വീട്ടിൽനിന്ന് ഒളിച്ചുകടക്കുന്നതിൽ എന്താണ് ഇത്ര കുഴപ്പം?
യുവജനങ്ങൾ ചോദിക്കുന്നു . . .
വീട്ടിൽനിന്ന് ഒളിച്ചുകടക്കുന്നതിൽ എന്താണ് ഇത്ര കുഴപ്പം?
“ഞങ്ങൾ പാതിരാത്രിക്ക് ഒളിച്ചും പാത്തും വീടിനു വെളിയിൽ കടന്ന് കൂട്ടുകാരോടൊത്തായിരിക്കാൻ വേണ്ടി കാപ്പിക്കടയിലേക്ക് പോകുമായിരുന്നു. പിന്നീട് ഞങ്ങൾ ഏതെങ്കിലുമൊരു കുന്നിൻമുകളിലേക്ക് പോയി അവിടെയൊക്കെ കറങ്ങി നടക്കും. ഞാനൊരിക്കലും പുക വലിച്ചിരുന്നില്ലെങ്കിലും എന്റെ കൂട്ടുകാർക്കൊക്കെ ആ ശീലമുണ്ടായിരുന്നു. ഹെവിമെറ്റൽ സംഗീതം കേട്ടുകൊണ്ട്, വട്ടം കൂടിയിരുന്ന് ഞങ്ങൾ ഒരുപാടു കാര്യങ്ങൾ സംസാരിക്കുമായിരുന്നു. പിന്നെ, അച്ഛനും അമ്മയും ഉണരുന്നതിനു മുമ്പ് എത്താനായി പുലർച്ചയ്ക്ക് 5 മണിക്ക് വീട്ടിലേക്കു തിരിക്കുമായിരുന്നു.”—താര. a
“ഡാഡി ജോലിക്കു പോയശേഷം മമ്മി ഉറക്കം പിടിക്കുന്ന സമയത്ത് ഞാൻ മുൻവാതിലിലൂടെ ഒളിച്ചും പാത്തും വീടിനു വെളിയിൽ കടക്കുമായിരുന്നു. ലോഹനിർമിതമായ കതകടയ്ക്കുന്ന ശബ്ദം മമ്മി കേൾക്കുമെന്നു പേടിച്ച് ഞാനതു തുറന്നു തന്നെ ഇടുമായിരുന്നു. രാത്രി മുഴുവൻ കൂട്ടുകാരോടൊത്തു ചുറ്റിക്കറങ്ങിയിട്ട് സൂര്യൻ ഉദിക്കുമ്പോഴേക്കും തിരിച്ചെത്താൻ ഞാൻ ശ്രമിച്ചിരുന്നു. എന്നാൽ, ചിലപ്പോഴൊക്കെ ഞാൻ പോയിരിക്കുന്നതായി മമ്മി കണ്ടുപിടിക്കുകയും എന്നെ അകത്തു കടത്താതെ വാതിൽ പൂട്ടുകയും ചെയ്തിരുന്നു.”—ജോസഫ്.
രാത്രി ഒളിച്ചും പാത്തും വീട്ടിൽനിന്നു പുറത്തുപോകൽ—അതു വളരെ ആവേശജനകവും രസകരവുമാണെന്ന് തോന്നിയേക്കാം. ഏതാനും മണിക്കൂർ നേരത്തേക്ക് നിങ്ങളുടേതു മാത്രമായ ഒരു ലോകത്ത് ജീവിതം ആസ്വദിക്കാനുള്ള ഒരവസരമാണ് അത്. ആരോടും കണക്കു ബോധിപ്പിക്കാതെ നിങ്ങൾക്കു തോന്നുന്നതെന്തും ചെയ്യാനും നിങ്ങൾ ഇഷ്ടപ്പെടുന്നവരോടൊത്ത് ആയിരിക്കാനുമുള്ള സുവർണാവസരം. കൂടാതെ, രാത്രിയിൽ പാത്തും പതുങ്ങിയും വീടിനു വെളിയിൽ പോയപ്പോൾ ചെയ്ത കാര്യങ്ങളെക്കുറിച്ചും അതെന്തു രസമായിരുന്നു എന്നുമൊക്കെ കൂട്ടുകാർ പൊങ്ങച്ചം പറയുന്നതു നിങ്ങൾ കേട്ടിരിക്കാം. അവരോടൊപ്പം ചേരാൻ ഇതു നിങ്ങളെ വളരെയധികം പ്രലോഭിപ്പിച്ചേക്കാം.
