വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒട്ടകങ്ങളും കാട്ടുകുതിരകളും സ്വൈരവിഹാരം നടത്തുന്നിടം

ഒട്ടകങ്ങളും കാട്ടുകുതിരകളും സ്വൈരവിഹാരം നടത്തുന്നിടം

ഒട്ടകങ്ങ​ളും കാട്ടു​കു​തി​ര​ക​ളും സ്വൈ​ര​വി​ഹാ​രം നടത്തു​ന്നി​ടം

ഓസ്‌ട്രേലിയയിലെ ഉണരുക! ലേഖകൻ

ഔട്ട്‌ബാക്ക്‌ ഓസ്‌​ട്രേ​ലിയ അഥവാ ഓസ്‌​ട്രേ​ലി​യ​യി​ലെ ഒറ്റപ്പെട്ട ഉൾപ്ര​ദേ​ശങ്ങൾ എന്നു കേൾക്കു​മ്പോൾ നിങ്ങളു​ടെ മനസ്സി​ലേക്ക്‌ ഓടി​യെ​ത്തു​ന്നത്‌ എന്താണ്‌? ചാടി​ച്ചാ​ടി നടക്കുന്ന കങ്കാരു​വും പറക്കാൻ കഴിവി​ല്ലാത്ത എമുവും നിറഞ്ഞ, പൊടി​പാ​റുന്ന ചെമന്ന മരുഭൂ​മി​ക​ളും ചുട്ടു​പൊ​ള്ളുന്ന പകലു​ക​ളും ഉള്ള ഒരു ദേശത്തി​ന്റെ ചിത്ര​മാ​ണോ? നിങ്ങളു​ടെ ധാരണ കുറെ​യൊ​ക്കെ ശരിതന്നെ—എന്നാൽ അത്‌ വിസ്‌മ​യ​ങ്ങ​ളു​ടെ നാടു കൂടി​യാണ്‌.

ഭൂമി​യിൽ, വന്യമായ ഒട്ടക കൂട്ടങ്ങ​ളുള്ള ഏക സ്ഥലം ഓസ്‌​ട്രേ​ലിയ ആണെന്ന്‌, ഈ ലോക​ത്തിൽ കാട്ടു​കു​തി​ര​ക​ളു​ടെ​യും കഴുത​ക​ളു​ടെ​യും ഏറ്റവും വലിയ കൂട്ടം അധിവ​സി​ക്കു​ന്നത്‌ അവി​ടെ​യാ​ണെന്ന്‌, നിങ്ങൾ അറിഞ്ഞി​രു​ന്നോ? പ്രതി​കൂല സാഹച​ര്യ​ങ്ങളെ ചെറു​ത്തു​നിൽക്കാൻ ശേഷി​യുള്ള ഈ മൃഗങ്ങ​ളു​ടെ ആഗമന​വും അതിജീ​വ​ന​വും പൊരു​ത്ത​പ്പെടൽ പ്രാപ്‌തി​യു​ടെ​യും ഏറ്റുമു​ട്ട​ലു​ക​ളു​ടെ​യും അധിക​മാ​രും അറിയാത്ത ഒരു കഥയാണ്‌. ഒപ്പം, പോയ നാളു​ക​ളു​ടെ ഒരു ജീവി​ക്കുന്ന സ്‌മാ​ര​ക​വും.

ഒട്ടകങ്ങൾ—ഔട്ട്‌ബാ​ക്കി​ന്റെ വികാ​സ​ത്തി​നു പിന്നിൽ

ഓസ്‌​ട്രേ​ലി​യ​യി​ലെ ഒട്ടകം (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തിൽ ഒരു ഗോപാ​ലകൻ ഉണർത്തിയ അതേ പരാതി​തന്നെ കഴിഞ്ഞ നാലു ദശാബ്ദ​ങ്ങ​ളാ​യി ചില ഉൾനാടൻ കാലി​വ​ളർത്ത​ലു​കാ​രും ഏറ്റുപാ​ടി​യി​രി​ക്കു​ന്നു. ഗോപാ​ല​കന്റെ പരാതി ഇതായി​രു​ന്നു: “5 ഒട്ടകങ്ങൾ 10 കിലോ​മീ​റ്റർ ദൂരത്തിൽ വേലി തകർത്തി​ട്ടി​രി​ക്കു​ന്നത്‌ ഞാൻ കണ്ടിരി​ക്കു​ന്നു. . . . വേലി​യു​ടെ ഒരു ഭാഗത്ത്‌ അവ കമ്പി തകർത്തു കളഞ്ഞതി​നു പുറമേ, വേലി​ക്കാ​ലും മറിച്ചി​ട്ടി​രു​ന്നു.”

