ആരാണു സംസാരിക്കുന്നത്?
ആരാണു സംസാരിക്കുന്നത്?
യവനിക ഉയരുമ്പോൾ പരസ്പരം തമാശകൾ പറഞ്ഞിരിക്കുന്ന അവതാരകനെയും അദ്ദേഹത്തിന്റെ പാവയെയുമാണു നാം കാണുന്നത്. ആ പാവയെ കണ്ടാൽ, തനതായ ശബ്ദവും വ്യക്തിത്വവുമുള്ള ജീവനുള്ള ഒരു പാവയാണെന്നേ തോന്നൂ. എന്നാൽ വാസ്തവത്തിൽ, പാവയുടെ “ശബ്ദം” പുറപ്പെടുവിക്കുന്നത് അവതാരകൻ—ശബ്ദവിഡംബകൻ (Ventriloquist)—തന്നെയാണ്. അതു ചെയ്യുമ്പോൾ തന്റെ ചുണ്ട് അനക്കാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കുന്നു.
അസാധാരണമായ ഈ കലാരൂപത്തെ കുറിച്ചു കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? ഏകദേശം 18 വർഷമായി ഈ രംഗത്തു പ്രവർത്തിക്കുന്ന നാഖോ എസ്ട്രാഡായുമായി ഉണരുക! നടത്തിയ അഭിമുഖത്തിൽനിന്ന്:
ഏതൊക്കെ തരത്തിലുള്ള ശബ്ദവിഡംബനം ആണുള്ളത്?
സമീപ ശബ്ദവിഡംബനം എന്നറിയപ്പെടുന്നതിൽ അവതാരകന്റെ ശബ്ദം അടുത്തുനിന്ന്—സ്വന്തം മടിയിൽ ഇരിക്കുന്ന ഒരു പാവയിൽനിന്ന് എന്ന പോലെ—വരുന്നതായി തോന്നുന്നു. വിദൂര ശബ്ദവിഡംബനത്തിലാണെങ്കിൽ ശബ്ദം അകലെനിന്നു വരുന്നതായാണു തോന്നുക. ഒരു പെട്ടിപോലെ, അടഞ്ഞിരിക്കുന്ന എന്തിന്റെയെങ്കിലും ഉള്ളിൽനിന്നു വരുന്നതുപോലെ ശബ്ദം പുറപ്പെടുവിക്കാനും ശബ്ദവിഡംബകർക്കു കഴിയാറുണ്ട്. ചിലർക്ക് ഒരു മൃഗത്തിന്റെ ശബ്ദമോ കുഞ്ഞിന്റെ കരച്ചിലോ ഒക്കെ അനുകരിക്കാൻ കഴിയും. ഇതെല്ലാം ചെയ്യുമ്പോഴും അവർ തങ്ങളുടെ ചുണ്ടുകൾ ചലിപ്പിക്കുന്നില്ല.
വിദഗ്ധനായ ഒരു ശബ്ദവിഡംബകന് ആളുകളെ ശരിക്കും കബളിപ്പിക്കാൻ കഴിയും. നടന്നതായി കരുതപ്പെടുന്ന ഒരു സംഭവം വിവരിക്കാം. ഒരിക്കൽ കച്ചി നിറച്ച ഒരു കുതിരവണ്ടി വഴിയിലൂടെ പോകുകയായിരുന്നു. അതു കണ്ട ഒരു ശബ്ദവിഡംബകന് ഒരു കുസൃതി തോന്നി. ആരോ സഹായത്തിനായി കരയുന്നതു പോലെയുള്ള ഒരു ശബ്ദം അയാൾ പുറപ്പെടുവിച്ചു. കരച്ചിൽ വണ്ടിയുടെ ഉള്ളിൽനിന്നു വരുന്നതുപോലെ തോന്നിയതിനാൽ ആളുകൾ വണ്ടി തടഞ്ഞുനിറുത്തി അതിലുള്ള കച്ചി മുഴുവൻ താഴെയിറക്കിച്ചു. ഏതോ പാവത്തിനെ അതിനിടയിൽ ബന്ധിയാക്കി വെച്ചിട്ടുണ്ടാകുമെന്നാണ് അവർ കരുതിയത്. എന്നാൽ, ഇല്ലാത്ത ബന്ധിയെ അവർക്കു കാണാൻ കഴിഞ്ഞില്ലെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
വർഷങ്ങളിലൂടെ ശബ്ദവിഡംബനം വികാസം പ്രാപിച്ചിരിക്കുന്നത് എങ്ങനെയാണ്?
