രാസവസ്തുക്കൾ നിങ്ങളെ രോഗിയാക്കുമ്പോൾ
രാസവസ്തുക്കൾ നിങ്ങളെ രോഗിയാക്കുമ്പോൾ
എം സി എസ്-ന്റെ പല വശങ്ങളും കുഴപ്പിക്കുന്നതാണ്. ഈ രോഗത്തിന്റെ സ്വഭാവത്തെ കുറിച്ച് വൈദ്യശാസ്ത്ര രംഗത്ത് ഗണ്യമായ അഭിപ്രായ വ്യത്യാസങ്ങൾ ഉള്ളതിന്റെ കാരണം മനസ്സിലാക്കാവുന്നതേയുള്ളൂ. ഈ രോഗത്തിന് ഒരു ശാരീരിക കാരണം ഉള്ളതായി ചില ഡോക്ടർമാർ വിശ്വസിക്കുമ്പോൾ മറ്റു ചിലർ അതിന് ഒരു മാനസിക കാരണം ഉള്ളതായി വിശ്വസിക്കുന്നു. ഇനിയും വേറെ ചിലർ ശാരീരികവും മാനസികവുമായ ഘടകങ്ങൾ ഉൾപ്പെട്ടിരിക്കാമെന്ന അഭിപ്രായക്കാരാണ്. എം സി എസ് എന്നത് നിരവധി രോഗങ്ങളുടെ ഒരു ഗണത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നു വിശ്വസിക്കുന്ന ഡോക്ടർമാരുമുണ്ട്. a
കീടനാശിനി പോലുള്ള ഒരു വിഷവസ്തുവുമായുള്ള അടുത്ത സമ്പർക്കമാണ് എം സി എസ്-നു വഴിതെളിച്ചത് എന്ന് പലരും പറയുന്നു; കുറഞ്ഞ അളവിലായിരുന്നെങ്കിലും ഒരു വിഷവസ്തുവുമായി കൂടെക്കൂടെ അല്ലെങ്കിൽ സ്ഥിരമായി സമ്പർക്കത്തിലായതായിരുന്നു മറ്റു ചിലർക്കു പ്രശ്നം സൃഷ്ടിച്ചത്. ഒരിക്കൽ, ബഹു രാസവസ്തു സംവേദകത്വം വന്നുകഴിഞ്ഞാൽ പിന്നെ ആ വ്യക്തിക്ക്, മുമ്പൊക്കെ യാതൊരു കുഴപ്പവുമില്ലാതെ ഉപയോഗിക്കാൻ കഴിഞ്ഞിരുന്ന വസ്തുക്കളോട്, അതായത് സുഗന്ധദ്രവ്യങ്ങളും ശുചീകരണ ഉത്പന്നങ്ങളും പോലുള്ളവയോട് അലർജി ഉണ്ടാകാൻ തുടങ്ങുന്നു. ഈ ആരോഗ്യപ്രശ്നത്തിന് “ബഹു രാസവസ്തു സംവേദകത്വം” എന്ന പേരു വരാനുള്ള കാരണംതന്നെ അതാണ്.
ജോയ്സിന്റെ കാര്യമെടുക്കുക. സ്കൂളിൽ പഠിക്കുമ്പോൾ അവളുടെ തല നിറയെ പേൻ വന്നു. പേനിനെ നശിപ്പിക്കാനായി തലയിൽ ഒരു തരം മരുന്ന് സ്പ്രേ ചെയ്തു. ജോയ്സിന്റെ ആരോഗ്യം ക്ഷയിച്ചു വന്നു. മുമ്പ് യാതൊരു കുഴപ്പവുമില്ലാതെ ഉപയോഗിച്ചിരുന്ന രാസവസ്തുക്കളോട് അവൾക്ക് അലർജി ഉണ്ടാകാൻ തുടങ്ങി. വീട്ടിൽ ഉപയോഗിക്കുന്ന ശുചീകരണ വസ്തുക്കൾ, എയർ
ഫ്രഷ്നറുകൾ, സുഗന്ധദ്രവ്യങ്ങൾ, ഷാംപൂ, പെട്രോൾ എന്നിവ അതിൽ ഉൾപ്പെടുന്നു. “എന്റെ കൺപോളകൾ തടിച്ചുവീർത്തു. എനിക്ക് സൈനസ് സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായി. അതിന്റെ ഫലമായി കടുത്ത തലവേദനയും മനംപിരട്ടലും തുടങ്ങി. ദിവസങ്ങളോളം ഞാൻ സുഖമില്ലാതെ കിടന്നു. . . . പല പ്രാവശ്യം ന്യൂമോണിയ വന്നതു നിമിത്തം എന്റെ ശ്വാസകോശങ്ങൾ, 40 വർഷം പുകവലിച്ചിരുന്ന ഒരാളുടേതുപോലെ ആകെ കേടു ബാധിച്ച അവസ്ഥയിലായിരുന്നു. ഞാനാണെങ്കിൽ ഒരിക്കൽപ്പോലും പുകവലിച്ചിട്ടില്ല,” ജോയ്സ് പറയുന്നു.കുറഞ്ഞ അളവിലാണെങ്കിലും ഒരു വിഷവസ്തുവുമായുള്ള സ്ഥിരമായ സമ്പർക്കവും എം സി എസ്-ന് ഇടയാക്കുന്ന ഒരു ഘടകമാണെന്നു പറയപ്പെടുന്നു. വീടിനു വെളിയിൽ വെച്ചോ അകത്തു വെച്ചോ ഇതു സംഭവിക്കാം. സമീപ ദശകങ്ങളിൽ വീടിനകത്തെ വായു മലിനീകരണം നിരവധി രോഗങ്ങൾക്കു വഴിതെളിച്ചിരിക്കുന്നു എന്ന വസ്തുത “സിക്ക്-ബിൽഡിങ് സിൻഡ്രോം” എന്ന പദം രൂപംകൊള്ളാൻ ഇടയാക്കിയിരിക്കുന്നു.