നീളൻ കാലു​ക​ളും പൊണ്ണൻ ശരീര​വും ഉള്ള ഒട്ടകം വിചാ​രി​ച്ചാൽ എത്ര പണം മുടക്കി നിർമിച്ച വേലി​ക്കെ​ട്ടും തകർത്തു​ക​ള​യാ​വു​ന്ന​തേ​യു​ള്ളൂ. എന്നാൽ ബലിഷ്‌ഠ​മായ ഈ കാലുകൾ തന്നെയാണ്‌ ഈ ഭൂഖണ്ഡ​ത്തി​ന്റെ വരണ്ടു​ണ​ങ്ങിയ ഉൾപ്ര​ദേ​ശ​ങ്ങൾക്കു കുറുകെ ജീവത്‌പ്ര​ധാ​ന​മായ ചില നിർമാ​ണ​പ്ര​വർത്ത​നങ്ങൾ സാധ്യ​മാ​ക്കി​യ​തും.

ആയിര​ത്തെ​ണ്ണൂ​റ്റ​റു​പ​തിൽ ഇന്ത്യയിൽനിന്ന്‌ ഇറക്കു​മതി ചെയ്യപ്പെട്ട ഒട്ടകങ്ങൾ, ഓസ്‌​ട്രേ​ലി​യ​യു​ടെ തെക്കു​നിന്ന്‌ വടക്കോ​ട്ടുള്ള ഐതി​ഹാ​സിക യാത്ര​യിൽ പര്യ​വേ​ക്ഷ​ക​രായ ബർക്കി​നോ​ടും വിൽസി​നോ​ടും ഒപ്പമു​ണ്ടാ​യി​രു​ന്നു. അസാധാ​രണ കരുത്തും സഹന​ശേ​ഷി​യും ഉള്ള ഈ മൃഗങ്ങൾ ആദ്യകാല സാഹസി​ക​രു​ടെ പ്രിയ​പ്പെട്ട കൂട്ടാ​ളി​ക​ളാ​യി​ത്തീർന്നു. അപാര മൈ​ലേ​ജുള്ള അവയ്‌ക്ക്‌ 15 ലിറ്റർ വെള്ളം മാത്രം അകത്താ​ക്കി​ക്കൊണ്ട്‌ 300 കിലോ​ഗ്രാം ഭാരവും പേറി 800 കിലോ​മീ​റ്റർ സഞ്ചരി​ക്കാൻ കഴിഞ്ഞു.

തികച്ചും ആശ്രയ​യോ​ഗ്യ​രായ ഈ മൃഗങ്ങൾ, പുതു​താ​യി കണ്ടെത്തിയ സ്വർണ വയലു​ക​ളിൽ ഭക്ഷണവും സാമ​ഗ്രി​ക​ളും എത്തിക്കു​ന്ന​തി​ലും ആഡെ​ലെ​യ്‌ഡിൽനിന്ന്‌ ഡാർവി​നി​ലേക്ക്‌ കരമാർഗം ടെല​ഗ്രാഫ്‌ ലൈൻ നിർമി​ക്കു​ന്ന​തി​ലും സിഡ്‌നി​യെ പെർത്തു​മാ​യി ബന്ധിപ്പി​ക്കുന്ന ട്രാൻസ്‌-ഓസ്‌​ട്രേ​ലി​യൻ റെയിൽ പാതയ്‌ക്കു​വേണ്ടി സ്ഥലം സർവേ ചെയ്യു​ന്ന​തി​ലും സഹായി​ച്ചു. നാൽപ്പതു ലക്ഷം ചതുരശ്ര കിലോ​മീ​റ്റർ വിസ്‌തൃ​തി​യിൽ അവ പാത തെളിച്ച്‌ മുന്നേറി. ആ പാത പിന്തു​ട​രാൻ ആധുനിക വാഹന​ങ്ങൾക്ക്‌ ഇപ്പോൾ പോലും ബുദ്ധി​മു​ട്ടാണ്‌.

