വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കപാത

ലോകത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കപാത

ലോക​ത്തി​ലെ ഏറ്റവും നീളം കൂടിയ തുരങ്ക​പാ​ത

നോർവേയിലെ ഉണരുക! ലേഖകൻ

നിങ്ങൾക്കു ഗംഭീര പർവത​ങ്ങ​ളും കിഴു​ക്കാ​ന്തൂ​ക്കായ പാറ​ക്കെ​ട്ടു​കൾക്ക്‌ ഇടയി​ലുള്ള ഹൃദയ​ഹാ​രി​യായ സമു​ദ്ര​വ​ങ്ക​ങ്ങ​ളും കാണണോ? എങ്കിൽ പശ്ചിമ നോർവേ​യി​ലേക്കു വരിക! ഇവിടത്തെ കാഴ്‌ചകൾ നിങ്ങളെ അത്ഭുത​പ്പെ​ടു​ത്തും, തീർച്ച! കൂടാതെ, വളഞ്ഞു​പു​ളഞ്ഞ ഇടുങ്ങിയ റോഡു​ക​ളും നിരവധി തുരങ്ക​ങ്ങ​ളും മനുഷ്യ​ന്റെ രൂപകൽപ്പനാ പാടവ​ത്തി​നു തെളി​വാ​യി നില​കൊ​ള്ളു​ന്നു. അടുത്ത​കാ​ലത്ത്‌ ഇവിടെ ഒരു പുതിയ തുരങ്ക​ത്തി​ന്റെ പണി പൂർത്തി​യാ​യി. എഞ്ചിനീ​യ​റിങ്‌ രംഗത്തെ സമാന​മായ മറ്റെല്ലാ നേട്ടങ്ങ​ളെ​യും കവച്ചു​വെ​ക്കുന്ന ഒന്നായി​രു​ന്നു അത്‌. ലാർഡാൽ തുരങ്കം എന്നറി​യ​പ്പെ​ടുന്ന ഇത്‌ റോഡ്‌ ഗതാഗ​ത​മാർഗ​ത്തി​ലെ ഏറ്റവും നീളം കൂടിയ തുരങ്ക​മാണ്‌. അതേ, കടുപ്പ​മുള്ള പാറ തുരന്ന്‌ ഉണ്ടാക്കിയ 24.5 കിലോ​മീ​റ്റർ നീളം വരുന്ന ഒരു ഹൈവേ! ഏതാനും നിമി​ഷ​ങ്ങൾക്കു​ശേഷം 1,000-ത്തിലേറെ മീറ്റർ ഉയരമുള്ള പർവത​ത്തി​ന്റെ അടിയി​ലൂ​ടെ​യാ​യി​രി​ക്കും യാത്ര ചെയ്യു​ന്ന​തെന്ന്‌ അറിഞ്ഞു​കൊണ്ട്‌ ആ തുരങ്ക​മു​ഖ​ത്തേക്കു വണ്ടി​യോ​ടി​ച്ചു ചെല്ലു​ന്ന​തി​നെ കുറിച്ചു ചിന്തി​ക്കുക!

