ഒടുവിലതാ—അന്റാർട്ടിക്കയിലും. . .
ഒടുവിലതാ—അന്റാർട്ടിക്കയിലും. . .
ഓസ്ട്രേലിയയിലെ ഉണരുക! ലേഖകൻ
“ഒരു ഉരുക്കു കമ്പി താഴേക്കിട്ടാൽ ചില്ല് ഉടയുന്നതുപോലെ അത് ചിതറിവീണേക്കാം, . . . ഹിമപ്പരപ്പിൽ ഒരു ദ്വാരമുണ്ടാക്കി അതിലൂടെ ഒരു മത്സ്യത്തെ പിടിച്ചെടുത്താൽ അഞ്ചു നിമിഷം കഴിയുന്നതിനുമുമ്പേ അത് തണുത്തുമരവിച്ചു കല്ലുപോലെ ആയിത്തീർന്നേക്കാം,” അന്റാർട്ടിക്കയിൽ തണുപ്പേറുമ്പോഴത്തെ അവസ്ഥയെക്കുറിച്ച് ഒരു എഴുത്തുകാരൻ പറയുന്നു. രൂക്ഷമായ കാലാവസ്ഥയും പച്ചപ്പിന്റെ ആവരണമില്ലാതെ അസാധാരണ സൗന്ദര്യവും ആയി നിൽക്കുന്ന അന്റാർട്ടിക്ക. ആ സൗന്ദര്യത്തിനു മാറ്റുകൂട്ടുവാനെന്നോണം ചിലപ്പോഴൊക്കെ ഉണ്ടാകുന്ന, ആരുടെയും കണ്ണഞ്ചിക്കുന്ന തരത്തിലുള്ള ദക്ഷിണധ്രുവ ദീപ്തി പ്രദർശനങ്ങൾ. അതേ, അന്റാർട്ടിക്കയിൽ എത്തുമ്പോൾ മറ്റൊരു ലോകത്ത് എത്തിയ പ്രതീതി ഉണ്ടായാൽ ഒട്ടും അതിശയിക്കാനില്ല.
അന്റാർട്ടിക്ക പക്ഷേ ഈ ഭൂമിയുടെ സ്വന്തംതന്നെയാണ്. വാസ്തവത്തിൽ, അതിനെ വിശേഷിപ്പിച്ചിരിക്കുന്നത് ഭൂമിയെയും അതിന്റെ അന്തരീക്ഷത്തെയും ആഗോളവ്യാപകമായി ഉണ്ടാകുന്ന പരിസ്ഥിതി മാറ്റങ്ങളെയും—മനുഷ്യന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവ ഉൾപ്പെടെ—കുറിച്ചുമൊക്കെ പഠിക്കുന്നതിനുള്ള ഒരു വിശാലമായ ഒരു പ്രകൃതിദത്ത പരീക്ഷണശാല എന്നാണ്. ഈ പഠനങ്ങൾ പക്ഷേ ശാസ്ത്രജ്ഞരെ കൂടുതൽ ഉത്കണ്ഠാകുലരാക്കുകയാണ്. ദക്ഷിണധ്രുവ പ്രദേശങ്ങളിൽ അവർ അത്ര പന്തിയല്ലാത്ത ചില പ്രതിഭാസങ്ങൾ നിരീക്ഷിച്ചിരിക്കുന്നു. കാര്യങ്ങൾ അത്ര സുരക്ഷിതമല്ല എന്നാണ് അതു സൂചിപ്പിക്കുന്നത്. എന്നാൽ, ആ വിഷയത്തിലേക്കു കടക്കുന്നതിനു മുമ്പ് അന്റാർട്ടിക്ക തികച്ചും അതുല്യമായ ഭൂഖണ്ഡം ആയിരിക്കുന്നതിന്റെ കാരണം നമുക്കൊന്നു പരിശോധിക്കാം.
ഒന്നാമതായി, ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട നിലയിൽ സ്ഥിതിചെയ്യുന്ന അന്റാർട്ടിക്ക വൈരുധ്യങ്ങളുടെ ഒരു ഭൂഖണ്ഡം ആണ്. നാഗരികതയാൽ തെല്ലും കളങ്കപ്പെടാത്ത, ഉജ്ജ്വല സൗന്ദര്യമുള്ള ഇവിടെ പക്ഷേ താമസിക്കാൻ പറ്റാത്തത്ര അതികഠിനമായ അവസ്ഥകളാണ് ഉള്ളത്. അതിശക്തമായ കാറ്റുകൾ ഇടതടവില്ലാതെ ചീറിയടിക്കുന്നതും ഭൂമിയിൽ വെച്ച് ഏറ്റവും തണുപ്പുള്ളതും ആയ സ്ഥലമാണ് അത്. ഇങ്ങനെയാണെങ്കിലും അങ്ങേയറ്റം ലോലവും അതീവ സംവേദനക്ഷമതയുള്ളതുമായ പ്രദേശമാണ് അത്. ഇനി, മറ്റേതു ഭൂഖണ്ഡത്തെക്കാളും അവക്ഷേപണം (precipitation) കുറവ് സംഭവിക്കുന്നത് അന്റാർട്ടിക്കയിലാണ്. എങ്കിലെന്താ, അവിടത്തെ മഞ്ഞുകട്ടകളിലാണ് നമ്മുടെ ഗ്രഹത്തിലെ മൊത്തം ശുദ്ധജലത്തിന്റെ 70 ശതമാനവും അടങ്ങിയിരിക്കുന്നത്. ശരാശരി ഏതാണ്ട് 2,200 മീറ്റർ കനത്തിൽ ഹിമാവരണം ഉള്ളതുകൊണ്ടാണ് അന്റാർട്ടിക്കയ്ക്ക് ഈ ഭൂമിയിലെ ഏറ്റവും ഉയർന്ന ഭൂഖണ്ഡമെന്ന ബഹുമതി ലഭിച്ചിരിക്കുന്നത്. സമുദ്രനിരപ്പിൽ നിന്നുള്ള അതിന്റെ ശരാശരി ഉയരം 2,300 മീറ്ററാണ്. വലിപ്പത്തിന്റെ കാര്യത്തിൽ അഞ്ചാം സ്ഥാനത്തു നിൽക്കുന്ന ഭൂഖണ്ഡം അന്റാർട്ടിക്കയാണ്. എന്നാൽ, ഇവിടത്തെ സ്ഥിരവാസികളിൽ ഏറ്റവും വലിയത് ഒരു സെന്റിമീറ്റർ വലിപ്പംവരുന്ന, ചിറകില്ലാത്ത ഒരുതരം ഈച്ചയാണ് എന്നു പറഞ്ഞാലോ?
ചൊവ്വാഗ്രഹം സന്ദർശിക്കുന്നതുപോലെ!
അന്റാർട്ടിക്കയുടെ ഉൾഭാഗത്തേക്കു പോകുന്തോറും ജീവന്റെ തുടിപ്പ് കുറഞ്ഞുവരുന്നതായി കാണാം. ഡ്രൈ വാലികൾ എന്നു വിളിക്കപ്പെടുന്ന സ്ഥലങ്ങളിൽ എത്തുമ്പോൾ ഇതു പ്രത്യേകിച്ചും സത്യമാണ്. ഏകദേശം 3,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന ഈ ധ്രുവമരുഭൂമികളുടെ മിക്ക ഭാഗവും അങ്ങ് ഉയരത്തിൽ ട്രാൻസ് അന്റാർട്ടിക് പർവതനിരകളിലാണ്—അന്റാർട്ടിക്കാ ഭൂഖണ്ഡത്തെ അതുല്യമായ രണ്ടു ഭാഗങ്ങളായി വിഭജിക്കുന്ന ഈ പർവതനിരകൾക്കു ചില സ്ഥലങ്ങളിൽ 4,300 മീറ്ററിലേറെ ഉയരമുണ്ട്—സ്ഥിതിചെയ്യുന്നത്. ഡ്രൈ വാലികളിൽ വീശിയടിക്കുന്ന അതിശക്തമായ ശീതക്കാറ്റുകൾ അവിടെ പൊഴിയുന്ന മഞ്ഞെല്ലാം തത്ക്ഷണം ചുഴറ്റിയെറിയുന്നു. ചൊവ്വാഗ്രഹത്തിന്റെ പ്രതലവുമായി ഏറ്റവും കൂടുതൽ സാമ്യമുള്ള ഭൂമിയിലെ ഇടമാണ് ഡ്രൈ വാലികൾ എന്നു ശാസ്ത്രജ്ഞർ കരുതുന്നു. അതുകൊണ്ടാണ്, ബഹിരാകാശ പേടകങ്ങളായ വൈക്കിങ് 1-ഉം 2-ഉം ചൊവ്വയിലേക്കു വിക്ഷേപിക്കുന്നതിനു മുമ്പ് അവ പരീക്ഷിച്ചുനോക്കുന്നതിന് പറ്റിയ സ്ഥലമായി ഇവിടം തിരഞ്ഞെടുത്തത്.
