ക്രിസ്ത്യാനികൾ ദിവ്യസംരക്ഷണം പ്രതീക്ഷിക്കണമോ?
ബൈബിളിന്റെ വീക്ഷണം
ക്രിസ്ത്യാനികൾ ദിവ്യസംരക്ഷണം പ്രതീക്ഷിക്കണമോ?
തന്റെ ആരാധകരെ അനർഥങ്ങളിൽനിന്നു സംരക്ഷിക്കാനുള്ള ദൈവത്തിന്റെ പ്രാപ്തിയെ കുറിച്ച് ബൈബിൾ കൂടെക്കൂടെ പരാമർശിക്കുന്നുണ്ട്. ദാവീദ് രാജാവ് പറഞ്ഞു: “യഹോവേ, ദുഷ്ടമനുഷ്യന്റെ കയ്യിൽ നിന്നു എന്നെ വിടുവിച്ചു സാഹസക്കാരന്റെ പക്കൽനിന്നു എന്നെ പാലിക്കേണമേ.” (സങ്കീർത്തനം 140:1) ഇന്ന് അക്രമം, കുറ്റകൃത്യം, പ്രകൃതിവിപത്തുകൾ എന്നിവയെയൊക്കെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ള യഹോവയുടെ ആരാധകരിൽ പലരും മരണത്തിൽനിന്നോ പരിക്കിൽനിന്നോ തലനാരിഴയ്ക്കു രക്ഷപ്പെട്ടിട്ടുണ്ട്. അങ്ങനെയുള്ള സന്ദർഭങ്ങളിൽ ദൈവം തങ്ങളെ അത്ഭുതകരമായി രക്ഷപ്പെടുത്തിയതായിരിക്കുമോ എന്നു ചിലർ ചിന്തിച്ചിട്ടുണ്ട്; വിശേഷിച്ചും, ദൈവഭയമുള്ള ചില ആളുകൾ വലിയ ദുരന്തങ്ങൾക്ക്, ദാരുണമായ മരണങ്ങൾക്കു പോലും, ഇരകളായിത്തീർന്നിട്ടുള്ളതിനാൽ.
യഹോവയാം ദൈവം അനർഥങ്ങളിൽനിന്നു ചിലരെ സംരക്ഷിക്കുകയും മറ്റു ചിലരെ സംരക്ഷിക്കാതിരിക്കുകയും ചെയ്യുന്നുവോ? അക്രമങ്ങളിൽനിന്നും വിപത്തുകളിൽനിന്നും നാം അത്ഭുതകരമായി വിടുവിക്കപ്പെടുമെന്ന് നമുക്ക് ഇന്നു പ്രതീക്ഷിക്കാനാകുമോ?
ബൈബിൾ വിവരണങ്ങളിലെ അത്ഭുത സംരക്ഷണം
ദൈവം തന്റെ ആരാധകർക്കുവേണ്ടി അത്ഭുതകരമായ ഇടപെടൽ നടത്തിയതിനെ കുറിച്ചുള്ള നിരവധി വിവരണങ്ങൾ ബൈബിളിൽ കാണാം. (യെശയ്യാവു 38:1-8; പ്രവൃത്തികൾ 12:1-11; 16:25, 26) യഹോവയുടെ ദാസന്മാർ വിപത്തുകളിൽനിന്നു സംരക്ഷിക്കപ്പെടാഞ്ഞ ചില സന്ദർഭങ്ങളെ കുറിച്ചും തിരുവെഴുത്തുകൾ പറയുന്നു. (1 രാജാക്കന്മാർ 21:1-16; പ്രവൃത്തികൾ 12:1, 2; എബ്രായർ 11:35-38) അങ്ങനെ, തനിക്ക് ഉചിതമെന്നു തോന്നുമ്പോൾ ഏതെങ്കിലും പ്രത്യേക കാരണത്തിനായോ ഉദ്ദേശ്യത്തിനായോ വ്യക്തികൾക്കു സംരക്ഷണം നൽകാൻ യഹോവ തീരുമാനിച്ചേക്കാമെന്നു വ്യക്തമാകുന്നു. അതുകൊണ്ട് വ്യക്തിപരമായി പരിശോധനകളിൽനിന്നു വിടുവിക്കപ്പെടാത്തപ്പോൾ ദൈവം തങ്ങളെ ഉപേക്ഷിച്ചിരിക്കുന്നതായി ക്രിസ്ത്യാനികൾ നിഗമനം ചെയ്യാൻ പാടില്ല. യഹോവയുടെ വിശ്വസ്ത ദാസർക്കു പോലും അനർഥങ്ങൾ ഉണ്ടായേക്കാം എന്ന യാഥാർഥ്യത്തെ നാം അംഗീകരിക്കേണ്ടതുണ്ട്. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്?
