എനിക്കു ഡേറ്റിങ്ങിനുള്ള പ്രായമായിട്ടില്ലെന്ന് എന്റെ മാതാപിതാക്കൾ കരുതുന്നുവെങ്കിലോ?
യുവജനങ്ങൾ ചോദിക്കുന്നു . . .
എനിക്കു ഡേറ്റിങ്ങിനുള്ള പ്രായമായിട്ടില്ലെന്ന് എന്റെ മാതാപിതാക്കൾ കരുതുന്നുവെങ്കിലോ?
“മമ്മി ഏതു കാലത്താണു ജീവിക്കുന്നത്? ഇത് ’50-കൾ അല്ല. ഇപ്പോൾ ഡേറ്റിങ് നടത്താത്ത ആരുമില്ല! മമ്മി വിചാരിക്കുന്നതുപോലെ ഞാനിപ്പോൾ കൊച്ചുകുട്ടിയൊന്നുമല്ല.”—16 വയസ്സുകാരി ജെന്നി. a
നിങ്ങൾക്ക് ഡേറ്റിങ് നടത്താനുള്ള പ്രായമായിട്ടില്ലെന്ന് ആരെങ്കിലും പറയുന്നത് നിങ്ങളെ നിരാശപ്പെടുത്തിയേക്കാം. ഒരു യുവാവ് ഇങ്ങനെ പറയുന്നു: “ബൈബിൾ പറയുന്നതുപോലെ അച്ഛനെയും അമ്മയെയും ബഹുമാനിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. എന്നാൽ അവർ പറയുന്നത് ശരിയാണെന്ന് എനിക്കു തോന്നുന്നില്ല. ഇതിനെ കുറിച്ച് അവരുമായി എങ്ങനെ ചർച്ച ചെയ്യണമെന്നു പോലും എനിക്ക് അറിയില്ല.” ഈ യുവാവിനെ പോലെ നിങ്ങൾക്കും നിങ്ങളുടെ മാതാപിതാക്കൾ വെറുതെ വാശി പിടിക്കുകയാണെന്നോ സഹാനുഭൂതി പ്രകടിപ്പിക്കുന്നില്ലെന്നോ തോന്നിയേക്കാം. ഒരുപക്ഷേ നിങ്ങൾക്കു വളരെ ഇഷ്ടപ്പെട്ട, അടുത്തറിയാൻ ആഗ്രഹിക്കുന്ന ആരെയെങ്കിലും നിങ്ങൾ കണ്ടുമുട്ടിയിട്ടുണ്ടായിരിക്കാം. അതല്ലെങ്കിൽ സമപ്രായക്കാരുടെ അംഗീകാരം നേടാൻ ഡേറ്റിങ് നിങ്ങളെ സഹായിക്കുമെന്നു നിങ്ങൾ കരുതുന്നുണ്ടായിരിക്കാം. മിഷെൽ എന്ന പെൺകുട്ടി ഇങ്ങനെ പറയുന്നു: “സമ്മർദം വളരെ ശക്തമാണ്. ഡേറ്റിങ്ങിൽ ഏർപ്പെട്ടില്ലെങ്കിൽ ഏതോ വിചിത്രജീവിയെ കാണുന്നതു പോലെയാണ് സ്കൂളിലെ കുട്ടികൾ നിങ്ങളെ നോക്കുക.”
ഒരു കുടുംബ ഉപദേശക ഡേറ്റിങ്ങിനെ കുറിച്ച് ഇങ്ങനെ പറഞ്ഞു: “മാതാപിതാക്കൾ ഇത്ര ന്യായബോധമില്ലാത്തവരായി കാണപ്പെടുന്ന മറ്റൊരു മണ്ഡലവുമില്ല.” എന്നാൽ ന്യായബോധമില്ലാത്തവരായി കാണപ്പെടുന്നു എന്നതുകൊണ്ട് അവർ യഥാർഥത്തിൽ അങ്ങനെയായിരിക്കണം എന്നുണ്ടോ? എന്തായിരുന്നാലും, നിങ്ങളെ പഠിപ്പിക്കാനും പരിശീലിപ്പിക്കാനും സംരക്ഷിക്കാനും മാർഗനിർദേശങ്ങൾ നൽകാനുമുള്ള ഉത്തരവാദിത്വം ദൈവം ഭരമേൽപ്പിച്ചിരിക്കുന്നത് അവരെയാണല്ലോ. (ആവർത്തനപുസ്തകം 6:6, 7) നിങ്ങളെ കുറിച്ച് ഉത്കണ്ഠപ്പെടുന്നതിന് അവർക്ക് എന്തെങ്കിലും ന്യായമായ അടിസ്ഥാനം ഉണ്ടായിരിക്കുമോ? “അപകടം അടുത്തടുത്ത് വരുന്നത് എനിക്കു കാണാൻ കഴിയുന്നു. അതു വളരെ ഭയാനകമാണ്” എന്ന് ഒരു മാതാവ് പറയുന്നു. നേരത്തേയുള്ള ഡേറ്റിങ് അനേകം മാതാപിതാക്കളെയും ഉത്കണ്ഠാകുലരാക്കുന്നത് എന്തുകൊണ്ടാണ്?
