പോഴ്സിലിൻ പെയിന്റിങ്ങിൽ അരനൂറ്റാണ്ടു കാലം
പോഴ്സിലിൻ പെയിന്റിങ്ങിൽ അരനൂറ്റാണ്ടു കാലം
അൽഫ്രഡ്ലി ലിപ്പർട്ട് പറഞ്ഞപ്രകാരം
ഞാൻ ഒരു മരപ്പണിക്കാരൻ ആകണമെന്നായിരുന്നു അമ്മയുടെ മോഹം. എന്നാൽ എന്റെ അധ്യാപകൻ എന്നെ ജർമനിയിലെ മൈസണിലുള്ള പോഴ്സിലിൻ കരകൗശല ഫാക്ടറിയിൽ—ഞങ്ങളുടെ വീട്ടിൽനിന്ന് അധികം അകലെയായിരുന്നില്ല ഇത്—ജോലിക്ക് അയക്കണമെന്നു പറഞ്ഞ് അമ്മയെ നിർബന്ധിച്ചു. എന്തുകൊണ്ടായിരുന്നു അദ്ദേഹം നിർബന്ധം പിടിച്ചത്? എനിക്ക് ചിത്രരചനയിലുള്ള പാടവം അദ്ദേഹത്തിന്റെ സൂക്ഷ്മദൃഷ്ടികൾ കണ്ടുപിടിച്ചിരുന്നു. എന്തായാലും, എന്റെ അധ്യാപകന് അമ്മയെ പറഞ്ഞു സമ്മതിപ്പിക്കാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷവാനാണ്. അങ്ങനെ, 14-ാമത്തെ വയസ്സിൽ, ലോകത്തിലെ ഏറ്റവും മനോഹരമായ, കൈകൊണ്ടു നിർമിക്കുന്ന പോഴ്സിലിൻ ഉത്പന്നങ്ങളിൽ പെയിന്റിങ് നടത്തേണ്ട വിധം ഞാൻ പഠിക്കാൻ തുടങ്ങി.
മൈസണിൽ പോഴ്സിലിൻ ഉണ്ടാക്കാൻ തുടങ്ങിയിട്ട് ഏതാണ്ട് 300 വർഷമായി. ഒറിജിനൽ പോഴ്സിലിൻ ഉണ്ടാക്കുന്ന യൂറോപ്പിലെ ആദ്യത്തെ ഫാക്ടറി സ്ഥാപിതമായത് മൈസണിൽ ആയിരുന്നു, 1710-ൽ. ഏതാണ്ട് 30 വർഷത്തിനു ശേഷം, യുവജനങ്ങൾക്ക് പോഴ്സിലിൻ പെയിന്റിങ് പഠിക്കാനുള്ള ഒരു സ്കൂളും ഈ ഫാക്ടറി സ്ഥാപിച്ചു. ഈ സ്കൂൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. പോഴ്സിലിൻ പെയിന്റർ എന്ന നിലയിൽ, വിറയാർന്ന കൈകളോടെ ഞാൻ ആദ്യമായി ബ്രഷ് പിടിച്ചത് ഇവിടെവെച്ചാണ്. മൈസൺ പോഴ്സിലിൻ മാനുഫാക്ചറിയുടെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.
പൂക്കളുടെയും വൃക്ഷങ്ങളുടെയും പക്ഷികളുടെയും മൃഗങ്ങളുടെയുമൊക്കെ ചിത്രങ്ങൾ വരയ്ക്കാനും അവയ്ക്ക് നിറം കൊടുക്കാനുമൊക്കെയുള്ള ചില പ്രത്യേക വിദ്യകൾ ഞാൻ പഠിച്ചെടുത്തത് ഈ സ്കൂളിൽവെച്ചാണ്. പിൽക്കാലത്തെ എന്റെ തൊഴിലിനുള്ള ഒരു അടിസ്ഥാനമായി ഈ പഠനം ഉതകി.
മിനുസം വരുത്തുന്നതിനു മുമ്പോ പിമ്പോ?
