ഭൂകമ്പം!
ഭൂകമ്പം!
തായ്വാനിലെ ഉണരുക! ലേഖകൻ
“ടൈപേ നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു ബഹുനില കെട്ടിടത്തിലെ ഒമ്പതാം നിലയിലായിരുന്നു എന്റെ അപ്പാർട്ട്മെന്റ്. ഒരു ദിവസം ഞാൻ പുസ്തകവും വായിച്ചുകൊണ്ട് മുറിയിൽ കിടക്കുകയായിരുന്നു. പെട്ടെന്ന് ലൈറ്റുകൾ മങ്ങി. മുറിയാകെ കുലുങ്ങാൻ തുടങ്ങി, ആരോ കെട്ടിടം പിടിച്ചുലയ്ക്കുന്നതുപോലെ. തൊട്ടുമുകളിലത്തെ നിലയിൽ സാധനങ്ങളെല്ലാം മറിഞ്ഞു വീഴുന്ന ശബ്ദം കേട്ടപ്പോൾ മച്ച് തകർന്നു വീഴുമോ എന്നു ഞാൻ ഭയന്നു. ഞാൻ വേഗം ഒരു മേശയ്ക്കടിയിൽ കയറിയിരുന്നു. കുലുക്കം പിന്നെയും കുറേ നേരത്തേക്കു തുടർന്നു.”—തായ്വാനിൽ താമസിക്കുന്ന ഒരു പത്രപ്രവർത്തകൻ.
ഭൂകമ്പം. ആ വാക്കുതന്നെ നമ്മിൽ ഭയം ജനിപ്പിക്കാൻ പോന്നതാണ്. അടുത്തകാലത്ത് കൂടെക്കൂടെ നാം അതേക്കുറിച്ചുള്ള വാർത്തകൾ കേൾക്കുകയുണ്ടായി. യു.എസ്. ജിയോളജിക്കൽ സർവേ പറയുന്ന പ്രകാരം മുൻ വർഷങ്ങളിലും വലിയ തോതിലുള്ള ഭൂകമ്പങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും 1999 എന്ന വർഷം ഇക്കാര്യത്തിൽ ഒരു റെക്കോർഡ്തന്നെ സ്ഥാപിച്ചു. കൂടാതെ, മരണസംഖ്യ വാർഷിക ശരാശരിയുടെ ഇരട്ടിയായിരുന്നു.
1999-ലെ ഏറ്റവും വലിയ ഭൂകമ്പം ഉണ്ടായത് തായ്വാനിലാണ്. ഭൂവൽക്കത്തിന്റെ രണ്ട് വലിയ വൻകരഫലകങ്ങൾ ഒന്നുചേരുന്നിടത്താണ് തായ്വാൻ സ്ഥിതി ചെയ്യുന്നത്. തായ്വാനിൽ മൊത്തം 51 വിള്ളലുകൾ ഉള്ളതായി സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട്, ഇവിടെ വർഷത്തിൽ 15,000-ഓളം ഭൂകമ്പങ്ങൾ രേഖപ്പെടുത്തപ്പെടുന്നതിൽ അതിശയിക്കാനില്ല. എന്നിരുന്നാലും ഇവയിൽ മിക്കതും തിരിച്ചറിയപ്പെടാത്തവണ്ണം നേരിയ തോതിലുള്ളവയാണ്.