ഇത്രയും നീളമുള്ള ഒരു തുരങ്ക​ത്തി​ന്റെ ആവശ്യം എന്തായി​രു​ന്നു? നോർവേ​യി​ലെ ഏറ്റവും വലിയ നഗരങ്ങ​ളായ ഓസ്ലോ​യെ​യും (തലസ്ഥാനം, കിഴക്കു ഭാഗത്ത്‌) ബെർഗ​നെ​യും (പടിഞ്ഞാ​റേ തീരത്ത്‌) തമ്മിൽ ബന്ധിപ്പി​ക്കുന്ന മുഖ്യ പാതയു​ടെ ഒരു പ്രധാന ഭാഗമാണ്‌ ഇത്‌. ശൈത്യ​കാ​ലത്ത്‌ മഞ്ഞും കാറ്റും ഈ നഗരങ്ങൾക്കി​ട​യി​ലെ മറ്റു മലമ്പാ​ത​ക​ളി​ലൂ​ടെ​യുള്ള യാത്ര ദുർഘ​ട​മാ​ക്കു​ന്നു. അതു​കൊണ്ട്‌ മോശ​മായ കാലാ​വ​സ്ഥ​യി​ലും ഗതാഗ​ത​യോ​ഗ്യ​മാ​യി​രി​ക്കുന്ന ഒരു പുതിയ പാത വളരെ അത്യാ​വ​ശ്യ​മാ​യി​രു​ന്നു. പുതിയ ഹൈ​വേ​യു​ടെ ഭാഗമാ​യി ഔർലൻഡ്‌, ലാർഡാൽ എന്നീ ചെറിയ പ്രവി​ശ്യ​കൾക്ക്‌ ഇടയിൽ ഒരു തുരങ്കം നിർമി​ക്കാൻ 1992-ൽ നോർവീ​ജി​യൻ പാർല​മെന്റ്‌ തീരു​മാ​നി​ച്ചു. അഞ്ചു വർഷത്തെ നിർമാ​ണ​ത്തി​നു ശേഷം 2000 നവംബ​റിൽ തുരങ്കം ഔദ്യോ​ഗി​ക​മാ​യി ഗതാഗ​ത​ത്തി​നു തുറക്ക​പ്പെട്ടു. എഞ്ചിനീ​യ​റിങ്‌ രംഗത്തെ ഈ വൻ നേട്ടം സാധി​ച്ചെ​ടു​ത്തത്‌ എങ്ങനെ​യാ​യി​രു​ന്നു? തുരങ്കം എത്ര സുരക്ഷി​ത​മാണ്‌? അതിലൂ​ടെ​യുള്ള ഡ്രൈ​വിംഗ്‌ എത്തരത്തി​ലു​ള്ള​താണ്‌? നമുക്കു നോക്കാം.

നിർമാ​ണ​വു​മാ​യി ബന്ധപ്പെട്ട പ്രശ്‌ന​ങ്ങൾ

ലാർഡാ​ലി​നെ​യും ഔർലൻഡി​നെ​യു​മാണ്‌ തുരങ്കം ബന്ധിപ്പി​ക്കു​ന്ന​തെ​ങ്കി​ലും പണിക്കാർ വാസ്‌ത​വ​ത്തിൽ മൂന്നു സ്ഥാനങ്ങ​ളിൽ ഒരേസ​മയം പണി ആരംഭി​ച്ചു. രണ്ടു സംഘങ്ങൾ ഓരോ അറ്റത്തു​നി​ന്നും പണി തുടങ്ങി​യ​പ്പോൾ മൂന്നാ​മ​തൊ​രു സംഘം ഒരു വായു​സ​ഞ്ചാര തുരങ്ക​ത്തി​ന്റെ പണി ആരംഭി​ച്ചു. രണ്ടു കിലോ​മീ​റ്റർ നീളമുള്ള ഈ തുരങ്കം ലാർഡാൽ ഭാഗത്തെ പ്രവേശന ദ്വാര​ത്തിൽനിന്ന്‌ 6.5 കിലോ​മീ​റ്റർ മാറി പ്രധാന തുരങ്ക​വു​മാ​യി ഒന്നു​ചേ​രേ​ണ്ടി​യി​രു​ന്നു. പർവത​ത്തി​ലൂ​ടെ തുരന്ന്‌ തങ്ങൾ ഒടുവിൽ കൂട്ടി​മു​ട്ടു​മെന്ന്‌ ഉറപ്പു​വ​രു​ത്ത​ത്ത​ക്ക​വി​ധം ഈ മൂന്നു സംഘങ്ങൾക്ക്‌ എങ്ങനെ തങ്ങളുടെ പ്രവർത്തനം ഏകോ​പി​പ്പി​ക്കാൻ കഴിയു​മാ​യി​രു​ന്നു? ഓരോ സംഘവും പണി തുടങ്ങേണ്ട കൃത്യ സ്ഥാനം ഉപഗ്രഹ സ്ഥാനനിർണയ സംവി​ധാ​ന​ങ്ങ​ളു​ടെ സഹായ​ത്തോ​ടെ​യാ​ണു തിട്ട​പ്പെ​ടു​ത്തി​യത്‌. കൂടാതെ, തുരക്ക​ലി​ന്റെ ഗതി നിയ​ന്ത്രി​ക്കാൻ ലേസർ രശ്‌മി​കൾ സഹായി​ച്ചു. ഈ ലേസർ രശ്‌മി​കൾ തുരക്ക​ലിന്‌ ഉപയോ​ഗിച്ച യന്ത്രങ്ങ​ളു​ടെ ചലനം നിയ​ന്ത്രിച്ച്‌ സ്‌ഫോ​ട​ക​വ​സ്‌തു​ക്കൾ നിറയ്‌ക്കാൻ വേണ്ടി​യുള്ള കുഴികൾ കൃത്യ സ്ഥാനത്താണ്‌ നിർമി​ക്കു​ന്ന​തെന്ന്‌ ഉറപ്പു വരുത്തി.

