ഒരു വിപുലവ്യാപക വിദ്യാഭ്യാസ പരിപാടി
ഒരു വിപുലവ്യാപക വിദ്യാഭ്യാസ പരിപാടി
“വിദ്യാഭ്യാസമുള്ളവർ മാത്രമാണ് യഥാർഥത്തിൽ സ്വതന്ത്രർ.”—എപ്പിക്റ്റിറ്റസ്, പൊ.യു. ഏകദേശം 100
“മാനവ പുരോഗതി സംബന്ധിച്ച സകല പ്രതീക്ഷകളും ബൈബിൾ എന്തുമാത്രം സ്വാധീനം ചെലുത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു” എന്ന് 19-ാം നൂറ്റാണ്ടിലെ അടിമത്ത വിരുദ്ധ വിപ്ലവകാരിയായ വില്യം എച്ച്. സുവർഡ് അഭിപ്രായപ്പെട്ടു.
യഹോവയുടെ സാക്ഷികൾക്കും ബൈബിളിനോട് ആഴമായ ആദരവുണ്ട്. അതിലെ തത്ത്വങ്ങൾ ബാധകമാക്കുന്നത് ആളുകളെ മെച്ചപ്പെട്ട ഭർത്താക്കന്മാരും ഭാര്യമാരും കുട്ടികളും അതേ, ലോകത്തിലേക്കും മെച്ചപ്പെട്ട വ്യക്തികൾ ആക്കിത്തീർക്കും എന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു. അതുകൊണ്ട് “ആകയാൽ നിങ്ങൾ പുറപ്പെട്ടു, . . . ഉപദേശിച്ചുംകൊണ്ടു [“പഠിപ്പിച്ച്,” NW] സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ” എന്ന യേശുവിന്റെ കൽപ്പന അവർ അനുസരിക്കുന്നു.—മത്തായി 28:19, 20.
ആളുകളെ ബൈബിൾ പഠിപ്പിക്കുക എന്ന ലക്ഷ്യത്തിൽ യഹോവയുടെ സാക്ഷികൾ മാനവ ചരിത്രത്തിലെ ഏറ്റവും വമ്പിച്ച വിദ്യാഭ്യാസ പരിപാടി എന്നു വിശേഷിപ്പിക്കാവുന്ന ഒന്നിനു തുടക്കമിട്ടിരിക്കുന്നു. ഈ വിദ്യാഭ്യാസ പരിപാടി എത്ര വ്യാപകമാണ്?
ലോകവ്യാപകമായ ഒരു പ്രസിദ്ധീകരണ വേല
യഹോവയുടെ സാക്ഷികൾ തങ്ങളുടെ പ്രസംഗ വേലയിൽ നൂറുകണക്കിനു ഭാഷകളിലുള്ള ബൈബിൾ ഭാഷാന്തരങ്ങൾ ഉപയോഗിക്കുന്നു. എന്നാൽ അതുകൂടാതെ അവർ വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം 21 ഭാഷകളിലും ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം (ഗ്രീക്കു തിരുവെഴുത്തുകൾ പൊതുവെ പുതിയ നിയമം എന്നാണ് അറിയപ്പെടുന്നത്) വേറെ 16 ഭാഷകളിലും പ്രസിദ്ധീകരിച്ചിരിക്കുന്നു. കൂടാതെ മറ്റു 11 ഭാഷകളിലേക്കുംകൂടെ അവരിപ്പോൾ ഈ ബൈബിൾ പരിഭാഷപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനുപുറമേ, ബൈബിളിനോടു വിലമതിപ്പു വളർത്തിയെടുക്കാനും അതു നന്നായി മനസ്സിലാക്കാനും ആളുകളെ സഹായിക്കുന്ന സാഹിത്യങ്ങളും സാക്ഷികൾ പ്രസിദ്ധീകരിക്കുന്നുണ്ട്.