വർഷങ്ങൾക്കു മുമ്പ്, തങ്ങൾ മരിച്ചവരുമായി ആശയവിനിമയം നടത്തുകയാണെന്ന് അന്ധവിശ്വാസികളായ ആളുകളെ ധരിപ്പിക്കുന്നതിന് ശബ്ദവിഡംബനം ഉപയോഗിച്ചിരുന്നതായി കരുതപ്പെടുന്നു. എന്നാൽ, കാലം കടന്നുപോയതോടെ മനുഷ്യരുടെ കഴിവു മാത്രമാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത് എന്നു വ്യക്തമായി. അതേത്തുടർന്ന് കലാരംഗത്ത് ശബ്ദവിഡംബനത്തിന് ആദരണീയമായ ഒരു സ്ഥാനം ലഭിച്ചു. ഇന്ന് വിദ്യാഭ്യാസ രംഗത്തു പോലും ഇത് ഉപയോഗിക്കാറുണ്ട്.
കഴിഞ്ഞ നൂറ്റാണ്ടുകളിൽ ശബ്ദവിഡംബകരുടെ പ്രത്യേക കഴിവുകൾ പ്രദർശിപ്പിക്കാനും കാണികളെ രസിപ്പിക്കാനുമായി വ്യത്യസ്ത മാർഗങ്ങൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 20-ാം നൂറ്റാണ്ട് ആയപ്പോഴേക്കും ഒരു മരപ്പാവയുമായി ശബ്ദവിഡംബകൻ സംഭാഷണം നടത്തുന്ന രീതി പ്രചാരത്തിലായി.
താങ്കളെ ശബ്ദവിഡംബനത്തിലേക്ക് ആകർഷിച്ചത് എന്താണ്?
ആളുകളെ രസിപ്പിക്കാനും ചിരിപ്പിക്കാനുമുള്ള അതിന്റെ കഴിവാണ് എന്നെ ആകർഷിച്ചത്. ഞാൻ കുട്ടിയായിരിക്കുമ്പോൾ ഒരു കച്ചവടക്കാരൻ “വെൻട്രിലോക്വിസ്റ്റ്” (ശബ്ദവിഡംബകൻ) എന്ന പദത്തിന്റെ ഉത്പത്തിയെ കുറിച്ച് എനിക്കു വിശദീകരിച്ചുതന്നു. അതാണ് ഈ കലയിലുള്ള എന്റെ താത്പര്യത്തെ ഉണർത്തിയത്. “ഉദര ഭാഷണം” അഥവാ “ഉദരത്തിൽ നിന്നുള്ള സംസാരം” എന്ന് അർഥമുള്ള വെന്റർ, ലോക്വി എന്നീ ലാറ്റിൻ പദങ്ങളിൽ നിന്നാണ് ആ വാക്കു വന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉദരം ഒരു പ്രത്യേക രീതിയിൽ ഉപയോഗിക്കുന്നതുമായി ശബ്ദവിഡംബനത്തിന് ബന്ധമുണ്ടെന്ന് ആദ്യകാലങ്ങളിൽ ആളുകൾ വിചാരിച്ചിരുന്നതാണ് അതിനു കാരണം. അദ്ദേഹമാണ് ഈ കലയുടെ ബാലപാഠങ്ങൾ എന്നെ പഠിപ്പിച്ചത്.