ആയിര​ത്തി​ത്തൊ​ള്ളാ​യി​രത്തി ഇരുപ​ത്തി​രണ്ട്‌ ആയപ്പോ​ഴേ​ക്കും മെരു​ക്കി​യെ​ടുത്ത ഒട്ടകങ്ങ​ളു​ടെ എണ്ണം 22,000 എന്ന അത്യു​ച്ച​ത്തി​ലെത്തി. എന്നാൽ മോ​ട്ടോർവാ​ഹ​നങ്ങൾ വന്നെത്തി​യ​തോ​ടെ നിരവധി ഒട്ടകങ്ങളെ സ്വത​ന്ത്ര​മാ​യി വിട്ടയച്ചു. യഥേഷ്ടം ചുറ്റി​ത്തി​രി​യാ​നും പെറ്റു​പെ​രു​കാ​നു​മുള്ള സ്വാത​ന്ത്ര്യം ലഭിച്ച​തി​ന്റെ ഫലമായി, ഇന്ന്‌ ഓസ്‌​ട്രേ​ലി​യൻ മരുഭൂ​മി​ക​ളി​ലെ ഒട്ടകങ്ങ​ളു​ടെ എണ്ണം 2,00,000 കവിഞ്ഞി​രി​ക്കു​ന്നു​വ​ത്രെ. ആറു വർഷത്തി​നു​ള്ളിൽ ഇവയുടെ എണ്ണം ഇരട്ടി​യാ​കു​മെന്ന്‌ ചിലർ കണക്കാ​ക്കു​ന്നു.

എന്നാൽ പ്രകൃ​തി​യു​ടെ മടിത്ത​ട്ടിൽ സ്വൈ​ര​വി​ഹാ​രം നടത്താ​നുള്ള അവസരം ഈ ഒട്ടകങ്ങ​ളിൽ എല്ലാറ്റി​നു​മില്ല. മധ്യ ഓസ്‌​ട്രേ​ലി​യൻ ഒട്ടക സമിതി​യു​ടെ ഒരു വക്താവ്‌ ഉണരുക!യോട്‌ ഇങ്ങനെ പറഞ്ഞു: “ലോക​ത്തിൽ രോഗ​ങ്ങ​ളി​ല്ലാത്ത ഒട്ടക കൂട്ടങ്ങൾ ഉള്ളത്‌ ഓസ്‌​ട്രേ​ലി​യ​യിൽ മാത്ര​മാണ്‌. അതു​കൊണ്ട്‌, എല്ലാ വർഷവും കുറച്ച്‌ എണ്ണത്തെ ഐക്യ​നാ​ടു​ക​ളി​ലെ​യും ഏഷ്യയി​ലെ​യും മൃഗശാ​ല​ക​ളി​ലേ​ക്കും പാർക്കു​ക​ളി​ലേ​ക്കും കയറ്റി അയയ്‌ക്കു​ന്നുണ്ട്‌.” കൂടാതെ, ഒട്ടകപ്പു​റ​ത്തേറി ഓസ്‌​ട്രേ​ലി​യ​യു​ടെ ഉൾപ്ര​ദേ​ശത്തെ വന്യ ചുറ്റു​പാ​ടു​ക​ളിൽ സന്ദർശനം നടത്താ​നുള്ള അവസരം പ്രാ​ദേ​ശിക ടൂർ സംഘാ​ടകർ സന്ദർശ​കർക്കു നൽകു​ന്നുണ്ട്‌. ഒട്ടകങ്ങൾക്കു പുറമേ, അടിമ​നു​ക​ത്തിൽനി​ന്നു മോചി​പ്പി​ക്ക​പ്പെട്ട മറ്റു ചുമട്ടു മൃഗങ്ങ​ളെ​യും അവിടെ കാണാം.