ഉദാഹരണത്തിന്, 82 ഭാഷകളിൽ പ്രസിദ്ധീകരിക്കുന്ന ഉണരുക! എന്ന ഈ മാസികയുടെ ഓരോ ലക്കത്തിന്റെയും ശരാശരി 2,03,80,000-ത്തിലധികം പ്രതികൾ അച്ചടിക്കുന്നു. അതിന്റെ കൂട്ടുമാസികയായ വീക്ഷാഗോപുരം 137 ഭാഷകളിൽ പ്രസിദ്ധീകരിക്കുന്നുണ്ട്. ഓരോ ലക്കത്തിന്റെയും ശരാശരി മുദ്രണം 2,23,98,000 ആണ്. അങ്ങനെ, ഓരോ വർഷവും ഈ മാസികകളുടെ 100 കോടിയിലധികം പ്രതികൾ അച്ചടിക്കപ്പെടുന്നു! മാത്രമല്ല, വീക്ഷാഗോപുരം 124 ഭാഷകളിലും ഉണരുക! 58 ഭാഷകളിലും ഏകകാലികമായാണു പ്രസിദ്ധീകരിക്കുന്നത്. അതുകൊണ്ട്, ലോകവ്യാപകമായി വ്യത്യസ്ത ഭാഷക്കാർക്ക്
ഒരേസമയത്ത് തങ്ങളുടെ സ്വന്തം ഭാഷകളിൽ ഈ മാസികകൾ വായിക്കാൻ കഴിയുന്നു.സമീപ ദശകങ്ങളിൽ യഹോവയുടെ സാക്ഷികൾ മറ്റു ബൈബിൾ പഠന സഹായികളുടെ കോടിക്കണക്കിനു പ്രതികളും അച്ചടിച്ചിട്ടുണ്ട്. നിത്യജീവനിലേക്കു നയിക്കുന്ന സത്യം എന്ന പുസ്തകത്തിന്റെ 10.7 കോടിയിലധികം പ്രതികൾ അച്ചടിക്കപ്പെട്ടു. നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകത്തിന്റെ മുദ്രണം 8.1 കോടിയിലധികമായിരുന്നു. ഇപ്പോൾ 146 ഭാഷകളിലുള്ള നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്തകത്തിന്റെ അച്ചടി 7.5 കോടി കവിഞ്ഞിരിക്കുകയാണ്. അതുപോലെ ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന 32 പേജുള്ള ലഘുപത്രികയുടെ 11.3 കോടിയിലധികം പ്രതികൾ 240 ഭാഷകളിലായി അച്ചടിച്ചിരിക്കുന്നു.
ചില പ്രത്യേക ആവശ്യങ്ങൾക്കായി പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങളും ഉണ്ട്. കുട്ടികൾക്കു വേണ്ടി തയ്യാറാക്കിയ എന്റെ ബൈബിൾ കഥാ പുസ്തകത്തിന്റെ 5.1 കോടിയിലധികം പ്രതികൾ അച്ചടിച്ചു കഴിഞ്ഞിരിക്കുന്നു. വിശേഷിച്ചും കൗമാരപ്രായക്കാർക്കായി തയ്യാറാക്കിയ നിങ്ങളുടെ യൗവനം—അതു പരമാവധി ആസ്വദിക്കുക എന്ന പുസ്തകത്തിന്റെയും യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകത്തിന്റെയും മൊത്തം 5.3 കോടിയിലധികം പ്രതികൾ അച്ചടിച്ചിരിക്കുന്നു. തങ്ങളുടെ പ്രശ്നങ്ങളെ തരണം ചെയ്യാൻ ദശലക്ഷക്കണക്കിനു കുടുംബങ്ങളെ സഹായിച്ചിട്ടുള്ള കുടുംബ സന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്തകം 115 ഭാഷകളിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.
സ്രഷ്ടാവിലും അവന്റെ പുത്രനിലും ബൈബിളിലുമുള്ള വിശ്വാസം കെട്ടുപണി ചെയ്യുന്നതിന് വിശേഷാൽ സഹായകമായ നാല് പ്രസിദ്ധീകരണങ്ങൾ 1985-നു ശേഷം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ?, ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ, ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ?, നിങ്ങളെക്കുറിച്ച് കരുതലുള്ള ഒരു സ്രഷ്ടാവ് ഉണ്ടോ? എന്നിവയാണ് അവ. ഈ പുസ്തകങ്ങളുടെ മൊത്തം അച്ചടി 11.7 കോടിയിലധികമാണ്.
യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിക്കുന്ന ബൈബിളധിഷ്ഠിത സാഹിത്യങ്ങൾ ഇന്ന് 353 ഭാഷകളിൽ ലഭ്യമാണ്. പെട്ടെന്നുതന്നെ ചില പ്രസിദ്ധീകരണങ്ങൾ വേറെ 38 ഭാഷകളിൽക്കൂടെ ലഭ്യമാകും. 1970 മുതൽ യഹോവയുടെ സാക്ഷികൾ അച്ചടിച്ചിട്ടുള്ള പുസ്തകങ്ങളുടെയും ചെറുപുസ്തകങ്ങളുടെയും ലഘുപത്രികകളുടെയും മാസികകളുടെയും എണ്ണം 200 കോടി കവിഞ്ഞിരിക്കുന്നു! അതിനെല്ലാം പുറമേ, 230-ലധികം രാജ്യങ്ങളിലായി ബൈബിൾ പരിജ്ഞാനം വ്യാപിപ്പിക്കുന്നതിൽ വ്യാപൃതരായിരിക്കുന്ന 60 ലക്ഷത്തോളം അധ്യാപകരും ഉണ്ട്. എന്നാൽ, എങ്ങനെയാണ് ഇതൊക്കെ സാധ്യമായിരിക്കുന്നത്? ഇത് ആളുകളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു?
