ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
മനുഷ്യന്റെ ഉറ്റമിത്രമോ?
മുതിർന്നവരുടെ മേൽനോട്ടമില്ലാതെ കൊച്ചുകുട്ടികളെ നായ്ക്കളോടൊപ്പം ആയിരിക്കാൻ അനുവദിച്ചാൽ അവർക്ക് അവയുടെ കടിയേൽക്കാൻ സാധ്യതയുണ്ട് എന്ന് മെക്സിക്കോ നഗരത്തിലെ എൽ യൂണിവേഴ്സാൽ പത്രത്തിൽ വന്ന ഒരു റിപ്പോർട്ട് പറയുന്നു. അത് ഇങ്ങനെ പ്രസ്താവിക്കുന്നു: “ആക്രമണത്തിനു തുടക്കമിടുന്നതു മിക്കപ്പോഴും കുട്ടികൾതന്നെ ആയിരിക്കും. നായ സ്വയം പ്രതിരോധിക്കുക മാത്രമാണു ചെയ്യുന്നത്.” കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ, നായകടിയേറ്റതു നിമിത്തം 426 കുട്ടികളെ ഒരു മെക്സിക്കൻ ആശുപത്രിയിൽ ചികിത്സിക്കുകയുണ്ടായി. ഈ കുട്ടികളിൽ പന്ത്രണ്ടു ശതമാനം പേർക്ക് സ്ഥായിയായ പരിക്കേൽക്കുകയോ രൂപവൈകൃതം സംഭവിക്കുകയോ ചെയ്തിരുന്നു. നായ്ക്കളെ സംബന്ധിച്ച പിൻവരുന്ന തത്ത്വങ്ങൾ കുട്ടികളെ പഠിപ്പിക്കണമെന്ന് ആ റിപ്പോർട്ട് മാതാപിതാക്കളെ ഉദ്ബോധിപ്പിക്കുന്നു: നായ്ക്കളുടെ കളിപ്പാട്ടങ്ങൾ, കൂട്, തീറ്റപ്പാത്രങ്ങൾ ഇവയെ മാനിക്കുക; നായ തീറ്റ തിന്നുകയോ ഉറങ്ങുകയോ ചെയ്യുമ്പോൾ അതിന്റെ അടുത്തു പോകാതിരിക്കുക; അതിന്റെ വാലിൽ പിടിച്ചു വലിക്കുകയോ അതിന്റെ പുറത്തുകയറി സവാരിചെയ്യാൻ ശ്രമിക്കുകയോ ചെയ്യാതിരിക്കുക. (g01 3/8)
കൂലി കൊടുത്തു പ്രാണികളെ കൊല്ലുന്നു
ഇന്ത്യയിലെ ഉത്തർപ്രദേശ് സംസ്ഥാന വനംവകുപ്പ്, പ്രാണികളെ കൊന്നൊടുക്കുന്നതിനുള്ള ഒരു പ്രസ്ഥാനത്തിനു തുടക്കമിട്ടിരിക്കുകയാണ് എന്ന് ദ ടൈംസ് ഓഫ് ഇൻഡ്യ റിപ്പോർട്ടു ചെയ്യുന്നു. ചിറകുകളും 2.5 സെന്റിമീറ്റർ നീളവുമുള്ള ഹോപ്ലോ എന്നറിയപ്പെടുന്ന പ്രാണികൾക്കെതിരെയാണ് ഈ പോരാട്ടം ആരംഭിച്ചിരിക്കുന്നത്. ഏകദേശം 6,50,000 സാൽമരങ്ങളുടെ ഒരു വനം നശിപ്പിക്കുന്നതിൽനിന്ന് അവയെ തടയുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. അടുത്തകാലത്ത് ഈ പ്രാണികളുടെ എണ്ണം വർധിച്ചിരിക്കുന്നതിനാൽ സാൽമരങ്ങളുടെ നിലനിൽപ്പുതന്നെ അപകടത്തിലായിരിക്കുകയാണ്. ഈ പ്രാണികൾ മരത്തിന്റെ പുറംതൊലിയും തടിയും തുരക്കുന്നതിനാൽ മരം ഉണങ്ങി നശിച്ചുപോകാനിടയാകുന്നു. പ്രാണിപിടിത്തത്തിനായി “മരക്കെണി” എന്ന