ദൈവത്തിന്റെ വിശ്വസ്ത ദാസർക്ക് അനർഥങ്ങൾ സംഭവിക്കുന്നതിന്റെ കാരണം
ഒരു കാരണം, നമുക്കേവർക്കും ആദാമിൽനിന്നും ഹവ്വായിൽനിന്നും പാപവും അപൂർണതയും കൈമാറിക്കിട്ടിയിരിക്കുന്നു എന്നതാണ്. അതുകൊണ്ട് വേദനയും ദുരിതവും മരണവും നമുക്ക് അനുഭവിക്കേണ്ടി വരുന്നു. (റോമർ 5:12; 6:23) മറ്റൊരു കാരണം അന്ത്യനാളുകളിലാണു നാം ജീവിക്കുന്നത് എന്നതാണ്. നമ്മുടെ നാളിലെ ആളുകളെ “വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയന്മാരും ഉഗ്രന്മാരും സൽഗുണദ്വേഷികളും” എന്ന് ബൈബിൾ വർണിക്കുന്നു. (2 തിമൊഥെയൊസ് 3:1-5) ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, കൊലപാതകം തുടങ്ങിയ മൃഗീയമായ കുറ്റകൃത്യങ്ങൾ വ്യാപകമായിരിക്കുന്നത് അതിനു തെളിവാണ്.
ദൈവത്തിന്റെ വിശ്വസ്ത ദാസരിൽ പലരും അക്രമാസക്തരായ ആളുകളുടെ ഇടയിലാണു ജീവിക്കുന്നതും ജോലി ചെയ്യുന്നതും. അതുകൊണ്ട് ചിലപ്പോൾ അവർ ഇത്തരക്കാരുടെ ലക്ഷ്യങ്ങളായി മാറുന്നു. ഒരു പ്രത്യേക സ്ഥലത്ത് ഒരു പ്രത്യേക സമയത്ത് എത്തിപ്പെട്ടതുകൊണ്ടുമാത്രം ജീവൻ അപകടത്തിലാകുന്ന ഒരു സ്ഥിതിവിശേഷം നമുക്ക് ഉണ്ടായേക്കാം. കൂടാതെ, ഏവരുടെയും മേൽ ‘കാലവും മുൻകൂട്ടിക്കാണാൻ കഴിയാത്ത സംഭവങ്ങളും വന്നു ഭവിക്കുന്നു’ എന്ന ശലോമോന്റെ പ്രസ്താവനയുടെ സത്യതയും നാം അനുഭവിക്കുന്നു.—സഭാപ്രസംഗി 9:11, NW.
ഇനി, ദൈവത്തെ ആരാധിക്കുന്നതിന്റെ പേരിൽ ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെടുമെന്നും പൗലൊസ് അപ്പൊസ്തലൻ വ്യക്തമാക്കി. അവൻ ഇങ്ങനെ പറഞ്ഞു: “എന്നാൽ ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസ്സുള്ളവർക്കു എല്ലാം ഉപദ്രവം ഉണ്ടാകും.” (2 തിമൊഥെയൊസ് 3:12) സമീപ വർഷങ്ങളിൽ ഒട്ടേറെ രാജ്യങ്ങളിൽ ഇതു സത്യമാണെന്നു തെളിഞ്ഞിരിക്കുന്നു.
