മരണ“ചുംബന”ത്തെ തടുക്കൽ
മരണ“ചുംബന”ത്തെ തടുക്കൽ
ബ്രസീലിലെ ഉണരുക! ലേഖകൻ
രാത്രിയുടെ നിശ്ശബ്ദതയിൽ അത് നിങ്ങളുടെ അടുത്തേക്കു വരികയാണ്. ഗാഢ നിദ്രയിൽ ആയിരിക്കുന്ന നിങ്ങൾ അതറിയുന്നേയില്ല. എന്തിന്, അത് ഒരു “ചുംബനം” നൽകുമ്പോൾപോലും നിങ്ങൾ ഉണരുന്നില്ല.
രാത്രിയിലെ ഈ നുഴഞ്ഞുകയറ്റക്കാരന്റെ പേരാണ് ബാർബർ ബീറ്റൽ. ചുംബന പ്രാണി എന്നും അറിയപ്പെടും. ഈ പ്രാണി തെക്കേ അമേരിക്കയിൽ വ്യാപകമായി കാണപ്പെടുന്നു. നിങ്ങളുടെ രക്തം മെല്ലെ വലിച്ചുകുടിക്കവെ അതിന്റെ “ചുംബനം” 15 മിനിട്ടു നേരത്തേക്കുവരെ നീണ്ടുപോയേക്കാം. ഈ “ചുംബനം” അതിൽത്തന്നെ നിങ്ങൾക്കു ദോഷം ചെയ്യില്ല. എന്നാൽ പ്രാണി നിങ്ങളുടെ ചർമത്തിൽ നിക്ഷേപിക്കുന്ന വിസർജ്യത്തിൽ ട്രിപ്പാനൊസോമ ക്രൂസി—ചുരുക്കപ്പേര് ടി. ക്രൂസി—എന്ന സൂക്ഷ്മജീവി ഉണ്ടായിരുന്നേക്കാം. കണ്ണിലൂടെയോ വായിലൂടെയോ ഒരു മുറിവിലൂടെയോ മറ്റോ നിങ്ങളുടെ ഉള്ളിൽ കടക്കുകയാണെങ്കിൽ ഈ പരാദത്തിന് ഷാഗസ് രോഗം എന്ന പേരിൽ കൂടുതലായി അറിയപ്പെടുന്ന അമേരിക്കൻ ട്രിപ്പാനൊസോമൈയാസിസിന് ഇടയാക്കാൻ കഴിയും.
അണുബാധയെ തുടർന്ന് ഉടൻതന്നെ പ്രത്യക്ഷപ്പെടുന്ന രോഗലക്ഷണങ്ങളിൽ ഏറ്റവും പ്രകടമായത് ഒരു കണ്ണിനുണ്ടാകുന്ന വീക്കമാണ്. തുടർന്ന് ക്ഷീണമോ പനിയോ വിശപ്പില്ലായ്മയോ അതിസാരമോ ഉണ്ടായേക്കാം. സാധാരണഗതിയിൽ ചികിത്സയൊന്നും ചെയ്തില്ലെങ്കിൽ പോലും ഒന്നു രണ്ടു മാസം കഴിയുമ്പോൾ ഈ രോഗലക്ഷണങ്ങൾ അപ്രത്യക്ഷമാകുന്നു. എന്നാൽ ഏറ്റവും മോശമായത് വരാനിരിക്കുന്നതേ ഉണ്ടായിരിക്കൂ. അണുബാധയുണ്ടായി പത്തിരുപത് വർഷം കഴിയുമ്പോൾ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ—ഹൃദയമിടിപ്പിന്റെ താളം തെറ്റുന്നതോ ഹൃദയാഘാതമോ പോലും—ഉടലെടുത്തേക്കാം. a