സിക്ക്-ബിൽഡിങ് സിൻഡ്രോം
1970-കളിലാണ് സിക്ക്-ബിൽഡിങ് സിൻഡ്രോം തലപൊക്കിയത്. വായുസഞ്ചാര മാർഗങ്ങളോടു കൂടി നിർമിക്കപ്പെട്ടിരുന്ന വീടുകളുടെയും സ്കൂളുകളുടെയും ഓഫീസുകളുടെയും സ്ഥാനത്ത് ആകെ അടച്ചുപൂട്ടിയ അവസ്ഥയിലുള്ള, എയർ കണ്ടീഷൻ ചെയ്ത കെട്ടിടങ്ങൾ നിലവിൽ വന്നപ്പോഴായിരുന്നു അത്. ഇൻസുലേഷൻ വസ്തുക്കൾ, വാർണിഷും മറ്റും പൂശിയ തടി, ബാഷ്പശീലമുള്ള പശകൾ, കൃത്രിമ തുണിത്തരങ്ങൾ, പരവതാനികൾ എന്നിവയെല്ലാം ഈ കെട്ടിടങ്ങളുടെ സവിശേഷതകളായി.
പ്രത്യേകിച്ചും, നിർമിച്ചെടുത്ത ഉടനെ ഈ ഉത്പന്നങ്ങളിൽ പലതും ഫോർമാൽഡിഹൈഡ് പോലുള്ള അപകടകരമായേക്കാവുന്ന രാസവസ്തുക്കൾ നേരിയ അളവിൽ പുറത്തുവിടുന്നു. വായുസഞ്ചാരമില്ലാത്തതിനാൽ ഇവ മുറിയിൽത്തന്നെ തങ്ങിനിൽക്കും. പരവതാനികളാണെങ്കിൽ പല തരത്തിലുള്ള ശുചീകരണ പദാർഥങ്ങളും ലായകങ്ങളും വലിച്ചെടുക്കുകയും പിന്നീട് ദീർഘകാലത്തേക്ക് അവ വായുവിലേക്കു പുറന്തള്ളുകയും ചെയ്തുകൊണ്ടിരിക്കും. “വിവിധ ലായകങ്ങളിൽനിന്നുള്ള ബാഷ്പങ്ങളാണ് വീടിനകത്തെ ഏറ്റവും സാധാരണമായ വായു മലിനീകാരികൾ” എന്ന് രാസവസ്തുക്കളുമായുള്ള സമ്പർക്കം—ചെറിയ തോതിലെങ്കിൽപ്പോലും വലിയ അപകടങ്ങൾ എന്ന ഇംഗ്ലീഷ് പുസ്തകം പറയുന്നു. “രാസ സംവേദകത്വമുള്ള രോഗികൾ, തങ്ങൾക്ക് ഏറ്റവും കൂടുതൽ അലർജിയുണ്ടാക്കുന്ന പദാർഥങ്ങളിലൊന്ന് ലായകങ്ങളാണെന്നു പറയുന്ന”തായി ആ പുസ്തകം ചൂണ്ടിക്കാട്ടുന്നു.
മിക്കവർക്കും അത്തരം കെട്ടിടങ്ങളിലെ പരിസ്ഥിതിയുമായി പൊരുത്തപ്പെടാൻ കഴിയുമെങ്കിലും ചിലർക്ക് തലവേദന, മാന്ദ്യം എന്നിവ മുതൽ ആസ്ത്മ, ശ്വാസനാള സംബന്ധമായ മറ്റു പ്രശ്നങ്ങൾ തുടങ്ങിയവ വരെ ഉണ്ടായേക്കാം. ആ പ്രത്യേക പരിസ്ഥിതി വിട്ടുപോകുമ്പോൾ സാധാരണഗതിയിൽ ഈ ലക്ഷണങ്ങളും അപ്രത്യക്ഷമാകും. എന്നാൽ ചിലപ്പോൾ “അത് എം സി എസ് ആയി പരിണമിച്ചേക്കാം” എന്ന് ബ്രിട്ടീഷ് വൈദ്യശാസ്ത്ര പത്രികയായ ദ ലാൻസെറ്റ് പറയുന്നു. എന്നാൽ, ഈ രാസവസ്തുക്കൾ ചിലരിൽ മാത്രം അസ്വാസ്ഥ്യങ്ങൾ ഉണ്ടാക്കുന്നത് എന്തുകൊണ്ടാണ്? ഇത് പരിചിന്തനം അർഹിക്കുന്ന ചോദ്യമാണ്. കാരണം, അസ്വാസ്ഥ്യങ്ങൾ ഇല്ലാത്തവർക്ക് അത് ഉള്ളവരുടെ അവസ്ഥ മനസ്സിലാക്കാൻ പലപ്പോഴും ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം.