കാട്ടു​കു​തി​ര

ആദ്യത്തെ ഇംഗ്ലീഷ്‌ നാവി​ക​വ്യൂ​ഹം തടവു​കാ​രെ​യും പട്ടാള​ക്കാ​രെ​യും കുതി​ര​ക​ളെ​യും കൊണ്ട്‌ 1788-ലാണ്‌ ഓസ്‌​ട്രേ​ലി​യൻ തീരത്ത്‌ എത്തിയത്‌. ഈ രാജ്യത്തെ കുതി​ര​യു​ടെ ചരിത്രം അതിന്റെ കൂട്ടാ​ളി​യായ മനുഷ്യ​ന്റേതു പോലെ തന്നെ, സാഹസി​ക​ത​യും ദുരി​ത​വും ഇഴകോർത്ത​താണ്‌.

ആദ്യകാല കുടി​യേ​റ്റ​ക്കാ​രെ ഭൂഖണ്ഡ​ത്തി​ന്റെ നാലു കോണി​ലും എത്തിച്ചു​കൊണ്ട്‌ കുതി​രകൾ പുതിയ പ്രദേശം കീഴട​ക്കാ​നുള്ള അവരുടെ നെട്ടോ​ട്ട​ത്തിൽ ഒരു നിർണാ​യക പങ്കുതന്നെ വഹിച്ചു. ഇതിനി​ട​യിൽ ഒറ്റതി​രി​ഞ്ഞു​പോ​യ​വ​യും കടന്നു​ക​ള​ഞ്ഞ​വ​യും ആയ കുതി​രകൾ ചേർന്ന്‌ കാട്ടു​കു​തി​ര​ക​ളു​ടെ പറ്റങ്ങൾ രൂപം കൊണ്ടു. ഇങ്ങനെ കാടു​ക​യ​റി​പ്പോ​കുന്ന കുതി​ര​കളെ കുറി​ക്കാൻ ഉപയോ​ഗി​ക്കുന്ന ആംഗലേയ പദമായ “ബ്രംബി” ക്വീൻസ്‌ലാൻഡി​ലെ ആദിവാ​സി പദമായ ബാരൂം​ബി​യിൽനിന്ന്‌ ഉണ്ടായ​താ​കാ​നി​ട​യുണ്ട്‌. “വന്യം” എന്നാണ്‌ ഈ പദത്തി​നർഥം.

കാട്ടു​കു​തി​ര​യു​ടെ സ്വത​ന്ത്ര​വും വന്യവും ആയ പ്രകൃതി എ. ബി. (ബാഞ്ചോ) പാറ്റെ​ഴ്‌സ​ണി​നെ​പോ​ലുള്ള കവിക​ളു​ടെ ഭാവനയെ തൊട്ടു​ണർത്തി. അദ്ദേഹ​ത്തി​ന്റെ “ദ മാൻ ഫ്രം സ്‌നോ​വി റിവർ” എന്ന കാവ്യം, പല ഓസ്‌​ട്രേ​ലി​യ​ക്കാ​രു​ടെ​യും ഹൃദയ​ങ്ങ​ളിൽ കാട്ടു​കു​തി​ര​യു​ടെ സ്ഥാനം ഉറപ്പാക്കി. ഒന്നാം ലോക​മ​ഹാ​യു​ദ്ധ​ത്തി​നു ശേഷം വെയ്‌ല​റി​ന്റെ—ഓസ്‌​ട്രേ​ലി​യൻ ലൈറ്റ്‌ ഹോഴ്‌സ്‌ ബ്രി​ഗേ​ഡി​നു​വേണ്ടി പ്രത്യേ​കം ഉത്‌പാ​ദി​പ്പി​ച്ചെ​ടു​ത്ത​തും ഇന്ത്യൻ സേന ഉപയോ​ഗി​ച്ചി​രു​ന്ന​തു​മായ കുതി​ര​യാണ്‌ അത്‌—ഡിമാൻഡ്‌ കുറയു​ക​യും അവയെ സ്വത​ന്ത്ര​മാ​യി വിട്ടയ​യ്‌ക്കു​ക​യും ചെയ്‌ത​തോ​ടെ കാട്ടു​കു​തി​ര​ക​ളു​ടെ എണ്ണം വർധിച്ചു. ഓസ്‌​ട്രേ​ലി​യ​യിൽ ഇപ്പോൾ 3,00,000 കാട്ടു​കു​തി​രകൾ ഉണ്ടെന്ന്‌ കണക്കാ​ക്ക​പ്പെ​ടു​ന്നു.

