ആർത്രൈറ്റിസ് രോഗികൾക്കു പ്രത്യാശ
ആർത്രൈറ്റിസ് രോഗികൾക്കു പ്രത്യാശ
“ഹൃദ്രോഗമോ കാൻസറോ പോലെയുള്ള ഒരു മുഖ്യ മരണകാരണമല്ല ആർത്രൈറ്റിസ്. എന്നാൽ അത് ഒരു വ്യക്തിയുടെ ജീവിതത്തിന്റെ ഗുണനിലവാരത്തെ അങ്ങേയറ്റം ബാധിക്കുന്നു” എന്ന് ഡോ. ഫാത്തിമ മിലി പറയുന്നു. ആർത്രൈറ്റിസ് ഒരു വ്യക്തിയുടെ ജീവിതത്തിന്റെ സമസ്ത തലങ്ങളെയും ബാധിച്ചേക്കാം. ആർത്രൈറ്റിസ് രോഗികൾ നേരിടുന്ന ചില പ്രശ്നങ്ങൾ എന്തൊക്കെയാണ്? അവയുമായി പൊരുത്തപ്പെടുക സാധ്യമാണോ?
ഇറ്റലിയിൽനിന്നുള്ള 28 വയസ്സുകാരി കാറ്റ്യാ a പറയുന്നു: “20-ാമത്തെ വയസ്സിൽ എനിക്ക് ആർത്രൈറ്റിസ് ആണെന്ന് അറിഞ്ഞപ്പോൾ മുതൽ എന്റെ മുഴു ജീവിതത്തിനും മാറ്റം വന്നിരിക്കുന്നു. വേദന കാരണം ജോലി ഉപേക്ഷിക്കുകയും മുഴുസമയ ശുശ്രൂഷ നിറുത്തുകയും ചെയ്യേണ്ടി വന്നു.” ആർത്രൈറ്റിസ് രോഗികൾക്കെല്ലാം പൊതുവിലുള്ള ഒരു പ്രശ്നമാണ് വേദന. ഇംഗ്ലണ്ടിലെ 63 വയസ്സുള്ള അലൻ പറയുന്നു: “എപ്പോഴും ശരീരത്തിൽ എവിടെയെങ്കിലുമൊക്കെ വേദന കാണും, ചിലപ്പോൾ അതു സഹിക്കാവുന്ന അളവിലായിരിക്കുമെന്നു മാത്രം.” ക്ഷീണമാണ് മറ്റൊരു വെല്ലുവിളി. “വേദനയും വീക്കവുമൊക്കെ പോകട്ടെ എന്നു വെക്കാം, എന്നാൽ ക്ഷീണമുണ്ടല്ലോ, അത് അസഹനീയമാണ്,” 21 വയസ്സുകാരി സാറ പറയുന്നു.
വൈകാരിക വേദന
ജപ്പാനിലെ 61 വയസ്സുള്ള സെറ്റ്സുക്കോ പറയുന്നതനുസരിച്ച് വിട്ടുമാറാത്ത വേദനയുമായുള്ള അനുദിന പോരാട്ടം ഒരു വ്യക്തിയെ “മാനസികമായും വൈകാരികമായും തളർത്തിക്കളയും.” എന്തിന്, ഒരു പെൻസിൽ അല്ലെങ്കിൽ ഫോണിന്റെ റിസീവർ പിടിക്കാൻ ശ്രമിക്കുന്നതു പോലും ഒരു വെല്ലുവിളി ആയിരുന്നേക്കാം! 47 വയസ്സുള്ള കാസുമീ ഇങ്ങനെ വിലപിക്കുന്നു: “ഒരു കൊച്ചുകുട്ടിക്കു ചെയ്യാൻ കഴിയുന്ന കാര്യങ്ങൾപോലും എനിക്കിപ്പോൾ ചെയ്യാനാകുന്നില്ല.” 60 വയസ്സുള്ള ജാനീസിന് ഇപ്പോൾ ഏറെ നേരം നിൽക്കാനോ നടക്കാനോ കഴിയില്ല. അവർ പറയുന്നു: “ചെയ്തുകൊണ്ടിരുന്ന കാര്യങ്ങൾ ചെയ്യാൻ കഴിയാതെ വരുമ്പോൾ നിരുത്സാഹം തോന്നുന്നു.”
