പുതിയ കിടക്ക വാങ്ങാനുള്ള സമയമായോ?
പുതിയ കിടക്ക വാങ്ങാനുള്ള സമയമായോ?
ബ്രിട്ടനിലെ ഉണരുക! ലേഖകൻ
ഈയിടെയായി കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിക്കുന്നത് ഒരു പതിവായി മാറിയെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? ക്ഷീണവും ശരീരമാസകലം വേദനയുമായാണോ നിങ്ങൾ രാവിലെ എഴുന്നേൽക്കുന്നത്? ആണെങ്കിൽ, കുഴപ്പക്കാരൻ നിങ്ങളുടെ കിടക്ക ആയിരുന്നേക്കാം.
കിടക്കയ്ക്ക് നിങ്ങളുടെ ശത്രുവോ മിത്രമോ ആയിരിക്കാൻ കഴിയും. കാരണം, സാധ്യതയനുസരിച്ച് ജീവിതത്തിന്റെ മൂന്നിലൊരു ഭാഗവും നിങ്ങൾ അതിലാണു ചെലവഴിക്കുന്നത്. പക്ഷേ, നിങ്ങളുടെ കിടക്ക എക്കാലത്തേക്കും നിലനിൽക്കുകയൊന്നുമില്ല. അതുകൊണ്ട്, നിങ്ങളുടെ ഇപ്പോഴത്തെ കിടക്ക എങ്ങനെയുണ്ടെന്ന് ഒന്നു പരിശോധിച്ചാലോ?
നിങ്ങൾക്ക് ഒരു പുതിയ കിടക്കയുടെ ആവശ്യമുണ്ടോ?
സാധാരണഗതിയിൽ ഒരു കിടക്ക ഏതാണ്ട് പത്തുവർഷത്തേക്ക് യാതൊരു കുഴപ്പവുമില്ലാതെ ഉപയോഗിക്കാൻ കഴിയും. കിടക്ക ഉപയോഗിക്കുന്ന ആൾക്കു നല്ല ഭാരമുണ്ടെങ്കിൽ, അതിനു മുമ്പുതന്നെ കേടുപാടുകൾ സംഭവിച്ചേക്കാം. കൂടാതെ, പ്രായം ചെല്ലുന്നതിനനുസരിച്ച് നിങ്ങളുടെ ആവശ്യങ്ങളും ഇഷ്ടാനിഷ്ടങ്ങളും മാറും എന്നതും ഓർമിക്കുക. ഒരു പുതിയ കിടക്ക വേണോ എന്നു തീരുമാനിക്കുന്നതിന് നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുന്നതു നന്നായിരിക്കും: ‘പുറംവേദനയോ കഴുത്തുവേദനയോ ഒക്കെ ആയിട്ടാണോ ഞാൻ കാലത്ത് ഉണരുന്നത്? എന്റെ കിടക്കയ്ക്ക് വലിപ്പം തീരെ കുറവാണോ? സ്പ്രിങ്ങുകളോ പൊങ്ങി നിൽക്കുന്ന ഏതെങ്കിലും ഭാഗങ്ങളോ എന്റെ ദേഹത്തു കൊള്ളുന്നുണ്ടോ? കിടക്കയിൽ കിടന്ന് അങ്ങോട്ടുമിങ്ങോട്ടും തിരിയുമ്പോൾ കിറുകിറാ ശബ്ദം വല്ലതും കേൾക്കുന്നുണ്ടോ? കട്ടിലിന്റെ ബേസ് (അതായത്, മെത്തയിടുന്ന ഭാഗം) നിരപ്പുള്ളതാണോ? കട്ടിലിന്റെ കാലുകൾക്കോ ഉരുട്ടിമാറ്റാൻ പാകത്തിനു പിടിപ്പിച്ചിരിക്കുന്ന ചെറുചക്രങ്ങൾക്കോ തേയ്മാനം സംഭവിച്ചിട്ടുണ്ടോ?’ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളുടെ അടിസ്ഥാനത്തിൽ ഒരു പുതിയ കിടക്കയുടെ ആവശ്യമുണ്ടോ എന്നു തീരുമാനിക്കാൻ കഴിയും.
ഒരു നല്ല കിടക്ക എന്നുവെച്ചാൽ . . .
ഒരു നല്ല കിടക്ക നിങ്ങളുടെ ശരീരത്തിനു സുഖവും താങ്ങും നൽകിക്കൊണ്ട് നിങ്ങളുടെ പ്രത്യേക ആവശ്യങ്ങൾക്കും ഇഷ്ടാനിഷ്ടങ്ങൾക്കും വളരെ നന്നായി ഇണങ്ങുന്ന ഒന്നായിരിക്കും. കിടക്ക സാധാരണഗതിയിൽ കട്ടിലും മെത്തയും ചേർന്നതാണ്. കട്ടിലിലെ കിടപ്പ് സുഖകരമാക്കിത്തീർക്കുന്നത് മെത്തയാണ്. അതിനു പല ഭാഗങ്ങളുണ്ട്. അതിൽ ആദ്യത്തേതു മെത്തയുറയാണ്. എല്ലാ ഭാഗങ്ങളെയും ഒരുമിച്ചു നിറുത്തുന്നത് ഇതാണ്. പഞ്ഞിയോ മറ്റോ നിറച്ച ഒരു ഭാഗമാണ് അടുത്തത്. ഇത് മെത്തയ്ക്കു മാർദവം നൽകുകയും ശരീരത്തിന്റെ ഈർപ്പം വലിച്ചെടുക്കുകയും ചെയ്യുന്നു. മൂന്നാമത്തെ ഭാഗമാണ് മെത്തയ്ക്ക് ദൃഢതയും താങ്ങും നൽകുന്നത്. ദൃഢീകരിച്ച (tempered) ഉരുക്കിന്റെ കോയിലുകളോ സ്പ്രിങ്ങുകളോ ആണ് സാധാരണമായി ഇതിന്റെ പ്രധാന ഘടകങ്ങൾ. ഇതുതന്നെ പലതരത്തിലുള്ളതുണ്ട്. എന്നാൽ, ഉപയോഗിക്കുന്ന സ്പ്രിങ്ങുകളുടെ എണ്ണവും കോയിലുകളുടെ കട്ടിയും കൂടുന്നതിനനുസരിച്ച് മെത്തയുടെ ദൃഢതയും കൂടുതലായിരിക്കും. എന്നാൽ ഇത്തരം മെത്തകൾക്കു പകരം പോളിയുറിഥെയ്ൻ ഫോം മെത്തകളോ റബർ ഫോം മെത്തകളോ ആണ് ഇന്നു കൂടുതലായി ഉപയോഗിക്കുന്നത്. ഉള്ളിൽ സ്പ്രിങ് ഘടിപ്പിച്ച മെത്തകളെക്കാൾ ഭാരം വളരെ കുറവാണിതിന്.
