ദുർബലീകരിക്കുന്ന ഒരു രോഗവുമായുള്ള എന്റെ പോരാട്ടം
ദുർബലീകരിക്കുന്ന ഒരു രോഗവുമായുള്ള എന്റെ പോരാട്ടം
ടാന്യ സാലേ പറഞ്ഞപ്രകാരം
ഏതാനും വർഷം മുമ്പു വരെ ഞാൻ ചുറുചുറുക്കുള്ള ഒരു വീട്ടമ്മയും മുഴുസമയ ശുശ്രൂഷകയും ആയിരുന്നു. അലബാമയിലെ ഒരു ചെറിയ പട്ടണമായ ലൂവർണിലാണു ഞാൻ താമസിക്കുന്നത്. ഇവിടെ ജീവിതം പൊതുവെ ശാന്തവും തിരക്കില്ലാത്തതുമാണ്. ഞാനും ഭർത്താവ് ഡ്യൂക്കും മകൻ ഡാനിയേലും അടങ്ങിയ ഞങ്ങളുടെ കുടുംബത്തെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ സുഗമമായി മുന്നോട്ടു നീങ്ങുകയായിരുന്നു. അങ്ങനെയിരിക്കെയാണ് വളരെ സാധാരണമായ ഒരു ശസ്ത്രക്രിയ ഞങ്ങളുടെ ജീവിതത്തെ തകിടം മറിച്ചത്.
ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറ്റിരണ്ടിൽ ഞാൻ ഗർഭപാത്രം നീക്കൽ ശസ്ത്രക്രിയയ്ക്കു വിധേയയായതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. അധികം കഴിയുന്നതിനു മുമ്പ്, എനിക്ക് തുടർച്ചയായി അതികഠിനമായ വേദന ഉണ്ടായിത്തുടങ്ങി. മാത്രമല്ല കൂടെക്കൂടെ മൂത്രമൊഴിക്കേണ്ടതായും വന്നു (ഒരു ദിവസം 50 മുതൽ 60 വരെ പ്രാവശ്യം). ഒടുവിൽ, പ്രശ്നത്തിന്റെ കാരണം കൃത്യമായി കണ്ടുപിടിക്കുന്നതിന് എന്റെ ഗൈനക്കോളജിസ്റ്റ് ഒരു യൂറോളജിസ്റ്റിനെ കാണുന്നതിനുള്ള ഏർപ്പാടുകൾ ചെയ്തുതന്നു.
ചില പരിശോധനകൾ നടത്താനായി ഞാൻ ആശുപത്രിയിൽ പോയി. ആദ്യ സന്ദർശനത്തിൽത്തന്നെ ഐസി അഥവാ ഇന്റർസ്റ്റിഷൽ സിസ്റ്റൈറ്റിസ് (മൂത്രാശയ വീക്കം) ആണ് എന്റെ പ്രശ്നമെന്നു യൂറോളജിസ്റ്റ് കണ്ടുപിടിച്ചു. അതു കണ്ടുപിടിക്കുക അത്ര എളുപ്പമായിരുന്നില്ല. കാരണം, മറ്റു മൂത്രവ്യൂഹ തകരാറുകളുടേതിനോടു സമാനമായ ലക്ഷണങ്ങളാണ് ഐസി-യുടേത്. മാത്രമല്ല, രോഗം ഐസിയാണോ എന്നു കൃത്യമായി നിർണയിക്കാൻ സഹായിക്കുന്ന ഏതെങ്കിലും പരിശോധനയും നിലവിലില്ല. അതുകൊണ്ട് മൂത്രവ്യൂഹത്തിനു മറ്റു തകരാറുകൾ ഒന്നുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് രോഗം ഐസിയാണെന്ന് സ്ഥിരീകരിക്കുന്നത്.