ഓരോരുത്തരും വ്യത്യസ്തർ
ഏതു വസ്തുക്കളോടായാലും, അവ രാസവസ്തുക്കളോ രോഗാണുക്കളോ ആയിക്കൊള്ളട്ടെ, നമ്മളിലോരോരുത്തരും വ്യത്യസ്ത തരത്തിലാണു പ്രതികരിക്കുന്നത് എന്ന വസ്തുത മനസ്സിൽ പിടിക്കുന്നതു നന്നായിരിക്കും. ജനിതക ഘടന, പ്രായം, ലിംഗഭേദം, ആരോഗ്യനില, കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകൾ, നേരത്തേതന്നെയുള്ള രോഗങ്ങൾ എന്നിവയ്ക്കു പുറമേ മദ്യപാനം, പുകയിലയുടെ ഉപയോഗം, മയക്കുമരുന്നു ദുരുപയോഗം എന്നിങ്ങനെയുള്ള ശീലങ്ങളും നമ്മുടെ പ്രതികരണത്തെ ബാധിക്കുന്നു.
ഉദാഹരണത്തിന്, ഔഷധങ്ങളുടെ കാര്യത്തിൽ “അത് ഫലിക്കുമോ എന്നതും അതിന്റെ പാർശ്വഫലങ്ങൾ എന്തായിരിക്കും എന്നതും” നമ്മുടെ ഓരോരുത്തരുടെയും ശരീരം അതിനോട് ഏതു വിധത്തിൽ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്ന് ന്യൂ സയന്റിസ്റ്റ് മാസിക പറയുന്നു. ഈ പാർശ്വഫലങ്ങളിൽ ചിലത് ഗുരുതരമായിരിക്കാം, മരണം സംഭവിക്കാൻ പോലും അവ ഇടയാക്കിയേക്കാം. സാധാരണഗതിയിൽ, എൻസൈമുകൾ എന്നു വിളിക്കപ്പെടുന്ന മാംസ്യങ്ങൾ, b
ഔഷധങ്ങളിലൂടെയും മലിനീകാരികളിലൂടെയും നമ്മുടെ ശരീരത്തിൽ കയറിക്കൂടുന്ന രാസവസ്തുക്കളെ നിർമാർജനം ചെയ്ത് ശരീരത്തെ ശുദ്ധീകരിക്കുന്നു. എന്നാൽ, പാരമ്പര്യ ഘടകങ്ങളുടെയോ വിഷവസ്തുക്കൾ മൂലം മുമ്പ് സംഭവിച്ചിട്ടുള്ള തകരാറുകളുടെയോ പോഷകാഹാരക്കുറവിന്റെയോ ഫലമായി ഈ “ശുചീകരണ” എൻസൈമുകളുടെ ഉത്പാദനത്തിന് കോട്ടം സംഭവിച്ചാൽ അന്യരാസവസ്തുക്കൾ അപകടരമായ അളവിൽ ശരീരത്തിൽ അടിഞ്ഞുകൂടിയേക്കാം.എം സി എസ്-നെ എൻസൈമുമായി ബന്ധപ്പെട്ട, പോർഫിറിയാസ് എന്നു വിളിക്കപ്പെടുന്ന രക്തസംബന്ധമായ ഒരുകൂട്ടം തകരാറുകളോട് സാദൃശ്യപ്പെടുത്തിയിട്ടുണ്ട്. ചിലതരം പോർഫിറിയാസ് ഉള്ള വ്യക്തികൾ വാഹനങ്ങളിൽനിന്നുള്ള പുക മുതൽ സുഗന്ധദ്രവ്യങ്ങൾ വരെ ഉള്ള രാസവസ്തുക്കളോട് മിക്കപ്പോഴും പ്രതികരിക്കുന്നത് എം സി എസ് ഉള്ളവർ പ്രതികരിക്കുന്ന അതേ വിധത്തിലാണ്.