എന്നാൽ, ഈ ഡ്രൈ വാലികളിലും ജീവന്റെ തുടിപ്പുണ്ട്! സുഷിരങ്ങളുള്ള പാറകളിൽ, പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ കഴിവുള്ള ചില ബാക്ടീരിയയെയും ആൽഗകളെയും ഫംഗസുകളെയും കണ്ടെത്താൻ കഴിയും. പാറകളിലെ തീരെ ചെറിയ അറകളിലാണ് അവ കഴിയുന്നത്. ഈർപ്പത്തിന്റെ ഒരു നേർത്ത കണിക മതി അവയ്ക്ക് അതിജീവിക്കാൻ. പാറകൾക്കു വെളിയിലുള്ള സ്വപ്നസുന്ദരമായ ലോകം ‘വായുഘൃഷ്ടാശ്മം’ എന്നു പേരുള്ള നഗ്നപാറക്കൂട്ടങ്ങൾ നിറഞ്ഞതാണ്. എണ്ണമറ്റ നൂറ്റാണ്ടുകളായി അന്റാർട്ടിക്കയിൽ ഇടതടവില്ലാതെ വീശിയടിക്കുന്ന കാറ്റാണ് ഈ പാറകൾക്ക് അവയുടെ അസാധാരണ ആകൃതിയും ഉജ്ജ്വലമായ തിളക്കവും സമ്മാനിച്ചത്.
കണ്ടുപിടിക്കുന്നതിനുമുമ്പേ നാമകരണം ചെയ്യപ്പെട്ട ഭൂഖണ്ഡം
പുരാതന ഗ്രീക്ക് തത്ത്വചിന്തകരുടെ കാലംമുതൽതന്നെ, ദക്ഷിണ ദിക്കിൽ ഭീമാകാരമായ ഒരു ഭൂപ്രദേശം ഉണ്ടായിരിക്കാൻ സാധ്യതയുണ്ടെന്ന് കരുതപ്പെട്ടിരുന്നു. ഉദാഹരണത്തിന്, ഉത്തരാർധ ഗോളത്തിൽ അന്നുണ്ടായിരുന്നതായി അറിയപ്പെട്ടിരുന്ന പ്രദേശങ്ങൾക്കു സമതുലനം കൈവരുത്തുന്നതിന് ഒരു ദക്ഷിണ ഭൂഖണ്ഡം ഉണ്ടായിരുന്നേ പറ്റൂ എന്ന് അരിസ്റ്റോട്ടിൽ നിഗമനം ചെയ്തു. “ഉത്തരാർധ ഗോളത്തിന്റെ സ്ഥാനം ആർക്റ്റേസ് അഥവാ ബെയർ എന്ന നക്ഷത്ര മണ്ഡലത്തിന്റെ കീഴിലായതിനാൽ ദക്ഷിണ ദിക്കിലെ കണ്ടുപിടിക്കപ്പെടാത്ത ഭൂപ്രദേശം അന്റാർക്റ്റിക്കോസ്, മറ്റു വാക്കുകളിൽ പറഞ്ഞാൽ നേർ വിപരീതം”—ഭൂഗോളത്തിന്റെ മറുപുറം
—“ആയിരിക്കുമെന്ന് അരിസ്റ്റോട്ടിൽ (പൊ.യു.മു. 