നിങ്ങളുടെ നേത്രങ്ങൾ കാണുന്നതിലും അധികം നിങ്ങൾ കാണുന്നുവോ?
നിങ്ങളുടെ നേത്രങ്ങൾ കാണുന്നതിലും അധികം നിങ്ങൾ കാണുന്നുവോ?
കാർ ഡ്രൈവർമാർക്ക് ചില വളവുകൾ തിരിയുമ്പോൾ എതിരെ വരുന്ന വാഹനങ്ങൾ കാണാൻ കഴിയില്ല. എന്നാൽ വളവിൽ ഒരു കണ്ണാടി വെക്കുകയാണെങ്കിൽ വളവിനപ്പുറത്തുനിന്ന് വാഹനങ്ങൾ വരുന്നുണ്ടെന്ന് അറിയാനും അപകടങ്ങൾ ഒഴിവാക്കാനും അവർക്കു കഴിയും. സമാനമായി, മനുഷ്യന് അദൃശ്യനായ ഒരു സ്രഷ്ടാവിനെ നേരിൽ കാണാൻ കഴിയില്ല. എന്നാൽ അങ്ങനെയൊരുവൻ സ്ഥിതിചെയ്യുന്നുണ്ടെന്ന് അറിയാൻ എന്തെങ്കിലും മാർഗമുണ്ടോ?
കാണാൻ കഴിയാത്തത് നമുക്ക് എങ്ങനെ അറിയാൻ കഴിയും എന്നതിനെ കുറിച്ച് ഒന്നാം നൂറ്റാണ്ടിലെ ഒരു എഴുത്തുകാരൻ ഇങ്ങനെ പറഞ്ഞു: “[ദൈവത്തിന്റെ] നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കുതെളിവായി വെളിപ്പെട്ടുവരുന്നു; അവർക്കു പ്രതിവാദമില്ലാതിരിക്കേണ്ടതിന്നു തന്നേ.”—റോമർ 1:20.
അതേക്കുറിച്ചു ചിന്തിക്കുക. മനുഷ്യനു സൃഷ്ടിക്കാൻ കഴിയാത്തതായി നമുക്കു ചുറ്റുമുള്ള സംഗതികളിൽ ബുദ്ധിശക്തിയുടെ തെളിവു നിങ്ങൾക്കു കാണാൻ കഴിയുന്നുണ്ടോ? മനുഷ്യനെക്കാൾ വലിയ ഒരുവൻ ഉണ്ട് എന്ന് നിങ്ങളുടെ “ഉൾക്കാഴ്ച മിഴികൾ”കൊണ്ടു കാണാൻ അത്തരം സംഗതികൾ നിങ്ങളെ സഹായിക്കുന്നുവോ? ചില ഉദാഹരണങ്ങൾ നമുക്കു പരിചിന്തിക്കാം.—എഫെസ്യർ 1:18, ജയിംസ് രാജാവിന്റെ ഭാഷാന്തരം.
സൃഷ്ടിയിൽനിന്നു പഠിക്കൽ
നിലാവില്ലാത്ത ഒരു രാത്രിയിൽ സുന്ദരമായ താരനിബിഡ ആകാശത്തിലേക്കു നോക്കി നിങ്ങൾ അത്ഭുതംകൂറിയിട്ടുണ്ടോ? മഹാനായ ഒരു സ്രഷ്ടാവുണ്ട് എന്നതിന്റെ തെളിവു നിങ്ങൾക്ക് അതിൽ കാണാൻ കഴിഞ്ഞോ? “ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു” എന്ന് ഒരു പുരാതന നിരീക്ഷകൻ വിസ്മയപൂർവം ഉദ്ഘോഷിച്ചു. അദ്ദേഹം ഇങ്ങനെയും പറഞ്ഞു: “നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ, മർത്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം?”—സങ്കീർത്തനം 8:3, 4; 19:1.