മനസ്സിനെയും ബാധിക്കുന്നു
സാധാരണ സമ്പർക്കത്തിൽ വരുന്ന രാസവസ്തുക്കളിൽ ചിലത് മയക്കുമരുന്നു കഴിച്ചാലെന്നപോലെയുള്ള അവസ്ഥയിൽ തന്നെകൊണ്ടെത്തിക്കുന്നതായി എം സി എസ് ഉള്ള ഒരു സ്ത്രീ ഉണരുക!-യോടു പറഞ്ഞു: “എന്റെ വ്യക്തിത്വത്തിനു തന്നെ മാറ്റം സംഭവിക്കാറുണ്ട്. എനിക്ക് ദേഷ്യവും ശുണ്ഠിയും ഭയവും ആലസ്യവും ഒക്കെ തോന്നും. . . . . അവ ഏതാനും മണിക്കൂറുകൾ, ചിലപ്പോൾ ദിവസങ്ങൾതന്നെ നീണ്ടുനിന്നെന്നും വരാം.” അതേത്തുടർന്ന് തനിക്ക് മാന്ദ്യവും വിഷാദവുമൊക്കെ അനുഭവപ്പെടുമെന്നും അവൾ പറഞ്ഞു
ഇത്തരം പ്രശ്നങ്ങൾ എം സി എസ് ഉള്ളവരിൽ സാധാരണമായി കണ്ടുവരുന്നു. “രാസവസ്തുക്കളുമായി സമ്പർക്കത്തിലായിരിക്കുന്നവർക്ക്, അത് കീടനാശിനികളുമായിട്ടുള്ള സമ്പർക്കമോ സിക്ക്-ബിൽഡിങ് സിൻഡ്രോമോ ആയിക്കൊള്ളട്ടെ, മാനസിക പ്രശ്നങ്ങൾ ഉള്ളതായി ഒരു ഡസനിലധികം രാജ്യങ്ങൾ റിപ്പോർട്ടു ചെയ്യുന്നതായി” ഡോ. ക്ലൊഡിയ മില്ലർ പറയുന്നു. “ലായകങ്ങളുമായി സമ്പർക്കത്തിലായിരിക്കുന്ന ജോലിക്കാർക്ക് വിഭ്രാന്തിയും വിഷാദവും ഉണ്ടാകാൻ കൂടുതൽ സാധ്യതയുണ്ട്. . . . അതുകൊണ്ട്, രാസവസ്തുക്കളുമായുള്ള സമ്പർക്കം ഏറ്റവും എളുപ്പത്തിൽ ബാധിച്ചേക്കാവുന്നത് മസ്തിഷ്കത്തെയാണ് എന്ന കാര്യം നാം ഒരിക്കലും വിസ്മരിക്കരുത്.”
രാസവസ്തുക്കളുമായുള്ള സമ്പർക്കം മാനസിക പ്രശ്നങ്ങൾക്കു വഴിതെളിച്ചേക്കാമെങ്കിലും തിരിച്ചും സംഭവിക്കാമെന്ന്, അതായത് രാസവസ്തുക്കളോട് അലർജി ഉണ്ടാകാൻ മാനസിക പ്രശ്നങ്ങൾ ഇടയാക്കിയേക്കാമെന്നു പല ഡോക്ടർമാരും വിശ്വസിക്കുന്നു. ശാരീരിക കാരണങ്ങളാണ് എം സി എസിന് ഇടയാക്കുന്നതെന്ന് ഉറച്ചു വിശ്വസിക്കുന്നവരാണ് മുമ്പു പരാമർശിച്ച ഡോ. മില്ലറും ഡോ. നിക്കോളസ് ആഷ്ഫൊർഡും. എന്നാൽ, “വിവാഹമോചനമോ ഇണയുടെ മരണമോ സൃഷ്ടിച്ചേക്കാവുന്ന മാനസിക പ്രശ്നങ്ങൾ പ്രതിരോധ വ്യവസ്ഥയുടെ പ്രവർത്തനത്തെ തകരാറിലാക്കിയേക്കാമെന്നും അത്, ചിലരെ കുറഞ്ഞ അളവിലുള്ള രാസവസ്തുക്കളോടുപോലും കൂടുതൽ സംവേദകത്വം ഉള്ളവരാക്കിയേക്കാമെന്നും” അവർ സമ്മതിക്കുന്നു. “മനസ്സും ശരീരവും തമ്മിലുള്ള ബന്ധം തികച്ചും സങ്കീർണമാണ്,” അവർ പറയുന്നു. ശാരീരിക കാരണങ്ങളാണ് എം സി എസിന് ഇടയാക്കുന്നതെന്നു വിശ്വസിക്കുന്ന മറ്റൊരു വ്യക്തിയായ ഡോ. ഷെറി റോജേഴ്സ് “സമ്മർദം ഒരാളെ രാസവസ്തുക്കളോടു കൂടുതൽ സംവേദകത്വമുള്ളവനാക്കുന്നു” എന്ന് പറയുന്നു.
പ്രസ്തുത രോഗം ഉള്ളവർക്കു തങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ, കുറഞ്ഞപക്ഷം അതുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ ലഘൂകരിക്കാൻ എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ?