ചികിത്സകൊണ്ട് പ്രയോജനമില്ലാത്തതിനാൽ, ഒടുവിൽ എന്തായാലും മൂത്രാശയം നീക്കം ചെയ്യേണ്ടിവരുമെന്ന് ഡോക്ടർ ഞങ്ങളോടു വെട്ടിത്തുറന്നു പറഞ്ഞു! മറ്റു ചികിത്സകൾ ഉണ്ടെങ്കിലും അവയൊന്നും ഇതുവരെ വിജയപ്രദമായിരുന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ആ വാർത്ത ഞങ്ങളെ നടുക്കിക്കളഞ്ഞെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സാമാന്യം നല്ല ആരോഗ്യമുള്ള പ്രകൃതമായിരുന്നു എന്റേത്. യഹോവയുടെ സാക്ഷികളായ ഞാനും ഡ്യൂക്കും വർഷങ്ങളായി മുഴുസമയ ശുശ്രൂഷകരായിരുന്നു. അങ്ങനെയിരിക്കെയാണ് എന്റെ മൂത്രാശയം നീക്കം ചെയ്യേണ്ടി വരുമെന്നു ഡോക്ടർ പറയുന്നത്. ആ സമയത്ത് ഭർത്താവിന്റെ നല്ല പിന്തുണ ഉണ്ടായിരുന്നതിൽ ഞാൻ എത്ര സന്തുഷ്ടയാണെന്നോ!
മറ്റൊരു യൂറോളജിസ്റ്റിനെ കാണാൻ ഞങ്ങൾ തീരുമാനിച്ചു. ഞങ്ങൾ കുറെ ഡോക്ടർമാരുടെ അടുത്തു പോയി. എന്നാൽ സങ്കടകരമെന്നു പറയട്ടെ, ആ സമയത്ത് പല ഡോക്ടർമാർക്കും ഐസി-യെ കുറിച്ച് കാര്യമായൊന്നും അറിയില്ലായിരുന്നു. മാത്രമല്ല, പല യൂറോളജിസ്റ്റുകൾക്കും ഇതു സംബന്ധിച്ച് തങ്ങളുടേതായ സിദ്ധാന്തങ്ങളുമുണ്ട്. അതുകൊണ്ട് ഒരാൾ നിർദേശിക്കുന്ന ചികിത്സ ആയിരിക്കില്ല മറ്റൊരാൾ നിർദേശിക്കുക. ഒരു വൈദ്യശാസ്ത്ര മാസിക ഇങ്ങനെ പറയുന്നു: “ഈ രോഗം വിട്ടുമാറാത്ത ഒന്നായി കാണപ്പെടുന്നു.” മറ്റൊരു പ്രസിദ്ധീകരണത്തിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു: “ശാസ്ത്രജ്ഞർ ഇതുവരെ ഐസി-ക്ക് ഒരു പ്രതിവിധി കണ്ടുപിടിച്ചിട്ടില്ല. അതുപോലെ ആർക്ക് ഏതു ചികിത്സ ഏറ്റവും നന്നായി ഫലിക്കുമെന്നു മുൻകൂട്ടി പറയാനും അവർക്കു കഴിയുന്നില്ല. . . . ഐസി-യുടെ കാരണങ്ങൾ എന്താണെന്ന് ഡോക്ടർമാർക്ക് അറിയില്ലാത്തതിനാൽ രോഗലക്ഷണങ്ങൾ നിവാരണം ചെയ്യുക എന്ന ലക്ഷ്യത്തിലാണു ചികിത്സകൾ നടത്തുന്നത്.”
ഇടവിട്ടുണ്ടാകുന്ന കൊളുത്തിവലിക്കുന്നതു പോലെയുള്ള അതികഠിനമായ വേദനയും കൂടെക്കൂടെയുള്ള മൂത്രമൊഴിച്ചിലും നിമിത്തം കഷ്ടപ്പെട്ടു പോയ ഞാൻ ഡോക്ടർമാർ നിർദേശിക്കുന്നതെന്തും പരീക്ഷിച്ചുനോക്കാൻ ഒരുക്കമായിരുന്നു. 40-ലധികം വ്യത്യസ്ത മരുന്നുകൾ കൂടാതെ പച്ചമരുന്നുകളും അക്യൂപങ്ചർ, നർവ് ബ്ലോക്കുകൾ (ഒരു പ്രത്യേക ശരീരഭാഗത്തേക്കുള്ള നാഡീയ ആവേഗങ്ങളെ സ്തംഭിപ്പിക്കുന്ന അനസ്തെറ്റിക് കുത്തിവെപ്പുകൾ), എപ്പിഡൂറൽ കുത്തിവെപ്പുകൾ, സ്പൈനൽ കുത്തിവെപ്പുകൾ, കുറെ മിനിട്ട് അല്ലെങ്കിൽ മണിക്കൂർ നേരത്തേക്ക് ശരീരത്തിലേക്കു നേരിയ തോതിലുള്ള വൈദ്യുത സ്പന്ദങ്ങൾ കടത്തിവിടുന്ന ത്വക്കിലൂടെയുള്ള വൈദ്യുത നാഡീ ഉത്തേജനം (ടെൻസ്) എന്നിങ്ങനെയുള്ള വ്യത്യസ്ത ചികിത്സകളും ഞാൻ പരീക്ഷിച്ചു നോക്കിയിട്ടുണ്ട്. ഞാൻ ഇതു സംബന്ധിച്ച് കഴിയുന്നത്ര ഗവേഷണം നടത്തി. നടക്കുന്നത് എന്താണ് എന്നതു സംബന്ധിച്ചു കുറച്ചൊക്കെ മനസ്സിലാക്കാൻ ഇതുമൂലം എനിക്കു സാധിച്ചു.