എന്നാൽ 1999 സെപ്റ്റംബർ 21-ന് ഉണ്ടായ ഭൂചലനം അത്തരത്തിലുള്ളതായിരുന്നില്ല. തായ്വാനെ കിടിലംകൊള്ളിച്ച ആ ഭൂകമ്പം ഉണ്ടായത് അർധരാത്രിക്കുശേഷം 1:47-ന് ആയിരുന്നു. അത് അതിഭീകരമായതിനാൽ പ്രസിഡന്റ് ലീ ഡെങ് ഹ്വേ അതിനെ “ഈ നൂറ്റാണ്ടിൽ തായ്വാനിൽ ഉണ്ടായിട്ടുള്ളതിലേക്കും ഏറ്റവും വലിയ ഭൂകമ്പം” എന്നു വിശേഷിപ്പിച്ചു. 30 സെക്കന്റു മാത്രം നീണ്ടുനിന്ന ആ ഭൂകമ്പത്തിന്റ ശക്തി 7.6 ആയിട്ടാണ് a ഭൂകമ്പത്തിന്റെ ഉത്ഭവകേന്ദ്രം ഭൂമിയുടെ ഉപരിതലത്തിൽനിന്ന് ഏതാണ്ട് ഒരു കിലോമീറ്ററിൽ അധികം മാത്രം ആഴത്തിൽ ആയിരുന്നതിനാൽ അതിന്റെ തീവ്രത സ്ഥലവാസികൾക്കു പൂർണമായും അനുഭവപ്പെടുകയുണ്ടായി. “അതിശക്തമായ ഒരു കുലുക്കമാണ് എന്നെ ഉറക്കത്തിൽനിന്ന് ഉണർത്തിയത്,” ഭൂകമ്പത്തിന്റെ അധികേന്ദ്രത്തിന് (ഭൂകമ്പത്തിന്റെ ഉത്ഭവകേന്ദ്രത്തിനു നേരെ മുകളിലുള്ള ഭൂതലഭാഗം) അടുത്തായി താമസിച്ചിരുന്ന ല്യൂ സ്യൂസ്യാ പറയുന്നു. “വീട്ടിലെ സാധനസാമഗ്രികളെല്ലാം മറിഞ്ഞുവീണു, സീലിങ് ലൈറ്റുകൾ പോലും. കുപ്പിച്ചില്ലുകളും സാധനങ്ങളും ചിതറിക്കിടന്നിരുന്നതിനാൽ എനിക്ക് പുറത്തേക്കു കടക്കാൻ കഴിഞ്ഞില്ല.” ഹ്വാങ് ഷു-ഹോങ്ങിന്റെ അനുഭവം മറ്റൊന്നായിരുന്നു. കുലുക്കത്തിന്റെ ശക്തിയിൽ അവൾ കട്ടിലിൽനിന്നു താഴെ വീണു. “പെട്ടെന്നു വൈദ്യുതി നിലച്ചു, അതുകൊണ്ട് ആകെ ഇരുട്ടായിരുന്നു,” അവൾ പറയുന്നു. “ഒരുവിധം തപ്പിത്തടഞ്ഞ് ഞാൻ പുറത്തുകടന്നു. ഞാനും അയൽക്കാരും കൂടി അന്ന് രാത്രി മുഴുവൻ റോഡരികിൽ കഴിച്ചുകൂട്ടി. എത്ര നേരമാണെന്നോ നിലം കുലുങ്ങിക്കൊണ്ടിരുന്നത്!”
റിക്ടർ സ്കെയിൽ രേഖപ്പെടുത്തിയത്.രക്ഷാപ്രവർത്തനങ്ങൾ
നേരം വെളുത്തപ്പോൾ ഭൂകമ്പത്തിന്റെ പ്രത്യാഘാതങ്ങൾ എങ്ങും ദൃശ്യമായിരുന്നു. ഒറ്റനില കെട്ടിടങ്ങളും ബഹുനില കെട്ടിടങ്ങളും അടക്കം 12,000 കെട്ടിടങ്ങൾ നിലംപൊത്തി. ദുരന്തത്തെ കുറിച്ചുള്ള വാർത്ത പരന്നപ്പോൾ, സ്ഥലത്തെ സന്നദ്ധസേവകരെ സഹായിക്കാനായി 23 രാജ്യങ്ങളിൽനിന്ന് രക്ഷാപ്രവർത്തകർ തായ്വാനിലെത്തി. പലരും അപ്പോഴും നാശാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടപ്പുണ്ടായിരുന്നു.
