എം സി എസ്—ദുർഗ്രഹമായ ഒരു ആരോഗ്യപ്രശ്നം
എം സി എസ്—ദുർഗ്രഹമായ ഒരു ആരോഗ്യപ്രശ്നം
പാമിന്റെ വീടിനു ചുറ്റും പരുത്തിത്തോട്ടങ്ങളാണ്. തോട്ടങ്ങളിൽ കളനാശിനികളും കീടനാശിനികളും തളിക്കാനായി നിത്യേനയെന്നോണം വിമാനങ്ങൾ എത്താറുണ്ട്. കാറ്റ് മിക്കപ്പോഴും ഈ രാസവസ്തുക്കളുടെ അംശങ്ങൾ പാമിന്റേതുൾപ്പെടെ സമീപത്തുള്ള വീടുകളിലേക്കെല്ലാം വഹിച്ചുകൊണ്ടുപോകും.
പാമിന് കടുത്ത തലവേദനയും മനംപിരട്ടലും തുടങ്ങി. അവളുടെ ആരോഗ്യം ദിനംപ്രതി ക്ഷയിച്ചുവന്നു. കാലാന്തരത്തിൽ പെർഫ്യൂമുകൾ, ഡിയോഡറന്റുകൾ, ബോഡി ലോഷനുകൾ, ശുചീകരണ വസ്തുക്കൾ, പെയിന്റ്, പുതിയ കാർപ്പെറ്റ്, സിഗരറ്റ് പുക, റൂം ഫ്രഷ്നർ തുടങ്ങി കീടനാശിനികളുമായി ബന്ധമില്ലെന്നു തോന്നിയേക്കാവുന്ന വസ്തുക്കളോടും അവൾക്ക് അലർജിയുണ്ടായി. മൾട്ടിപ്പിൾ കെമിക്കൽ സെൻസിറ്റിവിറ്റി അഥവാ എം സി എസ് (ബഹു രാസവസ്തു സംവേദകത്വം) എന്ന പേരിൽ അറിയപ്പെടുന്ന ആരോഗ്യപ്രശ്നം ഉള്ളവരിലാണ് സാധാരണമായി ഈ ലക്ഷണങ്ങൾ കണ്ടുവരുന്നത്. a
“രാസവസ്തുക്കൾ അടങ്ങിയിട്ടുള്ള നിത്യോപയോഗ സാധനങ്ങളുമായി സമ്പർക്കത്തിൽ വരുമ്പോൾ എനിക്ക് വല്ലാത്ത ക്ഷീണം തോന്നും, സ്ഥലകാലബോധം നഷ്ടമാകും. കൂടാതെ, തലകറക്കവും മനംപിരട്ടലും ഉണ്ടാകും” എന്ന് പാം ഉണരുക!-യോടു പറയുകയുണ്ടായി. “എന്റെ ശരീരം ചീർക്കും. ചിലപ്പോൾ ശ്വാസതടസ്സം അനുഭവപ്പെടാറുണ്ട്. കൂടാതെ വിഭ്രാന്തി ഉണ്ടാകും. അപ്പോൾ ഞാൻ പൊട്ടിക്കരയും, എന്റെ ഹൃദയമിടിപ്പും നാഡിമിടിപ്പും വർധിക്കും. ചിലപ്പോഴൊക്കെ ശ്വാസകോശങ്ങളിൽ നീർക്കെട്ട് ഉണ്ടാകുകയും പിന്നീടത് ന്യൂമോണിയയായി മാറുകയും ചെയ്തിട്ടുണ്ട്.”
എം സി എസ്-ന്റെ ലക്ഷണങ്ങൾ ഓരോരുത്തരിലും വ്യത്യസ്തമായിരിക്കുമെങ്കിലും തലവേദന, കടുത്ത ക്ഷീണം, പേശികളിലും സന്ധികളിലും വേദന, വരട്ടുചൊറി, തടിപ്പ്, ഫ്ളൂവിന്റേതു പോലുള്ള ലക്ഷണങ്ങൾ, ആസ്ത്മ, സൈനസ് സംബന്ധമായ പ്രശ്നങ്ങൾ, ഉത്കണ്ഠ, വിഷാദം, ഓർമശക്തിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലുള്ള ബുദ്ധിമുട്ട്, ഉറക്കമില്ലായ്മ, താളം തെറ്റിയ ഹൃദയമിടിപ്പ്, ശരീരം ചീർക്കൽ, മനംപിരട്ടൽ, ഛർദി, കുടൽ സംബന്ധമായ പ്രശ്നങ്ങൾ, ഫിറ്റ്സ് എന്നിവയാണ് പൊതുവെ കണ്ടുവരുന്ന ലക്ഷണങ്ങൾ. ഇവയിൽ പലതും മറ്റ് രോഗങ്ങൾ മൂലവും ഉണ്ടായേക്കാം.