എന്തുകൊണ്ട് സ്വന്തം ഭാഷകളിൽത്തന്നെ?
ഉയർന്ന നിലവാരമുള്ള പ്രസിദ്ധീകരണങ്ങൾ ഒരേസമയം നൂറിലധികം ഭാഷകളിൽ ഉത്പാദിപ്പിക്കാൻ എത്രമാത്രം ശ്രമം ആവശ്യമാണെന്നതു നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ. അതിനായി പരിഭാഷാ സംഘങ്ങൾ തങ്ങളുടെ സമയവും ശ്രമവും ലഭ്യമാക്കിയിരിക്കുന്നു. അവർ കമ്പ്യൂട്ടർ സംവിധാനങ്ങളുടെ സഹായത്തോടെ വേലയിൽ ഉയർന്ന നിലവാരവും കൃത്യതയും വേഗവും നേടിയെടുത്തിരിക്കുന്നു. അങ്ങനെ, വേണ്ടത്ര പരിഭാഷകർ ഇല്ലാത്ത ഭാഷകളിൽപ്പോലും സാഹിത്യങ്ങൾ എളുപ്പം ലഭ്യമാക്കാൻ കഴിയുന്നു. ഇപ്പോൾ സന്നദ്ധസേവകരായ 1,950-ലധികം സ്ത്രീപുരുഷന്മാർ ലാഭേച്ഛ കൂടാതെയുള്ള ഈ പരിഭാഷാ വേലയിൽ ഏർപ്പെട്ടിരിക്കുന്നു. എന്നാൽ ഇത്രയധികം ശ്രമം ചെലുത്തുന്നത് എന്തിനാണ്? അധികം അറിയപ്പെടാത്ത ഭാഷകൾ സംസാരിക്കുന്നവരുടെ ഇടയിൽപ്പോലും അനേകർക്കും ഏതെങ്കിലുമൊരു മുഖ്യ ഭാഷ കുറേയൊക്കെ അറിയാവുന്ന സ്ഥിതിക്ക് യഥാർഥത്തിൽ ഇതിന്റെ ആവശ്യമുണ്ടോ?
ഈ പ്രവർത്തനം ശ്രമത്തിനു തക്ക മൂല്യമുള്ളതാണെന്ന് യഹോവയുടെ സാക്ഷികൾ കണ്ടെത്തിയിരിക്കുന്നു. അതിന്റെ കാരണം 16-ാം നൂറ്റാണ്ടിലെ വിഖ്യാത ബൈബിൾ പരിഭാഷകനായ വില്യം ടിൻഡെയ്ലിന്റെ പിൻവരുന്ന വാക്കുകളിൽ കാണാം: “[ബൈബിൾ] പാഠത്തിന്റെ അന്തഃസത്തയും ക്രമവും അർഥവും അറിയത്തക്കവണ്ണം അൽമായർക്ക് ബൈബിൾ അവരുടെ ഭാഷയിൽ നൽകാതെ അവരെ സത്യത്തിൽ ഉറപ്പിച്ചുനിറുത്തുന്നത് എത്ര അസാധ്യമാണെന്ന് അനുഭവത്തിൽനിന്ന് എനിക്കു മനസ്സിലായി.”
എല്ലായ്പോഴുമൊന്നും ആളുകൾക്ക് ബൈബിൾ സാഹിത്യങ്ങൾ തങ്ങളുടെ മാതൃഭാഷയിൽ ലഭ്യമായിരുന്നിട്ടില്ല എന്നതു ശരിതന്നെ. എന്നാൽ അവ ലഭ്യമാക്കുമ്പോഴൊക്കെ ബൈബിൾ സത്യങ്ങൾ കൂടുതൽ വേഗത്തിലും ആഴത്തിലും അവരുടെ ഹൃദയങ്ങളിൽ പതിയുന്നു. മുൻ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന രാജ്യങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്. അവിടെയുള്ള അനേകം വംശജർക്ക് അവരവരുടെ മാതൃഭാഷകളാണ് ഉള്ളത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യം സോവിയറ്റ് യൂണിയന്റെ ഭാഗമായതോടെ അവർക്ക് നിർബന്ധമായും റഷ്യൻ ഭാഷ പഠിക്കുകയും ഉപയോഗിക്കുകയും ചെയ്യേണ്ടി വന്നു. അതുകൊണ്ട് മാതൃഭാഷയെ കൂടാതെ റഷ്യനും എഴുതാനും വായിക്കാനും അവർ പഠിച്ചു.
