത്യയിലെ ഹിമാലയൻ ചെരുവുകളിലുള്ള ഒരു ഹിമഗുഹയിൽനിന്നും.
പുരാതന സംസ്കാരങ്ങളുടെ കളിത്തൊട്ടിൽ
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദ്യകാല നിവാസികൾ കിഴക്കുള്ള സിന്ധുനദീതടത്തിലേക്കു യാത്ര ചെയ്തതായി കരുതപ്പെടുന്നു. അവിടത്തെ ഹാരപ്പ, മോഹൻജോദരോ എന്നീ സ്ഥലങ്ങളിൽനിന്ന് വളരെ പരിഷ്കൃതമായിരുന്ന ഒരു സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ പുരാവസ്തു ഗവേഷകർ കണ്ടെടുത്തിരിക്കുന്നു. 20-ാം നൂറ്റാണ്ടിന്റെ ആദ്യ പതിറ്റാണ്ടുകളിൽ, ഈ കണ്ടെത്തലുകൾ ഇന്ത്യയിലെ ആദ്യകാല കുടിയേറ്റക്കാർ അപരിഷ്കൃത നാടോടി ഗോത്രക്കാർ ആയിരുന്നുവെന്ന ആശയത്തെ മാറ്റിമറിച്ചു. ഏകദേശം 4,000 വർഷങ്ങൾക്കു മുമ്പ് സിന്ധുനദീതട സംസ്കാരം മെസോപ്പൊട്ടാമിയൻ സംസ്കാരത്തിനു തുല്യമായ, ഒരുപക്ഷേ അതിലും ഉന്നതമായ, ഒന്നായിരുന്നു. കളങ്ങൾപോലെ ക്രമീകരിച്ച തെരുവുകൾ, ബഹുനില ഭവനങ്ങൾ, അപ്പാർട്ടുമെന്റുകൾ, മലിനജലം നീക്കം ചെയ്യാനുള്ള ഒന്നാന്തരം സെപ്റ്റിക് ടാങ്ക് സംവിധാനം, അഴുക്കുചാൽ പദ്ധതികൾ, കൂറ്റൻ ധാന്യപ്പുരകൾ, ക്ഷേത്രങ്ങൾ, ആചാരപരമായ ശുദ്ധീകരണത്തിനുള്ള കുളിപ്പുരകൾ എന്നിവയെ കുറിച്ചെല്ലാമുള്ള തെളിവുകൾ പുരോഗതി കൈവരിച്ചിരുന്ന ഒരു നഗരസംസ്കാരത്തിലേക്കു വിരൽചൂണ്ടുന്നു. മെസോപ്പൊട്ടാമിയയുമായും മധ്യപൂർവദേശവുമായും വ്യാപാര ബന്ധങ്ങൾ ഉണ്ടായിരുന്നതിന്റെ സൂചനകളും ഉണ്ട്. അറേബ്യൻ കടലിലേക്കുള്ള നൂറുകണക്കിനു കിലോമീറ്റർ ദീർഘിച്ച ഒരു സഞ്ചാരമാർഗമായിരുന്നു സിന്ധുനദി.