മെത്ത എത്ര നല്ലതാണെങ്കിലും ശരി, കട്ടിൽ അനുയോജ്യമായതല്ലെങ്കിൽ ഒരു പ്രയോജനവുമില്ല. അത് മെത്തയ്ക്കുവേണ്ടിത്തന്നെ രൂപകൽപ്പന ചെയ്തതാണെങ്കിൽ ഏറ്റവും നല്ലത്. ദിവാൻ കോട്ട് സാധാരണ ഒരു സെറ്റ് ആയിട്ടാണു വിൽക്കാറുള്ളത്. അതായത്, മെത്തയും അതിനു പറ്റിയ കട്ടിലും കൂടെ. ദിവാൻ കോട്ടിന്റെ, വീതിയുള്ള വശങ്ങളോടു കൂടിയ, പെട്ടിയുടെ ആകൃതിയിലുള്ള അടിഭാഗം ഒരു വലിയ ഷോക്ക് അബ്സോർബർ ആയി വർത്തിക്കുന്നു. ഇത്, മെത്തയിൽ വായുസഞ്ചാരം ഉണ്ടാകുന്നതിനും അങ്ങനെ അതു കൂടുതൽ കാലം ഉപയോഗിക്കുന്നതിനും സഹായിക്കുന്നു. ഇനി, കട്ടിലും അതിനു ചേരുന്ന മെത്തയും വെവ്വേറെയാണു വാങ്ങിക്കുന്നതെങ്കിൽ, പലകയടിച്ച കട്ടിലുകൾ വാങ്ങാൻ ശ്രദ്ധിക്കുക. പലകകൾക്കിടയിൽ വിടവുകൾ
ഉള്ളതുകൊണ്ടും ഒപ്പം കട്ടിലുകളുടെ അടിഭാഗം തുറന്നിരിക്കുന്നതുകൊണ്ടും മെത്തയ്ക്ക് നല്ല വായുസഞ്ചാരം കിട്ടും. ഉറപ്പുള്ള, വഴങ്ങാത്തതരം ബേസ് ആണെങ്കിൽ നല്ല ദൃഢത കാണും. സ്പ്രിങ് പിടിപ്പിച്ചവ കൂടുതൽ വഴക്കമുള്ളവയാണ്.അനുയോജ്യമായ കിടക്ക തിരഞ്ഞെടുക്കാവുന്ന വിധം
ഒരു കിടക്ക വാങ്ങുമ്പോൾ എന്തെല്ലാം കാര്യങ്ങൾ മനസ്സിൽ പിടിക്കണം? സെക്കൻഡ്-ഹാൻഡ് കിടക്ക വാങ്ങിയാൽ പല പ്രശ്നങ്ങളുണ്ട്. മറ്റ് ആളുകളുടെ വിയർപ്പും ചർമത്തിന്റെ ശകലങ്ങളുമൊക്കെ അവ വലിച്ചെടുത്തിട്ടുണ്ടായിരിക്കും. മാത്രമല്ല, അവയിൽ ഒരുപക്ഷേ, നിറയെ മൂട്ടകളും ഉണ്ടായിരുന്നേക്കാം. ഇതൊക്കെ, അലർജിയോ ആസ്ത്മയോ വരട്ടുചൊറിയോ പിടിപെടുന്നതിന് ഇടയാക്കിയേക്കാം. ആരോഗ്യ-സുരക്ഷാ നിലവാരങ്ങളിൽ എത്തുന്നവയും ആയിരിക്കണമെന്നില്ല അവ.
ഒരു പുതിയ കിടക്ക വാങ്ങുന്നതിനു മുമ്പ്, വില, ആരോഗ്യപരമായ പ്രത്യേകാവശ്യങ്ങൾ, കിടക്കയുടെ വലിപ്പം ഇവയിൽ ഏതിനാണ് മുൻഗണന നൽകാൻ പോകുന്നത് എന്നു തീരുമാനിക്കുന്നതു നല്ലതായിരിക്കും. പേരുകേട്ട കടകൾവേണം സന്ദർശിക്കാൻ. അതിനു വേണ്ടി ധാരാളം സമയം നീക്കിവെക്കുക. ഓരോ കിടക്കയെയും കുറിച്ച് പരമാവധി വിവരങ്ങൾ അറിയാൻ ശ്രമിക്കുക. കിടക്കകൾക്കു മിക്കപ്പോഴും നല്ല വിലയുള്ളതുകൊണ്ട് എടുത്തുചാടി ഒരു തീരുമാനമെടുക്കരുത്.
നിങ്ങൾ ക്ഷീണിച്ചിരിക്കുന്ന ഒരു സന്ദർഭത്തിൽ ശരിയായ തീരുമാനമെടുക്കാൻ വലിയ ബുദ്ധിമുട്ടായിരുന്നേക്കാം. സൗകര്യപ്രദമായ വസ്ത്രങ്ങൾ ധരിക്കുക. ഒരു കിടക്ക എങ്ങനെയുണ്ട് എന്നു പരീക്ഷിച്ചു നോക്കുന്നതിന് മടിച്ചുനിൽക്കരുത്, മറ്റുള്ളവർ എന്തു കരുതും എന്നു വിചാരിച്ചു നിന്നിട്ടു കാര്യമില്ല. ചെരിപ്പൊക്കെ ഊരിയിട്ടിട്ട് ഏതാനും മിനിട്ടു നേരം ഓരോ കിടക്കയിലും കിടന്നുനോക്കുക. പല രീതികളിൽ കിടന്നു നോക്കുക. ചുമലുകൾക്കും ഇടുപ്പുകൾക്കും നടുവിനും താങ്ങു കിട്ടുന്നുണ്ടോ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.—“ഏതു കിടക്കയാണ് നിങ്ങൾക്കു നല്ലത്” എന്ന ചതുരം കാണുക.