വേദനസംഹാരിയായ മെഥഡോണും അതോടൊപ്പം മറ്റ് ആറ് മരുന്നുകളും ഉൾപ്പെട്ടതാണ് ഇപ്പോഴത്തെ എന്റെ ചികിത്സ. കൂടാതെ, ഞാൻ പതിവായി ഒരു വേദന ചികിത്സാ ക്ലിനിക്കിലും പോകുന്നു. അവിടെ എപ്പിഡൂറൽ കുത്തിവെപ്പുകൾ നടത്തുകയും അതോടൊപ്പം എനിക്ക് സ്റ്റീറോയ്ഡുകൾ നൽകുകയും ചെയ്യുന്നു. ഇത് വേദനയെ ഏറെക്കുറെ ശമിപ്പിക്കുന്നു. കൂടെക്കൂടെയുള്ള മൂത്രമൊഴിച്ചിൽ നിയന്ത്രിക്കുന്നതിനായി മൂന്നോ നാലോ മാസം കൂടുമ്പോൾ ഞാൻ ആശുപത്രിയിൽ പോയി ഹൈഡ്രോഡിസ്റ്റെൻഷൻ എന്ന ഒരു പ്രക്രിയയ്ക്കു വിധേയയാകുന്നു. ഒരു ദ്രാവകം ഉപയോഗിച്ച് മൂത്രാശയം ഒരു ബലൂൺ പോലെ വീർപ്പിക്കുന്ന രീതിയാണ് അത്. ഇതിനോടകം കുറെയേറെ പ്രാവശ്യം ഞാൻ ഇതു ചെയ്തിട്ടുണ്ട്. അങ്ങനെ ചെയ്തു കഴിഞ്ഞാൽ കുറച്ചു മാസത്തേക്ക് ആശ്വാസം കിട്ടാറുണ്ട്. കഴിഞ്ഞ ഏതാനും വർഷത്തിനിടയിൽ 30-ലധികം തവണ ഞാൻ ആശുപത്രി കയറിയിറങ്ങിയിരിക്കുന്നു.
മൂത്രാശയം നീക്കം ചെയ്യുക എന്ന അവസാന പടി സംബന്ധിച്ചെന്ത്? ഒരു പ്രസിദ്ധീകരണം ഇങ്ങനെ പറയുന്നു: “ഓരോ രോഗിയിലും ഫലം എന്തായിരിക്കുമെന്നു മുൻകൂട്ടി പറയാൻ കഴിയാത്തതിനാൽ മിക്ക ഡോക്ടർമാരും ശസ്ത്രക്രിയ നടത്താൻ മടിക്കുന്നു—ചിലരിൽ ശസ്ത്രക്രിയയ്ക്കു ശേഷവും ലക്ഷണങ്ങൾ കണ്ടുവരുന്നു.” അതുകൊണ്ട് ശസ്ത്രക്രിയയ്ക്കു വിധേയയാകുന്നതിനെ കുറിച്ച് ഞാൻ തത്കാലം ചിന്തിക്കുന്നില്ല.
