കുറ്റകൃത്യങ്ങളിൽനിന്നു പിന്തിരിയാൻ സഹായം
കുറ്റകൃത്യങ്ങളിൽനിന്നു പിന്തിരിയാൻ സഹായം
ഫ്രാൻസിലെ ഉണരുക! ലേഖകൻ
ഫ്രാൻസിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പല നഗരപ്രദേശങ്ങളിലെയും ക്രമസമാധാന നില പരിഭ്രാന്തിയുളവാക്കുംവിധം തകർന്നുകൊണ്ടിരിക്കുകയാണെന്ന് അടുത്തകാലത്തുണ്ടായ ചില സംഭവങ്ങൾ വ്യക്തമാക്കിയിരിക്കുന്നു. ലെക്സ്പ്രസ് എന്ന ഫ്രഞ്ച് മാസിക പറയുന്ന പ്രകാരം “ആറു വർഷംകൊണ്ട് [ഫ്രാൻസിലെ] നഗരപ്രദേശങ്ങളിൽ അക്രമപ്രവർത്തനങ്ങൾ ഏതാണ്ട് അഞ്ചു മടങ്ങ് വർധിച്ചിരിക്കുന്നു.” അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കുട്ടികളുടെ എണ്ണം ശ്രദ്ധേയമാം വിധം വർധിച്ചിരിക്കുന്നു എന്നതാണ് ഏറ്റവും ഉത്കണ്ഠാജനകമായ സംഗതി.
നശീകരണ പ്രവർത്തനങ്ങൾ, മയക്കുമരുന്ന് ഇടപാടുകൾ, പിടിച്ചുപറി, കൊള്ളിവെയ്പ്, മോഷണം എന്നിവയിൽ ഏർപ്പെടുന്നതിനു പുറമേ കുറ്റവാളികൾ ഗവൺമെന്റിന്റെ പ്രതിനിധികൾക്ക് എതിരെ നേരിട്ട് ആക്രമണങ്ങൾ അഴിച്ചുവിട്ടിരിക്കുന്നു. പൊലീസുകാർ, അഗ്നിശമന ഉദ്യോഗസ്ഥർ, പൊതുഗതാഗത ജീവനക്കാർ തുടങ്ങിയവർ നിരന്തരം അക്രമാസക്തമായ പെരുമാറ്റങ്ങൾക്ക് ഇരകളാകുന്നു.
അക്രമപ്രവർത്തനങ്ങൾ ഇത്രയധികം വർധിക്കാൻ കാരണമെന്താണ്? “കുടുംബബന്ധങ്ങളുടെ തകർച്ചയും ഗവൺമെന്റ് പ്രതിനിധീകരിക്കുന്ന എന്തിനും എതിരെയുള്ള മത്സരമനോഭാവവും ആണ് അതിനു പിന്നിൽ” എന്ന് രണ്ട് സാമൂഹ്യശാസ്ത്രജ്ഞർ വിശദമാക്കുന്നു. കൂടാതെ, “[യുവജനങ്ങൾക്ക്] അധികാരികൾ തങ്ങളെ തഴഞ്ഞിരിക്കുന്നുവെന്ന തോന്നൽ” ഉണ്ടെന്നും “അർഥവത്തായ ഒരു ഭാവിപ്രതീക്ഷ” ഇല്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
കുറ്റകൃത്യങ്ങൾ അരങ്ങു വാഴുന്ന പ്രദേശങ്ങളിൽ യഹോവയുടെ സാക്ഷികൾ പ്രത്യാശയേകുന്ന ബൈബിൾ സന്ദേശം നിരന്തരം പ്രസംഗിക്കുന്നു. അടുത്തയിടെ ഒരു ഫ്രഞ്ച് ടെലിവിഷൻ പരിപാടിയിൽ ഒരു പത്രപ്രവർത്തകൻ ഇപ്രകാരം അഭിപ്രായപ്പെട്ടു: “[ഫ്രാൻസ്] നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലും സാമൂഹ്യപ്രവർത്തകരും പൊലീസുകാരും ഗവൺമെന്റും അവഗണിച്ചിട്ടിരിക്കുന്നതായി കാണപ്പെടുന്ന, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മേഖലകളിലും യഹോവയുടെ സാക്ഷികൾ ഉത്സാഹപൂർവം പ്രവർത്തിക്കുന്നു. അവിടത്തെ തെരുവുകളിലും കെട്ടിടങ്ങളിലും കണ്ടുമുട്ടുന്ന ആളുകളോട് അവർ സംസാരിക്കുന്നു, ആളുകൾ ശ്രദ്ധിക്കുകയും ചെയ്യുന്നു.” ഉണരുക!-യുടെ ഒരു യുവവായനക്കാരൻ എഴുതിയ പിൻവരുന്ന കത്തിൽ കാണാൻ കഴിയുന്നതുപോലെ അവരുടെ പ്രവർത്തനം ആളുകളെ വളരെ നല്ല രീതിയിൽ സ്വാധീനിച്ചിരിക്കുന്നു.
“പതിനാറു വയസ്സുള്ള ഞാൻ ഒരു മുസ്ലീം കുടുംബത്തിലാണു ജനിച്ചത്. നിങ്ങളുടെ പ്രസിദ്ധീകരണങ്ങൾക്കായി അതിരറ്റ കൃതജ്ഞത രേഖപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ എന്നെ വ്യക്തിപരമായി വളരെയധികം സഹായിച്ചിരിക്കുന്നുവെന്നു മാത്രമല്ല നിങ്ങളുടെ സഹായത്താൽ എന്റെ മാതാപിതാക്കളുമായുള്ള ബന്ധം മെച്ചപ്പെടുത്താനും എനിക്കു സാധിച്ചിരിക്കുന്നു.
“കുറ്റകൃത്യ വാസനയിൽനിന്ന് എന്നെ പിന്തിരിപ്പിക്കുന്നതിൽ നിങ്ങൾ വിജയിച്ചിരിക്കുന്നു. തത്ഫലമായി ഞാൻ ഇപ്പോൾ എന്റെ മതം കൂടുതൽ അടുത്തു പിൻപറ്റുന്നു. അതോടൊപ്പം ഞാൻ ബൈബിൾ വായിക്കുകയും ചെയ്യുന്നുണ്ട്. ഞാൻ ഇപ്പോൾ വീണ്ടും സ്കൂളിൽ പോകാൻ തുടങ്ങിയിരിക്കുന്നു. ഇനി, പ്രധാനപ്പെട്ട മറ്റൊരു കാര്യം കൂടെ ഞാൻ പറയട്ടെ. ഞങ്ങളുടെ ചുറ്റുവട്ടത്തുള്ള നിരവധി ആളുകളെ കുറ്റകൃത്യ വാസനയിൽനിന്നു പിന്തിരിപ്പിക്കാൻ നിങ്ങളുടെ മാസികകൾക്കു കഴിഞ്ഞിരിക്കുന്നു. എങ്ങനെയെന്നല്ലേ? ഓരോ മാസവും നിങ്ങളുടെ മാസികകൾ ഞാൻ അവർക്കു വായിക്കാൻ കൊടുക്കാറുണ്ട്. എനിക്ക് നിങ്ങളോട് വളരെ നന്ദിയുണ്ട്, എല്ലാറ്റിനും ഞാൻ നിങ്ങളോടു കടപ്പെട്ടിരിക്കുന്നു.”