സകലർക്കും ഉണ്ടായിരിക്കേണ്ട ഇൻഷ്വറൻസ്
സകലർക്കും ഉണ്ടായിരിക്കേണ്ട ഇൻഷ്വറൻസ്
നിങ്ങൾ ജീവിക്കുന്നിടത്ത് ആളുകൾ ഇൻഷ്വറൻസ് എടുക്കുന്നത് സാധാരണമായിരിക്കാം. അല്ലെങ്കിൽ അത്തരമൊരു രീതി ഇല്ലെന്നും വരാം. സംഗതി എന്തായിരുന്നാലും, സകലർക്കും എടുക്കാൻ കഴിയുന്ന, സകലരും തീർച്ചയായും എടുത്തിരിക്കേണ്ട ഒരു ഇൻഷ്വറൻസ് ഉണ്ട്. ഇൻഷ്വറൻസ് എന്നത് സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പു വരുത്താനുള്ള ഒരു മാർഗമായതിനാൽ അത്തരം ഇൻഷ്വറൻസ് എങ്ങനെ നേടാൻ കഴിയും?
അപകട സാധ്യത കുറയ്ക്കാൻ വേണ്ട പ്രായോഗിക പടികൾ സ്വീകരിച്ചുകൊണ്ട് നിങ്ങൾക്ക് ഇതു ചെയ്യാൻ കഴിയും. “കാലവും മുൻകൂട്ടിക്കാണാൻ കഴിയാത്ത സംഭവങ്ങളും” എല്ലാവരെയും ബാധിക്കുന്നുവെന്ന് ബൈബിൾ പറയുന്നു. (സഭാപ്രസംഗി 9:11, NW) എന്നാലും, അപകടങ്ങളിൽ ചെന്നു ചാടാതിരിക്കാൻ ശ്രദ്ധിക്കുക വഴി പരിക്കോ നഷ്ടമോ സംഭവിക്കാനുള്ള സാധ്യത നിങ്ങൾക്കു കുറയ്ക്കാനാവും.
ഭാവിയെ കുറിച്ചു ചിന്തിക്കുക
പ്രായോഗിക ജ്ഞാനത്തിന് ഒരു സംരക്ഷണം ആയിരിക്കാൻ കഴിയും. സാമ്പത്തിക സ്ഥിതി താരതമ്യേന മെച്ചമായിരിക്കുമ്പോൾ, ആപത്തു കാലത്തേക്കായി അതായത് എന്തെങ്കിലും ആവശ്യം ഉണ്ടായേക്കാവുന്ന ഒരു കാലത്തേക്കായി പണം മാറ്റി വെക്കാവുന്നതാണ്. പുരാതനകാലത്തെ ദൈവഭയമുള്ള യോസേഫ് എന്ന വ്യക്തി, സുഭിക്ഷതയുടെ ഒരു കാലത്ത് മുഴു ഈജിപ്തു നിവാസികൾക്കും വേണ്ടി ധാന്യം ശേഖരിച്ചുവെക്കുക വഴി താൻ ‘വിവേകവും ജ്ഞാനവുമുള്ള’ ഒരുവനാണെന്നു തെളിയിച്ചു. പിന്നീട് ദേശത്ത് കടുത്ത ക്ഷാമം ഉണ്ടായപ്പോൾ, യോസേഫിന്റെ ഈ പ്രവൃത്തി ഈജിപ്തുകാർക്കു മാത്രമല്ല അവന്റെ കുടുംബാംഗങ്ങൾക്കും ഭക്ഷ്യസാധനങ്ങൾ ലഭിക്കാൻ ഇടയാക്കി.—ഉല്പത്തി 41:33-36.