384-322) ന്യായവാദം ചെയ്തു,” അന്റാർട്ടിക്ക—തണുത്തുറഞ്ഞ ഭൂഖണ്ഡത്തിൽ നിന്നുള്ള വലിയ കഥകൾ (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. അങ്ങനെ, കണ്ടുപിടിക്കപ്പെടുന്നതിന് ഏകദേശം 2,000 വർഷം മുമ്പേ നാമകരണം ചെയ്യപ്പെട്ട ഭൂഖണ്ഡം എന്ന ബഹുമതി അന്റാർട്ടിക്കയ്ക്കുണ്ട്!1772-ൽ ബ്രിട്ടീഷ് പര്യവേക്ഷകനായ ക്യാപ്റ്റൻ ജെയിംസ് കുക്ക്, ഉണ്ടെന്നു കരുതപ്പെട്ടിരുന്ന ആ ഭൂഖണ്ഡം തേടി കപ്പലിൽ തെക്കോട്ടു യാത്ര തിരിച്ചു. സദാ ശക്തമായ കാറ്റുകൾ വീശുന്ന ദ്വീപുകളും അതുപോലെ ഭീമൻ മഞ്ഞുമലകളും—“ഹിമദ്വീപുകൾ” എന്നാണ് അദ്ദേഹം അവയ്ക്കു പേരിട്ടത്—നിറഞ്ഞ ഒരു സ്ഥലത്താണ് അദ്ദേഹം എത്തിച്ചേർന്നത്. “ചില [മഞ്ഞുമലകൾക്ക്] ഏകദേശം മൂന്നു കിലോമീറ്റർ ചുറ്റളവും 20 മീറ്റർ ഉയരവും ഉണ്ടായിരുന്നു. എന്നിട്ടും, സമുദ്രത്തിലെ തിരമാലകൾ അവയുടെ മുകളിലേക്ക് ആഞ്ഞടിക്കുകയായിരുന്നു. അത്രമാത്രം ശക്തിയും ഭാരവും ഉണ്ടായിരുന്നു ആ തിരമാലകൾക്ക്,” അദ്ദേഹം എഴുതി. ലക്ഷ്യം നേടിയെടുത്തേ അടങ്ങൂ എന്ന ദൃഢ തീരുമാനവുമായി അദ്ദേഹം തെക്കോട്ട് യാത്ര തുടർന്നു. ഒടുവിൽ 1773 ജനുവരി 17-ാം തീയതി അദ്ദേഹത്തിന്റെ റെസല്യൂഷൻ എന്ന കപ്പലും ഒപ്പമുണ്ടായിരുന്ന അഡ്വെഞ്ച്വർ എന്ന കപ്പലും, അന്റാർട്ടിക് വൃത്തം കുറുകെ കടന്നു—അന്റാർട്ടിക് വൃത്തം കുറുകെ കടന്നിട്ടുള്ളതായി അറിയപ്പെടുന്ന കപ്പലുകളിൽ ആദ്യത്തേവ ആയിരുന്നു അവ. അടങ്ങാത്ത വാശിയോടെ കുക്ക് ഹിമഖണ്ഡപ്പരപ്പിലൂടെ യാത്ര തുടർന്നു. ഒടുവിൽ അദ്ദേഹത്തിന് ഒരടി പോലും മുന്നോട്ടു പോകാൻ പറ്റില്ല എന്ന അവസ്ഥയായി. “തെക്കോട്ട് നോക്കിയിട്ട് ഐസ് അല്ലാതെ മറ്റൊന്നും എനിക്കു കാണാൻ കഴിഞ്ഞില്ല,” കപ്പലിലെ സഞ്ചാരവിവരക്കുറിപ്പിൽ അദ്ദേഹം എഴുതി. ലക്ഷ്യം സാധിക്കാനാകാതെ ക്യാപ്റ്റൻ കുക്ക് പര്യവേക്ഷണം അവസാനിപ്പിച്ചു മടങ്ങുമ്പോൾ, അന്റാർട്ടിക്കയിലേക്ക് വെറും 120 കിലോമീറ്റർ മാത്രമേ ദൂരമുണ്ടായിരുന്നുള്ളൂ.
