ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഞങ്ങളുടെ വായനക്കാരിൽനിന്ന്
ആർത്രൈറ്റിസ് “ആർത്രൈറ്റിസ് രോഗികൾക്കു പ്രത്യാശ” (ജനുവരി 8, 2002) എന്ന ലേഖന പരമ്പര എന്നെ ആഴത്തിൽ സ്പർശിച്ചു. എനിക്ക് 21 വയസ്സുണ്ട്. ഏകദേശം 15 വർഷമായി കടുത്ത ആർത്രൈറ്റിസും അതിന്റെ അനന്തരഫലങ്ങളുമായി മല്ലിടുകയാണ് ഞാൻ. ഈ ലേഖന പരമ്പര വലിയ പ്രോത്സാഹനമായിരുന്നു. സഹിച്ചുനിൽക്കാനുള്ള എന്റെ തീരുമാനത്തെ അതു ശക്തിപ്പെടുത്തി.
എ. എഫ്., ഫ്രാൻസ് (g02 7/22)
ഞാൻ ഒരു മുഴുസമയ ശുശ്രൂഷകയാണ്. ഈ പദവിയെ ഞാൻ അമൂല്യമായി കാണുന്നു. എന്നാൽ ഓരോ ദിവസം പിന്നിടുമ്പോഴും ഈ വേലയിൽ തുടരുക കൂടുതൽ ബുദ്ധിമുട്ടായിത്തീരുകയാണ്. എനിക്ക് ഓസ്റ്റിയോ ആർത്രൈറ്റിസ് ആണ്. ദിവസവും വേദന തിന്നാണു ഞാൻ ജീവിക്കുന്നത്. ചിലപ്പോൾ നിരാശ പൂണ്ട് ഞാൻ വിഷാദത്തിന്റെ നീർച്ചുഴിയിൽ വീണുപോകാറുണ്ട്. വളരെ സമയോചിതമായ ഈ ലേഖനത്തിനും ഒരു പുതിയ ലോകം സംബന്ധിച്ച യഹോവയുടെ വാഗ്ദാനം മുറുകെ പിടിക്കുന്നതിൽനിന്നാണ് യഥാർഥ ആശ്വാസം ലഭിക്കുന്നത് എന്ന ഓർമിപ്പിക്കലിനും നന്ദി.
എച്ച്.എം.എ., ഐക്യനാടുകൾ (g02 7/22)
ഞാൻ റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ഉള്ള ഒരു വ്യക്തിയാണ്. അടുത്ത കാലത്ത് എന്റെ രോഗം വളരെ കലശലായി. ഇപ്പോൾ സ്ഥിതി ഭേദപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ രോഗമുള്ള ഒരു വ്യക്തി അനുഭവിക്കുന്ന കഷ്ടപ്പാട് ഈ ലേഖനങ്ങൾ വളരെ കൃത്യമായി വിവരിച്ചു. പ്രസ്തുത രോഗത്തെ കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിന് എന്തു ചെയ്യാം എന്നതിനെ കുറിച്ചും കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞത് സഹായകമായിരുന്നു.
ജി.എഫ്.എഫ്., പോർച്ചുഗൽ (g02 7/22)
എനിക്ക് 21 വയസ്സുണ്ട്. വെറും പത്തു വയസ്സുള്ളപ്പോൾ കുട്ടികൾക്കുണ്ടാകുന്ന റൂമറ്റോയ്ഡ് ആർത്രൈറ്റിസ് എനിക്ക് ഉള്ളതായി കണ്ടുപിടിച്ചു. വൈദ്യശാസ്ത്ര മാസികകളിൽ വന്നിട്ടുള്ള നിരവധി അനുഭവങ്ങൾ ഞാൻ വായിച്ചിട്ടുണ്ട്. എന്നാൽ എന്റെ അതേ പ്രശ്നം അനുഭവിക്കുന്ന ആത്മീയ സഹോദരീസഹോദരന്മാരുടെ അനുഭവങ്ങളുമായി അവയെയൊന്നും താരതമ്യപ്പെടുത്താനാവില്ല. ലേഖനങ്ങളിൽ പരാമർശിച്ച കാറ്റ്യയെ പോലെ എനിക്കും മുഴുസമയ സേവനം നിറുത്തേണ്ടിവന്നു. യഹോവയുടെ സേവനത്തിൽ കൂടുതൽ ചെയ്യാനാവാത്തതു നിമിത്തമുള്ള നിരാശയെയും കുറ്റബോധത്തെയും മറ്റുള്ളവർ തരണം ചെയ്യുന്നത് എങ്ങനെയാണെന്നു വായിച്ചത് വളരെ സഹായകമായി.
