നീണ്ട ചരിത്രമുള്ള ഒരു ബിസിനസ്
നീണ്ട ചരിത്രമുള്ള ഒരു ബിസിനസ്
മികച്ച പണിയായുധങ്ങളുള്ള, സ്ഥലത്തെ ഏറ്റവും നല്ല മരപ്പണിശാലയായിരുന്നു ജോണിന്റേത്. അതു സ്വന്തമായുള്ളതിൽ അദ്ദേഹത്തിനു വലിയ അഭിമാനവും സന്തോഷവും തോന്നിയിരുന്നു. എന്നാൽ ഒരു രാത്രി വലിയ തീപിടിത്തമുണ്ടായി. ഏതാനും മണിക്കൂറുകൾകൊണ്ട് അദ്ദേഹത്തിന്റെ ആ മനോഹരമായ പണിശാല കത്തിയമർന്നു.
പണിശാല നിർമിക്കാൻ പദ്ധതി ഇട്ടപ്പോൾത്തന്നെ അതിനുള്ള പണത്തിൽ കുറെ മുടക്കി അഗ്നി ഇൻഷ്വറൻസ് എടുക്കുന്നതിനെ കുറിച്ച് ജോൺ ആലോചിച്ചതാണ്. എന്നാൽ അപ്പോൾ അദ്ദേഹം ഇങ്ങനെ ചിന്തിച്ചു: ‘ഞാൻ വളരെ ശ്രദ്ധിച്ചാണ് കാര്യങ്ങൾ ചെയ്യുന്നത്. ഒരിക്കലും തീപിടിത്തം ഉണ്ടായില്ലെങ്കിൽ, ഇൻഷ്വറൻസിനു മുടക്കുന്ന പണം വെറുതെയാകും.’ എന്നാൽ പ്രതീക്ഷിച്ചതിനു വിപരീതമായി ജോണിന്റെ പണിശാലയ്ക്കു തീപിടിച്ചു. അത് ഇൻഷ്വർ ചെയ്തിരുന്നെങ്കിൽ ജോണിന് അതു പുതുക്കി പണിയാൻ കഴിഞ്ഞേനെ. എന്നാൽ ഇൻഷ്വറൻസ് ഇല്ലാതിരുന്നതിനാൽ അതു സാധിച്ചില്ല.
എന്താണ് ഇൻഷ്വറൻസ്?
മുടക്കുപണം അവശ്യം തിരിച്ചു കിട്ടുമെന്നു പ്രതീക്ഷിക്കാവുന്ന ഒരു നിക്ഷേപ പദ്ധതിയല്ല ഇൻഷ്വറൻസ്. അതു പണം കൊണ്ടുള്ള ചൂതാട്ടവുമല്ല. എന്തുകൊണ്ട്? ചൂതാട്ടത്തിൽ ഏർപ്പെടുന്ന വ്യക്തി തനിക്ക് നഷ്ടസാധ്യത വരുത്തിവെക്കുന്നു. അതേസമയം ഇൻഷ്വറൻസ്, നിലവിലുള്ള നഷ്ടസാധ്യതകൾക്കെതിരെ ഒരുവനു സംരക്ഷണം പ്രദാനം ചെയ്യുന്നു. ഒരു വ്യക്തിക്ക് നേരിട്ടേക്കാവുന്ന നഷ്ടം മറ്റുള്ളവരുമായി പങ്കിടാനുള്ള ഒരു മാർഗമാണ് അത്.
നഷ്ടം നേരിടുന്നവരെ സഹായിക്കാൻ ഒരു പൊതു ഫണ്ടിലേക്കു സംഭാവന ചെയ്യുന്ന രീതി പുരാതന കാലം മുതൽക്കേ പല ജനസമൂഹങ്ങളിലും നിലവിലുണ്ട്. ഏകദേശം 3,500 വർഷം മുമ്പ്, കാലികമായ അടിസ്ഥാനത്തിൽ തങ്ങളുടെ വിളവിന്റെ ഒരംശം ‘പരദേശിക്കും അനാഥനും വിധവയ്ക്കും’ വേണ്ടി സംഭാവന ചെയ്യാൻ മോശെ ഇസ്രായേൽ ജനതയോട് ആവശ്യപ്പെട്ടു.—ആവർത്തനപുസ്തകം 14:28, 29.
ഇൻഷ്വറൻസിന്റെ പിറവി
ഇൻഷ്വറൻസ് സമ്പ്രദായത്തിന് ആയിരക്കണക്കിനു വർഷത്തെ പഴക്കമുണ്ട്. മോശെയുടെ ന്യായപ്രമാണത്തെക്കാൾ പുരാതനമെന്നു കരുതപ്പെടുന്ന, ബാബിലോണിയൻ നിയമസംഹിതയായ ഹമ്മുറാബിയുടെ നീതിശാസനത്തിൽ ഒരു പ്രത്യേക തരം വായ്പാ ഇൻഷ്വറൻസ് ഉൾപ്പെടുത്തിയിരുന്നു. പണ്ടുകാലങ്ങളിൽ കപ്പലുടമകൾ തങ്ങളുടെ വാണിജ്യ യാത്രകൾക്ക് ആവശ്യമായ പണത്തിനു വേണ്ടി വായ്പകൾ വാങ്ങിയിരുന്നു. യാത്രയ്ക്കിടെ കപ്പൽ തകർന്നാൽ വായ്പ തിരിച്ച് അടയ്ക്കേണ്ടതില്ല എന്നായിരുന്നു വ്യവസ്ഥ. കപ്പലുകൾ മിക്കപ്പോഴും ആപത്തൊന്നും കൂടാതെ തിരിച്ചെത്തിയിരുന്നതിനാൽ അവയുടെ ഉടമകൾ, വായ്പ വാങ്ങിയ പണം പലിശ സഹിതം മടക്കി കൊടുക്കണമായിരുന്നു. യാത്രയ്ക്കിടയിൽ മുങ്ങിപ്പോകുന്ന കപ്പലുകൾ മൂലമുണ്ടാകുന്ന നഷ്ടം നികത്താൻ ഈ തുക പര്യാപ്തമായിരുന്നു.
വാണിജ്യ സമുദ്രയാത്രകളുമായി ബന്ധപ്പെട്ട ഇത്തരം ഇടപാടുകളാണു പിൽക്കാലത്ത് ലോകത്തിലെ ഏറ്റവും പേരുകേട്ട ഇൻഷ്വറൻസ് സ്ഥാപനങ്ങളിൽ ഒന്നായിത്തീർന്ന ‘ലണ്ടനിലെ ലോയ്ഡ്സി’ന്റെ പിറവിയിലേക്കു നയിച്ചത്. 1688 ആയപ്പോഴേക്കും, എഡ്വേർഡ് ലോയ്ഡ് എന്നയാൾ നടത്തിയിരുന്ന ഒരു കോഫി ഹൗസിൽ അനൗദ്യോഗികമായി കൂടിവന്ന് ബിസിനസ് ചെയ്യുന്നത് ലണ്ടനിലെ പല വ്യാപാരികളുടെയും പണമിടപാടുകാരുടെയും പതിവായിത്തീർന്നു. കപ്പലുടമകളുമായി ഇൻഷ്വറൻസ് കരാറുകളിൽ ഏർപ്പെട്ടിരുന്ന ഈ വ്യക്തികൾ, ഒരു നിശ്ചിത തുകയ്ക്കുള്ള നഷ്ടമുണ്ടായാൽ തങ്ങൾ അതു വഹിച്ചുകൊള്ളാമെന്നു—അതിനു പകരമായി കപ്പലുടമകൾ ഒരു തുക അഥവാ പ്രീമിയം അടയ്ക്കണമായിരുന്നു—സമ്മതിച്ചുകൊണ്ട്
ആ തുകയുടെ അടിയിൽ സ്വന്തം പേരെഴുതുന്ന രീതിയുണ്ടായിരുന്നു. ഈ ഇൻഷ്വറർമാർ പിന്നീട് അടിയിൽ എഴുതുന്നവർ എന്നർഥമുള്ള ‘അണ്ടർറൈറ്റർമാർ’ എന്നറിയപ്പെടാൻ ഇടയായി. തുടർന്ന്, 1769-ൽ ലോയ്ഡ്സ് അണ്ടർറൈറ്റർമാരുടെ ഒരു ഔദ്യോഗിക സംഘമായിത്തീർന്നു. ക്രമേണ അവരുടെ സ്ഥാപനം സമുദ്ര അപകടങ്ങൾ ഇൻഷ്വർ ചെയ്യുന്ന കമ്പനികളുടെ മുൻനിരയിൽ എത്തി.ഇൻഷ്വറൻസ് ഇന്ന്
നമ്മുടെ കാലത്തും, ഒരുവന് ഉണ്ടായേക്കാവുന്ന നഷ്ടം മറ്റുള്ളവരുമായി പങ്കിടാനുള്ള ഒരു മാർഗമാണ് ഇൻഷ്വറൻസ്. തങ്ങളുടെ ഇടപാടുകാർക്ക് ഉണ്ടാകാനിടയുള്ള നഷ്ടങ്ങൾ മുൻകൂട്ടി മനസ്സിലാക്കാൻ ആധുനിക ഇൻഷ്വറൻസ് കമ്പനികൾ, കഴിഞ്ഞ കാലങ്ങളിൽ എത്ര കൂടെക്കൂടെ നഷ്ടങ്ങൾ—ഉദാഹരണത്തിന്, പണിശാലകൾക്കും മറ്റും തീപിടിക്കുന്നതു മൂലമുണ്ടാകുന്ന നഷ്ടം—ഉണ്ടായിട്ടുണ്ട് എന്നു കാണിക്കുന്ന കണക്കുകൾ പഠിക്കുന്നു. അനേകം ഇടപാടുകാർ അടയ്ക്കുന്ന പണം ഉപയോഗിച്ച് ഇൻഷ്വറൻസ് കമ്പനികൾ ഇത്തരം നഷ്ടങ്ങൾ നേരിടുന്ന ഇടപാടുകാർക്ക് നഷ്ടപരിഹാരം നൽകുന്നു.
നിങ്ങൾക്ക് ഇൻഷ്വറൻസിന്റെ ആവശ്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങളുടെ സാഹചര്യങ്ങൾക്ക് അനുയോജ്യമായ ഇൻഷ്വറൻസ് ഏതാണ്? ഇനി, നിങ്ങൾക്ക് ഇൻഷ്വറൻസ് ഉണ്ടെങ്കിലും ഇല്ലെങ്കിലും ജീവിതത്തിൽ ഉണ്ടായേക്കാവുന്ന നഷ്ടങ്ങളെ വിജയകരമായി നേരിടാൻ നിങ്ങൾക്ക് എന്തെല്ലാം മുൻകരുതലുകൾ എടുക്കാൻ കഴിയും? (g01 2/22)
[3-ാം പേജിലെ ചിത്രം]
ലോകത്തിലെ ഏറ്റവും പേരുകേട്ട ഇൻഷ്വറൻസ് സ്ഥാപനങ്ങളിൽ ഒന്നിന്റെ തുടക്കം ഒരു കോഫി ഹൗസിൽനിന്ന് ആയിരുന്നു
[കടപ്പാട്]
Courtesy of Lloyd’s of London