മുഖ്യമായും ചീനക്കളിമണ്ണ്, ഫെൽസ്പാർ, ക്വാർട് എന്നിവയുടെ മിശ്രിതം ചുട്ട് നിർമിക്കുന്ന തിളക്കമുള്ള വസ്തുവാണ് പോഴ്സിലിൻ. അടിസ്ഥാനപരമായി പോഴ്സിലിനിൽ രണ്ട് തരത്തിൽ പെയിന്റിങ് നടത്താവുന്നതാണ്. ചുട്ടെടുത്ത കളിമൺ മിശ്രിതത്തിന് മിനുസം വരുത്തുന്നതിനു മുമ്പുതന്നെ പെയിന്റിങ് നടത്താം. എന്നാൽ മിനുസം വരുത്താത്ത പോഴ്സിലിൻ സുഷിരങ്ങൾ നിറഞ്ഞതായിരിക്കും. അത് ചായം വലിച്ചെടുക്കും. അതുകൊണ്ട് അതിൽ പെയിന്റിങ് നടത്തുമ്പോൾ വളരെ ശ്രദ്ധിക്കണം. കൈപ്പിഴവു വന്നാൽ അവ ഒട്ടുമിക്കപ്പോഴും ശരിയാക്കാൻ സാധിക്കില്ല. മിനുസം വരുത്തിയ ശേഷവും പോഴ്സിലിനിൽ പെയിന്റിങ് നടത്താവുന്നതാണ്. ഈ രീതിയിൽ പൂക്കൾ പെയിന്റ് ചെയ്യുന്നതിൽ ഞാൻ പ്രാവീണ്യം നേടി. പെയിന്റിങ് നടത്തുന്നതു മാത്രമല്ല, ഓരോ പോഴ്സിലിൻ ഉത്പന്നത്തിനും വേണ്ടിയുള്ള പ്രത്യേകം പ്രത്യേകം പൂക്കുലകൾ ഡിസൈൻ ചെയ്യുന്നതും ഈ ജോലിയിൽ ഉൾപ്പെട്ടിരുന്നു. തന്റെ ശ്രദ്ധ പൂർണമായും ചെയ്യുന്ന ജോലിയിൽ പതിപ്പിച്ചുകൊണ്ട് ഒരു പോഴ്സിലിൻ പെയിന്റർക്ക് തന്റെ ഭാവന ഉപയോഗിച്ച് മനോഹരമായ ഒരു ഉത്പന്നത്തിനു രൂപംനൽകാൻ കഴിയുന്നു.
നിരവധി വർഷങ്ങൾ പൂക്കളുടെ ചിത്രങ്ങൾ പെയിന്റു ചെയ്തശേഷം ഒടുവിൽ ഞാൻ ജീവികളുടെ ചിത്രങ്ങൾ പെയിന്റ് ചെയ്യുന്ന ജോലിയിലേക്കു പ്രവേശിച്ചു. പെയിന്റിങ്ങിൽ ഏറ്റവും ബുദ്ധിമുട്ടു പിടിച്ച പണി ഇതാണ്. മുമ്പ് പക്ഷികളുടെയും മൃഗങ്ങളുടെയും ചിത്രങ്ങൾ പെയിന്റ് ചെയ്യാൻ പഠിച്ചിരുന്നത് എനിക്ക് വളരെ പ്രയോജനം ചെയ്തു.
അത്യന്തം ആവേശകരമായ വെല്ലുവിളി
പക്ഷികളുടെയും മൃഗങ്ങളുടെയും മത്സ്യങ്ങളുടെയും ചിത്രങ്ങൾ പെയിന്റ് ചെയ്യുന്നത് ഒരു വെല്ലുവിളിതന്നെയാണ്. കാരണം, പൂക്കളുടെയോ വൃക്ഷങ്ങളുടെയോ ഒക്കെ ചിത്രങ്ങളിൽനിന്നു വ്യത്യസ്തമായി മൃഗങ്ങളുടെയും മറ്റും ചിത്രങ്ങൾ പെയിന്റ് ചെയ്യുമ്പോൾ അവയ്ക്ക് ജീവനുള്ളതുപോലെ തോന്നിക്കേണ്ടതുണ്ട്. താൻ പെയിന്റ് ചെയ്യുന്ന മൃഗങ്ങളുടെയും പക്ഷികളുടെയും ശരീരഘടനയും സ്വഭാവരീതിയും കുറേയൊക്കെ കലാകാരൻ അറിഞ്ഞിരിക്കണം. ഉദാഹരണത്തിന്, കവരങ്ങളോടു കൂടിയ കൊമ്പുകളുള്ള കലമാനുകളെയും മറ്റും ഞാൻ പെയിന്റ് ചെയ്യാറുണ്ട്.
