ചികിത്സകൾ തിരഞ്ഞെടുക്കുമ്പോൾ
ചികിത്സകൾ തിരഞ്ഞെടുക്കുമ്പോൾ
പകര ചികിത്സകളെ കുറിച്ചുള്ള തന്റെ പുസ്തകത്തിൽ ഡോ. ഇസാഡോർ റോസൻഫെൽഡ് ഇങ്ങനെയൊരു ആശയം ഊന്നിപ്പറഞ്ഞു: “ഒരു കൂട്ടം ആളുകളെ പ്രത്യേക മാനദണ്ഡങ്ങളൊന്നും കൂടാതെ തിരഞ്ഞെടുത്ത് അവരിൽ ഒരു പ്രത്യേക ചികിത്സ നടപ്പാക്കുന്നതായി വിചാരിക്കുക. ചികിത്സ ‘വിജയിക്കു’മെന്ന് അവർക്ക് ഉറപ്പുകൊടുക്കുകയും വേണം. അങ്ങനെയെങ്കിൽ അവരിൽ 50 ശതമാനം പേർക്കും ആ ചികിത്സ ഫലം ചെയ്തേക്കാം.”
പ്ലാസിബോ പ്രഭാവം എന്നാണ് ഈ രീതിയെ വിളിക്കുന്നത്. പഞ്ചസാരകൊണ്ടുള്ള ഒരു ഗുളിക പോലും, ഫലം ചെയ്യുമെന്ന വിശ്വാസത്തോടെ കഴിക്കുന്നപക്ഷം ഉദ്ദേശിച്ച ഫലം ചെയ്യും എന്നാണ് അതിന്റെ അർഥം. വേദന, മനംപിരട്ടൽ, ക്ഷീണം, തലകറക്കം, ഉത്കണ്ഠ, വിഷാദം തുടങ്ങിയ ലക്ഷണങ്ങൾ ഇല്ലായ്മ ചെയ്യാൻ പ്ലാസിബോ പ്രഭാവത്തിനു കഴിയും. ഈ വസ്തുത എന്താണ് പ്രകടമാക്കുന്നത്?
ലഭിക്കുന്ന ചികിത്സയിൽ വിശ്വാസം ഉണ്ടായിരിക്കുന്നത് പലപ്പോഴും രോഗം ഭേദമാക്കാൻ സഹായകമായ ഒരു സുപ്രധാന ഘടകമാണെന്ന് ഇത് കാണിക്കുന്നു. അതേസമയം, ഏതെങ്കിലും ഒരു ചികിത്സാരൂപം രോഗലക്ഷണങ്ങളെയാണോ അതോ രോഗത്തിന്റെ
മൂലകാരണത്തെയാണോ ചികിത്സിക്കുന്നത് എന്നു പരിശോധിക്കുന്നതും ബുദ്ധിയായിരിക്കും. ലബോറട്ടറി പരിശോധനകളും എക്സ്റേയുംപോലുള്ള മാർഗങ്ങളിലൂടെ ചികിത്സയുടെ ഫലങ്ങൾ അളക്കുന്നതുവഴി ഇതു സാധിക്കും.എന്നാൽ, ഏതെങ്കിലും ഒരു വൈദ്യചികിത്സ തിരഞ്ഞെടുക്കുമ്പോൾ ഒരു വ്യക്തിക്ക് കൂടുതലായ കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയും.
കൈക്കൊള്ളേണ്ട സുപ്രധാന നടപടികൾ
ഒരു തീരുമാനം എടുക്കുന്നതിനു മുമ്പ് ഗവേഷണം നടത്തുന്നത് ബുദ്ധിയായിരിക്കും. ഇപ്രകാരമുള്ള ചോദ്യങ്ങൾ സ്വയം ചോദിക്കുക. ഈ ചികിത്സകൊണ്ട് എന്തു ഫലങ്ങളാണ് പ്രതീക്ഷിക്കാനാകുക? ഇതുകൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയാണ്? ഈ ചികിത്സയുടെ കാലയളവ് എത്രയാണ്? എത്ര പണം വേണ്ടിവരും? കൂടാതെ, സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന അതേ ചികിത്സ മുമ്പ് സ്വീകരിച്ചിട്ടുള്ളവരുമായി സംസാരിക്കുക. അത് അവർക്ക് ഫലം ചെയ്തോ എന്ന് അന്വേഷിക്കുക. എന്നാൽ, അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ മാത്രം കണക്കിലെടുത്തുകൊണ്ട് ചികിത്സ സംബന്ധിച്ച് ഒരു നിഗമനത്തിൽ എത്തുന്നത് ജ്ഞാനമായിരിക്കില്ല.
പതിവുചികിത്സയുടെ വിജയ നിരക്ക് പരിമിതമാണെങ്കിലും ഫലപ്രദമാണെന്നു തെളിഞ്ഞിട്ടുള്ള സ്ഥിതിക്ക് അത് വേണ്ടെന്നു വെച്ചുകൊണ്ട് മറ്റൊരു ചികിത്സ തിരഞ്ഞെടുക്കുന്നത് ബുദ്ധിശൂന്യമായിരിക്കും. അത്തരമൊരു നടപടിയുടെ അനന്തരഫലത്തെ കുറിച്ച് ദ ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിൻ റിപ്പോർട്ടു ചെയ്തിരുന്നു. പകര ചികിത്സ സ്വീകരിക്കവെ അലോപ്പതി ചികിത്സ വേണ്ടെന്നുവെച്ച കാൻസർ രോഗികളായ രണ്ട് ചെറുപ്പക്കാരുടേതായിരുന്നു അനുഭവം. രോഗം മൂർച്ഛിക്കുകയും അവരിൽ ഒരാൾ മരിക്കുകയും ചെയ്തു.