രീതിയാണ് വനംവകുപ്പ് ഉപയോഗിക്കുന്നത്. പ്രാണികൾ ഉള്ള സ്ഥലങ്ങളിൽ ഇളം സാൽമരങ്ങളുടെ കഷണങ്ങളാക്കിയ പുറംതൊലി വിതറിയിടുന്നു. ഈ തൊലിയിൽ നിന്ന് ഊറിവരുന്ന ദ്രാവകം പ്രാണികളെ ആകർഷിക്കുകയും മത്തുപിടിപ്പിക്കുകയും ചെയ്യുന്നു. അപ്പോൾ അവയെ പിടിക്കുക കൂടുതൽ എളുപ്പമാണ്. ഈ ജോലിക്ക് തദ്ദേശീയരായ ആൺകുട്ടികളെ കൂലി കൊടുത്ത് ഏർപ്പാടാക്കിയിരിക്കുകയാണ്. ഒരു പ്രാണിയെ പിടിച്ചാൽ അവർക്ക് 75 പൈസ കിട്ടും. (g01 3/8)
നല്ല ഉറക്കം ലഭിക്കാൻ
“ഉറക്കമില്ലായ്മ അപകടകരമായ പ്രശ്നമായിത്തീർന്നിരിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്” എന്ന് ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്സിറ്റിയിലെ മനശ്ശാസ്ത്രവിദഗ്ധനായ സ്റ്റാൻലി കോറൻ പ്രസ്താവിക്കുന്നു. ത്രീ മൈൽ ദ്വീപിലെ ആണവ അപകടത്തിന്റെയും എക്സൻ വാൽഡിസ എണ്ണച്ചോർച്ചയുടെയും ഭാഗികമായ കാരണം ഉറക്കക്കുറവായിരുന്നു. ഉറക്കംതൂങ്ങൽ കാരണം വടക്കേ അമേരിക്കയിൽ ഓരോ വർഷവും 1,00,000-ത്തിലധികം കാറപകടങ്ങൾ ഉണ്ടാകുന്നു എന്ന് കാനഡയിലെ മക്ലീൻസ മാസിക റിപ്പോർട്ടു ചെയ്യുന്നു. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ, ഉറക്കം സംബന്ധിച്ച വിദഗ്ധനായ ഡോ. വില്യം ഡെമെന്റ്
ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “തങ്ങൾക്ക് എന്തുമാത്രം ഉറക്കം ആവശ്യമാണെന്ന് യഥാർഥത്തിൽ ആളുകൾക്ക് അറിയില്ല.” നല്ല ഉറക്കം ലഭിക്കാൻ ചില മാർഗങ്ങൾ ഗവേഷകർ നിർദേശിക്കുന്നു: അത്താഴം കഴിക്കുന്നതു കിടക്കാൻ പോകുന്നതിനു മൂന്നു മണിക്കൂർ മുമ്പെങ്കിലും ആയിരിക്കണം. എല്ലാ ദിവസവും ഒരേ സമയത്തുതന്നെ ഉറങ്ങാൻ കിടക്കുകയും ഉണരുകയും ചെയ്യുക. കിടക്കമുറിയിൽ ടിവിയോ കമ്പ്യൂട്ടറോ വെക്കാതിരിക്കുക. കഫീൻ, മദ്യം, പുകയില എന്നിവ ഒഴിവാക്കുക. കിടക്കുമ്പോൾ, നിങ്ങളുടെ കാലുകൾ ചൂടുള്ളതായിരിക്കാൻ സോക്സ് ധരിക്കുക. കിടക്കുന്നതിനു മുമ്പ് ഇളംചൂടു വെള്ളത്തിൽ കുളിക്കുക. ദിവസവും വ്യായാമം ചെയ്യുക, എന്നാൽ കിടക്കുന്നതിനു തൊട്ടുമുമ്പ് ചെയ്യരുത്. അവസാനമായി, മക്ലീൻസ ഇങ്ങനെ പറയുന്നു: “നിങ്ങൾക്ക് ഉറങ്ങാൻ കഴിയുന്നില്ലെങ്കിൽ എഴുന്നേറ്റ് എന്തെങ്കിലും ചെയ്യുക. ക്ഷീണം അനുഭവപ്പെടുമ്പോൾ മാത്രം വീണ്ടും കിടക്കുക, എന്നിട്ട് പതിവു സമയത്തുതന്നെ ഉണരുക.” (g01 3/8)