ഒരു ദുരന്തം ഉണ്ടായശേഷമുള്ള ആദ്യത്തെ 72 മണിക്കൂർ അതിജീവകരെ കണ്ടെത്തുന്ന കാര്യത്തിൽ നിർണായകമാണ്. എന്നാൽ രക്ഷാപ്രവർത്തകരെ അത്ഭുതപ്പെടുത്തിയ ചില സംഭവങ്ങൾ തായ്വാനിൽ ഉണ്ടായി. ഉദാഹരണത്തിന്, ദുരന്തം നടന്ന് 87 മണിക്കൂറിനുശേഷം ആറു വയസ്സുള്ള ഒരു ആൺകുട്ടിയെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് രക്ഷപ്പെടുത്താൻ സാധിച്ചു. ടൈപേയിൽ, തകർന്നുവീണ ഒരു 12 നില കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ നീക്കംചെയ്യുന്നതിനിടയിൽ രണ്ടു യുവാക്കളെ കണ്ടെത്തി. സഹോദരന്മാരായ അവരിരുവരും അഞ്ചു ദിവസത്തിലേറെയായി അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. അവരും അത്ഭുതകരമായി രക്ഷപ്പെട്ടു!
എന്നാൽ സങ്കടകരമെന്നു പറയട്ടെ, ഹൃദയഭേദകങ്ങളായ അനുഭവങ്ങളും രക്ഷാപ്രവർത്തകർക്കു നേരിടേണ്ടതായി വന്നു. ഉദാഹരണത്തിന്, ഒരു രക്ഷാപ്രവർത്തക സംഘത്തെ നയിച്ചിരുന്ന വ്യക്തി ഇപ്രകാരം പറയുന്നു: “എട്ടു മണിക്കൂർ മുമ്പുവരെ ഒരു കുട്ടി കരയുന്ന ശബ്ദം ഞങ്ങൾക്കു കേൾക്കാമായിരുന്നു.
പക്ഷേ പിന്നെ ആ കരച്ചിൽ നിലച്ചു.” തായ്വാനിലെ ആ ഭൂകമ്പത്തിൽ 2,300-ലധികം പേർ മരിച്ചു, 8,500-ലധികം പേർക്കു പരിക്കേറ്റു.പ്രത്യാഘാതങ്ങളെ നേരിടൽ
ഭൂകമ്പത്തെ തുടർന്ന് ഭവനരഹിതരായ ലക്ഷക്കണക്കിന് ആളുകൾക്ക് അഭയം നൽകാൻ ഒരു വമ്പിച്ച ശ്രമം നടന്നു. ഭൂകമ്പക്കെടുതിക്ക് ഇരയായ ചിലർക്ക് ആദ്യം കെട്ടിടങ്ങളുടെ അകത്തേക്കു പോകാൻ ഒരൽപ്പം പേടിയായിരുന്നു. ഇത് മനസ്സിലാക്കാവുന്നതേ ഉള്ളൂ. കാരണം, ആദ്യത്തെ ഭൂകമ്പത്തെ തുടർന്നുള്ള പത്തു ദിവസങ്ങളിൽ ചെറിയ തോതിലുള്ള ഏതാണ്ട് 10,000 പ്രഘാതങ്ങൾ (Shock) രേഖപ്പെടുത്തപ്പെട്ടു! ഇതിൽ ഒരെണ്ണത്തിന്റെ ശക്തി റിക്ടർ സ്കെയിലിൽ 6.8 എന്നു രേഖപ്പെടുത്തി. ആ പ്രഘാതത്തെ തുടർന്ന്, ഇളകിനിന്നിരുന്ന നിരവധി കെട്ടിടങ്ങൾ നിലംപൊത്തുകയും ചെയ്തു.