ഓരോ സ്‌ഫോ​ട​ന​ത്തി​നും വേണ്ടി 5.2 മീറ്റർ ആഴമുള്ള ഏകദേശം 100 കുഴികൾ വീതം തുരന്നു​ണ്ടാ​ക്കി. എന്നിട്ട്‌ ഈ കുഴി​ക​ളിൽ ഏകദേശം 500 കിലോ​ഗ്രാം സ്‌ഫോ​ട​ക​വ​സ്‌തു​ക്കൾ നിറച്ച്‌ സ്‌ഫോ​ടനം നടത്തി. അതിന്റെ ഫലമായി ഏകദേശം 500 ഘനമീറ്റർ പൊട്ടിയ പാറ ലഭിച്ചു. ട്രക്കു വന്ന്‌ ഈ അവശി​ഷ്ടങ്ങൾ നീക്കം ചെയ്‌തു. തുരക്കൽ വീണ്ടും തുടങ്ങു​ന്ന​തി​നു മുമ്പ്‌ തുരങ്ക​ത്തി​ന്റെ ഭിത്തി​യും മേൽഭാ​ഗ​വും ബലപ്പെ​ടു​ത്തേ​ണ്ടത്‌ ഉണ്ടായി​രു​ന്നു. അതിനു നീളമുള്ള ഉരുക്കു കമ്പികൾ ഉപയോ​ഗി​ച്ചു. കൂടാതെ പ്രതല​ങ്ങ​ളിൽ ഷോട്ട്‌ക്രീറ്റ്‌ എന്നറി​യ​പ്പെ​ടുന്ന ഫൈബർ പ്രബലിത കോൺക്രീറ്റ്‌ സ്‌പ്രേ ചെയ്യു​ക​യും ചെയ്‌തു. ഓരോ സംഘവും ആഴ്‌ച​തോ​റും ഏകദേശം 60 മുതൽ 70 വരെ മീറ്റർ മുന്നോ​ട്ടു നീങ്ങി. ഒടുവിൽ 1999 സെപ്‌റ്റം​ബ​റിൽ പാറയു​ടെ അവസാന ഭാഗവും പൊട്ടിച്ച്‌ പ്രധാന തുരങ്ക​ത്തി​ന്റെ പണിയിൽ ഏർപ്പെ​ട്ടി​രുന്ന രണ്ടു സംഘങ്ങ​ളും 50 സെന്റി​മീ​റ്റ​റോ​ളം വ്യത്യാ​സ​ത്തിൽ കൂട്ടി​മു​ട്ടി! പതിന്നാ​ലു മാസത്തി​നു ശേഷം നിശ്ചയി​ച്ചി​രുന്ന സമയത്തു​തന്നെ തുരങ്കം തുറന്നു. ഈ ഘട്ടത്തിൽ ചെലവ്‌ 576 കോടി രൂപയിൽ എത്തിയി​രു​ന്നു.

ശുദ്ധവാ​യു ലഭ്യമാ​ക്കാ​നുള്ള സംവി​ധാ​ന​ങ്ങൾ

ശുദ്ധ വായു ലഭ്യമാ​ക്കു​ന്നത്‌ തുരങ്ക എഞ്ചിനീ​യർമാർക്ക്‌ എപ്പോ​ഴും ഒരു വെല്ലു​വി​ളി​യാണ്‌. ലാർഡാൽ തുരങ്ക​ത്തി​ലൂ​ടെ​യുള്ള യാത്ര​യ്‌ക്ക്‌ ഏകദേശം 20 മിനിട്ട്‌ എടുക്കു​ന്ന​തി​നാൽ വായു ശ്വസന​യോ​ഗ്യ​മാ​യി​രി​ക്കു​മാറ്‌ ശുദ്ധി​യു​ള്ള​താ​യി​രി​ക്കേ​ണ്ടതു വിശേ​ഷി​ച്ചും പ്രധാ​ന​മാണ്‌. ഇതു സാധ്യ​മാ​ക്കാൻ എന്താണു ചെയ്‌തത്‌?