നൂറ്റാണ്ടുകൾ കടുന്നുപോയതോടെ പ്രകൃതിവിപത്തുകൾ—ഒരുപക്ഷേ ഭൂകമ്പങ്ങളും വലിയ വെള്ളപ്പൊക്കങ്ങളും—സിന്ധുനദീതടത്തിലെ നഗരസംസ്കാരത്തെ ക്ഷയിപ്പിച്ചതായി തോന്നുന്നു. തത്ഫലമായി, ആര്യന്മാർ എന്നു പൊതുവെ വിളിക്കപ്പെടുന്ന, മധ്യേഷ്യയിൽനിന്നുള്ള നാടോടി ഗോത്രങ്ങളുടെ ആക്രമണത്തിന്റെ അലയടികളെ കാര്യമായി ചെറുത്തുനിൽക്കാൻ
അവർക്കു കഴിഞ്ഞില്ല. ആര്യന്മാർ നഗരവാസികളിൽ ഭൂരിപക്ഷത്തെയും നദീതടത്തിൽനിന്ന് ഓടിച്ചു. അങ്ങനെ, സിന്ധുനദിയെ ചുറ്റിപ്പറ്റി വികാസം പ്രാപിച്ച ആ പുരാതന സംസ്കാരം ദക്ഷിണേന്ത്യയിലേക്കു നീങ്ങി. അവിടെ ദ്രാവിഡ വംശം ഇപ്പോഴും ഇന്ത്യയിലെ പ്രധാനപ്പെട്ട വംശീയ കൂട്ടങ്ങളിൽ ഒന്നായി തുടരുന്നു.ഇന്ത്യയുടെ കിഴക്കു ഭാഗത്തേക്കു നീങ്ങിയ ചില ആര്യഗോത്രങ്ങൾ ഗംഗാസമതലങ്ങളിൽ കുടിയേറാൻ തുടങ്ങി. അങ്ങനെ, ഉപഭൂഖണ്ഡത്തിലെ ആര്യഗോത്രങ്ങൾ ഉത്തരേന്ത്യയിൽ തനതായൊരു സംസ്കാരം പടുത്തുയർത്തി. അതു പ്രധാനമായും ഗംഗാനദിയെ ചുറ്റിപ്പറ്റിയായിരുന്നു. ഇന്ന് അതു മുഖ്യമായി നിലനിൽക്കുന്നതും അവിടെത്തന്നെയാണ്.
രണ്ടു നദികളും രണ്ടു മതങ്ങളും
സിന്ധുനദീതടത്തിലും മെസോപ്പൊട്ടാമിയയിലും നിലവിലിരുന്ന മതങ്ങൾ തമ്മിൽ സാമ്യമുള്ളതായി പുരാവസ്തുശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങൾ പ്രകടമാക്കുന്നു. ആര്യന്മാരുടെ മതമെന്നു ദീർഘകാലമായി കരുതിപ്പോരുന്ന ഹിന്ദുമതത്തിലെ ആചാരങ്ങളുടെ ചില ലക്ഷണങ്ങൾ സിന്ധു-നഗരങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽനിന്നു കണ്ടെത്തിയിട്ടുണ്ട്. ആര്യന്മാർക്കു മുമ്പുള്ളവരുടെയും ആര്യന്മാരുടെയും ദേവന്മാരും മതവിശ്വാസങ്ങളും കൂടിക്കലർന്ന് ഹിന്ദുമതം ഉടലെടുത്തു. ആര്യന്മാർ സിന്ധുനദിയെ പാവനമായിട്ടാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ, കിഴക്കോട്ടു നീങ്ങി ഗംഗയുടെ കരയിൽ സ്ഥിരതാമസമാക്കിയതോടെ അവർ ഗംഗയെ ആരാധിക്കാൻ തുടങ്ങി. നൂറ്റാണ്ടുകൾ കടന്നുപോയതോടെ ഗംഗാതീരത്ത് ഹരിദ്വാർ, അലഹബാദ്, വാരണസി തുടങ്ങിയ നഗരങ്ങൾ ഉയർന്നുവന്നു. ഇവ ഹിന്ദുമതത്തെ കേന്ദ്രീകരിച്ചുള്ളവയായിരുന്നു. ഇന്ന് ദശലക്ഷക്കണക്കിനു തീർഥാടകർ ഗംഗയിൽ മുങ്ങിക്കുളിക്കാനായി ഈ സ്ഥലങ്ങളിലേക്കു പ്രവഹിക്കുന്നു. ഗംഗാജലം സൗഖ്യമാക്കുന്നതും ശുദ്ധീകരിക്കുന്നതുമാണെന്നു കരുതപ്പെടുന്നു.
ഹിന്ദുമതം ആരംഭിച്ചത് സിന്ധുനദിക്കു ചുറ്റുമാണെങ്കിൽ, ബുദ്ധമതം ആരംഭിച്ചത് ഗംഗയ്ക്കു സമീപമാണ്. വാരണസിക്കു സമീപമുള്ള സരനാഥിലാണ് ഗൗതമബുദ്ധൻ തന്റെ ആദ്യ മതപ്രഭാഷണം നടത്തിയത്. 79 വയസ്സുള്ളപ്പോൾ അദ്ദേഹം വളരെയേറെ വീതിയുള്ള ഗംഗാനദി നീന്തിക്കടന്നെന്ന് പറയപ്പെടുന്നു.
