നിങ്ങൾക്ക് ഇൻഷ്വറൻസിന്റെ ആവശ്യമുണ്ടോ?
നിങ്ങൾക്ക് ഇൻഷ്വറൻസിന്റെ ആവശ്യമുണ്ടോ?
ചില രാജ്യങ്ങളിൽ ചിലതരത്തിലുള്ള ഇൻഷ്വറൻസ് പോളിസികൾ എടുക്കണമെന്നുള്ളതു നിർബന്ധമാണ്. മറ്റു ചിലയിടങ്ങളിലാകട്ടെ മിക്ക ഇൻഷ്വറൻസ് പദ്ധതികളെയും കുറിച്ച് ആളുകൾക്ക് അറിയാൻ പോലും പാടില്ല. കൂടാതെ ഓരോ രാജ്യത്തും, ഇൻഷ്വറൻസിനു മുടക്കേണ്ട പണവും ലഭ്യമായ ഇൻഷ്വറൻസ് പോളിസികളും വ്യത്യാസപ്പെട്ടിരിക്കും. എന്നിരുന്നാലും, നഷ്ടം പങ്കിടുക എന്ന ഇൻഷ്വറൻസിന്റെ അടിസ്ഥാന തത്ത്വത്തിനു മാറ്റമൊന്നുമില്ല.
സ്വാഭാവികമായും, കൂടുതൽ സ്വത്തുള്ള ഒരു വ്യക്തിക്ക് ഉണ്ടാകാനിടയുള്ള നഷ്ടവും കൂടുതലായിരിക്കും. അതുപോലെ, ഒരാളുടെ കുടുംബ ഉത്തരവാദിത്വങ്ങൾ എത്ര വലുതാണോ, അയാളുടെ മരണമോ ശാരീരിക അവശതയോ കുടുംബത്തിൽ അത്ര വലിയ ആഘാതം ഉളവാക്കും. ഉണ്ടാകാനിടയുള്ള വസ്തുനഷ്ടമോ ശാരീരിക അവശതയ്ക്കിടയാക്കുന്ന ഒരു അപകടമോ സംബന്ധിച്ച ഭയം ലഘൂകരിക്കാൻ ഇൻഷ്വറൻസിനു സാധിക്കും.
എന്നാൽ, ഇൻഷ്വറൻസ് പണം ഒരിക്കലും ആവശ്യമായി വരുന്നില്ലെന്നിരിക്കട്ടെ. അപ്പോൾപ്പിന്നെ അതിനുവേണ്ടി പണം ചെലവാക്കുന്നതു ബുദ്ധിയായിരിക്കുമോ? കൊള്ളാം, ഒരിക്കലും ഉപയോഗിക്കേണ്ടി വരുന്നില്ലെങ്കിൽപ്പോലും ഒരു സ്റ്റെപ്പിനി ടയർ മോട്ടോർ വാഹനത്തിൽ കരുതുന്നത് ഒരു നഷ്ടമാണോ? ഡ്രൈവർക്ക് അതു പ്രദാനം ചെയ്യുന്ന സുരക്ഷിതത്വബോധം കണക്കിലെടുക്കുമ്പോൾ ആ ടയറിനുവേണ്ടി പണം ചെലവാക്കുന്നതു മൂല്യവത്താണെന്നു കാണാൻ കഴിയും. ചില നഷ്ടങ്ങൾ, സാമ്പത്തിക നഷ്ടപരിഹാരം കൊണ്ട് നികത്താനാവില്ല എന്നതു ശരിതന്നെ. എന്നാൽ അങ്ങനെ നികത്താനാവുന്ന നഷ്ടങ്ങളുണ്ട്.
ഇൻഷ്വറൻസ് പോളിസികളുടെ പരിധിക്കുള്ളിൽ വരുന്ന നഷ്ടങ്ങൾ ഏതൊക്കെയാണ്?