എന്നിരുന്നാലും തങ്ങളുടെ മാതൃഭാഷതന്നെ ഉപയോഗിക്കുന്നതിനോടാണ് ഇവരിൽ അനേകർക്കും താത്പര്യം. 1991-ലെ സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കു ശേഷം ഇതു വിശേഷാൽ പ്രകടമായിരിക്കുന്നു. ആഡിഗെ, അൽറ്റൈ, ബെലോറഷ്യൻ, ജോർജിയൻ, കിർഗിസ്, കോമി, ഒസിഷ്യൻ, ടുവിനൻ എന്നീ ഭാഷകളും മറ്റനവധി ഭാഷകളും സംസാരിക്കുന്നവരുടെ കാര്യത്തിൽ ഇതു ശരിയാണ്. അവരിൽ മിക്കവർക്കും റഷ്യൻ അറിയാമെങ്കിലും ആ ഭാഷയിലുള്ള ബൈബിൾ സാഹിത്യങ്ങൾ അത്ര പെട്ടെന്ന് അവരുടെ ഹൃദയങ്ങളെ സ്പർശിക്കുന്നില്ല. നേരേമറിച്ച്, പ്രാദേശിക ഭാഷയിലുള്ള സാഹിത്യങ്ങൾക്കു വളരെ നല്ല പ്രതികരണമാണു ലഭിക്കുന്നത്. അൽറ്റൈ ഭാഷയിലുള്ള ഒരു ബൈബിളധിഷ്ഠിത ലഘുലേഖ കിട്ടിയ ഒരാൾ ഇങ്ങനെ പറഞ്ഞു: “ഞങ്ങളുടെ ഭാഷയിൽ നിങ്ങൾ സാഹിത്യങ്ങൾ പ്രസിദ്ധീകരിക്കാൻ തുടങ്ങിയതു നന്നായി.”
ഏകദേശം 60,000 ആളുകൾ മാത്രം വസിക്കുന്ന ആർട്ടിക് ദ്വീപായ ഗ്രീൻലൻഡാണു മറ്റൊരു ഉദാഹരണം. ഗ്രീൻലാൻഡിക് ഭാഷയിൽ പ്രസിദ്ധീകരിക്കുന്ന വീക്ഷാഗോപുരം, ഉണരുക! മാസികകൾക്ക് വായനക്കാർ ഏറെയുണ്ട്. ആ ഭാഷയിലുള്ള, യഹോവയുടെ സാക്ഷികളുടെ മറ്റു പ്രസിദ്ധീകരണങ്ങളുടെ കാര്യത്തിലും അതു വാസ്തവമാണ്. ദ്വീപിന്റെ ഉൾപ്രദേശങ്ങളിലുള്ള വീടുകളിൽപ്പോലും ഈ സാഹിത്യങ്ങൾ കാണാൻ കഴിയും.
ദക്ഷിണ പസിഫിക്കിൽ ഏകദേശം 7,000 ആളുകൾ നാവൂരൂവാനും 4,500 പേർ ടോക്കലൗവാനും 12,000 പേർ റോട്ടൂമാനും സംസാരിക്കുന്നു. സാക്ഷികൾ ഇപ്പോൾ ഈ ഭാഷകളിൽ ലഘുലേഖകളും ലഘുപത്രികകളും പ്രസിദ്ധീകരിക്കാൻ തുടങ്ങിയിരിക്കുന്നു. കൂടാതെ ഏതാണ്ട് 8,000 ആളുകൾ സംസാരിക്കുന്ന നിയൂവേയൻ ഭാഷയിലും ഏതാണ്ട് 11,000 പേർ സംസാരിക്കുന്ന ടുവാലുവൻ ഭാഷയിലും വീക്ഷാഗോപുരത്തിന്റെ പ്രതിമാസപ്പതിപ്പുകൾ ഉണ്ട്. വാസ്തവത്തിൽ, അത്രകണ്ട് അറിയപ്പെടാത്ത ഭാഷകളിൽ പ്രസിദ്ധീകരണങ്ങൾ അച്ചടിക്കുന്നതിൽ യഹോവയുടെ സാക്ഷികൾ മുൻപന്തിയിലാണ്. ബിസ്ലാമ, ഹിരി മോട്ടൂ, പാപ്പിയമെന്റോ, മൊറീഷൻ ക്രീയോൾ, ന്യൂഗിനി പിജിൻ, സെയ്ഷെൽസ്-ക്രീയോൾ, സോളമൻ ഐലൻഡ്സ്-പിജിൻ എന്നിങ്ങനെ അനേകം ഭാഷകളിൽ അവർ ബൈബിൾ സാഹിത്യങ്ങൾ അച്ചടിക്കുന്നു.
സാധാരണഗതിയിൽ ഒരു ഭാഷ സംസാരിക്കുന്ന ആളുകളുടെ എണ്ണം കുറയുന്നത് അനുസരിച്ച് ആ ജനത ഒറ്റപ്പെടുകയും ദരിദ്രരായിത്തീരുകയും ചെയ്യുന്നു. എന്നാൽ, അവിടങ്ങളിലെ സാക്ഷരതാ നിരക്ക് ചിലപ്പോൾ ഉയർന്നതായിരിക്കും. മിക്കയിടങ്ങളിലും ആളുകൾക്ക് ലഭ്യമായ ചുരുക്കം ചില പ്രസിദ്ധീകരണങ്ങളിൽ ഒന്നാണ് ബൈബിൾ. ചില ഭാഷകളിൽ പത്രം പോലും ലഭ്യമല്ല. അതു പ്രസിദ്ധീകരിക്കുന്നത് വാണിജ്യപരമായി ലാഭകരമല്ല എന്നതാണു കാരണം.