എച്ച്. എം., ഐക്യനാടുകൾ (g02 7/22)
എനിക്ക് 24 വയസ്സുള്ളപ്പോൾ, അതായത് ഒരു വർഷം മുമ്പ് ആണ് എനിക്ക് വിട്ടുമാറാത്ത റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ഉള്ളതായി കണ്ടുപിടിച്ചത്. എനിക്ക് മുഴുസമയ സേവനം ഉപേക്ഷിക്കേണ്ടിവന്നു. അങ്ങനെ ഞാൻ നിരാശയുടെ പിടിയിലായി. കടുത്ത വേദനയും ക്ഷീണവും കാരണം മുമ്പു ചെയ്തുകൊണ്ടിരുന്നതിന്റെ പകുതിയേ ഇപ്പോൾ ചെയ്യാനാകുന്നുള്ളൂ. മറ്റുള്ളവരും ഇതേ രീതിയിലുള്ള ശാരീരികവും വൈകാരികവുമായ വേദന അനുഭവിക്കുന്നുവെന്ന് ഈ ലേഖനങ്ങളിലൂടെ ഞാൻ മനസ്സിലാക്കി. അത് എന്നെ വളരെ ആശ്വസിപ്പിച്ചു. എന്നെക്കൊണ്ട് സാധിക്കുന്നത് ചെയ്യാനുള്ള പ്രായോഗിക നിർദേശവും എനിക്ക് ഇഷ്ടപ്പെട്ടു. ‘മുടന്തൻ മാനിനെപ്പോലെ ചാടുന്ന’ ദിവസത്തിനായി ഞാൻ കാത്തിരിക്കുന്നു.—യെശയ്യാവു 35:6.
ടി. യു., ജപ്പാൻ (g02 7/22)
ഒരു വർഷം മുമ്പ് എന്റെ ചില സന്ധികളിൽ കടുത്ത വേദന അനുഭവപ്പെട്ടു തുടങ്ങി. ഞാൻ കേവലം ഒരു മധ്യവയസ്കൻ ആയതിനാൽ അത് ആർത്രൈറ്റിസ് ആയിരിക്കുമെന്ന് ഞാൻ സ്വപ്നേപി വിചാരിച്ചില്ല. എന്നാൽ സമനില പ്രകടമാക്കേണ്ടതിന്റെയും എന്നിൽനിന്ന് എന്തു പ്രതീക്ഷിക്കണം എന്നതു സംബന്ധിച്ച് യാഥാർഥ്യബോധം പ്രകടമാക്കേണ്ടതിന്റെയും ആവശ്യം തിരിച്ചറിയാൻ നിങ്ങളുടെ ലേഖനം എന്നെ സഹായിച്ചു.
ബി. പി., ഐക്യനാടുകൾ (g02 7/22)
എനിക്ക് 19 വയസ്സുണ്ട്. എന്റെ കൈക്കുഴകൾ, കണങ്കാൽ സന്ധികൾ, മുട്ടുകൾ എന്നിവയെ ആർത്രൈറ്റിസ് ബാധിച്ചിരിക്കുന്നു. “നിങ്ങളുടെ പരിമിതികൾ തിരിച്ചറിഞ്ഞു പ്രവർത്തിക്കുക” എന്ന ഉപശീർഷകം എനിക്കു വിശേഷിച്ചും ഇഷ്ടമായി. മുഴുസമയ ശുശ്രൂഷകയായി സേവിക്കുക എന്ന ഉദ്ദേശ്യത്തിൽ ഐക്യനാടുകളിൽനിന്ന് ഇക്വഡോറിലേക്കു വന്നതാണു ഞാൻ. എന്നാൽ തളർച്ചയും ക്ഷീണവും വേദനയും കാരണം അധികസമയം ശുശ്രൂഷയിൽ ഏർപ്പെടാൻ എനിക്കു കഴിയാറില്ല. നാട്ടിലേക്കു തിരികെ പോയി ചികിത്സ നടത്താൻ ഞാൻ തീരുമാനിച്ചിരിക്കുന്നു. സുഖം പ്രാപിച്ച് ഇവിടേക്കു മടങ്ങിവരാൻ കഴിയുമെന്നു ഞാൻ പ്രത്യാശിക്കുന്നു.
ജെ. എസ്., ഇക്വഡോർ (g02 7/22)
ഫെങ് ഷ്വേ “ഫെങ് ഷ്വേ—അത് ക്രിസ്ത്യാനികൾക്കുള്ളതോ?” (ജനുവരി 8, 2002) എന്ന ലേഖനത്തിനു നന്ദി. ഞാൻ ഒരു ഇന്റീരിയർ ഡിസൈനറാണ്. ഡിസൈനിങ്ങിൽ ഫെങ് ഷ്വേ ഉപയോഗിക്കാൻ അടുത്തയിടെ ഒരാൾ എന്നോട് ആവശ്യപ്പെട്ടു. ഈ സംഗതിയെ കുറിച്ച് വലിയ പിടിപാട് ഇല്ലായിരുന്നതിനാൽ ഞാൻ ആകെ വിഷമത്തിലായി. ലേഖനം കൃത്യ സമയത്താണ് എത്തിയത്! ഈ രീതിയിലുള്ള ഡിസൈനിങ്ങിൽ ഏർപ്പെടാതിരിക്കാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു.
സി. വി., ഐക്യനാടുകൾ (g02 7/22)