1.8 കോടിയോളം ആളുകൾക്കു ഷാഗസ് രോഗമുണ്ടെന്നും ഇതുമൂലം ഓരോ വർഷവും ഏകദേശം 50,000 പേർ മരിക്കുന്നുവെന്നും കണക്കാക്കപ്പെടുന്നു. എന്നാൽ ഇവരെയെല്ലാവരെയും പ്രാണി കുത്തിയതല്ല. ഉദാഹരണത്തിന് ചില കുഞ്ഞുങ്ങൾക്ക് രോഗബാധിതരായ അമ്മമാരിൽനിന്ന് മുലപ്പാലിലൂടെ രോഗം പകർന്നിട്ടുണ്ട്. ഇനി ഗർഭിണിയായ ഒരു സ്ത്രീയിൽനിന്ന് അവരുടെ കുട്ടിക്ക് ജനനസമയത്തോ അതിനുമുമ്പു തന്നെയോ രോഗം പകരാനുള്ള സാധ്യതയുണ്ട്. രക്തപ്പകർച്ച, ടി. ക്രൂസി എന്ന പരാദം അടങ്ങിയ ഭക്ഷണപദാർഥങ്ങൾ പാകംചെയ്യാതെ കഴിക്കൽ എന്നിവയും രോഗം പകരുന്നതിന് ഇടയാക്കുന്ന ഘടകങ്ങളാണ്. b
ഷാഗസ് രോഗത്തെ ചെറുത്തുതോൽപ്പിക്കാൻ എന്താണു ചെയ്തുവരുന്നത്? ബാർബർ ബീറ്റലുകളെ നിയന്ത്രിക്കുന്നതിൽ കീടനാശിനികൾ ഫലപ്രദമെന്നു തെളിഞ്ഞിട്ടുണ്ട്. എന്നാൽ വീടിനകത്ത് കീടനാശിനി അടിക്കുക എന്നത് അത്ര സുഖമുള്ള ഏർപ്പാടല്ല. മാത്രമല്ല ഓരോ ആറുമാസം കൂടുമ്പോഴും അതു ചെയ്യണം. ഇതിനൊരു പരിഹാരവുമായി ദ ഫെഡറൽ യൂണിവേഴ്സിറ്റി ഓഫ് റിയോ ഡി ജനീറോ രംഗത്തെത്തി—കീടനാശിനി അടങ്ങിയിരിക്കുന്ന ഒരു പെയിന്റ്. ഇത് 4,800 വീടുകളിൽ പരീക്ഷിച്ചുനോക്കി. ഫലമെന്തായിരുന്നു? രണ്ടു വർഷം കഴിഞ്ഞിട്ടും അതിൽ 80 ശതമാനം വീടുകളിൽ പ്രാണികളുടെ ശല്യം ഉണ്ടായില്ല! കൂടാതെ, ബീറ്റലുകളിൽ പരാദം കയറിക്കൂടുന്നതു തടയാനും പരാദ ബാധിതമായവയെ പരാദ വിമുക്തമാക്കാനും കഴിവുള്ള ഒരു പദാർഥം ആരിവേപ്പിന്റെ ഇലയിലും ബ്രസീലിലെ സിനമൊമൊ വൃക്ഷത്തിന്റെ ഇലയിലും അടങ്ങിയിട്ടുള്ളതായി ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. ജൈവവിഘടനം സംഭവിക്കുന്ന വിഷമയമില്ലാത്ത ഈ പദാർഥം അസാഡിരാച്ച്റ്റിൻ എന്നാണ് അറിയപ്പെടുന്നത്.
രോഗബാധിതർക്കു സഹായം
ഷാഗസ് രോഗം ബാധിച്ചിട്ടുള്ള ദശലക്ഷങ്ങൾക്കു പ്രത്യാശയ്ക്ക് എന്തെങ്കിലും വകയുണ്ടോ? ഉവ്വ്. ശാസ്ത്രജ്ഞരുടെ ഒരു അന്താരാഷ്ട്ര സംഘം ടി. ക്രൂസിയുടെ 10,000 ജീനുകളുടെയും രഹസ്യങ്ങളുടെ ചുരുളഴിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