എം സി എസ്—വർധിച്ചുവരുന്ന ഒരു പ്രശ്നം
ഐക്യനാടുകളിൽ 15 മുതൽ 37 വരെ ശതമാനം ആളുകൾ തങ്ങൾക്ക് രാസഗന്ധങ്ങളോടും വാഹനങ്ങളിൽനിന്നുള്ള പുക, ഉണങ്ങാത്ത പെയിന്റ്, പുതിയ കാർപ്പെറ്റ്, പെർഫ്യൂമുകൾ, പുകയില ധൂമം എന്നിവയിൽ അടങ്ങിയിട്ടുള്ള രാസവസ്തുക്കളോടും അലർജിയുണ്ടെന്നു കരുതുന്നതായി സർവേകൾ വെളിപ്പെടുത്തിയിരിക്കുന്നു. എങ്കിലും, (സർവേയിൽ പങ്കെടുത്തവരുടെ പ്രായപരിധി അനുസരിച്ച്) 5-ഓ അതിൽ താഴെയോ ശതമാനം മാത്രമേ തങ്ങൾക്ക് എം സി എസ് ആണെന്നു വൈദ്യശാസ്ത്രപരമായി നിർണയിക്കപ്പെട്ടതായി പറഞ്ഞുള്ളൂ. ഇതിൽ നാലിൽ മൂന്നു ഭാഗം സ്ത്രീകളായിരുന്നു.
എം സി എസ് ഉള്ള പലരും കീടനാശിനികളും ലായകങ്ങളുമാണ് തങ്ങൾക്ക് രോഗം വരുത്തിയത് എന്നു പറയുന്നു. ഈ രണ്ട് ഉത്പന്നങ്ങളും, വിശേഷിച്ച് ലായകങ്ങൾ, നമ്മുടെ പരിസ്ഥിതിയിലെങ്ങും വളരെ സാധാരണമാണ്. മറ്റു വസ്തുക്കളെ ലയിപ്പിക്കുന്ന അത്യധികം ബാഷ്പശീലമുള്ള വസ്തുക്കളാണ് ലായകങ്ങൾ. പെയിന്റ്, വാർണിഷ്, പശകൾ, കീടനാശിനികൾ, ശുചീകരണ ലായനികൾ എന്നിവയിലൊക്കെ അവ അടങ്ങിയിട്ടുണ്ട്.
അടുത്ത ലേഖനങ്ങളിൽ നാം എം സി എസ്-നെ കുറിച്ച് കുറേക്കൂടെ വിശദമായി പരിചിന്തിക്കുന്നതായിരിക്കും. എം സി എസ് ഉള്ളവർക്ക് എന്തു സഹായമാണു ലഭ്യമായിരിക്കുന്നത് എന്നും അവരുടെ ജീവിതം സന്തോഷപ്രദമാക്കാൻ അവർക്കും മറ്റുള്ളവർക്കും എങ്ങനെ സഹകരിച്ചു പ്രവർത്തിക്കാമെന്നുമാണ് അവയിൽ ചർച്ച ചെയ്തിരിക്കുന്നത്.
[അടിക്കുറിപ്പ്]
a “എൻവയൺമെന്റൽ ഡിസീസ്,” “കെമിക്കൽ ഹൈപ്പർസെൻസിറ്റിവിറ്റി സിൻഡ്രോം” തുടങ്ങിയ പേരുകളും ഇതിനുണ്ട്. എന്നാൽ, പ്രചാരത്തിലുള്ളത് “മൾട്ടിപ്പിൾ കെമിക്കൽ സെൻസിറ്റിവിറ്റി” എന്നതായതുകൊണ്ട് ലേഖനത്തിൽ ആ പേരാണ് ഞങ്ങൾ ഉപയോഗിച്ചിരിക്കുന്നത്. മിക്ക ആളുകളെയും ബാധിക്കാത്തത്ര കുറഞ്ഞ അളവിലുള്ള രാസവസ്തുക്കൾ പോലും ചിലരിൽ പ്രശ്നമുണ്ടാക്കുന്നതിനെയാണ് ഇവിടെ “സെൻസിറ്റിവിറ്റി” അഥവാ “സംവേദകത്വം” എന്നതുകൊണ്ട് അർഥമാക്കുന്നത്.