അപകടകരമായ വികാരങ്ങൾ
“ആരെയെങ്കിലും ഇഷ്ടപ്പെടുന്നത് എന്തോ വലിയ കുറ്റമാണെന്നതു പോലെയാണ് എന്റെ മാതാപിതാക്കൾ പെരുമാറുന്നത്,” 14 വയസ്സുകാരി ബെത്ത് പരാതിപ്പെടുന്നു. എന്നാൽ നിങ്ങളുടെ മാതാപിതാക്കൾ ക്രിസ്ത്യാനികളാണെങ്കിൽ, പരസ്പരം ആകർഷണം തോന്നുന്ന വിധത്തിലാണ് ദൈവം പുരുഷനെയും സ്ത്രീയെയും സൃഷ്ടിച്ചിരിക്കുന്നതെന്ന് അവർക്കു നന്നായി അറിയാം. (ഉല്പത്തി 2:18-23) ഈ ആകർഷണം വളരെ സ്വാഭാവികമാണെന്നും മനുഷ്യർ ‘ഭൂമിയെ നിറയ്ക്കണം’ എന്ന സ്രഷ്ടാവിന്റെ ഉദ്ദേശ്യത്തോടു ചേർച്ചയിലാണെന്നും അവർ മനസ്സിലാക്കുന്നു.—ഉല്പത്തി 1:28.
കൂടാതെ, “നവയൗവനത്തിൽ” ലൈംഗിക ആഗ്രഹങ്ങൾ എത്രമാത്രം ശക്തമായിരിക്കാമെന്നും നിങ്ങളുടെ മാതാപിതാക്കൾ തിരിച്ചറിയുന്നു. (1 കൊരിന്ത്യർ 7:36, NW) അതേസമയംതന്നെ, ഈ ആഗ്രഹങ്ങളെ നിയന്ത്രിക്കുന്നതിൽ നിങ്ങൾക്കു തീരെ അനുഭവപരിചയമില്ലെന്നും അവർക്കറിയാം. നേരിട്ടോ ഫോണിലൂടെയോ കത്തിലൂടെയോ ഇ-മെയിൽ മുഖാന്തരം പോലുമോ എതിർലിംഗവർഗത്തിൽപ്പെട്ട ഒരാളുമായി നിങ്ങൾ കൂടുതൽ സമയം ചെലവഴിക്കാൻ തുടങ്ങിയാൽ ആ ആകർഷണം വളരാൻ സാധ്യതയുണ്ട്. ‘അതിൽ എന്താണു കുഴപ്പം?’ എന്നു നിങ്ങൾ ചോദിച്ചേക്കാം. ശരി, ഇങ്ങനെ ഉണർത്തപ്പെടുന്ന ആഗ്രഹങ്ങൾ തൃപ്തിപ്പെടുത്തുന്നതിന് ഉചിതമായ എന്ത് മാർഗമാണു നിങ്ങൾക്കുള്ളത്? ന്യായമായും ഇത്തരം വികാരങ്ങൾ ഒരുവനെ വിവാഹത്തിലാണു കൊണ്ടെത്തിക്കേണ്ടത്. എന്നാൽ, നിങ്ങൾ വിവാഹത്തിനു സജ്ജനാണോ? ആയിരിക്കാൻ സാധ്യതയില്ല.