വടക്കേ അമേരിക്കയിലെ 110 ഹൈസ്കൂൾ വിദ്യാർഥികളിൽ—ജൂനിയറും സീനിയറും ആയിട്ടുള്ള—നടത്തിയ ഒരു സർവേയിൽ പങ്കെടുത്ത 55 പേർ തങ്ങൾ ഒരു തവണയെങ്കിലും പാത്തും പതുങ്ങിയും വീടിനു പുറത്തു പോയതായി സമ്മതിച്ചു. മിക്കവരും തങ്ങളുടെ 14-ാം വയസ്സിലാണ് ആദ്യമായി അപ്രകാരം ചെയ്തത്. തങ്ങളുടെ കണ്ണുവെട്ടിച്ച് കുട്ടികൾ രാത്രിയിൽ വീടിനു വെളിയിൽ പോകുന്നതു തടയാൻ മാതാപിതാക്കൾ വീട്ടിൽ ഇലക്ട്രോണിക് അലാറം സ്ഥാപിക്കണമെന്ന് ചില വിദഗ്ധർ ശുപാർശ ചെയ്യത്തക്കവിധം അത്ര ഗുരുതരമാണ് ഈ പ്രശ്നം. എന്തുകൊണ്ടാണ് ഇത്രയേറെ യുവജനങ്ങൾ ആരുമറിയാതെ വീടിനു വെളിയിൽ പോയിക്കൊണ്ട് മാതാപിതാക്കളുടെ കോപം ക്ഷണിച്ചുവരുത്തുന്നത്?
ചിലർ ആരുമറിയാതെ പുറത്തുപോകുന്നതിന്റെ കാരണം
വിരസത അനുഭവപ്പെടുമ്പോൾ കൂട്ടുകാരുമൊത്ത് അൽപ്പസമയം ഉല്ലസിക്കുന്നതിനു വേണ്ടി മാത്രം ആയിരിക്കാം ചില യുവജനങ്ങൾ മാതാപിതാക്കളുടെ കണ്ണുവെട്ടിച്ച് വീടിനു വെളിയിൽ പോകുന്നത്. കൗമാരപ്രായക്കാരും യുവജനങ്ങളും (ഇംഗ്ലീഷ്) എന്ന പുസ്തകം വിശദീകരിക്കുന്ന പ്രകാരം യുവാക്കൾ ആരുമറിയാതെ വീടിനു വെളിയിൽ പോകുന്നത്, “വൈകിട്ട് നേരത്തേ വീട്ടിലെത്തണമെന്ന നിയമം വെച്ചുകൊണ്ടോ ശിക്ഷയുടെ ഭാഗമായോ സാമൂഹിക പരിപാടികൾക്കും മറ്റും പോകുന്നതിൽനിന്ന് അവരെ വിലക്കുന്നതു നിമിത്തമാകാം. ഇത്തരം സാഹചര്യങ്ങളിൽ യുവജനങ്ങൾ ഏതു വിധേനയും പോകുന്നു. ആരുമറിയാതെ തിരിച്ചെത്തുന്നതിൽ ചിലപ്പോഴൊക്കെ വിജയിക്കുകയും ചെയ്യുന്നു.” പാത്തും പതുങ്ങിയും വീടിനു വെളിയിൽ പോകുന്നതിന്റെ കാരണം ഒരു പതിനാറുകാരി വിശദീകരിച്ചത് ഇപ്രകാരമാണ്: “ഞാൻ വെറുമൊരു കൊച്ചുകുട്ടിയെപ്പോലെയാണെന്നും എനിക്ക് എന്റേതായ ഒരു ജീവിതം നയിക്കാൻ സ്വാതന്ത്ര്യമില്ലെന്നും എനിക്കു തോന്നുന്നു. . . മറ്റു കുട്ടികളെക്കാളൊക്കെ നേരത്തേ ഞാൻ വീട്ടിലെത്തേണ്ടതുണ്ട്. എന്റെ കൂട്ടുകാർ പോകുന്ന സ്ഥലങ്ങളിലൊന്നും പോകാൻ മാതാപിതാക്കൾ എന്നെ അനുവദിക്കാറില്ല . . . അതുകൊണ്ട് ഞാൻ