എം സി എസ് ഉള്ളവർക്കു സഹായം
എം സി എസ്-ന് പ്രതിവിധി ഉള്ളതായി അറിയില്ലെങ്കിലും പല രോഗികൾക്കും ഈ പ്രശ്നം മൂലം ഉണ്ടാകുന്ന അസ്വസ്ഥതകൾ കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. പലർക്കും സാമാന്യം നല്ലൊരളവുവരെ സാധാരണ ജീവിതം നയിക്കാനും കഴിഞ്ഞിരിക്കുന്നു. അതുമായി പൊരുത്തപ്പെടാൻ അവരെ സഹായിച്ചിരിക്കുന്നത് എന്താണ്? പ്രശ്നം സൃഷ്ടിക്കുന്ന രാസവസ്തുക്കൾ കഴിയുന്നത്ര ഒഴിവാക്കണമെന്ന ഡോക്ടറുടെ നിർദേശം പിൻപറ്റിയത് തങ്ങൾക്കു പ്രയോജനം ചെയ്യുന്നുവെന്ന് ചിലർ പറയുന്നു. c അത്തരം രാസവസ്തുക്കൾ ഒഴിവാക്കുന്നത് തനിക്ക് പ്രയോജനം ചെയ്തിട്ടുണ്ടെന്ന് എം സി എസ് രോഗിയായ ജൂഡി പറയുന്നു. എപ്സ്റ്റൈൻ-ബാർ വൈറസ് ബാധയിൽനിന്ന് സുഖം പ്രാപിച്ചുകൊണ്ടിരുന്ന അവസരത്തിൽ വീട്ടിൽവെച്ച് അവൾ ഒരു കീടനാശിനിയുമായി അമിത സമ്പർക്കത്തിലാകുകയും തുടർന്ന് അവൾക്ക് എം സി എസ് ഉണ്ടാകുകയും ചെയ്തു.
പല എം സി എസ് രോഗികളെയും പോലെ ജൂഡിക്കും വീട്ടാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഒട്ടേറെ രാസവസ്തുക്കളോട് അലർജിയുണ്ട്. അതുകൊണ്ട് അവൾ പാത്രം കഴുകാനും തുണിയലക്കാനും മറ്റും ഉപയോഗിക്കുന്നത് സോഡാ കാരവും ശുദ്ധമായ സോപ്പുമാണ്. വിനാഗിരി തുണികൾക്ക് ഉപയോഗിക്കാവുന്ന ഒന്നാന്തരം ഒരു സോഫ്റ്റ്നർ ആണെന്ന് അവൾ കണ്ടെത്തിയിരിക്കുന്നു. അവളുടെ അലമാരയിലും കിടപ്പുമുറിയിലും കൃത്രിമ
തുണിത്തരങ്ങൾ ഒന്നുമില്ല. അവളുടെ ഭർത്താവാണെങ്കിൽ ഡ്രൈക്ലീൻ ചെയ്ത വസ്ത്രങ്ങൾ ആഴ്ചകളോളം നല്ല വായുസഞ്ചാരമുള്ള സ്ഥലത്തു സൂക്ഷിച്ചശേഷം അതിലെ രാസവസ്തുക്കളുടെ അംശമെല്ലാം പോയെന്ന് ഉറപ്പുവരുത്തിയിട്ടേ അലമാരയിൽ കൊണ്ടുവെക്കാറുള്ളൂ.ഇന്നത്തെ ലോകത്തിൽ, പ്രശ്നമുണ്ടാക്കുന്ന രാസവസ്തുക്കളുമായുള്ള എല്ലാ സമ്പർക്കവും ഒഴിവാക്കുക എന്നത് എം സി എസ് ഉള്ളവരെ സംബന്ധിച്ചിടത്തോളം സാധ്യമായെന്നു വരില്ല. അമേരിക്കൻ ഫാമിലി ഫിസിഷ്യൻ പറയുന്നു: “രാസവസ്തുക്കളുമായുള്ള സമ്പർക്കം ഒഴിവാക്കാൻ ശ്രമിക്കുമ്പോൾ മിക്കപ്പോഴും രോഗി സമൂഹത്തിൽനിന്നു പിൻവലിയാനും തന്നെത്തന്നെ ഒറ്റപ്പെടുത്താനുമുള്ള പ്രവണത കാണിക്കുമെന്നുള്ളതാണ് എം സി എസ് ഉയർത്തുന്ന ഏറ്റവും വലിയ പ്രശ്നം.” ചികിത്സകരുടെ മേൽനോട്ടത്തിൽ രോഗികൾ ജോലി ചെയ്യുകയും ആളുകളുമായി ഇടപഴകുകയും, ക്രമേണ തങ്ങളുടെ പ്രവർത്തനങ്ങൾ വർധിപ്പിക്കുകയും ചെയ്യണമെന്ന് ആ ജേർണൽ നിർദേശിക്കുന്നു. അതേസമയം, വിഭ്രാന്തി ഉണ്ടാകുകയും ഹൃദയമിടിപ്പു വർധിക്കുകയും ചെയ്യുന്ന അവസരങ്ങളിൽ അതു കൈകാര്യം ചെയ്യാനായി, പിരിമുറുക്കം കുറയ്ക്കാനുള്ള മാർഗങ്ങളും ശ്വസനനിയന്ത്രണ വിദ്യകളും പഠിക്കേണ്ടതുണ്ട്. ജീവിതത്തിൽനിന്ന് രാസവസ്തുക്കളെ സമ്പൂർണമായി ഒഴിവാക്കുക എന്നതിനു പകരം ക്രമേണ അവയുമായി പൊരുത്തപ്പെടാൻ രോഗികളെ സഹായിക്കുക എന്നതാണ് ചികിത്സകരുടെ ലക്ഷ്യം.