വ്യത്യസ്തതരം ഇൻഷ്വറൻസുകൾ
ആളുകൾ എടുക്കുന്ന ഇൻഷ്വറൻസിൽ അധികവും പിൻവരുന്ന വിഭാഗങ്ങളിൽ പെടുന്നവയാണ്: വസ്തുവകകളെ സംബന്ധിച്ച ഇൻഷ്വറൻസ് (property insurance), ബാധ്യതാ ഇൻഷ്വറൻസ് (liability insurance), ആരോഗ്യ ഇൻഷ്വറൻസ്, ശാരീരിക അവശതകൾക്കുള്ള ഇൻഷ്വറൻസ് (disability insurance), ലൈഫ് ഇൻഷ്വറൻസ്.
വസ്തുവകകളെ സംബന്ധിച്ച ഇൻഷ്വറൻസ്: നഷ്ടസാധ്യത കുറയ്ക്കാൻ ആളുകൾ ഏറ്റവും സാധാരണമായി എടുക്കുന്നത് വീട്, ബിസിനസ്, വാഹനം എന്നിവയ്ക്കുള്ള ഇൻഷ്വറൻസുകളാണ്. കഴിഞ്ഞ ലേഖനത്തിൽ പരാമർശിച്ച ജോൺ തന്റെ മരപ്പണിശാലയ്ക്കും പണിയായുധങ്ങൾക്കും വേണ്ടി എടുക്കേണ്ടതില്ല എന്നു തീരുമാനിച്ച ഇൻഷ്വറൻസ് ഇത്തരത്തിലുള്ളത് ആയിരുന്നു.
ചില ഭവന ഇൻഷ്വറൻസ് പോളിസികളിൽ വീട്ടിനുള്ളിലെ ചില വസ്തുക്കളും ഉൾപ്പെടുത്തുന്നു. നിങ്ങൾ ഇത്തരത്തിലുള്ള ഒരു പോളിസി എടുക്കുന്നെങ്കിൽ ഇൻഷ്വർ ചെയ്തിട്ടുള്ള വസ്തുക്കളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കുന്നത് ബുദ്ധിയായിരിക്കും. സാധ്യമെങ്കിൽ അവയുടെ ഫോട്ടോയോ വീഡിയോയോ എടുത്തു വെക്കാവുന്നതാണ്. ഈ ലിസ്റ്റും അതിലെ വസ്തുക്കളുടെ മൂല്യം സൂചിപ്പിക്കുന്ന എന്തെങ്കിലും രേഖയുണ്ടെങ്കിൽ അതും സാധനം വാങ്ങിയപ്പോൾ ലഭിച്ച രസീതുകളും വീടിനു വെളിയിലുള്ള ഒരു സുരക്ഷിത സ്ഥാനത്തു സൂക്ഷിക്കേണ്ടതാണ്. ആവശ്യമായി വരുന്നപക്ഷം ഇൻഷ്വറൻസ് പണം എളുപ്പത്തിൽ ലഭിക്കാൻ ഈ രേഖകൾ സഹായകമാകും.
ബാധ്യതാ ഇൻഷ്വറൻസ്: മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നവർ, സ്വന്തം വീടോ വസ്തുവകകളോ ഉള്ളവർ, ബിസിനസുകാർ, മറ്റുള്ളവരെ ജോലിക്കു നിറുത്തുന്നവർ എന്നിവർക്കെല്ലാം ഏതെങ്കിലും ഒരു അപകടത്തിന്റെ ബാധ്യത ഏൽക്കേണ്ടി വന്നേക്കാം. ഉണ്ടാകുന്ന അപകടം വസ്തുവകകൾ നശിക്കുന്നതിനോ മറ്റൊരു വ്യക്തിക്കു പരിക്കു പറ്റുന്നതിനോ അയാൾ മരിക്കുന്നതിനോ ഇടയാക്കിയേക്കാം. വാഹനത്തിന്റെ ഡ്രൈവർ അല്ലെങ്കിൽ വസ്തുവകകളുടെയോ ബിസിനസ് സ്ഥാപനത്തിന്റെയോ ഉടമസ്ഥൻ വസ്തുവകകൾ നന്നാക്കുന്നതിനോ മറ്റൊരാളുടെ വൈദ്യചികിത്സയ്ക്കോ ഉള്ള ചെലവുകൾ വഹിക്കാൻ ബാധ്യസ്ഥനായേക്കാം. ചിലപ്പോൾ ആ വ്യക്തി അനുഭവിക്കുന്ന വേദനയ്ക്കും ദുരിതത്തിനും വരെ നഷ്ടപരിഹാരം നൽകേണ്ടി വന്നേക്കാം. അനേകം രാജ്യങ്ങളിലും തൊഴിലുടമകളും ഡ്രൈവർമാരും ഇത്തരം ചെലവുകൾ വഹിക്കാൻ സഹായിക്കുന്ന ബാധ്യതാ ഇൻഷ്വറൻസ് എടുത്തിരിക്കണമെന്നു നിയമം അനുശാസിക്കുന്നു. ഇൻഷ്വറൻസ്, നിയമപരമായ ഒരു നിബന്ധന അല്ലാത്ത ഇടങ്ങളിൽപ്പോലും ഒരു ഡ്രൈവർക്കോ സ്വത്തുടമയ്ക്കോ തൊഴിലുടമയ്ക്കോ അപകടത്തിന് ഇരയായവരെ അല്ലെങ്കിൽ അവരുടെ കുടുംബങ്ങളെ സഹായിക്കേണ്ട നിയമപരമോ ധാർമികമോ ആയ ഉത്തരവാദിത്വം ഉണ്ടായിരുന്നേക്കാം.
ആരോഗ്യ ഇൻഷ്വറൻസ്: പല രാജ്യങ്ങളിലും വാർധക്യ പെൻഷൻ, വൈദ്യചികിത്സ എന്നിങ്ങനെയുള്ള ചില ഇൻഷ്വറൻസ് പദ്ധതികൾ ഗവൺമെന്റുതന്നെ നടപ്പാക്കിവരുന്നു. എന്നാൽ ഇങ്ങനെയുള്ളപ്പോൾ പോലും അത്തരം ഇൻഷ്വറൻസ് മുഴു ചികിത്സാ ചെലവുകളും അടയ്ക്കാൻ പര്യാപ്തമാകണമെന്നില്ല. അല്ലെങ്കിൽ ചിലപ്പോൾ അവ ചില പ്രത്യേക വൈദ്യചികിത്സകൾക്കു മാത്രമേ ബാധകമാകുന്നുള്ളൂ എന്നും വരാം. അതുകൊണ്ട് ചില വ്യക്തികൾ ബാക്കി പണം അടയ്ക്കാനുള്ള സഹായത്തിനായി അതോടൊപ്പം സ്വകാര്യ ഇൻഷ്വറൻസും എടുക്കാറുണ്ട്. ഒരു തൊഴിൽ വ്യവസ്ഥ എന്ന നിലയിൽ പല സ്ഥലങ്ങളിലും തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷ്വറൻസ് ലഭിക്കുന്നു.
മാസം തോറുമോ വർഷം തോറുമോ അടയ്ക്കുന്ന ഒരു നിശ്ചിത തുകയ്ക്കു പകരമായി, ഒരു വ്യക്തിക്ക് മുഴു വൈദ്യചികിത്സയും പ്രദാനം ചെയ്യുന്ന ചില ആരോഗ്യ-രക്ഷാ പദ്ധതികൾ—ഉദാഹരണത്തിന്, അമേരിക്കയിലെ ആരോഗ്യ പരിരക്ഷാ സംഘടനകൾ—ഉണ്ട്. ചെലവു കുറഞ്ഞ വൈദ്യചികിത്സ ലഭ്യമാക്കിക്കൊണ്ടും രോഗപ്രതിരോധ മരുന്നുകളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടും ഈ സംഘടനകൾ ചെലവു കഴിവതും ചുരുക്കുന്നു. എന്നാൽ സാധാരണ ആരോഗ്യ ഇൻഷ്വറൻസിൽനിന്നു വ്യത്യസ്തമായി ആരോഗ്യ പരിരക്ഷാ സംഘടനകളിൽ തന്റെ ഇഷ്ടാനുസരണം ഡോക്ടർമാരെയോ ചികിത്സയോ തിരഞ്ഞെടുക്കാൻ രോഗിക്കു കഴിഞ്ഞെന്നു വരില്ല.