തുടർച്ചയായി അതികഠിനമായ വേദന അനുഭവിക്കേണ്ടി വരുന്ന ചില സമയങ്ങളിൽ നിരാശയിൽ മുങ്ങിപ്പോകുക എളുപ്പമാണ്. ആത്മഹത്യയെ കുറിച്ചു പോലും ഞാൻ ആലോചിച്ചിട്ടുണ്ട്. എന്നാൽ അങ്ങനെ ചെയ്താൽ യഹോവയുടെ നാമത്തിന്മേൽ വരുന്ന നിന്ദയെ കുറിച്ച് എനിക്കു ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല. പ്രാർഥനയും വ്യക്തിപരമായ പഠനവും അതുപോലെ യഹോവയുമായി ഒരു അടുത്ത ബന്ധം വളർത്തിയെടുക്കുന്നതും എത്ര പ്രധാനമാണെന്ന് എനിക്കു മനസ്സിലാക്കാൻ കഴിയുന്നു. കാരണം, ജീവിതത്തെ മാറ്റിമറിച്ചേക്കാവുന്ന എന്താണ് സംഭവിക്കുകയെന്നു നമുക്കാർക്കും പറയാൻ കഴിയില്ല. രോഗവുമായി മല്ലിട്ട് തള്ളിനീക്കിയ ഈ വർഷങ്ങളിൽ യഹോവയുമായുള്ള ബന്ധം അക്ഷരാർഥത്തിൽ എന്റെ ജീവൻ രക്ഷിച്ചിരിക്കുന്നു. കാരണം അതില്ലായിരുന്നെങ്കിൽ ഞാൻ സ്വയം ജീവനൊടുക്കിയേനെ എന്ന് എനിക്ക് ഉറപ്പാണ്.
കഴിഞ്ഞുപോയ ഒമ്പതു വർഷത്തേക്ക് പിന്തിരിഞ്ഞു നോക്കുമ്പോൾ ജീവിതത്തിനു മാറ്റം വരുന്നത് എത്ര പെട്ടെന്നാണെന്ന് എനിക്കു കാണാൻ കഴിയുന്നു. “നിന്റെ യൌവനകാലത്തു നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊൾക; ദുർദ്ദിവസങ്ങൾ വരികയും എനിക്കു ഇഷ്ടമില്ല എന്നു നീ പറയുന്ന കാലം സമീപിക്കയും . . . ചെയ്യുംമുമ്പെ തന്നേ” എന്നു പറയുന്ന സഭാപ്രസംഗി 12:1, 2-ലെ വാക്കുകൾ ഞാൻ വളരെ വിലമതിക്കുന്നു. പതിനഞ്ചാമത്തെ വയസ്സിൽ മുഴുസമയ ശുശ്രൂഷ തുടങ്ങിയത് എത്ര നന്നായെന്ന് ഞാൻ ഇപ്പോൾ വിചാരിക്കുന്നു. 20 വർഷത്തോളം ആ പദവിയിൽ തുടരാൻ സാധിച്ചതിൽ ഞാൻ എത്ര സന്തുഷ്ടയാണെന്നോ! ആ നാളുകളിൽ ഞാൻ യഹോവയുമായി ഒരു അടുത്ത ബന്ധം വളർത്തിയെടുത്തു.
എനിക്ക് ഉറച്ച പിന്തുണ പ്രദാനം ചെയ്തിരിക്കുന്ന എന്റെ ഭർത്താവിനെയും മകൻ ഡാനിയേലിനെയും പ്രതി ഞാൻ യഹോവയോടു നന്ദിയുള്ളവളാണ്. സഭയിലെ സഹോദരങ്ങൾ എന്നെ കാണാൻ വരികയും ഫോണിലൂടെ ക്ഷേമാന്വേഷണം നടത്തുകയുമൊക്കെ ചെയ്യുന്നത് വളരെ പ്രോത്സാഹജനകമാണ്. കൊളുത്തിവലിക്കുന്നതു പോലെയുള്ള വേദന തണുപ്പത്ത് അസഹ്യമായിത്തീരുന്നതിനാൽ ശൈത്യകാലത്ത് എനിക്കു പുറത്തിറങ്ങാൻ ബുദ്ധിമുട്ടാണ്. ആ സമയത്ത് ഞാൻ ടെലിഫോൺ സാക്ഷീകരണം നടത്തുന്നു. പറുദീസ സംബന്ധിച്ച പ്രത്യാശ എപ്പോഴും കൺമുമ്പിൽ ഒരു യാഥാർഥ്യമാക്കി നിറുത്താൻ ഇത് എന്നെ സഹായിക്കുന്നു. രോഗവും കഷ്ടപ്പാടും കഴിഞ്ഞകാല സംഭവങ്ങൾ ആയിത്തീരുന്ന, ആരും അവയെക്കുറിച്ച് ഓർക്കുക പോലും ഇല്ലാത്ത ആ സമയത്തിനായി ഞാൻ നോക്കിപ്പാർത്തിരിക്കുകയാണ്.—യെശയ്യാവു 33:24. (g01 3/8)