സ്വത​ന്ത്ര​മാ​യി ചുറ്റി​ത്തി​രി​യുന്ന ഈ കുതി​ര​ക​ളു​ടെ കുളമ്പു​കൾ കൊല്ലന്റെ ചുറ്റിക പോലെ വർത്തി​ക്കു​ന്നു. അവ ദുർബ​ല​മായ മേൽമ​ണ്ണി​നെ പൊടി​ച്ചു​ക​ള​യു​ക​യും ജലാശ​യ​ക്ക​ര​യി​ലെ മണ്ണിനെ അടർത്തി​ക്ക​ള​യു​ക​യും ചെയ്യുന്നു. വരൾച്ച​ക്കാ​ലത്ത്‌, അവ പട്ടിണി കിടന്നോ വെള്ളം കിട്ടാ​തെ​യോ ചാകുന്നു. ഇപ്പോൾത്തന്നെ കന്നുകാ​ലി​പ്പ​റ്റ​ങ്ങ​ളു​ടെ പെരു​പ്പ​ത്താൽ പൊറു​തി മുട്ടുന്ന ഒരു രാജ്യത്ത്‌ ഈ കാട്ടു​കു​തി​രകൾ താങ്ങാ​നാ​വാത്ത ഒരു ഭാരമാ​യി​ത്തീർന്നി​രി​ക്കു​ന്നു. അതു​കൊണ്ട്‌ അവയുടെ എണ്ണം കുറയ്‌ക്കാ​നാ​യി ഓരോ വർഷവും നിയമ​ത്തി​ന്റെ പിന്തു​ണ​യോ​ടു​കൂ​ടി​ത്തന്നെ ആയിര​ക്ക​ണ​ക്കി​നെ​ണ്ണത്തെ കൊന്നു​ക​ള​യു​ന്നു. ചിലതി​നെ മനുഷ്യൻ ഇറച്ചി​ക്കാ​യി ഉപയോ​ഗി​ക്കു​ന്നു. മറ്റു ചിലതി​നെ മൃഗങ്ങൾക്കുള്ള തീറ്റയാ​യി വിൽക്കു​ന്നു.

എണ്ണം കണക്കി​ലെ​ടു​ക്കു​മ്പോൾ യഥാർഥ​ത്തിൽ സ്വൈ​ര​വി​ഹാ​രം നടത്തി​യി​രി​ക്കു​ന്നത്‌ കാട്ടു​കു​തി​ര​യു​ടെ ബന്ധുവായ കാട്ടു​ക​ഴു​ത​യാണ്‌. കാട്ടു​കു​തി​ര​യെ​ക്കാ​ളും ഉത്‌പാ​ദന ശേഷി​യു​ള്ള​തും ഒട്ടക​ത്തെ​ക്കാ​ളും വ്യാപ​ക​വു​മായ കാട്ടു​ക​ഴു​ത​യ്‌ക്ക്‌ സ്വന്തം നേട്ടം ഒരു ശാപമാ​യി​ത്തീർന്നി​രി​ക്കു​ന്നു.

യൂദാ പദ്ധതി

കുതി​ര​ക​ളെ​പ്പോ​ലെ​തന്നെ കഴുത​ക​ളും ആദ്യമാ​യി ഇറക്കു​മതി ചെയ്യ​പ്പെ​ട്ടത്‌ 1700-കളുടെ അവസാ​ന​ത്തോ​ടെ​യാണ്‌. ഭാരം വലിക്കാ​നോ നിലം ഉഴാനോ ആയി ഉപയോ​ഗി​ക്ക​പ്പെട്ട അവ പെട്ടെ​ന്നു​തന്നെ പുതിയ പരിതഃ​സ്ഥി​തി​യു​മാ​യി ഇണങ്ങി​ച്ചേർന്നു. 1920-കളിൽ വന്യ പരിസ്ഥി​തി​യി​ലേക്ക്‌ അവയെ കൂട്ട​ത്തോ​ടെ വിട്ടയച്ചു. തുടർന്ന്‌ അവയുടെ അംഗസം​ഖ്യ സ്വാഭാ​വിക കാട്ടു​ക​ഴു​ത​ക​ളു​ടേ​തി​ന്റെ 30 ഇരട്ടി​യാ​യി​ത്തീർന്നു.