വേല വിലമതിക്കപ്പെടുന്നതിന്റെ കാരണം
യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിക്കുന്ന സാഹിത്യങ്ങൾ ആളുകളുടെ ജീവിതം മെച്ചപ്പെടുത്താൻ സഹായിക്കുന്നതിനാൽ പലരും അവരുടെ പരിഭാഷാ ശ്രമങ്ങളെ പുകഴ്ത്തിയിട്ടുണ്ട്. ഫിജിയിലെ സുവയിലുള്ള ദക്ഷിണ പസിഫിക് സർവകലാശാല ആസ്ഥാനമാക്കിയുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പസിഫിക് സ്റ്റഡീസിലെ പ്രവർത്തകയായ
ലിൻഡ ക്രൗൾ, സാക്ഷികളുടെ ഈ പരിഭാഷാ പ്രവർത്തനത്തെ “പസിഫിക്കിൽ നടക്കുന്ന ഏറ്റവും ആവേശകരമായ പ്രവർത്തനം” എന്നു വിശേഷിപ്പിച്ചു. പ്രസ്തുത സാഹിത്യങ്ങളുടെ അത്യുത്തമ നിലവാരത്തെ പ്രതി അവ വായിക്കാൻ അവർ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നു.ഉണരുക!യുടെ ത്രൈമാസ പതിപ്പ് സമോവൻ ഭാഷയിൽ പുറത്തിറക്കിയപ്പോൾ പ്രാദേശിക വർത്തമാനപത്രങ്ങളിലും ദേശീയ ടെലിവിഷനിലും ആ വാർത്ത വന്നു. ടെലിവിഷൻ വാർത്താസമയത്ത് ഉണരുക! മാസികയുടെ പുറംതാളും പിന്നീട് ഓരോ ലേഖനവും കാണിക്കുകയുണ്ടായി. തുടർന്ന് ഓരോ ലേഖനത്തിൽനിന്നുമുള്ള ചില പ്രസക്ത ആശയങ്ങൾ എടുത്തുപറഞ്ഞു.
ചില രാജ്യങ്ങളിൽ പ്രാദേശിക ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടുകൾ വ്യാകരണം, ലിപിവിന്യാസ നിയമങ്ങൾ, പുതിയ വാക്കുകൾ എന്നിങ്ങനെയുള്ള സംഗതികൾ സംബന്ധിച്ച് സാക്ഷികളുടെ പരിഭാഷാ സംഘങ്ങളുടെ അഭിപ്രായങ്ങൾ ആരായുന്നു എന്നതു ശ്രദ്ധേയമാണ്. വ്യക്തമായും യഹോവയുടെ സാക്ഷികളുടെ സൗജന്യ വിദ്യാഭ്യാസ വേല അവരുടെ സഭയിലെ സജീവാംഗങ്ങളുടെ മാത്രമല്ല മറ്റനേകരുടെയും കൂടെ ജീവിതത്തെ ബാധിച്ചിരിക്കുന്നു.
എന്നിരുന്നാലും, കഴിഞ്ഞ ലേഖനത്തിൽ ചൂണ്ടിക്കാണിച്ചതുപോലെ പ്രായപൂർത്തിയായവരിൽ 100 കോടിയോളം പേർ—ലോകജനസംഖ്യയുടെ ഏകദേശം ആറിലൊന്ന്—നിരക്ഷരരാണ്. വായനയിലൂടെയും
പഠനത്തിലൂടെയും ലഭിക്കുന്ന മർമപ്രധാന വിവരങ്ങളിൽനിന്ന് പ്രയോജനം നേടാൻ അത്തരക്കാരെ സഹായിക്കുന്നതിന് എന്താണു ചെയ്തിരിക്കുന്നത്?അടിസ്ഥാന വിദ്യാഭ്യാസം ലഭ്യമാക്കുന്നു
പല രാജ്യങ്ങളിലും ആളുകളെ എഴുത്തും വായനയും പഠിപ്പിക്കുക എന്ന ഉദ്ദേശ്യത്തിൽ യഹോവയുടെ സാക്ഷികൾ സൗജന്യ സാക്ഷരതാ ക്ലാസ്സുകൾ സംഘടിപ്പിച്ചിട്ടുണ്ട്. അവർ അതിനായി സ്വന്തം പാഠപുസ്തകങ്ങൾ തയ്യാറാക്കിയിരിക്കുന്നു. എഴുത്തും വായനയും പഠിക്കുന്നതിൽ ഉത്സുകരായിരിക്കുക എന്ന പ്രസിദ്ധീകരണമാണ് അതിലൊന്ന്. ഇത് 28 ഭാഷകളിൽ ലഭ്യമാണ്. സ്ത്രീകളും പ്രായംചെന്നവരും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ ഈ ക്ലാസ്സുകളുടെ സഹായത്തോടെ സാക്ഷരത നേടിയിരിക്കുന്നു.