ഇത്തരം പരിമിതികൾ ഇച്ഛാഭംഗത്തിലേക്കും തന്നെക്കുറിച്ചുതന്നെയുള്ള നിഷേധാത്മക ചിന്തകളിലേക്കും നയിച്ചേക്കാം. 27 വയസ്സുള്ള ഗാക്കു യഹോവയുടെ സാക്ഷികളിൽ ഒരാളാണ്. അദ്ദേഹം ഇങ്ങനെ പറയുന്നു: “പ്രസംഗവേലയിൽ പൂർണ പങ്ക് ഉണ്ടായിരിക്കാനോ സഭാ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാനോ കഴിയാത്തത് വ്യക്തിയെന്ന നിലയിൽ എനിക്കു യാതൊരു വിലയുമില്ല എന്നു തോന്നാൻ ഇടയാക്കുന്നു.” രണ്ടു വയസ്സുള്ളപ്പോൾ മുതൽ ആർത്രൈറ്റിസുമായി മല്ലിടുന്ന ഫ്രാൻസിസ്കാ പറയുന്നത് താൻ “നിരാശയുടെ നീർച്ചുഴിയിൽപ്പെട്ട് കൂടുതൽ കൂടുതൽ ആഴത്തിലേക്കു വലിക്കപ്പെടുകയാണ്” എന്നാണ്. ഇത്തരം നിരാശ ഒരുവന്റെ ആത്മീയതയെ പ്രതികൂലമായി ബാധിച്ചെന്നുവരാം. ദക്ഷിണാഫ്രിക്കയിലെ ഒരു സാക്ഷിയായ ജോയ്സ് താൻ ക്രിസ്തീയ യോഗങ്ങൾക്കു പോകുന്നതു നിറുത്തിയെന്ന് സമ്മതിക്കുന്നു. “ആരെയും കാണാൻ ഞാൻ ആഗ്രഹിച്ചില്ല,” അവർ പറയുന്നു.
രോഗികൾക്ക് ഭാവിയെ സംബന്ധിച്ച പല ഉത്കണ്ഠകളും ഉണ്ടായിരുന്നേക്കാം—പ്രവർത്തനശേഷി നഷ്ടപ്പെട്ട് മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുമോ, പരിചരിക്കാൻ ആരുമില്ലാതെ വന്നേക്കുമോ, വീണ് എല്ലൊടിഞ്ഞേക്കുമോ, സ്വന്തം കുടുംബത്തിനുവേണ്ടി കരുതാനാവാതെ വരുമോ എന്നൊക്കെയുള്ള ഭയം അവരെ വേട്ടയാടിയേക്കാം. 52 വയസ്സുള്ള യോക്കോ ഇങ്ങനെ സമ്മതിച്ചു പറയുന്നു: “ശരീരത്തിൽ വൈകൃതങ്ങൾ ഉണ്ടാകുന്നതു കാണുമ്പോൾ അവ വർധിച്ചേക്കുമോ എന്നു ഞാൻ ഭയപ്പെട്ടിരുന്നു.”