ലാർഡാൽ ഭാഗത്തെ പ്രവേശന ദ്വാര​ത്തിൽനിന്ന്‌ 6.5 കിലോ​മീ​റ്റർ മാറി നിർമി​ച്ചി​രി​ക്കുന്ന 2 കിലോ​മീ​റ്റ​റുള്ള വായു​സ​ഞ്ചാര തുരങ്കം അവസാ​നി​ക്കു​ന്നത്‌ അടുത്തുള്ള ഒരു താഴ്‌വ​ര​യി​ലാണ്‌. ഈ തുരങ്കം ഒരു പുകക്കു​ഴൽ അഥവാ മലിന​വാ​യു പുറത്തു​ക​ള​യാ​നുള്ള ഒരു മാർഗം ആയി വർത്തി​ക്കു​ന്നു. പ്രധാന തുരങ്ക​ത്തി​ന്റെ രണ്ടറ്റങ്ങ​ളിൽനി​ന്നും ശുദ്ധവാ​യു അകത്തേക്കു പ്രവേ​ശി​ക്കു​ക​യും മലിന വായു വായു​സ​ഞ്ചാര തുരങ്ക​ത്തി​ലൂ​ടെ പുറ​ത്തേക്കു പോകു​ക​യും ചെയ്യുന്നു. വായു വളരെ മലിന​മാ​കു​മ്പോൾ വായു​പ്ര​വാ​ഹം വർധി​പ്പി​ക്കാ​നാ​യി വായു​സ​ഞ്ചാര തുരങ്ക​ത്തിൽ രണ്ടു ശക്തി​യേ​റിയ ഫാനുകൾ—ഒരുമിച്ച്‌ എടുത്താ​ലുള്ള അവയുടെ കൂടിയ ശേഷി മണിക്കൂ​റിൽ 17 ലക്ഷം ഘനമീറ്റർ ആണ്‌—സ്ഥാപി​ച്ചി​ട്ടുണ്ട്‌. ഈ സംവി​ധാ​നം തുരങ്ക​ത്തി​ന്റെ ലാർഡാൽ വശത്ത്‌ ആവശ്യ​മായ ശുദ്ധവാ​യു പ്രദാനം ചെയ്യുന്നു; എന്നാൽ നീളം കൂടിയ ഔർലൻഡ്‌ ഭാഗത്ത്‌ ശുദ്ധവാ​യു ലഭിക്കു​ന്ന​തിന്‌ എന്തെങ്കി​ലും ചെയ്യേ​ണ്ടി​യി​രു​ന്നു. അതിനാൽ, വായു​സ​ഞ്ചാര തുരങ്ക​ത്തി​ലേ​ക്കുള്ള വായു​പ്ര​വാ​ഹം വർധി​പ്പി​ക്കാ​നാ​യി തുരങ്ക​ത്തി​ന്റെ മേൽഭാ​ഗത്ത്‌ 32 ചെറിയ ഫാനുകൾ സ്ഥാപിച്ചു. എന്നാൽ ഔർലൻഡ്‌ ഭാഗത്തു​നി​ന്നുള്ള വായു അങ്ങക​ലെ​യുള്ള വായു​സ​ഞ്ചാര തുരങ്ക​ത്തോട്‌ അടുക്കു​ന്തോ​റും കൂടുതൽ കൂടുതൽ മലിന​മാ​യി​ക്കൊ​ണ്ടി​രു​ന്നു. ഈ പ്രശ്‌നം എങ്ങനെ പരിഹ​രി​ക്കാൻ കഴിയു​മാ​യി​രു​ന്നു?

പരിഹാ​ര​മെന്ന നിലയിൽ ഔർലൻഡ്‌ ഭാഗത്തെ പ്രവേശന ദ്വാര​ത്തിൽനിന്ന്‌ 9.5 കിലോ​മീ​റ്റർ പിന്നി​ടു​മ്പോൾ തുടങ്ങുന്ന 100 മീറ്റർ നീളമുള്ള ഒരു സമാന്തര തുരങ്ക​ത്തിൽ വായു ശുചീ​കരണ സംവി​ധാ​നം ഏർപ്പെ​ടു​ത്തി. ഈ തുരങ്ക​ത്തി​ന്റെ രണ്ട്‌ അറ്റങ്ങളും പ്രധാന തുരങ്ക​വു​മാ​യി ബന്ധിപ്പി​ച്ചി​രി​ക്കു​ന്നു. പ്രധാന തുരങ്ക​ത്തി​ലെ വായു ഈ സമാന്തര തുരങ്ക​ത്തി​ലേക്കു കടത്തി​വി​ടു​ന്നു. അതിനു​ള്ളിൽവെച്ച്‌ അതിലെ 90 ശതമാനം പൊടി​യും നൈ​ട്രജൻ ഡൈ​യോ​ക്‌​സൈ​ഡും നീക്കം ചെയ്യ​പ്പെ​ടു​ന്നു.