ആ നദികളുടെ ഇന്നത്തെ സ്ഥിതി എന്താണ്?
ജീവസന്ധാരണത്തിനായി ആളുകൾ സിന്ധു, ഗംഗാ നദികളുടെ തീരത്തു വന്നുചേർന്നത് 4,000 വർഷം മുമ്പായിരുന്നു. എന്നാൽ നദീജലം ഇന്ന് അന്നത്തെക്കാളും പ്രധാനമാണ്. ഇന്ത്യയിലെയും പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും വലിയ ജനതതിക്കു പ്രയോജനം ചെയ്യത്തക്കവിധം ആ നദീജലം ശ്രദ്ധാപൂർവം കൈകാര്യം ചെയ്യേണ്ടതുണ്ട്. (16-17 പേജുകളിലെ മാപ്പ് കാണുക.) ഈ നദികൾ ഒന്നിലധികം രാജ്യങ്ങളിലൂടെ ഒഴുകുന്നതിനാൽ അന്തർദേശീയ ഉടമ്പടികൾ ഉണ്ടാക്കേണ്ടിവന്നിരിക്കുന്നു. ജലസേചനത്തിനായി പാകിസ്ഥാൻ 3 കിലോമീറ്റർ നീളവും 143 മീറ്റർ ഉയരവുമുള്ള ടാർബെല അണക്കെട്ട് ഉൾപ്പെടെ പല അണക്കെട്ടുകളും നിർമിച്ചിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടുകളിൽ ഒന്നായ ടാർബെല 19,42,00,000 ഘനയടി മണ്ണ് ഉൾക്കൊള്ളാൻ മാത്രം വലുപ്പമുള്ളതാണ്. ഗംഗയിലെ ഫറാക്ക അണക്കെട്ട് കൽക്കട്ട തുറമുഖത്തിനു സമീപം കപ്പലടുക്കുന്നത് കൂടുതൽ സുഗമമാക്കാൻ തക്കവിധം വെള്ളം സ്ഥിരമായി നദിയിലേക്ക് ഒഴുക്കുന്നു.
മിക്ക നദികളുടെയും കാര്യത്തിലെന്നപോലെ ഗംഗയിലും മലിനീകരണം ഒരു പ്രധാന പ്രശ്നമാണ്. അതുകൊണ്ട്, 1984-ൽ ഇന്ത്യാ ഗവൺമെന്റ് വലിയ പ്രതീക്ഷകളോടെ ‘ഗംഗാ ആക്ഷൻ പ്ലാൻ’ ആരംഭിച്ചു. മാലിന്യങ്ങൾ വളമായോ ബയോഗ്യാസായോ മാറ്റുക, നദിയിലേക്കുള്ള അഴുക്കുചാലുകളുടെ ഗതി തിരിച്ചുവിടുക, രാസാവശിഷ്ടങ്ങൾ നശിപ്പിക്കാനുള്ള ട്രീറ്റ്മെന്റ് പ്ലാൻറുകൾ സ്ഥാപിക്കുക എന്നീ കാര്യങ്ങൾക്കെല്ലാം ശ്രദ്ധ നൽകുകയുണ്ടായി.
പക്ഷേ, ഭൂമിയിലെ നദികളുടെ ആദിമ സൗന്ദര്യവും ശുചിത്വവും പുനഃസ്ഥാപിക്കാൻ മാനുഷ ഏജൻസികൾക്കു സാധിക്കില്ലെന്നു വ്യക്തമായിരിക്കുന്നു. എന്നിരുന്നാലും, ദൈവം ഉടൻതന്നെ ആ പ്രശ്നം പരിഹരിക്കും. അവന്റെ രാജ്യഭരണത്തിൻ കീഴിൽ മുഴു ഭൂമിയും ഒരു പറുദീസ ആയിത്തീരുന്നതോടെ ‘നദികൾ കൈകൊട്ടി ഉല്ലസിക്കും.’—സങ്കീർത്തനം 98:8, NW.