അതുകൊണ്ട്, ദൈവഭക്തിയോടെ ജീവിക്കുന്നവർ അക്രമം, കുറ്റകൃത്യം, പ്രകൃതി വിപത്തുകൾ അല്ലെങ്കിൽ അപകട മരണങ്ങൾ എന്നിവയിൽനിന്ന് ഒഴിവുള്ളവരല്ല. തന്റെ ജനത്തിന് അല്ലലില്ലാതെ ജീവിക്കാൻ കഴിയേണ്ടതിന് യഹോവ അവർക്കു ചുറ്റും വേലി കെട്ടുന്നു എന്ന വാദഗതി സാത്താൻ ഉപയോഗിച്ചിട്ടുണ്ട്. (ഇയ്യോബ് 1:9, 10) എന്നാൽ അതു സത്യമല്ല. എങ്കിലും, ഒരു അനർഥത്തിൽനിന്ന് അത്ഭുതകരമായ വിടുതൽ നൽകുന്നില്ലെങ്കിൽ പോലും യഹോവ തീർച്ചയായും തന്റെ ജനത്തിനു സംരക്ഷണം പ്രദാനം ചെയ്യുന്നുണ്ട് എന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാനാവും.
യഹോവ ഇന്നു തന്റെ ജനത്തെ സംരക്ഷിക്കുന്ന വിധം
യഹോവ തന്റെ ജനത്തിന് തന്റെ വചനം മുഖാന്തരം നൽകുന്ന ദിവ്യ മാർഗനിർദേശങ്ങൾ അവരുടെ സംരക്ഷണത്തിന് ഉതകുന്നു. ആത്മീയതയും ബൈബിൾ പരിജ്ഞാനവും നമുക്കു നല്ല വിശകലന പ്രാപ്തിയും സുബോധവും പ്രദാനം ചെയ്യുന്നു. അതാകട്ടെ പിശകുകൾ ഒഴിവാക്കാനും ജ്ഞാനപൂർവകമായ തീരുമാനങ്ങൾ എടുക്കാനും നമ്മെ സഹായിക്കുന്നു. (സങ്കീർത്തനം 38:4; സദൃശവാക്യങ്ങൾ 3:21; 22:3) ഉദാഹരണത്തിന്, ലൈംഗിക അധാർമികത, അത്യാഗ്രഹം, കോപം, അക്രമം തുടങ്ങിയവ സംബന്ധിച്ച ബൈബിൾ ബുദ്ധിയുപദേശങ്ങൾക്കു ശ്രദ്ധ നൽകുന്നത് ഒട്ടേറെ വിപത്തുകളിൽനിന്നു ക്രിസ്ത്യാനികളെ സംരക്ഷിച്ചിരിക്കുന്നു. കൂടാതെ, ദുസ്സ്വഭാവികളുമായുള്ള കൂട്ടുകെട്ട് ഒഴിവാക്കുന്നതു മൂലം, ദുരന്തങ്ങൾ ഉണ്ടാകാനിടയുള്ള ഒരു സ്ഥലത്ത് ആ പ്രത്യേക സമയത്ത് നാം ആയിരിക്കാനുള്ള സാധ്യത കുറയുന്നു. (സങ്കീർത്തനം 26:4, 5; സദൃശവാക്യങ്ങൾ 4:14) ബൈബിൾ തത്ത്വങ്ങൾക്കു ചേർച്ചയിൽ ജീവിക്കുന്നവർ ശ്രേഷ്ഠമായ ജീവിതരീതി പിൻപറ്റുന്നു, അത് മെച്ചപ്പെട്ട മാനസിക, ശാരീരിക ആരോഗ്യം ആസ്വദിക്കുന്നതിന് ഇടയാക്കുന്നു.