എങ്ങനെയെങ്കിലുമൊക്കെ പോവുകയും അവരോടു നുണ പറയുകയും ചെയ്യുന്നു.” തുടക്കത്തിൽ പരാമർശിച്ച ജോസഫ്, ആരുമറിയാതെ വീടിനു വെളിയിൽ പോകാൻ തുടങ്ങിയത് തന്റെ 14-ാമത്തെ വയസ്സിൽ, പങ്കെടുക്കരുതെന്നു മാതാപിതാക്കൾ വിലക്കിയിരുന്ന ഒരു റാപ് സംഗീതക്കച്ചേരിക്കു പോയപ്പോഴായിരുന്നു.തെറ്റായ ഉദ്ദേശ്യത്തോടെയല്ല മിക്ക യുവജനങ്ങളും മാതാപിതാക്കളുടെ കണ്ണുവെട്ടിച്ച് വീട്ടിൽനിന്നു പുറത്തുകടക്കുന്നത് എന്നതു ശരിതന്നെ. തുടക്കത്തിൽ പരാമർശിച്ച താര ഇങ്ങനെ പറഞ്ഞു: “‘നമുക്കു പോയി എന്തെങ്കിലും വലിയ തെറ്റു ചെയ്യാം’ എന്നതായിരുന്നില്ല ആദ്യം ഞങ്ങളുടെ മനസ്സിൽ. ഞാൻ എന്റെ സഹോദരിയോടൊത്ത് ആയിരിക്കാൻ ആഗ്രഹിച്ചു, പുറത്തു പോയി കൂട്ടുകാരോടൊത്ത് ഉല്ലസിക്കാൻ ആയിരുന്നു അവൾക്കിഷ്ടം.” ജോസഫ് പറഞ്ഞത് ഇപ്രകാരമാണ്: “വെറുതെ ചുറ്റിനടക്കണമെന്നേ ഞങ്ങൾക്കുണ്ടായിരുന്നുള്ളൂ. കൂട്ടുകാരോടൊത്ത് ആയിരിക്കാനും അവരോടു സംസാരിക്കാനും ഞാൻ ആഗ്രഹിച്ചു.” എന്നാൽ, കൂട്ടുകാരോടൊപ്പം ചുറ്റിനടക്കുന്നത് വലിയ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നതു വിരളമായിരിക്കാമെങ്കിലും പല യുവജനങ്ങളും ഗുരുതരമായ കുഴപ്പത്തിൽ അകപ്പെടുകതന്നെ ചെയ്യുന്നു.
സാഹസങ്ങൾ
മാനസികാരോഗ്യ വിദഗ്ധയായ ഡോ. ലിൻ ഇ. പോന്റോൺ പറയുന്നു: “കൗമാരപ്രായക്കാർ സാഹസങ്ങൾ കാട്ടാൻ ശ്രമിക്കുന്നതു സ്വാഭാവികമാണ്.” സ്വതന്ത്രരായിരിക്കാനും പുതിയ കാര്യങ്ങൾ പരീക്ഷിച്ചു നോക്കാനും രസകരമായ പുതിയ സാഹചര്യങ്ങളിൽ ആയിരിക്കാനുമൊക്കെ ആഗ്രഹിക്കുന്നത് യുവജനങ്ങളെ സംബന്ധിച്ചിടത്തോളം സ്വാഭാവികമാണെന്നു മാത്രമല്ല ആരോഗ്യാവഹം പോലുമായിരുന്നേക്കാമെന്നും അത് വളർച്ചയുടെ ഭാഗമാണെന്നും ഡോ. പോന്റോൺ തുടർന്നു വിശദീകരിക്കുന്നു. എന്നാൽ അനേകം യുവജനങ്ങളും ന്യായമായ എല്ലാ അതിരുകളും ലംഘിച്ചുകൊണ്ടാണ് സാഹസങ്ങൾക്ക് ഒരുമ്പെടുന്നത്, പ്രത്യേകിച്ചും മാതാപിതാക്കളുടെ നോട്ടമെത്താത്ത സ്ഥലങ്ങളിൽ ആയിരിക്കുമ്പോൾ. റ്റീൻ മാസിക ഇങ്ങനെ പറയുന്നു: “സമപ്രായക്കാരിൽ നിന്നുള്ള സമ്മർദം, വിരസത, യുവത്വത്തിന്റെ പ്രസരിപ്പ് എന്നിവയും ഒരുപക്ഷേ ബിയർ പോലെയുള്ള മറ്റേതെങ്കിലും ഉത്പ്രേരകവും കൂടെയാകുമ്പോൾ . . . അതിരു കടന്ന സാഹസികതയിലേക്ക് എടുത്തു ചാടാൻ യുവജനങ്ങൾ പ്രേരിതരായേക്കാം. അതിനു വിലയായി നൽകേണ്ടി വരുന്നതോ, സ്വന്തം ജീവനും.” അമിതവേഗം, പൊതുമുതലും മറ്റും നശിപ്പിക്കൽ, മദ്യപിച്ചു വണ്ടിയോടിക്കൽ, മോഷണം എന്നിവയെ ഒക്കെ കൗമാരപ്രായക്കാർ ചെയ്യുന്ന സാഹസപ്രവൃത്തികളായി ഒരു സർവേ പട്ടികപ്പെടുത്തുകയുണ്ടായി.
അനുസരണക്കേടിൽ ചെറുതായി ഉൾപ്പെട്ടു തുടങ്ങിയാൽ പിന്നെ, കൂടുതൽ ഗുരുതരമായ തെറ്റുകളിലേക്കു നീങ്ങുക എളുപ്പമാണ്. “അത്യല്പത്തിൽ നീതികെട്ടവൻ അധികത്തിലും നീതികെട്ടവൻ” എന്ന് ലൂക്കൊസ് 16:10-ൽ യേശു പറഞ്ഞതിനു സമാനമാണ് അത്. അതുകൊണ്ട് ആരുമറിയാതെ കൂട്ടുകാരോടൊപ്പം പുറത്തു പോകുന്നത് ഗുരുതരമായ പാപങ്ങളിലേക്കു നയിക്കുന്നതിൽ അതിശയിക്കാനില്ല. താര പരസംഗത്തിൽ ഏർപ്പെട്ടു. മയക്കുമരുന്നു വിൽപ്പന ആരംഭിച്ച ജോസഫ് അറസ്റ്റിലാവുകയും ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്തു. ജോൺ എന്ന ഒരു ക്രിസ്തീയ യുവാവ് മയക്കുമരുന്നു ദുരുപയോഗത്തിലും കാർമോഷണത്തിലും ഏർപ്പെടാൻ തുടങ്ങി. ദുഃഖകരമെന്നു പറയട്ടെ, ധാരാളം യുവജനങ്ങൾ ഇത്തരം പ്രവർത്തനങ്ങളുടെ ശാരീരികമായ ഭവിഷ്യത്തുകൾ കൊയ്യുന്നു. ആഗ്രഹിക്കാത്ത ഗർഭധാരണം, ലൈംഗികമായി പകരുന്ന രോഗങ്ങൾ, മദ്യത്തിനും മയക്കുമരുന്നിനും അടിമയാകൽ മുതലായവ.—ഗലാത്യർ 6:7, 8.
നഷ്ടങ്ങളും മുറിവുകളും
ശാരീരിക മുറിവുകളെക്കാൾ വളരെയേറെ ഹാനികരമായിരുന്നേക്കാം വൈകാരിക മുറിവുകൾ. മനസ്സാക്ഷിക്കുത്ത് അനുഭവിക്കേണ്ടി വരുന്നത് വളരെ വേദനാജനകമായിരിക്കാൻ കഴിയും. (സങ്കീർത്തനം 38:3, 4) ജോസഫ് പറയുന്നു: “‘കണ്ണു പോകുമ്പോഴേ കണ്ണിന്റെ വിലയറിയൂ’ എന്നൊരു ചൊല്ലുണ്ട്. പിന്തിരിഞ്ഞു നോക്കുമ്പോൾ ഞാനിത്ര വിവേകശൂന്യനായിരുന്നു എന്നത് എനിക്കു വിശ്വസിക്കാനേ കഴിയുന്നില്ല.”