അടുക്കള വൃത്തിയായി സൂക്ഷിക്കാൻ
തിരക്കുപിടിച്ച ഒരു അടുക്കളയിൽ ഒളിഞ്ഞിരിക്കുന്ന രോഗാണുക്കൾക്കെതിരെയുള്ള “ഏറ്റവും നല്ല ആയുധം [സാധാരണ] ബ്ലീച്ചാണ്” എന്ന് കാനഡയിലെ വാൻകൂവർ സൺ പത്രം പറയുന്നു. അവർ പിൻവരുന്ന നിർദേശങ്ങൾ നൽകുന്നു: ദിവസവും 4 ലിറ്റർ ഇളംചൂടുവെള്ളത്തിൽ 30 മില്ലിലിറ്റർ ബ്ലീച്ച് ചേർത്ത് ഒരു ലായനി തയ്യാറാക്കുക. വെള്ളം ഏറെ ചൂടുള്ളതായാൽ ബ്ലീച്ച് ബാഷ്പീകരിച്ചു പോകും. വൃത്തിയുള്ള ഒരു തുണി ഈ ലായനിയിൽ മുക്കി അടുക്കള തുടയ്ക്കുകയും കാറ്റു കൊണ്ട് ഉണങ്ങാൻ അനുവദിക്കുകയും ചെയ്യുക. ബ്ലീച്ചും പ്രതലവും തമ്മിൽ പരമാവധി സമയം സമ്പർക്കത്തിൽ വരാൻ അനുവദിച്ചാൽ കൂടുതൽ അണുക്കളെ കൊല്ലാൻ സാധിക്കും. പാത്രങ്ങൾ നല്ല ചൂടുള്ള സോപ്പുവെള്ളത്തിൽ കഴുകിയതിനുശേഷം ബ്ലീച്ച് ലായനിയിൽ ഏതാനും മിനിട്ടു മുക്കിവെച്ച് അണുവിമുക്തമാക്കുക. ഉണങ്ങിക്കഴിയുമ്പോൾ രാസാവശിഷ്ടങ്ങൾ ഒന്നും പാത്രങ്ങളിൽ ശേഷിക്കുകയില്ല. അടുക്കളയിൽ ഉപയോഗിക്കുന്ന സ്പോഞ്ചുകൾ, പാത്രം തുടയ്ക്കുന്നതിനുള്ള തുണികൾ, ഉരച്ചുകഴുകുന്നതിനുള്ള ബ്രഷുകൾ എന്നിവയും എല്ലാ ദിവസവും കഴുകുകയും ബ്ലീച്ചുചെയ്യുകയും ചെയ്യുക. നിങ്ങളുടെ കൈകളാൽ ആഹാരസാധനങ്ങൾ മലിനമാകുന്നതു തടയാൻ കൈകൾ, പ്രത്യേകിച്ച് നഖങ്ങളുടെ അടിഭാഗം നന്നായി കഴുകുക. (g01 3/8)
തൊഴിലിൽനിന്ന് വിരമിക്കലും വൈകാരിക പ്രശ്നങ്ങളും
നേരത്തേ ജോലിയിൽനിന്നു വിരമിക്കുന്നതിനു ചില നേട്ടങ്ങൾ ഉണ്ടായിരിക്കാമെങ്കിലും അതിനു വൈകാരികമായി കനത്ത വില ഒടുക്കേണ്ടിവരുന്നു. ‘അസംതൃപ്തി, ശുണ്ഠി, സുരക്ഷിതത്വമില്ലായ്മ, വ്യക്തിത്വം നഷ്ടമാകൽ എന്നിവയിൽ തുടങ്ങി വിഷാദം, തങ്ങളുടെ ലോകംതന്നെ തകരുകയാണെന്ന തോന്നൽ എന്നിവവരെ എത്തുന്ന’ അനേകം പ്രശ്നങ്ങളെക്കുറിച്ച് നേരത്തേ ഗവൺമെന്റ് ജീവനക്കാരായിരുന്ന ആളുകൾ പരാതിപ്പെട്ടതായി ബ്രസീലിലെ ഡിയാറിയോ ഡെ പെർനാമ്പൂക്കോ