പഠിച്ചത് അടുത്ത ദിവസംതന്നെ ഞാൻ സ്കൂളിൽ പ്രയോഗിച്ചു നോക്കി. വിദൂര ശബ്ദവിഡംബനം ഉപയോഗിച്ച്
എന്റെ ശബ്ദം സ്കൂളിലെ ഉച്ചഭാഷിണിയിലൂടെ വരുന്നതുപോലെ തോന്നിക്കാൻ ഞാൻ ശ്രമിച്ചു. എന്നോടു ക്ലാസ്സിൽ നിന്നു പുറത്തു ചെല്ലാനാണ് ഞാൻ പറഞ്ഞത്. ആ വിദ്യ ഫലിച്ചു! പിന്നീട് തപാൽ വഴി ഞാൻ ശബ്ദവിഡംബനത്തെ കുറിച്ചു കൂടുതൽ കാര്യങ്ങൾ പഠിക്കുകയും അതു തൊഴിലായി സ്വീകരിക്കുകയും ചെയ്തു.ശബ്ദവിഡംബകൻ എന്ന നിലയിലുള്ള താങ്കളുടെ തൊഴിലിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്?
വിരുന്നുകളിലും ശബ്ദവിഡംബകരുടെ കൺവെൻഷനുകളിലുമൊക്കെ പരിപാടികൾ അവതരിപ്പിക്കുകയും ഇടയ്ക്കൊക്കെ ടെലിവിഷനിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിലും സ്കൂൾ സദസ്സുകളിൽ കുട്ടികളെ പഠിപ്പിക്കുന്നതിനാണ് ഞാൻ കൂടുതൽ സമയവും ചെലവഴിക്കുന്നത്. തമാശ, പരിപാടിയിലെ ഒരു മുഖ്യ ചേരുവയാണ്. ഉദാഹരണത്തിന് വ്യക്തിപരമായ ശുചിത്വത്തെ കുറിച്ചുള്ള ഒരു പരിപാടിയിൽ ഞാൻ എന്റെ മരപ്പാവ മാക്ലോവിയോയോട് അവൻ പ്രാതലിനുശേഷം പല്ലു തേക്കാഞ്ഞതിനാൽ മുട്ടയാണു കഴിച്ചതെന്ന് എനിക്കു മനസ്സിലായി എന്നു പറഞ്ഞപ്പോൾ അവന്റെ മറുപടി ഇങ്ങനെയായിരുന്നു: “അയ്യേ, താങ്കൾക്കു തെറ്റി. മുട്ട കഴിച്ചത് ഇന്നലെയാണ്!”
ശബ്ദവിഡംബനം സാധ്യമാകുന്നത് എങ്ങനെയാണ്?
സാധാരണഗതിയിൽ ചുണ്ട് ഉപയോഗിച്ച് പുറപ്പെടുവിക്കുന്ന ശബ്ദങ്ങൾ ഞങ്ങൾ നാക്ക് ഒരു പ്രത്യേക രീതിയിൽ പിടിച്ചുകൊണ്ട് പുറപ്പെടുവിക്കുന്നു. ഡയഫ്രത്തിൽനിന്നു ശ്വാസം കഴിക്കുന്ന ഒരു വിദ്യ ഉപയോഗിച്ചാണ് ശബ്ദം ദൂരെനിന്നു വരുന്നു എന്ന തോന്നൽ ഉളവാക്കുന്നത്.
ഒരു ശബ്ദത്തിന്റെ ഉറവ് ഏതാണെന്നോ അത് എത്ര ദൂരത്തു നിന്നാണു വരുന്നതെന്നോ മനസ്സിലാക്കാൻ തക്കവണ്ണം മിക്കവരും തങ്ങളുടെ കാതുകളെ പരിശീലിപ്പിച്ചിട്ടില്ലാത്തതിനാലാണ് ശബ്ദവിഡംബനം സാധ്യമാകുന്നത്. അത്തരം കാര്യങ്ങൾ മനസ്സിലാക്കാനായി ആളുകൾ പൊതുവെ തങ്ങളുടെ കണ്ണുകളെയാണ് ആശ്രയിക്കുന്നത്. ദൃഷ്ടാന്തത്തിന് ഒരു വാഹനത്തിന്റെ സൈറൺ കേൾക്കുകയാണെങ്കിൽ ഏതോ അടിയന്തിരാവശ്യത്തിനായി പോകുന്ന ഒരു വാഹനം ദൂരെ നിന്നു വരികയാണെന്നു നിങ്ങൾക്കു മനസ്സിലാകും. എന്നാൽ എത്ര ദൂരെയാണ് വാഹനം? ഏതു ദിശയിൽ നിന്നാണ് അതു വരുന്നത്? വാഹനത്തിന്റെ മിന്നുന്ന വെളിച്ചം കണ്ടാലേ സാധ്യതയനുസരിച്ച് നിങ്ങൾക്ക് ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയാനാവൂ.