ബുറുണ്ടിയിൽ യഹോവയുടെ സാക്ഷികൾ നടത്തിയിട്ടുള്ള സാക്ഷരതാ ക്ലാസ്സുകളിലൂടെ നൂറുകണക്കിനാളുകൾ എഴുത്തും വായനയും പഠിച്ചിരിക്കുന്നു. ഈ പരിപാടിയുടെ നല്ല ഫലങ്ങൾ അവലോകനം ചെയ്തശേഷം 1999-ൽ അന്താരാഷ്ട്ര സാക്ഷരതാ ദിനമായ സെപ്റ്റംബർ 8-ാം തീയതി ആ രാജ്യത്തെ ദേശീയ വയോജന വിദ്യാഭ്യാസ സമിതി സാക്ഷികളായ നാല് അധ്യാപകർക്ക് അവാർഡ് നൽകുകയുണ്ടായി.
മൊസാമ്പിക്കിലെ യഹോവയുടെ സാക്ഷികളുടെ 700-ഓളം സഭകളിൽ നടത്തുന്ന സാക്ഷരതാ ക്ലാസ്സുകൾ സംബന്ധിച്ചു പിൻവരുന്ന റിപ്പോർട്ടു ലഭിച്ചു: “കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ 5,089 വിദ്യാർഥികൾ പഠനം പൂർത്തിയാക്കിയിരിക്കുന്നു. ഇപ്പോൾ 4,000 വിദ്യാർഥികൾ ഈ ക്ലാസ്സുകളിൽ ഹാജരാകുന്നുണ്ട്.” ഒരു വിദ്യാർഥി ഇങ്ങനെ എഴുതി: “ഈ സ്കൂളിനെപ്രതി ഞാൻ വളരെ നന്ദിയുള്ളവനാണ്. . . . സ്കൂളിൽ ചേരുന്നതിനു മുമ്പ് എനിക്ക് ഒന്നും അറിയില്ലായിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ വായിക്കാൻ പഠിച്ചിരിക്കുന്നു. കുറേക്കൂടെ പരിശീലനം ആവശ്യമാണെങ്കിലും എനിക്ക് എഴുതാനും കഴിയും.”
മെക്സിക്കോയിൽ 1946-നു ശേഷം 1,43,000-ത്തിലധികം ആളുകൾ പ്രസ്തുത സ്കൂളുകളിൽനിന്നു എഴുത്തും വായനയും പഠിച്ചിരിക്കുന്നു. അവിടെ ഇതു സംബന്ധിച്ച രേഖകൾ സൂക്ഷിക്കാൻ തുടങ്ങിയത് ആ വർഷം മുതലാണ്. 63 വയസ്സുള്ള ഒരു സ്ത്രീ ഇങ്ങനെ എഴുതി: “എന്നെ എഴുത്തും വായനയും പഠിപ്പിച്ചത് യഹോവയുടെ സാക്ഷികളാണ്. അവരോട് എനിക്കു വളരെ നന്ദിയുണ്ട്. ദുരിതപൂർണമായിരുന്നു എന്റെ ജീവിതം. എന്നാൽ, ഇപ്പോൾ എനിക്ക് ഉപദേശത്തിനായി ബൈബിളിലേക്കു തിരിയാൻ കഴിയുന്നു. അതിന്റെ സന്ദേശത്തിൽ ഞാൻ സന്തോഷം കണ്ടെത്തിയിരിക്കുന്നു.”
തെക്കേ അമേരിക്കൻ രാജ്യമായ ബ്രസീലിലും സാക്ഷികൾ ആയിരങ്ങളെ എഴുത്തും വായനയും പഠിപ്പിച്ചിരിക്കുന്നു. “വായിക്കാൻ പഠിച്ചപ്പോൾ, വർഷങ്ങളോളം ബന്ധനത്തിൽ കഴിഞ്ഞതിനുശേഷം സ്വതന്ത്രയായ ഒരു പ്രതീതിയായിരുന്നു എനിക്ക്” എന്ന് ഒരു 64 വയസ്സുകാരി പറഞ്ഞു. അവർ ഇങ്ങനെ കൂട്ടിച്ചേർത്തു: “എനിക്കിപ്പോൾ എന്തുവേണമെങ്കിലും വായിച്ചു മനസ്സിലാക്കാൻ കഴിയും. ഏറ്റവും പ്രധാനമായി, ബൈബിൾ വായിക്കുകയും പഠിക്കുകയും ചെയ്യാൻ കഴിഞ്ഞതിന്റെ ഫലമായി വ്യാജ പഠിപ്പിക്കലുകളിൽനിന്ന് എനിക്കു സ്വാതന്ത്ര്യം ലഭിച്ചിരിക്കുന്നു.”