രോഗനിർണയ പരിശോധനകൾ, വാക്സിനുകൾ, കൂടുതൽ ഫലപ്രദമായ മരുന്നുകൾ എന്നിവ വികസിപ്പിച്ചെടുക്കാൻ ഇതു സഹായിച്ചേക്കാം.1997 ജൂലൈയിൽ ശാസ്ത്രജ്ഞർ ടി. ക്രൂസിയുടെ മർമപ്രധാന മാംസ്യങ്ങളിൽ ഒന്ന് കൊളംബിയ എന്ന ബഹിരാകാശപേടകത്തിൽ കയറ്റി ബഹിരാകാശത്തിലേക്ക് അയച്ചു. സൂക്ഷ്മഗുരുത്വ (microgravity) അവസ്ഥയിൽ അതിന്റെ ഘടന പഠിക്കുക എന്ന ലക്ഷ്യത്തിലാണ് ഇതു ചെയ്തത്. ടി. ക്രൂസിയുടെ ഘടനയ്ക്ക് അനുയോജ്യമായ മരുന്നുകൾ വികസിപ്പിച്ചെടുക്കുന്നതിലെ ഒരു അടിസ്ഥാന പടി ആണ് ഇത്. പുതിയ മരുന്നുകൾക്കായുള്ള അന്വേഷണം അത്യന്താപേക്ഷിതമാണ്. കാരണം രോഗം പഴകിക്കഴിഞ്ഞാൽ ഇന്നു നിലവിലുള്ള ഒരു മരുന്നും ഫലപ്രദമായിരിക്കില്ല. c
നേരത്തേ ചികിത്സ തുടങ്ങുന്നതിന്റെ പ്രയോജനങ്ങൾ തിരിച്ചറിഞ്ഞ ബ്രസീലിയൻ ജീവശാസ്ത്രജ്ഞ കോൺസ്റ്റാൻസാ ബ്രിട്ടൂ പോളിമെറേസ്-ശൃംഖലാ-പ്രതിപ്രവർത്തന പരിശോധന വികസിപ്പിച്ചെടുത്തു. ഇതിന്റെ സഹായത്താൽ രണ്ടു ദിവസംകൊണ്ട് രോഗനിർണയം നടത്താൻ സാധിക്കും. എന്നാൽ ആരംഭത്തിൽ പലരും തങ്ങൾക്കു രോഗം ഉണ്ടെന്ന് അറിയുന്നു പോലുമില്ല എന്നതാണു സങ്കടകരമായ വസ്തുത.
പ്രതിരോധമാണ് പരിഹാരം
അവസാനമായി ഒരു കാര്യം കൂടി. ബാർബർ ബീറ്റൽ ഉള്ള ഒരു പ്രദേശത്താണു നിങ്ങൾ താമസിക്കുന്നതെങ്കിൽ എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കാനാകും?
▪ മൺകുടിലിലോ ഓല, പുല്ല്, വൈക്കോൽ തുടങ്ങിയവകൊണ്ടു മേഞ്ഞ പുരയിലോ ആണ് കിടന്നുറങ്ങുന്നതെങ്കിൽ കൊതുകുവല ഉപയോഗിക്കുന്നതു നല്ലതായിരിക്കും.
▪ കീടനാശിനികൾ ഉപയോഗിക്കുക. അവ രോഗം പകരാനുള്ള സാധ്യത കുറയ്ക്കും.
▪ ഭിത്തിയിലെ വിള്ളലുകളും പൊട്ടലുകളും ഒക്കെ ശരിയാക്കുക. അല്ലെങ്കിൽ ബാർബർ ബീറ്റൽ അങ്ങനെയുള്ള സ്ഥലങ്ങളിൽ മുട്ടയിട്ടു പെരുകും.
▪ ചുവർച്ചിത്രങ്ങൾക്കും ഫർണിച്ചറിനും പുറകിലുള്ള ഇടങ്ങൾ ഉൾപ്പെടെ നിങ്ങളുടെ വീട് വൃത്തിയായി സൂക്ഷിക്കുക.
▪ ഇടയ്ക്കൊക്കെ മെത്തയും കമ്പിളിയും മറ്റും വെയിലുകൊള്ളിക്കുക.
▪ ജന്തുക്കൾ—വീട്ടിൽ വളർത്തുന്നവയും അല്ലാത്തവയും—വാഹകരായിരിക്കാം എന്ന സംഗതി ഓർക്കുക.
▪ ബാർബർ ബീറ്റലെന്നു സംശയം തോന്നുന്ന ഒരു പ്രാണിയെ കണ്ടെത്തുന്നുവെങ്കിൽ അതിനെ പരിശോധനയ്ക്കായി ഏറ്റവും അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് അയയ്ക്കുക.
