ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഞങ്ങളുടെ വായനക്കാരിൽനിന്ന്
ശരീരാലങ്കാരം “ബൈബിളിന്റെ വീക്ഷണം: ശരീരാലങ്കാരം—ന്യായബോധം ഉണ്ടായിരിക്കേണ്ടത് ആവശ്യം” എന്ന ലേഖനം വായിച്ച ശേഷമാണ് ഞാൻ ഇത് എഴുതുന്നത്. (ആഗസ്റ്റ് 8, 2000) നല്ല അഭിരുചിയോടുകൂടിയ ശരീരാലങ്കാരം കാഴ്ചയ്ക്കു മനോഹരമാണ്, അത് ശരിക്കും ഒരു കലയാണ്. പുറമേ ഉള്ള ആകാരത്തിന്റെ അടിസ്ഥാനത്തിൽ സമൂഹം എന്നെ വിലയിരുത്തുകയും തരംതിരിക്കുകയും ചെയ്തേക്കാം. എന്നാൽ ദൈവം എന്നെ സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം. മറ്റുള്ളവർ എന്റെ പച്ചകുത്ത് അടയാളങ്ങളിൽ ശ്രദ്ധ പതിപ്പിക്കാതെ, ഞാൻ അകമേ ആരാണെന്നു കാണാൻ ശ്രമിക്കുമെന്ന് ഞാൻ പ്രത്യാശിക്കുന്നു, അതിനായി അതിയായി ആഗ്രഹിക്കുകയും ചെയ്യുന്നു.
കെ. എം., ഐക്യനാടുകൾ
ഒരുവൻ തന്റെ ശരീരം അലങ്കരിക്കണമോ വേണ്ടയോ എന്നുള്ളത് വ്യക്തിപരമായ ഒരു തീരുമാനമാണെന്ന് ആ ലേഖനം സമ്മതിച്ചു പറയുകയുണ്ടായി. എന്നിരുന്നാലും, അകമേ സൗന്ദര്യമുള്ള ആളാണെന്നു പ്രകടമാക്കാനുള്ള ഒരു മാർഗം “ലജ്ജാശീലത്തോടും സുബോധത്തോടുംകൂടെ തങ്ങളെ അലങ്കരി”ക്കുന്നതാണ്. (1 തിമൊഥെയൊസ് 2:9) സ്വന്തം മനസ്സാക്ഷി മാത്രമല്ല, ‘മറ്റവന്റെ’യും കൂടെ കണക്കിലെടുക്കാനുള്ള ഉത്തരവാദിത്വം ഒരു ക്രിസ്ത്യാനിക്ക് ഉണ്ടെന്നും ബൈബിൾ വ്യക്തമാക്കുന്നു. (1 കൊരിന്ത്യർ 10:29)—പത്രാധിപർ (g01 4/8)
അന്ധലിപി “ലൂയി ബ്രെയിൽ—അന്ധകാരത്തിന്റെ തടവുകാർക്ക് വെളിച്ചം പകർന്ന ആൾ” എന്ന ലേഖനത്തിന് എന്റെ അഭിനന്ദനങ്ങൾ. (സെപ്റ്റംബർ 8, 2000) ഞാൻ ജോലിചെയ്യുന്ന സ്കൂളിലെ ഹെഡ്മാസ്റ്റർ കാഴ്ച തകരാറുള്ള ആളാണ്. ഞാൻ ഈ ലേഖനം അദ്ദേഹത്തെ വായിച്ചു കേൾപ്പിച്ചപ്പോൾ അദ്ദേഹത്തിനു വളരെ മതിപ്പു തോന്നി. ആ മാസികയുടെ ഒരു പ്രതി സ്കൂൾ ലൈബ്രറിയിൽ വെക്കുകയുണ്ടായി.