അതുകൊണ്ട് നേരത്തേ ഡേറ്റിങ് തുടങ്ങുന്നതു വളരെ വലിയ അപകടങ്ങളിലേക്കു നയിച്ചേക്കാം. ബൈബിൾ ഈ മുന്നറിയിപ്പു നൽകുന്നു: “ഒരു മനുഷ്യന്നു തന്റെ വസ്ത്രം വെന്തു പോകാതെ മടിയിൽ തീ കൊണ്ടുവരാമോ?” (സദൃശവാക്യങ്ങൾ 6:27) ഒട്ടുമിക്കപ്പോഴും സമയത്തിനു മുമ്പേയുള്ള ഡേറ്റിങ് വിവാഹപൂർവ ലൈംഗികതയിലേക്കു നയിക്കുന്നു. ഇത് വിവാഹത്തിനു മുമ്പുള്ള ഗർഭധാരണം, ലൈംഗികമായി പകരുന്ന രോഗങ്ങൾ എന്നിങ്ങനെയുള്ള പ്രശ്നങ്ങളിലേക്കു യുവജനങ്ങളെ വലിച്ചിഴയ്ക്കാൻ സാധ്യതയുണ്ട്. (1 തെസ്സലൊനീക്യർ 4:4-6) ഉദാഹരണത്തിന്, ടാമിയുടെ മാതാപിതാക്കൾ ഡേറ്റിങ്ങിനു സമ്മതിക്കാഞ്ഞപ്പോൾ അതു വലിയ അന്യായമായിട്ടാണ് അവൾക്കു തോന്നിയത്. അതുകൊണ്ട് അവരറിയാതെ രഹസ്യമായി അവൾ സ്കൂളിലെ ഒരു ചെറുപ്പക്കാരനുമായി ഡേറ്റിങ് നടത്താൻ തുടങ്ങി. എന്നാൽ അധികം കഴിയുന്നതിനു മുമ്പ് ടാമി ഗർഭിണിയായി. അത് അവളുടെ ജീവിതത്തെയാകെ മാറ്റിമറിച്ചു. ഇപ്പോൾ അവൾ ഇങ്ങനെ പറയുന്നു: “പലരും കൊട്ടിഘോഷിക്കുന്നതു പോലെയൊന്നുമല്ല ഡേറ്റിങ്.”
എന്നാൽ ഒരു യുവജോഡി ശ്രദ്ധാപൂർവം അനുചിതമായ എല്ലാത്തരം സമ്പർക്കങ്ങളും ഒഴിവാക്കുന്നുവെങ്കിലോ? അങ്ങനെയുള്ളപ്പോൾ പോലും സമയത്തിനുമുമ്പേ പ്രേമവികാരങ്ങൾ ഉണർത്തപ്പെടും എന്ന അപകടമുണ്ട്. (ഉത്തമഗീതം 2:7) നിയമപരമായി വർഷങ്ങൾ കഴിഞ്ഞുമാത്രം തൃപ്തിപ്പെടുത്താൻ കഴിയുന്ന ആഗ്രഹങ്ങളെ ഊതിക്കത്തിക്കുന്നത് മോഹഭംഗത്തിലേക്കും അസന്തുഷ്ടിയിലേക്കും നയിച്ചേക്കാം.
പരിചിന്തനം അർഹിക്കുന്ന മറ്റുചില കാര്യങ്ങളും ഉണ്ട്: ഒരു വിവാഹ ഇണയെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട സംഗതികൾ എന്താണെന്ന് അറിയാനുള്ള ജീവിതാനുഭവം നിങ്ങൾക്കുണ്ടോ? (സദൃശവാക്യങ്ങൾ 1:4) ഇനി നിങ്ങൾതന്നെ സ്നേഹിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന ഒരു ഭർത്താവോ ഭാര്യയോ ആകാനുള്ള ഗുണങ്ങൾ ഇതിനോടകം വളർത്തിയെടുത്തിട്ടുണ്ടോ? ഒരു ദീർഘകാലബന്ധം നിലനിറുത്താൻ ആവശ്യമായ ക്ഷമയും നിശ്ചയദാർഢ്യവും നിങ്ങൾക്കുണ്ടെന്ന് ഉറപ്പോടെ പറയാൻ കഴിയുമോ? പ്രതീക്ഷിക്കാവുന്നതു പോലെതന്നെ കൗമാരത്തിൽ മൊട്ടിടുന്ന പ്രണയങ്ങൾക്ക് മിക്കപ്പോഴും ആയുസ്സ് തീരെ കുറവാണ്. അവയിൽ ചുരുക്കം ചിലതു മാത്രമേ ദീർഘകാലം നിലനിൽക്കുന്ന ദാമ്പത്യ ബന്ധങ്ങളിലേക്കു നയിക്കുന്നുള്ളൂ.
