‘പരീക്ഷണം പരാജയപ്പെട്ടിരിക്കുന്നു’
‘പരീക്ഷണം പരാജയപ്പെട്ടിരിക്കുന്നു’
സത്വരം ചുരുങ്ങിവരുന്ന ഒരു ആഗോള ഗ്രാമമായ ഈ ലോകത്തിൽ, സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ് വർധിച്ചുവരുന്നതായി പറയപ്പെടുന്നു. ഒരു ആഗോള സമ്പദ്വ്യവസ്ഥ പടുത്തുയർത്താനുള്ള ശ്രമങ്ങളെ കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട്, ഒരു അന്താരാഷ്ട്ര വിപ്ലവ വിഭാഗം ഇങ്ങനെ പ്രഖ്യാപിച്ചു: “50 വർഷത്തെ പരീക്ഷണത്തിനു ശേഷം അതു തകർന്നടിയുകയാണ്. സകലർക്കും സാമ്പത്തിക പ്രയോജനങ്ങൾ കൈവരുത്തുന്നതിനു പകരം അത് നമ്മുടെ ഗ്രഹത്തെ പരിസ്ഥിതി വിനാശം, മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരം സാമൂഹിക അശാന്തി, മിക്ക രാജ്യങ്ങളിലെയും താറുമാറായ സമ്പദ്വ്യവസ്ഥകൾ, ദാരിദ്ര്യത്തിന്റെ വർധന, പട്ടിണി, സ്ഥലദൗർലഭ്യം, കുടിയേറ്റം, സാമൂഹിക അസ്ഥിരത എന്നിവയുടെ വക്കിൽ എത്തിച്ചിരിക്കുന്നു. ഈ പരീക്ഷണത്തെ ഇപ്പോൾ ഒരു പരാജയമെന്നു വിളിക്കാനാകും.”
എവിടെയാണു പിഴവു പറ്റിയത്? മനുഷ്യർ സ്വാർഥ ലക്ഷ്യങ്ങൾ പിൻപറ്റുമ്പോൾ, അവർ ദോഷങ്ങൾ വരുത്തിവെക്കാനുള്ള സാധ്യത വളരെയേറെയാണ്. നിക്ഷേപകനും സാമ്പത്തിക വിദഗ്ധനുമായ ജോർജ് സോറോസ് ഇപ്രകാരം പറയുന്നു: “സാമ്പത്തിക വിപണികൾ മനുഷ്യരെയും (തൊഴിൽ) പ്രകൃതിയെയും (സ്ഥലം) ഉൾപ്പെടെ സകലത്തെയും വെറും വിൽപ്പനച്ചരക്കുകളാക്കി മാറ്റിയിരിക്കുന്നു.” മാനുഷ അപൂർണതയ്ക്കും ഇതിൽ ഒരു പങ്കുണ്ട്. തത്ത്വചിന്തകനായ കാൾ പോപ്പറുടെ അഭിപ്രായത്തോടു യോജിച്ചുകൊണ്ട് സോറോസ് ഇങ്ങനെ പറയുന്നു: “നമ്മുടെ ഗ്രാഹ്യം ജന്മനാ അപൂർണമാണ്. ആത്യന്തിക സത്യം, സമൂഹത്തിനു കുറ്റമറ്റ ഒരു ചട്ടക്കൂട്, എന്നത് നമ്മുടെ എത്തുപാടിന് അതീതമാണ്.”
സാമ്പത്തിക അസമത്വങ്ങൾ പുത്തരിയല്ല. ക്രിസ്തുവിനും എട്ടു നൂറ്റാണ്ടുകൾക്കു മുമ്പ് ഒരു ബൈബിൾ എഴുത്തുകാരൻ, “എളിയവരെ പീഡിപ്പിക്കയും ദരിദ്രന്മാരെ തകർക്കുകയും” ചെയ്യുന്നവരെ കുറിച്ചു പറയുകയുണ്ടായി. (ആമോസ് 4:1) സമാനമായ അനീതികൾ നിരീക്ഷിച്ചശേഷം, പുരാതന കാലത്തെ ഒരു രാജ്യതന്ത്രജ്ഞൻ ഏതാണ്ട് 3,000 വർഷങ്ങൾക്കു മുമ്പ് ഇപ്രകാരം എഴുതി: ‘മനുഷ്യൻ മനുഷ്യന്റെ മേൽ അവന്റെ ദോഷത്തിനായി അധികാരം’ പ്രയോഗിച്ചിരിക്കുന്നു.—സഭാപ്രസംഗി 8:9.