ഒട്ടകങ്ങ​ളെ​പ്പോ​ലെ മരുഭൂ​മി​യി​ലെ ജീവി​ത​ത്തിന്‌ അനു​യോ​ജ്യ​മായ ശരീര​ഘ​ട​ന​യാണ്‌ കഴുത​കൾക്കു​മു​ള്ളത്‌. ശരീര​ത്തിൽ ജലാംശം തീരെ കുറവാ​യി​രി​ക്കുന്ന സമയത്ത്‌ വിയർപ്പി​ലൂ​ടെ ജലം നഷ്ടപ്പെ​ടു​ന്നത്‌ തടയാൻ അവയ്‌ക്കു കഴിയും. കൂടാതെ, ശരീര​ഭാ​ര​ത്തി​ന്റെ 30 ശതമാനം വരെ ജലം നഷ്ടപ്പെ​ട്ടാ​ലും അവയ്‌ക്കു ജീവി​ച്ചി​രി​ക്കാൻ കഴിയും. (ശരീര​ഭാ​ര​ത്തി​ന്റെ 12 മുതൽ 15 വരെ ശതമാനം ജലനഷ്ടം പോലും താങ്ങാൻ മറ്റു പല സസ്‌ത​നി​കൾക്കും സാധ്യമല്ല.) തഴച്ചു​വ​ള​രുന്ന മേച്ചിൽപ്പു​റ​ങ്ങ​ളോ​ടാണ്‌ അവയ്‌ക്കു പ്രിയം. എങ്കിലും കന്നുകാ​ലി​കൾ തിരിഞ്ഞു നോക്കു​ക​പോ​ലും ഇല്ലാത്ത പരുക്കൻ സസ്യങ്ങൾ തിന്നു ജീവി​ക്കാൻ അവയ്‌ക്കു ബുദ്ധി​മു​ട്ടില്ല. 1970-കൾ ആയപ്പോ​ഴേ​ക്കും 7,50,000-ത്തിലധി​കം കഴുതകൾ ഭൂഖണ്ഡ​ത്തി​ന്റെ പകുതി ഭാഗത്ത്‌ വിഹരി​ച്ചി​രു​ന്നു. ഇവയുടെ എണ്ണം വർധി​ച്ചു​വ​രു​ന്നത്‌ പരിസ്ഥി​തി വ്യവസ്ഥ​യ്‌ക്കും കന്നുകാ​ലി വ്യവസാ​യ​ത്തി​നും ഒരു ഭീഷണി​യാ​യി​ത്തീർന്നു; അതു​കൊണ്ട്‌ ഇതി​നെ​തി​രെ നടപടി എടു​ക്കേ​ണ്ടത്‌ ആവശ്യ​മാ​യി വന്നു.

1978 മുതൽ 1993 വരെയുള്ള കാലഘ​ട്ട​ത്തിൽ കഴുതകൾ ക്രമീ​കൃ​ത​മാ​യി കൊല​ചെ​യ്യ​പ്പെട്ടു. വടക്കു​പ​ടി​ഞ്ഞാ​റൻ ഓസ്‌​ട്രേ​ലി​യ​യിൽത്തന്നെ 5,00,000-ത്തിലധി​കം കഴുത​ക​ളെ​യാണ്‌ കൊ​ന്നൊ​ടു​ക്കി​യത്‌. യൂദാ പദ്ധതി എന്നു വിളി​ക്ക​പ്പെ​ടുന്ന ഒന്ന്‌ ഇപ്പോൾ നടപ്പാ​ക്കി​വ​രു​ക​യാണ്‌. കഴുത​ക​ളിൽ റേഡി​യോ ട്രാൻസ്‌മി​റ്റ​റു​കൾ ഘടിപ്പി​ച്ചിട്ട്‌—ഇപ്പോൾ 300 കഴുത​ക​ളിൽ ഇത്‌ ഘടിപ്പി​ച്ചി​ട്ടുണ്ട്‌—അവയെ വിട്ടയ​യ്‌ക്കു​ന്നു. മറ്റു കഴുത​ക​ളു​ടെ അടു​ത്തേക്കു പോകുന്ന ഇവ, ഹെലി​കോ​പ്‌റ്റ​റിൽ പിന്തു​ട​രുന്ന നിരീ​ക്ഷ​കർക്ക്‌ ഫലത്തിൽ അവയെ ഒറ്റി​ക്കൊ​ടു​ക്കു​ന്നു. ഇങ്ങനെ കണ്ടെത്തുന്ന കഴുത​കളെ ദയാപൂർവ​മായ രീതി​യിൽ കൊ​ന്നൊ​ടു​ക്കു​ന്നു. യൂദാ കഴുത മറ്റൊരു പറ്റത്തിന്റെ അടു​ത്തേക്കു പോകു​മ്പോൾ അവയെ​യും കണ്ടെത്താ​നാ​കു​ന്നു.

