ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
പൊണ്ണത്തടിയൻ ഓമനമൃഗങ്ങൾ
“പട്ടികളെയും പൂച്ചകളെയും ബാധിക്കുന്ന പ്രമുഖ ആരോഗ്യപ്രശ്നം പൊണ്ണത്തടി ആണ്,” കാനഡയിലെ ദ ഗ്ലോബ് ആൻഡ് മെയിൽ റിപ്പോർട്ടു ചെയ്യുന്നു. “അതിന്റെ കാരണങ്ങൾ മനുഷ്യരിലും മൃഗങ്ങളിലും ഒന്നുതന്നെ ആണ്: ആരോഗ്യകരമല്ലാത്ത തീറ്റിശീലങ്ങളും വ്യായാമത്തിന്റെ കുറവും.” കനേഡിയൻ മൃഗചികിത്സാ മെഡിക്കൽ അസോസിയേഷൻ കൗൺസിലിലെ ബർണി പൂക്കേ പറയുന്നത് ഓമനമൃഗങ്ങളുടെ ഉടമകൾ പിൻപറ്റുന്ന ജീവിതശൈലിയാണ് ഇതിനു കാരണമെന്നാണ്: “വളരെ തിരക്കായതിനാൽ നമുക്കു വേണ്ടത്ര വ്യായാമം കിട്ടുന്നില്ല. ഉടമയ്ക്കു തിരക്കായതിനാൽ പട്ടിക്കും വേണ്ടത്ര വ്യായാമം കിട്ടുന്നില്ല. നമ്മുടെ മനസ്സിനിണങ്ങിയ ഭക്ഷണം നാം കഴിക്കുന്നു, അതുതന്നെ ഓമന മൃഗങ്ങൾക്കും കൊടുക്കുന്നു.” ഗ്ലോബ് ഈ മുന്നറിയിപ്പു നൽകുന്നു: “അമിത തൂക്കമുള്ള ഓമന മൃഗങ്ങൾക്കു പ്രമേഹവും ഹൃദ്രോഗവും ഉയർന്ന രക്തസമ്മർദവും വാതവുമൊക്കെ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. . . . ആരോഗ്യമുള്ള മൃഗങ്ങളെ അപേക്ഷിച്ച് അവ നേരത്തേതന്നെ ചത്തുപോകുന്നു.” പൊണ്ണത്തടിയൻ ഓമനമൃഗങ്ങൾക്കുള്ള ചികിത്സയിൽ നിയന്ത്രിതമായ ഭക്ഷണക്രമവും, പട്ടികൾക്കാണെങ്കിൽ, വർധിച്ച വ്യായാമവും ഉൾപ്പെടുന്നു. (g02 5/8)
ഒരു പുതിയ പ്രകാശമലിനീകരണ അറ്റ്ലസ്
“ക്ഷീരപഥം അപ്രത്യക്ഷമായിരിക്കുന്നു,” സയൻസ് പത്രികയിൽ വന്ന ഒരു റിപ്പോർട്ടാണ് അങ്ങനെ പറയുന്നത്. “എന്തെങ്കിലും പ്രാപഞ്ചിക കോളിളക്കം നിമിത്തമല്ല ഇത്. മറിച്ച്, വിശാലമായിക്കൊണ്ടിരിക്കുന്ന നഗരങ്ങളിലെ ശോഭയേറിയ വെളിച്ചം നിമിത്തം നമ്മുടെ താരാപംക്തിയിലെ നക്ഷത്രങ്ങളെ മിക്ക യൂറോപ്പുകാർക്കും അമേരിക്കക്കാർക്കും കാണാൻ കഴിയുന്നില്ല. കൃത്രിമ പ്രകാശത്തിന്റെ ഈ പ്രളയം ജ്യോതിശ്ശാസ്ത്രജ്ഞരെ അസ്വസ്ഥരാക്കുന്നു. കാരണം, അവരുടെ നിരീക്ഷണങ്ങളെ ഇതു പ്രതികൂലമായി ബാധിക്കുന്നു.” നിരാശരായ താരനിരീക്ഷകരെ സഹായിക്കാൻ ഇറ്റലിയിലെയും ഐക്യനാടുകളിലെയും ശാസ്ത്രജ്ഞർ ആഗോള പ്രകാശ മലിനീകരണം സൂചിപ്പിക്കുന്ന ഒരു പുതിയ അറ്റ്ലസ് ഉണ്ടാക്കിയിരിക്കുന്നു. “രാത്രിയിൽ ഭൂഖണ്ഡങ്ങളിൽ അങ്ങോളമിങ്ങോളമുള്ള വെളുത്ത പ്രകാശ സ്ഥാനങ്ങൾ” മാത്രം കാട്ടുന്ന ഭൂപടങ്ങളിൽനിന്നു ഭിന്നമായി, ഇന്റർനെറ്റിലൂടെ ലഭ്യമായ ഈ പുതിയ അറ്റ്ലസിൽ “ഭൂഖണ്ഡ ഭൂപടങ്ങളും കുറെക്കൂടി വിശദാംശങ്ങൾ അടങ്ങിയ മറ്റു ഭൂപടങ്ങളും ഉണ്ട്. ഉദാഹരണത്തിന്, യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽനിന്നു നക്ഷത്രങ്ങളെ എത്ര വ്യക്തമായി കാണാമെന്ന് അതു കാണിക്കുന്നു” എന്ന് സയൻസ് പറയുന്നു. (g02 5/22)
അവിഹിതജാത കുട്ടികളുടെ എണ്ണം കൂടുന്നു
യൂറോപ്യൻ യൂണിയനിൽ ജനിക്കുന്ന 25 ശതമാനം കുട്ടികളും അവിഹിത ബന്ധത്തിൽ പിറക്കുന്നവരാണെന്നു യൂറോപ്യൻ സ്ഥിതിവിവരക്കണക്ക് ഏജൻസിയായ യൂറോസ്റ്റാറ്റ് പറയുന്നതായി ജർമൻ പത്രമായ വെസ്റ്റ്ഡോയിറ്റ്ഷ ആൽജെമൈന റ്റ്സൈറ്റുങ് റിപ്പോർട്ടു ചെയ്യുന്നു. 1980-ൽ അത് 10 ശതമാനത്തിലും കുറവായിരുന്നു. അവിവാഹിതർക്കു ജനിക്കുന്ന കുട്ടികൾ ഏറ്റവും കുറവുള്ളത് ഗ്രീസിലാണ്—4 ശതമാനം. അതിൽനിന്നു വളരെ ഭിന്നമായ അവസ്ഥയാണ് സ്വീഡനിലേത്, അവിടെ പകുതിയിലധികം കുട്ടികളും ജനിക്കുന്നത് അവിവാഹിതർക്കാണ്. ഈ സംഗതിയിൽ ഏറ്റവും വലിയ മാറ്റം ഉണ്ടായിരിക്കുന്നത് അയർലൻഡിലാണ്. അവിടെ അവിവാഹിതർക്ക് ഉണ്ടാകുന്ന കുട്ടികൾ 1980-ൽ 5 ശതമാനമായിരുന്നത് വർധിച്ച് 2000-ത്തിൽ 31.8 ശതമാനം ആയിത്തീർന്നു. ശ്രദ്ധേയമായ അത്തരം വർധനകൾ “വിവാഹത്തോടും കുടുംബത്തോടുമുള്ള യൂറോപ്പുകാരുടെ മനോഭാവത്തിൽ വന്നിരിക്കുന്ന വലിയ മാറ്റത്തെ സൂചിപ്പിക്കുന്നു” എന്ന് പ്രസ്തുത റിപ്പോർട്ട് പ്രസ്താവിക്കുന്നു. (g02 5/8)
നൂറാം വയസ്സിലും സന്തുഷ്ടരും ആരോഗ്യവാന്മാരും
“നൂറു വയസ്സിനുമേൽ പ്രായമുള്ള 80 ശതമാനം ആളുകളും തങ്ങൾ ആരോഗ്യവാന്മാർ ആണെന്നു കരുതുകയും ദിവസങ്ങൾ സന്തോഷപൂർവം കഴിച്ചുകൂട്ടുകയും ചെയ്യുന്നവർ ആണ്” എന്ന് യോമിയൂറി ഷിമ്പൂൺ പത്രത്തിൽ വന്ന ഒരു റിപ്പോർട്ട് പ്രസ്താവിക്കുന്നു. ജപ്പാനിൽ നൂറുവയസ്സുകാരുടെ സംഖ്യ 1,000 കവിഞ്ഞത് 1981-ൽ ആണ്. 