ശാരീരിക അവശതകൾക്കുള്ള ഇൻഷ്വറൻസും ലൈഫ് ഇൻഷ്വറൻസും: പരിക്കുപറ്റി ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയിലാകുന്ന ഒരു വ്യക്തിക്ക് ശാരീരിക അവശതകൾക്കുള്ള ഇൻഷ്വറൻസിലൂടെ അൽപ്പം വരുമാനം ലഭിക്കുന്നു. ലൈഫ് ഇൻഷ്വറൻസിലൂടെ ഒരു വ്യക്തിയുടെ ആശ്രിതർക്ക് അയാളുടെ മരണശേഷം സാമ്പത്തിക സഹായം കിട്ടുന്നു. കുടുംബത്തിന്റെ അത്താണി ആയിരുന്ന വ്യക്തിക്കു പരിക്കേൽക്കുകയോ അയാൾ മരിക്കുകയോ ചെയ്ത കേസുകളിൽ നിലവിലുള്ള
കടങ്ങളെല്ലാം വീട്ടി ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ഈ ഇൻഷ്വറൻസ് അനേകം കുടുംബങ്ങളെ സഹായിച്ചിട്ടുണ്ട്.വിശ്വസിക്കാനാവുന്ന ഇൻഷ്വറർമാരെ കണ്ടെത്തൽ
ഭാവിയിലെ സാമ്പത്തിക ഭദ്രതയ്ക്കായി ഇപ്പോൾ പണമടയ്ക്കുക എന്ന ആശയത്തിന്മേലാണ് ഇൻഷ്വറൻസ് അടിസ്ഥാനപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് ഇൻഷ്വറൻസ് വ്യവസായം വളരെയധികം തട്ടിപ്പുകാരെ ആകർഷിക്കുന്നതിൽ അതിശയിക്കാനില്ല. വികസിതവും വികസ്വരവുമായ സമ്പദ്വ്യവസ്ഥകളുള്ള രാജ്യങ്ങളിൽ ഇത് ഒരുപോലെ സത്യമാണ്. അതുകൊണ്ട് കുറഞ്ഞ നിരക്കിലുള്ള ഇൻഷ്വറൻസ് പോളിസികളും മറ്റു സംശയകരമായ ഇൻഷ്വറൻസ് പദ്ധതികളും സംബന്ധിച്ച് ജാഗ്രത പുലർത്തുക. അത്തരം കമ്പനികൾ പോളിസി അനുസരിച്ചുള്ള പണം നൽകാൻ പരാജയപ്പെടുകയോ രായ്ക്കുരാമാനം അപ്രത്യക്ഷമാകുകയോ ചെയ്തതു നിമിത്തം വളരെയേറെ പ്രതീക്ഷകളോടെ ഇൻഷ്വറൻസ് എടുത്ത പലരും വഴിയാധാരമായിട്ടുണ്ട്!
അതുകൊണ്ട് പ്രധാനപ്പെട്ട എന്തെങ്കിലും വസ്തു വാങ്ങുമ്പോൾ ചെയ്യുന്നതു പോലെ ഇൻഷ്വറൻസ് എടുക്കുന്നതിനു മുമ്പായി വ്യത്യസ്ത ഇൻഷ്വറൻസ് കമ്പനികളുടെ പോളിസികൾ താരതമ്യം ചെയ്യുന്നതു ബുദ്ധിയാണ്. ഇതു പലപ്പോഴും പണം ലാഭിക്കാൻ സഹായിക്കും. ഉദാഹരണത്തിന് ചില കമ്പനികളുടെ, ആരോഗ്യ ഇൻഷ്വറൻസ് പോളിസികളിൽ പുകവലിക്കാത്തവർക്കും മോട്ടോർ വാഹന ഇൻഷ്വറൻസ് പോളിസികളിൽ ഡ്രൈവർ-വിദ്യാഭ്യാസ കോഴ്സുകൾ പാസായവർക്കും ഇളവുണ്ട്. എന്നാൽ വിശ്വസിക്കാനാവുന്ന ഇൻഷ്വറൻസ് കമ്പനി ഏതെന്നു കണ്ടെത്താൻ ഒരുവന് എന്തു ചെയ്യാൻ കഴിയും?