റിപ്പോർട്ടു ചെയ്തു. വാർധക്യരോഗ ചികിത്സാവിദഗ്ധനായ ഗീഡോ ഷാഷ്നിക്കിന്റെ അഭിപ്രായപ്രകാരം “നേരത്തേ ജോലിയിൽനിന്നു വിരമിക്കുന്ന പുരുഷന്മാർ മദ്യത്തിൽ അഭയം തേടുന്നതും സ്ത്രീകൾ മരുന്നുകളെ അമിതമായി ആശ്രയിക്കുന്നതും സാധാരണമാണ്.” ജോലിയിൽനിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നവർ “കടബാധ്യതകൾ ഒഴിവാക്കുകയും തങ്ങളുടെ കഴിവുകളെ പുതിയ മണ്ഡലങ്ങളിലേക്ക് തിരിച്ചുവിടുകയും കടത്തിന്റെ നിലയില്ലാക്കയത്തിൽ അകപ്പെടുന്നത് ഒഴിവാക്കുന്നതിനുള്ള ഉപദേശങ്ങൾ ആരായുകയും” ചെയ്യേണ്ടത് ആവശ്യമാണ് എന്ന് മനശ്ശാസ്ത്രജ്ഞയായ ഗ്രാസ സേന്റൊസ് പറയുന്നു. (g01 3/8)മനസ്സ് ഹൃദയത്തെ ബാധിക്കുന്നു
മാനസിക സമ്മർദം രണ്ടാമതൊരു ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു എന്ന് ടഫ്റ്റ്സ് യൂണിവേഴ്സിറ്റി ഹെൽത്ത് & ന്യുട്രീഷൻ ലെറ്റർ അഭിപ്രായപ്പെടുന്നു. അതു കൂടുതലായി ഇങ്ങനെ പറയുന്നു: “ഹൃദ്രോഗം ആദ്യമായി ഉണ്ടാകുന്നതിന് ഇടയാക്കുന്നതിലും മനസ്സിനു പങ്കുണ്ട് എന്നതിന് തെളിവുകൾ വർധിച്ചുവരികയാണ്.” “കോപ പ്രവണത ഉള്ളവർക്ക്, ഹൃദയാഘാതം ഉണ്ടാകാനോ ഹൃദ്രോഗത്താൽ മരിക്കാനോ ഉള്ള സാധ്യത അതില്ലാത്തവരെക്കാൾ ഏകദേശം മൂന്നു മടങ്ങു കൂടുതലാണ് എന്നും, “വിദ്വേഷത്തിന്റെ ഫലങ്ങൾ താരതമ്യേന ചെറുപ്പത്തിൽത്തന്നെ പ്രകടമാകുന്നു” എന്നും അടുത്തകാലത്തു നടത്തിയ പഠനങ്ങൾ തെളിയിക്കുന്നു. സമ്മർദം, ഹൃദയപേശിക്കും ഹൃദയത്തിലേക്കു രക്തം എത്തിക്കുന്ന രക്തക്കുഴലുകൾക്കും കേടുപാടുകൾ ഉണ്ടാക്കുന്നു. വിഷാദത്തിന്, ഹൃദയാഘാതമോ മറ്റു ഹൃദ്രോഗങ്ങളോ ഉണ്ടാകാനുള്ള സാധ്യത 70 ശതമാനത്തിലധികം വർധിപ്പിക്കാൻ കഴിയും. എന്നിരുന്നാലും, ഒരു വ്യക്തിക്ക് കുടുംബാംഗങ്ങളിൽനിന്നും സുഹൃത്തുക്കളിൽനിന്നും ഒക്കെ നല്ല പിന്തുണ ഉണ്ടെങ്കിൽ വിഷാദത്തിന്റെ അനന്തരഫലങ്ങൾ കുറയ്ക്കാൻ കഴിയുമെന്ന് ഗവേഷകർ പറയുന്നു. (g01 3/22)
ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗം
“ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം സംബന്ധിച്ച് ആരോഗ്യവിദഗ്ധർ നൽകുന്ന ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ ബധിരകർണങ്ങളിലാണു പതിക്കുന്നത്” എന്ന് ന്യൂ സയന്റിസ്റ്റ് മാസിക കുറിക്കൊള്ളുന്നു. “ഐക്യനാടുകളിലെ ഒമ്പതു സംസ്ഥാനങ്ങളിലുള്ള 10,000 ആളുകളുടെ ഇടയിൽ നടത്തിയ ഒരു സർവേ വെളിപ്പെടുത്തിയതനുസരിച്ച് 