സാധനങ്ങൾ വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്ന കാര്യത്തിൽ മിതത്വം പാലിക്കുന്നതും ഒരു സംരക്ഷണമാണ്. എപ്പോഴും ഏറ്റവും പുതിയ ഉത്പന്നത്തിന്റെയും ഫാഷന്റെയും വിനോദത്തിന്റെയും പുറകെയുള്ള പരക്കംപാച്ചിൽ—അത്തരമൊരു ഗതി യഥാർഥ സുരക്ഷിതത്വത്തിന് ഒന്നുംതന്നെ സംഭാവന ചെയ്യുന്നില്ല—ഒഴിവാക്കുക വഴി നമുക്ക് പണം ലാഭിക്കാനും സമ്മർദം കുറയ്ക്കാനും കഴിയും. അവയുടെ പിന്നാലെയുള്ള പാച്ചലിന് നമ്മുടെ യഥാർഥ സുരക്ഷിതത്വത്തിനു സംഭാവന ചെയ്യാനാവില്ല. മാത്രമല്ല, നാം കണ്ടുകഴിഞ്ഞതു പോലെ ഒരു വ്യക്തിക്കുള്ള ഭൗതിക സ്വത്തു വർധിക്കുന്തോറും അതു കളവു പോകാനും നഷ്ടപ്പെടാനുമുള്ള സാധ്യതയും വർധിക്കുന്നു.—ലൂക്കൊസ് 12:15.
സുരക്ഷിതത്വത്തെ കുറിച്ചു ബോധവാന്മാരായിരിക്കുക
സുരക്ഷിതത്വത്തെ കുറിച്ചു ചിന്ത ഉണ്ടെങ്കിൽത്തന്നെ ജീവിതത്തിലെ ഒട്ടുമിക്ക അപകടങ്ങളും ഒഴിവാക്കാൻ കഴിയും. എല്ലാവരും സുരക്ഷിതമായ വേഗത്തിൽ
സൂക്ഷിച്ച് വാഹനം ഓടിക്കുകയാണെങ്കിൽ ദാരുണമായ എത്ര വാഹനാപകടങ്ങളാണ് ഒഴിവാക്കാൻ കഴിയുക? കൂടാതെ, നല്ല ക്ഷീണമുള്ള സമയത്തോ മദ്യപിച്ചശേഷമോ ആരും വാഹനം ഓടിക്കുന്നില്ലെങ്കിൽ എത്രയെത്ര ആളുകളുടെ ജീവൻ രക്ഷിക്കാൻ കഴിയുമെന്നും ചിന്തിച്ചു നോക്കുക. അതുപോലെ, ശ്രദ്ധിക്കുന്നെങ്കിൽ ഒഴിവാക്കാൻ കഴിയുന്ന മറ്റു പല വാഹനാപകടങ്ങളും ഉണ്ട്.ഉദാഹരണത്തിന്, പല രാജ്യങ്ങളിലും വാഹനം ഓടിക്കുമ്പോൾ സെല്ലുലാർ ഫോൺ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു. അത്തരം ഉപയോഗം അപകട സാധ്യതയെ നാലു മടങ്ങായി വർധിപ്പിക്കുന്നുവെന്ന് ഒരു പഠനം കാണിച്ചു. രക്തത്തിലെ ആൽക്കഹോളിന്റെ അളവ് 0.1 ശതമാനം ആയിരിക്കുമ്പോഴുള്ള അപകട സാധ്യതയ്ക്കു തുല്യമാണ് അത്. പല ദേശങ്ങളിലും രക്തത്തിൽ ആൽക്കഹോളിന്റെ അളവ് അത്രയും ഉണ്ടായിരിക്കുമ്പോൾ വാഹനം ഓടിക്കുന്നതു നിയമവിരുദ്ധമാണ്.
സീറ്റ് ബെൽറ്റ് ഉപയോഗിക്കുന്നത് ഒരു ശീലമാക്കുന്നതും ഡ്രൈവറുടെയും യാത്രക്കാരുടെയും മരണ സാധ്യത കുറയ്ക്കുന്നു. എന്നാൽ സീറ്റ് ബെൽറ്റോ എയർ ബാഗോ പോലുള്ള സുരക്ഷിതത്വ സംവിധാനങ്ങളോ ഇൻഷ്വറൻസോ ഉണ്ടെങ്കിൽപ്പിന്നെ എന്തു സാഹസവും കാണിക്കാമെന്നു കരുതരുത്. അത്തരം ചിന്താഗതി കൂടുതൽ അപകടങ്ങൾക്കു വഴിതെളിക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു.