യഹോവയുടെ സാക്ഷികളായ ബൈബിൾ അധ്യാപകർ തങ്ങളുടെ വിദ്യാർഥികളെ വ്യക്തിപരമായും വായന പഠിപ്പിക്കാറുണ്ട്. ഫിലിപ്പീൻസിലുള്ള മാർട്ടിനയെ ഒരു സാക്ഷി ആദ്യമായി സന്ദർശിച്ചപ്പോൾ അവർക്ക് 80 വയസ്സു കഴിഞ്ഞിരുന്നു. ക്രമമായി ബൈബിൾ പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും അവർക്കു വായിക്കാൻ അറിയില്ലായിരുന്നു. എന്നാൽ തന്റെ ബൈബിൾ അധ്യാപികയുടെ സഹായവും പ്രാദേശിക സഭയിൽനിന്നുള്ള പരിശീലനവും കൂടെയായപ്പോൾ മാർട്ടിന നല്ല പുരോഗതി കൈവരിച്ചു. അങ്ങനെ, മറ്റുള്ളവരെ ബൈബിൾ പഠിപ്പിക്കാൻ തക്കവണ്ണം അവർ യോഗ്യത നേടി. എഴുത്തും വായനയും പഠിച്ച അവർ ഇപ്പോൾ തന്റെ മുഴുസമയവും മറ്റുള്ളവരെ ബൈബിൾ പഠിപ്പിക്കുന്നതിനായി നീക്കിവെച്ചിരിക്കുകയാണ്.
പഠിക്കാനുള്ള പ്രാപ്തി എല്ലാവർക്കുമുണ്ടെന്നാണ് ഇതൊക്കെ തെളിയിക്കുന്നത്. എന്നാൽ, നാം ഇങ്ങനെ ചോദിച്ചേക്കാം: ദൈവത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും സംബന്ധിച്ച് ബൈബിളിൽനിന്നു പഠിക്കുന്നത് യഥാർഥത്തിൽ ആളുകൾക്കു പ്രയോജനം ചെയ്യുമോ? ഈ പരമ്പരയിലെ അവസാനത്തെ ലേഖനം അതിനുള്ള ഉത്തരം നൽകും.
(g00 12/22)
[9-ാം പേജിലെ ചതുരം/ചിത്രം]
വിലമതിപ്പിൻ പ്രകടനങ്ങൾ
ആളുകളുടെ വിദ്യാഭ്യാസം ഉന്നമിപ്പിക്കുന്നതിന് ലോകവ്യാപകമായി യഹോവയുടെ സാക്ഷികൾ നടത്തുന്ന ശ്രമങ്ങൾ ഗവൺമെന്റ് അധികൃതരുടെയും വിദ്യാഭ്യാസ വിചക്ഷണരുടെയും സാധാരണക്കാരുടെയുമെല്ലാം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അവരിൽ ചിലരുടെ അഭിപ്രായങ്ങൾ ഇതാ:
“ഈ പുസ്തകം [ടുവാലുവൻ ഭാഷയിലുള്ള നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകം] പ്രകാശനം ചെയ്തിരിക്കുന്നതിൽ ഞാനും എന്റെ ഗവൺമെന്റും വളരെ സന്തുഷ്ടരാണ്. ഇത് ടുവാലുവിന്റെ പൈതൃകത്തോടു പുതുതായി ചേർക്കപ്പെട്ട അമൂല്യ നിധിയാണ്. ഈ ദേശത്തിലെ ജനങ്ങളുടെ ആത്മീയ ജീവൻ കെട്ടുപണി ചെയ്യുന്നതിൽ നിങ്ങൾ വഹിച്ചിരിക്കുന്ന സ്തുത്യർഹമായ പങ്കിനെ ഓർത്ത് നിങ്ങൾക്ക് അഭിമാനിക്കാനാകും. വിദ്യാഭ്യാസത്തിന് ഉതകുന്ന ഗ്രന്ഥങ്ങളുടെ അച്ചടിയോടുള്ള ബന്ധത്തിൽ ഈ പുസ്തകത്തിന്റെ പേര് ടുവാലുവിന്റെ ചരിത്രത്താളുകളിൽ സ്ഥാനം പിടിക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. . . . ഈ [നേട്ടം] സകലർക്കും സന്തോഷം പകരേണ്ട ഒന്നാണ്.”—ദക്ഷിണ പസിഫിക്കിലെ ടുവാലുവിന്റെ മുൻ പ്രധാനമന്ത്രി, ഡോ. ടി. പൂവാപൂവ.