ഈ വായു​സ​ഞ്ചാര, ശുചീ​കരണ സംവി​ധാ​നങ്ങൾ ഒരു മണിക്കൂ​റിൽ 400 കാറു​കൾക്കു വരെ ലാർഡാൽ തുരങ്ക​ത്തി​ലൂ​ടെ സുഖമാ​യി യാത്ര ചെയ്യുക സാധ്യ​മാ​ക്കി​ത്തീർക്കു​ന്നു. തുരങ്ക​ത്തി​നു​ള്ളിൽ വായു​വി​ന്റെ സ്ഥിതി നിരീ​ക്ഷി​ക്കു​ക​യും വായു​സ​ഞ്ചാര സംവി​ധാ​നം കാര്യ​ക്ഷ​മ​മാ​യി പ്രവർത്തി​ക്കാൻ തക്കവണ്ണം അതിനെ നിയ​ന്ത്രി​ക്കു​ക​യും ചെയ്യുന്ന സെൻസ​റു​കൾ ഘടിപ്പി​ച്ചി​ട്ടുണ്ട്‌. മലിനീ​ക​ര​ണ​ത്തി​ന്റെ അളവു വളരെ കൂടി​യാൽ തുരങ്ക​ത്തി​ലൂ​ടെ വാഹനങ്ങൾ കടത്തി​വി​ടു​ക​യില്ല. എന്നാൽ ഇതേവരെ അതിന്റെ ആവശ്യം വന്നിട്ടില്ല.

അത്‌ എത്ര സുരക്ഷി​ത​മാണ്‌?

ചിലർക്കു തുരങ്ക​ത്തി​ലൂ​ടെ വാഹന​ത്തിൽ യാത്ര ചെയ്യാൻ ഭയമാണ്‌. അതോ​ടൊ​പ്പം അടുത്ത​കാ​ലത്തു ചില യൂറോ​പ്യൻ തുരങ്ക​ങ്ങ​ളിൽ ഉണ്ടായ ഗുരു​ത​ര​മായ അപകട​ങ്ങ​ളും തീപി​ടു​ത്ത​ങ്ങ​ളും ലാർഡാൽ തുരങ്ക നിർമാ​ണ​ത്തിൽ സുരക്ഷ​യ്‌ക്കു വലിയ പ്രാധാ​ന്യം നൽകാൻ ഇടയാക്കി. തുരങ്കം സുരക്ഷി​ത​മാ​ക്കാൻ എന്താണു ചെയ്‌തി​രി​ക്കു​ന്നത്‌?