[അടിക്കുറിപ്പുകൾ]
a രോഗലക്ഷണങ്ങൾ വ്യത്യാസപ്പെട്ടിരിക്കും. അതുപോലെ ചില ലക്ഷണങ്ങൾ ഷാഗസ് രോഗത്തിന്റെ മാത്രം പ്രത്യേകതയുമല്ല. അതുകൊണ്ട് രോഗത്തെ കുറിച്ച് മൊത്തത്തിൽ ഒരു ധാരണ ലഭിക്കാൻവേണ്ടി മാത്രമാണ് അവ ഇവിടെ കൊടുത്തിരിക്കുന്നത്, അല്ലാതെ രോഗനിർണയത്തിനുള്ള അടിസ്ഥാനം എന്ന നിലയിലല്ല. പലരുടെയും കാര്യത്തിൽ രോഗബാധയെ തുടർന്ന് ഉടൻതന്നെ ഉണ്ടാകാറുള്ള രോഗലക്ഷണങ്ങൾ ഒന്നുംതന്നെ പ്രകടമാകാറില്ല.
b ‘രോഗനിയന്ത്രണത്തിനും പ്രതിരോധത്തിനുമായുള്ള യു.എസ്. കേന്ദ്രങ്ങൾ’ പറയുന്നത് ഷാഗസ് രോഗത്തിന്റെ അണുക്കൾ ഉണ്ടോ എന്നറിയാനുള്ള പരിശോധനകൾ നടത്താത്ത രക്തമാണ് ചില രാജ്യങ്ങളിൽ ചിലപ്പോഴൊക്കെ കുത്തിവെക്കുന്നത് എന്നാണ്.
c ഡോക്ടർമാർ ചികിത്സയ്ക്ക് നിഫുർട്ടിമൊക്സ് ഉപയോഗിക്കുന്നു. എന്നാൽ മിക്കപ്പോഴും ഇത് ഗുരുതരമായ പാർശ്വഫലങ്ങൾക്ക് ഇടയാക്കാറുണ്ട്.
[13-ാം പേജിലെ ചതുരം]
ഷാഗസ് രോഗം കണ്ടെത്തിയ വിധം
1909-ൽ ബ്രസീലിലെ മിനാ ഷെറൈസ് സംസ്ഥാനം മലേറിയയുടെ പിടിയിൽ അമർന്നിരിക്കുകയായിരുന്നു. ഒരു റെയിൽപാതയുടെ പണി മുന്നോട്ടു കൊണ്ടുപോകാൻ കഴിയാതാകുംവണ്ണം അവസ്ഥകൾ അത്രയ്ക്കു വഷളായി. പല രോഗികൾക്കും അന്ന് അറിയപ്പെടുന്ന രോഗങ്ങളുടേതിൽനിന്നൊക്കെ വ്യത്യസ്തമായ രോഗലക്ഷണങ്ങൾ ഉള്ളതായി അപ്പോൾ അവിടെ പ്രവർത്തിച്ചു കൊണ്ടിരുന്ന ബ്രസീലിയൻ ഡോക്ടർ കാർലോസ് ഷാഗസിനു കാണാൻ കഴിഞ്ഞു. ആ പ്രദേശത്തെ വീടുകളിലെല്ലാം നിറച്ചും, രക്തം കുടിക്കുന്ന ബാർബർ ബീറ്റലുകൾ ഉണ്ടെന്നും അദ്ദേഹം മനസ്സിലാക്കി. ഈ പ്രാണിയുടെ കുടൽ പരിശോധിച്ചപ്പോൾ ഷാഗസ് ഒരു പുതിയ പ്രോട്ടോസോവനെ കണ്ടെത്തി. തന്റെ സുഹൃത്തും ശാസ്ത്രജ്ഞനുമായ ഒസ്വാൽഡൂ ക്രൂസിന്റെ ബഹുമാനാർഥം അദ്ദേഹം അതിന് ട്രിപ്പാനൊസോമ ക്രൂസി എന്നു പേരിട്ടു. പുതിയ രോഗത്തിന് കാർലൊസ് ഷാഗസിന്റെ പേരുതന്നെ നൽകപ്പെട്ടു എന്നതു തികച്ചും അനുയോജ്യമായിരുന്നു. കാരണം, അദ്ദേഹം നടത്തിയ സമഗ്രമായ ഗവേഷണമാണ് ഈ രോഗം കണ്ടെത്തുന്നതിലേക്കു നയിച്ചത്.
[13-ാം പേജിലെ ചിത്രങ്ങൾ]
ഗ്രാമപ്രദേശങ്ങളിലെ വീടുകളിൽ മിക്കപ്പോഴും ബാർബർ ബീറ്റലുകളെ ധാരാളമായി കാണാൻ കഴിയും
[കടപ്പാട്]
Photos: PAHO/WHO/P. ALMASY