ആരാണ് അന്റാർട്ടിക്ക ആദ്യം കണ്ടത്? ആരാണ് അവിടെ ആദ്യം കാൽ കുത്തിയത്? അതിനെക്കുറിച്ച് ഇന്നുവരെ ആർക്കും കൃത്യമായി അറിഞ്ഞുകൂടാ. അത് തിമിംഗില വേട്ടക്കാരോ കടൽനായ് വേട്ടക്കാരോ പോലും ആയിരിക്കാൻ സാധ്യതയുണ്ട്. കാരണം, കടൽനായ്ക്കളും പെൻഗ്വിനുകളും തിമിംഗിലങ്ങളും അവിടെ സമൃദ്ധമായിട്ടുണ്ട് എന്ന, നാട്ടിൽ തിരിച്ചെത്തിയ ക്യാപ്റ്റൻ കുക്കിന്റെ റിപ്പോർട്ട് കേട്ടതും വേട്ടക്കാരെല്ലാം കൂടെ അവിടേക്കു പാഞ്ഞു.
ഹിമപ്പരപ്പിൽ രക്തം വീഴുന്നു
“ഒരുപക്ഷേ വന്യജീവികളുടെ ലോകത്തിലേക്കുംവെച്ച് ഏറ്റവും വലിയ പറ്റത്തെയായിരിക്കാം തികച്ചും യാദൃശ്ചികമായി കുക്ക് കണ്ടെത്തിയത്. അവയുടെ സാന്നിധ്യത്തെക്കുറിച്ച് ഏറ്റവുമാദ്യം ലോകത്തിന് അറിവുകൊടുത്തതും അദ്ദേഹം തന്നെ,” മാരകമായ ഫലം (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ അലൻ മോർഹെഡ് എഴുതുന്നു. “അന്റാർട്ടിക്കയിലെ ജന്തുക്കളുടെ കാര്യത്തിൽ അത് ഒരു കൂട്ടക്കൊലയിലാണ് കലാശിച്ചത്,” അദ്ദേഹം പറയുന്നു. അന്റാർട്ടിക്ക—തണുത്തുറഞ്ഞ ഭൂഖണ്ഡത്തിൽനിന്നുള്ള വലിയ കഥകൾ എന്ന പുസ്തകം ഇങ്ങനെ പ്രസ്താവിക്കുന്നു: “പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും, ദക്ഷിണാർധ ഗോളത്തിലെ കടൽനായ് വേട്ട എല്ലാംകൊണ്ടും സ്വർണം തേടിയുള്ള പരക്കംപാച്ചിലിനോടു (gold rush) സമാനമായിത്തീർന്നിരുന്നു. ചൈനയിലും യൂറോപ്പിലും കടൽനായ്ത്തോലിന്റെ ആവശ്യം വളരെയധികം വർധിച്ചതുനിമിത്തം, [അന്ന് അറിവുണ്ടായിരുന്ന] കടൽനായ്ക്കളുടെ കോളനികളെല്ലാം വേഗം കാലിയായി. അങ്ങനെ, കടൽനായ്ക്കൾ ഉള്ള പുതിയ സ്ഥലങ്ങൾ തേടിപ്പോകാൻ വേട്ടക്കാർ നിർബന്ധിതരായി.”
കടൽനായ് വേട്ടക്കാർ മിക്കവാറും എല്ലാ കടൽനായ്ക്കളെയും കൊന്നൊടുക്കിയപ്പോഴേക്കും തിമിംഗില വേട്ടക്കാരെത്തി. “തെക്കൻ സമുദ്രത്തിൽ ആകെ എത്ര കടൽനായ്ക്കളെയും തിമിംഗിലങ്ങളെയും കൊന്നൊടുക്കിയിട്ടുണ്ട് എന്ന് ആരും ഒരിക്കലും അറിയാൻ പോകുന്നില്ല,” മോർഹെഡ് എഴുതുന്നു. “അത് പത്തു ദശലക്ഷം ആയിരുന്നോ അതോ അമ്പതു ദശലക്ഷമോ? കണക്കുകൾ ഇവിടെ തികച്ചും അപ്രസക്തമാണ്. കൊല്ലാൻ ബാക്കിയൊന്നും ഇല്ലാതാകുന്നതുവരെ വേട്ടക്കാർ വേട്ട തുടർന്നു.”