തുരങ്ക​ത്തി​ലെ സുരക്ഷാ സംവി​ധാ​നങ്ങൾ ലാർഡാ​ലി​ലെ ഒരു നിയന്ത്രണ കേന്ദ്രം തുടർച്ച​യാ​യി നിരീ​ക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. സുരക്ഷ അപകട​ത്തി​ലാ​ണെ​ങ്കിൽ തുരങ്കം അപ്പോൾ അടയ്‌ക്കും. തുരങ്കം സത്വരം അടയ്‌ക്കു​ക​യും അതിൽനിന്ന്‌ പെട്ടെന്ന്‌ വാഹന​ങ്ങ​ളെ​യും ആളുക​ളെ​യും ഒഴിപ്പി​ക്കു​ക​യും ചെയ്യുക സാധ്യ​മാ​ക്കു​ന്ന​തിന്‌ പല മുൻക​രു​ത​ലു​കൾ എടുത്തി​ട്ടുണ്ട്‌. കൂടാതെ, 250 മീറ്റർ ഇടവിട്ട്‌ അടിയ​ന്തിര സാഹച​ര്യ​ങ്ങ​ളിൽ ഉപയോ​ഗി​ക്കാ​നാ​യി ടെലി​ഫോ​ണു​ക​ളും 125 മീറ്റർ ഇടവിട്ട്‌ രണ്ട്‌ അഗ്നിശ​മ​നി​കൾ വീതവും സ്ഥാപി​ച്ചി​ട്ടുണ്ട്‌. ഏതെങ്കി​ലും അഗ്നിശ​മനി നീക്കം ചെയ്‌താൽ നിയന്ത്രണ കേന്ദ്രം അതിന്റെ സ്ഥാനം ഓട്ടോ​മാ​റ്റി​ക്കാ​യി രേഖ​പ്പെ​ടു​ത്തും. ഒരു അഗ്നിശ​മനി നീക്കം ചെയ്‌താൽ തുരങ്ക​ത്തി​നു​ള്ളി​ലേക്കു പ്രവേ​ശി​ക്ക​രു​തെന്ന മുന്നറി​യിപ്പ്‌ ചെമന്ന ട്രാഫിക്‌ ലൈറ്റു​കൾ ഡ്രൈ​വർമാർക്കു നൽകും. തുരങ്ക​ത്തി​നു​ള്ളിൽ തെളി​യുന്ന ലൈറ്റു​ക​ളും മറ്റ്‌ സൂചന​ക​ളും സുരക്ഷി​ത​മായ ദിശയിൽ ഓടിച്ച്‌ തുരങ്ക​ത്തി​നു പുറത്തു കടക്കാൻ ഡ്രൈ​വർമാർക്കു നിർദേശം നൽകുന്നു. ഓരോ 500 മീറ്ററി​ലും കാറു തിരി​ക്കാ​നുള്ള സൗകര്യം ഉണ്ട്‌. 15 സ്ഥാനങ്ങ​ളിൽ വലിയ വാഹനങ്ങൾ തിരി​ക്കാ​നുള്ള സൗകര്യ​വു​മുണ്ട്‌. തുരങ്ക​ത്തി​നു​ള്ളിൽ റേഡി​യോ ആന്റിന സംവി​ധാ​നം ഉള്ളതി​നാൽ കാർ റേഡി​യോ​യി​ലൂ​ടെ ഡ്രൈ​വർമാ​രെ വിവരങ്ങൾ അറിയി​ക്കാ​നും കഴിയും. തുരങ്ക​ത്തി​നു​ള്ളി​ലേ​ക്കും പുറ​ത്തേ​ക്കും പോകുന്ന വാഹന​ങ്ങളെ നിരീ​ക്ഷി​ക്കാൻ ഉതകുന്ന എണ്ണൽ, ഫോട്ടോ സംവി​ധാ​നങ്ങൾ ഉണ്ട്‌. ഈ തുരങ്ക​ത്തി​ലൂ​ടെ​യുള്ള താരത​മ്യേന കുറഞ്ഞ ഗതാഗതം കണക്കി​ലെ​ടു​ക്കു​മ്പോൾ നിലവി​ലുള്ള സുരക്ഷാ സംവി​ധാ​നങ്ങൾ വളരെ മികച്ച​താ​ണെന്നു റോഡ്‌ അധികൃ​തർ കരുതു​ന്നു.

ഈ തുരങ്കം വ്യത്യ​സ്‌തം ആയിരി​ക്കു​ന്ന​തെ​ങ്ങനെ?

തുരങ്ക​ത്തി​ലൂ​ടെ​യുള്ള ഡ്രൈ​വിംഗ്‌ ഏതു തരത്തി​ലു​ള്ള​താണ്‌? ഡ്രൈ​വർമാർക്ക്‌ തുരങ്ക​ത്തി​നു​ള്ളിൽ സുരക്ഷി​ത​ത്വം തോന്നു​ക​യും അവർ സുരക്ഷി​ത​മായ വിധത്തിൽ വണ്ടി​യോ​ടി​ക്കു​ക​യും ചെയ്യത്ത​ക്ക​വി​ധം തുരങ്ക​ത്തി​ലൂ​ടെ​യുള്ള ഡ്രൈ​വിംഗ്‌ സുഖക​ര​മായ ഒരു അനുഭവം ആക്കിത്തീർക്കുക എന്നതാ​യി​രു​ന്നു എഞ്ചിനീ​യർമാ​രു​ടെ ഒരു പ്രധാന ലക്ഷ്യം. ഇതു സാധ്യ​മാ​ക്കു​ന്ന​തിന്‌ തുരങ്ക​ത്തി​ന്റെ ഉൾഭാഗം ഒരു ഗവേഷക ഇൻസ്റ്റി​റ്റ്യൂ​ട്ടി​ലെ ഗതാഗത മനശ്ശാ​സ്‌ത്രജ്ഞർ, വിദഗ്‌ധ ലൈറ്റ്‌ ഡി​സൈ​നർമാർ എന്നിങ്ങ​നെ​യുള്ള പലരു​ടെ​യും അതു​പോ​ലെ ഒരു ഡ്രൈ​വിംഗ്‌ സിമു​ലേ​റ്റ​റി​ന്റെ​യും സഹായ​ത്തോ​ടെ​യാണ്‌ രൂപസം​വി​ധാ​നം ചെയ്‌തത്‌.

