പോലീസ് അവരുടെ ഭാവി എന്ത്?
പോലീസ് അവരുടെ ഭാവി എന്ത്?
പോലീസ് ഇല്ലായിരുന്നെങ്കിൽ സാധ്യതയനുസരിച്ച് ഇവിടെ അരാജകത്വം നടമാടിയേനെ. എന്നാൽ പോലീസ് ഉണ്ടെങ്കിലും നമ്മുടെ ലോകം സുരക്ഷിതമാണോ? ഇന്നു മിക്ക നഗരങ്ങളിലും അതുപോലെ ഗ്രാമപ്രദേശങ്ങളിലും ഒരു സുരക്ഷാ പ്രതിസന്ധിയുണ്ട്. സംഘടിത കുറ്റകൃത്യത്തിൽനിന്നും പതിവു കുറ്റവാളികളിൽനിന്നും നമ്മെ രക്ഷിക്കാൻ പോലീസിനു കഴിയുമോ? പോലീസ് നമ്മുടെ തെരുവുകളെ സുരക്ഷിതമാക്കുമെന്നു നമുക്കു പ്രതീക്ഷിക്കാനാകുമോ? കുറ്റകൃത്യത്തിനെതിരെയുള്ള യുദ്ധത്തിൽ അവർ വിജയിക്കുമോ?
നാളത്തെ പോലീസ് (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ ഡേവിഡ് ബെയ്ലി തന്റെ അഭിപ്രായം നൽകുന്നു: “പോലീസ് കുറ്റകൃത്യത്തെ തടയുന്നില്ല,” അദ്ദേഹം പറയുന്നു. “കാൻസർ ബാധിച്ച ശരീരഭാഗത്തുള്ള വെറുമൊരു വെച്ചുകെട്ടു പോലെയാണു പോലീസ്. . . . കുറ്റകൃത്യം തടയാൻ പ്രതിജ്ഞാബദ്ധരായിരിക്കുമ്പോൾ പോലും പോലീസ് നമ്മുടെ സമൂഹത്തെ കുറ്റകൃത്യ വിമുക്തമാക്കുമെന്നു പ്രതീക്ഷിക്കാൻ കഴിയുകയില്ല.” പോലീസിന്റെ മൂന്നു പ്രധാന പ്രവർത്തനങ്ങൾ—തെരുവു റോന്തുചുറ്റൽ, അടിയന്തിര സാഹചര്യങ്ങളോടു പ്രതികരിക്കൽ, കുറ്റാന്വേഷണം
—കുറ്റകൃത്യത്തെ തടയാൻ പര്യാപ്തമല്ല എന്നു പഠനങ്ങൾ കാണിച്ചിരിക്കുന്നു. എന്തുകൊണ്ട്?പോലീസ് സന്നാഹം വളരെ വർധിപ്പിച്ചുകൊണ്ട് കുറ്റകൃത്യം തടയാൻ ശ്രമിക്കുന്നത് അങ്ങേയറ്റം ചെലവേറിയതായതിനാൽ അസാധ്യമായ കാര്യമാണ്. ഇനി അതു സാധിച്ചാൽത്തന്നെ റോന്തുചുറ്റുന്ന പോലീസുകാരുടെ എണ്ണത്തിലെ വർധന കുറ്റവാളികൾക്കൊരു പ്രശ്നമല്ലാത്തതു പോലെ കാണപ്പെടുന്നു. അതുപോലെതന്നെ പോലീസിന്റെ സത്വര പ്രതികരണവും കുറ്റകൃത്യത്തെ കാര്യമായി തടയുന്നില്ല. സംഭവസ്ഥലത്ത് ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് എത്തിപ്പെടാത്ത പക്ഷം കുറ്റവാളിയെ പിടികൂടാനുള്ള സാധ്യത കുറവാണെന്നു പോലീസുകാർ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. എന്നാൽ അത്ര വേഗത്തിലുള്ള പോലീസ് പ്രതികരണം അപൂർവമാണെന്ന് കുറ്റവാളികൾക്ക് അറിയാവുന്നതു പോലെ തോന്നുന്നു. ഇനി, കുറ്റാന്വേഷണവും ഈ കാര്യത്തിൽ സഹായകമല്ല. കുറ്റവാളികളെ പിടികൂടി ഇരുമ്പഴികൾക്കുള്ളിൽ അടയ്ക്കുന്നതിൽ കുറ്റാന്വേഷക വിദഗ്ധർ വിജയിച്ചാൽത്തന്നെ അതു കുറ്റകൃത്യത്തെ തടയുന്നില്ല. ഏറ്റവും കൂടുതൽ കുറ്റവാളികൾ ജയിലിലടയ്ക്കപ്പെട്ടിട്ടുള്ള രാജ്യം ഐക്യനാടുകളാണ്, എന്നിട്ടും അവിടത്തെ കുറ്റകൃത്യ നിരക്കു വളരെ കൂടുതലാണ്; അതേസമയം വളരെ കുറവ് ആളുകൾ മാത്രം ജയിലിലുള്ള ജപ്പാനാണ് ഏറ്റവും കുറഞ്ഞ കുറ്റകൃത്യ നിരക്കുള്ള രാജ്യങ്ങളിലൊന്ന്. അയൽപക്ക ജാഗ്രതാ പരിപാടി പോലുള്ള പദ്ധതികൾക്കു പോലും നിലനിൽക്കുന്ന ഫലമുള്ളതായി കാണപ്പെടുന്നില്ല, പ്രത്യേകിച്ചും കുറ്റകൃത്യം വളരെ കൂടുതലുള്ള പ്രദേശങ്ങളിൽ. മയക്കുമരുന്നു കള്ളക്കടത്ത്, കവർച്ച എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങൾക്ക് എതിരെ ശക്തമായ നടപടി കൈക്കൊള്ളുമ്പോൾ കുറച്ചു കാലത്തേക്ക് അതു ശ്രദ്ധേയമായ ഫലങ്ങൾ ഉളവാക്കിയേക്കാമെങ്കിലും, ആ ഫലങ്ങൾ സാധാരണഗതിയിൽ സ്ഥായിയായി നിലനിൽക്കുന്നില്ല.
“പോലീസുകാർക്ക് കുറ്റകൃത്യം തടയാൻ കഴിയുന്നില്ല എന്നത് ചിന്തിക്കുന്ന ആളുകളെ സംബന്ധിച്ചിടത്തോളം വലിയ അതിശയമല്ല” എന്ന് നാളത്തെ പോലീസ് എന്ന പുസ്തകം പറയുന്നു. “പോലീസിന്റെയും മുഴു നീതിന്യായ സംവിധാനത്തിന്റെയും നിയന്ത്രണത്തിനു പുറത്തുള്ള സാമൂഹിക അവസ്ഥകളാണു ജനങ്ങളുടെ ഇടയിലെ കുറ്റകൃത്യ നിരക്കുകളെ നിർണയിക്കുന്നത് എന്നത് പൊതുവേ അറിയപ്പെടുന്ന വസ്തുതയാണ്.”
പോലീസ് ഇല്ലായിരുന്നെങ്കിൽ എന്തു സംഭവിച്ചേനെ?
പോലീസുകാരാരും നിങ്ങളെ നിരീക്ഷിക്കുന്നില്ലെങ്കിൽ നിങ്ങൾ എങ്ങനെയാണു പെരുമാറുക? ആ തക്കം മുതലെടുത്തു നിയമം ലംഘിക്കാൻ നിങ്ങൾ ശ്രമിക്കുമോ? ഓഫീസ് കുറ്റകൃത്യത്തിന്റെ ഹീനമായ നേട്ടങ്ങൾക്കായി തങ്ങളുടെ സത്പേരും ഭാവിയും അപകടപ്പെടുത്താൻ സമൂഹത്തിലെ ഉയർന്ന തട്ടിലുള്ളവരും ഇടത്തരക്കാരുമായ എത്രയോ ‘മാന്യന്മാർ’ തയ്യാറാകുന്നു എന്നത് അതിശയകരമാണ്. ദ ന്യൂയോർക്ക് ടൈംസ് അടുത്തകാലത്ത് ‘വാഹന ഇൻഷ്വറൻസ് കമ്പനികളെ തട്ടിപ്പിനിരയാക്കുന്നതിൽ ഉൾപ്പെട്ടുവെന്നു പറയപ്പെടുന്ന ഒരു കേസിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ട 112 പേരെ’ കുറിച്ചു റിപ്പോർട്ടു ചെയ്തു. ‘അവരിൽ അഭിഭാഷകർ, ഡോക്ടർമാർ, കൈറോപ്രാക്റ്റിക് ചികിത്സകർ, ഒരു ഫിസിയോ തെറാപ്പിസ്റ്റ്, ഒരു അക്യൂപങ്ചർ ചികിത്സാ വിദഗ്ധ, പോലീസ് ഭരണവിഭാഗ അസിസ്റ്റന്റ് എന്നിവർ ഉണ്ടായിരുന്നു.’