മറ്റൊരു പ്രധാനപ്പെട്ട ചികിത്സ രാത്രിയിൽ നന്നായി ഉറങ്ങുന്നതാണ്. എം സി എസ് രോഗിയെങ്കിലും ഇപ്പോൾ അതിന്റെ ലക്ഷണങ്ങളിൽനിന്ന് ഏതാണ്ട് വിമുക്തനായ
ഡേവിഡ്, അതിനു തന്നെ സഹായിച്ച ഒരു പ്രധാന സംഗതി ശുദ്ധവായു ധാരാളം ലഭിക്കുന്ന മുറിയിൽ ഉറങ്ങിയതാണെന്നു പറയുന്നു. ഏർണസ്റ്റിനും അദ്ദേഹത്തിന്റെ ഭാര്യ ലൊറെയ്നിനും എം സി എസ് ഉണ്ട്. “രാത്രി നന്നായി ഉറങ്ങുന്നത്, പകൽ സമയങ്ങളിൽ രാസവസ്തുക്കളോടു സമ്പർക്കത്തിൽ വരുന്നതുമായി പൊരുത്തപ്പെടാൻ വളരെയധികം സഹായിക്കു”ന്നതായി അവരും കണ്ടെത്തുന്നു.നല്ല ആരോഗ്യം നിലനിർത്താനും വീണ്ടെടുക്കാനും പോഷകസമൃദ്ധമായ ആഹാരം കഴിക്കേണ്ടതുണ്ട്. “രോഗങ്ങളെ തടയാൻ സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം” എന്ന് അതിനെ വിശേഷിപ്പിച്ചിരിക്കുന്നു. ആരോഗ്യം പൂർണമായിട്ടല്ലെങ്കിലും പരമാവധി വീണ്ടെടുക്കണമെങ്കിൽ, ശരീരത്തിന്റെ വ്യവസ്ഥകളെല്ലാം കാര്യക്ഷമമായി പ്രവർത്തിക്കേണ്ടത് പ്രധാനമാണ്. വിറ്റാമിൻ ഗുളികകളും ടോണിക്കുകളും മറ്റും കഴിക്കുന്നതു സഹായകമായേക്കാം.
നല്ല ആരോഗ്യത്തിനു വ്യായാമം ആവശ്യമാണ്. വിയർക്കുമ്പോൾ നിങ്ങളുടെ ശരീരം ത്വക്കിലൂടെ വിഷാംശങ്ങൾ പുറന്തള്ളുന്നു. നല്ല മനോഭാവവും നർമ്മബോധവും ഉണ്ടായിരിക്കേണ്ടതും പ്രധാനമാണ്, അതുപോലെതന്നെയാണ് സ്നേഹിക്കപ്പെടുന്നതും മറ്റുള്ളവരോടു സ്നേഹം കാണിക്കുന്നതും. ഒരു ഡോക്ടർ തന്റെ എല്ലാ എം സി എസ് രോഗികൾക്കും നിർദേശിക്കുന്ന ഔഷധങ്ങൾ “സ്നേഹവും ചിരിയും” ആണ്. “സന്തുഷ്ടഹൃദയം നല്ലോരു ഔഷധമാകുന്നു” എന്ന് ബൈബിൾ പറയുന്നത് എത്ര വാസ്തവമാണ്!—സദൃശവാക്യങ്ങൾ 17:22.
എന്നാൽ, നിത്യോപയോഗ സാധനങ്ങളായ പെർഫ്യൂമുകളും ശുചീകരണ വസ്തുക്കളും മറ്റു രാസവസ്തുക്കളും എം സി എസ് ഉള്ളവർക്ക് അലർജിയുണ്ടാക്കുന്നതുകൊണ്ട് സന്തോഷപ്രദവും സ്നേഹപൂർണവുമായ കൂട്ടുകെട്ട് ആസ്വദിക്കുന്നത് അവർക്ക് വലിയ ഒരു പ്രശ്നമായിരിക്കാം. എം സി എസ് ഉള്ള ചിലർ അത്തരം സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നത് എങ്ങനെയാണ്? അതുപോലെതന്നെ, എം സി എസ് ഉള്ളവരെ സഹായിക്കാൻ മറ്റുള്ളവർക്ക് എന്തു ചെയ്യാൻ കഴിയും? അടുത്ത ലേഖനം ഈ കാര്യങ്ങൾ ചർച്ച ചെയ്യും.