ജന്തുക്കളെ കുറിച്ചു പഠിക്കാനുള്ള ഏറ്റവും നല്ല മാർഗം അവയെ അടുത്തു നിരീക്ഷിക്കുക എന്നതാണ്. കുറച്ചു വർഷം മുമ്പാണ്, മത്സ്യങ്ങളുടെ കുറേ ചിത്രങ്ങൾ പെയിന്റ് ചെയ്യാൻ ഞാൻ പരിപാടിയിട്ടു. അതുകൊണ്ട് ഞാൻ ഒരു ഫിഷ് ടാങ്ക് വാങ്ങി, പല തരത്തിലുള്ള മീനുകളെ ഞാൻ അതിലിട്ടു. ഓരോ ഇനം മത്സ്യത്തിന്റെയും ചലനങ്ങളും സ്വഭാവരീതികളും നിരീക്ഷിച്ചുകൊണ്ട് മണിക്കൂറുകളോളം ഞാനും ഭാര്യയും ആ ഫിഷ് ടാങ്കിനടുത്ത് ഇരുന്നു. അവയെ കുറിച്ച് നന്നായി പഠിച്ചശേഷമാണ് ഞാൻ പെയിന്റിങ് ആരംഭിച്ചത്.
ഒരു നല്ല പെയിന്ററാകാൻ ആവശ്യമായ കാര്യങ്ങൾ
ഒരു നല്ല പോഴ്സിലിൻ പെയിന്ററാകാൻ എന്താണ് ആവശ്യമായിരിക്കുന്നത് എന്ന് എന്റെ സുഹൃത്തുക്കൾ എന്നോടു ചോദിക്കാറുണ്ട്. വ്യക്തമായും, അയാൾക്ക് കലാവാസന ഉണ്ടായിരിക്കണം, ഒപ്പം നിരീക്ഷണപാടവവും കരവിരുതും. എന്നാൽ അതു മാത്രം പോരാ. കലാകാരൻ എന്ന നിലയിൽ വിജയിക്കാൻ ഒരു വ്യക്തിക്ക് തന്നെക്കുറിച്ചും തന്റെ ജോലിയെയും മറ്റ് ആളുകളെയും കുറിച്ചും ശരിയായ മനോഭാവം ഉണ്ടായിരിക്കണം. തന്റെ നൈപുണ്യം മെച്ചപ്പെടുത്താനായി കഠിനാധ്വാനം ചെയ്യാൻ അയാൾ സന്നദ്ധനായിരിക്കണം. അല്ലാത്തപക്ഷം ആ കഴിവ് ക്രമേണ നഷ്ടമായേക്കാം. അയാൾ ഒരിക്കലും തന്റെ പഠനം നിറുത്തരുത്, മറ്റുള്ളവർ പറയുന്നത് അയാൾ ശ്രദ്ധിക്കുകയും അവരുടെ ബുദ്ധിയുപദേശങ്ങൾ സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്.
അവസാനമായി ഒരു കാര്യംകൂടെ പറഞ്ഞുകൊള്ളട്ടെ. പരിചയസമ്പന്നനായ ഒരു കലാകാരൻ, ഉപഭോക്താക്കളുടെ ആഗ്രഹങ്ങൾ മനസ്സിലാക്കും. കൈകൊണ്ടുണ്ടാക്കിയതരം പോഴ്സിലിൻ വാങ്ങാൻ വരുന്നവർ വാസ്തവത്തിൽ ആഗ്രഹിക്കുക, കുറച്ചു നാൾ ഉപയോഗിച്ചശേഷം വേണ്ടെന്നു വെക്കാവുന്ന ഒരു നിത്യോപയോഗ വസ്തുവായിരിക്കില്ല. പകരം അവർക്കു വേണ്ടത്, സാംസ്കാരിക മൂല്യമുള്ള ഒരു കലാസൃഷ്ടിയായിരിക്കും. നയനാകർഷകമായ, ഹൃദയത്തിനു കുളിർമയേകുന്ന, ജീവിതത്തെ സമ്പുഷ്ടമാക്കുന്ന ഒന്നുതന്നെ. അവരുടെ ആഗ്രഹം തൃപ്തിപ്പെടുത്തുന്നതിൽ ഒരു പങ്കുണ്ടായിരിക്കാൻ പെയിന്റർ ആഗ്രഹിക്കുന്നു.