ആദ്യ പടിയെന്ന നിലയിൽ, വ്യത്യസ്ത ഇൻഷ്വറൻസ് കമ്പനികളുമായും ഏജന്റുമാരുമായും ഉള്ള ഇടപാടുകളിൽ മറ്റുള്ളവരുടെ അനുഭവങ്ങൾ എന്താണെന്ന് അന്വേഷിച്ചറിയുക. ഒരു കമ്പനി ഏതുതരം സേവനമാണു പ്രദാനം ചെയ്യുന്നതെന്നോ ഒരു ഏജന്റ് എങ്ങനെയുള്ള വ്യക്തിയാണെന്നോ—അയാൾ സത്യസന്ധനും തന്റെ ഇടപാടുകാരിൽ വ്യക്തിപരമായ താത്പര്യം എടുക്കുന്നവനുമാണോ എന്ന്—നിങ്ങളോടു പറയാൻ ഒരുപക്ഷേ സുഹൃത്തുക്കൾക്കും അയൽക്കാർക്കും കഴിഞ്ഞേക്കും. ഏതൊക്കെ ഇൻഷ്വറൻസ് കമ്പനികൾക്കാണ് പ്രശ്നങ്ങൾ ഉള്ളതെന്നു സൂചിപ്പിക്കുന്ന വാർത്താ റിപ്പോർട്ടുകൾ സംബന്ധിച്ചു ശ്രദ്ധയുള്ളവരായിരിക്കുന്നതും നല്ലതാണ്.
കൂടാതെ ഇൻഷ്വറൻസ് വിലയിരുത്തൽ ഗൈഡുകൾ പരിശോധിച്ച് ഒരു കമ്പനിയുടെ മുൻകാല ചരിത്രവും ഇപ്പോഴത്തെ സാമ്പത്തിക നിലയും മനസ്സിലാക്കാൻ കഴിയും. ഈ ഗൈഡുകൾ ലൈബ്രറികളിലോ പുസ്തകക്കടകളിലോ ഇന്റർനെറ്റിലോ ലഭ്യമായിരിക്കാം. കമ്പനിയുടെ സാമ്പത്തിക നില ഭദ്രമാണോ? വർഷങ്ങളായി വിജയകരമായി ബിസിനസ് നടത്തിവരുന്ന ഒരു സ്ഥാപനമാണോ അത്? ഇൻഷ്വറൻസ് പണം മടക്കി കൊടുക്കേണ്ട സാഹചര്യങ്ങൾ വരുമ്പോൾ കമ്പനി പെട്ടെന്നും സമാധാനപരമായും അതു ചെയ്യാറുണ്ടോ? എന്നിങ്ങനെയുള്ള സംഗതികൾ മനസ്സിലാക്കാൻ ഇവ സഹായിക്കും.
എന്നാൽ ഇൻഷ്വറൻസ് വിലയിരുത്തൽ ഗൈഡുകൾക്ക് ഒരിക്കലും തെറ്റു പറ്റില്ല എന്നു വിചാരിക്കരുത്. പ്രശസ്തമായ ഒരു ഗൈഡ്ബുക്ക്, വളരെ നാളുകളായി ബിസിനസ് നടത്തിവന്ന ശതകോടിക്കണക്കിനു ഡോളറിന്റെ ആസ്തിയുള്ള ഒരു ഇൻഷ്വറൻസ് കമ്പനിയെ മികച്ചതായി വിലയിരുത്തി ഒരാഴ്ചയ്ക്കകം ആ കമ്പനി ഗവൺമെന്റ് ഏറ്റെടുക്കേണ്ടതായി വന്നു!