“ഇത്‌ ദീർഘ​കാല അടിസ്ഥാ​ന​ത്തി​ലുള്ള ഒരു പ്രശ്‌ന​മാണ്‌” പടിഞ്ഞാ​റൻ ഓസ്‌​ട്രേ​ലി​യ​യി​ലെ ഒരു കൃഷി സംരക്ഷണ ഓഫീസർ ഉണരുക!-യോടു പറഞ്ഞു. “പ്രത്യു​ത്‌പാ​ദന ശേഷി​യുള്ള കഴുത​ക​ളു​ടെ ചെറിയ പറ്റങ്ങളെ അങ്ങനെ വിട്ടി​രു​ന്നാൽ, വളരെ ചുരു​ങ്ങിയ കാലഘ​ട്ടം​കൊണ്ട്‌ കഴുത​ക​ളു​ടെ എണ്ണം 1970-കളിലെ അത്രയും​തന്നെ ആകും,” അദ്ദേഹം മുന്നറി​യി​പ്പു നൽകി. “ഈ മൃഗങ്ങളെ കൊല്ലു​ക​യും അവി​ടെ​ത്തന്നെ ഉപേക്ഷി​ച്ചു​പോ​രു​ക​യും ചെയ്യു​ന്ന​തി​ന്റെ കാരണം ആളുകൾക്ക്‌ പലപ്പോ​ഴും മനസ്സി​ലാ​കു​ന്നില്ല. എന്നാൽ അങ്ങനെ ചെയ്യു​ക​യ​ല്ലാ​തെ വേറെ നിർവാ​ഹ​മില്ല എന്നതാണു സത്യം. ഈ പ്രദേ​ശ​ങ്ങ​ളിൽ എത്തി​പ്പെ​ടാൻതന്നെ നന്നേ ബുദ്ധി​മു​ട്ടാണ്‌. അവിടെ റോഡു​കൾ ഒന്നുമില്ല. മിക്കയി​ട​ങ്ങ​ളി​ലും ഹെലി​കോ​പ്‌റ്റർ വഴി മാത്രമേ എത്തി​ച്ചേ​രാ​നാ​വൂ. മനുഷ്യ​ന്റെ ഇടപെ​ട​ലാണ്‌ പ്രശ്‌ന​മു​ണ്ടാ​ക്കി​യത്‌. അതു​കൊണ്ട്‌ കഴിയു​ന്നി​ട​ത്തോ​ളം മനുഷ്യ​ത്വ​പ​ര​മാ​യി കെടു​തി​കൾ കുറയ്‌ക്കാൻ നാം ശ്രമി​ക്കേ​ണ്ട​തുണ്ട്‌.”