അനുകരിക്കാൻ കഴിയാത്തത്ര ശ്രേഷ്ഠമായ സൃഷ്ടിക്രിയകൾ കാണുമ്പോൾ നാം അതിശയിച്ചുപോകുന്നതു സ്വാഭാവികം മാത്രമാണ്.
പ്രശസ്തമായ ഒരു കവിതയിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു: “ഒരു വൃക്ഷം സൃഷ്ടിക്കാൻ ദൈവത്തിനുമാത്രമേ കഴിയൂ.” എന്നാൽ ഒരു വൃക്ഷത്തിന്റെ സൃഷ്ടിയെക്കാൾ എത്രയോ അത്ഭുതകരമാണ് മാതാപിതാക്കളുടെ ഭാഗത്തുനിന്ന് സൃഷ്ടിപരമായ മാർഗനിർദേശങ്ങളൊന്നും കൂടാതെയുള്ള ഒരു ശിശുവിന്റെ ജനനം. പിതാവിന്റെ ബീജം മാതാവിന്റെ ഒരു അണ്ഡകോശവുമായി സംയോജിക്കുമ്പോൾ പെട്ടെന്നുതന്നെ പുതുതായി ഉണ്ടായ കോശത്തിന്റെ ഡിഎൻഎ-യിൽ ഒരു കുട്ടിയെ ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ പ്ലാനുകൾ തയ്യാറാക്കപ്പെടുന്നു. ഡിഎൻഎ-യ്ക്കുള്ളിലെ നിർദേശങ്ങളെല്ലാം “എഴുതിയാൽ, 600 പേജുള്ള ആയിരം പുസ്തകങ്ങൾ നിറയു”മത്രേ.എന്നാൽ അതു തുടക്കം മാത്രമാണ്. ആ ആദ്യ കോശം രണ്ട്, നാല്, എട്ട് എന്നിങ്ങനെ വിഭജിക്കാൻ തുടങ്ങുന്നു. ഏകദേശം 270 ദിവസം കഴിയുമ്പോൾ 200-ലധികം വ്യത്യസ്ത തരങ്ങളിലുള്ള ശതകോടിക്കണക്കിനു ജീവകോശങ്ങളാൽ നിർമിതമായ ഒരു ശിശു ജനിക്കുന്നു. ആ ആദ്യത്തെ കോശത്തിൽ വ്യത്യസ്തമായ ഈ കോശങ്ങളെല്ലാം ഉത്പാദിപ്പിക്കാൻ, അതും കൃത്യസമയത്തുതന്നെ ഉത്പാദിപ്പിക്കാൻ ആവശ്യമായ വിവരങ്ങൾ അടങ്ങിയിരുന്നു എന്നത് അതിശയംതന്നെ! നമ്മുടെ സ്രഷ്ടാവിനെ സ്തുതിക്കാൻ ഇതു നിങ്ങളെ പ്രേരിപ്പിക്കുന്നുണ്ടോ? സങ്കീർത്തനക്കാരൻ പിൻവരുന്നപ്രകാരം എഴുതിക്കൊണ്ടു സ്രഷ്ടാവിനെ സ്തുതിച്ചു: “നീയല്ലോ എന്റെ അന്തരംഗങ്ങളെ നിർമ്മിച്ചതു, എന്റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ മെടഞ്ഞു. ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു.”—സങ്കീർത്തനം 139:13-16.
