നമുക്ക് കവര വിളക്കു മരത്തെ രക്ഷപ്പെടുത്താൻ കഴിയുമോ?
നമുക്ക് കവര വിളക്കു മരത്തെ രക്ഷപ്പെടുത്താൻ കഴിയുമോ?
ബ്രസീലിലെ ഉണരുക! ലേഖകൻ
ഒരു കാലത്ത് തെക്കൻ ബ്രസീലിൽ മൊത്തം പൈൻ മരങ്ങളായിരുന്നു. കവരങ്ങൾ അഥവാ ശിഖരങ്ങളുള്ള വിളക്കിനെ അനുസ്മരിപ്പിക്കുന്ന അവയുടെ രൂപം, ഒരിനത്തിന് “കവര വിളക്കു മരം”എന്ന പേരു വരാൻ ഇടയാക്കി. അതിന് പാരനാ പൈൻ, ബ്രസീലിയൻ പൈൻ എന്നും പേരുണ്ട്.
കവര വിളക്കു മരത്തിൽ ഞാന്നുകിടക്കുന്ന രേണുശങ്കുക്കൾക്ക് (cones) ഗ്രേപ്പ്ഫ്രൂട്ടിനെക്കാളും (10 മുതൽ 15 വരെ സെന്റിമീറ്റർ വ്യാസമുള്ള ഒരുതരം നാരങ്ങ) വലിപ്പം വരും. ചിലതിന് 5 കിലോഗ്രാംവരെ ഭാരമുണ്ട്. ഒരു രേണുശങ്കുവിൽ 150 വരെ വിത്തുകൾ ഉണ്ടായിരുന്നേക്കാം. പോർച്ചുഗീസ് ഭാഷയിൽ ഇവയെ പിന്യോയിൻസ എന്നാണു പറയുക. രേണുശങ്കു പാകമാകുമ്പോൾ അത് വലിയ ശബ്ദത്തോടെ പൊട്ടിത്തുറന്ന് വിത്തുകൾ പുറത്തുവരും.
ചെസ്നട്ടിന്റെ സ്വാദും മണവും ഉള്ള ഈ വിത്തുകൾ മനുഷ്യരും പക്ഷിമൃഗാദികളും ആഹാരമാക്കാറുണ്ട്. മാംസ്യവും കാൽസ്യവും ധാരാളമായി അടങ്ങിയ പിന്യോയിൻസ് ഒരുകാലത്ത് തെക്കൻ ബ്രസീലിലെ ചില തദ്ദേശ ഗോത്രക്കാരുടെ പ്രധാന ഭക്ഷണമായിരുന്നു. ഈ വിത്തുകൾ ഇന്നും ആളുകൾ കഴിക്കുന്നുണ്ട്. ഉദാഹരണത്തിന്, ബ്രസീലിലെ സാന്റ കാറ്ററിന സംസ്ഥാനത്തിലെ പാസോക്ക ഡി പിന്യാവുൻ (ഉടച്ച പിന്യോയിൻസ്) പോലുള്ള പ്രാദേശിക വിഭവങ്ങളിൽ അവ കണ്ടുവരുന്നു.
കവര വിളക്കു മരത്തിന്റെ തടി നല്ലതാണെന്ന് 18-ാം നൂറ്റാണ്ടിലെ യൂറോപ്യൻ കുടിയേറ്റക്കാർ കണ്ടുപിടിച്ചതോടെ അതിന്റെ കഷ്ടകാലം തുടങ്ങി. പിന്നെ താമസമുണ്ടായില്ല, വീടുകൾ പണിയുന്നതിനുവേണ്ടി ആളുകൾ ആ മരങ്ങൾ വെട്ടിയെടുക്കാൻ തുടങ്ങി. ചോളവയലുകൾക്കും മുന്തിരിത്തോട്ടങ്ങൾക്കും ആവശ്യമായ സ്ഥലം ഉണ്ടാക്കിയെടുക്കുന്നതിനായി അവ വെറുതെ വെട്ടിനീക്കാനും ആളുകൾ ഒരു മടിയും വിചാരിച്ചില്ല. കാലക്രമേണ, പുതിയ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനെക്കാൾ വേഗത്തിലായി മരംവെട്ടൽ. ഇപ്പോൾ, അവിടവിടെയായി ഏതാനും പൈൻമര കാടുകൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. ഇത് കവര വിളക്കു മരത്തിന്റെ പണപരമായ മൂല്യം കുതിച്ചുയരുന്നതിന് ഇടയാക്കിയിരിക്കുന്നു. “പൈൻ മേലാൽ വെറും തടി അല്ല. അത് പൊന്നാണ്,” 50 വർഷമായി ഈ മരത്തിന്റെ തടി കൈകാര്യം ചെയ്യുന്ന ഒരു വ്യക്തി പറഞ്ഞു.
ആഷുർ ജെയ് ഇല്ലായിരുന്നെങ്കിൽ കവര വിളക്കു മരത്തിന് പണ്ടേ വംശനാശം സംഭവിച്ചേനെ എന്ന് ഗവേഷകർ പറയുന്നു. തെല്ലുനേരം പോലും അടങ്ങിയിരിക്കാൻ കൂട്ടാക്കാത്ത ഈ പക്ഷിയുടെ ആഹാരം പ്രസ്തുത മരത്തിന്റെ വിത്തുകളാണ്. അവ ആ വിത്തുകളിൽ ചിലത് മോസ് ചെടികളിലും നിർജീവമായ പന്നൽമരങ്ങളിലും കൊണ്ടുപോയി സൂക്ഷിച്ചുവെക്കുന്നു. ഇവയിൽ പലതും പിന്നീട് പൊട്ടിമുളയ്ക്കുന്നു. ആഷുർ ജെയ് കവര വിളക്കു മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിൽ തിരക്കോടെ ഏർപ്പെട്ടിരിക്കുകയാണെന്നു വേണമെങ്കിൽ പറയാം! എന്നാൽ, സങ്കടകരമെന്നു പറയട്ടെ, പൈൻമര കാടുകളുടെ നാശം നിമിത്തം ആഷുർ ജെയ്കളുടെ എണ്ണവും കുറഞ്ഞുവരികയാണ്.
മരംമുറിക്കലിൽ ഏർപ്പെട്ടിരിക്കുന്ന ചില കമ്പനികൾ ഇപ്പോൾ തുണ്ടു വനങ്ങൾ പരിരക്ഷിക്കാനും തെക്കൻ ബ്രസീലിന്റെ ചില ഭാഗങ്ങളിൽ കവര വിളക്കു മരങ്ങൾ വീണ്ടും നട്ടുപിടിപ്പിക്കാനും തുടങ്ങിയിട്ടുണ്ട്. ഒരുപക്ഷേ ഈ മരങ്ങൾക്ക് ഒരു നല്ല കാലം വന്നേക്കാം. (g01 5/8)
[18-ാം പേജിലെ ചിത്രങ്ങൾ]
ഓരോ രേണുശങ്കുവിലും 150 വരെ “പിന്യോയിൻസ്” ഉണ്ട്
[കടപ്പാട്]
മരവും രേണുശങ്കുക്കളും: Marcos Castelani