2000-ാം ആണ്ടിൽ ആ സംഖ്യ 13,000 ആയിത്തീർന്നു. അടുത്ത കാലത്ത്, ജപ്പാനിലെ ‘ഫൗണ്ടേഷൻ ഓഫ് ഹെൽത്ത് ആൻഡ് സ്റ്റാമിന’ എന്ന സംഘടന 1,900-ത്തിലധികം ശതവയസ്കരെ ഉൾപ്പെടുത്തി ഒരു സർവേ നടത്തി. ആ പ്രായഗണത്തിൽ പെടുന്നവരുടെ “ജീവിത ഗുണമേന്മ” സംബന്ധിച്ചു നടത്തപ്പെടുന്ന ഏറ്റവും വലിയ പഠനമായിരുന്നു അത്. “സ്ത്രീകളെ (25.8 ശതമാനം) അപേക്ഷിച്ച് പുരുഷന്മാരിൽ നല്ലൊരു സംഖ്യ, അതായത് 43.6 ശതമാനം, തങ്ങൾക്കു ‘ജീവിതത്തിൽ ഒരു ഉദ്ദേശ്യം’ ഉള്ളതായി പറയുന്നു” എന്ന് പ്രസ്തുത പത്രം റിപ്പോർട്ടു ചെയ്തു. ശതവയസ്കരിൽ മിക്കവരും “കുടുംബം,” “ദീർഘായുസ്സ്,” “നല്ല ആരോഗ്യവും സന്തുഷ്ട ജീവിതവും ആസ്വദിക്കൽ” എന്നിവ തങ്ങളുടെ ജീവിത ഉദ്ദേശ്യങ്ങളിൽ പെടുന്നതായി പറഞ്ഞു. തന്മൂലം, “ജീവിതത്തിൽ ഒരു ഉദ്ദേശ്യം ഉണ്ടായിരിക്കുന്നത് ദീർഘായുസ്സിലേക്കു നയിക്കുന്നു” എന്ന് യോമിയൂറി ഷിമ്പൂൺ പറയുന്നു. (g02 5/8)
ലൈംഗികബന്ധം പുലർത്തുന്ന കൗമാരപ്രായക്കാർ
കൗമാരപ്രായക്കാർ, അവരുടെ “മാതാപിതാക്കൾ ബന്ധം വേർപിരിഞ്ഞവരോ വിവാഹം കൂടാതെ ഒന്നിച്ചു താമസിക്കുന്നവരോ ആണെങ്കിൽ, ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരിക്കാനുള്ള സാധ്യത ഇരട്ടിയാണ്” എന്ന് ബ്രിട്ടനിലെ കുടുംബകാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒരു റിപ്പോർട്ടു സൂചിപ്പിക്കുന്നതായി ലണ്ടനിലെ ദ ഗാർഡിയൻ പറയുന്നു. ലൈംഗികബന്ധം പുലർത്തിയ 13 വയസ്സുകാരിൽ നാലിലൊന്നു പേർക്കും ചുരുങ്ങിയത് നാലു പങ്കാളികളെങ്കിലും ഉണ്ടായിരുന്നിട്ടുണ്ട്. അഞ്ചിലൊന്ന് കൗമാരപ്രായക്കാർ ആദ്യമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത് അവർ മദ്യപിച്ചിരുന്നപ്പോഴാണ്. “കുട്ടികളെ വളർത്തിക്കൊണ്ടു വരുന്നതിനുള്ള ഏറ്റവും അനുയോജ്യമായ കുടുംബഘടകം എന്ന നിലയിൽ വിവാഹബന്ധത്തിനു ശക്തമായ ഊന്നൽ” കൊടുക്കേണ്ടതിന്റെ ആവശ്യം പ്രസ്തുത റിപ്പോർട്ട് ഊന്നിപ്പറയുന്നു. ‘മാതാപിതാക്കളും കൗമാരപ്രായക്കാരും തമ്മിലുള്ള ബന്ധം ദുർബലമാകുമ്പോഴും സമ്പർക്കം കുറയുമ്പോഴും മേൽനോട്ടം ഇല്ലാതാകുമ്പോഴും’ പ്രശ്നങ്ങൾ ഉടലെടുക്കുന്നു. പ്രസ്തുത റിപ്പോർട്ട് ഇങ്ങനെ ഉപസംഹരിക്കുന്നു: “ഇളം