ഒരു ശബ്ദവിഡംബകൻ ഈ സംഗതിയെ മുതലെടുക്കുന്നു. അയാൾ ആവശ്യമുള്ളത്ര ഉച്ചത്തിൽ ശബ്ദം പുറപ്പെടുവിക്കുകയും ഏത് ഉറവിൽനിന്ന് ശബ്ദം വരുന്നതായി ആളുകൾ വിശ്വസിക്കാനാണോ ആഗ്രഹിക്കുന്നത് അതിലേക്ക് അവരുടെ ശ്രദ്ധ തിരിക്കുകയും ചെയ്യുന്നു.
ഈ കല അഭ്യസിക്കാൻ ആഗ്രഹിക്കുന്നവരോട് താങ്കൾക്ക് എന്താണു പറയാനുള്ളത്?
നിങ്ങളുടെ ഉദ്ദേശ്യം എന്താണെന്നതു സംബന്ധിച്ച് വ്യക്തമായ ഒരു ധാരണ ഉണ്ടായിരിക്കേണ്ടതു പ്രധാനമാണ്. മാത്രമല്ല ആ ഉദ്ദേശ്യത്തിന് ചേർച്ചയിലല്ലാത്ത എന്തും ഒഴിവാക്കാനുള്ള സന്നദ്ധതയും ഉണ്ടായിരിക്കണം. മറ്റെല്ലാ കലാരൂപങ്ങളെയും പോലെതന്നെ ശബ്ദവിഡംബനവും ചിലപ്പോഴൊക്കെ മോശമായ ഉദ്ദേശ്യങ്ങൾക്കായി ഉപയോഗിക്കപ്പെടുന്നതു കൊണ്ടാണ് ഞാനിതു പറയുന്നത്. സ്നേഹം ഉദ്ദീപിപ്പിക്കാനും ആളുകളെ രസിപ്പിക്കാനുമുള്ള ശബ്ദവിഡംബനത്തിന്റെ കഴിവാണ് വ്യക്തിപരമായി എന്നെ അതിലേക്ക് ആകർഷിച്ചത്. ഈ ഉദ്ദേശ്യത്തിനു ചേർച്ചയിലുള്ള സംഭാഷണങ്ങളും പരിപാടികളും മാത്രമേ ഞാൻ തിരഞ്ഞെടുക്കാറുള്ളൂ.
ശബ്ദവിഡംബനത്തിൽ പ്രാവീണ്യം നേടാൻ മൂന്നു സംഗതികൾ ആവശ്യമാണ്—അറിവ്, ഭാവന, പരിശീലനം. ശബ്ദവിഡംബനം നടത്തുന്നതെങ്ങനെ എന്നതിനെ കുറിച്ചുള്ള അറിവു നേടാൻ ഒരു പുസ്തകമോ വീഡിയോയോ നിങ്ങളെ സഹായിക്കും. ഭാവന ഉപയോഗിച്ച് നിങ്ങളുടെ പാവയ്ക്കു വിശ്വസനീയമായ ഒരു വ്യക്തിത്വം സൃഷ്ടിക്കുകയാണ് അടുത്തതായി ചെയ്യേണ്ടത്. അതിന് ശരിക്കും ജീവനുണ്ടെന്നു തോന്നിപ്പിക്കാനുള്ള വഴികൾ കണ്ടുപിടിക്കുക. പരിശീലനം ആണ് അവസാനത്തെ പടി. നിങ്ങൾ ഈ കലയിൽ എത്രമാത്രം പ്രാവീണ്യം നേടും എന്നത് പരിശീലനത്തെ ആശ്രയിച്ചിരിക്കുന്നു. (g01 1/08)