ബ്രിട്ടനിലെ വീട്ടുകുരുവികളുടെ തിരോധാനം—ഒരു നിഗൂഢത
ബ്രിട്ടനിലെ വീട്ടുകുരുവികളുടെ തിരോധാനം—ഒരു നിഗൂഢത
ബ്രിട്ടനിലെ ഉണരുക! ലേഖകൻ
വീട്ടുകുരുവികൾ—അവയുടെ ചിലയ്ക്കലും കൊഞ്ചലുകളും കേൾക്കാത്തവരായി ആരാണുണ്ടാവുക? എവിടെയും കാണപ്പെടുന്ന ഈ കുരുവികൾ കാലങ്ങളായി ബ്രിട്ടനിലെ ഒരു സാധാരണ കാഴ്ചയായിരുന്നിട്ടുണ്ട്. എന്നാൽ, അവിടത്തെ നഗരപ്രദേശങ്ങളിൽനിന്ന് അവ ഇപ്പോൾ അതിവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. അതിന്റെ കാരണം ആർക്കും അറിയില്ല. ഈ നിഗൂഢതയുടെ മറനീക്കുന്ന ആദ്യ ശാസ്ത്രപ്രബന്ധം അവതരിപ്പിക്കുന്ന ആൾക്ക് ലണ്ടനിലെ ഇൻഡിപെൻഡന്റ് പത്രം 5,000 പൗണ്ട് (3.5 ലക്ഷം രൂപ) സമ്മാനമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ‘പക്ഷിസംരക്ഷണത്തിനു വേണ്ടിയുള്ള റോയൽ സൊസൈറ്റി’യും ‘പക്ഷിശാസ്ത്രത്തിനു വേണ്ടിയുള്ള ബ്രിട്ടീഷ് ട്രസ്റ്റും’ ആയിരിക്കും ഇതിന്റെ വിധികർത്താക്കൾ. ഈ പദ്ധതി പൂർത്തിയാകാൻ കുറഞ്ഞത് രണ്ടു വർഷം വേണ്ടിവരുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.
രാജ്യത്തുടനീളം നഗരങ്ങളിലും പട്ടണങ്ങളിലും വീട്ടുകുരുവികളുടെ എണ്ണം കുത്തനെ കുറഞ്ഞിരിക്കുന്നു എന്ന് സർവേകൾ വെളിപ്പെടുത്തുന്നു. ചില പ്രദേശങ്ങളിലാകട്ടെ, അവ പൂർണമായും അപ്രത്യക്ഷമായിരിക്കുന്നു. എന്നാൽ, പാരീസ്, മാഡ്രിഡ് തുടങ്ങിയ മറ്റു യൂറോപ്യൻ നഗരങ്ങളിൽ അവ ഇപ്പോഴും ധാരാളമായുണ്ട്. വീട്ടുകുരുവികളെക്കുറിച്ചുള്ള പഠനത്തിൽ വിദഗ്ധനും ലോകപ്രശസ്തനുമായ ഡോ. ഡെനിസ് സമ്മേഴ്സ്-സ്മിത്ത് ഇങ്ങനെ പറയുന്നു: ‘കഴിഞ്ഞ 50 വർഷമായി ഉണ്ടായിട്ടുള്ള വന്യജീവി നിഗൂഢതകളിൽ വെച്ച് ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് ഇത്.’
ഗ്രാമപ്രദേശങ്ങളിൽ കുരുവികളുടെ എണ്ണത്തിൽ 65 ശതമാനം കുറവ് അനുഭവപ്പെട്ടിരിക്കുന്നതിന്റെ പ്രധാന കാരണം കടുംകൃഷി (intensive farming) ആണെന്നു കരുതപ്പെടുന്നു. ഗ്രാമപ്രദേശങ്ങളിൽ മറ്റു പക്ഷിവർഗങ്ങളുടെ എണ്ണത്തിലും സമാനമായി ഗണ്യമായ കുറവ് അനുഭവപ്പെട്ടിരിക്കുന്നു. എന്നാൽ നഗരപ്രദേശങ്ങളിലെ 92 ശതമാനം കുരുവികളുടെ തിരോധാനത്തിന്റെ കാരണം ഇതുപയോഗിച്ചു വിശദീകരിക്കുക സാധ്യമല്ല. പരിസ്ഥിതിവാദിയായ മൈക്കൽ മക്കാർത്തി, വീട്ടുകുരുവികളുടെ നാടകീയ തിരോധാനം “കുരുവികളുടെ പരിസ്ഥിതിവ്യവസ്ഥയ്ക്ക് എന്തോ ഗുരുതരമായ തകരാറു സംഭവിച്ചിരിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ്, ചിലപ്പോൾ നമ്മുടേതിനും” എന്ന നിഗമനത്തിൽ എത്തിച്ചേർന്നിരിക്കുന്നു. എന്തു തകരാറാണു സംഭവിച്ചിരിക്കുന്നതെന്നും അതെത്ര ഗുരുതരമാണെന്നുള്ളതും കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. (g01 2/08)