കൗമാരപ്രായക്കാരുടെ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളുടെ പെരുമാറ്റം സംബന്ധിച്ചു കൂടുതലായ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതുവരെ, പ്രായം കുറഞ്ഞവരുടെ ഇടയിലെ ലൈംഗികത കുറയുകയില്ലെന്നു മാത്രമല്ല, കൗമാരപ്രായക്കാരുടെ ഇടയിലെ ഗർഭധാരണവും ലൈംഗികമായി പകരുന്ന രോഗങ്ങളും വർധിക്കുകയും ചെയ്യും.”(g02 5/8)
ഉറക്കംതൂങ്ങികളായ ഡ്രൈവർമാർ
വല്ലാത്ത ക്ഷീണം തോന്നുമ്പോൾ വാഹനം ഓടിക്കരുതെന്ന് ഉറക്ക ഗവേഷകരും ഗതാഗത സുരക്ഷാ വക്താക്കളും ഡ്രൈവർമാരെ ഉപദേശിക്കുന്നു എന്ന് ഫ്ളീറ്റ് മെയ്ന്റനൻസ് & സേഫ്റ്റി റിപ്പോർട്ട് പറയുന്നു. ഓരോ രാത്രിയിലും എട്ടു മണിക്കൂർ ഉറങ്ങാൻ ഉറക്കത്തെ കുറിച്ചു ഗവേഷണം നടത്തുന്നവർ ശുപാർശ ചെയ്യുന്നുണ്ടെങ്കിലും, പലർക്കും അത്രത്തോളം ഉറക്കം ലഭിക്കുന്നില്ല എന്ന് പഠനങ്ങൾ കാണിക്കുന്നു. 19-നും 29-നും ഇടയ്ക്കു പ്രായമുള്ള ഡ്രൈവർമാർ മറ്റു പ്രായക്കാരെ അപേക്ഷിച്ച് ഉറക്കം തൂങ്ങിയിരിക്കുമ്പോൾ വാഹനമോടിക്കാനും ഉറക്കം വരുമ്പോൾ വാഹനത്തിന്റെ വേഗം കൂട്ടാനും കൂടുതൽ ചായ്വു കാണിക്കുന്നതായി സർവേകൾ വെളിപ്പെടുത്തുന്നു. “ലഹരിപാനീയങ്ങളുടെ ഉപയോഗവും വാഹനം ഓടിക്കുമ്പോൾ ഉറങ്ങാനുള്ള സാധ്യത വർധിപ്പിക്കുന്നു,” ആ റിപ്പോർട്ട് പ്രസ്താവിക്കുന്നു. റേഡിയോ പ്രവർത്തിപ്പിക്കുന്നതും ജാലകച്ചില്ല് താഴ്ത്തി വെക്കുന്നതും ഉണർന്നിരിക്കാൻ സഹായിക്കുകയില്ല, മറിച്ച് ചെറുതായൊന്നു മയങ്ങുന്നത് ഉറക്കം തൂങ്ങാതിരിക്കാൻ സഹായിച്ചേക്കും എന്ന് ഗതാഗത സുരക്ഷയ്ക്കായുള്ള അമേരിക്കൻ ഓട്ടോമൊബൈൽ അസോസിയേഷൻ ഫൗണ്ടേഷന്റെ പ്രസിഡന്റായ ഡേവിഡ് വിലിസ് ചൂണ്ടിക്കാട്ടുന്നു. അദ്ദേഹം ഇങ്ങനെ ഊന്നിപ്പറയുന്നു: “ഉറക്കം തൂങ്ങലിനുള്ള ഏക പരിഹാരം ഉറക്കമാണ്.” (g02 5/8)
മാനസിക രോഗത്തെ മനസ്സിലാക്കൽ