എന്നിരുന്നാലും, ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടർന്നു. വിദേശ രക്ഷാപ്രവർത്തക സംഘങ്ങൾ, ചി ജി എന്ന ബുദ്ധമത വിഭാഗം, അഗ്നിശമന പ്രവർത്തക സംഘങ്ങൾ എന്നിവ ഉൾപ്പെടെ ഗവൺമെന്റ് പങ്കാളിത്തമില്ലാത്ത ഒട്ടേറെ സംഘടനകൾ ഈ പ്രവർത്തനത്തിനായി തങ്ങളുടെ സമയവും വൈദഗ്ധ്യങ്ങളും സംഭാവന ചെയ്തു. യഹോവയുടെ സാക്ഷികളും ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നു. ഗലാത്യർ 6:10-ൽ ബൈബിൾ ബുദ്ധിയുപദേശിക്കുന്ന പ്രകാരം അവർക്ക് രണ്ടു ലക്ഷ്യങ്ങളാണ് ഉണ്ടായിരുന്നത്. (1) സഹവിശ്വാസികളുടെ ആവശ്യങ്ങൾ നിറവേറ്റുക (2) മറ്റു മതങ്ങളിൽപ്പെട്ടവർ ഉൾപ്പെടെ എല്ലാവർക്കും, നന്മ ചെയ്യുക.
ആദ്യത്തെ ദിവസം വൈകുന്നേരം ആയപ്പോഴേക്കും യഹോവയുടെ സാക്ഷികൾ ഭക്ഷണവും വെള്ളവും കൂടാരം കെട്ടാനുള്ള സാധനസാമഗ്രികളും ഭക്ഷണം പാകം ചെയ്യാനുള്ള സജ്ജീകരണങ്ങളും മറ്റും ട്രക്കുകളിൽ കൊണ്ടുവന്ന് ഇറക്കാൻ തുടങ്ങി. വാർത്താവിനിമയ ബന്ധങ്ങളെല്ലാം വിച്ഛേദിക്കപ്പെട്ടിരുന്നതിനാൽ, സഹ സാക്ഷികളെയും അവരുടെ ബന്ധുക്കളെയും ബൈബിൾ വിദ്യാർഥികളെയും താത്പര്യക്കാരെയും കണ്ടുപിടിക്കാൻ ഭൂകമ്പ ബാധിത പ്രദേശത്തെ ആറു സഭകളിലെ മൂപ്പന്മാർ കൂട്ടായ ശ്രമം നടത്തി. ഒന്നിച്ച് ഒരു സ്ഥലത്തു താമസിക്കാൻ അവർ ഭവനരഹിതരായ സാക്ഷികളെ പ്രോത്സാഹിപ്പിച്ചു. അങ്ങനെയാകുമ്പോൾ എല്ലാവരുടെയും കാര്യങ്ങൾ നന്നായി ശ്രദ്ധിക്കാനും എല്ലാവരുമായി സമ്പർക്കം പുലർത്താനും എളുപ്പമാകുമായിരുന്നു. തായ്വാനിലെ സഞ്ചാര മേൽവിചാരകന്മാരും ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളും പ്രോത്സാഹനം നൽകാനായി ഓരോ കൂട്ടങ്ങളെയും സഭകളെയും സന്ദർശിച്ചു.
കേടുപാടുകൾ സംഭവിച്ച വീടുകളും രാജ്യഹാളുകളും നന്നാക്കാനായിരുന്നു അടുത്ത ശ്രമം. ഓരോ സഭയും, നന്നാക്കാനുള്ള കെട്ടിടങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കി. അതിനുശേഷം, മേഖലാ നിർമാണ കമ്മിറ്റിയുടെ മാർഗനിർദേശത്തിൻ കീഴിൽ സന്നദ്ധസേവാ സംഘങ്ങൾ അയയ്ക്കപ്പെട്ടു. ഭൂകമ്പത്തിനു ശേഷം ഒരു മാസംകൊണ്ട് പണികളെല്ലാം പൂർത്തിയായി.