നിങ്ങളുടെ സത്പേര് നഷ്ടപ്പെടാനുള്ള സാധ്യതയും അവഗണിക്കാവതല്ല. സഭാപ്രസംഗി 10:1 (പി.ഒ.സി. ബൈബിൾ) ഇപ്രകാരം പറയുന്നു: “ചത്ത ഈച്ച പരിമളദ്രവ്യത്തിൽ ദുർഗ്ഗന്ധം കലർത്തുന്നു; അതുപോലെ ജ്ഞാനവും പ്രശസ്തിയും കെടുത്താൻ അല്പം മൗഢ്യം മതി.” പുരാതനകാലങ്ങളിൽ, ചത്ത ഈച്ചയെപ്പോലുള്ള ചെറിയ ഒന്നിന് വിലയേറിയ ലേപനത്തെയോ പരിമളദ്രവ്യത്തെയോ ഉപയോഗശൂന്യമാക്കാൻ കഴിയുമായിരുന്നു. സമാനമായി, “അല്പം മൗഢ്യം” വളരെ പണിപ്പെട്ടു നേടിയെടുത്ത നിങ്ങളുടെ സത്പേരിനെ കളങ്കപ്പെടുത്തിയേക്കാം. നിങ്ങൾ ഒരു ക്രിസ്ത്യാനിയാണെങ്കിൽ, ഇത്തരം ദുഷ്പെരുമാറ്റം സഭയിൽ പദവികൾ ലഭിക്കുന്നതിൽനിന്നു നിങ്ങളെ തടയും എന്നതിൽ സംശയമില്ല. മാത്രവുമല്ല, നിങ്ങൾതന്നെ ബൈബിൾ തത്ത്വങ്ങൾ പിൻപറ്റുന്നില്ല എന്നു മറ്റുള്ളവർക്ക് അറിയാമെന്നിരിക്കെ, അവ പിൻപറ്റണമെന്ന് നിങ്ങൾക്ക് എങ്ങനെ അവരോടു പറയാനാകും?—റോമർ 2:1-3.
അവസാനമായി, നിങ്ങൾ സ്ഥലത്തില്ല എന്നു മാതാപിതാക്കൾ മനസ്സിലാക്കുമ്പോൾ അത് അവരിൽ ഉളവാക്കിയേക്കാവുന്ന മാനസിക വ്യഥയെ കുറിച്ചു ചിന്തിക്കുക. തന്റെ പതിനഞ്ചുകാരിയായ മകൾ വീട്ടിലില്ലെന്നു കണ്ടെത്തിയത് എത്ര ഭീകരമായ അനുഭവമായിരുന്നു എന്ന് ഒരു മാതാവ് വിശദീകരിക്കുന്നു. മകൾ എവിടെപ്പോയി എന്നതിനെ കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നതിനാൽ താനും ഭർത്താവും ‘മനഃക്ലേശത്താൽ തളർന്നുപോയി’ എന്നാണ് അവർ പറഞ്ഞത്. നിങ്ങളുടെ മാതാപിതാക്കളെ ഇങ്ങനെ വേദനിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?—സദൃശവാക്യങ്ങൾ 10:1.
കൂടുതൽ സ്വാതന്ത്ര്യം ലഭിക്കാൻ . . .