[16, 17 പേജുകളിലെ ചതുരം/ഭൂപടം]
ശക്തയായ സിന്ധു
അനേകം അരുവികൾ ഒന്നിച്ചു ചേർന്നാണ് സിന്ധുനദി രൂപം കൊള്ളുന്നത്. അതുകൊണ്ട് അതിന്റെ യഥാർഥ പ്രഭവം സംബന്ധിച്ച് ഭിന്നാഭിപ്രായങ്ങൾ ഉണ്ടായിരുന്നിട്ടുണ്ട്. എന്നാൽ ഹിമാലയത്തിൽ, വളരെ ഉയരത്തിൽനിന്നാണ് ഈ മഹാനദി ഉത്ഭവിക്കുന്നത് എന്ന് ഉറപ്പാണ്. “ലോകത്തിന്റെ മേൽക്കൂര” എന്നു വിളിക്കപ്പെടുന്ന ടിബറ്റൻ സമതലത്തിലൂടെ വടക്കുകിഴക്കു ദിശയിൽ 320 കിലോമീറ്റർ ദൂരം ഈ നദി ഒഴുകുന്നു. അതിനിടെ മറ്റ് അരുവികൾ അതുമായി കൂടിച്ചേരുന്നുമുണ്ട്. ലഡാക്കിൽവെച്ച് ഇന്ത്യയുടെ അതിർത്തിയിൽ എത്തുന്ന സിന്ധുനദി ചെങ്കുത്തായ പർവതനിരകൾ മുറിച്ച് അവയുടെ അടിവാരത്തുകൂടെ കടന്ന് ഹിമാലയത്തിനും കാരക്കോരം മലനിരകൾക്കും ഇടയിൽ ഒരു നീർച്ചാലു സൃഷ്ടിക്കുന്നു. ഇന്ത്യൻ ഭൂപ്രദേശത്തുകൂടെ 560 കിലോമീറ്റർ പിന്നിടുമ്പോൾ സമുദ്രനിരപ്പിൽനിന്നുള്ള അതിന്റെ ഉയരം ഏതാണ്ട് 3,700 മീറ്റർ കുറയുന്നു. അതിനിടയിൽ അതു വടക്കോട്ടു സഞ്ചരിച്ച് ഹിമാലയത്തിന്റെ പശ്ചിമ വിളുമ്പിലേക്കു വെട്ടിത്തിരിഞ്ഞ് ഒഴുകുന്നു. അവിടെ അതു ഹിന്ദുകുഷിൽനിന്നു പ്രവഹിക്കുന്ന ഒരു വലിയ നദിയായ ജിൽജിറ്റുമായി ചേരുന്നു. തുടർന്ന് അത് പാകിസ്ഥാനിലൂടെ വടക്കോട്ട് ഒഴുകുന്നു. മലനിരകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞ് വന്യമായ ശക്തിയോടെ കുത്തിയൊഴുകുന്ന സിന്ധുനദി അവസാനം സമതലങ്ങളിൽ എത്തിച്ചേർന്ന് പഞ്ചാബിലൂടെ ഒഴുക്കു തുടരുന്നു. പഞ്ചാബ് എന്നതിന്റെ അർഥം “പഞ്ചനദികൾ” എന്നാണ്. കാരണം, ഇവിടെ വെച്ച് ബിയാസ്, സത്ലജ്, രാവി, ഝലം, ചിനാബ് എന്നീ അഞ്ചു പോഷക നദികൾ അതിൽ പതിക്കുന്നു. ഒരു രാക്ഷസന്റെ കയ്യിലെ വിടർത്തിപ്പിടിച്ചിരിക്കുന്ന വിരലുകൾ പോലെ തോന്നിക്കുന്ന അവയുമായി ചേർന്ന് ഒടുവിൽ സിന്ധു നദി 2,900 കിലോമീറ്റർ ദീർഘിക്കുന്ന അതിന്റെ പ്രൗഢോജ്ജ്വലമായ യാത്ര അവസാനിപ്പിക്കുന്നു.