പതിനെട്ടുകാരിയായ മോനിക്കയുടെ പിൻവരുന്ന വാക്കുകളിൽ ഈ സ്ഥിതിവിശേഷം വളരെ നന്നായി സംഗ്രഹിച്ചിട്ടുണ്ട്: “സ്കൂളിലെ എന്റെ കൂട്ടുകാരികളെല്ലാം അവരുടെ ബോയ്ഫ്രണ്ട്സിനെ കുറിച്ചുള്ള കഥകൾ എന്നോടു പറയുമായിരുന്നു. എന്നാൽ, അവരിൽ ചിലർ വളരെ ചെറുപ്പത്തിൽത്തന്നെ വിവാഹിതരായി. മറ്റുള്ളവരുടെ കാര്യത്തിൽ അവർ വിവാഹിതരാകാൻ തയ്യാറല്ലായിരുന്നതിനാൽ അവരുടെ ബന്ധം ദാരുണമായി തകർന്നു.” ബ്രാൻഡൻ എന്ന യുവാവ് ഇങ്ങനെ പറഞ്ഞു: “ആരോടും പ്രതിബദ്ധത ഉണ്ടായിരിക്കാൻ നിങ്ങൾ സജ്ജനല്ല എന്നു നിങ്ങൾക്കറിയാം, എന്നാൽ ഡേറ്റിങ് നടത്തുന്നതിനാൽ അപ്പോൾത്തന്നെ ആരോടോ പ്രതിബദ്ധത ഉള്ളതുപോലെ നിങ്ങൾക്കു തോന്നുന്നു. ഇത്തരമൊരു സ്ഥിതിവിശേഷം തികച്ചും നിരാശാജനകമാണ്. മറ്റെയാളെ മുറിപ്പെടുത്താതെ നിങ്ങൾക്ക് പിന്മാറാനാകുമോ?”
വിവാഹ പ്രതിബദ്ധത ഏറ്റെടുക്കാനുള്ള പ്രായമാകുന്നതു വരെ ഡേറ്റിങ് നടത്തരുതെന്നു നിഷ്കർഷിക്കുന്നതിലൂടെ അത്തരം നിരാശയിൽനിന്നും വേദനയിൽനിന്നും നിങ്ങളെ രക്ഷിക്കാനാണു നിങ്ങളുടെ മാതാപിതാക്കൾ ശ്രമിക്കുന്നത് എന്നതിനു സംശയമില്ല. സഭാപ്രസംഗി 11:10-ലെ [പി.ഒ.സി ബൈബിൾ] നിശ്വസ്ത ബുദ്ധിയുപദേശത്തിനു ചേർച്ചയിൽ പ്രവർത്തിക്കുക മാത്രമാണ് അവർ ചെയ്യുന്നത്. അവിടെ ഇങ്ങനെ പറഞ്ഞിരിക്കുന്നു: “മനസ്സിൽ നിന്ന് ആകുലത അകറ്റുക. ശരീരത്തിൽ നിന്നു വേദന ദൂരീകരിക്കുക.”
‘വിശാലരാകുവിൻ’
എതിർലിംഗ വർഗത്തിൽ പെട്ടവരുമായുള്ള സഹവാസം പാടില്ലെന്ന് ഇതിനർഥമില്ല. എന്നാൽ ഈ സഹവാസം ഒരാളിൽ മാത്രമായി ഒതുക്കി നിറുത്തുന്നത് എന്തിനാണ്? മറ്റൊരു സംഗതിയെ കുറിച്ചു ചർച്ച ചെയ്യവെ, നമ്മുടെ സഹവാസം ‘വിശാലമാക്കാൻ’ ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (2 കൊരിന്ത്യർ 6:12, 13) ഈ ബുദ്ധിയുപദേശം ബാധകമാക്കുന്നത് യുവജനങ്ങൾക്കു പ്രയോജനം ചെയ്യും. ആൺകുട്ടികളും പെൺകുട്ടികളും അടങ്ങുന്ന ഒരു കൂട്ടത്തോടൊപ്പം സഹവസിക്കുന്നതാണ് ഇതിനുള്ള ഒരു മാർഗം. ടാമി ഇങ്ങനെ അഭിപ്രായപ്പെടുന്നു: “അതു കുറേക്കൂടെ രസകരം ആണെന്ന് എനിക്കു തോന്നുന്നു. കുറെ കൂട്ടുകാരുള്ളതാണ് എപ്പോഴും നല്ലത്.” മോനിക്ക എന്ന മറ്റൊരു പെൺകുട്ടി ഇപ്രകാരം പറയുന്നു: “ഒരു കൂട്ടത്തോടൊപ്പം ആയിരിക്കുക എന്ന ആശയം വളരെ നല്ലതാണ്. അങ്ങനെയാകുമ്പോൾ വ്യത്യസ്ത വ്യക്തിത്വങ്ങളുള്ള അനേകരെ പരിചയപ്പെടാൻ നിങ്ങൾക്കു കഴിയും. കൂടാതെ നിങ്ങൾ ഇതുവരെ കണ്ടുമുട്ടിയിട്ടില്ലാത്ത അനേകരുണ്ടെന്നു തിരിച്ചറിയാനും അതു സഹായിക്കും.”