കലാലോകത്തെ സമ്പന്ന അഭിവർധകരെ ഞെട്ടിച്ച മറ്റൊരു വൻ തട്ടിപ്പു കേസ് അടുത്തകാലത്തു നടക്കുകയുണ്ടായി. പ്രമുഖ ലേലംവിളി സ്ഥാപനങ്ങളായ ന്യൂയോർക്കിലെ സൊഥ്ബിയുടെയും ലണ്ടനിലെ ക്രിസ്റ്റിയുടെയും മുൻ മുഖ്യ ഭാരവാഹികൾ കൃത്രിമ വില നിശ്ചയ കേസിൽ കുറ്റക്കാരെന്നു തെളിഞ്ഞു. അവരും അവരുടെ സ്ഥാപനങ്ങളും പിഴയും നഷ്ടപരിഹാരവുമായി 4,046,40,00,000 രൂപ അടയ്ക്കേണ്ടതായി വന്നിരിക്കുന്നു! അതേ, പണത്തിനായുള്ള അടങ്ങാത്ത അത്യാർത്തി സമൂഹത്തിലെ എല്ലാ തലങ്ങളെയും ബാധിച്ചിരിക്കുന്നു.
ബ്രസീലിലെ റെസിഫെയിൽ 1997-ൽ പോലീസ് പണിമുടക്കിയപ്പോൾ സംഭവിച്ചത്, തടസ്സമൊന്നുമില്ലെങ്കിൽ പലരും എത്ര പെട്ടെന്നാണു കുറ്റകൃത്യത്തിലേക്കു തിരിയുന്നത് എന്നതിന്റെ ഉദാഹരണമാണ്. അവർക്ക് ഉണ്ടായിരുന്നേക്കാവുന്ന മതവിശ്വാസങ്ങളൊന്നും അവരുടെ പെരുമാറ്റത്തെ ബാധിക്കുന്നില്ല. സദാചാരമുറകളും ധാർമികമൂല്യങ്ങളും കാറ്റിൽപ്പറത്താനോ അവയിൽ വെള്ളം ചേർക്കാനോ അവർക്ക് യാതൊരു പ്രയാസവുമില്ല. നിയമം ലംഘിക്കാൻ
ചായ്വുള്ള—അതു വലുതോ ചെറുതോ ആയിക്കൊള്ളട്ടെ—ഈ ലോകത്തിൽ മിക്ക രാജ്യങ്ങളിലെയും പോലീസുകാർ കുറ്റകൃത്യത്തിനെതിരായുള്ള യുദ്ധത്തിൽ പരാജയപ്പെടുകയാണെന്നത് അതിശയമല്ല.അതേസമയം അധികാരത്തോടുള്ള ആദരവു നിമിത്തം നിയമങ്ങൾ അനുസരിക്കുന്ന ചില ആളുകൾ ഉണ്ട്. ദൈവത്തിന്റെ അനുവാദത്താൽ നിലനിൽക്കുന്ന അധികാരങ്ങൾ സമൂഹത്തിൽ ഒരളവുവരെയുള്ള ക്രമസമാധാനം പാലിക്കാൻ സഹായിക്കുന്നതിനാൽ അവയ്ക്കു കീഴ്പെട്ടിരിക്കാൻ റോമിലെ ക്രിസ്ത്യാനികളോട് പൗലൊസ് അപ്പൊസ്തലൻ പറഞ്ഞു. അത്തരം അധികാരത്തെ കുറിച്ച് അവൻ എഴുതി: “അവൻ ദോഷം പ്രവർത്തിക്കുന്നവന്റെ ശിക്ഷെക്കായി പ്രതികാരിയായ ദൈവശുശ്രൂഷക്കാരൻ തന്നേ. അതുകൊണ്ടു ശിക്ഷയെ മാത്രമല്ല മനസ്സാക്ഷിയെയും വിചാരിച്ചു കീഴടങ്ങുക ആവശ്യം.”—റോമർ 13:4, 5.