32 ശതമാനം പേർ ആന്റബയോട്ടിക്കുകൾക്ക് ജലദോഷത്തെ സുഖപ്പെടുത്താൻ കഴിയുമെന്ന് വിശ്വസിക്കുന്നു. ജലദോഷമുള്ളപ്പോൾ ആന്റിബയോട്ടിക്കുകൾ കഴിക്കുകയാണെങ്കിൽ കൂടുതൽ ഗുരുതരമായ രോഗങ്ങൾ തടയാൻ കഴിയുമെന്ന് 27 ശതമാനം പേർ വിശ്വസിക്കുന്നു. ജലദോഷത്തിന്റെ ലക്ഷണങ്ങൾക്ക് ഡോക്ടറെ കാണുമ്പോൾ 48 ശതമാനം പേരും അദ്ദേഹം ആന്റിബയോട്ടിക്ക് കുറിച്ചുകൊടുക്കാൻ പ്രതീക്ഷിക്കുന്നു.” എന്നാൽ ജലദോഷം പോലെയുള്ള വൈറസ ബാധകൾക്കെതിരെ ആന്റിബയോട്ടിക്കുകൾ പ്രവർത്തിക്കുകയില്ല. ബാക്ടീരിയാ ബാധകൾക്കെതിരെ മാത്രമേ അവ പ്രവർത്തിക്കുകയുള്ളൂ. ഔഷധ പ്രതിരോധശേഷിയുള്ള രോഗങ്ങൾക്കുള്ള ഒരു പ്രധാന കാരണം ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗമാണെന്നു കരുതപ്പെടുന്നു. (1998 ഡിസംബർ 22 ലക്കം ഉണരുക!യുടെ 28-ാം പേജ് കാണുക.) ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ബ്രയാൻ സ്പ്രാറ്റ് പറയുന്നു: “ശരിയായ വസ്തുത ആളുകളെ ബോധ്യപ്പെടുത്തുന്നതിന് നാം കുറേക്കൂടെ മെച്ചമായ ഒരു മാർഗം കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.” (g01 3/22)
വിവാദപരമായ ഒരു തിരഞ്ഞെടുപ്പ്
ജോൺ പോൾ രണ്ടാമൻ പാപ്പാ 2000 സെപ്റ്റംബറിൽ പീയൂസ് ഒമ്പതാമനെ (പാപ്പാ, 1846-78) വിശുദ്ധനായി പ്രഖ്യാപിക്കാനുള്ള നടപടികളെടുത്തു. പീയൂസ് ഒമ്പതാമൻ “സുവിശേഷകരെ ഞെട്ടിക്കുന്ന തരത്തിലുള്ള തീരുമാനങ്ങൾ—രാഷ്ട്രത്തിന്റെ തലവൻ എന്ന നിലയിലുള്ള തന്റെ അധികാരത്തെ ചോദ്യം ചെയ്തതിന്റെ പേരിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഇറ്റലിക്കാരായ ദേശസ്നേഹികളുടെ വധനിർവഹണത്തിന് അനുമതി നൽകിയതുപോലെയുള്ളവ—[എടുത്തിട്ടുണ്ട്]” എന്ന് ലാ ക്ര്വാ എന്ന കത്തോലിക്കാ ദിനപ്പത്രത്തിൽ ഫ്രഞ്ചു ചരിത്രകാരനായ റെനേ റേമോൺ പരാമർശിച്ചിരിക്കുന്നു. പീയൂസ് ഒമ്പതാമനെ “യൂറോപ്പിലെ സമ്പൂർണ അധികാരമുള്ള അവസാനത്തെ ഏകാധിപതി” എന്നു വിളിച്ചുകൊണ്ട് ല മോൺട് എന്ന വർത്തമാനപ്പത്രം ഈ പാപ്പാ-രാജാവിന്റെ അസഹിഷ്ണുതയെ, പ്രത്യേകിച്ചും “മനഃസാക്ഷി സ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങൾ, യഹൂദന്മാരുടെ വിമോചനം” എന്നിവയ്ക്കെതിരെ അദ്ദേഹം നടത്തിയ പോരാട്ടത്തെ എടുത്തുകാട്ടുന്നു. പീയൂസ് ഒമ്പതാമൻ “ജനാധിപത്യം, മതസ്വാതന്ത്ര്യം, സഭയെ രാഷ്ട്രത്തിൽനിന്നു വേർതിരിക്കൽ, പത്രസ്വാതന്ത്ര്യം, ചിന്താ സ്വാതന്ത്ര്യം, കൂടിവരാനുള്ള സ്വാതന്ത്ര്യം എന്നിവയെ അപലപിച്ചു” എന്ന് പത്രം കൂട്ടിച്ചേർക്കുന്നു. വിശ്വാസസംബന്ധവും ധാർമികവുമായ കാര്യങ്ങളിൽ പാപ്പായ്ക്കുള്ള അപ്രമാദിത്വത്തെ അംഗീകരിച്ച 1869-ലെ ഒന്നാം വത്തിക്കാൻ കൗൺസിൽ വിളിച്ചുകൂട്ടിയത് പീയൂസ് ഒമ്പതാമനാണ്. (g01 3/22)
ഡാൻഡിലൈയൻ—അത്ഭുതഗുണവിശേഷങ്ങളോടു കൂടിയ കള
“എല്ലാ സ്ഥലങ്ങളിലുമുള്ള ഗോൾഫ് മൈതാന മേൽനോട്ടക്കാരും പുൽത്തകിടികളുടെ പരിപാലനത്തിൽ അതീവശ്രദ്ധാലുക്കളായ അതിന്റെ ഉടമസ്ഥരും” ഡാൻഡിലൈയൻ ചെടികളെ “ഒന്നാം നമ്പർ പൊതുശത്രു, പറിച്ചെറിഞ്ഞാലും പോകാത്ത കള എന്നൊക്കെ വിളിച്ചാണ് അധിക്ഷേപിക്കുന്നത്” എന്ന് മെക്സിക്കോ നഗരത്തിലെ ദ ന്യൂസ് പ്രസ്താവിക്കുന്നു. എന്നിരുന്നാലും, ഡാൻഡിലൈയൻ “ലോകത്തിലെ ഏറ്റവും ആരോഗ്യദായകമായ സസ്യങ്ങളിലൊന്നാണ്.” നിങ്ങളുടെ ആരോഗ്യത്തിനും ഭക്ഷണക്രമത്തിനും വളരെയേറെ സംഭാവന ചെയ്യാൻ ഇതിനു കഴിയും. ജീവകം-എയും പൊട്ടാസ്യവും ധാരാളം അടങ്ങിയിരിക്കുന്ന ഡാൻഡിലൈയൻ, ബ്രോക്കൊലിയെക്കാളും വശളച്ചീരയെക്കാളും (spinach) പോഷകസമൃദ്ധമാണ്. ഈ ചെടിയുടെ എല്ലാ ഭാഗങ്ങളും ഉപയോഗപ്രദമാണ്. ഇതിന്റെ തളിരിലകൾ സാലഡുകളിൽ ഉപയോഗിക്കാൻ നല്ലതാണ്. മാത്രമല്ല, വശളച്ചീര ചേർക്കേണ്ട മിക്കവാറും എല്ലാ പാചകവിധികളിലും ഇത് ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ ഉണക്കി വറുത്തെടുത്ത വേരുകൾ ചേർത്ത് കാപ്പി പോലുള്ള ഒരു പാനീയം ഉണ്ടാക്കാം. ഇതിന്റെ പൂവുകൾ വീഞ്ഞുപോലെയുള്ള ഒരു പാനീയം ഉണ്ടാക്കാൻ ഉപയോഗിക്കാം. കരളിനെ ശുദ്ധീകരിക്കുന്നതിനും ലിവർ ടോണിക്കായും, രക്തം വർധിപ്പിക്കുന്നതിനും ശുദ്ധീകരിക്കുന്നതിനും, ശക്തി കുറഞ്ഞ മൂത്രവിസർജന സഹായിയായും പണ്ടുമുതൽക്കേ ഡാൻഡിലൈയൻ ഉപയോഗിച്ചു വന്നിരിക്കുന്നു. “ചൈനീസ് ഔഷധപ്പെട്ടിയിലെ ആറു പ്രധാന പച്ചമരുന്നുകളിൽ ഒന്നാണ്” ഡാൻഡിലൈയൻ എന്ന് ദ ന്യൂസ് പ്രസ്താവിക്കുന്നു. പുൽത്തകിടിയോ പുൽമേടുകളോ ഉള്ളവർക്ക് ഡാൻഡിലൈയൻ പണം മുടക്കില്ലാതെ ലഭിക്കും. (g01 3/22)