എം.എ.എസ്., ബ്രസീൽ (g01 5/8)
മെലിഞ്ഞ ശരീരപ്രകൃതി “യുവജനങ്ങൾ ചോദിക്കുന്നു . . . ഞാൻ ഇത്ര മെലിഞ്ഞിരിക്കുന്നത് എന്തുകൊണ്ടാണ്?” എന്ന ലേഖനം വലിയ താത്പര്യത്തോടെയാണു ഞാൻ വായിച്ചത്. (ഒക്ടോബർ 8, 2000) ഞാൻ 32 വയസ്സുള്ള ഒരു സ്ത്രീയാണ്. വളരെ മെലിഞ്ഞ ശരീരപ്രകൃതമാണ് എന്റേത്. അക്കാരണത്താൽ എനിക്ക് എപ്പോഴും വല്ലാത്ത ജാള്യമാണ്. മെലിഞ്ഞിരിക്കുന്നതിന്റെ പേരിൽ ഇന്നോളം എനിക്കു പരിഹാസം സഹിക്കേണ്ടി വന്നിരിക്കുന്നു. തീപ്പെട്ടിക്കോൽ, പക്ഷിക്കാലി എന്നൊക്കെയുള്ള പേരുകളാണ് ചിലർ എനിക്ക് ഇട്ടിരിക്കുന്നത്. പലപ്പോഴും ഇത് എന്നെ വിഷാദത്തിലേക്കു തള്ളിവിട്ടിട്ടുണ്ട്. നമ്മിലെ ആന്തരിക വ്യക്തിയെ വിലമതിക്കുന്നവരെ കണ്ടെത്തണം എന്നു നിങ്ങൾ പറഞ്ഞത് എനിക്കിഷ്ടപ്പെട്ടു. ശാരീരിക രൂപലക്ഷണങ്ങളുടെ പേരിൽ ക്രിസ്ത്യാനികൾ മറ്റുള്ളവരെ കൊച്ചാക്കാൻ പാടില്ല.
ഡബ്ലിയു. എൽ., ഐക്യനാടുകൾ (g01 5/22)
ജനിതക എഞ്ചിനീയറിങ് “ശാസ്ത്രം പൂർണതയുള്ള ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കുമോ?” എന്ന ലേഖന പരമ്പര ഇന്നലെ രാത്രിയിൽ ഞാൻ വായിച്ചു. (സെപ്റ്റംബർ 22, 2000, [ഇംഗ്ലീഷ്]) ഞാൻ അത് ജോലിസ്ഥലത്തു കൊണ്ടുപോയി. മേലധികാരിയുമായി—അദ്ദേഹം ഒരു ഡോക്ടറാണ്—വളരെ നല്ല സംഭാഷണം നടത്തുന്നതിന് അതുമൂലം സാധിച്ചു. അതിലെ ചിത്രങ്ങൾ വളരെ ചിന്തോദ്ദീപകവും വിലമതിപ്പ് ഉണർത്തുന്നവയും ആണ്. ധാരാളം സമയവും ശ്രമവും ചെലവഴിച്ച്, വളരെ ചിന്തിച്ചാണ് നിങ്ങൾ ഓരോ ചിത്രവും തയ്യാറാക്കിയിരിക്കുന്നത് എന്ന് ഞങ്ങൾക്കറിയാം. അതിനെല്ലാം വളരെ നന്ദി.