മാറുന്ന സാമൂഹിക അവസ്ഥകൾ
സാമൂഹിക അവസ്ഥകൾ മെച്ചപ്പെടുത്തുന്നതിൽ പോലീസ് തീർച്ചയായും ഒരു പങ്കു വഹിക്കുന്നുണ്ട്. തെരുവുകളിൽനിന്ന് അക്രമവും മയക്കുമരുന്നുകളും നിർമാർജനം ചെയ്യപ്പെടുമ്പോൾ ആളുകൾ പൊതുവേ സമൂഹത്തിന്റെ മെച്ചപ്പെട്ട പ്രതിച്ഛായയ്ക്കൊത്തു ജീവിക്കാൻ ചായ്വു കാട്ടുന്നു. എന്നാൽ സമൂഹത്തിനു പരിവർത്തനം വരുത്തുക എന്നത് ഏതൊരു പോലീസ് സേനയുടെയും പ്രാപ്തിക്ക് അതീതമാണ്.
നിയമങ്ങളോടുള്ള ജനങ്ങളുടെ വലിയ ആദരവു നിമിത്തം പോലീസിന്റെ ആവശ്യം ഉണ്ടായിരിക്കുകയില്ലാത്ത ഒരു സമൂഹത്തെ ഭാവനയിൽ കാണാൻ നിങ്ങൾക്കാകുമോ? ആളുകൾക്കു പരസ്പരം അങ്ങേയറ്റത്തെ പരിഗണന ഉള്ളതിനാൽ അയൽക്കാർ അന്യോന്യം സഹായിക്കാൻ സദാ സന്നദ്ധരായിരിക്കുന്ന, പോലീസിനെ സഹായത്തിനായി വിളിക്കേണ്ട ആവശ്യമില്ലാത്ത ഒരു ലോകത്തെ കുറിച്ചു ചിന്തിക്കാൻ നിങ്ങൾക്കാകുമോ? ഒരുപക്ഷേ അത് ഒരു സ്വപ്നം പോലെ തോന്നിയേക്കാം. എന്നാൽ യേശുവിന്റെ പിൻവരുന്ന വാക്കുകൾ, മറ്റൊരു സന്ദർഭത്തിൽ പറഞ്ഞവയാണെങ്കിലും, തീർച്ചയായും ഇവിടെ ബാധകമാകുന്നു. അവൻ പറഞ്ഞു: “അതു മനുഷ്യർക്കു അസാദ്ധ്യം എങ്കിലും ദൈവത്തിന്നു സകലവും സാദ്ധ്യം.”—മത്തായി 19:26.
മുഴു മനുഷ്യവർഗവും യഹോവയാം ദൈവം സ്ഥാപിക്കുന്ന ഒരു ഗവൺമെന്റിന്റെ പ്രജകളായിരിക്കുന്ന ഒരു ഭാവി സമയത്തെ കുറിച്ചു ബൈബിൾ പറയുന്നു. ‘സ്വർഗ്ഗസ്ഥനായ ദൈവം ഒരു രാജത്വം സ്ഥാപിക്കും. അത് ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കും.’ (ദാനീയേൽ 2:44) ആത്മാർഥ ഹൃദയരായ ഏവരെയും ദൈവത്തിന്റെ സ്നേഹമാർഗത്തെ കുറിച്ചു പഠിപ്പിച്ചുകൊണ്ട് ഈ പുതിയ ഗവൺമെന്റ് കുറ്റകൃത്യത്തിലേക്കു നയിക്കുന്ന സാമൂഹിക അവസ്ഥകൾക്കു മാറ്റം വരുത്തും. ‘സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കും.’ (യെശയ്യാവു 11:9) യഹോവയുടെ നിയമിത രാജാവായ യേശുക്രിസ്തുവിന് എല്ലാത്തരം കുറ്റകൃത്യത്തെയും തടയാൻ കഴിയും. “അവൻ കണ്ണുകൊണ്ടു കാണുന്നതുപോലെ ന്യായപാലനം ചെയ്കയില്ല; ചെവികൊണ്ടു കേൾക്കുന്നതു പോലെ വിധിക്കയുമില്ല. അവൻ ദരിദ്രന്മാർക്കു നീതിയോടെ ന്യായം പാലിച്ചുകൊടുക്കയും ദേശത്തിലെ സാധുക്കൾക്കു നേരോടെ വിധികല്പിക്കയും ചെയ്യും.”—യെശയ്യാവു 11:3, 4.