“ദക്ഷിണ പസിഫിക്കിൽ ലഭ്യമായിട്ടുള്ള ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്ന വളരെ ഊർജിതമായ ഒരു പ്രസിദ്ധീകരണ പരിപാടിയാണ് യഹോവയുടെ സാക്ഷികൾക്ക് ഉള്ളത്. . . . പസിഫിക് ദ്വീപുകളിലെ പരിമിതമായ വാർത്താവിനിമയ സംവിധാനങ്ങൾ . . . കണക്കിലെടുക്കുമ്പോൾ പ്രസിദ്ധീകരണ രംഗത്തെ ഈ നേട്ടം അത്യന്തം ശ്രദ്ധേയമാണ്.”—ലിൻഡ ക്രൗൾ, ദക്ഷിണ പസിഫിക് സർവകലാശാല, സുവ, ഫിജി.
“ഇസോക്കോ ഭാഷയിലുള്ള കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്തകം എത്ര ഉത്കൃഷ്ടമാണ്! പുസ്തകത്തിലെ മുഴു ആശയങ്ങളും നന്നായി മനസ്സിലാക്കാൻ ഞങ്ങളെ സഹായിച്ച ഇസോക്കോ പരിഭാഷാ സംഘത്തിലെ സ്വമേധയാ സേവകർക്കു നന്ദി.”—സി. ഒ. എ., നൈജീരിയ.
“എളുപ്പം മനസ്സിലാക്കാൻ കഴിയുന്ന ഈ ബൈബിൾ പരിഭാഷയെപ്രതി [സെർബിയൻ ഭാഷയിലുള്ള പുതിയലോക ഭാഷാന്തരം] ഞാൻ എത്രമാത്രം നന്ദിയുള്ളവളാണെന്നോ! ഇതിനുമുമ്പ് പല പ്രാവശ്യം ബൈബിൾ വായിച്ചുതീർക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും എനിക്ക് അതിനു കഴിഞ്ഞിട്ടില്ല. കടുകട്ടിയായുള്ള ഭാഷ ആയിരുന്നു കാരണം. എന്നാൽ, ഈ അതുല്യ ബൈബിൾ ഭാഷാന്തരം എനിക്ക് എളുപ്പത്തിൽ വായിച്ചു മനസ്സിലാക്കാൻ കഴിയുന്നുണ്ട്!—ജെ. എ., യൂഗോസ്ലാവിയ.
“ടീവ് ഭാഷയിലേക്കു പരിഭാഷപ്പെടുത്തിയിട്ടുള്ള വളരെ പ്രബോധനാത്മകവും പരിപുഷ്ടിദായകവുമായ പ്രസിദ്ധീകരണങ്ങൾക്കു നന്ദി. ഈ പുസ്തകങ്ങളിൽനിന്നും ലഘുപത്രികകളിൽനിന്നും ലഭിക്കുന്ന പ്രയോജനങ്ങൾ വർണിക്കാൻ വാക്കുകളില്ല. ഈ പ്രസിദ്ധീകരണങ്ങൾ ആയിരങ്ങളുടെ പക്കൽ എത്തിയിരിക്കുന്നു.”—പി. ടി. എസ്., നൈജീരിയ.
[ചിത്രം]
115 ഭാഷകളിലായി 3.6 കോടി പ്രതികൾ
[4, 5 പേജുകളിലെ ചിത്രങ്ങൾ]
37 ഭാഷകളിലായി “പുതിയലോക ഭാഷാന്തര” ത്തിന്റെ 10 കോടിയിലധികം പ്രതികൾ അച്ചടിച്ചിരിക്കുന്നു
[7-ാം പേജിലെ ചിത്രങ്ങൾ]
ലോകവ്യാപകമായി ഏകദേശം 2,000 പേർ യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധീകരണങ്ങൾ പരിഭാഷപ്പെടുത്തുന്ന വേലയിൽ ഏർപ്പെട്ടിരിക്കുന്നു. (ദക്ഷിണാഫ്രിക്കയിലെ സുളു പരിഭാഷാ സംഘം, ഇടത്ത്; ജാപ്പനീസ് പരിഭാഷകൻ, താഴെ)
[7-ാം പേജിലെ ചിത്രം]
ഓരോ വർഷവും “വീക്ഷാഗോപുരം,” “ഉണരുക!” മാസികകളുടെ 100 കോടിയിലധികം പ്രതികൾ അച്ചടിക്കപ്പെടുന്നു
[8-ാം പേജിലെ ചിത്രങ്ങൾ]
യഹോവയുടെ സാക്ഷികൾ ലോകവ്യാപകമായി സാക്ഷരതാ ക്ലാസ്സുകൾ നടത്തുന്നുണ്ട്. (മെക്സിക്കോ, വലത്ത്; ബുറുണ്ടി, താഴെ. പുറംതാളിൽ കാണിച്ചിരിക്കുന്നത് ഘാന)