നിങ്ങളുടെ കിടക്ക നല്ല രീതിയിൽ സൂക്ഷിക്കുക
കിടക്ക നന്നായി സൂക്ഷിക്കുകയാണെങ്കിൽ അത് ഏറെക്കാലം നിലനിൽക്കുമെന്ന കാര്യം തീർച്ച. വിൽപ്പനക്കാരോട് ഉപദേശം ആരായുക. മാത്രമല്ല, കിടക്ക സൂക്ഷിക്കുന്നതു സംബന്ധിച്ച നിർമാതാവിന്റെ നിർദേശങ്ങൾ സമയമെടുത്തു വായിച്ചുനോക്കുക. പുതിയ കിടക്ക വീട്ടിൽ കൊണ്ടുവരുമ്പോൾ കഴിയുന്നതും പെട്ടെന്ന് അതിന്റെ പോളിഎഥിലിൻ പൊതിയലുകളെല്ലാം അഴിച്ചുമാറ്റുക. ഈർപ്പം തങ്ങിനിന്ന്
പൂപ്പൽ പിടിച്ച് കിടക്ക ജീർണിച്ചുപോകുന്നതു തടയാൻ അങ്ങനെ കഴിയും. കൂടുതലായ ഏതാനും നിർദേശങ്ങൾ ചുവടെ ചേർക്കുന്നു.● ആദ്യത്തെ ഏതാനും മാസങ്ങളിൽ, ഒന്നോ രണ്ടോ ആഴ്ച കൂടുമ്പോഴും പിന്നീട് മൂന്നുമാസം കൂടുമ്പോഴും പുതിയ സ്പ്രിങ് മെത്ത വശങ്ങൾ മറിച്ചിട്ടും അതുപോലെ കാൽവെച്ചിരുന്ന ഭാഗം തലഭാഗത്തും തല വെച്ചിരുന്ന ഭാഗം കാൽഭാഗത്തും വരത്തക്കവണ്ണമിട്ടും ഉപയോഗിക്കണം. മെത്തയ്ക്കുള്ളിൽ നിറച്ചിരിക്കുന്നവ യഥാസ്ഥാനത്ത് ആകുന്നതിനും മെത്തയുടെ എല്ലാ ഭാഗവും ഒരുപോലെയാകുന്നതിനും ഇത് ആവശ്യമാണ്. നിങ്ങൾക്കു നടുവിനോ മുതുകിനോ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഒരു ഫോം മെത്ത വാങ്ങുന്നതാവും നല്ലത്. അതാകുമ്പോൾ കൂടെക്കൂടെ തിരിച്ചും മറിച്ചും ഇടേണ്ട ആവശ്യമില്ല.
● മെത്ത ഒരിക്കലും വളയ്ക്കുകയോ ചുരുട്ടിവെക്കുകയോ ചെയ്യരുത്. മെത്തയ്ക്ക് ഒരു കൈപ്പിടിയുണ്ടെങ്കിൽ, അതിൽ പിടിച്ച് ഒരിക്കലും മെത്ത ഉയർത്താൻ ശ്രമിക്കരുത്. കട്ടിലിൽ മെത്ത നേരെയാക്കിയിടുന്നതിന് വേണ്ടി മാത്രമേ കൈപ്പിടി ഉപയോഗിക്കാവൂ.
● എന്നും രാവിലെ, 20 മിനിട്ടു നേരത്തേക്കെങ്കിലും കിടക്കവിരികൾ കട്ടിലിൽ നിന്നു മാറ്റിയിടണം. കിടക്കയിൽ കാറ്റു കൊള്ളുന്നതിനും കിടന്നപ്പോൾ ഉണ്ടായ ഈർപ്പം പോകുന്നതിനും വേണ്ടിയാണിത്.