പെയിന്റിങ് ദൈവവിശ്വാസത്തിലേക്കു നയിക്കുന്നു
പെയിന്റർ എന്ന നിലയിലുള്ള ജോലി ബൈബിൾ അടുത്തു പരിശോധിക്കാനും ദൈവത്തിൽ ശക്തമായ വിശ്വാസം വളർത്തിയെടുക്കാനും എന്നെ സഹായിച്ചിരിക്കുന്നു. എങ്ങനെ? ചിലപ്പോൾ പക്ഷി ഗവേഷകരുമൊത്ത് ഞാൻ ജോലി ചെയ്തിട്ടുണ്ട്, അവരുടെ പുസ്തകങ്ങൾക്കു വേണ്ടി ഞാൻ ചിത്രങ്ങൾ വരയ്ക്കുകയും പെയിന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അത്തരം ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങിയ കാലത്ത് ഞാൻ പരിണാമ സിദ്ധാന്തത്തിൽ വിശ്വസിച്ചിരുന്നു. എന്നാൽ ഒട്ടേറെ ഗ്രന്ഥകർത്താക്കളുമായുള്ള എന്റെ സമ്പർക്കം ജീവന്റെ ഉത്പത്തി സംബന്ധിച്ച ചർച്ചകളിലേക്കു നയിച്ചു. അത്തരം സംഭാഷണങ്ങൾ എന്റെ വീക്ഷണങ്ങളെ കീഴ്മേൽ മറിച്ചു.
ഗവേഷകരെല്ലാം പരിണാമത്തിൽ വിശ്വസിച്ചിരുന്നെങ്കിലും ഓരോരുത്തർക്കും അവരവരുടേതായ സിദ്ധാന്തങ്ങൾ ഉണ്ടായിരുന്നത് എന്നെ ചിന്തിപ്പിച്ചു. അവരുടെ സിദ്ധാന്തങ്ങൾ മിക്കപ്പോഴും പരസ്പര വിരുദ്ധവും ആയിരുന്നു. പരിണാമം സംബന്ധിച്ച് ഏകാഭിപ്രായത്തിലുള്ള സിദ്ധാന്തങ്ങളൊന്നും ഇല്ലെന്നാണ് എന്റെ വിശ്വാസം. അതുകൊണ്ട്, വിദഗ്ധർക്കിടയിൽതന്നെ പരിണാമത്തെ കുറിച്ച് ഏകാഭിപ്രായത്തോടെയുള്ള ഒരു വിശദീകരണം ഇല്ലെങ്കിൽ മറ്റുള്ളവർക്ക് അത് എങ്ങനെയുണ്ടാകാനാണ് എന്നു ഞാൻ ചിന്തിച്ചു. തത്ഫലമായി പരിണാമസിദ്ധാന്തത്തിൽ എനിക്ക് ഒട്ടും വിശ്വാസമില്ലാതായി. പരിണാമ സിദ്ധാന്തം തെറ്റാണെങ്കിൽ പിന്നെ, ഭൂമിയിലെ ജീവൻ സൃഷ്ടിയുടെ ഉത്പന്നമാകാനേ തരമുള്ളൂ എന്ന് എനിക്കു മനസ്സിലായി. അങ്ങനെയാണ് ഞാൻ നമ്മുടെ സ്രഷ്ടാവിൽ വിശ്വസിക്കാൻ തുടങ്ങിയത്.
എന്റെ കരവേലയിൽനിന്ന് ആളുകൾക്കു സന്തോഷം ലഭിക്കുന്നു എന്ന അറിവ് എന്നെ കൃതാർഥനാക്കുന്നു. പെയിന്റിങ്ങും പോഴ്സിലിനും എനിക്ക് എന്നും പ്രിയപ്പെട്ടതായിരിക്കും.
[17-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
16-ഉം 17-ഉം പേജുകളിലെ ചിത്രങ്ങൾ: Mit freundlicher Genehmigung der Staatlichen Porzellan-Manufaktur Meissen GmbH