കുറ്റവാളികളോ കുറ്റകൃത്യമോ അവിടെ ഉണ്ടായിരിക്കുകയില്ല. പോലീസിന്റെ ആവശ്യം ഉണ്ടായിരിക്കുകയില്ല. “ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്റെ കീഴിലും പാർക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല.” (മീഖാ 4:4) ബൈബിളിൽ വിവരിച്ചിരിക്കുന്ന “പുതിയ ഭൂമി”യുടെ ഭാഗമായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ ദൈവവചനത്തിൽ അവൻ നൽകിയിരിക്കുന്ന വാഗ്ദാനങ്ങളെ കുറിച്ചു കൂടുതൽ മനസ്സിലാക്കാനുള്ള സമയം ഇപ്പോഴാണ്.—2 പത്രൊസ് 3:13. (g02 7/8)
[12-ാം പേജിലെ ആകർഷക വാക്യം]
നിയമങ്ങളോടുള്ള ജനങ്ങളുടെ വലിയ ആദരവു നിമിത്തം പോലീസിന്റെ ആവശ്യം ഉണ്ടായിരിക്കുകയില്ലാത്ത ഒരു സമൂഹത്തെ ഭാവനയിൽ കാണാൻ നിങ്ങൾക്കാകുമോ?
[12-ാം പേജിലെ ആകർഷക വാക്യം]
കുറ്റവാളികളോ കുറ്റകൃത്യമോ ഉണ്ടായിരിക്കുകയില്ല
[11-ാം പേജിലെ ചതുരം/ചിത്രം]
ഭീകരർക്ക് എതിരെ പോലീസ്
ന്യൂയോർക്ക് നഗരത്തിലും വാഷിങ്ടൺ ഡി.സി.-യിലും 2001 സെപ്റ്റംബർ 11-ന് അരങ്ങേറിയ സംഭവങ്ങൾ കാണിക്കുന്നതു പോലെ, വിമാന റാഞ്ചികളും ആളുകളെ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കുന്നവരും ഭീകരപ്രവർത്തകരുമൊക്കെ പൊതുജനത്തെ സംരക്ഷിക്കാനുള്ള പോലീസിന്റെ ഉത്തരവാദിത്വത്തെ വെല്ലുവിളി നിറഞ്ഞത് ആക്കിത്തീർക്കുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രത്യേക സ്ക്വാഡുകൾക്ക് നിറുത്തിയിട്ടിരിക്കുന്ന വിമാനങ്ങളിൽ നൊടിയിടകൊണ്ടു പ്രവേശിച്ച് അതിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള പരിശീലനം ലഭിച്ചിട്ടുണ്ട്. അതുപോലെ കെട്ടിടങ്ങളിലേക്ക് അപ്രതീക്ഷിതമായി കടക്കാനുള്ള വിദ്യകളും അവർ പരിശീലിച്ചിട്ടുണ്ട്—മേൽക്കൂരയിലൂടെ കയറുപയോഗിച്ച് താഴേക്കിറങ്ങുന്നതും ജനാലയിലൂടെ അകത്തേക്കു ചാടുന്നതും താത്കാലിക ആഘാതമേൽപ്പിക്കുന്ന ഗ്രനേഡുകളും കണ്ണീർവാതകവും പ്രയോഗിക്കുന്നതും അവയിൽ പെടുന്നു. ബന്ദികൾക്കു കാര്യമായ അപകടം ഉണ്ടാകാത്ത വിധത്തിൽ ഭീകരരെ അപ്രതീക്ഷിതമായി ആക്രമിച്ച് കീഴടക്കുന്നതിൽ ഇത്തരം പരിശീലനം ലഭിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥർ പലപ്പോഴും വിജയിച്ചിട്ടുണ്ട്.
[കടപ്പാട്]
James R. Tourtellotte/U.S. Customs Service
[12-ാം പേജിലെ ചിത്രം]
ദൈവത്തിന്റെ പുതിയ ഭൂമിയിൽ ആവശ്യം വരികയില്ലാത്ത വസ്തുക്കൾ