മറ്റു ചെറുപ്പക്കാരുമായി ആരോഗ്യാവഹമായ നല്ല സഹവാസം ആസ്വദിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തുതരാൻ നിങ്ങളുടെ മാതാപിതാക്കൾ ഒരുക്കമായിരിക്കാം. രണ്ടു കുട്ടികളുടെ മാതാവായ ആൻ ഇങ്ങനെ പറയുന്നു: “ഞങ്ങളുടെ വീട് എപ്പോഴും കുട്ടികൾ ആയിരിക്കാൻ ഇഷ്ടപ്പെടുന്ന രസകരമായ ഒരു സ്ഥലമാക്കിത്തീർക്കാൻ ഞങ്ങൾ ശ്രദ്ധിക്കാറുണ്ട്. ഞങ്ങൾ അവരുടെ കൂട്ടുകാരെ ക്ഷണിക്കുകയും അവർക്കു ലഘുഭക്ഷണം കൊടുക്കുകയും കളികളിൽ ഏർപ്പെടാൻ അനുവദിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ആസ്വാദനത്തിനായി വീട്ടിൽനിന്നും പുറത്തുകടക്കണമെന്ന ചിന്ത കുട്ടികൾക്കുണ്ടാവുന്നില്ല.”
എന്നിരുന്നാലും, ഒരു കൂട്ടത്തോടൊപ്പം ആയിരിക്കുമ്പോൾ പോലും ഏതെങ്കിലും ഒരാളോടു മാത്രം കൂടുതൽ താത്പര്യം കാണിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. മറ്റുള്ളവരോടൊപ്പം ആയിരിക്കുന്നിടത്തോളം കാലം തങ്ങൾ ഡേറ്റിങ് നടത്തുകയല്ല എന്നു ചില യുവജനങ്ങൾ ന്യായവാദം ചെയ്തേക്കാം. എന്നാൽ അത്തരം ആത്മവഞ്ചന ഒഴിവാക്കുക. (സങ്കീർത്തനം 36:2) സുഹൃത്തുക്കളോടൊപ്പം കൂടിവരുമ്പോഴൊക്കെ നിങ്ങൾ ഒരാളുമായി മാത്രം സമയം ചെലവഴിക്കുന്നെങ്കിൽ അതു ഡേറ്റിങ് നടത്തുന്നതിനു തുല്യമാണ്. b എതിർലിംഗ വർഗത്തിൽ പെട്ടവരുമായുള്ള സൗഹൃദങ്ങളുടെ കാര്യത്തിൽ വിവേകം പ്രകടമാക്കാൻ ശ്രമിക്കുക.—1 തിമൊഥെയൊസ് 5:2.