● അലക്കാവുന്ന തരം ഒരു കവർ ഉണ്ടാക്കി നിങ്ങളുടെ മെത്ത വൃത്തിയായി സൂക്ഷിക്കുക. മുടിയോ നൂലോ പൊടിയോ പോലുള്ള എന്തും നീക്കംചെയ്യാൻ മെത്തയും കട്ടിലിലെ മെത്തയിടുന്ന ഭാഗവും സ്ഥിരമായി വാക്വം ചെയ്യണം. മെത്തയിൽ എന്തെങ്കിലും വീണാൽ കറയാകുന്നതിനു മുമ്പേ വീര്യംകുറഞ്ഞ തരം സോപ്പും തണുത്ത വെള്ളവും ഉപയോഗിച്ച് അതു തുടച്ചുകളയാൻ ശ്രദ്ധിക്കണം.
● എല്ലായ്പോഴും മെത്തയിൽ ഒരേ സ്ഥാനത്തുതന്നെ ഇരിക്കരുത്. കിടക്കയിൽ ചാടിമറിയാൻ കുട്ടികളെ അനുവദിക്കരുത്.
ഒരു കിടക്ക വാങ്ങുമ്പോൾ നാം മുടക്കുന്ന പണം വാസ്തവത്തിൽ നമ്മുടെ ജീവിതത്തിന്റെ മൂന്നിലൊരു ഭാഗത്തിനു വേണ്ടി നിക്ഷേപിക്കുന്ന പണമാണ്—മറ്റു രണ്ടു ഭാഗങ്ങളുടെമേൽ ശ്രദ്ധേയമായ ഫലം ഉളവാക്കാൻ കഴിയുന്ന ഒരു നിക്ഷേപം. നിങ്ങൾക്കു താങ്ങാകുന്ന ഈ സുഹൃത്തിനെ ജ്ഞാനപൂർവം തിരഞ്ഞെടുക്കുകയും അതിനെ നന്നായി സൂക്ഷിക്കുകയും ചെയ്യുന്നെങ്കിൽ അതും നിങ്ങളെ നന്നായി നോക്കും.
[24-ാം പേജിലെ ചതുരം]
ഏതു കിടക്കയാണ് നിങ്ങൾക്കുനല്ലത്?
സുഖം പകരുന്നതും താങ്ങു നൽകുന്നതും. മെത്ത പലക പോലെ ഉറപ്പുള്ളത് ആണെങ്കിൽ മാത്രമേ ഗുണമുള്ളൂ എന്നു വിചാരിക്കരുത്. ഉറപ്പു കൂടിയാലും പ്രശ്നമാണ്. വാസ്തവത്തിൽ, മെത്ത ഒട്ടും വഴങ്ങാത്തത് ആണെങ്കിൽ അതു നടുവിനും മുതുകിനും പ്രശ്നം ഉണ്ടാക്കിയേക്കാം. ഏറ്റവും നല്ല മെത്ത ഏതെന്ന് നിങ്ങളുടെ ശരീരംതന്നെ നിങ്ങളോടു പറയട്ടെ. മലർന്നു കിടക്കുക. എന്നിട്ട് നടുവിന്റെ വിടവിലേക്ക് കൈ കടത്തിവെച്ചിട്ട് ഒരു വശത്തേക്കു തിരിയാൻ ശ്രമിക്കുക. എളുപ്പത്തിൽ അങ്ങനെ കമിഴ്ന്നു കിടക്കാൻ സാധിക്കുന്നെങ്കിൽ, നിങ്ങൾക്കു വേണ്ടുന്നത്ര ദൃഢതയുള്ള മെത്തയാണത്. നല്ല താങ്ങു നൽകുന്ന മെത്തയാണെങ്കിൽ, ചെരിഞ്ഞുകിടക്കുമ്പോൾ നിങ്ങളുടെ നട്ടെല്ല് നേർരേഖയിലായിരിക്കും. ഭാരക്കൂടുതലുള്ള ഒരു വ്യക്തിക്ക് ദൃഢത കൂടിയ ഒരു മെത്ത വേണ്ടിവരും.