സുരക്ഷിതത്വബോധം വീട്ടിലും ജോലിസ്ഥലത്തും ഉണ്ടായേക്കാവുന്ന അപകടങ്ങളിൽനിന്നും സംരക്ഷണം പ്രദാനം ചെയ്യുന്നു. നിങ്ങളുടെ താമസസ്ഥലവും ജോലിസ്ഥലവും വൃത്തിയുള്ളതും അപകടവിമുക്തവും ആണോ? ചുറ്റുമൊന്ന് കണ്ണോടിക്കൂ. നടക്കുന്ന വഴിയിൽ തട്ടിവീഴാൻ ഇടയാക്കിയേക്കാവുന്ന എന്തെങ്കിലും ഇരിപ്പുണ്ടോ? ആളുകൾക്ക് മുറിവോ പൊള്ളലോ ഏൽക്കുന്ന വിധത്തിൽ മൂർച്ചയുള്ള അല്ലെങ്കിൽ ചൂടുള്ള എന്തെങ്കിലും വസ്തു—സ്റ്റൗ, ഹീറ്റർ, ഇസ്തിരിപ്പെട്ടി പോലുള്ളവ—വെച്ചിട്ടുണ്ടോ? കടലാസോ തീപിടിക്കാവുന്ന മറ്റേതെങ്കിലും വസ്തുക്കളോ എവിടെയെങ്കിലും കുന്നുകൂടി കിടപ്പുണ്ടോ? കുട്ടികൾക്കു സംഭവിക്കാവുന്ന അപകടങ്ങൾ സംബന്ധിച്ച് പ്രത്യേകം ജാഗ്രത പുലർത്തുക. ഉദാഹരണത്തിന്, ലഹരിപാനീയങ്ങളും വിഷാംശമുള്ള ശുചീകരണ വസ്തുക്കളും കൊച്ചുകുട്ടികളുടെ കൈയെത്താത്ത സ്ഥലത്താണോ വെച്ചിരിക്കുന്നത്?
നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുക
ആരോഗ്യത്തെ കുറിച്ചു ന്യായമായ ചിന്തയുള്ളവർ ആയിരിക്കുന്നതിനാൽ രോഗം വരാനുള്ള സാധ്യത കുറയ്ക്കാനാവും. ഇക്കാര്യത്തിൽ ജ്ഞാനത്തിന് ഒരു ഇൻഷ്വറൻസ് പോലെ ആയിരിക്കാൻ കഴിയും. ആരോഗ്യത്തിനു ഹാനികരമായ സംഗതികളെ കുറിച്ചു ബോധവാന്മാരായിരിക്കുക, ആരോഗ്യപ്രശ്നങ്ങൾ ഉടലെടുക്കുമ്പോൾ സത്വര നടപടി സ്വീകരിക്കുക. അതിലും പ്രധാനമായി, നിങ്ങളുടെയും കുടുംബത്തിന്റെയും ആരോഗ്യം കാത്തുസൂക്ഷിക്കാൻ പഠിക്കുക. ‘പ്രതിരോധമാണ് പ്രതിവിധിയെക്കാൾ ഉത്തമം’ എന്ന പഴമൊഴി ഓർക്കുക.
ബൈബിൾ തത്ത്വങ്ങൾക്കു ചേർച്ചയിൽ ജീവിച്ചുകൊണ്ട് ആരോഗ്യത്തിനു ഹാനികരമായ ശീലങ്ങളും ജീവിത രീതികളും ഒഴിവാക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന വിവരങ്ങൾ വളരെക്കാലമായി ഉണരുക! പ്രസിദ്ധീകരിച്ചു വരുന്നു. ഉദാഹരണത്തിന് ശുചിത്വം, ശരിയായ ആഹാരക്രമം, വേണ്ടത്ര ഉറക്കം, ക്രമമായ വ്യായാമം, സമ്മർദവും ജീവിതത്തിരക്കും നിയന്ത്രിക്കേണ്ടതിന്റെ ആവശ്യം എന്നിവ ഉൾപ്പെടെ നാനാ വിഷയങ്ങൾ ഉണരുക! ചർച്ച ചെയ്തിട്ടുണ്ട്.