എൻ. എം., ഐക്യനാടുകൾ
വളരെ സങ്കീർണമായ ഒരു വിഷയം എല്ലാവർക്കും മനസ്സിലാകുന്ന വിധത്തിൽ വിശദീകരിച്ചുതന്നതിനു നന്ദി. കുഞ്ഞുങ്ങൾക്കു ജന്മം നൽകാൻ യോഗ്യതയുള്ളത് ആർക്ക് “യോഗ്യതയില്ലാത്തത്” ആർക്ക് എന്ന് ശാസ്ത്രജ്ഞർ തീരുമാനിക്കുമ്പോൾ സ്നേഹം, അനുകമ്പ, ആത്മീയ കാര്യങ്ങളോടുള്ള വിലമതിപ്പ് തുടങ്ങിയ ഗുണങ്ങൾ അവർ കണക്കിലെടുക്കുന്നുണ്ടോ എന്നു ഞാൻ സംശയിക്കുന്നു. കൂടുതൽ ബുദ്ധിശക്തിയോ ആരോഗ്യമോ ഉണ്ടെന്നു വെച്ച് ഒരാൾ മെച്ചപ്പെട്ട വ്യക്തി ആയിക്കൊള്ളണമെന്നില്ലല്ലോ. എന്നിരുന്നാലും, എനിക്ക് ഒരു ചോദ്യമുണ്ട്. ഇടതുകൈ വശമുള്ളത് ഒരു തകരാറ് ആണെന്ന് പറയുന്നത് എന്തുകൊണ്ടാണ്?
ജെ. സി., ഐക്യനാടുകൾ
നിങ്ങൾ ചോദ്യം ചെയ്തിരിക്കുന്ന പ്രസ്താവന “ദ ബയോടെക് സെഞ്ച്വറി” എന്ന പുസ്തകത്തിൽനിന്നുള്ള ഒരു ഉദ്ധരണി ആയിരുന്നു. “തകരാറ്” എന്ന പദം ഉദ്ധരണി ചിഹ്നങ്ങൾക്ക് അകത്തായിരുന്നു. ഗ്രന്ഥകാരൻ അത് വിപരീതാർഥത്തിൽ ആണ് ഉപയോഗിച്ചത് എന്ന് അതു സൂചിപ്പിക്കുന്നു. ജനിതക എഞ്ചിനീയറിങ് അവതരിപ്പിക്കുന്ന ചില നൈതിക വെല്ലുവിളികളെ എടുത്തുകാട്ടുന്ന ഒരു പ്രസ്താവനയാണത്. മനുഷ്യന്റെ ജനിതക കോഡിൽ മാറ്റം വരുത്താനുള്ള പ്രാപ്തി കൈവരുന്നതോടെ തൊലിയുടെ നിറമോ, ഇടതുകൈയനായിരിക്കുന്നതോ പോലുള്ള സവിശേഷതകൾ പോലും അനഭിലഷണീയമാണെന്ന് ചിലർ തോന്നിയതുപോലെ പ്രഖ്യാപിച്ചേക്കാനുള്ള അപകടസാധ്യതയുണ്ട്.—പത്രാധിപർ
ശാസ്ത്രം എന്റെ ഇഷ്ടവിഷയം ഒന്നുമല്ലെങ്കിലും ആ ലേഖനങ്ങൾ എന്റെ ഹൃദയത്തെ സ്പർശിച്ചു. സുജനനവിജ്ഞാനം (Eugenics) പൂർണത തേടിപ്പോകുന്ന അപൂർണരായ ആളുകളുടെ ശാസ്ത്രം ആണ്. അവരുടെ മോഹം എന്നെങ്കിലും പൂവണിഞ്ഞാൽ രോഗികളും വികലാംഗരും ഒക്കെ “തരംതാണവർ” ആയി വീക്ഷിക്കപ്പെടാൻ സാധ്യതയുണ്ട്. അത്തരക്കാരോട് ആരും പിന്നെ സമാനുഭാവം പ്രകടിപ്പിക്കാതാകും. ഇതിനു നേർ വിപരീതമായി, ആയിരവർഷ വാഴ്ചക്കാലത്ത് മനുഷ്യരെ പൂർണതയിലേക്ക് എത്തിക്കുമെന്ന് ദൈവം വാഗ്ദാനം ചെയ്യുന്നു. (വെളിപ്പാടു 20:4, 5) എന്നാൽ നമ്മുടെ ഇച്ഛാസ്വാതന്ത്ര്യം ലംഘിക്കാതെയായിരിക്കും അവൻ അത് ചെയ്യുക.
എസ്. ഒ., ജപ്പാൻ (g01 5/22)