വിട്ടുമാറാത്ത അല്ലെങ്കിൽ ജീവനു ഭീഷണിയായ എന്തെങ്കിലും രോഗം ഉള്ളവർ തങ്ങൾ ‘വ്യാജന്മാരുടെ’ തട്ടിപ്പിന് ഇരയായേക്കാമെന്ന കാര്യം ഓർത്തിരിക്കേണ്ടതാണ്. ഒട്ടേറെ രോഗങ്ങളെ സുഖപ്പെടുത്തുമെന്ന് അവകാശപ്പെടുന്ന ഏതെങ്കിലും ഉത്പന്നത്തിനെതിരെ ജാഗ്രത പാലിക്കുക. “ശ്വസന സംബന്ധമായ തകരാറുകളും ക്ഷീണവും മുതൽ ജീവനു ഭീഷണിയായ രോഗങ്ങൾവരെ ഭേദമാ”ക്കാൻ പ്രാപ്തിയുള്ളതായി പറയപ്പെട്ട ഒരു പുതിയ വിറ്റാമിൻ ഉൾപ്പെട്ടതായിരുന്നു ഒരു സമീപകാല ഉദാഹരണം. “വിറ്റാമിൻ” പരിശോധിച്ചപ്പോഴാണ് കള്ളിവെളിച്ചത്തായത്, അത് വെറും ഉപ്പുവെള്ളമായിരുന്നു.
ചില പകര ചികിത്സകൾ ആരോഗ്യം വീണ്ടെടുക്കുന്നതിൽ പ്രയോജനപ്രദമാണ് എന്നതിനു സംശയമില്ല. എന്നാൽ യാഥാർഥ്യബോധം ഉള്ളവരായിരിക്കുക. പോഷക സമ്പന്നമായ ആഹാരം കഴിക്കുന്നതും ആവശ്യത്തിന് ഉറങ്ങുന്നതും മിതമായ തോതിൽ വ്യായാമം ചെയ്യുന്നതും വൈദ്യചികിത്സ തിരഞ്ഞെടുക്കുന്നതു സംബന്ധിച്ചു ജാഗ്രത പുലർത്തുന്നതും ബുദ്ധിയായിരിക്കും.
ആഗ്രഹം സഫലമാക്കപ്പെടുന്നു
മാനുഷികമായ യാതൊരുവിധ ചികിത്സയ്ക്കും എല്ലാവിധ രോഗങ്ങളും ആത്യന്തികമായി മരണവും തുടച്ചു നീക്കാൻ കഴിയില്ലെന്നുള്ളതു സ്പഷ്ടമാണ്. ഇവയെല്ലാം നമ്മുടെ ആദ്യ പിതാവായ, ആദാമിൽനിന്ന് നമുക്കു പാരമ്പര്യമായി കിട്ടിയിരിക്കുന്നതാണ്. (ഇയ്യോബ് 14:4; സങ്കീർത്തനം 51:5; റോമർ 5:12) ഏതു തരത്തിലുള്ളതായാലും ശരി, പല വൈദ്യചികിത്സകളും പ്രയോജനപ്രദമാണെന്നു തെളിഞ്ഞേക്കാം. എങ്കിലും നമ്മുടെ ആയുസ്സ് ഒരൽപ്പം നീട്ടിക്കിട്ടാനോ അല്ലെങ്കിൽ പരിമിതമായ കാലയളവിലേക്ക് സുഖപ്രദമാക്കാനോ മാത്രമേ അവ സഹായിക്കുന്നുള്ളൂ. എന്നാൽ രോഗങ്ങൾ സുനിശ്ചിതമായും ഭേദമാക്കപ്പെടും, അതേക്കുറിച്ച് ദശലക്ഷക്കണക്കിന് ആളുകൾ മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു.
ഏറ്റവും വലിയ ചികിത്സകനായ, നമ്മുടെ സ്രഷ്ടാവായ യഹോവയാം ദൈവമാണ് ആ സൗഖ്യമാക്കൽ വാഗ്ദാനം ചെയ്യുന്നത്. അവനിൽ വിശ്വാസമർപ്പിക്കുകയും അവന്റെ പുത്രനായ യേശുക്രിസ്തുവിന്റെ മറുവിലയാഗത്തിന്റെ പാപപരിഹാര മൂല്യത്തിൽനിന്ന് പ്രയോജനം നേടുകയും ചെയ്യുന്നപക്ഷം രോഗവിമുക്തമായ ഒരു ലോകത്തിൽ പൂർണമായ ആരോഗ്യവും നിത്യജീവനും ആസ്വദിക്കാൻ നിങ്ങൾക്കു സാധിക്കും! (മത്തായി 20:28) പുതിയ ലോകത്തിൽ “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല” എന്ന് ബൈബിൾ വാഗ്ദാനം ചെയ്യുന്നു.—യെശയ്യാവു 33:24.
[12-ാം പേജിലെ ആകർഷക വാക്യം]
പൂർണതയുള്ള ആരോഗ്യം സംബന്ധിച്ച സുനിശ്ചിതമായ ഏക പ്രത്യാശ ദശലക്ഷക്കണക്കിന് ആളുകൾ കണ്ടെത്തിയിരിക്കുന്നു