നിങ്ങളെ മാതാപിതാക്കൾ അമിതമായി നിയന്ത്രിക്കുന്നുവെന്നു തോന്നുമ്പോൾ നിങ്ങൾക്കു നിരാശ അനുഭവപ്പെടും എന്നതു ശരിതന്നെ. എന്നാൽ അവരുടെ കണ്ണുവെട്ടിച്ച് വീട്ടിൽനിന്നു പുറത്തു പോകുന്നതാണോ യഥാർഥ പരിഹാരം? ഒടുവിൽ, നിങ്ങൾ പിടിക്കപ്പെടാനാണ് സാധ്യത. മാതാപിതാക്കളെ വിഡ്ഢികളാക്കാൻ തക്ക സാമർഥ്യം നിങ്ങൾക്കുണ്ടെങ്കിൽക്കൂടി, യഹോവയുടെ കണ്ണിൽനിന്ന് യാതൊന്നും മറച്ചുവെക്കാൻ നിങ്ങൾക്കാവില്ല. രാത്രിയുടെ മറവിലാണു ചെയ്യുന്നതെങ്കിൽപ്പോലും യഹോവ അതു കാണുന്നുണ്ട്. (ഇയ്യോബ് 34:21) അതുകൊണ്ട്, ഇന്ന് അല്ലെങ്കിൽ നാളെ കള്ളി വെളിച്ചത്താവുകതന്നെ ചെയ്യും. മാതാപിതാക്കൾക്ക് നിങ്ങളിൽ ഉണ്ടായിരുന്ന വിശ്വാസവും കൂടെ നഷ്ടമാകാൻ അത് ഇടയാക്കും. ഫലമോ? നിങ്ങൾ ഏറ്റവുമധികം ആഗ്രഹിച്ചിരുന്ന ആ സംഗതിയിൽ—സ്വാതന്ത്ര്യത്തിൽ—അധികവും നിങ്ങൾക്കു നഷ്ടമാകും!
ഓർമിക്കുക, സ്വാതന്ത്ര്യം ലഭിക്കണമെങ്കിൽ മാതാപിതാക്കളുടെ വിശ്വാസം നേടിയെടുക്കേണ്ടതുണ്ട്. അതിനുള്ള ഏറ്റവും പറ്റിയ മാർഗ്ഗം അവരെ അനുസരിക്കുക എന്നതാണ്. (എഫെസ്യർ 6:1-3) മാതാപിതാക്കൾ ചെയ്യുന്നതു ന്യായമല്ല എന്നു നിങ്ങൾക്കു തോന്നുന്ന പക്ഷം, ബഹുമാനപുരസ്സരം അതേപ്പറ്റി അവരോടു തുറന്നു സംസാരിക്കുക. നിങ്ങൾ പറയുന്നത് അവർ നന്നായി പരിഗണിച്ചേക്കാം. അതേസമയംതന്നെ, നിങ്ങളെ അവർ നിയന്ത്രിക്കുന്നതു നല്ല കാരണത്തോടെയാണെന്നു നിങ്ങൾക്കു മനസ്സിലാകുകയും ചെയ്തേക്കാം. നിങ്ങൾക്ക് അവരോട് യോജിക്കാൻ കഴിഞ്ഞില്ലെങ്കിൽക്കൂടി, അവർ നിങ്ങളെ സ്നേഹിക്കുന്നുവെന്നും നിങ്ങൾക്കു നന്മയുണ്ടാകണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നുവെന്നും ഒരിക്കലും മറക്കരുത്. അവർക്കു നിങ്ങളിലുള്ള വിശ്വാസം ഒന്നിനൊന്നു വർധിക്കുന്ന വിധത്തിൽ പെരുമാറുക. നിങ്ങൾ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യം തക്കസമയത്തു നിങ്ങൾക്കു ലഭിക്കുകതന്നെ ചെയ്യും. b
‘അവരുടെ വഴിക്കു പോകരുത്’
പുരാതനകാലങ്ങളിൽ, അനിയന്ത്രിതമായി പെരുമാറാൻ ദൈവഭയമുണ്ടായിരുന്ന യുവജനങ്ങളെ സമപ്രായക്കാർ പ്രലോഭിപ്പിച്ചിരുന്നു. ശലോമോൻ യുവജനങ്ങളെ ഇപ്രകാരം ഉദ്ബോധിപ്പിക്കുന്നു: “മകനേ, പാപികൾ നിന്നെ വശീകരിച്ചാൽ വഴിപ്പെട്ടുപോകരുതു. . . . നീ അവരുടെ വഴിക്കു പോകരുതു.” (സദൃശവാക്യങ്ങൾ 1:10, 15) ആരുമറിയാതെ വീട്ടിൽനിന്നു പുറത്തുകടക്കാൻ സുഹൃത്തുക്കൾ നിങ്ങളെ പ്രേരിപ്പിക്കുമ്പോൾ ഈ ബുദ്ധിയുപദേശം അനുസരിക്കുക. ശലോമോൻ കൂടുതലായി ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു.”—സദൃശവാക്യങ്ങൾ 22:3