വലിപ്പം. കിടന്ന കിടപ്പിൽ തിരിയാനും മറിയാനും ഒക്കെ പറ്റുന്ന തരത്തിലുള്ള കിടക്ക വേണം വാങ്ങാൻ. രണ്ടുപേരാണ് ഒരു കിടക്കയിൽ കിടക്കാൻ പോകുന്നതെങ്കിൽ ഒരു കാര്യം ഓർക്കുന്നതു നന്നായിരിക്കും. ഒരു സ്റ്റാൻഡേർഡ്-സൈസ് ഡബിൾ ബെഡ് ഉപയോഗിക്കുന്ന രണ്ട് മുതിർന്ന ആളുകൾക്ക്, തൊട്ടിലിൽ ഒരു കുഞ്ഞിന് എന്തുമാത്രം സ്ഥലം കിട്ടുമോ അത്രയും സ്ഥലമേ കിട്ടുകയുള്ളൂ.
കട്ടിലും അതിനു ചേരുന്ന മെത്തയും. സാധിക്കുമെങ്കിൽ, കട്ടിലും അതിനു ചേരുന്ന ഒരു മെത്തയും വാങ്ങുന്നതാവും നല്ലത്. പഴയ കട്ടിലിൽ ഒരു പുതിയ മെത്ത ഇട്ട് ഉപയോഗിച്ചാൽ മെത്ത പെട്ടെന്ന് കേടായിപ്പോയേക്കാം. അത്, മെത്തയുടെ ഗാരണ്ടിയെയോ വാറണ്ടിയെയോ പ്രതികൂലമായി ബാധിക്കുകയും ചെയ്തേക്കാം.
വില. മുടക്കുന്ന പണത്തെ ആശ്രയിച്ചിരിക്കും മിക്കപ്പോഴും നിങ്ങൾക്കു കിട്ടുന്ന മെത്തയുടെ ഗുണനിലവാരം. അതുകൊണ്ട്, നിങ്ങളുടെ കയ്യിലുള്ള പണംകൊണ്ട് കിട്ടാവുന്നതിലേക്കും നല്ല മെത്ത വാങ്ങാൻ ശ്രമിക്കുക.
സ്ഥലം. സ്ഥലം കുറവാണെങ്കിൽ, ഒരു മർഫി കിടക്കയോ ഭിത്തിയിലേക്കു പൊക്കി വെക്കാവുന്ന തരം കിടക്കയോ സോഫാ-കം-ബെഡോ ചുരുട്ടിവെക്കാവുന്ന തരം പഞ്ഞിമെത്തയോ പരീക്ഷിച്ചു നോക്കാവുന്നതാണ്.
ആരോഗ്യ പ്രശ്നങ്ങൾ. സാധാരണ കട്ടിൽ ഉപയോഗിക്കുന്നതു സുഖപ്രദമല്ലെങ്കിൽ, നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ക്രമീകരിക്കാവുന്ന തരം കട്ടിലുകൾ ഉപയോഗിക്കുന്നതു നല്ലതാണ്. ഉദാഹരണത്തിന്, വെള്ളം നിറച്ച കിടക്ക, ശരീരത്തിന്റെ ഭാരത്തെ ഒരുപോലെ താങ്ങുകയും അങ്ങനെ പ്രഷർ പോയന്റുകൾകൊണ്ടു ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകുകയും ചെയ്യും.
അലർജിയുള്ളവർ. പൊടിയോട് അല്ലെങ്കിൽ പഞ്ഞി പോലുള്ള പദാർഥങ്ങളോട് അലർജിയുണ്ടെങ്കിൽ, കൃത്രിമ നാരുകൾ ഉപയോഗിച്ചുള്ള മെത്തയോ ഫോം മെത്തയോ ഉപയോഗിക്കുന്നതാകും നല്ലത്. വെള്ളം നിറച്ച കിടക്കയിലോ പലകയോ മറ്റോ അടിച്ച കട്ടിലുകളിലോ അലർജി ഉണ്ടാക്കുന്ന വസ്തുക്കൾ അത്രയ്ക്ക് കുമിഞ്ഞുകൂടുകയില്ല എന്നതു ശ്രദ്ധേയമാണ്.