എന്നാൽ ഇപ്പോൾ അന്റാർട്ടിക്കയിലെ എല്ലാ സസ്യ-ജന്തുജാലങ്ങളെയും സംരക്ഷിക്കുന്നതിന് അന്താരാഷ്ട്ര നിയമങ്ങളുണ്ട്. ഇതുകൂടാതെ, കരയിൽ ഇരപിടിയന്മാർ ഇല്ലാത്തതിനാലും കടലിൽ ധാരാളം ആഹാരം ഉള്ളതിനാലും അന്റാർട്ടിക് തീരം വന്യജീവികളുടെ ഒരു പ്രിയപ്പെട്ട വേനൽക്കാല സങ്കേതമാണ്. പക്ഷേ, കൂടുതൽ നിഗൂഢമായ ആക്രമണത്തിന്റെ ലക്ഷണങ്ങൾ അന്റാർട്ടിക്ക കാണിക്കുന്നുണ്ട്. അന്താരാഷ്ട്ര ഉടമ്പടികൾക്കൊന്നും അതിനെ നിലയ്ക്കുനിറുത്താൻ കഴിയില്ലായിരിക്കാം.
[17-ാം പേജിലെ ചതുരം]
രണ്ടു ധ്രുവങ്ങളിൽ
അനേകം സമാനതകൾ ഉണ്ടെങ്കിലും, ഉത്തര ധ്രുവവും ദക്ഷിണ ധ്രുവവും അവ സ്ഥിതിചെയ്യുന്ന ഇടത്തിന്റെ കാര്യത്തിൽ മാത്രമല്ല, മറ്റു പല കാര്യങ്ങളിലും ‘രണ്ടു ധ്രുവങ്ങളിൽ’ ആണ് എന്നു പറയാൻ കഴിയും. പിൻവരുന്നവ പരിചിന്തിക്കുക.
ഉത്തര ധ്രുവത്തിന്റെ തൊട്ടടുത്ത് ഹിമശേഖരങ്ങളും സമുദ്രവുമൊക്കെയാണ്. എന്നാൽ ഭൂഖണ്ഡങ്ങളിൽ വലിപ്പത്തിന്റെ കാര്യത്തിൽ അഞ്ചാം സ്ഥാനത്തുനിൽക്കുന്ന അന്റാർട്ടിക്കയുടെ കേന്ദ്രഭാഗത്തിന് അടുത്തായാണ് ദക്ഷിണ ധ്രുവം സ്ഥിതി ചെയ്യുന്നത്.
ഉത്തര ധ്രുവത്തിനും അതിനെ വലയം ചെയ്യുന്ന സമുദ്രത്തിനും അതിരാകുന്നത് അമേരിക്ക, ഏഷ്യ, യൂറോപ്പ് എന്നീ ജനനിബിഡമായ വൻകരകൾ ആണ്. പക്ഷേ, ദക്ഷിണ ധ്രുവത്തിനും അതിനെ വലയം ചെയ്യുന്ന വൻകരയ്ക്കും അതിരാകുന്നത് വലിയൊരു സമുദ്രമാണ്, നമ്മുടെ ഗ്രഹത്തിലെ ഏറ്റവും പ്രക്ഷുബ്ധമായ സമുദ്രം.
ആർട്ടിക് വൃത്തത്തിനുള്ളിൽ പതിനായിരക്കണക്കിനു കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ആയിരക്കണക്കിനു സസ്യങ്ങളുടെയും ജന്തുക്കളുടെയും ആവാസസ്ഥാനം കൂടിയാണ് അത്. എന്നിരുന്നാലും, ഒരൊറ്റ മനുഷ്യൻ പോലും അന്റാർട്ടിക്ക തന്റെ സ്വന്തം നാടാണ് എന്ന് അവകാശപ്പെടില്ല. അവിടെ സ്വാഭാവികമായി ആകെക്കൂടെ കാണപ്പെടുന്ന ജീവരൂപങ്ങൾ ആൽഗകളും ബാക്ടീരിയയും പായലുകളും ലൈക്കനുകളും രണ്ടേരണ്ടു തരം പുഷ്പിക്കുന്ന ചെടികളും പിന്നെ ഏതാനും ഇനം പ്രാണികളും മാത്രമാണ്.