തങ്ങൾ സ്നേഹിക്കുന്ന ഒരാൾ ദുരിതം അനുഭവിക്കുന്നതു ദിവസവും കാണേണ്ടി വരുന്ന കുടുംബാംഗങ്ങളും വൈകാരിക വേദന അനുഭവിച്ചേക്കാം. ചിലരുടെ ദാമ്പത്യ ബന്ധത്തിന് സാരമായി ഉലച്ചിൽ തട്ടുന്നതിനു പോലും ഇത് ഇടയാക്കിയേക്കാം. ഡെന്നീസ് എന്നു പേരുള്ള ഒരു ഇംഗ്ലണ്ടുകാരി ഇങ്ങനെ പറയുന്നു: “15 വർഷത്തെ വിവാഹജീവിതത്തിനു ശേഷം എന്റെ ഭർത്താവു പറഞ്ഞു: ‘നിന്റെയൊരു ആർത്രൈറ്റിസ്. എനിക്കു മടുത്തു,
ഇനി ഇതു സഹിക്കാൻ എന്നെക്കൊണ്ടാവില്ല!’ അദ്ദേഹം എന്നെയും 5 വയസ്സുള്ള ഞങ്ങളുടെ മകളെയും ഉപേക്ഷിച്ചു.”അതുകൊണ്ട് രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും ആർത്രൈറ്റിസ് വലിയ വെല്ലുവിളി ഉയർത്തുന്നു. എന്നിരുന്നാലും പലരും ഇതുമായി പൊരുത്തപ്പെടുന്നതിൽ വിജയം നേടിയിട്ടുണ്ട്! ചിലർ ഇത് എങ്ങനെ ചെയ്തിരിക്കുന്നുവെന്ന് നമുക്കു നോക്കാം.
നിങ്ങളുടെ പരിമിതികൾ തിരിച്ചറിഞ്ഞു പ്രവർത്തിക്കുക
നിങ്ങൾ ഒരു ആർത്രൈറ്റിസ് രോഗിയാണെങ്കിൽ നന്നായി വിശ്രമിക്കുക; ക്ഷീണത്തെ ലഘൂകരിക്കുന്നതിന് ഇത് അത്യന്താപേക്ഷിതമാണ്. ഇതിന്റെ അർഥം നിങ്ങൾ യാതൊന്നും ചെയ്യാതെ വെറുതെയിരിക്കണം എന്നല്ല. തിമൊഥി വിശദീകരിക്കുന്നു: “ആർത്രൈറ്റിസ് നിങ്ങളെ മാനസികമായി കീഴ്പെടുത്താതിരിക്കണമെങ്കിൽ നിങ്ങൾ പ്രവർത്തനനിരതൻ ആയിരിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ഒരിടത്തു ചടഞ്ഞുകൂടിയിരുന്ന് വേദന അനുഭവിക്കാനേ നിങ്ങൾക്കു നേരമുണ്ടായിരിക്കൂ.” മേയോ ക്ലിനിക്കിലെ വാതരോഗചികിത്സാ വിദഗ്ധനായ വില്യം ഗിൻസ്ബർഗ് പറയുന്നു: “വളരെ കൂടുതൽ ചെയ്യുന്നതിനും തീരെ കുറച്ചു ചെയ്യുന്നതിനും ഇടയ്ക്കുള്ള വിടവു വളരെ ചെറുതാണ്. രോഗം കണക്കിലെടുത്തുകൊണ്ട് തങ്ങളുടെ പ്രവർത്തനം വെട്ടിച്ചുരുക്കാൻ ചില സമയങ്ങളിൽ ആളുകളെ ഓർമിപ്പിക്കേണ്ടിവരുന്നു.”
നിങ്ങളുടെ പരിമിതികളെ നിങ്ങൾ വീക്ഷിക്കുന്ന വിധത്തിനു മാറ്റം വരുത്തുന്നത് ഇതിൽ ഉൾപ്പെട്ടേക്കാം. ദക്ഷിണാഫ്രിക്കയിൽനിന്നുള്ള ഡാഫ്നി പറയുന്നു: “ഞാൻ യാഥാർഥ്യ ബോധമുള്ളവൾ ആയിരിക്കേണ്ടിയിരുന്നു. ചില കാര്യങ്ങൾ ചെയ്യാനുള്ള ശേഷി എനിക്കു നഷ്ടമായിട്ടില്ല, മറിച്ച് അവ കുറേക്കൂടി സാവകാശം ചെയ്യുകയേ വേണ്ടു എന്ന് എനിക്കു മനസ്സിലാക്കേണ്ടതായി വന്നിരിക്കുന്നു. ഉത്കണ്ഠയ്ക്കോ നിരാശയ്ക്കോ അടിപ്പെടുന്നതിനു പകരം ജോലികളൊക്കെ കുറേശ്ശെയായി ചെയ്തുതീർക്കാൻ ഞാൻ ശ്രമിക്കുന്നു.”