“ലോകത്തിലെ നാലിലൊന്ന് ആളുകൾ തങ്ങളുടെ ജീവിതത്തിൽ എപ്പോഴെങ്കിലും മാനസികമോ നാഡീസംബന്ധമോ ആയ ക്രമക്കേടുകൾ അനുഭവിക്കും” എന്നു ലോകാരോഗ്യ സംഘടന റിപ്പോർട്ടു ചെയ്യുന്നു. പല മാനസിക രോഗങ്ങളും ചികിത്സിക്കാവുന്നവയാണെങ്കിലും, അങ്ങനെയൊരു പ്രശ്നമുള്ള മൂന്നിൽ രണ്ടോളം പേരും ഒരിക്കലും വിദഗ്ധ സഹായം തേടുന്നില്ല. “മാനസിക രോഗം ഒരു വ്യക്തിപരമായ പരാജയം അല്ല” എന്നു ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറലായ ഡോ. ഗ്രോ ഹാർലം ബ്രണ്ട്ലാൻ പറയുന്നു. “വാസ്തവത്തിൽ പരാജയം ഉണ്ടെങ്കിൽത്തന്നെ മാനസികവും മസ്തിഷ്കപരവുമായ ക്രമക്കേടുകൾ ഉള്ളവരോടു നാം പ്രതികരിച്ചിട്ടുള്ള വിധത്തിലാണ് അതുള്ളത്.” അവർ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ഇതു ദീർഘകാല സംശയങ്ങളെയും വിശ്വാസങ്ങളെയും ദൂരീകരിക്കുമെന്നും മാനസിക ആരോഗ്യ രംഗത്ത് ഒരു പുതിയ പൊതുജനാരോഗ്യ യുഗത്തിനു നാന്ദി കുറിക്കുമെന്നും ഞാൻ പ്രത്യാശിക്കുന്നു.” നിലവിലുള്ള ആരോഗ്യ പ്രവണതകൾ അനുസരിച്ച്, “2020 ആകുന്നതോടെ വിഷാദസംബന്ധമായ ക്രമക്കേടുകൾ . . . ഇസ്ക്കീമിക് ഹൃദ്രോഗം കഴിഞ്ഞാൽ രണ്ടാം സ്ഥാനത്തും മറ്റെല്ലാ രോഗങ്ങൾക്കും മുന്നിലും ആയിരിക്കുമെന്നു കണക്കാക്കപ്പെടുന്നു,” എന്നു ലോകാരോഗ്യ സംഘടന പറയുന്നു. എന്നിരുന്നാലും, ഉചിതമായ ചികിത്സ ലഭിക്കുന്നപക്ഷം ഈ പ്രശ്നം ഉള്ളവർക്ക് “ഗുണമേന്മയുള്ള ജീവിതം നയിക്കാനും തങ്ങളുടെ സമൂഹത്തിൽ ഒരു സുപ്രധാന പങ്കു വഹിക്കാനും കഴിയും.” (g02 5/22)
ആധുനിക മാർബിൾ പുനഃസ്ഥിതീകരണം
“ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ബാക്ടീരിയയിൽനിന്നു മാർബിൾ ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന ഒരു വിപ്ലവാത്മകമായ വിദ്യ ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നു” എന്ന് ലണ്ടനിലെ ദ ടൈംസ് പ്രസ്താവിക്കുന്നു. സ്വാഭാവികമായി മണ്ണിൽ കാണപ്പെടുന്ന അതിസൂക്ഷ്മ കാൽസ്യോത്പാദക ബാക്ടീരിയയെ പരീക്ഷണശാലയിൽ വളർത്തിയെടുക്കുകയും എന്നിട്ട് പെക്ടിൻ അടങ്ങിയ ദ്രാവകത്തിലേക്കു മാറ്റുകയും ചെയ്യുന്നു. അവയുടെ ധാതുഭക്ഷ്യശേഖരം തീർന്നുപോകുമ്പോൾ ഈ ബാക്ടീരിയ ചാകുകയും ലായനിയിൽ ശുദ്ധമായ കാൽസ്യം കാർബണേറ്റ്—മാർബിൾ—ഉണ്ടാകുകയും ചെയ്യുന്നു. പ്രസ്തുത ലായനി, കാലപ്പഴക്കമോ പ്രകൃതിശക്തികളോ നിമിത്തം ദ്രവിച്ചുപോയ ശിൽപ്പങ്ങളിലും മറ്റു മാർബിൾ പ്രതലങ്ങളിലും