തങ്ങളുടേതിൽനിന്ന് വ്യത്യസ്തമായ മതം ആചരിക്കുന്ന അയൽക്കാരെയും യഹോവയുടെ സാക്ഷികൾ സഹായിച്ചു. ഉദാഹരണത്തിന്, ആശ്വാസം പകരുന്നതിനായി സാക്ഷികൾ ആശുപത്രികളും ദുരിതാശ്വാസ പാർപ്പിട കേന്ദ്രങ്ങളും സന്ദർശിച്ചു. 1996 ജൂൺ 22 ലക്കം ഉണരുക!-യിലെ “പ്രകൃതി വിപത്തുക്കൾ—തരണം ചെയ്യാൻ നിങ്ങളുടെ കുട്ടിയെ സഹായിക്കൽ” എന്ന ലേഖനത്തിന്റെ ഫോട്ടോകോപ്പികൾ അവർ വിതരണം ചെയ്തു. ഒട്ടേറെ ആളുകൾ ഈ ലേഖനം കൃതജ്ഞതയോടെ സ്വീകരിച്ചു, ലഭിച്ച ഉടൻതന്നെ അവർ അതു വായിക്കാൻ തുടങ്ങി. റോഡുകൾ തുറക്കപ്പെട്ടപ്പോൾ യഹോവയുടെ സാക്ഷികൾ ഭൂകമ്പക്കെടുതിക്ക് ഇരയായ ഒറ്റപ്പെട്ട പർവത പ്രദേശങ്ങളിലേക്ക് ട്രക്കുകണക്കിന് ഭക്ഷ്യവസ്തുക്കളും മറ്റും കയറ്റി അയച്ചു.
ഈ വ്യവസ്ഥിതിയുടെ അന്ത്യനാളുകളിൽ ‘ഭൂകമ്പം അവിടവിടെ ഉണ്ടാകും’ എന്ന് കാലങ്ങൾക്കു മുമ്പ് ബൈബിൾ മുൻകൂട്ടി പറഞ്ഞിരുന്നതായി അതിന്റെ പഠിതാക്കൾ മനസ്സിലാക്കുന്നു. (മത്തായി 24:7) എന്നാൽ സമാധാനപൂർണമായ ദൈവരാജ്യ ഭരണത്തിൻ കീഴിൽ മനുഷ്യവർഗം ഇത്തരം ഭയാനകമായ പ്രകൃതിവിപത്തുക്കളെ പേടിച്ചു കഴിയേണ്ടി വരില്ലെന്നും ബൈബിൾ നമുക്ക് ഉറപ്പുതരുന്നു. ആ കാലത്ത്, ഭൂമി ഒരു പറുദീസയായി മാറുകതന്നെ ചെയ്യും.—യെശയ്യാവു 65:17, 21, 23; ലൂക്കൊസ് 23:43.
[അടിക്കുറിപ്പ്]
a 1999 ആഗസ്റ്റിൽ ടർക്കിയിൽ ഉണ്ടായ ഭൂകമ്പത്തിന്റെ ശക്തി റിക്ടർ സ്കെയിലിൽ 7.4 എന്നാണു രേഖപ്പെടുത്തിയത്. എന്നാൽ അത് തായ്വാനിലെ ഭൂകമ്പത്തെക്കാൾ ചുരുങ്ങിയത് എഴു മടങ്ങ് ജീവനെങ്കിലും അപഹരിക്കുകയുണ്ടായി.
[26-ാം പേജിലെ ചിത്രം]
ദുരിതാശ്വാസ കേന്ദ്രങ്ങളിൽ ആയിരുന്നപ്പോഴും യഹോവയുടെ സാക്ഷികൾ തങ്ങളുടെ യോഗങ്ങൾ നടത്തുകയുണ്ടായി
[27-ാം പേജിലെ ചിത്രം]
ഭൂകമ്പത്തിൽ പല റോഡുകളും നശിപ്പിക്കപ്പെട്ടു
[കടപ്പാട്]
San Hong R-C Picture Company
[25-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
San Hong R-C Picture Company
[27-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
2, 25-27 പേജുകളിലെ സൈസ്മോഗ്രാം: Figure courtesy of the Berkeley Seismological Laboratory