അതിന്റെ ഫലം എന്തായി​രു​ന്നു? ഈ തുരങ്കം അത്രകണ്ട്‌ നേരെയല്ല ഉണ്ടാക്കി​യി​രി​ക്കു​ന്നത്‌. ചെറിയ വളവുകൾ ഉറക്കം തൂങ്ങാ​തി​രി​ക്കാൻ ഡ്രൈ​വർമാ​രെ സഹായി​ക്കു​ന്നു. എങ്കിലും 1,000 മീറ്റർ മുമ്പോട്ട്‌ അവർക്കു കാണാം. അതു​പോ​ലെ എതിരെ വരുന്ന വാഹന​ങ്ങ​ളു​മാ​യുള്ള ദൂരം എളുപ്പം അളക്കാൻ ഈ വളവുകൾ സഹായി​ക്കു​ന്നു. ഗുഹസ​മാ​ന​മായ മൂന്നു വിശാല പർവത ഹാളുകൾ യാത്ര​യു​ടെ വിരസത ശമിപ്പി​ക്കാൻ ഉതകുന്നു. ഇത്‌ നീണ്ട ഒരു തുരങ്ക​ത്തി​ലൂ​ടെ ഡ്രൈവ്‌ ചെയ്യു​ക​യാ​ണെന്ന തോന്ന​ലി​നു പകരം നാല്‌ ചെറിയ തുരങ്ക​ങ്ങ​ളി​ലൂ​ടെ കടന്നു പോകുന്ന പ്രതീതി ഉളവാ​ക്കു​ന്നു. ഈ ഹാളു​ക​ളി​ലെ പ്രത്യേക പ്രകാശ സംവി​ധാ​നങ്ങൾ—നിലത്ത്‌ മഞ്ഞ അല്ലെങ്കിൽ പച്ച വെളി​ച്ച​വും മുകളിൽ നീല വെളി​ച്ച​വും—പകൽവെ​ളി​ച്ചം അകത്തേക്ക്‌ അരിച്ചി​റ​ങ്ങു​ന്നതു പോലെ തോന്നാൻ ഇടയാ​ക്കു​ക​യും സൂര്യോ​ദ​യ​ത്തി​ന്റെ പ്രതീതി ജനിപ്പി​ക്കു​ക​യും ചെയ്യുന്നു. ഈ പ്രത്യേക പ്രകാശ സംവി​ധാ​ന​ങ്ങ​ളും തുരങ്ക​ത്തി​ലു​ട​നീ​ള​മുള്ള നല്ല പ്രകാ​ശ​വും തുരങ്ക​ത്തി​ലൂ​ടെ സുരക്ഷി​ത​ത്വ​ബോ​ധ​ത്തോ​ടെ സുഖക​ര​മാ​യി വാഹനം ഓടി​ക്കാൻ മിക്ക ഡ്രൈ​വർമാ​രെ​യും സഹായി​ക്കു​ന്നു.

റോഡു ഗതാഗ​ത​മാർഗ​ത്തി​ലെ ഏറ്റവും നീളം കൂടിയ തുരങ്ക​ത്തി​ലൂ​ടെ​യുള്ള യാത്ര എന്ന അനുപ​മ​മായ അനുഭവം ഇപ്പോൾ യാത്ര​ക്കാർക്കാ​യി തുറന്നു കിടക്കു​ക​യാണ്‌. ആധുനിക എഞ്ചിനീ​യ​റി​ങ്ങി​ന്റെ ഈ വൻ നേട്ടം നോർവേ​യു​ടെ കിഴക്ക്‌, പടിഞ്ഞാ​റൻ ഭാഗങ്ങൾ തമ്മിൽ ആശ്രയ​യോ​ഗ്യ​മായ ഒരു കണ്ണി ഉണ്ടാക്കി​യെ​ടു​ക്കു​ന്ന​തിൽ കലാശി​ച്ചി​രി​ക്കു​ന്നു. മനുഷ്യൻ തന്റെ വൈദ​ഗ്‌ധ്യ​ങ്ങ​ളും രൂപകൽപ്പനാ പാടവ​വും ക്രിയാ​ത്മ​ക​മായ ഒരു വിധത്തിൽ ഉയോ​ഗി​ച്ചാൽ അവന്‌ എന്തു നേടി​യെ​ടു​ക്കാൻ കഴിയും എന്നതിന്റെ നല്ലൊരു ഉദാഹ​ര​ണ​മാണ്‌ ഇത്‌. (g02 7/8)