കാത്തിരിപ്പിന്റെ മൂല്യം
നിങ്ങൾക്ക് ഡേറ്റിങ് തുടങ്ങാനുള്ള പ്രായമായിട്ടില്ല എന്നു കേൾക്കുന്നത് വേദനാജനകമായിരുന്നേക്കാം. എന്നാൽ, നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളെ മുറിപ്പെടുത്താൻ ശ്രമിക്കുകയല്ല, നിങ്ങളെ സഹായിക്കാനും സംരക്ഷിക്കാനും തങ്ങളാലാവുന്നത് ചെയ്യുകയാണവർ. അതുകൊണ്ട് സ്വന്തം ഹൃദയത്തിൽ ആശ്രയിച്ചുകൊണ്ട് അവരുടെ ബുദ്ധിയുപദേശം തള്ളിക്കളയുന്നതിനു പകരം അവരുടെ അനുഭവപരിചയത്തിൽനിന്നു പ്രയോജനം നേടാൻ ശ്രമിക്കരുതോ? ഉദാഹരണത്തിന്, അടുത്ത പ്രാവശ്യം എതിർലിംഗ വർഗത്തിൽ പെട്ടവരോടുള്ള ഇടപെടൽ സംബന്ധിച്ച് നിങ്ങൾക്കു ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോൾ അവരുടെ സഹായം തേടിക്കൂടേ? “സ്വന്തഹൃദയത്തിൽ ആശ്രയിക്കുന്നവൻ മൂഢൻ” ആണെന്നു സദൃശവാക്യങ്ങൾ 28:26 നമ്മെ ഓർമിപ്പിക്കുന്നു. കോനി എന്ന യുവതി പറയുന്നതു ശ്രദ്ധിക്കൂ: “ഒരു ആൺകുട്ടിക്ക് എന്നെ ഇഷ്ടമാണെന്നു മനസ്സിലായാൽ ഞാൻ അതേക്കുറിച്ചു മമ്മിയോട് സംസാരിക്കും. ഇത് ഡേറ്റിങ്ങിൽ ഏർപ്പെടാനുള്ള സമ്മർദത്തെ ചെറുത്തുനിൽക്കാൻ എന്നെ സഹായിക്കുന്നു. മമ്മിയുടെ സുഹൃത്തുക്കൾക്കും വീട്ടുകാർക്കും ഒക്കെ ഉണ്ടായിട്ടുള്ള അനുഭവങ്ങൾ മമ്മി എന്നോടു പറയും. അതു വളരെ സഹായകമാണ്.”
ഡേറ്റിങ് തുടങ്ങാനായി അൽപ്പം കാത്തിരിക്കുന്നത് നിങ്ങളുടെ വൈകാരിക വളർച്ചയെ തടസ്സപ്പെടുത്തുകയോ നിങ്ങളുടെ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടുകയോ ഇല്ല. കോർട്ടിങ്ങും വിവാഹവും പോലെയുള്ള മുതിർന്നവരുടെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തിട്ടില്ലാത്തതിനാൽ ‘നിങ്ങളുടെ യൗവനത്തിൽ ആനന്ദിക്കാനുള്ള’ സ്വാതന്ത്ര്യം നിങ്ങൾക്കുണ്ട്. (സഭാപ്രസംഗി 11:9) കാത്തിരിക്കുന്നതിനാൽ നിങ്ങൾക്കു പക്വത നേടാനും നിങ്ങളുടെ വ്യക്തിത്വവും പരമപ്രധാനമായി ആത്മീയതയും കെട്ടുപണിചെയ്യാനും കൂടുതൽ സമയം ലഭിക്കും. (വിലാപങ്ങൾ 3:26, 27) ഒരു ക്രിസ്തീയ യുവതി പറയുന്നതുപോലെ “മറ്റാരോടെങ്കിലും പ്രതിബദ്ധത നട്ടുവളർത്തുന്നതിനു മുമ്പ് നിങ്ങൾ യഹോവയോട് പ്രതിബദ്ധത ഉള്ളവരായിരിക്കേണ്ടതുണ്ട്.”
നിങ്ങൾക്കു കുറച്ചുകൂടി പ്രായമാകുകയും നിങ്ങളുടെ അഭിവൃദ്ധി എല്ലാവർക്കും പ്രസിദ്ധമായിത്തീരുകയും ചെയ്യുമ്പോൾ നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളെ വീക്ഷിക്കുന്ന വിധത്തിനു മാറ്റം വരും. (1 തിമൊഥെയൊസ് 4:15) അങ്ങനെ യഥാർഥത്തിൽ നിങ്ങൾ ഡേറ്റിങ്ങിനു സജ്ജരാകുമ്പോൾ അവരുടെ അംഗീകാരത്തോടെ നിങ്ങൾക്ക് അതു ചെയ്യാൻ കഴിയും. (g01 1/22)
[അടിക്കുറിപ്പുകൾ]
a പേരുകൾ യഥാർഥമല്ല.
b കൂടുതൽ വിവരങ്ങൾക്കായി വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ചിരിക്കുന്ന യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകത്തിന്റെ 232-3 പേജുകൾ കാണുക.
[21-ാം പേജിലെ ചിത്രങ്ങൾ]
എതിർലിംഗ വർഗത്തിൽപ്പെട്ട ഒരാളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. . .
. . . സാധാരണഗതിയിൽ പ്രേമവികാരങ്ങളെ ഉണർത്തും
[22-ാം പേജിലെ ചിത്രം]
ഒരാളോടു മാത്രം താത്പര്യം കാണിക്കുന്നതിനു പകരം സുഹൃദ്ബന്ധങ്ങളിൽ വിശാലരായിരിക്കുക