ലഭ്യമായിരുന്നേക്കാവുന്ന വിവിധ സഹായക ഉപകരണങ്ങളെ കുറിച്ചു മനസ്സിലാക്കിയിരിക്കുന്നതും നല്ലതായിരിക്കും. ഒരുപക്ഷേ നിങ്ങളുടെ ഡോക്ടറുമായോ ഫിസിയോതെറാപ്പിസ്റ്റുമായോ അവയെ കുറിച്ചു ചർച്ച ചെയ്യാവുന്നതാണ്. കേയ്ക്കോ പറയുന്നു: “ഞങ്ങൾ ഗോവണിപ്പടിയിൽ ഒരു ലിഫ്റ്റ് പിടിപ്പിച്ചിട്ടുണ്ട്. വാതിലിന്റെ പിടി തിരിക്കുമ്പോൾ കൈക്കുഴ വേദനിക്കുന്നതിനാൽ ഞങ്ങൾ അവയെല്ലാം മാറ്റി. ഇപ്പോൾ എല്ലാ വാതിലുകളും എനിക്ക് തലകൊണ്ട് തള്ളിത്തുറക്കാൻ കഴിയും. വീട്ടിലെ എല്ലാ പൈപ്പുകളിലും ലീവർ പോലുള്ള പിടികൾ ഞങ്ങൾ ഘടിപ്പിച്ചു. അതുകൊണ്ട് കുറച്ചെങ്കിലും വീട്ടുപണി ചെയ്യാൻ എനിക്കു കഴിയുന്നു.” മറ്റൊരു ആർത്രൈറ്റിസ് രോഗിയായ ഗെയ്ൽ പറയുന്നു: “എന്റെ കാറിന്റെയും വീടിന്റെയും താക്കോലുകൾ ഒരു വലിയ പിടിയിൽ ഘടിപ്പിച്ചിരിക്കുകയാണ്, ഇത് അവ തിരിക്കുന്നത് കൂടുതൽ എളുപ്പമാക്കിയിരിക്കുന്നു. അതുപോലെ എന്റെ ചീപ്പിനും ബ്രഷിനുമെല്ലാം വലിയ പിടികളാണുള്ളത്. മുടി ചീകുന്നതിന് അവ വ്യത്യസ്ത വശങ്ങളിലേക്കു തിരിക്കാനും കഴിയും.”
കുടുംബത്തിന്റെ പിന്തുണ—“ഒരു ശക്തിദുർഗം”
ബ്രസീലിൽനിന്നുള്ള കാർള പറയുന്നു: “എന്റെ ഭർത്താവിന്റെ പിന്തുണ ഒരു പ്രധാന ഘടകമായിരുന്നിട്ടുണ്ട്. ഡോക്ടറെ കാണാൻ പോകുമ്പോൾ അദ്ദേഹവും കൂടെ വന്നിരുന്നത് എനിക്കൊരു ധൈര്യമായിരുന്നു. ഈ രോഗം എന്റെ ശരീരത്തെ ബാധിക്കുന്നത് എങ്ങനെയാണെന്നും അതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്നും എന്തു ചികിത്സയാണ് ആവശ്യമായിരിക്കുന്നതെന്നും ഞങ്ങൾ രണ്ടുപേരും ഒരുമിച്ചു മനസ്സിലാക്കി. ഞാൻ എന്താണ് അനുഭവിക്കുന്നതെന്ന് അദ്ദേഹത്തിനു മനസ്സിലാക്കാൻ കഴിഞ്ഞിരുന്നതിനാൽ എനിക്കു വളരെ ആശ്വാസം തോന്നി.” അതേ, തന്റെ ഇണയുടെ പരിമിതികൾ അംഗീകരിക്കുകയും അവയെ കുറിച്ചു കൂടുതൽ മനസ്സിലാക്കാൻ തയ്യാറാകുകയും ചെയ്യുന്ന ഭർത്താക്കന്മാർക്കും ഭാര്യമാർക്കും ശക്തിയുടെയും പിന്തുണയുടെയും ഒരു വലിയ ഉറവ് ആയിരിക്കാൻ കഴിയും.
