അംബരചുംബികൾ ഏഷ്യയിൽ വർധിക്കുന്നു
അംബരചുംബികൾ ഏഷ്യയിൽ വർധിക്കുന്നു
“ഒരിക്കൽ 419 മീറ്റർ ഉയരത്തിൽ തലയെടുപ്പോടെ നിന്നിരുന്ന വേൾഡ് ട്രേഡ് സെന്ററിനെക്കാൾ പൊക്കമുള്ള ആറ് അംബരചുംബികളുടെ നിർമാണത്തിനു വേണ്ടിയുള്ള ആസൂത്രണങ്ങൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്” എന്നു ദ വാൾ സ്‌ട്രീറ്റ് ജേർണൽ പറയുന്നു. “അവയെല്ലാം ഏഷ്യയിലാണ്.” അവിടെ “ഉയരം കൂടിയ കെട്ടിടങ്ങളോടുള്ള 20 വർഷത്തെ പ്രണയം ഇപ്പോഴും തുടരുകയാണ്” എന്ന് ജേർണൽ കൂട്ടിച്ചേർക്കുന്നു.
ഈ കൂറ്റൻ കെട്ടിടങ്ങൾ കൊറിയ, ചൈന, തായ്‌വാൻ എന്നിവിടങ്ങളിലെ ചക്രവാള രേഖയ്‌ക്ക് ആയിരിക്കും മകുടം ചാർത്തുക. “ആകാശം കീഴടക്കാനുള്ള ആഗ്രഹം മനുഷ്യ രക്തത്തിൽ അലിഞ്ഞുചേർന്നിരിക്കുന്ന ഒന്നാണ്” എന്ന് ഇപ്പോൾ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളായ മലേഷ്യയിലെ ക്വാലാലംപൂരിലുള്ള പെട്രോണസ് ഇരട്ട ഗോപുരങ്ങളുടെ ആർക്കിടെക്റ്റായ സേസാർ പെല്ലി പറയുന്നു. “ആകാശത്തു മുദ്ര പതിപ്പിക്കാനുള്ള ആഗ്രഹം ബാബേൽ ഗോപുരം മുതൽ ഉള്ളതാണ്.”
എഞ്ചിനീയർമാർ ഇപ്പോൾ കൂടുതലായ സുരക്ഷാ സംവിധാനങ്ങൾ കൈക്കൊള്ളുകയാണ്. ഓരോ 10-ഓ 12-ഓ നിലകൾ കൂടുമ്പോൾ തുറസ്സായ “അഭയ നിലകൾ” ഉണ്ടാക്കുന്നതും കെട്ടിടനിലകൾക്ക് ഇടയിൽ സ്റ്റെയർകേസിനും എലിവേറ്ററിനും മറ്റുമായുള്ള തുറന്ന ഭാഗങ്ങളുടെ ഉറപ്പു കൂട്ടുന്നതും ആ ഭാഗങ്ങളെ പുറത്തെ പ്രധാന തൂണുകളുമായി ബന്ധിപ്പിക്കുകയും കെട്ടിടത്തെ ചുറ്റുകയും ചെയ്യുന്ന തുലാങ്ങളും കൂടുതൽ ആളുകൾക്കു നിൽക്കാൻ കഴിയത്തക്കവണ്ണം താഴോട്ടു പോകുന്തോറും വീതി കൂടുന്ന അഗ്നിസുരക്ഷാ ഗോവണിപ്പടികളും നിർമിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.
ഇപ്പോൾ 300 മീറ്ററിലധികം ഉയരമുള്ള രണ്ട് ഡസനോളം വാസയോഗ്യമായ കെട്ടിടങ്ങൾ ലോകത്തുണ്ട്. അവയിൽ പകുതിയിലധികവും ഏഷ്യയിലാണ്. “എന്നാൽ പ്രായോഗികമായി നോക്കിയാൽ 60 നിലയിൽ കൂടുതലുള്ള ഒരു നിർമിതികൊണ്ടു പ്രത്യേകിച്ചു ഗുണമൊന്നും ഇല്ലെന്ന കാര്യത്തിൽ വിദഗ്‌ധർ യോജിക്കുന്നു” എന്ന് ജേർണൽ പറയുന്നു. (g02 6/22)
[18-ാം പേജിലെ ചിത്രം]
452 മീറ്റർ ഉയരമുള്ള പെട്രൊണസ് ഗോപുരങ്ങളാണു ലോകത്തിലേക്കും ഉയരം കൂടിയവ
[18-ാം പേജിലെ ചാർട്ട്/ചിത്രങ്ങൾ]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
കെട്ടിടത്തിന്റെ ഉയരത്തിൽ അലങ്കാരത്തിനായി നിർമിച്ച സർപ്പിളാകാര ഗോപുരാഗ്രങ്ങൾ ഉൾപ്പെടുന്നു, എന്നാൽ ആന്റിനകൾ കണക്കിലെടുക്കുന്നില്ല.
കാഫ്‌റെ പിരമിഡ്, ഗിസ, ഈജിപ്ത് 143 മീറ്റർ പൊ.യു.മു. 2500
ഈഫൽ ഗോപുരം, പാരിസ്, ഫ്രാൻസ് 300 മീറ്റർ 1889
ടി & സി ടവർ, കൗഷിയുങ്, തായ്‌വാൻ 348 മീറ്റർ 1997
ബാങ്ക് ഓഫ് ചൈന, ഹോങ്കോംഗ്, ചൈന 369 മീറ്റർ 1989
എംപയർ സ്റ്റേറ്റ് ബിൽഡിംഗ്, ന്യൂയോർക്ക്, ഐക്യനാടുകൾ 381 മീറ്റർ 1931
സിയഴ്‌സ് ടവർ, ഷിക്കാഗോ, ഐക്യനാടുകൾ 442 മീറ്റർ 1974
പെട്രൊണസ് ഗോപുരങ്ങൾ, ക്വാലാലംപൂർ, മലേഷ്യ 452 മീറ്റർ 1997
ഷാങ്‌ഹൈ ലോക സാമ്പത്തിക കേന്ദ്രം, ഷാങ്‌ഹൈ, ചൈന 460 മീറ്റർ (2007-ലേക്ക് ശുപാർശ ചെയ്യപ്പെട്ടിരിക്കുന്നത്)n
റ്റൈപെയ് സാമ്പത്തിക കേന്ദ്രം, റ്റൈപെയ്, തായ്‌വാൻ 508 മീറ്റർ (2003-ൽ പൂർത്തിയാക്കപ്പെടേണ്ടത്)
[കടപ്പാട്]
എല്ലാ ചിത്രങ്ങളും: Courtesy SkyscraperPage.com