പൂജിക്കപ്പെടുന്ന ഗംഗ
സിന്ധു നദിയുടെ ഉത്ഭവസ്ഥാനത്തുനിന്ന് ഏതാണ്ട് 100 കിലോമീറ്റർ വടക്കായി യാത്ര തുടങ്ങുന്ന ഗംഗ 2,500-ലേറെ കിലോമീറ്റർ സഞ്ചരിച്ച് ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു. സമുദ്രനിരപ്പിൽനിന്ന് 3,870 മീറ്റർ ഉയരത്തിലുള്ള, പശുവിന്റെ വായോടു സമാനമായ ഒരു ഹിമഗഹ്വരമാണ്—ഹിന്ദിയിൽ ഗോമുഖ് എന്നു വിളിക്കപ്പെടുന്നു—ഗംഗയുടെ പ്രഭവം. ഒരു അരുവിയായി തുടങ്ങുന്ന അത് അവിടെ ഭാഗീരഥി എന്നാണ് അറിയപ്പെടുന്നത്. ഉത്ഭവസ്ഥാനത്തുനിന്ന് 214 കിലോമീറ്റർ പിന്നിട്ടു കഴിയുമ്പോൾ, അത് ദേവപ്രയാഗിൽ വെച്ച് അളകനന്ദ എന്ന മറ്റൊരു അരുവിയുമായി കൂടിച്ചേരുന്നു. ഈ രണ്ട് അരുവികളും, ഒപ്പം മന്ദാകിനിയും ദൗളിഗംഗയും പിന്താരും ചേർന്ന് ഗംഗയായിത്തീരുന്നു.
ഉപഭൂഖണ്ഡത്തിലൂടെ തെക്കുകിഴക്കു ദിശയിൽ ഒഴുകുന്ന ഗംഗ ഇന്ത്യയിലെ അലഹബാദിൽവെച്ച് ഒരു വലിയ നദിയായ യമുനയുമായും തുടർന്ന് ബംഗ്ലാദേശിൽവെച്ച് കുരുത്തുറ്റ ബ്രഹ്മപുത്രാ നദിയുമായും കൂടിച്ചേരുന്നു. ഒരു പങ്കപോലെ തോന്നിക്കുന്ന ഗംഗയും പോഷക നദികളും ചേർന്ന് ഇന്ത്യയുടെ കാൽഭാഗം വരുന്ന ഫലഭൂയിഷ്ഠമായ ഗംഗാസമതലങ്ങളെ നനയ്ക്കുന്നു. 10,35,000 ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ ഉപരിതല ജലം ഉൾക്കൊള്ളുന്ന ഈ നദീവ്യൂഹം, ഇന്ന് 100 കോടിയിൽ അധികം ആളുകളുള്ള, ലോകത്തിലെ ഏറ്റവും ജനസാന്ദ്രമായ സ്ഥലങ്ങളിൽ ഒന്നായ ഇന്ത്യയിലെ ജനസംഖ്യയുടെ മൂന്നിൽ ഒരു ഭാഗത്തെ പോഷിപ്പിക്കുന്നു. ബംഗ്ലാദേശിൽ അതു കരയിലെ ഒരു കടൽപോലെ വളരെ വിസ്തൃതമായിത്തീരുന്നു. കൂടാതെ, എല്ലാത്തരം നദീഗതാഗതങ്ങളും ഉണ്ട്. തുടർന്ന് ഗംഗ, നിരവധി പ്രമുഖ നദികളും അസംഖ്യം ചെറിയ അരുവികളുമായി വഴിപരിഞ്ഞ് ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റകളിൽ ഒന്നിനു രൂപംനൽകുന്നു.
[ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
ടിബറ്റ്
പാകിസ്ഥാൻ
സിന്ധു
ഝലം
ചിനാബ്
സത്ലജ്
ഹാരപ്പ
മോഹൻജോദരോ
ഇന്ത്യ
ഗംഗ
യമുന
ബ്രഹ്മപുത്ര
അലഹബാദ്
വാരണസി
പാറ്റ്ന
കൽക്കട്ട
ബംഗ്ലാദേശ്
നേപ്പാൾ
ഭൂട്ടാൻ
[കടപ്പാട്]
Mountain High Maps® Copyright © 1997 Digital Wisdom, Inc.
[ചിത്രങ്ങൾ]
ഗംഗയിൽ സ്നാനം ചെയ്യുന്ന ഹൈന്ദവർ
[കടപ്പാട്]
Copyright Sean Sprague/Panos Pictures