ഉദാഹരണത്തിന്, ആർത്രൈറ്റിസ് മൂലം ഭർത്താവിന് തന്റെ നിർമാണ ജോലി വെട്ടിക്കുറയ്ക്കേണ്ടി വന്നപ്പോൾ ബെറ്റ് ശുചീകരണ ജോലികൾ ഏറ്റെടുത്തു. കാസുമീയുടെ ഭർത്താവ് അവരെ പരിചരിക്കുക മാത്രമല്ല അവർക്കു ചെയ്യാൻ കഴിയാത്ത വീട്ടുജോലികൾ ചെയ്തു കൊടുക്കുകയും ചെയ്തു. കൂടാതെ, തങ്ങളാലാകുന്ന വിധങ്ങളിൽ സഹായിക്കാൻ അദ്ദേഹം കുട്ടികളെയും പരിശീലിപ്പിച്ചു. കാസുമീ ഇങ്ങനെ പറയുന്നു: “എന്റെ ഭർത്താവ് ഒരു ശക്തിദുർഗം ആയിരുന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ സഹായം ഇല്ലായിരുന്നെങ്കിൽ എന്റെ അവസ്ഥ ഇതിലും എത്രയോ വഷളായിരുന്നേനേ.”
ഓസ്ട്രേലിയക്കാരിയായ കാരൾ ഈ മുന്നറിയിപ്പു നൽകുന്നു: “നിങ്ങളുടെ പട്ടികയിൽ കൂടുതൽ പ്രവർത്തനങ്ങൾ തിക്കിക്കൊള്ളിക്കാതിരിക്കാൻ ശ്രദ്ധിക്കുക. കുടുംബത്തോടൊപ്പം നീങ്ങാൻ കഴിഞ്ഞില്ലെങ്കിൽ പെട്ടെന്നുതന്നെ എന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന ചിന്ത എനിക്കുണ്ടാകുന്നു.” യഥാർഥ ഗ്രാഹ്യത്തോടും പരിഗണനയോടുംകൂടെ നൽകപ്പെടുന്ന കുടുംബ പിന്തുണയ്ക്ക് രോഗിയെ സംബന്ധിച്ചിടത്തോളം ഒരു ശക്തിദുർഗം ആയിരിക്കാൻ കഴിയും.
ആത്മീയ സഹായം
കാറ്റ്യാ പറയുന്നു: “ഇത്തരം രോഗമുള്ള ഒരു വ്യക്തി താൻ എന്താണ് അനുഭവിക്കുന്നതെന്ന് ആർക്കും മനസ്സിലാവില്ല എന്ന് ദൃഢമായി വിശ്വസിക്കുന്നു. അതിനാൽ യഹോവയാം ദൈവത്തിന് നമ്മുടെ ശാരീരികവും വൈകാരികവുമായ അവസ്ഥ നന്നായി മനസ്സിലാകുമെന്ന് അറിഞ്ഞുകൊണ്ട് അവനിലേക്കു തിരിയുന്നതു വളരെ പ്രധാനമാണ്. (സങ്കീർത്തനം 31:7) അവനുമായുള്ള നല്ല ബന്ധം, രോഗത്താൽ കഷ്ടപ്പെടുമ്പോഴും ഏറെക്കുറെ ശാന്തമായ ഒരു ജീവിതം നയിക്കാൻ ആവശ്യമായ മാനസിക സമാധാനം എനിക്കു നൽകിയിരിക്കുന്നു.” ബൈബിൾ ഉചിതമായിത്തന്നെ യഹോവയെ ‘[നമുക്കുള്ള] കഷ്ടത്തിൽ ഒക്കെയും [നമ്മെ] ആശ്വസിപ്പിക്കുന്ന സർവ്വാശ്വാസവും നല്കുന്ന ദൈവം’ എന്നു വിളിക്കുന്നു.—2 കൊരിന്ത്യർ 1:3, 4.