അനർഥങ്ങൾ ഉണ്ടാകാൻ അനുവദിക്കുന്നെങ്കിൽക്കൂടെ അവ സഹിക്കാൻ ആവശ്യമായ കരുത്ത് തന്റെ ആരാധകർക്ക് ദൈവം പ്രദാനം ചെയ്യുമെന്ന അറിവ് നമുക്ക് അതിയായ ആശ്വാസം നൽകുന്നു. അപ്പൊസ്തലനായ പൗലൊസ് നമുക്ക് ഈ ഉറപ്പു നൽകുന്നു: “ദൈവം വിശ്വസ്തൻ; നിങ്ങൾക്കു കഴിയുന്നതിന്നുമീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്കു സഹിപ്പാൻ കഴിയേണ്ടതിന്നു പരീക്ഷയോടുകൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും.” (1 കൊരിന്ത്യർ 10:13) വിപത്തുകളിൻ മധ്യേ സഹിച്ചുനിൽക്കാൻ സഹായകമായ ‘സാധാരണയിൽ കവിഞ്ഞ ശക്തി’യും ബൈബിൾ വാഗ്ദാനം ചെയ്യുന്നു.—2 കൊരിന്ത്യർ 4:7, NW.
ദൈവം തന്റെ ഹിതത്തിനു ചേർച്ചയിൽ പ്രവർത്തിക്കുന്നു
എല്ലാവിധ അനർഥങ്ങളിൽനിന്നും ദൈവം തങ്ങളെ അത്ഭുതകരമായി വിടുവിക്കുമെന്ന് ക്രിസ്ത്യാനികൾ പ്രതീക്ഷിക്കണമോ? ബൈബിൾ രേഖകൾ അത്തരമൊരു പ്രതീക്ഷയെ പിന്തുണയ്ക്കുന്നില്ല.
തീർച്ചയായും, തനിക്ക് ഹിതകരമെങ്കിൽ തന്റെ ദാസരിൽ ആർക്കുവേണ്ടിയും നേരിട്ട് ഇടപെടാൻ യഹോവയാം ദൈവത്തിനു കഴിയും. ഒരു ആപത്തിൽനിന്ന് ദിവ്യ ഇടപെടൽ മൂലം രക്ഷപ്പെട്ടിരിക്കുന്നതായി ആരെങ്കിലും വിശ്വസിക്കുന്നെങ്കിൽ മറ്റുള്ളവർ അയാളെ വിമർശിക്കാൻ പാടില്ല. എന്നാൽ, അങ്ങനെയൊരു സാഹചര്യത്തിൽ യഹോവ ഇടപെടുന്നില്ലെങ്കിൽ അത് അവന്റെ അപ്രീതിയുടെ സൂചനയായും നാം കണക്കാക്കരുത്.
നാം ഏതു സാഹചര്യത്തിൽ ആയിരുന്നാലും, നമുക്ക് ഏതു പരിശോധനയെ നേരിടേണ്ടി വന്നാലും, ആ സാഹചര്യത്തെ നീക്കം ചെയ്തുകൊണ്ടോ സഹിച്ചുനിൽക്കാൻ ആവശ്യമായ കരുത്ത് നൽകിക്കൊണ്ടോ ഇനി നാം മരിക്കുകയാണെങ്കിൽ പുതിയ ഭൂമിയിലെ നിത്യജീവനിലേക്കു നമ്മെ ഉയിർപ്പിച്ചുകൊണ്ടോ യഹോവ തന്റെ വിശ്വസ്ത ദാസർക്കു ദിവ്യ സംരക്ഷണം നൽകുമെന്ന് നമുക്ക് ഉറച്ചു വിശ്വസിക്കാം.—സങ്കീർത്തനം 37:10, 11, 29; യോഹന്നാൻ 5:28, 29. (g02 4/8)