[27-ാം പേജിലെ രേഖാ​ചി​ത്രം/ചിത്രം]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തിന്‌ പ്രസി​ദ്ധീ​ക​രണം നോക്കുക)

തുരങ്കത്തിന്റെ സ്ഥാനം

ലാർഡാൽ ← → ഔർലൻഡ്‌

[29-ാം പേജിലെ രേഖാ​ചി​ത്രം/മാപ്പ്‌]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തിന്‌ പ്രസി​ദ്ധീ​ക​രണം നോക്കുക)

ലാർഡാൽ തുരങ്കം

ഹൈവേകൾ

↑ ലാർഡാ​ലി​ലേക്ക്‌

→ ഇ16-ൽ നിന്ന്‌ ഓസ്ലോ​യി​ലേക്ക്‌

വായുസഞ്ചാര തുരങ്ക​ത്തി​ലേ​ക്കുള്ള വായു​പ്ര​വാ​ഹം വർധി​പ്പി​ക്കാൻ ഈ സ്ഥാനങ്ങ​ളിൽ ഫാനുകൾ സ്ഥാപി​ച്ചി​ട്ടുണ്ട്‌

വായുപ്രവാഹത്തിന്റെ ദിശ

പർവത ഹാൾ

ഫാൻ സ്റ്റേഷൻ → വായു​സ​ഞ്ചാര തുരങ്കം

 

പർവത ഹാൾ

 

വായു ശുചീ​കരണ സംവി​ധാ​നം

 

പർവത ഹാൾ

 

 

വായുപ്രവാഹത്തിന്റെ ദിശ

ഔർലൻഡ്‌

↓ ഇ16-ൽ നിന്ന്‌ ബെർഗ​നി​ലേക്ക്‌

1 മൈൽ

1 കിലോ​മീ​റ്റർ

[കടപ്പാട്‌]

Statens vegvesen, Sogn og Fjordane

[26-ാം പേജിലെ മാപ്പ്‌]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തിന്‌ പ്രസി​ദ്ധീ​ക​രണം നോക്കുക)

നോർവേ

ലാർഡാൽ തുരങ്കം

ബെർഗൻ ഇ16 ഓസ്ലോ

[27-ാം പേജിലെ ചിത്രം]

ലാർഡാൽ ഭാഗത്തെ പ്രവേശന ദ്വാരം

[27-ാം പേജിലെ ചിത്രം]

വായു ശുചീ​കരണ സംവി​ധാ​ന​ത്തി​ന്റെ രേഖാ​രൂ​പം

[27-ാം പേജിലെ ചിത്രം]

തുരങ്കത്തിന്റെ പരിച്ഛേദ ചിത്രം, ബലത്തി​നാ​യി ഭിത്തി​യി​ലും മേൽഭാ​ഗ​ത്തും ഘടിപ്പി​ച്ചി​രി​ക്കുന്ന ഉരുക്കു കമ്പികൾ കാണാം

[28-ാം പേജിലെ ചിത്രം]

തുരങ്കത്തിൽ അടിയ​ന്തിര ആവശ്യ​ത്തി​നുള്ള 100-ഓളം ടെലി​ഫോ​ണു​ക​ളും ഏകദേശം 400 അഗ്നിശ​മ​നി​ക​ളും ഉണ്ട്‌

[28-ാം പേജിലെ ചിത്രം]

പ്രത്യേക പ്രകാശ സംവി​ധാ​ന​ങ്ങ​ളുള്ള മൂന്നു പർവത ഹാളുകൾ ഉണ്ട്‌

[26-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

വിഹഗ വീക്ഷണം: Foto: Leiv Bergum; വായു ശൂചീ​കരണ സംവിധാനം: ViaNova A/S; all other photographs on pages 26-8: Statens vegvesen, Sogn og Fjordane