എന്താണു പരിഹാരം? രൂഢമൂലമായ സാമ്പത്തിക അസമത്വങ്ങൾ ഇല്ലാതാക്കാൻ അന്താരാഷ്ട്ര സഹകരണത്തിലൂടെ മാനുഷ സംഘടനകൾക്കു കഴിയുമോ? “വ്യക്തി സ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങൾ, പരിസ്ഥിതി എന്നിവ സംരക്ഷിക്കാൻ അല്ലെങ്കിൽ സാമൂഹിക നീതി ഉന്നമിപ്പിക്കാൻ നമുക്കു വേണ്ടത്ര അന്താരാഷ്ട്ര സ്ഥാപനങ്ങളില്ല. അപ്പോൾപ്പിന്നെ സമാധാനം കാത്തുസൂക്ഷിക്കുന്നതിന്റെ കാര്യം പറയുകയേ വേണ്ട” എന്ന് സോറോസ് പറയുന്നു. “നമുക്കുള്ള സ്ഥാപനങ്ങളിൽ മിക്കവയും രാഷ്ട്രങ്ങൾ ചേർന്നുണ്ടായിരിക്കുന്ന സംഘടനകളാണ്, അവയാകട്ടെ പൊതു താത്പര്യത്തിലുപരി സ്വന്ത താത്പര്യങ്ങൾക്കു മുൻതൂക്കം കൊടുക്കുകയാണു പതിവ്. ഐക്യരാഷ്ട്ര സംഘടനയുടെ ചാർട്ടറിന്റെ ആമുഖത്തിൽ അടങ്ങിയിരിക്കുന്ന വാഗ്ദാനങ്ങൾ നിറവേറ്റാൻ ഭരണഘടനാപരമായി അത് അപ്രാപ്തമാണ്.”
നാം നിരാശപ്പെടണമോ? വേണ്ട. നീതിയുള്ള ഒരു ലോക ഗവൺമെന്റ് അടുത്തുതന്നെ സ്ഥാപിതമാകും! യേശുവിന്റെ പ്രസംഗ വിഷയം അതായിരുന്നു. അവൻ അതിനെ “ദൈവരാജ്യം” എന്നു വിളിക്കുകയും അതിനായി പ്രാർഥിക്കാൻ തന്റെ അനുഗാമികളെ പഠിപ്പിക്കുകയും ചെയ്തു. (ലൂക്കൊസ് 11:2; 21:31) സ്വർഗത്തിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന ദൈവരാജ്യം ഉടൻതന്നെ ഭൂമിയിൽനിന്നു സകല അനീതിയും തുടച്ചുനീക്കും. (വെളിപ്പാടു 11:15, 18) ഒരു താത്കാലിക ഭരണ പരീക്ഷണം ആയിരിക്കുന്നതിനു പകരം ദൈവരാജ്യം എന്നേക്കും നിലനിൽക്കും. (ദാനീയേൽ 2:44) അത് ദാരിദ്ര്യത്തിന്റെയും അടിച്ചമർത്തലിന്റെയും പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കും. ദരിദ്രർക്കും മർദിതർക്കും—അതേ, സകലർക്കും—എത്ര മഹത്തായ പ്രത്യാശ! (g01 11/8)
[19-ാം പേജിലെ ചിത്രം]
ആഗോള സമ്പദ്വ്യവസ്ഥ ദരിദ്രരുടെ പ്രശ്നങ്ങൾ പരിഹരിച്ചിട്ടില്ല—ശതകോടിക്കണക്കിന് ആളുകൾ ഇപ്പോഴും പൈപ്പുവെള്ളമോ വൈദ്യുതിയോ ഇല്ലാതെയാണു ജീവിക്കുന്നത്