അതുകൊണ്ട്, മാറാത്ത വേദനയുമായി മല്ലിടുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം പ്രാർഥനയ്ക്ക് ആശ്വാസത്തിന്റെ ഒരു വലിയ ഉറവ് ആയിരിക്കാൻ കഴിയും. കാസുമീ പറയുന്നു: “വേദന കാരണം ഉറങ്ങാൻ കഴിയാതെ കിടക്കുന്ന നീണ്ട രാത്രികളിൽ ഞാൻ കണ്ണീരോടെ യഹോവയുടെ മുമ്പാകെ ഹൃദയം തുറന്നിട്ടുണ്ട്. വേദന സഹിക്കുന്നതിനുള്ള ശക്തിക്കായും എന്റെ എല്ലാ ബുദ്ധിമുട്ടുകളെയും നേരിടാൻ ആവശ്യമായ ജ്ഞാനത്തിനായും ഞാൻ അവനോട് അപേക്ഷിച്ചിരിക്കുന്നു. യഹോവ തീർച്ചയായും എനിക്ക് ഉത്തരമരുളിയിട്ടുണ്ട്.” ഫ്രാൻസിസ്കായും ഇതുപോലെ ദൈവത്തിന്റെ സ്നേഹപൂർവകമായ പിന്തുണ അനുഭവിച്ചറിഞ്ഞിരിക്കുന്നു. അവർ പറയുന്നു: “‘എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു’ എന്ന ഫിലിപ്പിയർ 4:13-ലെ വാക്കുകളുടെ നിവൃത്തി ഞാൻ കണ്ടിരിക്കുന്നു.”
മിക്കപ്പോഴും യഹോവയാം ദൈവം തന്റെ ക്രിസ്തീയ സഭയിലൂടെ പിന്തുണ പ്രദാനം ചെയ്യുന്നു. ഉദാഹരണത്തിന്, യഹോവയുടെ സാക്ഷികളുടെ പ്രാദേശിക സഭയിലെ ആത്മീയ സഹോദരീസഹോദരന്മാരിൽനിന്നു ലഭിച്ച സഹായത്തെ കുറിച്ച് ഗെയ്ൽ പറയുന്നു: “അവരുടെ സ്നേഹം വിഷാദത്തിന് അടിപ്പെടാതിരിക്കാൻ എന്നെ സഹായിച്ചു.” സമാനമായി “നിങ്ങളുടെ ജീവിതത്തിൽ നല്ലത് എന്നു പറയാൻ കഴിയുന്ന എന്തെങ്കിലും ഉണ്ടോ?” എന്നു ചോദിച്ചപ്പോൾ കേയ്ക്കോ മറുപടി പറഞ്ഞത് ഇങ്ങനെയാണ്: “ഉണ്ട്, സഭയിലെ എല്ലാവരും എന്നോടു കാണിക്കുന്ന സ്നേഹവും സഹാനുഭൂതിയും!”
യഹോവയുടെ സാക്ഷികളുടെ സഭകളിൽ ഇത്തരം പിന്തുണ നൽകുന്ന കാര്യത്തിൽ മേൽവിചാരകന്മാർ മുൻകൈ എടുക്കുന്നു. സെറ്റ്സൂക്കോ പറയുന്നു: “മൂപ്പന്മാർ ശ്രദ്ധിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുമ്പോൾ രോഗവുമായി മല്ലിടുന്ന വ്യക്തിയുടെമേൽ എത്ര വലിയ ഫലമാണുള്ളതെന്ന് പറഞ്ഞറിയിക്കാനാവില്ല.” എന്നിരുന്നാലും ഒരു ആർത്രൈറ്റിസ് രോഗിയായ ഡാന്യേൽ നമ്മെ ഓർമിപ്പിക്കുന്നതു പോലെ “നാം അനുവദിച്ചാൽ മാത്രമേ നമ്മുടെ ആത്മീയ സഹോദരങ്ങൾക്ക് നമ്മെ സഹായിക്കാനാകൂ.” അതുകൊണ്ട് സഭായോഗങ്ങൾക്കു ഹാജരാകാൻ എല്ലാ ശ്രമവും ചെയ്തുകൊണ്ട് സഹക്രിസ്ത്യാനികളുമായി ബന്ധം പുലർത്തുന്നത് രോഗികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. (എബ്രായർ 10:24, 25) അവിടെ അവർക്കു സഹിച്ചുനിൽക്കാൻ ആവശ്യമായ പ്രോത്സാഹനം ലഭിക്കും.