[അടിക്കുറിപ്പുകൾ]
a ഉണരുക! ഒരു വൈദ്യശാസ്ത്ര പത്രികയല്ല. അതുകൊണ്ടുതന്നെ ഞങ്ങളുടെ ഈ ലേഖനങ്ങൾ വൈദ്യശാസ്ത്രപരമായ ഏതെങ്കിലുമൊരു വീക്ഷണത്തെ ഉന്നമിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതല്ല. സമീപകാലത്തെ ഏതാനും കണ്ടുപിടിത്തങ്ങളെയും ഈ പ്രശ്നത്തെ കൈകാര്യം ചെയ്യുന്നതിനു സഹായകമെന്നു ചില ഡോക്ടർമാരും രോഗികളും കണ്ടെത്തിയിരിക്കുന്ന കാര്യങ്ങളെയും സംബന്ധിച്ച് ഒരു റിപ്പോർട്ട് നൽകുക മാത്രമാണ് ഞങ്ങൾ ചെയ്തിരിക്കുന്നത്. എം സി എസ്-ന്റെ കാരണങ്ങളെയും അതിന്റെ സ്വഭാവത്തെയും ചികിത്സയെയും കുറിച്ച് ലോകമെമ്പാടുമുള്ള ഡോക്ടർമാർക്ക് ഏകാഭിപ്രായമല്ല ഉള്ളത് എന്ന വസ്തുത ഉണരുക! മനസ്സിലാക്കുന്നു.
b ലാക്റ്റേസ് എന്ന എൻസൈമുമായി ബന്ധപ്പെട്ട പ്രശ്നമാണ് ആളുകളിൽ സാധാരണ കണ്ടുവരുന്നത്. ലാക്റ്റേസ് ആവശ്യത്തിന് ഉത്പാദിപ്പിക്കപ്പെടാത്തവരുടെ ശരീരത്തിന് പാലിലെ ലാക്റ്റോസ് ദഹിപ്പിക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം, പാൽ കുടിക്കുമ്പോൾ അവർക്ക് അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടുന്നു. മറ്റു ചിലരുടെ ശരീരത്തിൽ, ചീസിലും മറ്റു ഭക്ഷ്യ പദാർഥങ്ങളിലും കണ്ടുവരുന്ന രാസവസ്തുവായ ടൈറമിനെ ദഹിപ്പിക്കുന്ന എൻസൈം ആവശ്യത്തിന് ഉത്പാദിപ്പിക്കപ്പെടുന്നില്ല. തത്ഫലമായി, അത്തരം ആഹാരപദാർഥങ്ങൾ കഴിച്ചാൽ അവർക്ക് കൊടിഞ്ഞികുത്ത് ഉണ്ടായേക്കാം.
ആഹാരക്രമത്തിലോ ജീവിതശൈലിയിലോ ചെറിയ പൊരുത്തപ്പെടുത്തലുകൾ മാത്രം വരുത്തിക്കൊണ്ട് അതിന്റെ ലക്ഷണങ്ങൾ കുറയ്ക്കുകയോ ഇല്ലാതാക്കുക പോലുമോ ചെയ്യാൻ കഴിയുമെന്ന് പരിശോധനകളിലൂടെ തെളിഞ്ഞേക്കാം.
c തങ്ങൾക്ക് എം സി എസ് ഉണ്ടെന്നു കരുതുന്നവർ നല്ല ഒരു ഡോക്ടറുടെ സഹായം തേടണം. ഒരു സമ്പൂർണ പരിശോധനയ്ക്കു ശേഷമല്ലാതെ ജീവിത ശൈലിക്ക്, ഒരുപക്ഷേ വളരെയധികം പണം ചെലവിട്ടുകൊണ്ട്, സമൂല മാറ്റം വരുത്തുന്നതു ബുദ്ധിയായിരിക്കില്ല. നിങ്ങളുടെ
[7-ാം പേജിലെ ചതുരം/ചിത്രം]
നിങ്ങൾക്ക് ഇത്രയേറെ രാസവസ്തുക്കളുടെ ആവശ്യമുണ്ടോ?
വിഷകരമായേക്കാവുന്ന രാസവസ്തുക്കളുമായുള്ള സമ്പർക്കം പരമാവധി കുറയ്ക്കാൻ നാമെല്ലാം ശ്രദ്ധിക്കണം. വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കളും ഇക്കൂട്ടത്തിൽ പെടും. രാസവസ്തുക്കളുമായി സമ്പർക്കത്തിലാകൽ എന്ന ഇംഗ്ലീഷ് പുസ്തകം ഇപ്രകാരം പറയുന്നു: “വീടിനകത്തെ വായു മലിനീകാരികൾ, രാസവസ്തുക്കളോടുള്ള അലർജികൾക്കു തുടക്കമിടുന്ന ഏറ്റവും ശക്തമായ ഘടകങ്ങളിൽ പെടുന്നതായി കാണുന്നു. ബാഷ്പശീലമുള്ള വ്യത്യസ്തങ്ങളായ നൂറുകണക്കിനു കാർബണിക രാസവസ്തുക്കൾ കുറഞ്ഞ അളവിൽ അടങ്ങിയിരിക്കുന്ന സങ്കീർണമായ മിശ്രിതങ്ങൾ വീടിനകത്തുണ്ട്.” d
അതുകൊണ്ട് നിങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്ന അത്രയും രാസവസ്തുക്കൾ, പ്രത്യേകിച്ചും കീടനാശിനികളും ബാഷ്പശീലമുള്ള ലായകങ്ങൾ അടങ്ങുന്ന ഉത്പന്നങ്ങളും, ശരിക്കും ആവശ്യമുണ്ടോ എന്ന് സ്വയം ചോദിക്കുക. അവയ്ക്കു പകരം വിഷകരമല്ലാത്ത പദാർഥങ്ങൾ നിങ്ങൾ ഉപയോഗിച്ചു നോക്കിയിട്ടുണ്ടോ? ഇനി, അപകടസാധ്യതയുള്ള ഒരു രാസവസ്തു ഉപയോഗിക്കാതെ മറ്റു നിവൃത്തിയൊന്നും ഇല്ല എങ്കിൽ ആവശ്യമായ എല്ലാ മുൻകരുതലുകളും എടുത്ത ശേഷമേ അതു കൈകാര്യം ചെയ്യാവൂ. കുട്ടികളുടെ കൈ എത്താത്ത, രാസവസ്തുവിൽനിന്നു പുറത്തു വരുന്ന ബാഷ്പം കൊണ്ട് ദോഷമൊന്നും വരാത്ത സുരക്ഷിതമായ ഒരു സ്ഥാനത്ത് അവ സൂക്ഷിക്കാനും ശ്രദ്ധിക്കണം. സീലു ചെയ്ത ചില പാത്രങ്ങളിലിരിക്കുന്ന രാസവസ്തുക്കളിൽനിന്നു പോലും ബാഷ്പം പുറത്തുവന്നേക്കാം എന്ന കാര്യം ഓർമിക്കുക.