ഒരു ജീവത്പ്രധാന ഇൻഷ്വറൻസ്
ഈ അപൂർണ ലോകത്തിൽ ഇൻഷ്വറൻസിന് പ്രായോഗിക മൂല്യമുള്ള ഒന്നായിരിക്കാൻ കഴിയുമെങ്കിലും നമ്മെ പൂർണമായി സംരക്ഷിക്കാനോ നമ്മുടെ നഷ്ടങ്ങൾ മുഴുവനായി നികത്താനോ ഒരു ഇൻഷ്വറൻസ് പോളിസിക്കും കഴിയില്ല. എന്നാൽ, ഇൻഷ്വറൻസ് സങ്കീർത്തനം 83:18; യാക്കോബ് 2:15-17; 1 യോഹന്നാൻ 3:16-18.
ലഭ്യമാണെങ്കിലും അല്ലെങ്കിലും തങ്ങൾ നിരാലംബരായി വിടപ്പെടില്ല എന്ന ഉറച്ച ബോധ്യമുള്ള ആളുകളുണ്ട്. എന്തുകൊണ്ട്? കാരണം, വിപത്തുകൾ ആഞ്ഞടിക്കുമ്പോൾ യേശുക്രിസ്തുവിന്റെ യഥാർഥ ശിഷ്യന്മാർ—അവന്റെ പിതാവായ യഹോവയാം ദൈവത്തെ സേവിക്കുന്നവർ—തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്തുകൊണ്ട് പരസ്പരം സഹായിക്കുന്നു.—കൂടാതെ, തന്റെ വിശ്വസ്ത ദാസരെ ഒരിക്കലും കൈവിടുകയില്ല എന്ന് യഹോവ വാഗ്ദാനം ചെയ്തിരിക്കുന്നു. ഒരു ബൈബിൾ സങ്കീർത്തനക്കാരൻ ഇങ്ങനെ എഴുതി: “എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചിരിക്കുന്നു; എങ്കിലും യഹോവ എന്നെ ചേർത്തുകൊള്ളും.” (സങ്കീർത്തനം 27:10) ജീവന്റെ ഉറവെന്ന നിലയിൽ യഹോവയാം ദൈവത്തിനു മരിച്ചവരെ ഉയിർപ്പിക്കാൻ കഴിയും. ബൈബിൾ പറയുന്നതനുസരിച്ച്, മരിച്ചവരെ പുനരുത്ഥാനത്തിലേക്കു കൊണ്ടുവരാനുള്ള അധികാരം അവൻ തന്റെ പുത്രനായ യേശുക്രിസ്തുവിനു കൊടുത്തിരിക്കുന്നു. (സങ്കീർത്തനം 36:9; യോഹന്നാൻ 6:40, 44) എന്നിരുന്നാലും, എല്ലാവരുമൊന്നും ഉയിർപ്പിക്കപ്പെടുകയില്ല എന്നും ദൈവവചനം സൂചിപ്പിക്കുന്നുണ്ട്. (യോഹന്നാൻ 17:12) അങ്ങനെയെങ്കിൽ, പുനരുത്ഥാനത്തിൽ ദൈവം നമ്മെ ഓർക്കുമെന്ന് ഉറപ്പുണ്ടായിരിക്കാൻ നമുക്ക് എന്തു ചെയ്യാൻ കഴിയും?
തന്റെ വിഖ്യാതമായ ഗിരിപ്രഭാഷണത്തിൽ യേശു ഫലത്തിൽ ഏറ്റവും ആശ്രയയോഗ്യമായ ഇൻഷ്വറൻസിനെ കുറിച്ചു സംസാരിച്ചു. അവൻ ഇങ്ങനെ പറഞ്ഞു: “പുഴുവും തുരുമ്പും കെടുക്കയും കള്ളന്മാർ തുരന്നു മോഷ്ടിക്കയും ചെയ്യുന്ന ഈ ഭൂമിയിൽ നിങ്ങൾ നിക്ഷേപം സ്വരൂപിക്കരുതു. പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാർ തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിച്ചുകൊൾവിൻ. നിന്റെ നിക്ഷേപം ഉള്ളേടത്തു നിന്റെ ഹൃദയവും ഇരിക്കും.”—മത്തായി 6:19-21.