ഈ “അത്ഭുതങ്ങളെ” കുറിച്ചു പഠിച്ചിട്ടുള്ളവർക്ക് ഭയാദരവ് തോന്നുന്നു. ‘ചിക്കാഗോ, ഇല്ലിനോയ്സ് സംസ്ഥാന മെഡിക്കൽ സമിതികളുടെ’ പ്രസിഡന്റായിരുന്ന ഡോ. ജെയിംസ് എച്ച്. ഹട്ടൻ, “പുതിയ കോശങ്ങളിൽ ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്ന വിവരങ്ങൾ അവയിലേക്ക് കൈമാറാനുള്ള [കോശത്തിലെ ജീനുകളുടെയും ക്രോമസോമുകളുടെയും] അത്ഭുതപ്രാപ്തി” തന്നെ വിസ്മയഭരിതനാക്കുന്നു എന്നു പറഞ്ഞു. നമ്മുടെ ഗവേഷക ശാസ്ത്രജ്ഞർക്ക് ഈ സംഗതികളെ കുറിച്ച് മനസ്സിലാക്കാൻ കഴിഞ്ഞിരിക്കുന്നു എന്നത് ഒരു വലിയ കാര്യം തന്നെയാണ്. എന്നാൽ തീർച്ചയായും ഈ പ്രക്രിയ ഒരു ദിവ്യമനസ്സ് രൂപസംവിധാനം ചെയ്തതായിരിക്കണം.”
ഡോ. ഹട്ടൻ തുടർന്നു പറഞ്ഞു: “അന്തഃസ്രാവ ഗ്രന്ഥികളുടെ പ്രവർത്തനത്തെയും അവയുടെ തകരാറുകളെയും കുറിച്ചുള്ള പഠനം ഈ സുപ്രധാന ഘടനകളുടെ വിസ്മയകരമായ സങ്കീർണതയ്ക്കും പ്രവർത്തനത്തിനും പിന്നിൽ ഒരു ദിവ്യശക്തി പ്രവർത്തിച്ചിരിക്കണമെന്ന ഉറപ്പിനെ ബലിഷ്ഠമാക്കുന്നു എന്ന് ഒരു അന്തഃസ്രാവവിജ്ഞാനിയായ എനിക്കു പറയാൻ കഴിയും.” അദ്ദേഹം ഇങ്ങനെ ഉപസംഹരിച്ചു: “ഈ അത്ഭുതങ്ങൾ പ്രപഞ്ചം രൂപസംവിധാനം ചെയ്ത് പ്രവർത്തനക്ഷമമാക്കിയ അതിന്റെ മേൽനോട്ടം വഹിക്കുന്ന സർവശക്തിയുടെയും സർവജ്ഞാനത്തിന്റെയും ഒരു സ്രോതസ്സ് ഉണ്ടെന്നു വിശ്വസിക്കുന്നതിനുള്ള ഈടുറ്റ കാരണം നൽകുന്നതായി എനിക്കു തോന്നുന്നു.”
ഇങ്ങനെയെല്ലാം പ്രസ്താവിച്ചതിനുശേഷം ഡോ. ഹട്ടൻ ഇപ്രകാരം ചോദിച്ചു: “ഓരോ കുരികിലും നിലത്തു വീഴുമ്പോൾ അറിയുന്ന വ്യക്തിഗുണമുള്ള ഒരു ദൈവമാണോ അവൻ?” ആ ചോദ്യത്തിനുള്ള അദ്ദേഹത്തിന്റെ ഉത്തരം ഇപ്രകാരമായിരുന്നു: “എന്തുകൊണ്ടോ, അത് വിശ്വസിക്കാൻ എനിക്കു കഴിയുന്നില്ല. താരതമ്യേന അപ്രധാനമായ എന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് അവൻ എന്തെങ്കിലും പ്രത്യേക ശ്രദ്ധ നൽകുന്നുണ്ടെന്നും എനിക്കു തോന്നുന്നില്ല.”
സൃഷ്ടിയിലെ “അത്ഭുതങ്ങൾ” അവയ്ക്കു പിന്നിൽ ബുദ്ധിശക്തി പ്രവർത്തിച്ചിരുന്നു എന്നതിനു തെളിവു നൽകുന്നതായി സമ്മതിക്കുമ്പോൾത്തന്നെ മനുഷ്യവർഗത്തിൽ താത്പര്യമെടുക്കുന്ന വ്യക്തിഗുണമുള്ള ഒരു ദൈവത്തിന്റെ അസ്തിത്വം പലരും ചോദ്യം ചെയ്യുന്നത് എന്തുകൊണ്ടാണ്?