ഒളിച്ചും പാത്തും വീട്ടിൽ നിന്നുള്ള പുറത്തുപോക്ക് നിങ്ങൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞെങ്കിൽ അതു നിറുത്തുക! കാരണം, അതു നിങ്ങളുടെതന്നെ നാശത്തിൽ കലാശിക്കും. നിങ്ങൾ എന്താണു ചെയ്തുകൊണ്ടിരുന്നത് എന്നു മാതാപിതാക്കളെ അറിയിക്കുക. അവർ നൽകിയേക്കാവുന്ന ഏതു ശിക്ഷയും അല്ലെങ്കിൽ നിങ്ങളുടെ മേൽ വെച്ചേക്കാവുന്ന ഏതു നിയന്ത്രണങ്ങളും മടി കൂടാതെ സ്വീകരിക്കുക. ആവശ്യമായിരിക്കുന്ന പക്ഷം, നിങ്ങളുടെ മേൽ നല്ല സ്വാധീനം ചെലുത്താൻ കഴിയുന്ന പുതിയ സുഹൃത്തുക്കളെ കണ്ടെത്തുക. (സദൃശവാക്യങ്ങൾ 13:20) ഉല്ലാസത്തിനായി, കൂടുതൽ ആരോഗ്യാവഹവും അപകടസാധ്യത കുറഞ്ഞതുമായ വഴികൾ തിരഞ്ഞെടുക്കുക.
ഏറ്റവും പ്രധാനമായി, ബൈബിൾ വായിക്കുന്നതിലൂടെയും ക്രിസ്തീയ യോഗങ്ങളിൽ പങ്കുപറ്റുന്നതിലൂടെയും നിങ്ങളുടെ ആത്മീയത ബലിഷ്ഠമാക്കുക. സങ്കീർത്തനക്കാരൻ ഇങ്ങനെ ചോദിച്ചു: “ബാലൻ [“യുവാവ്,” NW] തന്റെ നടപ്പിനെ നിർമ്മലമാക്കുന്നതു എങ്ങനെ?” അവൻതന്നെ ഇങ്ങനെ ഉത്തരം നൽകുന്നു: “[ദൈവത്തിന്റെ] വചനപ്രകാരം അതിനെ സൂക്ഷിക്കുന്നതിനാൽ തന്നേ.” (സങ്കീർത്തനം 119:9) ശരിയായതു ചെയ്യാൻ നിങ്ങളുടെ മനസ്സിനെ പരുവപ്പെടുത്തവേ, ഒളിച്ചും പാത്തും വീട്ടിൽനിന്നു പുറത്തു പോകുന്നത് ആവേശജനകവും രസകരവുമാണെങ്കിലും ഉൾപ്പെട്ടിരിക്കുന്ന അപകടസാധ്യതകൾ കണക്കിലെടുക്കുമ്പോൾ അതു മൂല്യമുള്ളതല്ല എന്ന നിഗമനത്തിൽ നിങ്ങൾ എത്തിച്ചേരും. (g01 2/22)
[അടിക്കുറിപ്പുകൾ]
a പേരുകൾ യഥാർഥമല്ല.
b കൂടുതൽ സ്വാതന്ത്ര്യം എങ്ങനെ നേടാം എന്നതിനെ കുറിച്ച് അറിയാൻ വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും—പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകത്തിന്റെ 3-ാം അധ്യായം കാണുക.
[26-ാം പേജിലെ ആകർഷക വാക്യം]
“എന്റെ കൂട്ടുകാർ പോകുന്ന സ്ഥലങ്ങളിലൊന്നും പോകാൻ മാതാപിതാക്കൾ എന്നെ അനുവദിക്കാറില്ല. . . അതുകൊണ്ട് ഞാൻ എങ്ങനെയെങ്കിലുമൊക്കെ പോവുകയും അവരോടു നുണ പറയുകയും ചെയ്യുന്നു.”
[25-ാം പേജിലെ ചിത്രം]
ഒളിച്ചും പാത്തും വീട്ടിൽനിന്നു പുറത്തുപോകുന്നത് മിക്കപ്പോഴും ഗുരുതരമായ പ്രശ്നങ്ങളിലേക്കു നയിക്കുന്നു