പിടി​ച്ചു​നിൽക്കാൻ കഴിവു​ള്ള​വ​യും അത്യു​ത്‌പാ​ദ​ന​ശേ​ഷി​യു​ള്ള​വ​യും

ഓസ്‌​ട്രേ​ലി​യ​യു​ടെ മധ്യഭാ​ഗം ആർക്കും വേണ്ടാത്ത ചുമട്ടു മൃഗങ്ങ​ളെ​ക്കൊണ്ട്‌ തിങ്ങി​നി​റഞ്ഞ ഒരു സ്ഥലമാ​ണെന്ന ധാരണ​യാണ്‌ നിങ്ങൾക്കി​പ്പോൾ ഉണ്ടായി​രി​ക്കു​ന്ന​തെ​ങ്കിൽ അതു മനസ്സി​ലാ​ക്കാ​വു​ന്ന​തേ​യു​ള്ളൂ. എന്നാൽ ഓസ്‌​ട്രേ​ലി​യ​യു​ടെ ഉൾപ്ര​ദേശം വളരെ വലുതാണ്‌. യൂറോ​പ്പി​ന്റെ അത്രയും വലിപ്പ​വും എത്തി​പ്പെ​ടാൻ ഏതാണ്ട്‌ ചന്ദ്രനിൽ പോകുന്ന അത്രതന്നെ ബുദ്ധി​മു​ട്ടു​ള്ള​തു​മായ ഒരു പ്രദേ​ശ​ത്താണ്‌ ഈ മൃഗങ്ങൾ വിഹരി​ക്കു​ന്നത്‌—അവിടത്തെ ഭൂപ്ര​ദേ​ശ​ത്തി​നും രണ്ടു സ്ഥലങ്ങ​ളോ​ടും സാദൃ​ശ്യ​മുണ്ട്‌. ഈ മൃഗപ​റ്റ​ങ്ങളെ പിന്തു​ട​രു​ന്ന​തു​തന്നെ ഒരു വെല്ലു​വി​ളി​യാണ്‌, അപ്പോൾപ്പി​ന്നെ അവയെ നിയ​ന്ത്രി​ക്കുന്ന കാര്യം പറയാ​നു​ണ്ടോ!

വംശനാ​ശ​ഭീ​ഷ​ണി നേരി​ടുന്ന പല തദ്ദേശ ജീവി​വർഗ​ങ്ങ​ളിൽനി​ന്നും വ്യത്യ​സ്‌ത​മാ​യി പ്രതി​കൂല സാഹച​ര്യ​ങ്ങ​ളിൽ പിടി​ച്ചു​നിൽക്കാൻ കഴിവു​ള്ള​വ​യും അത്യു​ത്‌പാ​ദ​ന​ശേ​ഷി​യു​ള്ള​വ​യും ആയ ഈ മൃഗങ്ങൾ പരിസ്ഥി​തി​വ്യ​വ​സ്ഥ​യു​ടെ ഒരു സ്ഥിര ഘടകമാ​യി​ത്തീർന്നു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. സ്വാഭാ​വിക ഇരപി​ടി​യ​ന്മാ​രിൽനി​ന്നു സ്വത​ന്ത്ര​മാ​യി, രോഗ​ങ്ങൾക്കു പിടി​കൊ​ടു​ക്കാ​തെ കഴിയുന്ന അവ ഓസ്‌​ട്രേ​ലി​യ​യു​ടെ ഉൾപ്ര​ദേ​ശ​ങ്ങ​ളിൽ സ്വൈ​ര​വി​ഹാ​രം നടത്തുന്നു! (g01 4/8)

[26-ാം പേജിലെ ചിത്രം]

ഓസ്‌ട്രേലിയയിലെ മരുഭൂ​മി​ക​ളിൽ 2,00,000-ത്തോളം ഒട്ടകങ്ങൾ യഥേഷ്ടം ചുറ്റി​ത്തി​രി​യു​ന്നുണ്ട്‌

[കടപ്പാട്‌]

Agriculture Western Australia

[26, 27 പേജു​ക​ളി​ലെ ചിത്രങ്ങൾ]

സിംപ്‌സൺ മരുഭൂ​മി​യു​ടെ ഓരത്ത്‌ കാട്ടു​കു​തി​രകൾ വിഹരി​ക്കു​ന്നു

[27-ാം പേജിലെ ചിത്രം]

ആട്ടുരോമ കെട്ടുകൾ വലിച്ചു കൊണ്ടു​പോ​കുന്ന ഒട്ടകങ്ങൾ, 1929

[കടപ്പാട്‌]

Image Library, State Library of New South Wales

[28-ാം പേജിലെ ചിത്രം]

കാട്ടുകുതിരകളെ ഒരുമി​ച്ചു കൂട്ടുന്നു—ഔട്ട്‌ബാക്ക്‌ ശൈലി

[കടപ്പാട്‌]

© Esther Beaton

[28-ാം പേജിലെ ചിത്രം]

യൂദാ കഴുത​യിൽ റേഡി​യോ ട്രാൻസ്‌മി​റ്റർ ഘടിപ്പി​ക്കു​ന്നു

[കടപ്പാട്‌]

Agriculture Western Australia