പ്രായമായവർ. കിടക്കയുടെ അറ്റത്ത് ഇരിക്കുമ്പോൾ നിങ്ങളുടെ കാൽ നിലത്തു മുട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. കട്ടിലിന് ഉറപ്പുള്ള അരികുകളോടു കൂടിയ ബേസാണ് ഉള്ളതെങ്കിൽ ഇരുന്നുകൊണ്ട് കിടക്കയിൽ കയറാനും ഇറങ്ങാനും എളുപ്പമായിരിക്കും.
[25-ാം പേജിലെ ചതുരം]
സുരക്ഷാ നിർദേശങ്ങൾ
◼ രാത്രിയിൽ ധരിക്കുന്ന വസ്ത്രങ്ങൾ എളുപ്പം തീ പിടിക്കാത്ത തരത്തിലുള്ളവ ആയിരിക്കണം.
◼ തീയുടെയോ ഹീറ്ററിന്റെയോ അടുത്തല്ല നിങ്ങളുടെ കിടക്ക എന്ന് ഉറപ്പാക്കണം.
◼ ഇലക്ട്രിക് ബ്ലാങ്കറ്റ് ഉപയോഗിക്കുന്നുണ്ടെങ്കിൽ, അതിന്റെ അറ്റമെല്ലാം വിട്ടുതുടങ്ങിയോ വല്ലാതെ ചുളുങ്ങിയിട്ടുണ്ടോ കരിഞ്ഞ പാടുകൾ ഉണ്ടോ അല്ലെങ്കിൽ ഇലക്ട്രിക് കോഡിന് തേയ്മാനം സംഭവിച്ചിട്ടുണ്ടോ എന്നെല്ലാം പരിശോധിച്ചു നോക്കണം. ബ്ലാങ്കറ്റ് നനഞ്ഞിരിക്കുമ്പോൾ ഒരിക്കലും അത് ഉപയോഗിക്കരുത്. അതു തന്നെ ഉണങ്ങാൻ അനുവദിക്കണം. ബ്ലാങ്കറ്റ് ഓൺ ചെയ്തിരിക്കുമ്പോൾ ഒരിക്കലും കട്ടിലിൽ ഭാരമുള്ള സാധനങ്ങൾ വെക്കരുത്.
◼ തിളച്ചുകൊണ്ടിരിക്കുന്ന വെള്ളം ഹോട്ട് വാട്ടർ ബോട്ടിലിൽ നിറയ്ക്കരുത്. അത് ഇലക്ട്രിക് ബ്ലാങ്കറ്റിന്റെ കൂടെ ഉപയോഗിക്കുകയും ചെയ്യരുത്. കുട്ടി കിടക്കയിൽ കിടക്കുന്നതിനുമുമ്പേ അതു മാറ്റുക.
[23-ാം പേജിലെ രേഖാചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
മെത്തയുറ
ഡീപ്പ്-സ്റ്റിച്ച് ഡയമണ്ട് ക്വിൽറ്റിങ്
മൈക്രോക്വിൽറ്റിങ്
റ്റഫ്റ്റിങ്
പഞ്ഞിയോ മറ്റോ നിറച്ച ഭാഗം
മെത്തയ്ക്ക് ദൃഢതയും താങ്ങും നൽകുന്ന ഉള്ളിലത്തെ ഭാഗം
ഫോം
കൺടിന്യുവസ് സ്പ്രിങ്ങുകൾ
ഓപ്പൺ സ്പ്രിങ്ങുകൾ
പോക്കറ്റ് സ്പ്രിങ്ങുകൾ
[കടപ്പാട്]
Reproduced by courtesy of the Sleep Council
[25-ാം പേജിലെ ചിത്രം]
Reproduced by courtesy of the Sleep Council