ഇൻഷ്വറൻസ് ഏജന്റുമാരുടെ പങ്ക്
സാധാരണഗതിയിൽ ഒരു ഇൻഷ്വറൻസ് ഏജന്റ് ഏതെങ്കിലും ഒരു പ്രത്യേക കമ്പനിക്കു വേണ്ടിയായിരിക്കും പ്രവർത്തിക്കുക. എന്നാൽ ഒരു സ്വതന്ത്ര ഏജന്റ് അല്ലെങ്കിൽ ബ്രോക്കർ ഒരു നിശ്ചിത തുകയ്ക്കു ലഭ്യമായ ഏറ്റവും നല്ല ഇൻഷ്വറൻസ് കണ്ടുപിടിക്കാനായി വിവിധ കമ്പനികളുടെ പോളിസികൾ പരിശോധിച്ചു നോക്കിയേക്കാം. എന്തായിരുന്നാലും തങ്ങളുടെ ബിസിനസ് മുന്നോട്ടു കൊണ്ടുപോകാൻ ഇരുകൂട്ടരും ഇടപാടുകാരുമായി നല്ല ബന്ധങ്ങൾ നിലനിറുത്തേണ്ടതുണ്ട്. വിശ്വസിക്കാൻ കൊള്ളാവുന്നവനും മറ്റുള്ളവരിൽ വ്യക്തിപരമായ താത്പര്യം എടുക്കുന്നവനുമായ ഒരു ഏജന്റ് തന്റെ ഇടപാടുകാർക്ക് വലിയ സഹായമായിരിക്കും.
അന്തമില്ലാത്തതായി തോന്നിക്കുന്ന ഇൻഷ്വറൻസ് പോളിസികളിൽനിന്ന് ഏറ്റവും അനുയോജ്യമായവ തിരഞ്ഞെടുക്കാൻ തന്റെ ഇടപാടുകാരനെ സഹായിക്കുക എന്നതാണ് ഒരു ഏജന്റിന് അഥവാ ബ്രോക്കറിന് ചെയ്യാൻ കഴിയുന്ന ആദ്യ സംഗതി. കൂടാതെ പോളിസിയുടെ എല്ലാ വശങ്ങളും വ്യക്തിക്കു നന്നായി വിശദീകരിച്ചു കൊടുക്കാനും അദ്ദേഹത്തിനു കഴിയും. പലർക്കും നന്നായി അറിയാവുന്നതുപോലെ ഇൻഷ്വറൻസ് പോളിസികൾ വളരെ സങ്കീർണമാണ്. ഒരു ഇൻഷ്വറൻസ് കമ്പനിയുടെ പ്രസിഡന്റ്, താൻ എടുത്ത ഭവന ഇൻഷ്വറൻസ് പോളിസിയുടെ ചില ഭാഗങ്ങൾ തനിക്കു മനസ്സിലായില്ലെന്നു തുറന്നു സമ്മതിച്ചു!
ചില സത്യങ്ങൾ വൈകി മനസ്സിലാക്കുമ്പോഴുള്ള ഞെട്ടൽ ഒഴിവാക്കാൻ ഏജന്റ് നൽകുന്ന വിശദീകരണം ഒരു വ്യക്തിയെ സഹായിക്കും. ഉദാഹരണത്തിന്, വസ്തുവകകളെ സംബന്ധിച്ച ഇൻഷ്വറൻസ് പോളിസികളിലും ആരോഗ്യ ഇൻഷ്വറൻസ് പോളിസികളിലും മിക്കവയ്ക്കും ഒരു പ്രത്യേക വ്യവസ്ഥയുണ്ട്. അതായത്, ഇൻഷ്വറൻസ് കമ്പനി നഷ്ടപരിഹാരം നൽകുന്നതിനു മുമ്പ്—വാഹനം നന്നാക്കുന്നതിനോ വൈദ്യചികിത്സയ്ക്കോ മറ്റോ—ഇൻഷ്വർ ചെയ്ത വ്യക്തി ഒരു നിശ്ചിത തുക അടച്ചിരിക്കണം. ഇൻഷ്വറൻസു കമ്പനിയിൽനിന്നു പണം ലഭിക്കുന്നതിൽ തന്റെ ഇടപാടുകാരനു ബുദ്ധിമുട്ട് നേരിടുന്നെങ്കിൽ ഏജന്റിന് അയാൾക്കു വേണ്ടി വാദിക്കാനും കഴിയും.