“സ്പന്ദിക്കുന്ന ഭൂഖണ്ഡം എന്ന് അന്റാർട്ടിക്കയെ വിശേഷിപ്പിച്ചിരിക്കുന്നു, ഓരോ വർഷവും ഹിമഖണ്ഡപ്പരപ്പിന്റെ വലിപ്പം കൂടുകയും കുറയുകയും ചെയ്യുന്നത് കൊണ്ടാണിത്,” എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നു. ഇങ്ങനെ ഹിമഖണ്ഡപ്പരപ്പിന്റെ വലിപ്പം ഏറ്റവുമധികം കൂടുന്ന സമയത്ത് അത് 1,600 കിലോമീറ്റർ വരെ സമുദ്രത്തിലേക്കു നീണ്ടുകിടന്നേക്കാം. അന്റാർട്ടിക്കയിൽ ഹിമഖണ്ഡപ്പരപ്പിന്റെ വലിപ്പം കൂടുകയും കുറയുകയും ചെയ്യുന്ന നിരക്ക് ആർട്ടിക്കിന്റേതിനെ അപേക്ഷിച്ച് ആറുമടങ്ങാണ്. അങ്ങനെ, അന്റാർട്ടിക്കയ്ക്ക് ആഗോള കാലാവസ്ഥയുടെ മേൽ കൂടുതൽ സ്വാധീനം ചെലുത്താൻ കഴിയുന്നു.
[17-ാം പേജിലെ ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
അറ്റ്ലാന്റിക് സമുദ്രം
ഇന്ത്യൻ മഹാസമുദ്രം
പസിഫിക് സമുദ്രം
ഡ്രേക്ക് പാസേജ്
ജെയിംസ് റോസ് ദ്വീപ്
ലാർസൻ ഐസ് ഷെൽഫ്
അന്റാർട്ടിക് ഉപദ്വീപ
റോനെ ഐസ് ഷെൽഫ്
വിൻസൺ മാസിഫ്(ഏറ്റവും ഉയരമുള്ള പർവതം,4,897 മീറ്റർ)
റോസ് ഐസ് ഷെൽഫ്
എറീബസ് പർവതം(ഒരു സജീവ അഗ്നിപർവതം)
ട്രാൻസ് അന്റാർട്ടിക് പർവതനിരകൾ
ദക്ഷിണ ധ്രുവം
ഭൂമിയിലെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തപ്പെട്ടത് അന്റാർട്ടിക്കയിലാണ്[-89.2] ഡിഗ്രി സെൽഷ്യസ്
o 500 കിലോമീറ്റർ 805 കിലോമീറ്റർ
[കടപ്പാട്]
U.S. Geological Survey
[18, 19 പേജുകളിലെ ചിത്രം]
ചിൻസ്ട്രാപ്പ് പെൻഗ്വിനുകൾ അപൂർവമായ ഒരു നീല മഞ്ഞുമലയിൽ കൂടിനിൽക്കുന്നു
[കടപ്പാട്]
© 2000 Mark J. Thomas/Dembinsky Photo Assoc., Inc
[19-ാം പേജിലെ ചിത്രം]
ഒരു ഹംപ്ബാക്ക് തിമിംഗിലം
[19-ാം പേജിലെ ചിത്രം]
തെക്കൻ കടലാനകൾ
[19-ാം പേജിലെ ചിത്രം]
ദക്ഷിണ ധ്രുവത്തിൽ
[കടപ്പാട്]
Photo: Commander John Bortniak, NOAA Corps
[19-ാം പേജിലെ ചിത്രം]
റോസ് ഐസ് ഷെൽഫ്
[കടപ്പാട്]
Michael Van Woert, NOAA NESDIS, ORA