വാർധക്യത്തിൽ സുഖമായി ജീവിക്കാൻ ആളുകൾ പലപ്പോഴും സമ്പത്തു സ്വരൂപിച്ചു വെക്കാറുണ്ട്. എന്നാൽ യഥാർഥ സുരക്ഷിതത്വം പ്രദാനം ചെയ്യുന്ന തരത്തിലുള്ള ഇൻഷ്വറൻസ് ഏതാണെന്ന് യേശു തിരിച്ചറിയിച്ചു. അത് അമൂല്യമായ ഒന്നാണ്, അതിൽ ആശ്രയിക്കുന്നവർക്ക് ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല! അവൻ ഇങ്ങനെ പറഞ്ഞു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.”—യോഹന്നാൻ 17:3.
ദൈവത്തെയും അവന്റെ പുത്രനെയും കുറിച്ചുള്ള സൂക്ഷ്മ പരിജ്ഞാനം നേടുകയും പഠിക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ ബാധകമാക്കുകയും ചെയ്യുന്നതിലൂടെ നമുക്കു ദൈവമുമ്പാകെ ഒരു നല്ല പേർ സമ്പാദിക്കാൻ കഴിയും. (എബ്രായർ 6:10) തങ്ങളുടെ ഗുരുവായ യേശുക്രിസ്തുവിന്റെ പഠിപ്പിക്കലിനു ചേർച്ചയിൽ അപ്പൊസ്തലന്മാരായ പത്രൊസും യോഹന്നാനും മാനുഷഭരണം നിലവിലിരിക്കുന്ന ഈ വ്യവസ്ഥിതി അവസാനിക്കും എന്ന സംഗതി ഊന്നിപ്പറഞ്ഞു. എന്നിരുന്നാലും, യോഹന്നാൻ പറഞ്ഞു: “ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.”—1 യോഹന്നാൻ 2:17; മത്തായി 24:3, 14; 2 പത്രൊസ് 3:7, 13.
നാം ദൈവത്തിന്റെ സേവനത്തിലിരിക്കെ മരിച്ചുപോയാൽ അവൻ നമ്മെ പുനരുത്ഥാനപ്പെടുത്തുമെന്നും ഇനി, ഈ വ്യവസ്ഥിതിയുടെ അന്ത്യം വരെ നാം ജീവിച്ചിരുന്നാൽ അവൻ നമ്മെ ജീവനോടെതന്നെ തന്റെ നീതിനിഷ്ഠമായ പുതിയ ലോകത്തിലേക്കു വഴിനടത്തുമെന്നും നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. “[നമ്മുടെ] കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടച്ചുകളയും” എന്നും ‘സകലവും പുതുതാക്കും’ എന്നും ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നു. (വെളിപ്പാടു 21:4, 5) ദൈവത്തെ സേവിക്കുന്നതും അവന്റെ വാഗ്ദാനങ്ങളിൽ പൂർണമായി ആശ്രയിക്കുന്നതുമാണ് ഏറ്റവും നല്ല ഇൻഷ്വറൻസ്. അത് എല്ലാവർക്കും ലഭ്യമാണുതാനും. (g01 2/22)
[8, 9 പേജുകളിലെ ചിത്രങ്ങൾ]
സുരക്ഷിതത്വത്തെയും ആരോഗ്യത്തെയും കുറിച്ചുള്ള അവബോധം ഒരു ഇൻഷ്വറൻസ് പോലെയാണ്
[10-ാം പേജിലെ ചിത്രം]
ദൈവത്തെ കുറിച്ചു പഠിക്കുന്നതും അവന്റെ ഇഷ്ടം ചെയ്യുന്നതുമാണ് ഭാവിയിലേക്കുള്ള ഏറ്റവും നല്ല ഇൻഷ്വറൻസ്