ഇൻഷ്വറൻസും ക്രിസ്ത്യാനികളും
ദൈവത്തിൽ പൂർണമായി ആശ്രയിക്കുകയും ഈ വ്യവസ്ഥിതിയുടെ അന്ത്യം പ്രതീക്ഷിക്കുകയും ചെയ്യുന്ന ഒരു ക്രിസ്ത്യാനിക്ക് ഇൻഷ്വറൻസിന്റെ ആവശ്യമുണ്ടോ? 1910-ൽ, വീക്ഷാഗോപുരം എന്നറിയപ്പെടുന്ന മാസികയുടെ—ഉണരുക!യുടെ കൂട്ടുമാസിക—പത്രാധിപരായിരുന്ന ചാൾസ് ടെയ്സ് റസ്സലിനോട് ചിലർ ഇതേ ചോദ്യം ചോദിച്ചു. നിലവിലുള്ള സാമ്പത്തിക വ്യവസ്ഥിതിയുടെ അന്ത്യം ബൈബിൾ മുൻകൂട്ടി പറയുന്നുണ്ട് എന്ന കാര്യം റസ്സൽ അംഗീകരിച്ചു. തനിക്ക് ലൈഫ് ഇൻഷ്വറൻസ് ഇല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1 തിമൊഥെയൊസ് 5:8) ഒരു വ്യക്തിക്ക് തന്റെ കുടുംബത്തിന്റെ ആവശ്യങ്ങൾക്കായി പണം മാറ്റിവെക്കാവുന്നതാണ് എന്ന് അദ്ദേഹം പറഞ്ഞു. എന്നിട്ട് ഇങ്ങനെ തുടർന്നു: “എന്നാൽ അതു ചെയ്യാൻ സാധിച്ചിട്ടില്ലെങ്കിൽ ലൈഫ് ഇൻഷ്വറൻസ് എടുത്തുകൊണ്ട് അവരോടുള്ള ഉത്തരവാദിത്വം നിറവേറ്റാൻ അദ്ദേഹത്തിനു കഴിഞ്ഞേക്കും.”
എന്നാൽ തുടർന്ന് അദ്ദേഹം ഇങ്ങനെ പറഞ്ഞു: “എന്നിരുന്നാലും എല്ലാവരുടെയും സാഹചര്യം ഒരുപോലെയല്ല. ഭാര്യയും സ്വന്തമായി ജോലി ചെയ്ത് ജീവിക്കാൻ തക്ക പ്രായമായിട്ടില്ലാത്ത കുട്ടികളുമുള്ള ഒരാൾക്ക് അവരോടു ചില ഉത്തരവാദിത്വങ്ങളുണ്ട്.” (കുടുംബ ഉത്തരവാദിത്വമുള്ള ഒരു വ്യക്തി കുടുംബാംഗങ്ങളുടെ പേരിൽ ആരോഗ്യ ഇൻഷ്വറൻസോ ശാരീരിക അവശതകൾക്കുള്ള ഇൻഷ്വറൻസോ മറ്റ് ഇൻഷ്വറൻസുകളോ എടുക്കാനും ആഗ്രഹിച്ചേക്കാം. വിവാഹിതരല്ലാത്ത പലരും ചികിത്സ പോലുള്ള അവശ്യസേവനങ്ങൾ ലഭിക്കാൻ ഉതകുകയും അപകടമോ രോഗമോ ഉണ്ടായാൽ കടത്തിൽ മുങ്ങിപ്പോകാതിരിക്കാൻ സഹായിക്കുകയും ചെയ്യുന്ന ഇൻഷ്വറൻസ് പോളിസികൾ എടുക്കുന്നു.