നമ്മുടെ ചർമത്തിൽ പുരട്ടുകയോ സ്പ്രേ ചെയ്യുകയോ ചെയ്യുന്ന രാസവസ്തുക്കളുടെ കാര്യത്തിലും ഇതുപോലെ തന്നെ ശ്രദ്ധ ആവശ്യമാണ്. പെർഫ്യൂമുകൾ ഉൾപ്പെടെയുള്ള പല രാസവസ്തുക്കളെയും രക്തത്തിലേക്കു കടത്തിവിടാനുള്ള കഴിവ് ചർമത്തിനുണ്ട്. ചില മരുന്നുകൾ ചർമത്തിനു പുറത്തു പുരട്ടുന്നത് അതുകൊണ്ടാണല്ലോ. ആയതിനാൽ ഒരു വിഷ രാസവസ്തു ചർമത്തിൽ വീഴുന്നെങ്കിൽ “ആദ്യം ചെയ്യേണ്ട ഏറ്റവും അടിയന്തിര നടപടി ചർമത്തിൽ അതിന്റെ അംശം ഒട്ടും അവശേഷിക്കാത്ത വിധത്തിൽ അത് കഴുകിക്കളയുകയാണ്” എന്ന് റ്റൈർഡ് ഓർ ടോക്സിക്? എന്ന പുസ്തകം പറയുന്നു.
എം സി എസ് ഉള്ള പലയാളുകളും പെർഫ്യൂമുകളോട് അലർജിയുള്ളവരാണ്. പെർഫ്യൂമുകളിൽ ഉപയോഗിക്കുന്ന രാസവസ്തുക്കളിൽ 95 ശതമാനവും പെട്രോളിയത്തിൽനിന്ന് തയ്യാറാക്കുന്ന കൃത്രിമ സംയുക്തങ്ങളാണ്
. അസെറ്റോൺ, കാംഫർ, ബെൻസാൽഡിഹൈഡ്, എഥനോൾ, ജി-റ്റെർപിനിൻ തുടങ്ങിയവ. ഈ പദാർഥങ്ങൾ നിമിത്തമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് ഐക്യനാടുകളിലെ പരിസ്ഥിതി സംരക്ഷണ ഏജൻസി ചില കാര്യങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. എയർ ഫ്രഷ്നറുകളിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളുടെ കാര്യത്തിലും ഇതു സത്യമാണ്. എയർ ഫ്രഷ്നറുകളെ കുറിച്ചു പഠിക്കുന്ന പരിസ്ഥിതിശാസ്ത്രജ്ഞർ “വീടിനകത്തെ വായുവിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുന്ന പദാർഥങ്ങളായല്ല, പകരം വായു മലിനീകാരികളായിട്ടാണ് അവയെ കണക്കാക്കുന്നത്” എന്ന് യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ അറ്റ് ബെർക്ലി വെൽനസ് ലെറ്റർ പറയുന്നു. എയർ ഫ്രഷ്നറുകൾ ദുർഗന്ധം ഇല്ലാതാക്കുന്നില്ല, അത് അറിയാതാക്കുക മാത്രമേ ചെയ്യുന്നുള്ളൂ.
“എല്ലാ രാസവസ്തുക്കളും ചില സാഹചര്യങ്ങളിൽ വിഷകരമാണ് എന്നത് വിഷവിജ്ഞാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആശയങ്ങളിലൊന്നാണ്” എന്ന് സാധ്യതയുള്ള അപകടങ്ങൾ (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു.
[അടിക്കുറിപ്പ്]
d പല തരത്തിലുള്ള വിഷരാസവസ്തുക്കളിൽനിന്നു ഭവനത്തെ സംരക്ഷിക്കാനുള്ള വഴികളെ കുറിച്ച് ഉണരുക!യുടെ 1998 ഡിസംബർ 22 ലക്കം ചർച്ച ചെയ്തിരുന്നു.