ചീറ്റിക്കുമ്പോൾ അവയുടെമേൽ സൂക്ഷ്മമായ ഒരു പാളി ഉണ്ടാകുകയും അത് ഉപരിതലത്തിലേക്കു തുളഞ്ഞുകയറുകയും ആ കല്ലിനെ ഉറപ്പിച്ചുനിറുത്തുകയും ചെയ്യുന്നു. ഉയർന്ന ഗുണനിലവാരമുള്ള മാർബിളിന്റെ ലഭ്യത ഇപ്പോൾ കുറവായതിനാൽ, ഹാനികരമായ പാർശ്വഫലങ്ങൾ കൂടാതെ എളുപ്പത്തിലും വലിയ അളവിലും വളരെ ചെലവു കുറഞ്ഞ രീതിയിൽ ഈ ലായനി ഉണ്ടാക്കാൻ കഴിയുന്നത് വളരെ സഹായകമാണെന്ന് ഇംഗ്ലണ്ടിലെ മേഴ്സിസൈഡിലുള്ള ‘നാഷണൽ മ്യൂസിയംസ് ആൻഡ് ഗാലറീസി’ലെ വാസ്തുശിൽപ്പ പരിരക്ഷണ വിഭാഗത്തിന്റെ തലവനായ ജോൺ ലാർസൺ പറയുന്നു. (g02 5/22)
ദൈവത്തിന്റെ പേരിൽ മോഷണം
“ഇരുപതു വർഷമായി ഞാൻ നിക്ഷേപ കാര്യങ്ങൾ നിയന്ത്രിക്കുന്ന ഒരു ഉദ്യോഗസ്ഥയാണ്. ദൈവത്തിന്റെ പേരിലുള്ള പണമോഷണം മറ്റേതൊരു മോഷണത്തെക്കാളും അധികമാണെന്നു ഞാൻ കണ്ടിരിക്കുന്നു” എന്ന് വടക്കേ അമേരിക്കയിലെ നിക്ഷേപ കാര്യനിർവാഹകരുടെ അസോസിയേഷന്റെ പ്രസിഡന്റായ ഡെബോറ ബോർട്ട്നർ പറഞ്ഞു. “പണം നിക്ഷേപിക്കാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വ്യക്തി നിങ്ങളുടെ മതത്തെയോ വിശ്വാസത്തെയോ കുറിച്ചു സംസാരിക്കുന്നു എന്നു കരുതി നിങ്ങൾ ജാഗ്രത കൈവെടിയരുത്.” ക്രിസ്റ്റ്യൻ സെഞ്ച്വറി എന്ന മാസിക പറയുന്നതനുസരിച്ച്, “കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ 27 സംസ്ഥാനങ്ങളിലുള്ള നിക്ഷേപ ഉദ്യോഗസ്ഥർ, നിക്ഷേപകരുടെ വിശ്വാസം നേടാൻ ആത്മീയമോ മതപരമോ ആയ വിശ്വാസങ്ങൾ ഉപയോഗിച്ചിട്ടുള്ള നൂറുകണക്കിനു വ്യക്തികൾക്കും കമ്പനികൾക്കുമെതിരെ നടപടി എടുത്തിട്ടുണ്ട്. . . . [അഞ്ചിലധികം വർഷം] നീണ്ടുനിന്ന കുപ്രസിദ്ധമായ ഒരു കേസിൽ” ഒരു പ്രൊട്ടസ്റ്റന്റ് സ്ഥാപനം “രാജ്യവ്യാപകമായി 13,000-ത്തിലധികം നിക്ഷേപകരിൽനിന്ന് 59 കോടിയിലധികം ഡോളർ സമാഹരിച്ചു. സംസ്ഥാന നിക്ഷേപ ഉദ്യോഗസ്ഥർ 1999-ൽ ആ സ്ഥാപനം അടച്ചുപൂട്ടി. അതിലെ മൂന്ന് ഉദ്യോഗസ്ഥർ തങ്ങൾ തട്ടിപ്പു നടത്തിയിട്ടുണ്ടെന്നു സമ്മതിക്കുകയും ചെയ്തു.” മറ്റു മൂന്നു കേസുകളിൽ “150 കോടി ഡോളറിന്റെ നഷ്ടം ഉണ്ടായതായി” ക്രിസ്റ്റ്യൻ സെഞ്ച്വറി റിപ്പോർട്ടു ചെയ്യുന്നു. (g02 5/22)