ഇൻഷ്വറൻസിനോടുള്ള ബന്ധത്തിൽ സത്യസന്ധതയ്ക്കു വളരെ പ്രാധാന്യമുണ്ട്. ഇൻഷ്വറൻസിന് അപേക്ഷിക്കുമ്പോഴോ ഇൻഷ്വറൻസ് പണം ആവശ്യപ്പെടുമ്പോഴോ സത്യക്രിസ്ത്യാനികൾ ഒരിക്കലും ഇൻഷ്വറൻസ് കമ്പനിയെ വഞ്ചിക്കാൻ ശ്രമിക്കില്ല. (എബ്രായർ 13:18, NW) ഇൻഷ്വറൻസിന്റെ ഉദ്ദേശ്യം, സംഭവിച്ച നഷ്ടം പരിഹരിക്കുക എന്നതാണെന്ന് അവർ മനസ്സിൽ പിടിക്കേണ്ടതുണ്ട്. അത് ഒരു ഭാഗ്യക്കുറി അതായത് സുഖലോലുപ ജീവിതം നയിക്കാനുള്ള ഒരു ഉപാധി അല്ല.—1 കൊരിന്ത്യർ 6:10.
ഇൻഷ്വറൻസ് എടുക്കണം എന്നതു പോലെയുള്ള നിബന്ധനകളുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും ക്രിസ്ത്യാനികൾ അനുസരിക്കുന്നു. ഒരു ബിസിനസ് നടത്താനോ വാഹനം ഓടിക്കാനോ ശരിയായ ഇൻഷ്വറൻസ് ഉണ്ടായിരിക്കണം എന്നു നിയമം അനുശാസിക്കുന്നെങ്കിൽ ക്രിസ്ത്യാനികൾ അതനുസരിച്ച് പ്രവർത്തിക്കുന്നു. (റോമർ 13:5-7) പ്രീമിയം കൃത്യമായി അടയ്ക്കുന്നതും സത്യസന്ധതയിൽ ഉൾപ്പെടുന്നു. അത് ജ്ഞാനപൂർവകവുമാണ്. കാരണം, പ്രീമിയം അടച്ചില്ലെങ്കിൽ കമ്പനി പോളിസി റദ്ദാക്കുകയോ പണം സമയത്ത് നൽകാതിരിക്കുകയോ ചെയ്തേക്കാം. എത്ര പണം അടച്ചിട്ടുണ്ട് എന്നതു സംബന്ധിച്ച് ഇടയ്ക്കിടെ കമ്പനിയിൽ നേരിട്ടു ചോദിക്കുന്നതും പണം നൽകി എന്നു സൂചിപ്പിക്കുന്ന ബാങ്ക് മുദ്രയുള്ള രേഖകൾ സൂക്ഷിച്ചു വെക്കുന്നതും ബുദ്ധിയാണ്.
നിങ്ങൾ താമസിക്കുന്നിടത്ത് ഇൻഷ്വറൻസ് ലഭ്യമാണെങ്കിലും അല്ലെങ്കിലും നിങ്ങൾക്ക് എടുക്കാവുന്ന ചില അടിസ്ഥാന മുൻകരുതലുകൾ ഉണ്ട്. അവ നഷ്ടം ഒഴിവാക്കാൻ സഹായിക്കുകയും ഒരു ഇൻഷ്വറൻസ് പദ്ധതിക്കും മായ്ച്ചുകളയാനാകാത്ത വേദനയിൽനിന്ന് നിങ്ങളെയും പ്രിയപ്പെട്ടവരെയും സംരക്ഷിക്കുകയും ചെയ്യും. അടുത്തതായി ഈ മുൻകരുതലുകളിൽ ചിലത് നമുക്കു പരിശോധിക്കാം. (g01 2/22)
[7-ാം പേജിലെ ചിത്രം]
വിശ്വസനീയനായ ഒരു ഏജന്റിന്, ഇൻഷ്വറൻസ് സംബന്ധമായ തീരുമാനങ്ങൾ എടുക്കുന്നതിൽ നിങ്ങളെ സഹായിക്കാൻ കഴിയും
[7-ാം പേജിലെ ചിത്രം]
നിയമപരമായ നിബന്ധന ഉണ്ടെങ്കിലും ഇല്ലെങ്കിലും പലരും ഇൻഷ്വറൻസ് എടുക്കാറുണ്ട്