ദുരിതം അവസാനിക്കും
ആർത്രൈറ്റിസ് രോഗികൾ വൈദ്യശാസ്ത്രം കൈവരിച്ചിരിക്കുന്ന എല്ലാ നേട്ടങ്ങൾക്കും നന്ദിയുള്ളവരാണ്. എന്നിരുന്നാലും ലഭ്യമായ ഏറ്റവും നല്ല ചികിത്സയ്ക്കു പോലും രോഗത്തെ പൂർണമായി ഭേദമാക്കാൻ കഴിയുന്നില്ല. ഒരു പുതിയ ലോകത്തെ കുറിച്ചുള്ള ദൈവത്തിന്റെ വാഗ്ദാനങ്ങളിൽ വിശ്വാസം അർപ്പിക്കുന്നതിലൂടെ രോഗികൾക്കു വലിയ ആശ്വാസം കണ്ടെത്താൻ കഴിയും. b (യെശയ്യാവു 33:24; വെളിപ്പാടു 21:3-5) ആ ലോകത്തിൽ “മുടന്തൻ മാനിനെപ്പോലെ ചാടും.” (യെശയ്യാവു 35:6) ആർത്രൈറ്റിസും മനുഷ്യവർഗത്തെ ബാധിക്കുന്ന മറ്റെല്ലാ രോഗങ്ങളും എന്നെന്നേക്കുമായി പൊയ്പ്പോയിരിക്കും! സ്പൈനൽ ആർത്രൈറ്റിസ് ഉള്ള പീറ്റർ പറയുന്നു: “ഞാൻ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഈ ഇരുണ്ട തുരങ്കത്തിന്റെ അങ്ങേയറ്റത്ത് എനിക്കു വെളിച്ചം കാണാൻ കഴിയുന്നുണ്ട്.” സമാനമായി, ഒരു ക്രിസ്ത്യാനിയായ ജൂലിയാന പറയുന്നു: “കഴിഞ്ഞു പോകുന്ന ഓരോ ദിവസത്തെയും ഒരു യുദ്ധ വിജയമായാണ് ഞാൻ കാണുന്നത്. അന്ത്യം വരുന്നതിനു മുമ്പ് തരണം ചെയ്യേണ്ട ദിവസങ്ങളിൽ ഒന്നു കുറവ്!” അതേ, ആർത്രൈറ്റിസ് മാത്രമല്ല എല്ലാ കഷ്ടപ്പാടുകളും നീക്കം ചെയ്യപ്പെടാനുള്ള സമയം ആസന്നമായിരിക്കുന്നു! (g01 12/08)
[അടിക്കുറിപ്പുകൾ]
a ചില പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.
b യഹോവയുടെ സാക്ഷികളിൽ ഒരാൾ നിങ്ങളെ സന്ദർശിച്ച് ബൈബിളിന്റെ വാഗ്ദാനങ്ങളെ കുറിച്ചു വിശദീകരിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ യഹോവയുടെ സാക്ഷികളുടെ പ്രാദേശിക സഭയുമായോ ഈ മാസികയുടെ പ്രസാധകരുമായോ ബന്ധപ്പെടുക.
[10-ാം പേജിലെ ചിത്രങ്ങൾ]
ഫലപ്രദമായ ജീവിതം നയിക്കാൻ രോഗികളെ സഹായിക്കുന്ന നിരവധി ഉപകരണങ്ങൾ ലഭ്യമാണ്
[12-ാം പേജിലെ ചിത്രം]
ക്രിസ്തീയ യോഗങ്ങളിൽ സ്നേഹപൂർവകമായ പിന്തുണ ലഭിക്കുന്നു