ദൈവം യഥാർഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?
ദൈവം ഉണ്ടായിരുന്നെങ്കിൽ മനുഷ്യർ ഇത്രയധികം കഷ്ടത അനുഭവിക്കാൻ അവൻ ഒരിക്കലും അനുവദിക്കില്ലായിരുന്നു എന്ന് പലരും ന്യായവാദം ചെയ്യുന്നു. ചിലർ ചോദിക്കാറുള്ള ഒരു ചോദ്യമാണ് “ഞങ്ങൾക്ക് ദൈവത്തെ ആവശ്യമായിരുന്നപ്പോൾ അവൻ എവിടെ ആയിരുന്നു?” എന്നത്. രണ്ടാം ലോകമഹായുദ്ധത്തിൽ നാസികൾ നടത്തിയ ലക്ഷങ്ങളുടെ കൂട്ടക്കൊലയെ അതിജീവിച്ച ഒരാൾ അത്യന്തം രോഷാകുലനായി ഇപ്രകാരം പറഞ്ഞു: “നിങ്ങൾക്ക് എന്റെ ഹൃദയം നക്കാൻ കഴിയുമെങ്കിൽ അത് നിങ്ങളെ വിഷലിപ്തമാക്കും.”
അതുകൊണ്ട് പലരും ആശയക്കുഴപ്പത്തിലാണ്. നേരത്തേ പരാമർശിച്ച പുരാതന നിരീക്ഷകൻ പറഞ്ഞതുപോലെ വസ്തുക്കളുടെ വിസ്മയകരമായ രൂപകൽപ്പനയും ക്രമവും പരിശോധിക്കുമ്പോൾ ഒരു സ്രഷ്ടാവുണ്ട് എന്നുള്ളതു വ്യക്തമാണ്. എന്നിരുന്നാലും നമ്മെ സംബന്ധിച്ചു കരുതലുള്ള ഒരു ദൈവമാണ് അവനെങ്കിൽ ഇത്രയും ഭയങ്കരമായ കഷ്ടപ്പാടുകൾക്കു നേരെ കണ്ണടയ്ക്കാൻ അവന് എങ്ങനെ കഴിയുന്നു? ദൈവത്തെ ശരിയായ വിധത്തിൽ മനസ്സിലാക്കാനും ആരാധിക്കാനും നമുക്കു കഴിയണമെങ്കിൽ പ്രധാനപ്പെട്ട ആ ചോദ്യത്തിനു തൃപ്തികരമായ ഒരു ഉത്തരം കിട്ടേണ്ടതുണ്ട്. അത് നമുക്ക് എവിടെനിന്നു കിട്ടും?
ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ? എന്ന ലഘുപത്രികയുടെ ഒരു പ്രതി സ്വീകരിക്കാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. അതു ലഭിക്കാൻ എന്തു ചെയ്യണമെന്ന് അറിയാൻ ഈ ഉണരുക!യുടെ 32-ാം പേജു പരിശോധിക്കുക. “ദൈവം കഷ്ടപ്പാട് അനുവദിച്ചിരിക്കുന്നതിന്റെ കാരണം” “മത്സരത്തിന്റെ ഫലം എന്തായിത്തീർന്നിരിക്കുന്നു?” എന്നീ ഭാഗങ്ങളുടെ ഒരു സൂക്ഷ്മ പരിശോധന നിങ്ങളുടെ ചോദ്യങ്ങൾക്ക് തൃപ്തികരമായ ഉത്തരങ്ങൾ നൽകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
[10-ാം പേജിലെ ചിത്രങ്ങൾ]
ഇവയിലെല്ലാം ഒരു സ്രഷ്ടാവ് ഉണ്ടെന്നതിന്റെ തെളിവു നിങ്ങൾ കാണുന്നുണ്ടോ?